ഇബ്രാഹിം റൈസിയുടെ അപകട മരണവും പ്രത്യാഘാതവും
അഡ്വ. പി.എസ് .ശ്രീകുമാർ
ജോൽഫാ പർവത നിരകളിലെ കനത്ത മൂടൽ മഞ്ഞിനിടയിലൂടെ മെയ് 19 ഞായറാഴ്ച്ച പറന്നുവന്ന ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ട വാർത്ത പുറത്തുവന്നതുമുതൽ ഇറാൻ ജനത പ്രാര്ഥനയിലായിരുന്നു. പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയും, വിദേശകാര്യമന്ത്രി ഹുസൈൻ അമീർ അബ്ദുല്ല ഹിയാനും അതിലുണ്ടായിരുന്നു. ഇറാൻറ്റെയും , അസർബൈജാന്റെയും അതിർത്തിയിലുള്ള ക്വിസ് കലാസി അണക്കെട്ട് ഉദ്‌ഘാടനത്തിനു ശേഷം മടങ്ങി വരുന്ന വഴിയാണ് റെയ്‌സിയും സംഘവും സഞ്ചരിച്ച ബെൽ-212 ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ട് തകർന്നത്. പ്രവിശ്യ ഗവർണർ മാലിക് റെഹ്മാദി, ഇറാൻ പരമോന്നത നേതാവായ അയാത്തൊള്ള ഖമിനിയുടെ പ്രതിനിധി അയാത്തൊള്ള മുഹമ്മദ് അലി അൽ ഹഷിം എന്നിവരും ഹെലികോപ്റ്ററിൽ ഒപ്പം ഉണ്ടായിരുന്നു. ഹെലികോപ്റ്റർ വ്യൂഹത്തിൽ മൂന്ന് ഹെലികോപ്ടറുകളാണ് ഉണ്ടായിരുന്നത്. മറ്റു രണ്ട് ഹെലികോപ്റ്ററുകളും സുരക്ഷിതമായി ഇറാനിലെ തബ്രിസ്സിൽ ഇറങ്ങി.
ഇറാനിലെ നീതിന്യായ വ്യവസ്ഥയുടെ തലവനായി ഇരുന്ന അവസരത്തിലാണ് 2021 ൽ റെയ്‌സി പ്രസിഡണ്ടായത്. പരമോന്നത നേതാവായ അയത്തൊള്ള ഖമേനിയുടെ പ്രിയശിഷ്യനായ റെയ്‌സിയെയാണ്, അദ്ദേഹത്തിന്റെ പിൻഗാമിയായി രാഷ്ട്രീയ വൃത്തങ്ങൾ കണ്ടിരുന്നത്. ഇറാനകത്തും, പുറത്തും ശക്തമായ എതിർപ്പുകൾ നേരിടേണ്ടിവന്ന റെയ്‌സിയുടെ അപകട മരണം, ഇറാന് ഭരണകൂടത്തിനും, യാഥാസ്ഥികവൃന്ദത്തിനും കനത്ത പ്രഹരമാണ് ഏൽപ്പിച്ചിട്ടുള്ളത്..
2021 ജൂൺ 19 നു നടന്ന പ്രസിഡന്റ തെരെഞ്ഞെടുപ്പിൽ അയത്തൊള്ള അലി ഖമേനിയുടെ നേതൃത്വത്തിലുള്ള യാഥാസ്ഥിതികരുടെ സ്ഥാനാർത്ഥിയായി ഇബ്രാഹിം റെയ്‌സി വിജയിച്ചതോടെ, ഇറാൻ മത മൗലിക വാദികളുടെ കൈപ്പിടിയിലേക്ക് കൂടുതൽ അമരുകയായിരുന്നു . അതിനു മുൻപ് 2017 ൽ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിലും റെയ്‌സി മത്സരിച്ചിരുന്നെങ്കിലും , അന്നത്തെ പ്രസിഡണ്ടും മിതവാദിയുമായ ഹസ്സൻ റുഹാനിയോട് പരാജയപ്പെട്ടു. എന്നാൽ, 2021 ലെ തെരഞ്ഞെടുപ്പിൽ, അയത്തൊള്ള അലി ഖമേനിയുടെ പിന്തുണയോടെയാണ് അദ്ദേഹം മത്സരിച്ചത് എന്നതിനാൽ , അദ്ദേഹത്തിന്റെ ജയം സുനിശ്ചിതമായിരുന്നു. മത്സരത്തിനായി 592 പേർ രജിസ്റ്റർ ചെയ്തിരുന്നെങ്കിലും, ഖമേനി നിയമിച്ച "ഗാർഡിയൻ സമിതി" അംഗീകരിച്ച 7 പേരെ മാത്രമേ മത്സരിക്കാൻ അനുവദിച്ചുള്ളു. അതിൽനിന്നും 3 പേർ തെരഞ്ഞെടുപ്പിന് മുമ്പു തന്നെ പിന്മാറി. ജനസമ്മതി ഉള്ള ആരെയും മത്സരിക്കാൻ അനുവദിച്ചില്ല. മൂന്നാം തവണയും മത്സരിക്കാൻ ആഗ്രഹിച്ച പ്രസിഡന്റ് ഹസ്സൻ റുഹാനിക്കു മൂന്നാം ഊഴം നൽകിയില്ല. മിത വാദിയും മുൻ പ്രസിഡന്ററുമായ അഹമ്മദ് നെജാദിനെയും മത്സരിക്കുന്നതിൽ നിന്നും "ഗാർഡിയൻ കൗൺസിൽ" വിലക്കി. റെയ്‌സിയെ വിജയിപ്പിക്കുവാൻ വേണ്ടി എല്ലാ പഴുതുകളും അടച്ചുള്ള ഒരുക്കങ്ങളാണ് ഖമേനിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ സ്വീകരിച്ചത്. അതോടെ ഇറാൻ ജനതയ്ക്ക് തെരഞ്ഞെടുപ്പിൽ പങ്കെടുക്കാൻ താത്പര്യമില്ലാതെയായി. രാജ്യം ഇസ്ലാമിക റിപ്പബ്ലിക്ക് ആയതിനുശേഷം ഏറ്റവും കുറഞ്ഞ പോളിങ് ആണ് അന്ന് രേഖപ്പെടുത്തിയത്.
മരണസമിതിയിലെ അംഗം
പരമോന്നത നേതാവായ ഖമേനിയുടെ മനസപുത്രനാണ് ഇബ്രാഹിം റെയ്‌സി . മത മൗലിക വാദികളിൽ നിന്നും ഇറാനെ മോചിപ്പിക്കണമെന്ന ആവശ്യവുമായി പ്രക്ഷോഭത്തിനിറങ്ങിയ കമ്മ്യൂണിസ്റ്റുകാർ ഉൾപ്പെടെയുള്ള, പരിഷ്കരണ വാദികളായ 5000 ഓളം രാഷ്ട്രീയ തടവുകാരെ 1988 ൽ വധ ശിക്ഷക്ക് വിധിച്ച "മരണ സമിതി"[Death Committee] എന്ന അപരനാമത്തിൽ അറിയപ്പെട്ട പ്രോസിക്യൂഷൻ കമ്മിറ്റിയിലെ നിയമജ്ഞനായ അംഗമായിരുന്നു റെയ്‌സി . അതോടെ അദ്ദേഹത്തിന് "ടെഹ്റാനിലെ കശാപ്പുകാരൻ" എന്ന അപരനാമവും ലഭിച്ചു. മനുഷ്യാവകാശ പ്രവർത്തകരുടെയും, മറ്റു ജനാധിപത്യ രാജ്യങ്ങളുടെയും അഭ്യർത്ഥനകൾ തരിമ്പും വകവെക്കാതെയാണ് വധ ശിക്ഷ വിധിച്ചതും, അത് നടപ്പിലാക്കിയതും. ഇതിനെ തുടർന്ന് ആംനസ്റ്റി ഉൾപ്പെടെയുള്ള മനുഷ്യാവകാശ സംഘടനകളും, ഐക്യ രാഷ്ട്ര സംഘടനയുടെ പ്രത്യേക റാപ്പോർട്ടറും റെയ്‌സിയെയും പ്രോസിക്യൂഷൻ കമ്മറ്റിയിലെ മറ്റ് അംഗങ്ങളെയും മനുഷ്യരാശിക്കെതിരെ കുറ്റകൃത്യം ചെയ്തവരുടെ പട്ടികയിൽ ഉൾപ്പെടുത്തി. അമേരിക്ക ഉൾപ്പെടെ നിരവധി രാജ്യങ്ങളും ഇവർക്കെതിരെ അന്നുതന്നെ ഉപരോധം ഏർപ്പെടുത്തി.
നിരാശരായ പരിഷ്കരണവാദികൾ
ഇറാനിലെ പരിഷ്കരണവാദികളെ സംബന്ധിച്ച് 2021 ലെ തെരഞ്ഞെടുപ്പ് ഫലം തികച്ചും നിരാശാജനകമായിരുന്നു . 2021 ന് മുമ്പുള്ള തെരഞ്ഞെടുപ്പുകളിൽ മിതവാദികളായ നേതാക്കൾ വിജയിച്ചതോടെ, ഇസ്ലാമിക മൗലിക വാദികളുടെ പിടി അയയുമെന്നും , സാവധാനത്തിലാണെങ്കിലും പരിഷ്കരണത്തിന്റെ പാതയിൽ മുന്നേറാമെന്നും അവർ പ്രതീക്ഷിച്ചു. ആ പ്രതീക്ഷയിലാണ് 2018-2019 കാലഘട്ടത്തിൽ വിലക്കയറ്റത്തിനും, ഭക്ഷ്യ ക്ഷാമത്തിനുംഎതിരായി ജനങ്ങൾ തെരുവിലിറങ്ങിയത്. റെയ്‌സിയുടെ വിജയത്തോടെ പരിഷ്കരണ വാദികൾ നിരാശയിലായി. അവരുടെ പ്രതീക്ഷകളൊക്കെ തൽക്കാലത്തേക്കെങ്കിലും അസ്തമിച്ചു . പരിഷ്കരണ വാദികളെ ക്ഷീണിപ്പിക്കുവാനും മത മൗലികവാദികൾക്കു ശക്തി പകരാനും, ഹൃസ്വദൃഷ്ടിയോടെ , അമേരിക്കൻ പ്രസിഡണ്റ്റായിരുന്ന ട്രംപ് എടുത്ത നടപടികളും കാരണമായി.
മുൻഗാമിയായിരുന്ന റുഹാനിയുടെ മിതവാദം ഉപേക്ഷിച്ച്, സ്ത്രീ സ്വാതന്ത്ര്യത്തിന് കടിഞ്ഞാണിടുന്ന നിയമം കർശനമായി റെയ്‌സി നടപ്പാക്കി. അതിനെത്തുടർന്ന് രാജ്യത്തിൻറ്റെ പലഭാഗത്തും സ്ത്രീകൾ പ്രക്ഷോഭരംഗത്തേക്കിറങ്ങി. തലമറക്കുന്ന ഹിജാബ് ധരിച്ചില്ലെന്നു ആരോപിച്ച് പോലീസ് അറസ്റ്റ് ചെയ്തു തടവിലാക്കിയ മഹ്‌സ അമിനിയെന്ന കുർദിഷ് വനിതയുടെ മരണം രാജ്യമാസകാലം അതി ശക്തമായ പ്രക്ഷോഭങ്ങൾക്ക് വേദിയായി മാറി. ലോകമാസകലമുള്ള ജനാധിപത്യവാദികളും, പരിഷ്കരണ വാദികളും ആ ദുഖം ഏറ്റെടുത്തു. റെയ്‌സി ഭരണകൂടത്തെ പിടിച്ചുകുലുക്കിക്കൊണ്ട് രാജ്യമെമ്പാടും ഉയർന്ന പ്രക്ഷോഭങ്ങളെ സർക്കാർ നിഷ്ടൂരമായി അമർച്ചചെയ്തു. .
ആണവ ഉടമ്പടി നൽകിയ പ്രതീക്ഷ
ഇറാനിലെ ഭരണകൂടം തുടർന്ന് വന്ന മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെയും ആണവ പരീക്ഷണങ്ങൾക്കെതിരെയും 1995 മുതൽ അമേരിക്കയും, ഐക്യ രാഷ്ട്രസഭയും , മറ്റു പാശ്ചാത്യ രാജ്യങ്ങളും ഏർപ്പെടുത്തിയ സാമ്പത്തിക ഉപരോധം പുനഃപരിശോധിക്കാൻ ബറാക് ഒബാമ പ്രസിഡന്റ ആയിരുന്ന അവസരത്തിൽ തയ്യാറായി. ഇറാനുമായി ഇക്കാര്യങ്ങളിൽ ചർച്ചക്ക് അദ്ദേഹം മുൻകൈ എടുത്തു. അതിന്റെ അടിസ്ഥാനത്തിൽ ഐക്യ രാഷ്ട്ര സഭയിലെ സ്ഥിരംഗങ്ങളെയും , യൂറോപ്യൻ യൂണിയനെയും ഉൾപ്പെടുത്തി 2015 ൽ ഇറാനുമായി ആണവ കരാർ ഒപ്പുവച്ചു. ഈ കരാർ അനുസരിച്ചു ഇറാനിലെ ആണവ നിലയങ്ങൾ പരിശോധിക്കുവാൻ അന്തർദ്ദേശീയ ആണവ കമ്മീഷന് അനുമതി നൽകുവാനും, യുറേനിയം ഉദ്പാദനത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുവാനും വ്യവസ്ഥ ചെയ്തു . അതിനെ തുടർന്ന് ഇറാനെതിരെയുള്ള ഉപരോധം അമേരിക്കയും മറ്റുരാജ്യങ്ങളും, ഐക്യ രാഷ്ട്ര സംഘടനയും, 2016 ൽ പിൻവലിച്ചു. ഒബാമക്കുശേഷം പ്രസിഡന്റ സ്ഥാനത്തെത്തിയ ഡൊണാൾഡ് ട്രംപ്, ഒബാമയുടെ നേതൃത്വത്തിൽ ഉണ്ടാക്കിയ കരാർ ഉപേക്ഷിച്ചശേഷം കൂടുതൽ 'ശക്തമായ' നിബന്ധനകൾ ഉൾപ്പെടുത്തിയ മറ്റൊരു കരാർ ഉണ്ടാക്കുവാൻ ശ്രമം തുടങ്ങി . അതിനായി വിവിധ രീതികളിൽ ഇറാനുമേൽ സമ്മർദം ചെലുത്തിയെങ്കിലും, ആ രാജ്യം അതിനൊന്നും വഴങ്ങിയില്ല. ഒടുവിൽ ആണവ കരാറിൽ നിന്നും അമേരിക്ക പിന്മാറുന്നതായി 2018 ൽ ട്രംപ് പ്രഖ്യാപിക്കുകയും ഉപരോധങ്ങൾ വീണ്ടും ഏർപ്പെടുത്തുകയും ചെയ്തു. അതോടെ വീണ്ടും ആണവ പദ്ധതികൾ പുനരാരംഭിക്കുകയാണെന്ന് റെയ്‌സി പ്രഖ്യാപിച്ചു. ബൈഡൻ അമേരിക്കൻ പ്രസിഡണ്ട് ആയതിനെത്തുടർന്ന് ഇറാൻ-അമേരിക്ക ആണവ കരാറിൻറ്റെ പുരുജ്ജീവനം ഉണ്ടാകുമെന്നു പ്രതീക്ഷിച്ചിരുന്നു. വിദേശകാര്യമന്ത്രി അബ്ബ്‌ദുല്ലാഹിയാന്റെ നേതൃത്വത്തിൽ ചർച്ചകൾ നടത്തിയെങ്കിലും, അത് യാഥാർഥ്യമായില്ല.
സാമ്പത്തിക പ്രതിസന്ധിയിലായ ഇറാൻ
അമേരിക്കയുടെ നേതൃത്വത്തിൽ നടപ്പാക്കിയ സാമ്പത്തിക ഉപരോധങ്ങൾ ഇറാനെ കുറച്ചൊന്നുമല്ല ബുദ്ധിമുട്ടിക്കുന്നത്. മുഖ്യ വരുമാന സ്രോതസ് എണ്ണയാണ് . ലോകത്തിലെ അസംസ്‌കൃത എണ്ണയുടെ 10 ശതമാനവും , പ്രകൃതിവാതകത്തിണ്റ്റെ 15 ശതമാനം ശേഖരവും, ഇറാനിലാണെങ്കിലും, എണ്ണ വിലയിൽ ഉണ്ടായ വിലക്കുറവും, സാമ്പത്തിക ഉപരോധവും സമ്പത് വ്യവസ്ഥയിൽ മുരടിപ്പുണ്ടാക്കിയിരിക്കുകയാണ്. രാജ്യത്തിൻറ്റെ വളർച്ചാ നിരക്ക് തളർച്ചയിലാണ് . 2018 ൽ - 5.4 ,2019 ൽ -7.6 , 2020 ൽ- 6 .0 എന്നിങ്ങനെയായിരുന്നു വിലക്കയറ്റ നിരക്ക്. ഇപ്പോൾ അത് 40 ശതമാനമായി വർധിച്ചു . ദാരിദ്യ്രം 50 ശതമാനമായി വർധിച്ചു. തൊഴിലില്ലായ്മയും ഏറ്റവും ഉയർന്ന നിരക്കിലെത്തിനിൽക്കുന്നു . റഷ്യയും . ചൈനയും കാര്യമായി സഹായിക്കുന്നുണ്ടെങ്കിലും , അമേരിക്ക ഉൾപ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങളുമായുള്ള സാമ്പത്തിക ഇടപാടുകൾ പുനരുജ്ജീവിച്ചെങ്കിൽ മാത്രമേ സാമ്പത്തിക വളർച്ചയിലേക്ക് പോകാൻ സാധിക്കുകയുള്ളൂവെന്നും ഇറാൻ ഭരണകൂടത്തിനറിയാം. സമ്പത് വ്യവസ്ഥയുടെ തളർച്ച ഇറാനെ വളരെയേറെ പ്രയാസത്തിലാക്കിയിരിക്കുകയായിരുന്നു. അതിനെ എങ്ങിനെ മറികടക്കും എന്ന ആലോചനയിലായിരുന്നു റെയ്‌സിയും , വിദേശകാര്യ മന്ത്രി ഹിയാനും.
അപകടത്തിന് പിറകിൽ എന്ത്?
റെയ്‌സിയുടെ മരണത്തിനു കാരണമായ ഹെലികോപ്റ്റർ അപകടം ഒട്ടേറെ സംശയങ്ങൾ ഉയർത്തുന്നുണ്ട്. ആദ്യം ഉയർന്നുവന്ന സംശയം ഇതിന്റെ പിറകിൽ ഇസ്രായേലിന്റ്റെയോ, അമേരിക്കയുടെയോ കരങ്ങൾ ഉണ്ടോ എന്നതാണ്. ഗാസയിൽ ഇസ്രായേൽ തുടരുന്ന മനുഷ്യത്വ രഹിതമായ യുദ്ധം, യുക്രൈൻ -റഷ്യ യുദ്ധം, ഇസ്രേലിനെ ആക്രമിക്കാൻ ഹെസ്‌ബുള്ളക്ക് ഇറാൻ നൽകുന്ന സഹായം, ഇസ്രയേലിനെതിരെ ഇറാൻ നടത്തിയ റോക്കറ്റ് ആക്രമണവു , തിരിച്ചു ഇസ്രായേൽ നടത്തിയ ഡ്രോൺ ആക്രമണം തുടങ്ങിയവ ഈ സംശയത്തിന് സാധൂകരണമാണ്. എന്നാൽ തങ്ങൾക്ക് ഈ ഹെലികോപ്റ്റർ അപകടത്തിൽ പങ്കില്ലെന്ന് ഇസ്രായേൽ വ്യക്തമാക്കിയിട്ടുണ്ട്. ഇറാൻറ്റെ രാജ്യതലവനെ വധിച്ച് പശ്ചിമേഷ്യൻ യുദ്ധ ഭൂമിക കൂടുതൽ സംഘര്ഷഭരിതമാക്കുവാനും, വ്യാപിപ്പിക്കുവാനും ഇസ്രായേൽ തുനിയില്ലെന്ന് വിശ്വസിക്കുന്നവർ ഈ സംശയത്തിന് അടിസ്ഥാനമില്ലെന്ന് വിശ്വസിക്കുന്നു.
സുരക്ഷിതമല്ലാത്ത ബെൽ-212 ഹെലികോപ്റ്റർ ഉപയോഗിച്ച് പ്രതികൂല കാലാവസ്ഥയിൽ യാത്രചെയ്തതാണ് അപകടം ക്ഷണിച്ചു വരുത്തിയതെന്നു വിശ്വസിക്കുന്നവർ ഏറെയാണ് . മോശം കാലാവസ്ഥയിൽ ഹെലികോപ്റ്റർ ഉപയോഗിച്ചുള്ള യാത്രാ ഒഴിവാക്കേണ്ടതായിരുന്നു എന്നാണ് അവരുടെ വാദം.
ഇറാനിലെ സ്വാതന്ത്ര്യ വാദികൾ ഈ അട്ടിമറിക്കു പിന്നിലുണ്ടോ എന്ന് സംശയിക്കുന്നവരും ഉണ്ട്. അതിനുള്ള ശേഷി സ്വാതന്ത്ര്യവാദികൾക്കു ഇല്ലെന്നാണ് സുരക്ഷാവിദഗ്ദ്ധർ കരുതുന്നത്. ഈ ഹെലികോപ്റ്റർ അപകടത്തെക്കുറിച്ച് അന്വേഷിക്കുവാൻ ഇറാൻ സൈന്യത്തിൻറ്റെ ചീഫ് ഓഫ് സ്റ്റാഫ് മുഹമ്മദ് ബഗേരി ഉത്തരവിട്ടിരിക്കുകയാണ്.. ഏതായാലും, ശാസ്ത്രിയമായ ഒരു അന്വേഷണത്തിലൂടെ മാത്രമേ യഥാർത്ഥ കാരണം പുറത്തുവരികയുള്ളൂ. അതുവരെ കാത്തിരിക്കേണ്ടിവരും.
അഡ്വ. പി.എസ് ശ്രീകുമാർ