പിണറായി വിജയൻ മോദിക്ക് നൽകിയ ഗ്യാരണ്ടിയാണോ ഈ
വിനോദയാത്ര ?
അഡ്വ.പി.എസ് .ശ്രീകുമാർ
മുഖ്യമന്ത്രി പിണറായി വിജയൻ സകുടുംബം ഇപ്പോൾ നടത്തുന്ന വിദേശ യാത്രയെ അതിശക്തമായിട്ടാണ് പൊതുജനങ്ങളും, സാമൂഹ്യ മാധ്യമങ്ങളും വിമർശനത്തിന് വിധേയമാക്കിയിരിക്കുന്നത്. ജൂൺ 6 ന് രാവിലെയാണ് അദ്ദേഹവും പേരക്കുട്ടി ഉൾപ്പെടെയുള്ള സംഘവും, കൊച്ചി വിമാനത്താവളത്തിൽ നിന്നും വിമാനത്തിൽ പുറപ്പെട്ടത്. മകൾ വീണയും, അവരുടെ ഭർത്താവും, സംസ്ഥാന പൊതുമരാമത്തു-വിനോദ സഞ്ചാര മന്ത്രിയുമായ മുഹമ്മദ് റിയാസും, അവരുടെ മകളും, മുഖ്യമന്ത്രിയും സംഘവും യാത്ര തിരിക്കുന്നതിന് നാല് ദിവസം മുമ്പ് തന്നെ യാത്ര പുറപ്പെട്ടിരുന്നു. ഒരു സംസ്ഥാന മുഖ്യമന്ത്രിയായത് കൊണ്ട് സ്വകാര്യ സന്ദർശനം നടത്താൻ പാടില്ല എന്ന് ഒരു നിയമവുമില്ല. എന്നാൽ വിമര്ശനമുണ്ടായത് മുഖ്യമന്ത്രിയെപ്പോലെ ഒരു സംസ്ഥാനത്തിൻറ്റെ ഭരണത്തലവൻ പുലർത്തേണ്ട സുതാര്യത പുലർത്താതെ എല്ലാം രഹസ്യമായി വച്ചു എന്നതാണ്. ഇതുവരെ കേരളം ഭരിച്ചിട്ടുള്ള എല്ലാ മുഖ്യമന്ത്രിമാരും ഔദ്യോഗികമോ അല്ലെങ്കിൽ സ്വകാര്യമോ ആയ ആവശ്യങ്ങൾക്കായി വിദേശത്തു പോയപ്പോളൊക്കെ പത്രക്കുറിപ്പിലൂടെ പൊതുജനങ്ങളെ അറിയിച്ചിരുന്നു. അതാണ് ഇ.എം.എസ് മുതലുള്ള കീഴ്വഴക്കം. ആ കീഴ്‌വഴക്കം പുലർത്താതെ രഹസ്യാത്മകത മുഖ്യമന്ത്രി പിണറായി വിജയൻ പുലർത്തിയതാണ് ജനങ്ങളിൽ സംശയമുണ്ടാക്കിയിട്ടുള്ളത്.
മുഖ്യമന്ത്രിയോ , മന്ത്രിയോ ഔദ്യോഗിക കാര്യത്തിനോ അല്ലെങ്കിൽ സ്വകാര്യ ആവശ്യങ്ങൾക്കോ വിദേശത്തു പോകുന്നത് സംബന്ധിച്ച നിദേശങ്ങൾ കേന്ദ്ര സർക്കാർ സർക്കുലർ രൂപത്തിൽ എല്ലാ സംസ്ഥാന സർക്കാരുകളെയും അറിയിച്ചിട്ടുണ്ട്. ഈ നിർദേശങ്ങൾ കാലാകാലങ്ങളിൽ പുറപ്പെടുവിക്കുന്നതും, ഭേദഗതികൾ വരുത്തുന്നതും കേന്ദ്ര സർക്കാരിലെ രഹസ്യ വിഭാഗമായ ക്യാബിനറ്റ് സെക്രട്ടറിയേറ്റാണ്. 2023 ഫെബ്രുവരി 28 നു പുറപ്പെടുവിച്ച 1/ 19/ 2/ 2023 എന്ന നമ്പറിൽ ഉള്ള സർകുലറാണ് ഇക്കാര്യത്തിൽ ഏറ്റവും ഒടുവിൽ പുറപ്പെടുവിച്ചി ട്ടുള്ളത്. അതനുസരിച്ച് ഔദ്യോഗികമോ, സ്വകാര്യമോ എന്ന വ്യത്യേസമില്ലാതെ മുഖ്യമന്തിമാരുടെയും മന്ത്രിമാരുടെയും വിദേശ യാത്രാനുമതിക്കായി രണ്ടാഴ്ച്ചക്ക് മുമ്പ് തന്നെ അവർ കൊടുത്തിട്ടുള്ള ഫോർമാറ്റിൽ യാത്രയുടെ വിശദ വിവരങ്ങൾ വിദേശ കാര്യമന്ത്രാലയത്തിന് ലഭ്യമാക്കണം. ഔദ്യോഗിക യാത്രയാണെങ്കിൽ, യാത്ര എന്ന് തുടങ്ങുന്നു, എത്ര ദിവസമാണ്, ഉദ്ദേശം എന്തെല്ലാം, ആരെയൊക്കെ കാണാൻ ഉദ്ദേശിക്കുന്നത് , യാത്രയുടെ ചെലവ് ആര് വഹിക്കും, താമസം എവിടെയാണ്, സന്ദർശിക്കുന്ന സ്ഥലങ്ങളിലെ ഗതാഗതം എങ്ങിനെ തുടങ്ങി എല്ലാ വിവരവും വിശദമായി നൽകണം. ഔദ്യോഗിക യാത്രയാണെങ്കിൽ, വിദേശ മന്ത്രാലയത്തിന് പുറമേ , ധനകാര്യ മന്ത്രാലയം, എഫ്.സി.ആർ.എ (Foreign Contribution[Regulation] Act 2010 ക്ലിയറൻസ്., പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നുമുള്ള പൊളിറ്റിക്കൽ ക്ലിയറൻസ് എന്നിവയും ലഭിച്ചാൽ മാത്രമേ യാത്രക്ക് പോകുവാൻ സാധിക്കുകയുള്ളു. എന്നാൽ സ്വകാര്യ യാത്രക്കാണെങ്കിൽ, പൊളിറ്റിക്കൽ ക്ലിയറൻസ്, എഫ്.സി.ആർ.എ ക്ലിയറൻസ് എന്നിവ മാത്രം മതിയാകും. സ്വകാര്യയാത്രക്കുള്ള പണതിൻറ്റെ സോഴ്‌സും അറിയിക്കണം. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി, ഇടയ്ക്കിടെ ക്യാബിനറ്റ് സെക്രട്ടറിയേറ്റിൽ നിന്നും എല്ലാ സംസ്ഥാന ചീഫ് സെക്രട്ടറിമാർക്കും സർക്കുലറുകൾ അയക്കാറുണ്ട് . പൊതു ഭരണ (പൊളിറ്റിക്കൽ) വകുപ്പാണ് ഇക്കാര്യത്തിൽ കേന്ദ്രവുമായുള്ള നോഡൽ വകുപ്പ്.. സന്ദർശനം സംബന്ധിച്ച് മന്ത്രാലയങ്ങളുടെ സംശയങ്ങൾ ദൂരീകരിച്ചില്ലെങ്കിൽ മന്ത്രിമാരുടെ യാത്രകൾക്ക് അനുമതി നിഷേധിക്കാനുള്ള അധികാരം കേന്ദ്രത്തിനുണ്ട്.
മുഖ്യമന്ത്രി എന്ന നിലയിൽ വിദേശയാത്ര നടത്തിയ കേരളത്തിലെ ആദ്യ മുഖ്യമന്ത്രി, ഇ.എം.എസ്സായിരുന്നു. അദ്ദേഹം രണ്ടാം തവണ മുഖ്യമന്ത്രിയായ 1967 -69 ലാണ് ചികിത്സക്കും, വിശ്രമത്തിനുമായി ജർമനിയിൽ പോയത്. ഇ.എം.എസ് നേതൃത്വം നൽകിയ സപ്തകക്ഷി മുന്നണി സർക്കാരിലെ , ഘടകകക്ഷികൾ തമ്മിൽ ഭിന്നതയും, ചേരിപ്പോരും ഉയർന്നു വന്ന ഒരു ഘട്ടത്തിലാണ് അതൊക്കെ മാറ്റിവച്ചു ഇ.എം.എസ് ചികിത്സക്ക് കമ്മ്യൂണിസ്റ് ജർമനിയിലേക്ക് പോകേണ്ടി വന്നത് . കുശാഗ്ര ബുദ്ധികാരനായ ഇ.എം.എസ് , മുഖ്യമന്ത്രിയുടെ ചാർജ് ആർക്കും നൽകിയില്ല. അതിനു പകരം, സഭാ നേതൃസ്ഥാനവും, ധനകാര്യ വകുപ്പിൻറ്റെ ചാര്ജും ഏറ്റവും സീനിയർ മന്ത്രിയായിരുന്ന കെ.ആർ.ഗൗരിഅമ്മയെ ഏൽപ്പിച്ചു. ആസൂത്രണം ഇമ്പിച്ചിബാബയേയും, ആഭ്യന്തരം എം.കെ. കൃഷ്ണനെയും ഏൽപ്പിച്ചു. മന്ത്രിസഭായോഗങ്ങളിൽ അക്ഷരമാലാക്രമമനുസരിച്ചു ഓരോ മന്ത്രിമാർ അധ്യക്ഷത വഹിച്ചു. അന്ന് സംസ്ഥാനത്തു ഔദ്യോഗിക സന്ദർശനത്തിന് വന്ന ഉപരാഷ്ട്രപതി വി.വി.ഗിരിയെയും, നിയമസഭയിൽ എത്തിയ ഗവർണർ വി. വിശ്വനാഥനേയും സ്വീകരിച്ചത് ഗൗരിയമ്മയായിരുന്നു.
ഇ.എംഎസ്സിനു ശേഷം മുഖ്യമന്ത്രി സി. അച്യുതമേനോനും വിദഗ്ധ ചികിത്സക്കായി കുറേനാൾ ചെക്കോസ്ലോവാക്കിയയിലും, പിന്നീട് റഷ്യയിലും പോയി. അന്ന് മുഖ്യമന്ത്രിയുടെ ചാർജ് നൽകിയത് ആഭ്യന്തര മന്ത്രിയായിരുന്ന കെ. കരുണാകരനായിരുന്നു. ഇ. കെ. നായനാർ മുഖ്യമന്ത്രിയായിരുന്നപ്പോൾ നടത്തിയ വിദേശ സന്ദർശന വേളയിൽ ടി.കെ. രാമകൃഷ്‌ണനായിരുന്നു ചാർജ് വഹിച്ചത്. 1992 ൽ ഉണ്ടായ വാഹനാപകടത്തെ തുടർന്ന് മുഖ്യമന്ത്രി കെ..കരുണാകരൻ അമേരിക്കയിൽ ചികിത്സക്കുപോയപ്പോളും ചാർജ് നൽകുന്ന പ്രശ്‌നം സജീവമായി. സഭാ നേതാവായി ധനകാര്യ മന്ത്രിയും, ഉപനേതാവുമായ ഉമ്മൻചാണ്ടിയെ ചുമതലപ്പെടുത്തി. മുഖ്യമന്ത്രി കൈകാര്യം ചെയ്തിരുന്ന അഖിലേന്ത്യാ സർവീസ്, ശാസ്ത്ര-സാങ്കേതിക വകുപ്പ് എന്നിവ ഉമ്മൻ ചാണ്ടിക്കും, ആഭ്യന്തരം സി.വി.പദ്‌മരാജനും , പൊതുഭരണം, വിനോദ സഞ്ചാരം എന്നിവ പി,പി. ജോർജിനും നൽകി. മന്ത്രിസഭായോഗത്തിൽ അധ്യക്ഷതവഹിക്കാൻ സി.വി.പദ്മരാജനെയും ചുമതലപ്പെടുത്തി. ആദ്യതവണ മുഖ്യമന്ത്രിയായപ്പോൾ വേൾഡ് ഇക്കണോമിക്സ് ഫോറത്തിൻറ്റെ യോഗത്തിൽ പങ്കെടുക്കാൻ സ്വിറ്റ്സർലണ്ടിലെ ദാവോസിൽ എത്തിയ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഒരു അപകടത്തെ തുടർന്ന് കുറെ ദിവസം അവിടെ ചികിത്സയിൽ കഴിയേണ്ടിവന്നു. അന്ന് മുഖ്യമന്ത്രിയുടെ വകുപ്പുകളും, മന്ത്രിസഭായോഗം നടത്താനുള്ള ചുമതലയും ഏൽപ്പിച്ചത് ധന മന്ത്രിയായിരുന്ന വക്കം പുരുഷോത്തമനെയായിരുന്നു. മുഖ്യമന്ത്രിമാർ വിദേശ സന്ദർശനത്തിന് പോകുമ്പോൾ പകരം ക്രമീകരണം ചെയ്യുന്നതാണ് പിണറായി മുഖ്യമന്ത്രിയാകുന്നതുവരെ തുടർന്നുവന്ന കീഴ്വഴക്കം. അത് മാത്രമല്ലാ, തങ്ങളുടെ അസാന്നിധ്യത്തിൽ, എന്ത് ബദൽ സംവിധാനമാണ് ചെയ്തിട്ടുള്ളതെന്നു സംസ്ഥാന ഭരണ തലവനായ ഗവർണറേയും പൊതുജനങ്ങളെയും അറിയിക്കാനും പ്രഗത്ഭരായ മുൻഗാമികൾ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. കീഴ്വഴക്കം എന്നതിനുപരി അത് അവരുടെ ബാധ്യതയാണ്.
രാജ്യത്തെ ജനാധിപത്യം ബി.ജെ.പി സർക്കാരിൽ നിന്നും വലിയ ഒരു വെല്ലുവിളി നേരിടുന്ന സന്നർഭത്തിൽ സിപിഎമ്മിൻറ്റെ ഇന്ത്യയിലെ ഏക മുഖ്യമന്ത്രിയായ പിണറായി വിജയൻ എന്തുകൊണ്ടാണ് മറ്റ് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുപ്രചാരണങ്ങളിൽ പങ്കെടുക്കാതെ വിനോദ സഞ്ചാരത്തിന് പോയി എന്നത് വലിയ ചോദ്യചിഹ്നമാണ്.. സി പി എം ബംഗാളിലും, ത്രിപുരയിലും ഭരണത്തിൽ ഉണ്ടായിരുന്ന അവസരങ്ങളിൽ അവിടത്തെ മുഖ്യമന്ത്രിമാർ മറ്റ് സംസ്ഥാനങ്ങളിലെ സി പി എം സ്ഥാനാർത്ഥികൾക്ക് വേണ്ടി പ്രചാരണത്തിന് ഇറങ്ങിയിട്ടുണ്ട്. ത്രിപുര മുഖ്യമന്ത്രിയായിരുന്ന നൃപൻ ചക്രവർത്തിയും, ജ്യോതിബസുവുമൊക്കെ കേരളം ഉൾപ്പെടയുള്ള സ്ഥലങ്ങളിൽ തെരഞ്ഞെടുപ്പ് നടന്നപ്പോൾ പ്രചാരണത്തിന് വന്നിട്ടുണ്ട്. സി പി എമ്മിനെ സംബന്ധിച്ചിടത്തോളം അന്നത്തെ സാഹചര്യമല്ല ഇന്ന് രാജ്യത്തു നിലനിൽക്കുന്നത്. ഇന്ത്യാ സഖ്യത്തിലെ ഘടക കക്ഷിയാണ് സിപി എം. സിപിഎമിണ്റ്റെ മുഖ്യമന്ത്രി ഭരിക്കുന്ന ഏക സംസ്ഥാനം കേരളമാണ്. പിണറായി വിജയൻ പോളിറ്റ് ബ്യുറോയിലെ ഏക മുഖ്യമന്ത്രിയുമാണ്. അങ്ങിനെയുള്ള ഒരു സീനിയർ നേതാവ് ബംഗാളിലും , ത്രിപുരയിലും മാത്രമല്ല, ഇന്ത്യമുന്നണിക്കു വേണ്ടി മറ്റ് സംസ്ഥാനങ്ങളിലെ പ്രചാരണ യോഗങ്ങളിൽ താര പ്രചാരകനായി പോകേണ്ട ആളാണ്. അങ്ങിനെയുള്ള ഒരു നേതാവ് പൊതുജനങ്ങളെ അറിയിക്കാതെ, വിദേശ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ പോയത് മോദിയെ പേടിച്ചാണെന്ന് ആരോപിച്ചാൽ നിഷേധിക്കാൻ സാധിക്കുമോ?. . കഴിഞ്ഞ കുറെ നാളുകളായി മോദിയെ പേരെടുത്തു പറഞ്ഞു വിമര്ശിക്കാത്ത ഏക പ്രതിപക്ഷ മുഖ്യമന്ത്രിയും, പ്രതിപക്ഷ കക്ഷി നേതാവും പിണറായി വിജയനല്ലാതെ മറ്റൊരാളല്ല. ഈ ഒരു സാഹചര്യത്തിൽ ചില ചോദ്യങ്ങൾക്കു പ്രസക്തിയുണ്ട്. 40 തവണ സുപ്രീം കോടതിയിൽ മാറ്റിവച്ച , എസ് എൻ സി ലാവ്‌ലിൻ കേസ്, ലൈഫ് മിഷൻ കേസ്, നയതന്ത്ര സ്വർണ കള്ളക്കടത്തു കേസ്, ഡാറ്റ ചോർത്തൽ കേസ്, സി എം ആർ എൽ -എക്സലോജിക് ഇടപാട് സംബന്ധിച്ച കേസ് എന്നിവയും പിണറായിയുടെ വിദേശ വിനോദസഞ്ചാരവും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ? യുദ്ധരംഗത്തുനിന്നുമുള്ള ഈ ഒളിച്ചോട്ടം, പിണറായി വിജയൻ മോദിക്ക് നൽകിയ ഗ്യാരണ്ടിയാണൊ എന്നിവ സംബന്ധിച്ച് വ്യക്തത വരുത്തേണ്ടതുണ്ട്.
No comments:
Post a Comment