പ്രതിഷേധ കടലായി മാറുന്ന അമേരിക്കൻ കാമ്പസ്
അഡ്വ. പി.എസ് .ശ്രീകുമാർ
കഴിഞ്ഞ ഏതാനും ആഴ്‌ചകളായി അമേരിക്കൻ കാമ്പസുകൾ പ്രതിഷേധ കൊടുംകാറ്റിൽ ആടിയുലയുകയാണ്. പാലസ്റ്റീൻ ജനതക്കെതിരെ ഗാസ മുനമ്പിൽ ഇസ്രായേൽ നടത്തുന്ന നരഹത്യ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് അമേരിക്കയിലെ വിദ്യാർത്ഥി സമൂഹം കാമ്പസുകളിൽ പ്രതിഷേധിക്കുന്നത്. അമ്മമാരും, കുഞ്ഞുങ്ങളും, ഗർഭസ്ഥ ശിശുക്കൾപോലും ഇസ്രായേലിൻറ്റെ അതിക്രൂരമായ ബോംബിങ്ങിൽ ഈയാംപാറ്റകളെപ്പോലെ കൊഴിഞ്ഞു വീഴുന്ന അവസരത്തിലാണ് മനസാക്ഷി നഷ്‌ടപ്പെട്ടിട്ടില്ലാത്ത അമേരിക്കയിലെ വിദ്യാർത്ഥി സമൂഹം എല്ലാം നഷ്പ്പെട്ട പാലസ്റ്റീൻ ജനതക്കു പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ക്യാമ്പസുകൾ ഇളക്കിമറിക്കുന്നത്.
കെൻറ് കൂട്ടക്കൊല
വിയറ്റ്നാം യുദ്ധത്തിനെതിരെ അമേരിക്കൻ കാമ്പസുകളിൽ 1970 കളിൽ ഉണ്ടായ വൻ പ്രതിഷേധത്തിന് ശേഷം, മറ്റൊരു വൻ പ്രക്ഷോഭത്തിന് അമേരിക്കയിലെ സർവകലാശാല കൾ വേദിയാകുന്നത് ഇപ്പോളാണെന്ന് തോന്നുന്നു . വിയറ്റ്നാം യുദ്ധത്തിനെതിരെ നടന്ന പ്രക്ഷോഭണത്തെ അടിച്ചമർത്താൻ നടത്തിയ "കെൻറ് കൂട്ടക്കൊല" യുടെ 54 ആം വാർഷികം മേയ് മാസത്തിലാണ് . 1970 മേയ് ഒന്നാം തീയതി ഓഹിയോയിലെ കെൻറ് സർവകലാശാലയിൽ വച്ച് വലിയ ഒരു യുദ്ധ വിരുദ്ധ റാലി വിദ്ധാർത്ഥികൾ നടത്തി. റാലിക്കു ശേഷം വിദ്യാർഥികൾ പിരിഞ്ഞു പോയെങ്കിലും, അവരുംകൂടി ഉൾപ്പെട്ട ഒരു വലിയ വിഭാഗം ജനങ്ങൾ കെൻറ് ടൗണിൽ അന്ന് വൈകുന്നേരം വീണ്ടും ഒത്തുകൂടി വമ്പിച്ച പ്രതിഷേധം സംഘടിപ്പിച്ചു. സമാധാനപരമായി തുടങ്ങിയ പ്രതിഷേധം പെട്ടെന്നാണ് അക്രമാസക്തമായി മാറിയത്. അത് പ്രക്ഷോഭകരും, പോലീസുമായുള്ള ഏറ്റുമുട്ടലായി മാറി. അതോടെ, ക്രമസമാധാനത്തിന്റ്റെ ചുമതലകൂടി വഹിക്കുന്ന ഓഹിയോ സിറ്റി മേയർ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുകയും, ക്രമസമാധാന പാലനത്തിനായി നാഷണൽ ഗാർഡുകളെ വിളിച്ചുവരുത്തുകയും ചെയ്തു.
പ്രക്ഷോഭങ്ങളുടെ തുടർച്ചയായി 3000 ത്തോളം വിദ്യാർഥികൾ മേയ് 4 ആം തീയതി ക്യാമ്പസിൽ ഒത്തുകൂടി യുദ്ധവിരുദ്ധ മുദ്രാവാക്യങ്ങൾ മുഴക്കി. ഓഹിയോ നഗരത്തിൽ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിട്ടുള്ളതിനാൽ വിദ്യാർഥികൾ പിരിഞ്ഞുപോകുവാൻ സർവകലാശാല അധികൃതരും, നാഷണൽ ഗാർഡും ആവശ്യപ്പെട്ടു. എന്നാൽ വിദ്യാർഥികൾ സർവകലാശാല അധികൃതരുടെ നിർദേശങ്ങൾ തള്ളിക്കളഞ്ഞതോടെ, വിദ്യാർത്ഥികൾക്ക് നേരെ ടിയർഗ്യാസ് പ്രയോഗിച്ചു. എന്നിട്ടും വിദ്യാർഥികൾ പിരിഞ്ഞുപോകാൻ വിസമ്മതിച്ചതിനെ തുടർന്ന് അവർക്കു നേരെ നാഷണൽ ഗാർഡ് വെടിയുതിർത്തു. ചിത്രശലഭങ്ങളെപ്പോലെ കാമ്പസിൽ പാറിപ്പറന്നു നടന്ന 4 വിദ്യാർഥികൾ തൽക്ഷണം വെടിയുണ്ടയേറ്റ് പിടഞ്ഞു വീണു മരിച്ചു. മറ്റു കുറേ കുട്ടികൾ ഗുരുതരമായി പരിക്കേറ്റ് ആശുപതിയിലായി. അതോടെ അമേരിക്കയിലെ വിദ്യാർത്ഥി സമൂഹം ഒന്നാകെ ഇളകി മറിഞ്ഞു. രാജ്യമൊട്ടാകെ വിദ്യാർഥികൾ യുദ്ധവിരുദ്ധ പ്രക്ഷോഭത്തിൽ അണിചേർന്നു. ഒടുവിൽ പ്രസിഡൻറ് ലിണ്ടൻ ബി. ജോൺസൻറ്റെ നേതൃത്വത്തിലുള്ള അമേരിക്കൻ ഭരണകൂടം വിദ്യാർത്ഥികൾക്ക് മുമ്പിൽ അടിയറവു പറഞ്ഞു. "കെൻറ് കൂട്ടക്കൊല "നടന്ന് ഏതാനും ആഴ്ച്ചകൾക്കുള്ളിൽ വിയറ്റ്നാം യുദ്ധത്തിൽ നിന്നും പിന്മാറുമെന്ന് അമേരിക്കൻ ഭരണകൂടത്തിന് പ്രഖ്യാപിക്കേണ്ടിവന്നു. ആദ്യം കംബോഡിയയിൽ നിന്നും സൈന്യത്തെ പിൻവലിച്ചു. അതിന്റെ തുടർച്ചയായി 1973 ജനുവരിയിൽ പാരീസ് സമാധാന കരാറിൽ ഒപ്പിട്ടുകൊണ്ട് വിയറ്റ്നാം യുദ്ധത്തിൽ നിന്നും അമേരിക്ക തലയൂരി.
കാമ്പസുകൾ കയ്യടക്കി വിദ്യാർഥികൾ
2023 ഒക്‌ടോബർ 7 ലെ ഹമാസ്സിന്റ്റെ ആക്രമണത്തിന് പ്രതികാരമെന്ന നിലയിൽ ഇസ്രായേൽ അഴിച്ചുവിട്ട സമാനതകളില്ലാത്ത ക്രൂരമായ ആക്രമണം അവസാനമില്ലാതെ തുടർന്ന അവസരത്തിൽ തന്നെ കാമ്പസുകളിൽ പാലസ്റ്റീൻ അനുകൂല പ്രകടനങ്ങൾ നടന്നു. എന്നാൽ കൂടുതൽ പങ്കാളിത്തത്തോടെയും, കൂടുതൽ തീവ്രാദയോടെയും വിദ്യാർഥികൾ പ്രക്ഷാഭരംഗത്തെത്തിയത് ഏപ്രിൽ 17 ന് ആയിരുന്നു. ഇവരുടെ പ്രധാന ആവശ്യങ്ങൾ യുദ്ധത്തിനായി ഇസ്രയേലിനെ സഹായിക്കുന്ന കമ്പനികളിൽ നിന്നും സർവ്വകലാശാലകൾ സാമ്പത്തിക സഹായങ്ങൾ സ്വീകരിക്കരുത്, ഇസ്രായേൽ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായുള്ള ബന്ധം അവസാനിപ്പിക്കണം, ഗാസയിലെ വെടിനിർത്തലിന് അമേരിക്ക ശക്തമായ നടപടി സ്വീകരിക്കണം തുടങ്ങിയവയാണ്. കൊളംബിയ സർവ കലാശാല കാമ്പസിൽ പ്രതിഷേധിച്ച് ഇരുന്ന വിദ്യാർത്ഥികളെ പോലീസിനെ ഉപയോഗിച്ച് സർവകലാശാലാ അധികാരികൾ അറസ്ററ് ചെയ്യിച്ചു. അതോടെ വിദ്യാർഥികൾ കൂട്ടം കൂട്ടമായി എത്തി താത്ക്കാലിക കൂടാരങ്ങൾ ഉണ്ടാക്കിയാണ് പ്രതിഷേധം തുടരുന്നത്. സർവകലാശാലയിലെ ഹാമിൽട്ടൺ ഹാൾ വിദ്യാർഥികൾ കയ്യടക്കിയ പ്രക്ഷോഭകർ ഇസ്രായേൽ സൈന്യം കൊലപ്പെടുത്തിയ പാലസ്റ്റീൻ ബാലൻറ്റെ സ്‌മരണയിൽ "ഹിന്ദ് ഹാൾ" എന്നെഴുതിയ ബാനറും പ്രദർശിപ്പിച്ചു. കൊളമ്പിയ സർവകലാശാലയിൽ നിന്നും ഈ പ്രക്ഷോഭം മറ്റു സർവകലാശാല കാമ്പസുകളിലേക്കും വളരെ വേഗം പടർന്നു. ഇവർക്കെതിരെ അമേരിക്കൻ ഭരണകൂടം ഉന്നയിക്കുന്ന ആരോപണം അവർ ജൂദ വിദ്വേഷ പ്രചാരണമാണ് നടത്തുന്നതെന്നാണ്. അമേരിക്കയുടെ ജനസംഖ്യയിൽ വളരെ ന്യൂനപക്ഷമാണ് ജൂദരെങ്കിലും, അമേരിക്കൻ സമ്പത്ഘടനയിൽ വളരെ നിർണായകമായ പങ്കാളിത്തമാണ് ജൂദ സമൂഹത്തിനുള്ളത്. പ്രതിരോധ മേഖലയിലേതുൾപ്പെടെ ബഹുരാഷ്ട്ര കുത്തകകൾക്കും ഇസ്രയേലുമായി ഗണ്യമായ പ്രതിരോധ ഇടപാടുകളുണ്ട്.. അതുകൊണ്ടു അമേരിക്കൻ രാഷ്ട്രീയക്കാർക്ക് ജൂദ സമൂഹത്തെ അവഗണിക്കാനോ, ഇസ്രയേലിനെ മാറ്റിനിർത്താനോ ബുദ്ധിമുട്ടാണ്.
കാമ്പസിനുള്ളിൽ പോലീസ്
കൊളംബിയ സർവകലാശാല കാമ്പസിലെ കെട്ടിടത്തിൽ തമ്പടിച്ച വിദ്യാർത്ഥികളെ ഏപ്രിൽ 30 ചൊവ്വാഴ്ച്ച പോലീസ് അറസ്റ്റ് ചെയ്തു നീക്കി. ഹാമിൽട്ടൺ ഹാളിൻറ്റെ രണ്ടാമത്തെ നിലയിലേക്ക് ഇരച്ചുകയറിയാണ് പോലീസ് വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്തത്. സമാധാനപരമായി നടന്ന പ്രക്ഷോഭം സംഘർഷഭരിതമായത് പുറത്തുനിന്നുള്ളവർ എത്തിയതോടെയാണെന്നും , സാഹചര്യം ഗുരുതരമാകുന്നതുവരെ കാത്തിരിക്കാനാവില്ലെന്നും ന്യൂ യോർക്ക് മേയർ എറിക് ആദംസ് പോലീസിനെ അറിയിച്ചതിനെത്തുടർന്നാണ് പോലീസ് കാമ്പസിനുള്ളിൽ കയറി വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്തു നീക്കം ചെയ്യാൻ തുടങ്ങിയത്.
അമേരിക്ക ഒരു തെരഞ്ഞെടുപ്പിലേക്ക് പോകുന്ന വർഷമായതുകൊണ്ടു സമാധാനപരമായ രീതിയിലുള്ള വിദ്യാർത്ഥികളുടെ പ്രക്ഷോഭത്തെ, അറുപതുകളിലെ വിയറ്റ്നാം യുദ്ധവിരുദ്ധ പ്രക്ഷോഭത്തെ നേരിട്ടപോലെ ചോരയിൽ മുക്കി കൊല്ലാൻ പ്രസിഡൻറ് ജോ ബൈഡനും അമേരിക്കൻ ഭരണകൂടവും തയ്യാറാകില്ല. പ്രക്ഷോഭം വ്യാപിക്കുന്നതിനാലും, തെരഞ്ഞടുപ്പ് അടുത്തുവരുന്നതിനാലും, അമേരിക്കയുടെ ഗൾഫ് മേഖലയിലെ സുഹൃത്ത് രാജ്യങ്ങളുടെ കൂടി സഹകരണത്തോടെ ഇസ്രായേലിന് ദോഷം വരാത്ത രീതിയിലുള്ള ഒരു ഒത്തുതീർപ്പു ഫോർമുല രൂപപ്പെടുത്തുവാൻ അമേരിക്ക മുൻകൈ എടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
9495577700
No comments:
Post a Comment