തിരുവനന്തപുരത്തിൻറ്റെ വികസന വേദനകൾ
ഇന്ത്യയുടെ രണ്ടാം പഞ്ചവൽസ്സര പദ്ധതിക്കാലത്തു, നഗരങ്ങളുടെ ആസൂത്രിത വളർച്ച ഉറപ്പു വരുത്തുന്നതിന്, ബോംബെ, ഡൽഹി,കൽക്കട്ട, മദ്രാസ് തുടങ്ങിയ മഹാ നഗരങ്ങളിൽ, നഗര പരിഷ്കരണ ട്രസ്റ്റുകൾ രൂപീകരിച്ചിരുന്നു. ഇതിനെ മാതൃകയാക്കിയാണ്1960 ലെ [ ആക്ട് 1 , 1960 ]സിറ്റി ഇമ്പ്രൂവ്മെന്റ് നിയമമനുസരിച്ചു മുഖ്യമന്ത്രി പട്ടം താണുപിള്ള, തിരുവനന്തപുരം നഗര പരിഷ്കരണ ട്രസ്റ് , രൂപീകരിച്ചത്. തിരുവനന്തപുരം നഗരത്തിന്റെ വികസനം, റോഡുകളുടെ പുനർനിർമാണം, ഭവന നിർമാണം തുടങ്ങിയവയായിരുന്നു ട്രസ്ടിന്റ്റെ ചുമതല. കിള്ളിപ്പാലത്തുനിന്നും കരമനക്കുള്ള റോഡ് പുനര്നിര്മിച്ചതു ഈ ട്രസ്റ്റിന്റെ ചുമതലയിലായിരുന്നു. അക്കാലത്തു തിരുവനന്തപുരത്തു ജോലിയായി എത്തുന്ന ഇതര ജില്ലകളിലുള്ളവർക്കു വീട് കണ്ടെത്തുക വലിയ ബുദ്ധിമുട്ടായിരുന്നു. അതിന് പരിഹാരം കണ്ടെത്തിയത്, ട്രസ്റ്റിന്റെ കീഴിൽ ഭവന സമുച്ഛയങ്ങൾ നിർമിച്ചുകൊണ്ടായിരുന്നു.ജവഹർ നഗർ, ശാന്തി നഗർ, പദ്‌മ നഗർ, പി.ടി.പി. നഗർ തുടങ്ങിയ ഭവന സമുച്ഛയങ്ങൾ ഉടലെടുത്തത് ട്രസ്റ്റിന്റെ പ്രവർത്തനത്താലായിരുന്നു. സിറ്റി ഇമ്പ്രൂവ്മെന്റ് ട്രസ്റ്റാണ് പിന്നീട് സംസ്ഥാന ഭവന നിർമ്മാണ ബോർഡായി എഴുപതുകളിൽ മാറിയത്.
സംസ്ഥാന തലസ്ഥാനമായ തിരുവനന്തപുരം നഗരത്തിൻറ്റെ സമഗ്ര വികസനം ലക്ഷ്യമാക്കി ആദ്യമായി ഒരു നയം രൂപീകരിച്ചത് 2001 ൽ അധികാരത്തിൽ വന്ന ഏ .കെ .ആൻറണിയുടെ നേതൃത്വത്തിലുള്ള ഐക്യ ജനാധിപത്യ മുന്നണി സർക്കാരായിരുന്നു. ക്യാപിറ്റൽ റീജിയൻ ഡെവലപ്മെന്റ് പ്രൊജക്റ്റ് എന്ന പദ്ധതിക്ക് സർക്കാർ അംഗീകാരം നൽകി. ഇതനുസരിച്ചു നഗരത്തിലെ റോഡുകൾ വീതികൂട്ടി നവീകരിക്കുക, നഗരത്തിലെ പ്രധാന റോഡുകളുമായി ബന്ധപ്പെടുത്തി, റിങ് റോഡുകളും, ലിങ്ക് റോഡുകളും നിർമിക്കുക , വാഹന പാർക്കിംഗ് നയം രൂപീകരിക്കുക, ജലസ്രോതസുകൾ വൃത്തിയാക്കുക, പ്രധാന മാർക്കറ്റുകളും ഷോപ്പിംഗ് വീഥികളും നവീകരിക്കുക, സീവെജുകൾ നഗരം മുഴുവൻ വ്യാപിപ്പിക്കുക, ബ്രോഡ് ബാൻഡ്/ വൈഫൈ സംവിധാനം നഗരത്തിൽ എമ്പാടും സജ്ജമാക്കുക, പ്രകൃതി സംരക്ഷണത്തിന്റെ ഭാഗമായി ഒരു ലക്ഷം വൃക്ഷങ്ങൾ വച്ച് പിടിപ്പിക്കുക എന്നിവയാണ് പദ്ധതിയിലെ പ്രധാന നിർദേശങ്ങളായി ഉണ്ടായിരുന്നത്. ഇവയിൽ ആദ്യം തുടക്കം കുറിച്ചത് നഗരത്തിലെ പ്രധാനപ്പെട്ട 42 കി.മീ ദൈർഘ്യമുള്ള റോഡുകളുടെ നവീകരണ പ്രവർത്തനങ്ങൾ ആയിരുന്നു. 25 വര്ഷം പരിപാലനം എന്ന നിബന്ധനയോടെ ഐ.എൽ & എഫ്.എസ് എന്ന കമ്പനിയുമായാണ് സർക്കാർ ഉടമ്പടി ഒപ്പുവച്ചത്. ഇതിന്റെ ഭാഗമായാണ്, പാളയത്തെ അടിപ്പാത, ബേക്കറി ജങ്ക്ഷൻ , പഴവങ്ങാടി എന്നിവിടങ്ങളിലെ മേൽപ്പാത എന്നിവ നിർമ്മിച്ചത്. നഗരത്തിലെ ഏറ്റവും പ്രധാനപ്പെട്ട റോഡുകളാണ് പൊതു-സ്വകാര്യ സഹകരണത്തോടെ സമയബന്ധിതമായി വികസിപ്പിച്ചത്. ശംഖുമുഖം-കവടിയാർ, കിള്ളിപ്പാലം-അട്ടകുളങ്ങര ,വെള്ളയമ്പലം-വഴുതക്കാട് -തമ്പാന്നൂർ തുടങ്ങിയ പ്രധാന സിറ്റി റോഡുകളാണ് നവീകരിച്ചു നാല് വാരി പാതകളാക്കിയത്. എ.കെ. ആന്റണി സർക്കാർ ഈ പദ്ധതിക്ക് തുടക്കമിട്ടെങ്കിലും തുടർന്ന് വന്ന ഉമ്മൻചാണ്ടി സർക്കാരും, വി.എസ്. അച്യുതാനന്ദൻ സർക്കാരും ഈ പദ്ധതികളുടെ പൂർത്തീകരണത്തിന് ചുക്കാൻ പിടിച്ചു. തിൻറ്റെ നിർമാണം പൂർത്തിയായി കഴിഞ്ഞപ്പോൾ, ഏഷ്യാ -മധ്യേഷ്യ റീജിയണിലെ ലോകനിലവാരത്തിലുള്ള ഏറ്റവും നല്ല റോഡുകൾക്കുള്ള യുണൈറ്റഡ് നേഷൻസ് ഇക്കണോമിക് കമ്മീഷൻ ഫോർ യൂറോപ്പിൻറ്റെ പ്രത്യേക പ്രശംസക്ക് അർഹമായി. ഇതിൻറ്റെ വിജയത്തെത്തുടർന്നു കോഴിക്കോട്, ആലപ്പുഴ, മലപ്പുറം തുടങ്ങിയ മറ്റു ജില്ലകളിലും ഇതേ രീതിയിൽ നഗര ഗതാഗത സംവിധാനം പരിഷ്കരിക്കാനുള്ള പദ്ധതിക്ക് 2011-16 ലെ ഉമ്മൻ ചാണ്ടി സർക്കാരും, ഒന്നാം പിണറായി സർക്കാരും മുൻകൈ എടുത്തു.
ടെക്നോപാർക്കിൻറ്റെ പിറവി
ഏഷ്യയിലെ ഏറ്റവും വലിയ ഇലക്ട്രോണിക്സ് പാര്‍ക്കായ ടെക്നോപാര്‍ക്ക് എന്ന ആശയം ദീർഘദർശിയായ കെ.പി.പി. നമ്പ്യാരുടേതായിരുന്നു. അന്ന് വ്യവസായ വകുപ്പിൽ അഡ്വൈസർ ആയിരുന്നു അദ്ദേഹം. സോഫ്റ്റ്‌വെയർ വ്യവസായം കേരളത്തിന്റ്റെ പ്രത്യേക സാഹചര്യത്തിൽ അനുയോജ്യമായിരിക്കുമെന്ന് കരുതിയ അദ്ദേഹം, 1989 അവസാനം ഒരു ശിൽപശാല നടത്ത്തുകയും അതിൻറ്റെ അടിസ്ഥാനത്തിൽ സോഫ്റ്റ്‌വെയർ വ്യവസായം എങ്ങിനെ നടപ്പിലാക്കുവാൻ സാധിക്കും എന്നത് സംബന്ധിച്ച് ഒരു പഠനം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ടാറ്റ കൺസൾട്ടൻസി സർവീസസിനെ ചുമതലപ്പെടുത്തുകയും ചെയ്തു. ഈ റിപ്പോർട്ട് അദ്ദേഹം വ്യവസായ മന്ത്രിയായിരുന്ന കെ. ആർ. ഗൗരിക്ക് നൽകി .അവരും അതിനോട് യോജിച്ചു. കെ.പി.പി. നമ്പ്യാർ നൽകിയ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് അവർ നൽകി. മുഖ്യമന്ത്രി ഈ നിർദ്ദേശം മന്ത്രിസഭാ യോഗത്തിൽവച്ച് ചർച്ച ചെയ്തു.. അങ്ങിനെയാണ്, സോഫ്റ്റ്‌വെയർ വ്യവസായത്തിൻറ്റെ ലോക കേന്ദ്രമായ അമേരിക്കയിലെ സിലിക്കൺ വാലിയിൽ മുഖ്യമന്ത്രിയും,, വ്യവസായ മാന്തിയും, മന്ത്രി ബേബിജോണും,കെ.പി.പി.നമ്പിയാരും അടങ്ങിയ ഉന്നതല സംഘം സന്ദർശിച്ച് സോഫ്റ്റ്‌വെയർ വ്യവസായത്തിൻറ്റെ സാധ്യതകൾ മനസ്സിലാക്കു വാൻ തീരുമാനിച്ചത്.. അമേരിക്കൻ യാത്രകഴിഞ്ഞു മടങ്ങിവന്നശേഷമാണ് ടി.സി.സിൻറ്റെ റിപ്പോർട്ട് അംഗീകരിച്ചത്. തുടർന്നാണ്, ഇലക്ട്രോണിക്സ് ടെക്നോളജി പാർക്സ്, കേരള എന്ന സ്ഥാപനം ചാരിറ്റബിള് സൊസൈറ്റി ആക്റ്റ് അനുസരിച്ചു് രജിസ്റ്റർ ചെയ്തു പ്രവർത്തനം തുടങ്ങിയത്. കേരള സര്‍വകലാശാലയുടെ അധീനതയിലായിരുന്ന കഴക്കൂട്ടത്തെ 50 ഏക്കർ വിസ്തൃതിയുള്ള വൈദ്യന്‍കുന്നിലാണ് ഈ പാർക്ക് സ്ഥാപിക്കാനായി സ്ഥലം കണ്ടെത്തിയത്. കെ.പി.പി. നമ്പ്യാരുടെ സെക്രട്ടറിയേറ്റിലെ ഓഫീസിന്റ്റെ ഒരു ഭാഗത്തു കിടന്ന സോഫയായിരുന്നു ആദ്യ ഓഫീസ് . ഈ പാർക്ക് സ്ഥാപിക്കാനായി അന്ന് സി-ഡാകിൽ ജോലി ചെയ്തിരുന്ന ജി. വിജയരാഘവനെയാണ് ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി ആയി, നമ്പ്യാരുടെ ശുപാർശപ്രകാരം സർക്കാർ നിയമിച്ചത് . ടെക്നോപാര്‍ക്കിന്, 31.03.1991 ല്‍ നായനാര്‍ തറക്കല്ലിട്ടു
വിഴിഞ്ഞം തുറമുഖവും പുനരധിവാസ പദ്ധതിയും :
തിരുവനന്തപുരം നഗരം തിരുവിതാംകൂർ രാജ്യത്തിൻറ്റെ തലസ്ഥാനമായിരുന്നപ്പോൾ മുതൽ സജീവ പരിഗണയാളുണ്ടായിരുന്ന ഒരു അടിസ്ഥാന വികസനപദ്ധതിയാണ് വിഴിഞ്ഞം തുറമുഖം. ഈ പദ്ധതിക്ക് മൂർത്ത രൂപം നൽകിയത് 1991-96 കാലഘട്ടത്തിലെ കരുണാകരൻ മന്ത്രിസഭയും, ആ മന്ത്രിസഭയിൽ തുറമുഖ വകുപ്പ് മന്ത്രിയായിരുന്ന എം.വി. രാഘവനും ആയിരുന്നെങ്കിലും പിന്നീട് വന്ന മന്ത്രിസഭകളുടെ കാലഘട്ടത്തിൽ സാങ്കേതിക കാരണങ്ങൾ അധികം മുന്നോട്ടു പോകുവാൻ സാധിച്ചില്ല. ശിലയായി മാറിയ അഹല്യക്ക് ശ്രീരാമ സ്പർശത്താൽ മോക്ഷം കിട്ടിയതുപോലെ, 2011-16 കാലത്തു മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിയുടെയും , തുറമുഖ മന്ത്രിയായിരുന്ന കെ .ബാബുവിൻറ്റെയും, പാർലമെന്റ് അംഗമായിരുന്ന ശശി തരൂരിൻറ്റെയും ആത്മാർത്ഥമായ ശ്രമഫലമായാണ്, കേന്ദ്രാനുമതിയോടെ പദ്ധതി നിർമാണം 2015 സെപ്റ്റംബറിൽ ആരംഭിച്ചത്. ആദ്യ ഘട്ടത്തിൽ 7525 കോടി രൂപ മുടക്കുമുതലുള്ള പദ്ധതി നാലുഘട്ടവും പൂർത്തീകരിക്കുമ്പോൾ 31000 കോടി രൂപയുടെ നിക്ഷേപമാണ് ഈ പദ്ധിതിയിൽ ഉണ്ടാകുന്നതു. പദ്ധതി പ്രഖ്യാപിച്ചപ്പോൾ തന്നെ ഇതിൽ 6000 കോടി രൂപയുടെ അഴിമതി നടന്നെന്നു അന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയൻ ആരോപണം ഉന്നയിച്ചു. തങ്ങൾ അധികാരത്തിലെത്തിയാൽ ശക്തമായ നടപടി സ്വീകരിക്കുമെന്നും പ്രഖ്യാപിച്ചു. 2016 ലെ നിയമ സഭ തെരഞ്ഞെടുപ്പിനെ തുടർന്ന് അധികാരത്തിലെത്തിയ പിണറായി സർക്കാർ , ആദ്യം വിഴിഞ്ഞം പ്ദ്ധതിയിലെ അഴിമതിയെക്കുറിച്ചു അന്വേഷിക്കാൻ വിജിലൻസ് വകുപ്പിനോട് ആവശ്യപ്പെട്ടു. അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടി , തുറമുഖ വകുപ്പ് മന്ത്രി കെ.ബാബു എന്നിവർക്ക് പുറമെ അന്നത്തെ പോർട്ട് സെക്രട്ടറിയായിരുന്ന ജെയിംസ് വര്ഗീസ്, വിഴിഞ്ഞം പോർട്ട് മാനേജിങ് ഡയറക്ടർ സുരേഷ്ബാബു ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ ക്കെതിരെ വിശദമായ അന്വേഷണം നടത്തിയെങ്കിലും, യാതൊരു വിധ അഴിമതിയും അവർക്കു കണ്ടെത്താൻ സാധിച്ചില്ല. അത്തിനുശേഷമാണ്, ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായരുടെ നേതൃത്വത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചത്. അഴിമതി ആരോപണം ഉന്നയിച്ചവർ ഉൾപ്പെടെ ഒരാൾ പോലും ജുഡീഷ്യൽ കമ്മീഷൻ മുമ്പാകെ ഹാജരാകുകയോ എന്തെങ്കിലും സാമ്പത്തിക ക്രമക്കേട് നടന്നെന്ന് തെളിയിക്കാനുള്ള രേഖകൾ ഹാജരാക്കുകയോ ചെയ്തില്ല . വിശദമായ അന്വേഷണത്തിന് ശേഷം, വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ടു യാതൊരുവിധ അഴിമതിയും നടന്നിട്ടില്ലെന്ന് ജുഡീഷ്യൽ കമ്മീഷൻ സർക്കാരിന് റിപ്പോർട്ട് നൽകി.
വിഴിഞ്ഞം പദ്ധതി നടപ്പാക്കുമ്പോൾ ആ പ്രദേശത്തുള്ള മത്സ്യത്തൊഴിലാളികൾ ഉൾപ്പെടെയുള്ളവരെ ബാധിക്കുമെന്ന് പോർട്ട് മാനേജ്‌മന്റ് നടത്തിയ പഠനത്തിൽ കണ്ടെത്തിയതിനെ തുടർന്ന്, അഞ്ച് വര്ഷം കൊണ്ട് അത് പരിഹരിക്കാനായി 475 കോടി രൂപയുടെപുനരധിവാസ പദ്ധതിക്ക് ഉമ്മൻ ചാണ്ടി സർക്കാർ രൂപം നൽകി. പദ്ധതിനടപ്പാക്കുമ്പോൾ ബാധിക്കുന്ന തീരദേശ നിവാസികൾക്ക് നഷ്ടപരിഹാരം, പുനരധിവാസം എന്നിവക്കുള്ള പദ്ധതി, ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള കമ്മിറ്റി നിദ്ദേശിക്കുന്നതനുസരിച്ചു നടപ്പിലാക്കുവാനും, തീരുമാനിച്ചു. സ്ഥലം ഏറ്റെടുക്കൽ, വീട് നിർമാണം എന്നിവക്ക് 350 കോടി രൂപ , ജീവിതോപാധി കണ്ടെത്തൽ 59 കോടി രൂപ, സ്ത്രീ ശാക്തീകരണം 39 കോടി രൂപ, വാർധക്യ കല പരിചരണം 2.5 കോടി രൂപ, കപ്പാസിറ്റി ബിൽഡിംഗ് 50 ലക്ഷം എന്നിങ്ങനെയാണ് തുക വകയിരുത്തിയത്. 20 ലക്ഷം രൂപ വച്ച് 100 സ്റ്റേ ബോട്ടുകൾ, ആഴക്കടൽ മത്സ്യബന്ധനത്തിന് 10 യന്ത്രവൽകൃത ബോട്ടുകൾ, 1000 മത്സ്യത്തൊഴിലാളികൾക്ക് മറ്റു ജീവിധോപാധികൾ , 1000 സുരക്ഷാ ഉപകരണങ്ങൾ തുടങ്ങിയവയാണ് ജീവിദോപാധി കണ്ടെത്തലിൽ ഉള്ളത്. ഇതിനു പുറമെ, കൊല്ലങ്കോടുമുതൽ അടിമലത്തുറവരെയുള്ള 6926 സ്ത്രീകളെ ശാക്തീകരിക്കുന്നതിനുള്ള നടപടികൾക്കാണ് 39 കോടി രൂപ വകയിരുത്തിയത്.
1000 സ്വയംസഹായ സംഘങ്ങൾ രൂപീകരിച്ചു ഓരോ യൂണിറ്റിനും രണ്ടു ലക്ഷം രൂപ വച്ച് നൽകുന്നതായിരുന്നു പ്രധാന പദ്ധതി. മൂവായിരത്തോളം യുവതീയുവാക്കളുടെ നൈപുണ്യം വികസിപ്പിക്കുക, സംരംഭകത്വം വികസിപ്പിക്കുക തുടങ്ങിയ പദ്ധതികളുമുണ്ട്. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലാവധി തീരുന്നതിനു മുമ്പ് ഇക്കാര്യങ്ങൾക്കായി ചിലവഴിച്ച 99 കോടി രൂപയല്ലാതെ പിന്ന്നീട് വന്ന സർക്കാർ കാര്യമായി ഒന്നും ചെയ്തില്ല. ഈ പുനരുദ്ധാരണ പദ്ധതി പൂർണമായ തോതിൽ, ആവശ്യമായ, ഭേദഗതികളോടെ നടപ്പിലാക്കിയാൽ മാത്രമേ മത്സ്യത്തൊഴിലാളികൾ ഉൾപ്പെടെയുള്ളവരുടെ പ്രയാസങ്ങൾ മാറ്റുവാൻ സാധിക്കുകയുള്ളു.
2023 ഒക്ടോബർ 15 ന് , തുറമുഖത്തു സ്ഥാപിക്കാനുള്ള കൂറ്റൻ ക്രെയിനുകളുമായി മദർ ഷിപ് എത്തിയെങ്കിലും, 1000 ദിവസം കൊണ്ട് (2019 ഡിസംബർ) പൂർത്തിയാക്കാൻ ലക്ഷ്യമിട്ട ഒന്നാം ഘട്ടം 9 വർഷത്തോളമായിട്ടും ഇതുവരെയും പൂർത്തിയാക്കുവാൻ സാധിച്ചില്ല . ഇതിൻറ്റെ അനുബന്ധ പദ്ധതികളായ വിഴിഞ്ഞം-ബാലരാമപുരം റെയിൽവേ ലൈൻ, ദേശീയ പാതാ അതോറിറ്റിയുടെ നേതൃത്വത്തിൽ ഔട്ടർ റിങ് റോഡ് എന്നിവയും അടിയന്തിരമായി നിർമാണം തുടങ്ങേണ്ട പദ്ധതികളാണ്. വിഴിഞ്ഞം പദ്ധതിയും അനുബന്ധ പദ്ധതികളും സമയബന്ധിതമായി പൂർത്തിയാക്കിയാൽ വികസന രംഗത്ത് വലിയൊരു കുതിച്ചുചാട്ടമാണ് തിരുവനന്തപുരത്തിനും, സംസ്ഥാനത്തിന് മൊത്തത്തിലും ഉണ്ടാകാൻ പോകുന്നത്. അതിനുള്ള ആത്മാർത്ഥമായ ശ്രമമാണ് ഇതുമായി ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്നും ഉണ്ടാവേണ്ടത്.
കഴക്കൂട്ടം -കാരോട് ബൈ പാസ് നിർമാണം.
തിരുവനന്തപുരം നഗരത്തിലെ ഗതാഗതത്തിരക്ക് ഒഴിവാനായിട്ടാണ് കഴക്കൂട്ടം ബൈ പാസ് പദ്ധതി കൊണ്ടുവന്നതും, അതിന്റെ ആവശ്യത്തിന് 45 മീറ്റർ വീതിയിൽ കഴക്കൂട്ടം മുതൽ കാരോട് വരെ സ്ഥലം സർക്കാർ നാല് പതിറ്റാണ്ടിന് മുംബ് തന്നെ ഏറ്റെടുത്തതും. എന്നാൽ ദേശീയപാതയോടൊപ്പം ഈ പദ്ധതിയും കൂട്ടിക്കെട്ടപെട്ടതിനാൽ, ദേശിയ പാത വികസനത്തിനൊപ്പം മാത്രമേ ഇതിന്റെ വികസനവും സാധിക്കുമായിരുന്നുള്ളൂ. ദേശിയ പാത അതോറിറ്റി യുടെ ഒരു നയമായിരുന്നു അത്. ഇക്കാര്യത്തിൽ ഒരു പുനര്ചിന്തനം വന്നത് 2012 കാലഘട്ടത്തിലാണ്. തലസ്ഥാന ജില്ലയിലെ ചില ജനപ്രതിനിധികൾ അടിയന്തിരമായി ഈ പദ്ധതി നടപ്പാക്കേണ്ടതിന്റെ ആവശ്യകത മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ശ്രദ്ധയിൽ കൊണ്ടുവന്നു. തുടർന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും, പ്രധാനമന്ത്രി മൻമോഹൻസിങ്ങും, അന്നത്തെ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രിയുമായി നടത്തിയ ചർച്ചകളിലാണ് കഴക്കൂട്ടം - കാരോട് ബൈ പാസ് നിർമാണം ദേശിയ പാത വികസനത്തിൽ നിന്നും വേർപെടുത്തി പ്രത്യേക പദ്ധതിയായി (stand alone ) പരിഗണിക്കാൻ കേന്ദ്ര സർക്കാരും, ദേശിയ പാതാ അതോറിറ്റിയും തീരുമാനിച്ചത്. സ്റ്റാൻഡ് എലോൺ പദ്ധതിയായി ഇന്ത്യയിൽ ആദ്യമായി നടപ്പാക്കിയ പദ്ധതിയാണ് കഴക്കൂട്ടം-കാരോട് പദ്ധതി. . ഇതിനെ തുടർന്നാണ് മറ്റ് നടപടി ക്രമങ്ങൾ പൂർത്തിയാക്കി 2015 ൽ കഴക്കൂട്ടം മുതൽ കോവളം വരെയുള്ള പദ്ധതിയുടെ നിർമാണം തുടങ്ങിയതും, ഈ ബൈ പാസ് ഭാഗികമായി 2016 മാർച്ച് മാസത്തോടെ തുറന്നുകൊടുക്കകയും ചെയ്തത്. പിന്നീടു കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രിയായി വന്ന ഗഡ്‌ഗരിയും പിണറായി സർക്കാരും ഇതിന്റെ നിർമാണ പൂർത്തീകരണത്തിനായി നടത്തിയ പരിശ്രമത്തിനൊടുവിലാണ് കാരോട് വരെയുള്ള നിർമാണം ഏകദേശം പൂർത്തിയാക്കുവാൻ ഇപ്പോൾ സാധിച്ചിട്ടുള്ളത്. കഴക്കൂട്ടത്തെ ഫ്‌ളൈഓവർ നിർമാണം ഇതിൻറ്റെ അനുബന്ധ പദ്ധതിയായിട്ടാണ് പൂർത്തീകരിച്ചത്. മറ്റൊരു ഫ്‌ളൈഓവർ നിർമാണം ഈഞ്ചക്കലിൽ ആരംഭിക്കാനും നാഷണൽ ഹൈവേ അതോറിറ്റി തീരുമാനമെടുത്തിട്ടുണ്ട്. 621 കോടി രൂപയുടെ എസ്റ്റിമേറ്റിൽ തുടങ്ങിയ പദ്ധതി ഇതിനോടകം 2000 കോടി രൂപക്കു മുകളിൽ ചെലവഴിച്ചു.
കരമന-കളിയിക്കാവിള സംസ്ഥാന ഹൈവേ
കഴക്കൂട്ടം-കാരോട് ബൈ പാസ് നിർമാണം തുടങ്ങാൻ ദേശിയ ഹൈവേ അതോറിറ്റി തീരുമാനിച്ചപ്പോൾ, പഴയ ദേശിയ പാതയായ കരമന- കളിയിക്കവിള റോഡ്, സംസ്ഥാന പൊതുമരാമത്തു വകുപ്പിന് ഹൈവേ അതോറിറ്റി വിട്ടുനൽകി.നെയ്യാറ്റിൻകര വഴിയുള്ള ഈ റോഡും വികസിപ്പിക്കേണ്ടതിന്റെ ആവശ്യകത ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് കരമന മുതൽ പ്രാവച്ചമ്പലം വരെയുള്ള ഒന്നാം ഘട്ട നിർമാണം 2014 ൽ ഉമ്മൻചാണ്ടി സർക്കാർ തുടങ്ങുകയും, 2016 ആദ്യം ഉദ്‌ഘാടന കർമം നിർവഹിച്ചതും. പിന്നീട് മൂന്ന് വര്ഷങ്ങള്ക്കു ശേഷമാണ് രണ്ടാം ഘട്ടമായ ബാലരാമപുരം-കൊടിനട റോഡ് നിർമാണം 2019 ൽ തുടങ്ങാൻ പിണറായി സർക്കാരിന് സാധിച്ചത്.. കൊടിനട മുതൽ വഴിമുക്കുവരെയുള്ള ഭാഗത്തെ സ്ഥലമേറ്റെടുക്കൽ നടപടികൾ നടന്നുകൊണ്ടിരിക്കുകയാണ്. ബാക്കിയുള്ള 18.3 കി.മീ റോഡും എത്രയും വേഗം പൂർത്തിയാക്കേണ്ടതുണ്ട്. യുദ്ധകാലാടിസ്ഥാനത്തിൽ മുന്നോട്ടുപോയാൽ മാത്രമേ ഈ സർക്കാരിന്റെ കാലാവധിക്കുള്ളിൽ ഈ പദ്ധതി പൂർത്തീകരിക്കുവാൻ സാധിക്കുകയുള്ളൂ . ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ഭാഗത്തുണ്ടാകുന്ന കാര്യക്ഷമതയില്ലായ്മയാണ് സമയ ബന്ധിതമായി പൂർത്തിയാക്കുവാനാകാതെ ഈ പദ്ധതി ഇഴഞ്ഞിഴഞ്ഞു നീങ്ങുന്നത് .
ലൈറ്റ് മെട്രോ പദ്ധതി
അഡ്വ. പി.എസ് .ശ്രീകുമാർ
9495577700
No comments:
Post a Comment