Friday, 3 May 2024

                 മോദി ഭരണം  എന്തുകൊണ്ട് തുടരരുത് 

അഡ്വ. പി.എസ്‌ .ശ്രീകുമാർ 



2024 ലെ   ലോക്‌സഭാ  തെരഞ്ഞെടുപ്പിൽ  ഏറ്റവും  കൂടുതൽ ഉയർന്നു വന്ന ചോദ്യം  ഈ  തെരഞ്ഞെടുപ്പിന് ശേഷം  ഇന്ത്യ  ഒരു ജനാധിപത്യ രാജ്യമായി തുടരുമോ ഇല്ലയോ എന്നതാണ്.  സ്വാതന്ത്ര്യത്തോടൊപ്പം  നമുക്ക്   ലഭിച്ച                ജനാധിപത്യ  സ്ഥാപനങ്ങളുടെ  നിലനിൽപ്പിനെ പറ്റിയോ, അതിൻറ്റെ   തുടർച്ചയെപ്പറ്റിയോ ഒരക്ഷരം പോലും പറയാതെ  ഒരു തവണ കൂടി പ്രധാനമന്ത്രി സ്ഥാനം  നൽകിയാൽ   ലോകത്തിലെ  മൂന്നാം സാമ്പത്തിക ശക്തിയായി  ഇന്ത്യയെ  മാറ്റും  എന്ന   വാഗ്‌ദാനവുമായാണ്    പ്രധാനമന്ത്രി നരേന്ദ്ര  മോദി    തെരഞ്ഞെടുപ്പ്  പ്രചാരണ  വേദികളിൽ  എത്തുന്നത്.  അതേസമയം  പ്രതിപക്ഷ കക്ഷികളുടെ  കൂട്ടായ്‌മയായ  "ഇന്ത്യാ  സഖ്യം" ഉയർത്തുന്ന മുദ്രാവാക്യം  ഇനിയുമൊരു ഭരണം മോദിക്ക് നൽകിയാൽ  ഇന്ത്യയുടെ ഭരണഘടനാ തന്നെ  മോദി  പൊളിച്ചെഴുതി  ഏകാധിപത്യത്തിലേക്ക്  രാജ്യത്തെ കൊണ്ടുപോകുമെന്നാണ്.  കഴിഞ്ഞ പത്തുവർഷത്തെ  ഭരണത്തിൽ  മോദി  സർക്കാർ  നടപ്പാക്കിയ  ജനാധിപത്യ വിരുദ്ധമായ  നിരവധി  കാര്യങ്ങളാണ്  ഇന്ത്യ സഖ്യം നേതാക്കളായ  രാഹുൽ ഗാന്ധിയും,  മല്ലികാർജുന ഖാർഗെയും  ഉൾപ്പെടയുള്ള  നേതാക്കൾ  ജനങ്ങൾക്ക് മുമ്പിൽ   അവതരിപ്പിക്കുന്നത്.   ഇന്ത്യാ  സർക്കാരിന്റെ  കീഴിലുള്ള  അക്കാദമിക  സ്ഥാപങ്ങളും,  സാംസ്‌കാരിക  സ്ഥാപനങ്ങളും ,  ശാസ്ത്ര സാങ്കേതിക  സ്ഥാപനങ്ങളുമെല്ലാം   ജനാധിപത്യ വിരുദ്ധമായ രീതിയിൽ     കാവിവൽക്കരണത്തിന്   വിധേയമാക്കികൊണ്ടിരിക്കുകയാണ്.  ഈ  സ്ഥാപനങ്ങളുടെയെല്ലാം  ഉന്നത  തസ്തികകളിൽ നിയമിക്കപ്പെടാൻ  "കഴിവ് ' ഒരു മാനദണ്ഡമല്ലാതായി മാറി. ഹൈകോടതികളിലേയും,  സുപ്രീം കോടതിയിലെയും  നിയമനങ്ങൾക്ക്  പുറമേ  സ്വതന്ത്ര സ്ഥാപനമായിരുന്ന ഇലക്ഷന്   കമ്മീഷൻ നിയമനങ്ങളിൽ പോലും  കേന്ദ്ര സർക്കാർ  പിടിമുറുക്കി കഴിഞ്ഞു.  ജനാധിപത്യ വിരുദ്ധമായ  ഇത്തരം  നടപടികൾ  ഒരുവശത്തുള്ളപ്പോൾ,  മറുവശത്തു  മോദി  പറയുന്നതും  പ്രവർത്തിക്കുന്നതും  തമ്മിൽ  യാതൊരു ബന്ധവുമില്ല  എന്നതാണ് .  ഇത്  ആശങ്കാജനകമാണ്.അദ്ദേഹം  പറയുന്നതൊക്കെ  താത്ക്കാലിക  രാഷ്ട്രീയ ലാഭത്തിന്  വേണ്ടി മാത്രമല്ലേ  എന്നാണ്  കഴിഞ്ഞ  പത്തു വർഷക്കാലത്തെ മോഡി ഭരണത്തിൻറ്റെ   ബാക്കിപത്രം  നോക്കുമ്പോൾ  മനസ്സിലാക്കുവാൻ   സാധിക്കുന്നത്.  കഴിഞ്ഞ   വർഷങ്ങളിൽ    അദ്ദേഹം  രാജ്യത്തിന്  നൽകിയ  ചില  പ്രധാന  വാഗ്‌ദാനങ്ങളും  അതിൻറ്റെ  ഇപ്പോഴത്തെ  അവസ്ഥയും  എന്താണെന്ന്  പരിശോധിക്കുന്നത് ആസ്ഥാനത്താവില്ല  എന്നാണ്  തോന്നുന്നത്.

20  കോടി  തൊഴിൽ  അവസരങ്ങൾ 

2014  ലെ  തെരഞ്ഞെടുപ്പിൽ 20   കോടി തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുമെന്നാണ്  മോദി  പ്രസംഗിച്ചതും, ബി ജെ പി പ്രകടന പത്രികയിൽ ഉൾപ്പെടുത്തിയതും. അഞ്ച്  വര്ഷം കൊണ്ട് 20   കോടി  തൊഴിൽ അവസരങ്ങൾ  എന്ന് പറയുമ്പോൾ , ഓരോ വർഷവും 2  കോടി തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കണമായിരുന്നു. അധികാരത്തിലേറിയ ശേഷം  പുതിയ  തൊഴിലവസരങ്ങൾ  സൃഷ്ടിച്ചില്ലെന്ന്  മാത്രമല്ലാ,  കേന്ദ്ര സർക്കാരിലെയും  റയിൽവേ, പൊതുമേഖലാ ബാങ്കുകൾ തുടങ്ങിയവ  ഉൾപ്പെടുയുള്ളവയിലെ  നിലവിലുണ്ടായിരുന്ന  ഒഴിവുകൾ പോലും  നികത്താതെ   മോഡി സർക്കാർ  മാറ്റിവച്ചിരിക്കുകയാണ്. കേന്ദ്ര സർക്കാർ നിയന്ത്രണമുള്ള  സ്ഥാപനങ്ങളിലെ  നിയമനങ്ങൾ  ബി.ജെ.പി  അനുഭാവികൾക്ക്  മാത്രമാണ്  ലഭിക്കുന്നത്.  സർവകലാശാലകൾ  ഉൾപ്പെടെയുള്ള  അക്കാഡമിക്  സ്ഥാപനങ്ങളിലെ  നിയമനങ്ങളും  സ്വന്തക്കാർക്ക് മാത്രമാകുന്ന  പ്രവണതയാണ്  കാണുന്നത്.   നമ്മുടെ പ്രതിരോധ സേനകളിലേക്കുള്ള  നിയമനങ്ങൾ പോലും   അഗ്നിവീർ എന്ന പുതിയ സംവിധാനം സൃഷ്ടിച്ച്  ഇല്ലാതാക്കിയിരിക്കുകയാണ് മോദി  സർക്കാർ. റിട്ടയർമെന്റുകളിലൂടെ   ഒഴിവുവന്ന   30  ലക്ഷം  തൊഴിൽ അവസരങ്ങളാണ്  നികത്തപ്പെടാതെ  മോദി  സർക്കാർ  ഇട്ടിരിക്കുന്നത്.  സെക്കണ്ടറി  അല്ലെങ്കിൽ, ഉന്നത വിദ്യാഭ്യാസം ഉള്ള തൊഴിലില്ലാത്ത യുവാക്കളുടെ   ശതമാനം  2000  ആണ്ടിൽ 35.2  ആയിരുന്നത്    2022 ൽ 65.7 ശതമാനമായി വർധിച്ചെന്നാണ് 2024 ലെ  ഇന്ത്യാ  എംപ്ലോയ്‌മെന്റ് റിപ്പോർട്ടിൽ  പറഞ്ഞിട്ടുള്ളത്.  വിദ്യാസമ്പന്നരിലെ തൊഴിലില്ലായ്‌മയുടെ  രൂക്ഷതയുടെ  ഉദാഹരണമാണ്  ഈയിടെ    ഉത്തർ  പ്രദേശിലെ പോലീസ് കോൺസ്റ്റബിൾ  തസ്തികയിലേക്ക് നടന്ന പരീക്ഷ.  60000  ഒഴിവുകളിലേക്ക്‌ നടന്ന പരീക്ഷയിൽ 50 ലക്ഷം അപേക്ഷകരാനുണ്ടായിരുന്നത്.

കൃഷിക്കാരുടെ  വരുമാനം 

2022  ഓടെ രാജ്യത്തെ  കർഷകരുടെ വരുമാനം  ഇരട്ടിയാകുമെന്നതും   2014  ലെ മറ്റൊരു വാഗ്‌ദാനമായിരുന്നു.   മോദി  അധികാരത്തിലേറിയശേഷം,  കാർഷിക മന്ത്രാലയത്തിൻറ്റെ  ബജറ്റ് വിഹിതം  പലതവണകളായി  കൂടിയെങ്കിലും,   കർഷകരുടെ  വരുമാനം  ഇരട്ടിയാക്കുമെന്ന  പ്രഖ്യാപനം  ഇതുവരെയും  സാധിതമാക്കിയില്ല.  ഇതുമായി  ബന്ധപ്പെട്ടു   നടത്തിയ നാഷണൽ സാമ്പിൾ സർവ്വേ വകുപ്പിൻറ്റെ  കണക്കുപ്രകാരം  2015 -16  ൽ കർഷകരുടെ മാസ വരുമാനം 8058  രൂപയും,  വാർഷിക വരുമാനം  96708  രൂപയുമായിരുന്നു.  മോദി  സർക്കാർ നിയമിച്ച  അശോക് ദൽവായ്  കമ്മിറ്റി റിപ്പോർട്ട് പ്രകാരം  2022  ആകുമ്പോളേക്കും  മാസം  22610  രൂപയും,  വാർഷിക വരുമാനം  271378 ഉം  ആക്കി   വർധിപ്പിക്കണമെന്ന്     ശുപാർശ ചെയ്‌തു.  ഈ  ലക്‌ഷ്യം  ഇനിയും  നടപ്പിലാക്കിയിട്ടില്ല.   കാർഷിക വിളകൾക്ക്  കുറഞ്ഞ അടിസ്ഥാന  വില  രണ്ടിരട്ടി  ആക്കണമെന്ന കർഷകരുടെ   ആവശ്യം  പോലും   നടപ്പിലാക്കാത്തതിനെ തുടർന്നാണ്  ഒരു വർഷത്തോളം  നീണ്ടുനിന്ന  ശക്തമായ സമരം   കർഷകർക്ക്  ചെയ്യേണ്ടി വന്നത്. അവർ നടത്തിയ  ന്യായമായ സമരങ്ങളെയെല്ലാം  ജനാധിപത്യ വിരുദ്ധമായ  രീതിയിലാണ്  മോദി  സർക്കാർ  അടിച്ചമർത്തിയത്. 

കള്ളപ്പണം പിടിച്ചെടുക്കുമെന്ന  വഗ്‌ദാനം 

തെരഞ്ഞെടുപ്പുകാലത്തെ  മോദിയുടെ ഒരു വാഗ്ദാനമായിരുന്നു,  ഇന്ത്യയിൽ  നിന്നും  പണം  കടത്തി  വിദേശ ബാങ്കുകളിൽ  ഇട്ടിരിക്കുന്നവരുടെ  പണം  പിടിച്ചെടുത്ത്‌   ഓരോ  ഇന്ത്യക്കാരൻറ്റെയും  ബാങ്ക് അക്കൗണ്ടിൽ 15 ലക്ഷം  രൂപ  വച്ച്   നിക്ഷേപിക്കുമെന്നത്.  ഇത്  നടപ്പിലാക്കിയില്ലെന്നു  മാത്രമല്ല,  നോട്ട് നിരോധനത്തിലൂടെ  സാധാരണക്കാരെയും,  പാവപ്പെട്ടവരേയും   വീണ്ടും  ദുരിതത്തിലേക്ക്  തള്ളിവിടുകയും  ചെയ്തു. 2016  നവംബർ 8 നാണ്   ഓമോദിയുടെ ഒരു  റേഡിയോ പ്രക്ഷേപണത്തിലൂടെയാണ്   500  രൂപയുടെയും, 2000  രൂപയുടെയും  നോട്ടുകൾ  നിരോധിച്ചത്.     നോട്ട്  നിരോധനത്തിലൂടെ  രാജ്യത്തു  പ്രചാരത്തിലുണ്ടായിരുന്ന  കള്ളപ്പണം  മുഴുവൻ  ഇല്ലാതാകുമെന്ന്  മാത്രമല്ല,  തീവ്രാദവും,  അഴിമതിയും  ഇല്ലാതാകുമെന്നും    മോദി  അവകാശപ്പെട്ടു.   എന്നാൽ  അദ്ദേഹത്തിന്റെ  അവകാശവാദങ്ങളൊക്കെ  പാഴ്വാക്കുകളായി  മാറി.   നിരോധിച്ച  നോട്ടുകളിൽ  99  സ്ഥാനമാനവും  തിരികെ റിസേർവ് ബാങ്കിൽ  എത്തിയെന്നാണ്  കേന്ദ്ര സർക്കാർ തന്നെ  പിന്നീട് അറിയിച്ചത്.  സമൂഹത്തിൽ  പ്രചാരത്തിലുണ്ടായിരുന്ന   ആയിരക്കണക്കിന്  ചെറുകിടവ്യവസായങ്ങൾ  നോട്ട് നിരോധനത്തിലൂടെ ഇല്ലാതായി.  പതിനായിരക്കണക്കിന്  തൊഴിലാളികൾക്ക്  തൊഴിൽ  നഷ്ടപ്പെട്ടു. 2011-12  കാലഘട്ടത്തിൽ  5  ശതമാനമായിരുന്ന  തൊഴിലില്ലായ്മ  നിരക്ക് 2017-18 ൽ 17.5 ശതമാനമായി  വർധിച്ചു.  അതോടെ  മോദിയുടെ മറ്റൊരു  വാങ്ങണം കൂടി പരാജയപ്പെട്ടു.

സാഗർമാല  പദ്ധതി 

7500  കി.മീ   നീളത്തിൽ   രാജ്യത്തെ  വിവിധ സംസ്ഥാനങ്ങളിലായി കിടക്കുന്ന ഇന്ത്യയിലെ  പ്രധാന തുറമുഖങ്ങളെ  ശാസ്ത്രിയമായ രീതിയിൽ  ബന്ധിപ്പിച്ചു കൊണ്ടുള്ള  ഒരു ബ്രിഹത്തായ  വികസന പദ്ധതിയായാണ്  2015 ൽ  ഇ  പദ്ധതി മോദി  സർക്കാർ  പ്രഖ്യാപിച്ചത്.  ഇതിൽ  കേരളത്തിലെ  വിഴിഞ്ഞവും,  തമിൾ നാട്ടിലെ കൊളച്ചൽ തുറമുഖവും  ഉൾപ്പെട്ടിട്ടുണ്ട്.  ഈ  പദ്ധതികളുടെയൊക്കെ  ലക്ഷ്യമിട്ട  കമ്മീഷനിങ്  തീയതികൾ  കഴിഞ്ഞു.  എല്ലാ  പദ്ധതികളും  ഇഴഞ്ഞു നീങ്ങുകയാണ്.   സാഗർമാലയിൽ  ഉൾപ്പെടുത്തിയ   81000  കോടി  മുതല്മുടക്കുള്ള  171 പദ്ധതികളിൽ 55  പദ്ധതികൾ  മാത്രമാണ്   2023  അവസാനംവരെയും   നടപ്പിലാക്കുവാൻ  സാധിച്ചിട്ടുള്ളത്. അതിനായി  ചെലവഴിച്ചത്  11620  കോടി  രൂപ മാത്രമാണ്.  

ഉജ്വൽ യോജന പദ്ധതി 

വനിതാ  ശാക്തീകരണത്തികൂടെ  5 കോടി ബി പി ൽ  കുടുംബങ്ങളിലെ  വനിതകൾക്ക് സെക്യൂരിറ്റി ഡെപോസിറ്റ് ഒഴിവാക്കിയും  സബ്സിഡി  നൽകിയും  അവരുടെ  ആരോഗ്യത്തിനു മുന്ഗണന നൽകി  പുകയില്ലാത്ത  പാചകവാതകം  നൽകുന്ന  പദ്ധതിയാണിത്.   2016  മേയ്  1  നാണ്  8000  കോടി  രൂപ  ചെലവ് പ്രതീക്ഷിച്ച   ഈ പദ്ധതി  പ്രഖ്യാപിച്ചത്. ഇതിന്റെ  ഒന്നാം ഘട്ടത്തിൽ 5 കോടി  കണക്ഷനും ,  രണ്ടാം  ഘട്ടത്തിൽ  1 കോടി   കണക്ഷനും ആണ്  പ്രഖ്യാപിച്ചതു.  പ്രഖ്യാപിച്ച  പ്രകാരം  കണക്ഷൻ കൊടുക്കുവാൻ സാധിച്ചു എന്നത്  നല്ലകാര്യമാണ്.  എന്നാൽ  2022-23  ലെ സ്ഥിതിവിവര കണക്കുകൾ  പ്രകാരം,  മൊത്തം  അനുവദിച്ച  9.58 കോടി കുടുംബങ്ങളിൽ  1.8 കോടി  കുടുംബങ്ങൾ റീഫിൽ സിലിണ്ടർ  പിന്നീട്  വാങ്ങിയിട്ടില്ല ,  1.51  കോടി  കുടുംബങ്ങൾ  ഒരു  സിലിണ്ടര് മാത്രമേ  വാങ്ങിയിട്ടുള്ളു.  അതിനു പോലുമുള്ള  വരുമാനം  ആ   കുടുംബങ്ങൾക്കില്ല എന്നതാണ്  വസ്തുത. 

പെട്രോൾ  വില  

2014  ൽ  ക്രൂഡ് ഓയിലിൻറ്റെ  വില  അന്താരാഷ്ട്ര മാർക്കറ്റിൽ  ഉയർന്നപ്പോൾ  ഇന്ത്യയിലെ വിലയും ഉയർന്നു.   2014  മെയ് മാസത്തിൽ  72.26   രൂപയായിരുന്നു  ഒരു ലിറ്റർ പെട്രോളിൻറ്റെ   ഇന്ത്യയിലെ വില. അന്ന്    ഒരു  ബാരൽ  ക്രൂഡ് ഓയിലിൻറ്റെ  വില 110 ഡോളർ ആയി ഉയർന്ന കാലഘട്ടമായിരുന്നു. എങ്കിലും, ജനങ്ങളുടെ  തലയിൽ  കൂടുതൽ ഭാരം അടിച്ചേൽപ്പിക്കാതിരിക്കാൻ  മൻമോഹൻ സിങ്ങിന്റ്റെ  നേതൃത്വത്തിലുണ്ടായിരുന്ന  സർക്കാർ  പ്രത്യേകം  ശ്രദ്ധിച്ചു.  എന്നാൽ  മോദിയുടെ നേതൃത്വത്തിലെ  പ്രതിപക്ഷം  മൻമോഹൻ സിംഗ്  സർക്കാരിനെ  നിശിതമായി  വിമര്ശിക്കുകയായിഒരുന്നു.  2014 ലെ   തെരഞ്ഞെടുപ്പ്  യോഗങ്ങളിൽ  മോദി  പ്രസംഗിച്ചത്  പെട്രോൾ  ലിറ്ററിന്  50  രൂപ വച്ച്  അധികാരത്തിലേറുന്ന   ബി ജെ പി സർക്കാർ  നൽകുമെന്നായിരുന്നു.  എന്നാൽ  മോദി   അധികാരത്തിലേറിയ   ശേഷമുള്ള കാലഘട്ടത്തിൽ  പെട്രോൾ വില  അന്താരാഷ്ട്ര തലത്തിൽ  കുത്തനെ  ഇടിഞ്ഞു.  ഒരു സമയത്തു ഒരു ബ്ബാറൽ  പെട്രോളിന്റെ വില 40  ഡോളറിനും  താഴെ വന്നു.  എന്നിട്ടും മോദിയുടെ  നേതൃത്വത്തിലുള്ള  കേന്ദ്ര സർക്കാർ  അന്താരാഷ്ട്ര തലത്തിൽ വന്ന  കുറവ്  ജനങ്ങൾക്ക്  കൈമാറാതെ  പെട്രോളിന്റെയും  ഡീസലിൻറ്റേയും  തീരുവ ക്രമാതീതമായി കൂട്ടുകയാണ്  ചെയ്തത്. ഇന്ന്, ഏഷ്യൻ രാജ്യങ്ങളിൽ  പെട്രോൾ വില ഏറ്റവും  ഉയർന്നു  നിൽക്കുന്നത്  ഇന്ത്യയിലാണ്. പാകിസ്താനിലും, ബംഗ്ലാദേശ്  ഉൾപ്പെടെയുള്ള  എല്ലാ  അയൽരാജ്യങ്ങളിലും   പെട്രോൾ/ഡീസൽ  വില  ഇൻഡ്യയിലേക്കാളും  കുറഞ്ഞ  നിരക്കിലാണ്   ജനങ്ങൾക്ക്  ലഭ്യമാകുന്നത്.   അതുപോലെ,  പെട്രോളിനും ,ഡീസലിനും   ഇന്ന്   ഇന്ത്യയിൽ  ഏറ്റവും ഉയർന്ന   നിരക്ക്   നൽകുന്നത്  കേരള ജനതയാണ്. അക്കാര്യത്തിൽ  മോദിക്കൊപ്പം  ചേർന്ന്    ജനങ്ങളെ  ദ്രോഹിക്കുന്ന  നയമാണ്    പിണറായി സർക്കാർ  കൈക്കൊള്ളുന്നത്. 

സ്വച്ഛ് ഭാരത് മിഷൻ, ആത്മ നിർഭർ  ഭാരതം, ഡിജിറ്റൽ ഇന്ത്യ, നമാമി ഗംഗ തുടങ്ങി  150 ലേറെ  പദ്ധതികളാണ്  മോദി  പ്രധാനമന്ത്രിയായ ശേഷം  പ്രഖ്യാപിച്ചിട്ടുള്ളത്.  ഇവയെല്ലാം തന്നെ രാമേശ്വരത്തെ  ക്ഷൗരം പോലെ ഇരിക്കുകയാണ്. പ്രഖ്യാപിച്ച ലക്ഷ്യത്തിലെത്താൻ  ഭൂരിപക്ഷം  പദ്ധതികൾക്കും  സാധിച്ചിട്ടില്ല.  പ്രഖ്യാപനം കഴിഞ്ഞാൽ,   പിന്നീട്  അതുമായി ബന്ധപ്പെട്ട്   കോടിക്കണക്കിനു  രൂപ മുടക്കി  പരസ്യം  ചെയ്യുവാൻ  മാത്രമാണ്    മോദി  സർക്കാർ  താല്പര്യം   കാണിക്കുന്നത്.  ഇതാണ്  മോദി  സർക്കാരിന്റെ   ഇതുവരെയുളള  ട്രാക്ക് റെക്കോർഡ്.  പ്രഖ്യാപനങ്ങൾക്കു  ഒരു  പഞ്ഞവുമില്ല.  എന്നാൽ  അവ  നടപ്പാക്കുന്ന കാര്യത്തിൽ  യാതൊരു   ആത്മാർത്ഥതയും  ഇല്ല..  അതുകൊണ്ടാണ്    മോദി  സർക്കാരിന്  ഒരു  തുടർച്ചയുണ്ടാകരുതെന്ന്  ജനാധിപത്യബോധമുള്ള  ജനങ്ങൾ  ആഗ്രഹിക്കുന്നത്.

Adv. P.S.Sreekumar

9495577700


.

  








No comments:

Post a Comment