സ്റ്റാർട്ട് അപ്പ് ഇക്കോ സിസ്റ്റവും കേരളവും
കേരള സംസ്ഥാനം രൂപീകരിക്കുന്ന അവസരത്തിൽ ഇന്ത്യയിലെ ചെറിയ സംസ്ഥാനങ്ങളിലൊന്നായിരുന്നു നമ്മുടെ കേരളം. വ്യവസായവല്ക്കരണത്തിന് ആവശ്യമായ ഇരുമ്പുരുക്ക്, കല്‍ക്കരി തുടങ്ങിയ പ്രകൃതിവിഭവങ്ങളൊന്നും ഉല്പാദിപ്പിക്കുന്നില്ലെങ്കിലും, മാനവ ശേഷി വികസനരംഗത്ത് വികസിത രാജ്യങ്ങള്‍ക്കൊപ്പം എത്തി നില്ക്കുന്ന കാഴ്ച സാമ്പത്തിക-സാമൂഹ്യ ശാസ്ത്രഞ്ജരെപ്പോലും അത്ഭുതപ്പെടുത്തി. സാമൂഹ്യ-വിദ്യാഭ്യാസ-ആരോഗ്യ മേഖലകളിൽ സ്വാതന്ത്ര്യത്തിന് മുമ്പ് തന്നെ നേട്ടം കൈവരിച്ച കേരളത്തിന്‍റെ വികസനത്തെ നോബല്‍ സമ്മാന ജേതാവായ അമര്‍ത്യാസെന്‍ വളരെയധികം പ്രശംസിച്ചിട്ടുണ്ട്. കേരളത്തിന്‍റെ ജനസംഖ്യയുടെ തോതുവച്ചുനോക്കുമ്പോള്‍ കേരളം വികസനരംഗത്ത് കൈവരിച്ച നേട്ടങ്ങള്‍ ലോകചരിത്രത്തില്‍ തന്നെ കുറച്ചുകാണേണ്ടതല്ലെന്ന് അമര്‍ത്യാസെന്‍ അദ്ദേഹത്തിന്റെ പല പഠനങ്ങളിലും രേഖപ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല, ആരോഗ്യ-വിദ്യാഭ്യാസ-സാമൂഹിക രംഗങ്ങളിലെ കേരളത്തിന്‍റെ നേട്ടങ്ങള്‍ യൂറോപ്പിലെ ഏതു വികസിത രാജ്യത്തിനുമൊപ്പം നില്ക്കുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ, വ്യാവസായിക രംഗത്തുള്ള നമ്മുടെ പ്രകടനം ആശാവഹമായിരുന്നോ? പത്തൊമ്പതാം നൂറ്റാണ്ടിൽ ലോകത്തെ ഏറ്റവും വലിയ കയർ ഫാക്‌ടറി, 1859 ൽ അമേരിക്കക്കാരനായ ജെയിംസ് ഡാറയും, ഹെൻറി സ്മൈലും കൂടി ആലപ്പുഴയിൽ തുടങ്ങിയ ഡാറ സ്‌മൈൽ ആൻഡ് കമ്പനിയായിരുന്നു. 1862 ൽ ബ്രിട്ടീഷുകാരനായ ഗൂഡേക്കർ ആരംഭിച്ച ഗൂഡേക്കർ ആൻഡ് സൺസ് എന്ന കമ്പനിയും വൻകിട കയർ കമ്പനിയായിരുന്നു. പിന്നീട് കുറെ വൻകിട വ്യവസായ സംരംഭങ്ങൾ ഉണ്ടായത് സർ സി.പി. തിരുവിതാംകൂർ ദിവാനായിരുന്ന അവസരത്തിലായിരുന്നു. സർ സർ സി.പി യുടെ കാലം കഴിഞ്ഞാൽ, സ്വകാര്യ മേഖലയിൽ വന്നിട്ടുള്ള വൻകിട വ്യവസായ സംരംഭങ്ങൾ, ഐ.ടി മേഖല ഒഴിച്ചുനിർത്തിയാൽ, വിരലിലെണ്ണാവുന്നതേയുള്ളു. അതുകൊണ്ടൊക്കെയാവാം മലയാളികൾ പ്രവാസികളായി മാറിയത്.
വിദ്യാസമ്പന്നരായ കേരളീയ യുവതയ്ക്ക് എന്തുകൊണ്ട് കേരള മണ്ണിൽ നിന്ന്നുകൊണ്ട് വിജയിക്കാൻ കഴിയുന്നില്ല എന്ന ചിന്ത കേരളീയരെ വേട്ടയാടികൊക്കൊണ്ടിരിക്കുന്നു എന്നത് ഒരു വസ്തുതയാണ് . ഈ ചിന്തയിൽ നിന്നാണ് തിരുവനന്തപുരം സർക്കാർ എഞ്ചിനീയറിംഗ് കോളേജിലെ ഒരുകൂട്ടം വിദ്യാർഥികൾ 2005 ൽ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിയെ ഒരു പ്രോജക്റ്റുമായി കാണുവാൻ ചെന്നത്. അവരുടെ ആശങ്കകൾ മുഖ്യമന്ത്രിയുമായി പങ്കുവച്ചു. നേതൃത്വം വഹിച്ച സഞ്ജയ് വിജയകുമാറിൻറ്റെ പ്രോജക്റ്റിന് അമ്പതു ശതമാനം ധനസഹായം കേന്ദ്ര സർക്കാർ വാഗ്ദാനം ചെയ്തിട്ടുണ്ടായിരുന്നു. വളരെ ക്ഷമയോടെ പ്രോജക്റ്റിൻറ്റെ സാദ്ധ്യതകൾ, തൊഴിൽ സാദ്ധ്യതകൾ എല്ലാം അദ്ദേഹം ഇവരുമായി ചർച്ചചെയ്തു മനസ്സിലാക്കി. കേരളത്തിൽ സ്വന്തം സംരംഭം തുടങ്ങുക എന്ന ആശയം പ്രായോഗിക തലത്തിലെത്തിക്കാൻ സർക്കാർ എല്ലാവിധ സഹായവും നൽകാമെന്ന് അന്ന് മുഖ്യമന്ത്രി വാക്കുകൊടുത്തു. ഇക്കാര്യം അന്നത്തെ ഐ.ടി മന്ത്രിയായിരുന്ന കുഞ്ഞാലിക്കുട്ടിയോട് മുഖ്യമന്ത്രി സംസാരിച്ചപ്പോൾ അദ്ദേഹവും ആ ആശയത്തെ പ്രോത്സാഹിപ്പിച്ചു. അങ്ങിനെയാണ് വിദ്യാർത്ഥികളായിരുന്ന സഞ്ജയ് വിജയകുമാർ, അനിൽ ആന്റണി എന്നിവരുടെ നേതൃത്വത്തിലുള്ള വിദ്യാർഥികൾ "മോബ് മി " എന്ന ആദ്യ സ്റ്റാർട്ടപ്പിന് തുടക്കം കുറിച്ചത്. സ്റ്റാർട്ടപ്പ് എന്ന ആശയം ഇൻഡ്യക്കുപോലും അപരിചിതമായിരുന്ന സമയമായിരുന്നു അത്. കേരളത്തിലെ സ്റ്റാർട്ടപ്പുകളുടെ തുടക്കം അങ്ങിനെയായിരുന്നു.
എഞ്ചിനീയറിംഗ് കോളേജിലെ പഠനത്തോടൊപ്പം സഹപാഠികളുടെ കൂടെ സഹകരണത്തോടെ പടുത്തുയർത്തിയ സ്റ്റാർട്ട് അപ്പ് പ്രസ്ഥാനം കേന്ദ്ര സർക്കാരിന്റെ ശാസ്ത്രസാങ്കേതിക വകുപ്പിന്റെയും, ടെക്നോപാർക്കിന്റ്റെയും സഹകരണത്തോടെ ഇന്ത്യയിലെ ആദ്യ പൊതു - സ്വകാര്യ മേഖലയിലെ "സ്റ്റാർട്ടപ്പ് വില്ലജ്" എന്ന നവ സംരംഭമായി രൂപാന്തരം പ്രാപിച്ചത് 2011 ൽ ഉമ്മൻചാണ്ടി വീണ്ടും മുഖ്യമന്ത്രിയായി വന്നപ്പോഴാണ്. . അവർക്കു വേണ്ട സാമ്പത്തിക സഹായം സർക്കാർ ഭാഗത്തുനിന്നും ഉറപ്പാക്കിയ ശേഷം, ഈ സംരംഭത്തെ ഡൽഹിയിൽ വച്ച് രാജ്യത്തിന് മുമ്പിൽ അവതരിപ്പിച്ചതും മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയായിരുന്നു. മാത്രമല്ല, സ്റ്റാർട്ടപ്പ് സംരംഭകരായ വിദ്യാർത്ഥികൾക്ക് 20 ശതമാനം ഗ്രേസ് മാർക്ക് നൽകാൻ സർവകലാശാലകൾക്ക് നിർദേശവും നൽകി. ഈ തുടക്കം കേരളത്തിലെ സാങ്കേതിക വിദ്യാഭ്യാസ മേഖലയിൽ ഉണ്ടാക്കിയത് വിപ്ലവാത്മകമായ ഒരു മാറ്റം ആയിരുന്നു.
കളമശ്ശേരിയിലെ കിൻഫ്ര വ്യാവസായിക പാർക്കിൽ അയ്യായിരം ചതുരശ്രയടിയിലുള്ള ഒരു പഴയ കെട്ടിടത്തിലാണ് സ്റ്റാർട്ട് അപ്പ് ആരംഭിച്ചത്. സർക്കാരിന്ഇ ൻഫോസിസ് സഹസ്ഥാപകനായ ക്രിസ് ഗോപാലകൃഷ്ണൻ അവർക്കു വേണ്ട മാർഗനിർദേശം നല്കാൻ അതിന്റെ ചെയർമാൻ പദം ഏറ്റെടുക്കാൻ തയ്യാറായി. സ്റ്റാർട്ടപ്പ് വില്ലേജിൻറ്റെ പ്രവർത്തനാരംഭം കുറിച്ച് കൊച്ചിയിലെ വേദിയിൽ സംസാരിച്ചപ്പോൾ, "കേരളത്തിൻറ്റെ വ്യാവസായിക ചരിത്രത്തിലെ നാഴികക്കല്ലായി ഈ നിമിഷം മാറുകയാണെന്ന്" മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പ്രഖ്യാപിച്ചു. കേരളത്തിന്റെ വ്യാവസായിക മേഖലയിൽ അന്നോളം കണ്ടിട്ടില്ലാത്ത ഒരു ഉത്സാഹത്തോടെയാണ് യുവജനങ്ങളും വിദ്യാർത്ഥികളും സ്റ്റാർട്ടപ്പ് എന്ന ആശയത്തിലേക്ക് അണിചേർന്നത്. തൊഴിൽ അന്വേഷകരിൽ നിന്നും തൊഴിൽ ദാദാക്കളായി മാറുവാനുള്ള മുഖ്യമന്ത്രിയുടെ ഉപദേശത്തിന് നൂറുകണക്കിന് ചെറുപ്പക്കാരാണ് മുന്നോട്ടുവന്നത്.
ഇന്ത്യയിൽ ആദ്യമായി വിദ്യാർത്ഥി സ്റ്റാർട്ടപ്പ് നയം പ്രഖ്യാപിച്ചു. അതുവഴി കേരളത്തിലെ എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സ്റ്റാർട്ടപ്പ് സംരംഭങ്ങൾ വളരുവാനുള്ള അനുകൂല സാഹചര്യം സൃഷ്ടിക്കുവാനും ഉമ്മൻചാണ്ടി സർക്കാരിന് കഴിഞ്ഞു. ആദ്യമായി കേരളത്തിൽ നിന്നും ഒരു സംഘം യുവാക്കളെ അമേരിക്കയിലെ സിലിക്കൺ വാലിയിലേക്ക് അയച്ചതും ഈ കാലഘട്ടത്തിലാണ്. മാത്രമല്ല, 2014 സെപ്തംബര് 12 നു യങ് എൻട്രപ്രണേഴ്‌സ് സമ്മിറ്റ് നടത്തി വിദ്യാർത്ഥികൾക്ക് സ്റ്റാർട്ടപ്പ് ഇക്കോ സിസ്റ്റം പരിചയപ്പെടുത്തിക്കൊടുത്തു. ഇതിനിശേഷമാണ് ഇന്ത്യയിലെ ആദ്യത്തെ സ്റ്റാർട്ടപ്പ് നയം 2014 സെപ്തംബര് 14 ന് പ്രഖ്യാപിച്ചത്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ "കേരള സ്റ്റാർട്ട് അപ്പ് മിഷൻ" എന്ന ഔദ്യോഗിക സംവിധാനം യാഥാർഥ്യമാക്കി. കളമശ്ശേരിയിലെ കിൻഫ്ര വ്യാവസായിക ഭൂമിയിൽ നൂതന സാങ്കേതിക വിദ്യ അടിസ്ഥാനമാക്കിയുള്ള ആശയങ്ങളുടെ ഗര്ഭഗൃഹമാകുവാൻ കേരള സ്റ്റാർട്ട് അപ്പ് മിഷന്റെ നേതൃത്വത്തിൽ ഒരു ലക്ഷം ചതുരശ്രയടി വ്യാപ്തിയിൽ "ടെക്നോളജി ഇന്നോവേഷൻ സോൺ" നിർമിച്ചു. ഇതിനു പുറമേ, സാങ്കേതിക വിദ്യയിൽ ഏറ്റവും പ്രയാസകരമായ ഹാർഡ്‌വെയർ സ്റ്റാർട്ട് അപ്പ്കൾക്കുവേണ്ടി കേന്ദ്ര സർക്കാരുമായി ചേർന്ന് പ്രത്യേക ഇൻക്യൂബേറ്റർ ടെക്നോളജി ഇന്നോവേഷൻ സോണും ഈ കാലയളവിൽ നിർമിച്ചു. സ്കൂൾ വിദ്യാർത്ഥികൾക്കായി പ്രത്യേക ഇലക്ട്രോണിക് പരിശീലന പദ്ധതികൾ, ട്രെയിനിങ് പ്രോഗ്രാമുകൾ, വിദ്യാർത്ഥികൾക്ക് 4 ശതമാനം ഗ്രേസ് മാർക്ക്കും, 20 ശതമാനം ഹാജർ ഇളവും, മൂലധന നിക്ഷേപത്തിനായി സ്റ്റാർട്ട് അപ്പ് ഫണ്ട് തുടങ്ങിയവയും അനുവദിക്കുവാൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും, ഐ.ടി. മന്ത്രി കുഞ്ഞാലിക്കുട്ടിയും പ്രത്യേകം താല്പര്യം എടുത്തു നടപ്പാക്കി. അതിൽ ഏറ്റവും പ്രധാനം സംസ്ഥാന ബജറ്റിൻറ്റെ 1 ശതമാനം തുക സ്റ്റാർട്ടപ്പുകൾക്കായി മാറ്റിവക്കുവാൻ 2014-15 ലെ ബജറ്റിലെ പ്രഖ്യാപനമായിരുന്നു. സ്റ്റാർട്ട് അപ്പുകളെ പ്രോത്സാഹിപ്പിക്കുവാനും, വളർത്തുവാനും, ഇന്ത്യയിൽ ആദ്യമായാണ് ഒരു സംസ്ഥാന സർക്കാർ ഇത്രയും വലിയതും, പ്രാധാന്യമേറിയതുമായ ഒരു തീരുമാനം നടപ്പിലാക്കിയത്. ഈ നടപടികളുടെ ഫലമായി 300 ഓളം സ്റ്റാർട്ട് അപ്പുകളെ ഒരു വർഷത്തിനുള്ളിൽ കണ്ണിലെ കൃഷ്ണമണിപോലെ പരിപാലിച്ചു വികസിപ്പിക്കുവാൻ 2015 ൽ ഉമ്മൻചാണ്ടിസർക്കാരിനു കഴിഞ്ഞു.
കേരളത്തിന്റെ സ്റ്റാർട്ട് അപ്പ് നയം 2014 അവസാനം പ്രഖ്യാപിച്ചെങ്കിലും, കേന്ദ്ര സർക്കാർ സ്റ്റാർട്ട് അപ്പ് നയം പ്രഖ്യാപിച്ചത് 2016 ജനുവരിയിൽ ആയിരുന്നു. അതിനുശേഷം അഖിലേന്ത്യാ തലത്തിൽ സ്റ്റാർട്ടപ്പ്കളുടെ എണ്ണത്തിലും, ഐ.ടി മേഖലയിൽ നിന്നുമുള്ള കയറ്റുമതിയിലും വലിയ വളർച്ചയാണ് ഉണ്ടായിട്ടുള്ളത്. സംസ്ഥാന സർക്കാരിന്റെ കണക്കുകൾ പ്രകാരം , 2011 ൽ ഐ.ടി മേഖലയിൽ നിന്നുമുള്ള കേരളത്തിൻറ്റെ കയറ്റുമതി വരുമാനം 3000 കോടി രൂപയായിരുന്നത് 2016ൽ 16000 കോടിരൂപയായി . 2016 ൽ ടെക്നോപാർക്കിലും, ഇൻഫോപാർക്കിലും ഉൾപ്പെടെ ഐ.ടി. മേഖലയിൽ സംസ്ഥാനത്ത് 1,15,000 പേർ ജോലി ചെയ്തിരുന്നു. 2023 ലെ സാമ്പത്തിക അവലോകന റിപ്പോർട്ട് പ്രകാരം 1,38,678 പേരാണ് സംസ്ഥാനത്തെ മൂന്നു സോഫ്റ്റ്‌വെയർ പാർക്കിലുമായി ജോലിചെയ്യുന്നത്. 2021 ൽ സ്റ്റാർട്ട് അപ്പുകളുടെ എണ്ണം 3900 ആയിരുന്നത് 2024 ജൂണിൽ 5443 ആയി വർധിച്ചു. 2015-2022 കാലയളവിൽ കേരളത്തിൽ വേരൂന്നിയ സ്റ്റാർട്ട് അപ്പുകളിൽ നിക്ഷേപം ഉണ്ടായത് 4557 കോടി രൂപയുടേതാണ്. 2024 സാമ്പത്തിക വർഷത്തിൽ കേന്ദ്ര സർക്കാർ പുറത്തുവിട്ട കണക്കുകൾ അനുസരിച്ചു ഇന്ത്യയിലെ സ്റ്റാർട്ട് അപ്പ് ഫണ്ടിംഗ് 11 ബില്യൺ ഡോളർ , അതായത് 98000 കോടി രൂപയായിരുന്നു. എന്നാൽ കേരളത്തിൽ നിക്ഷേപമായി ലഭിച്ചത് 1000 കോടി രൂപ മാത്രമായിരുന്നു. അതായതു രാജ്യത്തു ലഭിച്ച നിക്ഷേപത്തിന്റെ 1 ശതമാനത്തിനു താഴെ മാത്രമാണ് കേരളത്തിന് ലഭിച്ചത്. തൊണ്ണൂറുകളിൽ കേരളത്തിലെ രാഷ്ട്രീയ-വ്യാവസായിക നേതൃത്വം ദീർഘവീക്ഷണത്തോടെ ഏഷ്യയിലെ ആദ്യത്തെ സോഫ്റ്റ്‌വെയർ പാർക്കായ "ടെക്നോപാര്ക്കും", 2005 ൽ സ്റ്റാർട്ട് അപ്പുകളും നടപ്പിലാക്കിയെങ്കിലും , മൂന്നു ദശാബ്ദങ്ങൾക്കിപ്പുറം ഇന്ത്യയുടെ ഐ.ടി കയറ്റുമതി വരുമാനം 19 ദശലക്ഷം കോടി രൂപയായി വർധിച്ചപ്പോൾ, കേരളത്തിൻറ്റെ ഐ.ടി കയറ്റുമതി വരുമാനം 25000 കോടി മാത്രമായിരുന്നു. അതായത് ഇന്ത്യയുടെ മൊത്തം ഐ.ടി കയറ്റുമതി വരുമാനത്തിന്റെ 1.31 ശതമാനം മാത്രം. ഇന്ത്യയുടെ മൊത്തം ജനസംഖ്യയുടെ 2.76 ശതമാനമാണ് കേരളത്തിലെ ജനസംഖ്യ. അത്രപോലും വരുമാനം നമുക്ക് ഐ .ടി മേഖലയിൽ നിന്നും ലഭിക്കുന്നില്ല. അതേസമയം കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം, 2021-22 ൽ കർണാടകയുടെ ഐ.ടി. കയറ്റുമതി 3.95 ലക്ഷം കോടി രൂപ യായിരുന്നത് 2023-24 ൽ 4.11 ലക്ഷമായി വർധിച്ചു. ഇന്ത്യയുടെ മൊത്തം കയറ്റുമതിയുടെ ഏകദേശം 35 ശതമാനമാണ് കർണാടകയിൽ നിന്നുമുള്ള ഐ.ടി. കയറ്റുമതി. രണ്ടാം സ്ഥാനത്തുനിൽക്കുന്ന തെലങ്കാന 2022-23 ൽ കയറ്റുമതി ചെയ്തത് 2.41 ലക്ഷം കോടി രൂപയുടെ സോഫ്റ്റ്‌വെയർ ആയിരുന്നു. ഈ കാലയളവിൽ തമിഴ് നാട്ടിൽ നിന്നുമുള്ള കയറ്റുമതി 136783 ലക്ഷം കോടി രൂപയുടേതായിരുന്നു. മഹാരാഷ്ട്രയുടെ കയറ്റുമതി 142123 ലക്ഷം കോടി രൂപയുടേതും, ഉത്തർ പ്രദേശിൻറ്റെത് 31473 കോടി രൂപയുടേതും, ഹര്യാനയുടേത് 30772 കോടിയുടേതുമായിരുന്നു. ഐ.ടി മേഖലയിൽ കർണാടകയിൽ 21 ലക്ഷം പേരും, തെലങ്കാനയിൽ 905715 പേരും തമിഴ്‌നാട്ടിൽ 10 ലക്ഷം പേരുമാണ് ജോലിചെയ്യുന്നത്. വിദ്യാഭ്യാസ മേഖലയിൽ ഇന്ത്യയിൽ ദശാബ്ദങ്ങളായി മുന്നിൽ നിൽക്കുന്നതും, ഏഷ്യയിലെ ആദ്യത്തെ സോഫ്റ്റ്‌വെയർ പാർക്ക് സ്ഥാപിച്ചതുമായ കേരളം എന്തുകൊണ്ട് ഐ.ടി വ്യവസായത്തിൽ നാമമാത്ര സംഭാവനകളിൽ ചുരുങ്ങി എന്നത് ആഴത്തിൽ പഠിക്കേണ്ടിയിരിക്കുന്നു.
(ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോൾ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു ലേഖകൻ)
.
(
