ഓർമകളിലെ ഒരു റാഗിങ് വിരുദ്ധ സമരം
അഡ്വ.പി.എസ് .ശ്രീകുമാർ
ഒരു വിദ്യാർത്ഥി സംഘടന നേതൃത്വം നൽകുന്ന, കോളേജ് യൂണിയൻ ഭാരവാഹികളുടെ ക്രൂരമായ റാഗിങ്ങിന് ഇരയായി, പൂക്കോട് വെറ്റിനറി കോളേജിലെ ഹോസ്റ്റൽ ശുചിമുറിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥി സിദ്ധാർത്ഥനിലൂടെ കേരളത്തിൻറ്റെ ഹൃദയത്തിൽ ഏൽപ്പിച്ചത് ആഴമേറിയ മുറിവാണ്. ആൾക്കൂട്ട കൊലപാതകങ്ങൾക്ക് കുപ്രസിദ്ധി നേടിയ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളെപ്പോലും ലജ്ജിപ്പിക്കുന്ന രീതിയിൽ, റാഗ്ഗിങ്ങിൻറ്റെ പേരിൽ നടത്തിയ ഈ പച്ചയായ കൊലപാതകം മനുഷ്വത്വം നഷ്ടപ്പെടാത്ത എല്ലാവരുടെയും ഹൃദയത്തിൽ അവശേഷിപ്പിച്ചിട്ടുള്ളത് കനത്ത നൊമ്പരങ്ങളും, തേങ്ങലുകളുമാണ്. അനീതിക്കും, അനാചാരങ്ങൾക്കും, അക്രമണത്തിനുമെതിരെ ശബ്ദം ഉയർത്തേണ്ട വിദ്യാർത്ഥി സംഘടനകൾ കൊടും ക്രിമിനൽ സംഘങ്ങളെപ്പോലെ , ക്യാമ്പസുകൾക്കുള്ളിൽ മസ്തിഷ്ക പ്രക്ഷാളനത്തിനും, അഭിപ്രായ സ്വാതന്ത്ര്യ നിഷേധങ്ങൾക്കും, സമാധാന ഭഞ്ജനങ്ങൾക്കും നേതൃത്വം കൊടുക്കുന്നത് സാംസ്‌കാരിക കേരളത്തിന് അപമാനകരമായി മാറിയിരിക്കുകയാണ് .
പുതിയതായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ, പ്രത്യേകിച്ച്, പ്രൊഫഷണൽ കോളേജുകളിൽ, പ്രവേശനം ലഭിച്ചു വരുന്ന വിദ്യാർത്ഥികളുടെ ഭീരുത്വവും, ലജ്ജയും മാറ്റുവാനായിട്ടാണ് റാഗിങ് ആരംഭിച്ചത് . മീശയും താടിയും ക്ലീൻ ഷേവ് ചെയ്യിക്കുക, പാട്ടുപാടിക്കുക,തുടങ്ങി നിരുപദ്രവകരമായ രീതിയിൽ ആരംഭിച്ച റാഗിങ് ഇന്ന് നിഷ്ടൂരതയുടെയും, ക്രൂരതയുടെയും പ്രതിരൂപമായി മാറികൊണ്ടിരിക്കുന്നതാണ് നാം കാണുന്നത്. ഈ ഒരു പശ്ചാത്തലത്തിലാണ് അരനൂറ്റാണ്ട് മുമ്പ് ടി.ഡി .മെഡിക്കൽ കോളേജിൽ നടന്ന ഒരു റാഗിങിനെതിരെ ആലപ്പുഴ എസ് .ഡി കോളേജിലെ വിദ്യാർഥികൾ നടത്തിയ ആന്റി-റാഗിങ് സമരതേക്കുറിച്ചുള്ള ലേഖകൻറ്റെ ഓർമ്മക്കുറിപ്പുകൾ.
1972 ഡിസംബർ 12 . അന്ന് ഉച്ചക്ക് ശേഷമാണ് ആ വാർത്ത ആലപ്പുഴ എസ് .ഡി കോളേജ് അങ്കണത്തിൽ പരന്നത്. അവിടെ പഠിച്ചു ഉയർന്ന മാർക്കിൽ മെഡിസിന് അഡ്‌മിഷൻ കിട്ടിയ പെൺകുട്ടികൾ ഉൾപ്പെടെയുള്ള വിദ്യാർത്ഥികളെ, വണ്ടാനത്തുള്ള തിരുമല ദേവസ്വം മെഡിക്കൽ കോളേജിലെ മുതിർന്ന വിദ്യാർഥികൾ റാഗിങ് നടത്തി എന്നായിരുന്നു ആ വാർത്ത. ആ കാലഘട്ടത്തിൽ, മെഡിക്കൽ കോളേജ് പഠനത്തിന് പ്രവേശന പരീക്ഷകൾ ഇല്ലായിരുന്നു. അന്ന് പ്രീഡിഗ്രിക്ക് കിട്ടുന്ന മാർക്കിൻറ്റെ അടിസ്ഥാനത്തിൽ മെറിറ്റിലായിരുന്നു എം ബി.ബി.എസ് അഡ്മിഷൻ. അങ്ങിനെ എസ്.ഡി. കോളേജിൽ പഠിച്ചു മെറിറ്റിൽ ആലപ്പുഴ തിരുമല ദേവസ്വം മെഡിക്കൽ കോളേജിൽ അഡ്മിഷൻ ലഭിച്ച വിദ്യാർത്ഥിനികളിൽ ചിലരാണ് റാഗിങ്ങിന് ഇരയായത്. അന്ന് എസ് .ഡി.കോളേജ് കോളേജ് യൂണിയൻ ചെയർമാൻ, കെ എസ് യു നേതാവായിരുന്ന മോഹൻലാൽ ആയിരുന്നു. [പിന്നീട് അഭിഭാഷകനായി പ്രാക്റ്റീസ് ചെയ്‌തിരുന്ന മോഹൻലാൽ, ഇന്ന് ജീവിച്ചിരിപ്പില്ല.] ആദ്ദേഹത്തിൻറ്റെ നേതൃത്വത്തിൽ വിദ്യാർത്ഥി നേതാക്കൾ, മെഡിക്കൽ കോളേജുമായി ബന്ധപ്പെട്ട് പ്രശ്ന പരിഹാരത്തിന് ശ്രമിക്കണമെന്ന് തീരുമാനിച്ചു. അടുത്ത ദിവസമായപ്പോഴേക്കും മെഡിക്കൽ കോളേജ് വിദ്യാർത്ഥികളുടെ ക്രൂരമായ റാഗിങ് വിഷയം വിദ്യാർത്ഥികളുടെ ഇടയിൽ വ്യാപകമായി പരന്നു. അന്ന് ടി ഡി.മെഡിക്കൽ കോളേജിനോടനുബന്ധിച്ചു ആശുപത്രി ഇല്ലാതിരുന്നതിനാൽ കൊട്ടാരം ആശുപത്രി എന്നപേരിൽ അറിയപ്പെട്ട ആലപ്പുഴയിലെ ജനറൽ ആശുപത്രിയിലാണ് , രോഗികളെ പരിശോധിക്കാനും ക്ലിനിക്കൽ ഓറിയന്റ്റേഷനും കൊണ്ടുപോയിരുന്നത്. എല്ലാ ദിവസവും രാവിലെ എട്ടുമണി കഴിയുമ്പോൾ ഇവരെ മെഡിക്കൽ കോളേജ് ബസിൽ കൊട്ടാരം ആശുപത്രിയിൽ കൊണ്ടുപോകുകയും, പതിനൊന്നു മണി കഴിയുമ്പോൾ തിരികെ കൊണ്ടുപോകുന്നതുമാണ് പതിവ് തെറ്റാതെയുള്ള ദിനചര്യ. ഇതറിയാവുന്ന ചില വിദ്യാർഥികൾ അടുത്ത ദിവസം [13 ആം തീയതി] ഉച്ചക്ക് ദേശീയ പാതയിൽ , എസ് .ഡി. കോളേജിനു മുമ്പിൽ വച്ച് മെഡിക്കൽ വിദ്യാർത്ഥികളുമായി വന്ന ബസ് തടഞ്ഞു നിർത്തുകയും മുദ്രാവാക്യം വിളികളോടെ കുറച്ചു ആൺ കുട്ടികളെ ബസ്സിൽ നിന്നും ഇറക്കി റോഡിൽ നിർത്തുകയും, ഇനി റാഗിങ് നടത്തുകയില്ലെന്ന് പ്രതിജ്ഞ ചെയ്യിക്കുകയും ചെയ്തു. പ്രതിജ്ഞക്കു ശേഷമാണ് ബസ് വിടാൻ അനുമതി നൽകിയത്.
റാഗിംഗിന് എതിരായുള്ള എസ് . ഡി . കോളേജ് വിദ്യാർത്ഥികളുടെ സമരമുറ അറിഞ്ഞ മെഡിക്കൽ കോളേജ് വിദ്യാർഥികൾ അടുത്ത ദിവസം രാവിലെ തകഴിയിൽ നിന്നും, ഹരിപ്പാടുനിന്നും വന്ന "'സ്റ്റുഡന്റസ് ഒൺലി " ബസുകൾ തടഞ്ഞു നിർത്തി എസ് .ഡി കോളേജിലെ ചില വിദ്യാർത്ഥികളെ ബസ്സിൽ നിന്നും ഇറക്കി മെഡിക്കൽ കോളേജ് അങ്കണത്തിൽ കൊണ്ടുപോയി വൃക്ഷ ചുവട്ടിൽ കെട്ടിയിട്ടു . മണിക്കൂറുകൾക്കകം ഈ വാർത്ത കാട്ടുതീ പോലെ എസ് ,ഡി. കോളേജിൽ വ്യാപിച്ചു. അതോടെ എസ് .ഡി കോളേജ് വിദ്യാർഥികൾ ഒന്നടങ്കം അസ്വസ്ഥരും, രോഷാകുലരുമായി. ബന്ധനസ്ഥരായ വിദ്യാർത്ഥികളെ മെഡിക്കൽ കോളേജ് വളപ്പിൽ നിന്നും മോചിപ്പിക്കാൻ എല്ലാ വിദ്യാർത്ഥികളും വണ്ടാനം മെഡിക്കൽ കോളേജ് ക്യാമ്പസിലേക്കു എത്രയും വേഗം എത്തണമെന്ന് യൂണിയൻ ചെയർമാൻ മോഹൻലാൽ ആഹ്വാനം ചെയ്തു. ഇന്നത്തെപോലെ വാഹനപ്പെരുപ്പമില്ല. ഇരു ചക്ര വാഹനങ്ങളും, കാറുകളുമൊക്കെ വിരളമായിരുന്നു. വിദ്യാർത്ഥികളുടെ പ്രധാന വാഹനം ഇടയ്ക്കിടയ്ക്ക് വരുന്ന ട്രാൻസ്‌പോർട് ബസ് കഴിഞ്ഞാൽ പിന്നെ ഉള്ളത് സൈക്കിൾ ആയിരുന്നു. അതിനാൽ ദേശീയ പാതവഴി പോകുന്ന ട്രാൻസ്‌പോർട് ബസ്സുകളിലും, ലോറികളിലുമൊക്കെ വിദ്യാർഥികൾ കയറി. ചിലർ ബസിൻറ്റെ ചവിട്ടുപടിയിൽ തൂങ്ങിയും മറ്റുചിലർ പിറകിലെ ഏണി പടിയിൽ കയറിയുമാണ് യാത്ര ചെയ്തത്. ബസ് കിട്ടാതിരുന്ന ചിലർ അതുവഴി വന്ന ലോറി തടഞ്ഞു നിർത്തി അതിൽ കയറിയായിരുന്നു യാത്ര. ലങ്കയിൽ അശോകമര ചുവട്ടിൽ ബന്ധനസ്ഥയായ സീതാ ദേവിയെ മോചിപ്പിക്കാൻ വാനര സേന പോയതുപോലെയാണ് വിദ്യാർത്ഥി പട , മെഡിക്കൽ കോളേജ് വളപ്പിൽ കെട്ടിയിട്ട സഹപാഠികളെ മോചിപ്പിക്കാൻ യാത്രയായത്. ആയിരത്തോളം വിദ്യാർത്ഥികളാണ് അന്ന് മെഡിക്കൽ കോളേജിന് സമീപം എത്തിച്ചേർന്നത്. ഗുരുതരമായ ഈ പ്രശ്‍നം അറിഞ്ഞ അമ്പലപ്പുഴയിലെയും, പുന്നപ്രയിലെയും പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ ഇതിനിടയിൽ മെഡിക്കൽ കോളേജ് ക്യാമ്പസിൽ എത്തി ബന്ധനസ്ഥരായിരുന്ന വിദ്യാർത്ഥികളെ മോചിപ്പിച്ചു. അപ്പോഴേക്കും മെഡിക്കൽ വിദ്യാർത്ഥികളും, സംഘടിച്ചു. അഞ്ഞൂറോളം മെഡിക്കൽ വിദ്യാർഥികൾ കോളേജ് ക്യാമ്പസ്സിൽ എന്തും നേരിടാനായി അണിനിരന്നു. എസ് .ഡി കോളേജ് വിദ്യാർഥികൾ മെഡിക്കൽ കോളേജ് ക്യാമ്പസ്സിൽ കയറിയാൽ അക്രമാസക്തമായ രംഗങ്ങൾക്കു ഇടയാകും എന്നറിഞ്ഞ പോലീസ്, വടക്കു നിന്നും വന്ന വാഹനങ്ങളെല്ലാം മെഡിക്കൽ കോളേജിന് വടക്കു വശത്തുള്ള കുറവൻതോട് ജംഗ്ഷനിൽ തടഞ്ഞു നിർത്തി. കൂടുതൽ പോലീസിനെ സംഘർഷസ്ഥലത്തേക്ക് ആലപ്പുഴ എ .ആർ . ക്യാമ്പിൽ നിന്നും വരുത്തുവാനുള്ള ഏർപ്പാടും ചെയ്തിരുന്നു. രണ്ടു കോളേജുകളിലെയും വിദ്യാർഥികൾ ഏറ്റുമുട്ടിയാൽ സംഗതി സ്ഫോടനാത്മകമാകുമെന്ന് മനസ്സിലാക്കിയ പോലീസ്, അനുനയത്തിലൂടെ യാണ് എസ്. ഡി. കോളേജ് വിദ്യാർത്ഥികളെ തടഞ്ഞു നിർത്തിയ സ്ഥലത്തു വച്ച് തന്ത്രപൂർവം കൈകാര്യം ചെയ്തത്. അതേ സമയം , ആലപ്പുഴയിൽ നിന്നും വന്ന പോലീസ് സേന കാണുന്നത് ദേശീയ പാതയിൽ വിദ്യാർഥികൾ മുദ്രാവാക്യം വിളികളുമായി നിൽക്കുന്നതാണ്. കൂടിനിന്ന വിദ്യാർത്ഥികളിൽ ആരോ ഒരാൾ പോലീസ് വാനിനു നേരെ കല്ലെടുത്തെറിഞ്ഞു. വാനുകളിൽ നിന്നും ചാടിയിറങ്ങിയ പോലീസ് സേന, യാതൊരു മുന്നറിയിപ്പും നൽകാതെ പിറകിൽ നിന്നും ലാത്തി ചാർജ് തുടങ്ങി. അതോടെ വിദ്യാർഥികൾ രക്ഷപ്പെടാനായി പരക്കം പാച്ചിൽ തുടങ്ങി. ചിലർ പടിഞ്ഞാറോട്ടു കടപ്പുറം ലാക്കാക്കിയും, മറ്റു ചിലർ കിഴക്കോട്ടു, പുഞ്ച പാടം ലാക്കാക്കിയും ഓടി. കിഴക്കോട്ടോടിയ കൂട്ടത്തിൽ പിന്നീട് മലയാള സിനിമയിലെ പ്രശസ്ത സംവിധായകനായി മാറിയ ഫാസിലും ഉണ്ടായിരുന്നു. ലാത്തിയടി ഏൽക്കാതെ അദ്ദേഹം രക്ഷപ്പെട്ടു. പുറകിൽ നിന്ന ഈ ലേഖകൻ ഉൾപ്പെടെയുള്ള ചിലർ കുഴമണ്ണിലൂടെ പടിഞ്ഞാറോ ട്ടോടി. ഞങ്ങളുടെ പിറകെ ഓടി വന്ന പോലീസ് ലാത്തിയടി തുടങ്ങി. മണിച്ചൻ എന്ന വിദ്യാർത്ഥിയുടെ മൂക്കിന്റെ പാലം ലാത്തി ചാർജിൽ അടിച്ചു പൊട്ടിച്ചു. ഈ ലേഖകന്റ്റെ തലക്കാണ് അടിയേറ്റത് . അതോടെ രക്തം വാർന്ന് കവിളുകളിലൂടെ ഒഴുകാൻ തുടങ്ങി. എന്നിട്ടും ഒന്ന് രണ്ടു ചുവടുകൾ കൂടി ഓടി വീണത് മാത്രമേ ഓർമയുള്ളു . ഓർമ തെളിയുമ്പോൾ ഞാൻ കൊട്ടാരം ആശുപത്രിയുടെ വരാന്തയിൽ ഇട്ടിരിക്കുന്ന കട്ടിലിൽ തലയിൽ ചുറ്റിയ ബാൻഡേജുമായി കിടക്കുകയാണ്. അടുത്ത കട്ടിലിൽ മണിച്ചനും, തൊട്ടടുത്ത് ചെറിയപരിക്കുകളോടെ ഉണ്ണികൃഷ്ണൻ എന്ന വിദ്യാർത്ഥിയും ഉണ്ടായിരുന്നു.
ആശുപത്രിക്കിടക്കയിൽ നിന്നും കണ്ണ് തുറന്നപ്പോൾ കാണുന്നത് നൈറ്റിൻഗേലിനെപ്പോലെ വെളുത്തു സുന്ദരിയായ മധ്യവയസ്കയായ ഒരു സിസ്റ്ററിനെയാണ്. തലയിൽ വെള്ള തലപ്പാവും, മുട്ടുവരെയുള്ള വെളുത്ത യൂണിഫോമും ധരിച്ചു ഒരമ്മയുടെ വാത്സല്യത്തോടെ ഞങ്ങൾക്ക് സാന്ത്വനം നൽകിയ ആ നേഴ്സ് , കേരള രാഷ്ട്രീയത്തിലെ ഭീഷ്മാചാര്യനായ വി.എസ് .അച്യുതാനന്ദൻറ്റെ ഭാര്യ വസുമതി സിസ്റ്ററാണെന്നു വര്ഷങ്ങൾക്ക് ശേഷമാണ് ഞാൻ മനസ്സിലാക്കിയത്.
.ലാത്തിചാർജിനു ശേഷം ആലപ്പുഴയിലെ അന്നത്തെ പോലീസ് സൂപ്രണ്ട് ടി.എസ് .വിശ്വനാഥ പിള്ള, അസിസ്റ്റന്റ് കളക്ടർ സി.ടി.സുകുമാരൻ,ഡി വൈ എസ് പി ജ്ഞാനമണി, സർക്കിൾ ഇൻസ്‌പെക്ടർ ഖാൻ തുടങ്ങിയവർ സംഭവസ്ഥലത്തു എത്തി എല്ലാം നിയന്ത്രണ വിധേയമാക്കി. കൂടുതൽ സംഘർഷങ്ങൾ ഒഴിവാക്കുവാനായി മെഡിക്കൽ കോളേജ്ഉം , എസ് .ഡി. കോളേജ്൦ അനിശ്ചിത കാലത്തേക്ക് അടച്ചിട്ടു.
തെക്കനേഷ്യൻ രാജ്യങ്ങളിലെ പ്രതിഭാസം
ഇന്ത്യയും, പാകിസ്താനും, ബംഗ്ലാദേശു , ശ്രീലങ്കയും ഉൾപ്പെട്ട തെക്കുകിഴക്കൻ ഏഷ്യൻ ഉപഭൂഖണ്ഡത്തിലാണ് റാഗിങ് ഏറ്റവും കൂടുതൽ നടക്കുന്നത്. പുതിയ കുട്ടികൾ കോളേജുകളിൽ എത്തുമ്പോൾ അവരുടെ ഭീരുത്വവും , നാണവും മാറ്റാനായി ചെറിയ കളിയാക്കലുകളായിട്ടായിരുന്നു ഇതിൻറ്റെ തുടക്കം . പിന്നീടാണ് പലയിടങ്ങളിലും ഇത് അക്രമാസക്തമായതും ആത്മഹത്യകളിലേക്കും, കൊലപാതകങ്ങളിലേക്കുമൊക്കെ നയിച്ചതും. തമിഴ്‌നാട്ടിലെ അണ്ണാമലൈ സർവകലാശാലയുടെ കീഴിലുള്ള രാജാ മുത്തൈയ്യ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥിയും മുൻ മദ്രാസ് സർവകലാശാലയുടെ വൈസ് ചാൻസലറുടെ മകനുമായ പൊൻ നവരസു റാഗിങ്ങിനെത്തുടർന്ന് കൊലപാതകം വേദനാജനകവും അക്കാലത്തു ഏറെ ചർച്ചചെയ്യപ്പെട്ടതുമായിരുന്നു. 1996 ലാണ് ഇത് നടന്നത്. ജോൺ ഡേവിഡ് എന്ന സീനിയർ വിദ്യാർത്ഥി നവരസുവിനെ ക്രൂരമായാണ് റാഗ് ചെയ്തത്. ഇയാൾ അമിതമായി മദ്യപിച്ചശേഷമായിരുന്നു റാഗിങ് തുടങ്ങിയത്. വസ്ത്രം ഊരി മാറ്റിയശേഷം ചെരുപ്പ് നക്കാനാണ് അയാൾ നവരസുവിനോട് പറഞ്ഞത്. അതിനു വിസമ്മതിച്ചതോടെ ശാരീരികമായി ക്രൂരമായി അയാൾ ആക്രമിച്ചു. അടുത്ത ദിവസം നവരസുവിന്റ്റെ മൃത ശരീരമാണ് കിട്ടിയത്. കോടതി ഡേവിഡിന് രണ്ട് ജീവപര്യന്തമാണ് വിധിച്ചത്. ഇതിനെ തുടർന്ന് ഇന്ത്യയിൽ ആദ്യമായി റാഗിങ് നിരോധന നിയം 1997 ൽ തമിഴ് നാട് സർക്കാർ നടപ്പിലാക്കി. പിന്നീട് ഇതുപോലുള്ള നിയമങ്ങൾ നിരവധി സംസ്ഥാന സർക്കാരുകൾ നടപ്പിലാക്കി. 2006 ൽ സുപ്രീം കോടതിയിൽ വന്ന ഒരു കേസിൻറ്റെ അടിസ്ഥാനത്തിൽ റാഗിങ് നിയന്ത്രിക്കുന്ന കാര്യം പഠിച്ചു നിർദേശം നൽകുവാനായി ഒരു വിദഗ്ദ്ധ പാനലിനു രൂപം നല്കാൻ കേന്ദ്ര മനുഷ്യ വിഭവ മന്ത്രാലയത്തോട് സുപ്രീം കോടതി ആവശ്യപ്പെട്ടു. മുൻ സിബിഐ ഡയറക്റ്റർ ആയിരുന്ന ആർ കെ രാഘവൻറ്റെ നേതൃത്വത്തിൽ ഒരു സമിതിക്ക് കേന്ദ്ര സർക്കാർ രൂപം നൽകി. ഈ സമിതിയുടെ റിപ്പോർട്ടിൻറ്റെ അടിസ്ഥാനത്തിലാണ് ഇന്ത്യൻ പീനൽ കോഡിൽ ഭേദഗതി വരുത്തിക്കൊണ്ട് റാഗിങ് എഫ് ഐ ആർ ഇടേണ്ട കുറ്റകൃത്യമായി മാറ്റിയത്.
ഇന്ത്യയുടെ മനസാക്ഷിയെ ഞെട്ടിച്ച മറ്റൊരു സംഭവം നടന്നത് 2007 ൽ ഹിമാചൽപ്രദേശിലെ ഡോ .രാജേന്ദ്ര പ്രസാദ് മെഡിക്കൽ കോളേജിൽ ആയിരുന്നു. മദ്യപിച് ഉന്മത്തരായ നാല് സീനിയർ വിദ്യാർഥികൾ ചേർന്ന് നവാഗതരായ 13 വിദ്യാർത്ഥികളെ റാഗ് ചെയ്തു. ഇവരോട് പരസ്പരം ശക്തിയായി അടിക്കാൻ ആവശ്യപ്പെട്ടു. വിസമ്മതിച്ചവരെ സീനിയർ വിദ്യാർഥികൾ ക്രൂരമായി ദേഹോപദ്രവം ചെയ്തു. രാത്രി തുടങ്ങിയ റാഗിങ് അടുത്ത ദിവസം പുലരും വരെ തുടർന്നു. റാഗിങ്ങിൽ, തലക്കേറ്റ പരിക്കിനെ തുടർന്നാണ് അമാൻ സത്യാ കച്ചറു എന്ന വിദ്യാർത്ഥി കൊല്ലപ്പെട്ടത്. റാഗിങ് നിയന്ത്രിക്കേണ്ടതിൻറ്റെ അവശ്യകതയെ കുറിച്ച് സുപ്രീം കോടതി ഗൗരവതരമായ നിരീക്ഷണം നടത്തിയത് ഈ കേസിൻറ്റെ പശ്ചാത്തലത്തിലായിരുന്നു. സുപ്രീംകോടതിയുടെ നിരീക്ഷണങ്ങളെ തുടർന്നാണ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ റാഗിങ് നിയന്ത്രിക്കാനായി 2009 ൽ യൂണിവേഴ്സിറ്റിഗ്രാൻഡ്സ് കമ്മീഷൻ ചട്ടങ്ങൾ കൊണ്ടുവന്നത്.
കേരളത്തിൽ, കേരള പ്രൊഹിബിഷൻ ഓഫ് റാഗിങ് ആക്ട് 1998 ൽ നടപ്പിലാക്കി. ഇതനുസരിച്ചു റാഗിങ് ഒരു കുറ്റകൃത്യവും 2 വര്ഷം വരെ തടവ് ശിക്ഷയും 10000 രൂപവരെ പിഴ ചുമത്താവുന്നതുമായ ഒരു കുറ്റകൃത്യമാണ്. ഇന്ത്യയിലെ ഒരു സംഘടിത പുരോഗമന വിദ്യാർത്ഥി പ്രസ്ഥാനവും റാഗിങിനെതിരെ സമരം ചെയ്തിട്ടില്ല. 1972 .ലെ റാഗിങ് വിരുദ്ധ പ്രക്ഷോഭത്തിലൂടെഎസ് .ഡി . കോളേജ് വിദ്യാർഥികൾ റാഗിങിങ്ങിനു എതിരായി നടത്തിയ ഒറ്റപ്പെട്ട ഒരു സമരത്തിന്റ്റെ ഭാഗമായി മാറുകയായിരുന്നു. റാഗിങ്ങുമായി ബന്ധപ്പെട്ട് ഉണ്ടായ നിയമങ്ങളൊക്കെയും, കോടതികളുടെ നിരീക്ഷണങ്ങളിലൂടെയും സർക്കാരുകൾ കൈക്കൊണ്ട സാമൂഹ്യ പരിഷ്കരണ നടപടികളിലൂടെയും നടപ്പിലാക്കിയവയാണ്.
കേരളത്തിലോ, ഇന്ത്യയിലോ, ഈ സംഭവത്തിന് മുമ്പോ , പിമ്പോ വിദ്യാർഥികൾ റാഗിങ്ങിന് എതിരായി സമരം നടത്തിയ മറ്റൊരു സംഭവം സിദ്ധാർത്ഥിന്റെ കൊലപാതകം ഉണ്ടാകുന്നത് വരെ വേറെ ഉണ്ടായിട്ടില്ല. സഹപാഠികളിൽ ഒരാൾ നേരിടേണ്ടിവന്ന പീഡനമാണ് നൂറുകണക്കിന് വിദ്യാർത്ഥികളുടെ നെഞ്ചിൽ ഒരു കനലായി വീണതും, ഒരു തീപ്പന്തമായി മാറിയതും. ഒരു സമരത്തിന്റെ രൂപഭാവങ്ങൾ അതിനു ലഭിച്ചത് ഇരു കോളേജുകളുടെയും സാമീപ്യം ആയിരിക്കാം എന്നാണ് തിരിഞ്ഞു നോക്കുമ്പോൾ തോന്നുന്നത് . ഏതായാലും , ആ സംഭവത്തിന് ശേഷം ടി.ഡി. മെഡിക്കൽ കോളേജ് വിദ്യാർത്ഥികളും വളരെ കരുതലോടെയാണ് റാഗിങ്ങിനെ സമീപിച്ചത്. ക്രൂരമായ ഒരു റാഗിങ് പിന്നീട് ടി.ഡി. മെഡിക്കൽ കോളേജിൽ നിന്നും റിപ്പോർട്ട് ചെയ്തിട്ടില്ല എന്നതാണ് അതിന്റെ ഏറ്റവും വലിയ തെളിവ്. എസ് ഡി കോളേജ് വിദ്യാർഥികൾ അന്ന് നടത്തിയ ആന്റി - റാഗിങ് സമരം വിദ്യാർത്ഥി പ്രസ്ഥാനങ്ങൾക്കെല്ലാം മാതൃകയാണ്.
അഡ്വ.പി.എസ് .ശ്രീകുമാർ
9847173177
No comments:
Post a Comment