ചെന്താമരകൾ കയ്യാളുന്ന സംസ്ഥാനഭരണം
അഡ്വ.പി.എസ് .ശ്രീകുമാർ
മലയാളി സമൂഹത്തിനിതെന്തുപറ്റി? ഓരോ ദിവസവും പത്രങ്ങളിൽ വരുന്ന വാർത്തകൾ അത്യന്തം വേദനാജനകവും, ഭീകരവുമാണ്. വീടുകൾക്കുള്ളിലും, വീടുകളിൽ നിന്ന് പുറത്തേക്കും രക്തപ്പുഴകളാണ് ഒഴുകുന്നത്. മക്കൾ മാതാപിതാക്കളുടെ തല അറുക്കുന്നു, ഭർത്താവ് ഭാര്യയെയും, ഭാര്യ ഭർത്താവിനെയും കൊലപ്പെടുത്തുന്നു. പിഞ്ചുകുഞ്ഞുങ്ങളെ വലിച്ചെറിഞ്ഞു കൊല്ലുന്ന അമ്മമാരും, അമ്മാവന്മാരും. നമ്മുടെ പോക്ക് എങ്ങോട്ടേക്കാണ്?. തനിക്കു ബീജാപാപം തന്നു ജന്മം നൽകിയ അച്ഛനെ കൂട്ടുകാർക്കൊപ്പം ചേർന്ന് അടിച്ചു വീഴ്‌ത്തുന്ന മക്കൾ...ഒരു തുടർക്കഥപോലെ ഓരോ ദിവസവും ക്രൂരമായ സംഭവങ്ങൾ പുറത്തുവന്നുകൊണ്ടേയിരിക്കുന്നു.
ആലപ്പുഴ മാന്നാറിൽ ഫെബ്രുവരി ഒന്നിന് നടന്ന സംഭവം അതി ഭീകരമായിരുന്നു. 65 വയസ്സുള്ള മകൻ , 92 വയസ്സുള്ള അച്ഛനെയും, 85 വയസ്സുള്ള അമ്മയെയും പെട്രോൾ ഒഴിച്ച് തീ കത്തിച്ചു കൊന്നു. മകനായ വിജയൻ പല ദിവസങ്ങളായി ഏഴോളം കുപ്പികളിൽ പെട്രോൾ വാങ്ങി സൂക്ഷിച്ചതായാണ് പോലീസ് പുറത്തുവിട്ട വാർത്ത. ഈ വൃദ്ധ ദമ്പതികളെ കൊലപ്പെടുത്താൻ മകൻ കുറെ ദിവസങ്ങളായി ആസൂത്രണം ചെയ്യുകയായിരുന്നു, പലകകളും, ഷീറ്റും കൊണ്ട് നിർമിച്ച വീട് പൂർണമായും കത്തി നശിക്കുകയും, അതിനുള്ളിൽ ഇരുളിൻറ്റെ മറവിൽ ഗാഢനിദ്രയിൽ ആയിരുന്ന മാതാപിതാക്കൾ വെന്തുമരിക്കുകയുമാണ് ചെയ്തത്. സ്വത്ത് തർക്കമാണ് കൊലപാതകത്തിന് പിന്നിൽ. വീടും സ്ഥലവും മകന്റെ പേരിൽ എഴുതിനൽകാത്തതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് കരുതുന്നത്. സ്വത്ത് തർക്കവുമായി ബന്ധപ്പെട്ട് മാതാപിതാക്കളുമായി വഴക്കിടാറുള്ള വിജയൻ, തല്ലിക്കൊല്ലുമെന്നു പറഞ്ഞു മാതാപിതാക്കളെ ഭീഷണിപ്പെടുത്താറുണ്ടായിരുന്നു.സ്ഥിരമായി മദ്യപിച്ചു വീട്ടിലെത്തി വഴക്കിടാറുള്ള വിജയൻ തലേദിവസം വൈകിട്ട് മദ്യപിച്ചെത്തി പിതാവിനെ മർദിക്കുകയും, കൈക്ക് പരിക്കേൽപ്പിക്കുകയും ചെയ്തിരുന്നു.
വർക്കല അയിരൂർ ത്രിമ്പല്ലൂർ ക്ഷേത്രത്തിനു സമീപം വൃന്ദാവനത്തിൽ താമസിക്കുന്ന വയോധികരായ മാതാപിതാക്കളെ വീട്ടിൽ കയറ്റാതെ വഴിയാധാരമാക്കിയ വാർത്തയാണ് അടുത്ത ദിവസം പുറത്തുവന്നത്. സംഭവത്തിൽ ഇവരുടെ മകളായ സിജു, ഭർത്താവ് ബാഹുലേയൻ എന്നിവർക്കെതിരെ ജാമ്യമില്ലാ വകുപ്പുപ്രകാരം പോലീസ് കേസെടുത്തു. 40 ലക്ഷം രൂപ ബാങ്ക് വായ്‌പ്പാ എടുത്താണ് സിജി കുടുംബവീടിനടുത്തുതന്നെ വീട് വച്ചതു. തിരിച്ചടവ് മുടങ്ങിയപ്പോൾ ജപ്തി നടപടി നേരിട്ട മകൾക്കു സ്വന്തം വീട് വിറ്റാണ് മാതാപിതാക്കൾ ജപ്തിയിൽ നിന്നും രക്ഷിച്ചത്. പകരം വീട് വാങ്ങി നൽകാമെന്ന മകളുടെ വാഗ്‌ദാനം പാലിച്ചില്ലെന്ന് മാത്രമല്ല, വീട്ടിൽ നിന്നും പുറത്താക്കുകയും ചെയ്തു. ഒടുവിൽ ആർ.ഡി.ഓ ഇടപെട്ടാണ് മാതാപിതാക്കളെ വീട്ടിൽ താമസിപ്പിച്ചത്.
പാലക്കാട് നെന്മാറ പോത്തുണ്ടിയിൽ മൂന്നുപേരുടെ ജീവൻ എടുത്ത ചെന്താമരയും ക്രൂരതയുടെ പര്യായമായി മാറി. സുധാകരനെയും അയാളുടെ 'അമ്മയേയുമാണ് അയാൾ വെട്ടിക്കൊന്നത്. സുധാകരൻറ്റെ ഭാര്യയെ അഞ്ചു വര്ഷം മുമ്പാണ് ചെന്താമര വെട്ടിക്കൊന്നത്. ആ കൊലക്കേസിൽ ജയിലിൽ കിടന്ന ചെന്താമര പരോളിലിറങ്ങിയാണ് വീണ്ടും രണ്ടു പേരെ കൂടി വെട്ടി കൊന്നത്. ജാമ്യവ്യവസ്ഥക്കു കോടതിനൽകിയ നിബന്ധനകൾപോലും ലംഖിച്ചാണ് ചെന്താമര പോത്തുണ്ടിയിലെ അയാളുടെ വീട്ടിൽ എത്തിയത്. ഇക്കാര്യം ചൂണ്ടിക്കാട്ടി, സുധാകരന്റെ മകൾ പോലീസ് സ്റ്റേഷനിൽ ചെന്ന് പരാതി കൊടുത്തെങ്കിലും, പോലീസ് ആ പരാതികൾക്ക് കടലാസിൻറ്റെ വിലപോലും നൽകിയില്ല. ഇരുചക്ര വാഹനത്തിൽ പോകുകയായിരുന്ന സുധാകരനെ അയൽവാസിയായ ചെന്താമര ചാടിവീണ് കൊടുവാളിന് വെട്ടുകയാണ് ചെയ്തത്. സുധാകരനെ വെട്ടുന്നത് കണ്ടാണ് 'അമ്മ ലക്ഷ്മി ഓടിയെത്തി തടയാൻ ശ്രമിച്ചത്. അങ്ങിനെയാണ് വയോധികയായ അവരെയും അയാൾ വെട്ടി വീഴ്ത്തിയത്.
മറ്റൊരു പൈശാചിക സംഭവമാണ് എറണാകുളം ചേന്ദമംഗലത്തു ഒരു വീട്ടിലെ മൂന്നു പേരെ കൊലപ്പെടുത്തിയ സംഭവം. കാട്ടിപ്പറമ്പിൽ വേണു, ഭാര്യ ഉഷ, മകൾ വിനീഷ് എന്നിവരെയാണ് ഋതു തലക്കടിച്ചു കൊലപ്പെടുത്തിയത്. ആക്രമണത്തിൽ, വേണുവിൻറ്റെ മരുമകന് ഗുരുതരമായ പരിക്കേറ്റു. വീട്ടിലുണ്ടായിരുന്ന രണ്ടു കുഞ്ഞുങ്ങളുടെ മുന്നിൽ വച്ചായിരുന്നു പട്ടാപ്പകൽ ഈ കൂട്ടക്കൊല നടത്തിയത്. വേണുവിന്റെ കുടുംബവും അയൽവാസിയായ ഋതുവും തമ്മിൽ നേരത്തെ വഴക്കും കേസും ഉണ്ടായിരുന്നു. വേണുവിന്റെ വളർത്തുനായ ഋതുവിൻറ്റെ വീട്ടിൽ വന്നതിനെ തുടർന്നാണ് ഇയാൾ ഇരുമ്പുവടിയുമായി വേണുവിന്റെ വീട്ടിൽ അതിക്രമിച്ചു കയറി ആക്രമണം നടത്തിയത്. കൊലപാതകത്തിന് ശേഷം വേണുവിന്റെ വീട്ടിലെ സ്കൂട്ടറിൽ രക്ഷപെടാൻ ശ്രമിച്ചപ്പോഴാണ് പോലീസിന്റെ പിടിയിൽ പെട്ടത്.
പാലായിൽ നടന്ന ഒരു സംഭവത്തിൽ മരുമകൻ അമ്മായിയമ്മയെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ സംഭവത്തിൽ രണ്ടുപേരും മരിച്ചു. അന്ത്യാളം പറവൻപറമ്പിൽ 58 വയസ്സുകാരിയായ നിര്മലയും, മരുമകൻ മനോജുമാണ് കൊല്ലപ്പെട്ടത്. ഭാര്യ വീട്ടിലെത്തിയ മനോജ്, കയ്യിൽ കരുതിയിരുന്ന പെട്രോൾ ഭാര്യാമാതാവിൻറ്റെ ദേഹത്തും, സ്വന്തം ദേഹത്തും ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. മനോജിന്റെ ഭാര്യ ജോലിക്കു പോകുന്നതുമായ ബന്ധപ്പെട്ട വഴക്കാണ് ഈ മരണങ്ങളിലേക്ക് നയിച്ചത്.
കോട്ടയം ജില്ലയിലെ തെള്ളകത്തു ഒരു സിവിൽ പോലീസ് ഡ്രൈവറായ മാഞ്ഞൂർചിറയിൽ ശ്യാമ പ്രസാദ് അക്രമിയുടെ ചവിട്ടേറ്റ് കൊല്ലപ്പെട്ടത്. ഈയിടെയായിരുന്നു. സംഭവത്തിൽ 28 വയസ്സുകാരനായ ജിബിൻ ജോർജിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഫെബ്രുവരി 3 നു പുലർച്ചെ 12 മണിക്ക് തെള്ളകത്തെ ബാർ ഹോട്ടലിനു സമീപമായിരുന്നു സംഭവം. ഡ്യൂട്ടി കഴിഞ്ഞു മടങ്ങുകയായിരുന്ന ശ്യാമ പ്രസാദ് പെട്ടിക്കടയിൽ തർക്കം കണ്ട് അങ്ങോട്ട് എത്തിയപ്പോളാണ് ജിബിൻ ക്രൂരമായി മർദിക്കുകയും, നെഞ്ചിൽ ചവിട്ടുകയും ചെയ്തത് . ചവിട്ടേറ്റ് വാരിയെല്ല് പൊട്ടി ശ്വാസകോശത്തിൽ കയറിയുണ്ടായ രക്തസ്രാവം മൂലമാണ് ശ്യാം കൊല്ലപ്പെട്ടതെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറഞ്ഞിട്ടുള്ളത്.
കോഴിക്കോട് മൂക്കത്തു നടന്ന മറ്റൊരു സംഭവത്തിൽ, പീഡനശ്രമത്തിൽ നിന്നും രക്ഷനേടാനായി ഒരു യുവതി ഹോട്ടലിന്റെ മുകളിലെ നിലയിൽ നിന്നും താഴോട്ട് ചാടി നട്ടെല്ലിന് ഗുരുതരമായ പരിക്കേറ്റു ചികിത്സയിലാണ്. ഇവിടെ പ്രതി സ്ഥാനത്തുള്ളത് മദ്യലഹരിയിലെത്തിയ ഹോട്ടൽ ഉടമയും സഹായികളുമാണ്. രാത്രി തനിച്ചിരുന്ന യുവതിയുടെ മുറിയിൽ കയറിച്ചെന്നാണ് ഇവർ പീഡിപ്പിക്കാൻ ശ്രമിച്ചത്. ആ യുവതി വാവിട്ടു നിലവിളിച്ചുകൊണ്ട് തന്നെ ഉപദ്രവിക്കരുതെന്ന് ദയനീയമായി കേണപേക്ഷിക്കുന്ന വീഡിയോ പുറത്തുവന്നു.
സ്വതന്ത്രമായി ജീവിക്കാൻ അനുവദിക്കുന്നില്ലായെന്നു പറഞ്ഞു സ്വന്തം അച്ഛനെതിരുവനന്തപുരം വെള്ളറടയിലെ യുവാവായ പ്രജിൻ വെട്ടിക്കൊന്നു.70 കാരനായ ജോസാണ് കൊല്ലപ്പെട്ടത്. കൊലക്കുശേഷം പ്രജിൻ പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയും ചെയ്‌തു.ചൈനയിൽ മെഡിസിന് പഠിക്കുകയായിരുന്നു പ്രജിൻ. കൊറോണനയെ തുടർന്ന് പഠനം നിർത്തി നാട്ടിൽ എത്തിയ ഇയാൾ സ്വതന്ത്രമായി ജീവിക്കാൻ പിതാവ് അനുവദിക്കുന്നില്ല കാരണത്താലാണ് സ്വന്തം പിതാവിനെ വെട്ടിക്കൊന്നത്. പ്രജിൻ മയക്കുമരുന്നിന് അടിമയായിരുന്നു എന്നത് അന്വേഷണത്തിലൂടെയേ തെളിയുകയുള്ളു.
ഇങ്ങനെ കണ്ണിൽ ചോരയില്ലാത്ത നിരവധി അക്രമ സംഭവങ്ങളാണ് ഓരോ ദിവസവും പുറത്തുവന്നുകൊണ്ടിരിക്കുന്നത്. അടുത്തകാലത്താണ് ഇത്രയും ക്രൂരമായ സംഭവങ്ങൾ നമ്മുടെ സമൂഹത്തിൽ അടിക്കടി ഉണ്ടാകുന്നതിന്റെ വിവരങ്ങൾ വരുന്നത്. പല അക്രമ സംഭവങ്ങൾക്കും പിറകിൽ മദ്യത്തിൻറ്റെയും, മയക്കുമരുന്നിന്റെയും ദുസ്വാധീനമുണ്ട്. ധാർമിക മൂല്യങ്ങൾക്ക് വിലനൽകാതെ നമ്മുടെ യുവജനതയിൽ കുറേപ്പേരെങ്കിലും, മദ്യത്തിന്റെയും മയക്കുമരുന്നിന്റെയുമൊക്കെ അടിമകളായി മാറുന്ന ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ നാം കാണുന്നുണ്ട് . കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്ക് കർക്കശമായ ശിക്ഷാനടപടികൾ ഉറപ്പാക്കുന്നതിൽ നമ്മുടെ നിയമ സംവിധാനങ്ങൾക്ക് വീഴ്ച ഉണ്ടാകുന്നതാണോ ഇത്തരം സംഭവങ്ങൾക്ക് പ്രചോദനം? കുടുംബ ബന്ധങ്ങളിലെ താളപ്പിഴകൾക്കൊപ്പം, മദ്യ-മയക്കുമരുന്ന് ലോബികൾക്ക് ഭരണതലത്തിൽ ലഭിക്കുന്ന സഹായങ്ങളും, പൊലിസിന്റെ കാര്യക്ഷമതയില്ലായ്‌മയും, രാഷ്ട്രീയ പക്ഷപാതവുമൊക്കെ അക്രമ സംഭവങ്ങൾ പെരുകുന്നതിനു കാരണമായിട്ടുണ്ടെന്നു ജനങ്ങൾ സംശയിക്കുന്നു. വിദ്യാർത്ഥികളും, യുവാക്കളും ഉൾപ്പെടെയുള്ള കുറ്റവാളികൾക്ക് ഭരണതലത്തിൽ നൽകുന്ന മാന്യതയും, സ്വീകാര്യതയും, സംരക്ഷണവും യുവാക്കളിൽ കുറ്റവാസന വളർത്താൻ സഹായിക്കുന്നുണ്ട്. ഇവിടെ പ്രതിസ്ഥാനത്തു നിൽക്കുന്നത് ആഭ്യന്തര വകുപ്പിൻറ്റെ പിടിപ്പുകേടും, നിഷ്പക്ഷതയില്ലായ്‌മയുമാണ്. ആഭ്യന്തര വകുപ്പുനൽകുന്ന സുരക്ഷയിലാണ് ചെന്താമരമാർ കേരളത്തിൽ അരങ്ങുവാഴുന്നത്.

No comments:
Post a Comment