Thursday, 6 February 2025

 

           മോദിയുടെ അമേരിക്കൻ സന്ദർശനം മാറ്റിവെക്കാൻ തയ്യാറാകുമോ??

 

അനധികൃത കുടിയേറ്റത്തിന്റെ പേരിൽ 104  ഇന്ത്യക്കാരെ കയ്യിലും കാലിലും വിലങ്ങണിയിച്ചു സൈനിക വിമാനത്തിൽ ഇന്ത്യയിലേക്ക് തിരിച്ചയച്ച സംഭവം വലിയ വിവാദമായി മാറിയിരിക്കുകയാണ്.  ആ സൈനിക വിമാനത്തിലുണ്ടായിരുന്ന 19 വനിതകളും, 4  വയസ്സുള്ള ഒരു കൊച്ചു കുട്ടി ഉൾപ്പെടെ  13  കുട്ടികളും  കയ്യിൽ വിലങ്ങും, കാലിൽ  ചരടുകൊണ്ട്  ബന്ധിപ്പിക്കപ്പെട്ടുമാണ്  നാടുകടത്തപ്പെട്ടത്.  പ്രാഥമിക  ആവശ്യങ്ങൾ പോലും നിഷേധിക്കപ്പെട്ട   ഇവർ 40  മണിക്കൂറാണ് അമേരിക്കൻ സൈനിക വിമാനത്തിൽ  ദീർഘദൂരം പറന്ന്  അമൃത്സർ വിമാനത്താവളത്തിൽ എത്തിയത്.  ഇന്ത്യയെ സംബന്ധിച്ചിടത്തോളം  ഈ സംഭവം തികച്ചും  അപമാനകാരവും, ലജ്ജാകരവുമാണ്. 140  കോടി വരുന്ന  ലോകത്തിലെ ഏറ്റവും  വലിയ  ജനാധിപത്യ രാജ്യത്തിൻറ്റെ  മുഖത്തുനോക്കി തുപ്പുന്ന ധിക്കാരമാണ്  അമേരിക്ക ഇന്ത്യയോട് ചെയ്തത്.

തെരഞ്ഞെടുപ്പ് സമയത്തു പ്രചാരണ വേദികളിൽ ട്രംപ് പറഞ്ഞതുപോലെ തന്നെ അധികാരത്തിലേറി ആദ്യ ദിവസം പുറപ്പെടുവിച്ച  118   ഉത്തരവുകളിൽ  ഒന്ന്  അനധികൃത കുടിയേറ്റക്കാരെ ഉടൻതന്നെ പുറത്താക്കുവാനുള്ളതായിരുന്നു. അതിനായി   പണ്ടെങ്ങോ ഉപേക്ഷിക്കപ്പെട്ടു കിടന്ന  1798 ലെ ഏലിയൻ  എനിമീസ്ആക്റ്റ്  പൊടിതട്ടി എടുത്താണ് ക്രൂരമായ നടപടികൾക്ക് അദ്ദേഹം തുടക്കം കുറിച്ചത്.  അനധികൃത കുടിയേറ്റക്കാരെ യുദ്ധത്തടവുകാർക്കു സമമായി കണക്കാക്കിയാണ്  മടക്കിഅയക്കുന്നതു. കുടിയേറ്റക്കാരെ മടക്കികൊണ്ടുവരുന്ന കാര്യത്തിൽ അമേരിക്കയുമായി സഹകരിക്കുമെന്ന് വിദേശ കാര്യമന്ത്രി എസ് . ജയശങ്കർ പ്രഖ്യാപിച്ചിരുന്നതാണ്.   ഇന്ത്യ   അമേരിക്കയുടെ  സുഹൃത്    രാജ്യം ആയ സ്ഥിതിക്ക്‌  ഇന്ത്യക്കാരായ  അനധികൃത കുടിയേറ്റക്കാരോട്  മടക്കി അയക്കുന്ന സമയത്  കുറച്ചുകൂടി  മാന്യതയും മനുഷ്യത്വവും അമേരിക്ക കാണിക്കണമായിരുന്നു. ട്രംപ് മറന്നുപോകുന്ന മറ്റൊരു യാഥാർഥ്യമുണ്ട്. ട്രംപിൻറ്റെ  കുടുംബ  വൃക്ഷത്തിലെ  പൂർവികർ  ഉൾപ്പെടെയുള്ളവർ  വിവിധ യൂറോപ്യൻ രാജ്യങ്ങളിൽ നിന്നും അമേരിക്കയിൽ കുടിയേറി വന്നവരാണ്. അവിടത്തെ  ആദിമ  വംശജരെ  ഒതുക്കി മൂലക്കിരുത്തിയാണ്  അവർ അമേരിക്ക പിടിച്ചടക്കിയത്.  ഈ ചരിത്രമൊക്കെ ട്രംപ്  മറക്കാനിടയില്ല.

തെക്കൻ അമേരിക്കൻ രാജ്യമായകൊളംബിയയിലേക്കു  201  കുടിയേറ്റക്കാരെ കയ്യാമം വച്ച് സൈനിക വിമാനത്തിൽ മടക്കി അയച്ചപ്പോൾ, ആ വിമാനത്തിന് കൊളംബിയയിൽ ഇറങ്ങാൻ    ഗുസ്താവോ പെട്രോ എന്ന കൊളംബിയയുടെ     വനിതാ  പ്രസിഡന്റ്  അനുമതി നൽകിയില്ല.  പിന്നീട്, കയ്യാമം  അഴിച്ചുമാറ്റിച്ച  ശേഷം     കൊളംബിയയുടെ വിമാനങ്ങളിലാണ്     അനധികൃത കൊളംബിയൻ കുടിയേറ്റക്കാരെ  സ്വീകരിക്കാൻ ആ രാജ്യം തയ്യാറായത്.  

ഈ സംഭവങ്ങൾ വിരൽ ചൂണ്ടുന്നത് ഇന്ത്യൻ നയതന്ത്ര വിഭാഗത്തിന്റെ  പരാജയത്തിലേക്കാണ്. ജനുവരി 20 നു ട്രംപ് സത്യപ്രതിജ്ഞ ചെയ്തു അധികാരം എടുത്തപ്പോൾ  തന്നെ അനധികൃത കുടിയേറ്റക്കാരെ മടക്കി അയക്കുന്നതിനാണ് താൻ പ്രാധാന്യം നൽകുന്നതെന്ന് പറഞ്ഞിരുന്നു.  സത്യപ്രതിജ്ഞയിൽ പങ്കെടുക്കാൻ അമേരിക്കയിൽ പോയ  വിദേശകാര്യ മന്ത്രി ജയശങ്കർ,   സത്യപ്രതിജ്ഞക്കു ശേഷം  അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറിയുമായി നടത്തിയ ചർച്ചയിൽ ഇക്കാര്യങ്ങൾ   സംസാരിച്ചി  രുന്നുവെന്നാണ് വിദേശകാര്യ വകുപ്പ് ഇറക്കിയ കുറിപ്പിൽ പറഞ്ഞത്.  ഈ പ്രശനം ചർച്ചക്ക് വന്നപ്പോൾ തന്നെ അനധികൃത കുടിയേറ്റക്കാരെ എങ്ങിനെ കൊണ്ടുവരണമെന്ന കാര്യവും വിശദമായി ചർച്ചചെയ്യണമായിരുന്നു. ഗുരുതരമായ കുറ്റകൃത്യം ചെയ്തവർ ഉണ്ടെങ്കിൽ അവരെ  നിയമപരമായി തന്നെ  കൈകാര്യം ചെയ്യട്ടെ .  എന്നാൽ, ഇപ്പോൾ കണ്ടുപിടിക്കപ്പെട്ടവർ  ആരും  ക്രിമിനൽ കുറ്റം ചെയ്‌ത്‌  അമേരിക്കയിലെത്തിയവരല്ല എന്നാണ് പുറത്തു വന്ന റിപ്പോർട്ടുകളിൽ നിന്നും മനസ്സിലാക്കുവാൻ സാധിക്കുന്നത്. തൊഴിലും, പഠനവും അന്വേഷിച്ചു പോയവരാണ് എല്ലാവരും. അവരോടു മനുഷ്യത്വപരമായ സമീപനം സ്വീകരിക്കുവാൻ   പ്രേരിപ്പിക്കണമായിരുന്നു.  അതിനു കഴിയുന്നില്ലെങ്കിൽ, മുമ്പ് കുവൈറ്റ്, ഇറാക്ക്  യുദ്ധങ്ങൾ  നടന്ന സമയങ്ങളിൽ ചെയ്തപോലെ  ഇന്ത്യയുടെ വിമാനങ്ങൾ അയച്ചു  കുടിയേറ്റക്കാരെ മടക്കി കൊണ്ടുവരുവാനുള്ള നടപടികളാണ് ഇന്ത്യയുടെ വിദേശകാര്യ വകുപ്പും, ഇന്ത്യ സർക്കാരും സ്വീകരിക്കേണ്ടിയിരുന്നത്. ഏകദേശം 7,25,000   ഓളം ഇന്ത്യക്കാരാണ്  അനധികൃതമായി  അമേരിക്കയിലേക്ക് കുടിയേറിയതായി  കണക്കാക്കിയിട്ടുള്ളത്.  അതിൽ 27000  പേരെയാണ്  തിരിച്ചയക്കാനായി  അമേരിക്ക കണ്ടെത്തി  തടവിലാക്കിയിട്ടുള്ളത് .  

പ്രധാനമന്ത്രി മോദി  ഔദ്യോഗിക   സന്ദർശനത്തിനായി  ഫെബ്രുവരി 12 നു അമേരിക്കക്കു പോകാനിരിക്കുകയാണ്. ഇന്ത്യൻ കുടിയേറ്റക്കാരോട് അമേരിക്ക കാണിച്ച മനുഷ്വത്വ രഹിതമായ നടപടികളിൽ പ്രതിഷേധിച്ചു  യാത്രാമാറ്റിവെക്കാൻ അദ്ദേഹം തയ്യാറാകണം.  അല്ലെങ്കിൽ അദ്ദേഹത്തിന്റെ യാത്രക്ക് മുമ്പ് തന്നെ  ബാക്കി തിരിച്ചയക്കാനുള്ള കുടിയേറ്റക്കാരുടെ കാര്യത്തിൽ മാന്യമായ ധാരണ ഉണ്ടാക്കുവാൻ അമേരിക്ക  മുമ്പോട്ടുവരണം. .  ലോകത്തിലെ ഏറ്റവും വലിയ  ജനസംഖ്യയുള്ള ഒരു രാജ്യത്തിലെ മുഴുവൻ ജനങ്ങളുടെയും   ആത്മാഭിമാനം ഉയർത്തുന്ന നടപടിയാണ് ഇന്ത്യ സർക്കാർ അടിയന്തിരമായി എടുക്കേണ്ടത്.






No comments:

Post a Comment