ക്രാന്തദർശിയായ ഭാഷാസ്നേഹി
തൊണ്ണൂറുകളുടെ ആദ്യ പാദത്തിലാണ് ഡോ .എം.ആർ. തമ്പാനെ പരിചയപ്പെടുന്നത് . അദ്ദേഹം അന്ന് തിരുവനന്തപുരം , നന്ദൻകോട് നളന്ദയിലെ ഭാഷ ഇൻസ്റ്റിട്യൂട്ടിൽ ഉദ്യോഗസ്ഥനാണ്. ഞാൻ അന്ന് കേരളാ സെക്രട്ടേറിയറ്റ് അസ്സോസിയേഷൻറ്റെ പ്രസിഡണ്ടും, അന്നത്തെ മുഖ്യമന്ത്രി എ.കെ.ആൻറണിയുടെ ജനസമ്പർക്ക പരിപാടിയുടെ നോഡൽ ഓഫീസറുമായിരുന്നു. നളന്ദയിൽ തന്നെയുള്ള പുരാരേഖാ വകുപ്പിൽ ഉദ്യോഗസ്ഥയായിരുന്ന എൻറ്റെ ഭാര്യയെ അവിടെ രാവിലെ കൊണ്ട് വിടാനും, വൈകിട്ട് തിരികെ വിളിക്കാനും എല്ലാ ദിവസവും അവിടെ പോകുമായിരുന്നു. വൈകുന്നേരങ്ങളിൽ ഞാൻ വിളിക്കാൻ ചെല്ലുന്നതു പലപ്പോഴും വൈകിയാണ്. അങ്ങിനെയുള്ള അവസരങ്ങളിലാണ് ഡോ . തമ്പാനെ കാണുന്നത്. അദ്ദേഹവും വൈകി ഓഫീസിൽ നിന്നും ഇറങ്ങുന്ന ആളായിരുന്നു. പരസ്പരം അറിയാമെന്നല്ലാതെ കൂടുതൽ പരിചയപ്പെട്ടിട്ടില്ലായിരുന്നു. അദ്ദേഹവുമായി കൂടുതൽ അടുക്കാൻ സാഹചര്യമൊരുക്കിയത് നെഹ്‌റു സെന്റർ ചെയർമാൻ ശ്രീ.എം.എം.ഹസ്സനാണ്. നെഹ്‌റു സെന്റർറ്റെ പ്രവർത്തനങ്ങൾ കൂടുതൽ സജീവമാക്കുന്നത് സംബന്ധിച്ച് ഒരു യോഗം അദ്ദേഹത്തിന്റെ വസതിയിൽ വച്ച് ചേരുന്നുണ്ടെന്നും അതിൽ ഞാനും പങ്കെടുക്കണമെന്ന് അദ്ദേഹം പറഞ്ഞു. അവിടെ ചെന്നപ്പോഴാണ് ഡോ. തമ്പാനാണ് സെന്റർറ്റെ ജനറൽ സെക്രെട്ടറിയാണെന്നു അറിഞ്ഞത്. വൈസ് ചെയർമാനായി പന്തളം സുധാകരനേയും സെക്രട്ടറിമാരായി എന്നെയും യൂണിവേഴ്സിറ്റി കോളേജ്സെ ഹിസ്റ്ററി വിഭാഗം പ്രഫസറായിരുന്ന ചന്ദ്രചൂഡൻ നായരെയും തെരഞ്ഞെടുത്തു. നെഹ്രുവിൻറ്റെ ചരമ ദിനത്തിലും, ജന്മദിനത്തിലും സമ്മേളനങ്ങൾ സംഘടിപ്പിക്കുന്നതാണ് സെന്റർറ്റെ പ്രധാന പ്രവർത്തനം. എഴുപതുകളിൽ നെഹ്‌റു സെന്റർ രൂപീകരിച്ചകാലം തൊട്ടു മുടങ്ങാതെ ചെയ്തു വരുന്നതാന് ഈ സമ്മേളനങ്ങൾ. ജയന്തി സമ്മേളനത്തോടനുബന്ധിച് കോളേജ് വിദ്യാർത്ഥികൾക്കായി പ്രസംഗ മത്സരവും, സ്കൂൾ വിദ്യാർത്ഥികൾക്ക് ദേശഭക്തി ഗാന മത്സരവും കൂടി സംഘടിപ്പിച്ചു വിജയകളായവർക്കു ഉപഹാരങ്ങളും, നെഹ്‌റു ട്രോഫിയും നൽകുന്നുണ്ട്. അതൊരു അനുഷ്ടാനം പോലെ ഇന്നും തുടർന്ന് വരുന്നു.
നെഹ്‌റു സെന്റർറ്റെ പ്രവർത്തനം വിപുലപ്പെടുത്തുന്നതിന്റ്റെ ഭാഗമായി കേരളത്തിന്റെ സമഗ്ര വികസനവുമായി ബന്ധപ്പെട്ട് മൂന്നു ദിവസം നീണ്ടു നിൽക്കുന്ന സെമിനാര് സംഘടിപ്പിക്കണമെന്ന് തീരുമാനിച്ചു. ഇതിന്റെ ഉപജ്ഞാതാക്കൾ പ്രസിഡണ്ട് എം.എമും ഡോ .എം.ആർ. തമ്പാനുമായിരുന്നു. വിവിധ തലങ്ങളിൽ നടന്ന ചർച്ചകളെ തുടർന്ന് 1998 ഓഗസ്റ്റ് 18,19,20 തീയതികളിലായി കനകക്കുന്ന് കൊട്ടാരത്തിൽ വച്ചായിരുന്നു. ഈ സെമിനാര് സംഘടിപ്പിച്ചതിനു മറ്റൊരു കാരന്കൂടി പ്രസിഡണ്ട് എം.എം. പറഞ്ഞു. ഇത് ഭാവിയിൽ ഐക്യ ജനാധിപത്യ മുന്നണിക്കും, ഐക്യ ജനാധിപത്യ മുന്നണിയുടെ നേതൃത്വത്തിൽ രൂപീകരിക്കുന്ന സർക്കാരിനും മാർഗ്ഗദര്ശനമായി ഉപയോഗിക്കാം എന്നായിരുന്നു അദ്ദേഹത്തിന്റെയും ഡോ .തമ്പാൻറ്റെയും കാഴ്ചപ്പാട്. വിവിധ സെഷനുകളിലേക്കുള്ള പ്രഗത്ഭരെ ക്ഷണിക്കുന്ന ചുമതല പ്രസിഡന്റ് എം.എമ്മും, ഡോ . തമ്പാനുമായിരുന്നു.
1998 ഓഗസ്റ്റ് 18 നു വൈകുന്നേരം കനകക്കുന്നിൽ വച്ച് നടന്ന സമ്മേളനം ഉദ്‌ഘാടനം ചെയ്തത് അന്നത്തെ മഹാരാഷ്ട്ര ഗവർണർ ഡോ .പി.സി.അലക്‌സാണ്ടറായിരുന്നു. ഉദ്‌ഘാടന സമ്മേളനത്തിൽ എം.എമ്മിനും പാണ്ഡലത്തിനും പുറമേ ശ്രീ. ഉമ്മൻ ചാണ്ടി, ഡോ . സുകുമാർ അഴിക്കോട്,എം.എ.ബേബി, അന്നത്തെ കെ.എസ് .ഇ.ബി. ചെയർമാൻ ഡോ .വി.രാജഗോപാൽ ഐ.എ.എസ് എന്നിവർ പങ്കെടുത്തു. വിവിധ സെഷനുകളായി അന്നത്തെ സാംസ്‌കാരിക വകുപ്പ് മന്ത്രി ടി.കെ. രാമകൃഷ്ണൻ, ഇലക്ട്രിസിറ്റി മന്ത്രി പിണറായി വിജയൻ, വ്യവസായ മന്ത്രി സുശീല ഗോപാലൻ, വക്കം പുരുഷോത്തമൻ, കെ.എം .മാണി, പി.പി.തങ്കച്ചൻ, പി,കെ.കുഞ്ഞാലികുട്ടി, ഇ.ടി.മുഹമ്മദ് ബഷീർ, ഡോ .കെ.സി.ജോസഫ്,ജി.കാർത്തികേയൻ, , വയലാർ രവി, സുഗതകുമാരി, ഡോ .ബാബു പോൾ, വി.വേണു, ജോർജ് ഓണക്കൂർ, ഇ.എം.നജീബ്, അരുണ സുന്ദർരാജ്, ജി.വിജയരാഘവൻ പ്രയാർ ഗോപാലകൃഷ്ണൻ,, ഡോ .ഗോപീമണി, തുടങ്ങി വ്യാവസായിക, സാംസ്‌കാരിക, ബൗദ്ധിക രംഗങ്ങളിലുള്ള എൺപതോളം പ്രഗത്ഭരാണ് പങ്കെടുത്തത്. 20 ആം തീയതി നടന്ന സമാപന സമ്മേളനം ഉദ്‌ഘാടനം ചെയ്തത് അന്നത്തെ മുഖ്യമന്ത്രി ഇ.കെ. നയനാരായിരുന്നു. അതിൽ തിരുവനന്തപുരം ലോക്‌സഭാംഗവും മുൻ മുഖ്യമന്ത്രിയുമായ കെ.കരുണാകരൻ, എ.പി.ഉദയഭാനു, ബി. വിജയകുമാർ, പി.വി.ചന്ദ്രൻ, എൻ.മാധവൻകുട്ടി എന്നിവരും പങ്കെടുത്തു. . അതിൽ അവതരിപ്പിച്ച വിഷയങ്ങളുടെ ആഴവും, ഗാംഭീര്യവും, ഉൾക്കാഴ്ചയും കാരണം സമ്മേളനം സംസ്ഥാനത്തു വളരെയധികം ശ്രദ്ധിക്കപ്പെട്ടു. സമ്മേളന വിജയത്തിൻറ്റെ ക്രെഡിറ്റ്, ചതുരംഗപ്പലകയിൽ കരുക്കൾ സസൂഷ്മം നീക്കുന്നരീതിയിൽ സംഘാടക മികവ് കാട്ടിയ ഡോ. തമ്പാനായിരുന്നു.
സെമിനാറിൽ ചർച്ചചെയ്യപ്പെട്ട വികസന വിഷയങ്ങൾ ക്രോഡീകരിച്ചു പിന്നീട് സംസ്ഥാന സർക്കാരിന് നൽകി. ആ ആശയവും ഡോ. തമ്പാൻറ്റെതായിരുന്നു . സേവന മേഖല, വിദ്യാഭ്യാസ-മാനവശേഷി മേഖല, ഇൻഫർമേഷൻ ടെക്നോളജി മേഖല, കാർഷിക മേഖല, വ്യാവസായിക മേഖല എന്നിങ്ങനെ വേർതിരിച്ചാണ് നിർദേശങ്ങൾ സർക്കാരിന് നൽകിയത്. അതിൽ പ്രധാനപ്പെട്ടവ താഴെ കൊടുക്കുന്നു.:
ടൂറിസത്തിൻറ്റെ സാധ്യത പരമാവധി പ്രയോജനപ്പെടുത്തണം, എക്കോ ടൂറിസം , ഹെൽത്ത് ടൂറിസം, ആയുർവേദ-പ്രകൃതി ചികിത്സ-യോഗ തുടങ്ങിയവ ഉപയോഗപ്പെടുത്തി കൂടുതൽ ടൂറിസ്റ്റുകളെ ആകർഷിക്കുക, ഉൾനാടൻ ടൂറിസം വികസിപ്പിക്കുക, പരിസ്ഥിതിക്കിണങ്ങുന്ന ടൂറിസം പ്രോത്സാഹിപ്പിക്കുക, വിദേശ ടൂറിസ്റ്റുകൾക്കൊപ്പം സ്വദേശി ടൂറിസ്റ്റുകളെയും ആകർഷിക്കുക, കേരളത്തിൽ നിന്നും പ്രധാന വിദേശ നഗരങ്ങളിലേക്ക് ബന്ധിപ്പിക്കുന്ന വിമാന സർവിസുകൾ ആരംഭിക്കുക, പാഠ്യ പദ്ധതിയിൽപ്പെടുത്തി സ്കൂൾ തലം മുതൽ ധാർമിക മൂല്യങ്ങൾക്കും, ദേശീയതക്കും ഊന്നൽ നൽകുക, വിദ്യാഭ്യാസ രംഗത്ത് സങ്കുചിത രാഷ്ട്രീയ പരിഗണ തീരെ ഇല്ലാത്ത, ഉറച്ച ഒരു ദീർഘകാല സമീപനം സ്വീകരിക്കുക, ആധുനിക സാങ്കേതിക ഉപാധികൾ ഉപയോഗപ്പെടുത്തി വിദ്യാഭ്യാസത്തിൻറ്റെ യും , വിദ്യാഭ്യാസ പ്രവർത്തകരുടെയും ക്വാളിറ്റി മെച്ചപ്പെടുത്തുക, സൗജന്യ വിദ്യാഭ്യാസം നിർധനരായ കുട്ടികൾക്ക് മാത്രം നൽകുക, സർക്കാരിനെ ആശ്രയിക്കാതെ പുതിയ പ്രൊഫഷണൽ കോഴ്സുകൾ കൂടുതലായി ഏർപ്പെടുത്തുക, വിദ്യാഭ്യാസ മേഖലയുടെ വികസനത്തിന് മേൽനോട്ടം വഹിക്കുവാനായി രാഷ്ട്രീയ പരിഗണകളില്ലാതെ വിദ്യാഭ്യാസ വിചക്ഷണർ മാത്രം അടങ്ങുന്ന സമിതി രൂപീകരിക്കുക,ഒരേ ലക്ഷ്യത്തോടെ പ്രവർത്തിയ്ക്കുന്ന DPEP ,SCERT പോലുള്ള വിദ്യാഭ്യാസ ഏജൻസികളുടെ പ്രവർത്തനം ഏകോപിപ്പിച്ചു പാഠ പുസ്തകങ്ങളുടെ ആവർത്തനം ഒഴിവാക്കുക ,
കേരളത്തെ ദേശീയമായും അന്തർദേശിയമായും ഇൻഫർമേഷൻ ടെക്നോളജി കമ്പനികളുടെ ഒരു ലക്ഷ്യ സ്ഥാനമായി വളർത്തിയെടുക്കാൻ വേണ്ട പ്രോത്സാഹന നടപടികൾ സ്വീകരിയ്ക്കുക ,കേരളത്തിൽ ഇൻഫർമേഷൻ ടെക്നോളജി അധിഷ്ഠിത വ്യവസായങ്ങൾ പരമാവധി മേഖലകളിലേയ്‌ക്ക് വ്യാപിയ്ക്കുന്നു എന്ന് ഉറപ്പു വരുത്താനായി ടെലികമ്മ്യൂണിക്കേഷൻ സംബന്ധമായ അടിസ്ഥാന സൗകര്യങ്ങൾ പൂർണമായും പ്രയോജനപ്പെടുത്തുക,വികസനമേഖലയിൽ ഇൻഫർമേഷൻ ടെക്നോളജിയുടെ സാദ്ധ്യതകൾ ആരായുകയുകയും ,സ്ഥാപനങ്ങൾക്ക് സീറോ ടാക്സ് ഏർപ്പെടുത്തുകയും ചെയ്യുക , കാർഷിക സെമിനാർ നിർദേശങ്ങളായ സമഗ്ര ഭൂനിയമം , പ്രധാന കാർഷിക വിള ഉല്പാദന ക്ഷമത വർദ്ധിപ്പിയ്ക്കുന്നതിനുള്ള നടപടികൾ , കാർഷിക വില നിർണയ കമ്മീഷൻ രൂപീകരണം , റബർ കൃഷിയെ പ്രതിസന്ധിയിൽ നിന്ന് കരകയറ്റുന്നതിനു കേരളത്തിലെ റോഡുകൾ റബ്ബറയ്‌സ് ചെയ്യുക ,അത്യുല്പാദനശേഷിയുള്ളതും, പ്രതിരോധശക്തിയുള്ളതും ആയ വിത്തിനങ്ങൾ ആധുനിക സാങ്കേതിക വിദ്യയിലൂടെ വികസിപ്പിച്ചെടുക്കുക, കൊച്ചിയിൽ ഒരു സ്വതന്ത്ര വ്യാപാരമേഖലസ്ഥാപിയ്ക്കുക , യന്ത്രവൽക്കരണം നടത്തി കുട്ടനാട്ടിലെ തൊഴിലാളി ദൗർലഭ്യം പരിഹരിയ്ക്കുക, കേരളത്തിലെ പാലുത്പാദനം വർദ്ധിപ്പിയ്ക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിയ്ക്കുക, മിശ്രകൃഷി സമ്പ്രദായം വ്യാപകമാക്കുക , കാര്ഷികോല്പന്നങ്ങൾക്ക് ഉയർന്ന താങ്ങുവില പ്രഖ്യാപിച്ചു നടപ്പിലാക്കുക, കേരളത്തിലെ ഭൂമിശാസ്ത്ര ഘടകങ്ങൾക്കനുസൃതമായി നീർമാരി സംവിധാനം ശക്തിപ്പെടുത്തി മണ്ണും ജലവും സംരക്ഷിയ്ക്കാനുള്ള നടപടി ഉണ്ടാക്കുക, വ്യവസായശാലകൾ തുടങ്ങാൻ ഏകജാലക സംവിധാനം ഏർപ്പെടുത്തുക തുടങ്ങിയവയായിരുന്നു പ്രധാന നിർദേശങ്ങൾ. അന്ന് ഭരിച്ചിരുന്ന നായനാർ സർക്കാർ ഈ ശുപാർശകളിന്മേൽ നടപടികളൊന്നും കൈക്കൊണ്ടില്ലെങ്ങിലും, ഇവയിൽ പലതും ഐക്യ ജനാധിപത്യ മുന്നണിയുടെ മാനിഫെസ്റോയിൽ ഇടംനേടുകയും, ഇവയിൽ പലതും, പിന്നീട് അധികാരത്തിലേറിയ യു ഡി എഫ് സർക്കാരുകൾ നടപ്പിലാക്കുകയും ചെയ്തു.
1995 -2000 കാലഘട്ടത്തിൽ, ഡോ .തമ്പാൻ ഡയറക്ടർ ആയിരുന്നപ്പോളാണ് അന്ന് സാംസ്‌കാരിക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ഡോ .ബാബുപോളിൻറ്റെ വേദ ശബ്ദ രത്‌നാകരം എന്ന ബ്രിഹത് ഗ്രന്ഥം പ്രസിദ്ധീകരിക്കാൻ സാധിച്ചത്. സർക്കാർ മേഖലയിൽ ഒരു പുസ്തകം പ്രീ-പുബ്ലിക്കേഷൻ വ്യവസ്ഥയിൽ പ്രസിദ്ധീകരിച്ചത് വേദ ശബ്ദ രത്‌നാകരം ആയിരുന്നു എന്നത് അദ്ദേഹത്തിന്റെ ദീർഘദൃഷ്ടിയുടെ തെളിവാണ്. ഈ കാലഘട്ടത്തിലാണ് കംപ്യൂട്ടറിൻറ്റെ വിപുലമായ സാദ്ധ്യതകൾ ഉൾക്കൊള്ളാനായി ലിപിമാനനീകരണത്തിനു തുടക്കം കുറിച്ചത്. മലയാള ഭാഷയെ ആധുനീകരിക്കാൻ അദ്ദേഹം നൽകിയ വലിയ സംഭാവനകളിൽ ഒന്നായിരുന്നു ഈ നടപടി. അതുപോലെ 109 ശാസ്ത്രഗ്രന്ഥങ്ങൾ ഒരുമിച്ചു പ്രസിദ്ധീകരിച്ചു അന്നത്തെ രാഷ്ട്രപതിയും ശാസ്ത്രജ്ഞനുമായിരുന്ന ഡോ .എ.പി.ജെ.അബ്ദുൾകലാമിനെക്കൊണ്ട് പ്രകാശനം ചെയ്യാൻ സാധിച്ചത് മലയാള ഭാഷക്ക് തന്നെ വലിയ നേട്ടമായി മാറി.
2001-2004 കാലഘട്ടത്തിൽ ശ്രീ. എം.എം.ഹസ്സൻ നോർക്ക-പൊതുജന സമ്പർക്ക വകുപ്പിന്റെ മന്ത്രിയായിരുന്നപ്പോൾ, അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായി പ്രവർത്തിച്ച ഡോ .തമ്പാൻ മന്ത്രിക്കെതിരെ ഒരു വിധത്തിലുള്ള അഴിമതി ആരോപണത്തിനും ഇടനൽകാതെയും, ഒരു പോറൽ പോലും ഏൽക്കാതെ അദ്ദേഹത്തെ സംരക്ഷിച്ചു നിർത്തിയതിലും വലിയ പങ്കാണ് വഹിച്ചത്. നോർക്കയുടെ എം.ഡി സ്ഥാനത്തു ഒഴിവുവന്നപ്പോൾ, എന്നോട് ആ സ്ഥാനം ഏറ്റെടുക്കാൻ പറഞ്ഞത് ഞാൻ ഇന്നും നന്ദിപൂർവം ഓർക്കുന്നു. എന്നാൽ സ്റ്റേറ്റ് പ്രോട്ടോകോൾ ഓഫീസർ പദവിയിൽ നിന്നും മാറാൻ താല്പര്യമില്ലാതിരുന്നതിനാൽ, ആ സ്ഥാനം ഏറ്റെടുക്കാൻ എനിക്ക് സാധിച്ചില്ല. എ.കെ.ആൻ്റണി മുഖ്യമന്ത്രി സ്ഥാനം രാജിവച്ചതോടെ എം.എം.ഹസ്സനും മന്ത്രിസ്ഥാനം ഒഴിഞ്ഞു. ഡോ . തമ്പാനെ പിന്നീട് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി സർവവിജ്ഞാന കോശം ഡയറക്ടർ ആയി നിയമിച്ചു. അതുവരെയും, സർവ്വവിജ്ഞാനകോശത്തിന് സ്വന്തമായി ഒരു ആസ്ഥാനമില്ലാതെ വാടക കെട്ടിടങ്ങളിലായിരുന്നു പ്രവർത്തിച്ചിരുന്നത്. സ്വന്തമായി സർവവിജ്ഞാന കോശത്തിനു ഒരു ആസ്ഥാനമെന്ന സ്വപ്‌നം സാധിതമാക്കുകയെന്നതായി അദ്ദേഹത്തിന്റെ അടുത്ത ശ്രമം. ആയിടക്കാണ് മന്ത്രിമന്ദിരമായി ഉപയോഗിച്ചിരുന്ന ജഗതിയിലെ "കൽപ്പന" എന്ന ബംഗ്ലാവ് ഒഴിവുവന്നത്. ഇത് എങ്ങിനെയോ അറിഞ്ഞ ഡോ .തമ്പാൻ ആ ബംഗ്ലാവ് സർവ വിജ്ഞാന കോശത്തിനു ഓഫീസായി നൽകണമെന്ന നൽകണമെന്ന ആവശ്യവുമായി സർക്കാരിനെ സമീപിച്ചു. മന്ത്രി മന്ദിരങ്ങളുടെ ഉടമസ്ഥത ടൂറിസം വകുപ്പിനാണ്. മന്ത്രിമാർ പോലും വാടകക്ക് പ്രൈവറ്റ് കെട്ടിടങ്ങളിൽ താമസിക്കുമ്പോൾ ഒരു മന്ത്രി മന്ദിരം ഓഫീസിനായി നൽകണമെന്ന ആവശ്യം ടൂറിസം വകുപ്പ് കേട്ടപാടെ തന്നെ തള്ളി. ഉടമസ്ഥാവകാശം ടൂറിസം വകുപ്പിനാണെങ്കിലും, ബംഗ്ലാവ് അല്ലോട്മെന്റും, നിയന്ത്രണവും സ്റ്റേറ്റ് പ്രോട്ടോകോൾ ഓഫീസിനായിരുന്നു. അതിനാൽ ടൂറിസം വകുപ്പിൽ നിന്നും സർവ വിജ്ഞാനകോശത്തിണ്റ്റെ ആവശ്യം തള്ളണമെന്ന നിർദേശവുമായി ഫയൽ സ്റ്റേറ്റ് പ്രോട്ടോകോൾ ഓഫീസർ എന്ന നിലയിൽ ലേഖകന് വന്നു. സർവ വിജ്ഞാന കോശത്തിന്റെ ആവശ്യം കാലേകൂട്ടി ഡോ .തമ്പാൻ വന്നു പറഞ്ഞതിനാൽ, മറിച്ചൊരു തീരുമാനമെടുക്കാതെ ഫയൽ മുഖ്യമന്ത്രിക്ക് നൽകി. അങ്ങിനെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഇടപെടലിലൂടെയാണ് "കൽപ്പന" ബംഗ്ലാവ്, വിജ്ഞാന കോശത്തിനു നൽകിക്കൊണ്ടുള്ള "കൽപ്പന സർക്കാർ ഇറക്കിയത്.
2011 ൽ ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിലേറിയപ്പോൾ അദ്ദേഹം വീണ്ടും ഭാഷ ഇൻസ്റ്റിട്യൂട് ഡയറക്ടറായി നിയമിതനായി. ഉമ്മൻ ചാണ്ടി സർക്കാർ അധികാരത്തിലേറിയ ഉടൻ തന്നെ 100 ദിന കര്മപരിപാടി പ്രഖ്യാപിച്ചു. 100 ദിവസങ്ങൾക്കുള്ളിൽ വിവിധവകുപ്പുകളിൽ 100 പരിപാടികൾ നടപ്പിലാക്കുകയായിരുന്നു ഉദ്ദേശം. അന്ന് ലേഖകൻ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി ജോലി ചെയ്യുകയായിരുന്നു. മുഖ്യമന്ത്രിയെപ്പോലും അതിശയിപ്പിച്ചുകൊണ്ടു ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് 100 ദിവസം കൊണ്ട് 141 പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു ലിംക ബുക്ക് ഓഫ് റെക്കോർഡ്‌സിൽ ഇടം നേടി. ഈ പുസ്തകങ്ങൾ എല്ലാം ഒരുമിച്ചു ഒരേ വേദിയിൽ വച്ചാണ് 2011 സെപ്തംബര് 12 ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി പ്രകാശനം ചെയ്തത്. ആ സർക്കാരിന്റെ അഞ്ചു വർഷ കാലാവധിക്കുള്ളിൽ 1600 ഓളം പുസ്തകങ്ങളാണ് ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ചത്. ഇന്ത്യൻ ഭാഷകളിൽ ആദ്യമായി അംബേദ്‌കർ കൃതികൾ സമ്പൂർണമായി 40 വാള്യങ്ങളിലായി പ്രസിദ്ധീകരിച്ചതും ഈ കാലഘട്ടത്തിലായിരുന്നു.
മലയാളഭാഷക്ക് ഡോ . മന്മോഹന്സിങ്ങിൻറ്റെ കേന്ദ്ര സർക്കാരും, ഉമ്മൻചാണ്ടി സർക്കാരും നൽകിയ ഒരു വലിയ സംഭാവനയാണ് മലയാളത്തിന് നൽകിയ ശ്രേഷ്‌ഠ ഭാഷ പദവി. മലയാളത്തിന് 1500 വർഷത്തെ പഴക്കമില്ലെന്നു പറഞ്ഞാണ് കേന്ദ്ര സാഹിത്യ അക്കാഡമി ഈ പദവി നമുക്ക് നിഷേധിച്ചത്. ശ്രേഷ്‌ഠ പദവി ലഭിക്കുന്നതിന് കേന്ദ്ര സർക്കാരിന് സമർപ്പിക്കാനുള്ള റിപ്പോർട്ട് തയ്യാറാക്കാൻ ഓ.എൻ.വി ചെയർമാനും, പുതുശ്ശേരി രാമചന്ദ്രൻ പ്രസിഡണ്ടും, നടുവട്ടം ഗോപാലകൃഷ്ണൻ കൺവീനറായും ഒരു കമ്മിറ്റിയെ സർക്കാർ നിയോഗിച്ചു. ഈ കമ്മിറ്റിക്ക് ആവശ്യമായ രേഖകൾ സംഘടിപ്പിച്ചു നല്കാൻ മുന്നിൽ നിന്നത് ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ എന്ന നിലയിൽ ഡോ . തമ്പാനായിരുന്നു. സമിതി സംസ്ഥാന സർക്കാരിന് നൽകിയ റിപ്പോർട്ടും ഡോ .തമ്പാൻ നൽകിയ കുറിപ്പുകളുമായാണ് മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഡൽഹിയിൽ പോയി പ്രധാനമന്ത്രി മൻമോഹൻ സിംഗിനെ കണ്ടു മലയാളത്തിനു ശ്രേഷ്ഠഭാഷാ പദവി നൽകേണ്ട ആവശ്യകത ബോധ്യപ്പെടുത്തിയത്. മലയാള ഭാഷ ഉള്ളിടത്തോളം കാലം ശ്രേഷ്ഠഭാഷാ പദവിക്ക് വേണ്ടി ശ്രമിച്ച ഉമ്മൻചാണ്ടിയെയും, മുൻ സാംസ്‌കാരിക വകുപ്പ് മന്ത്രി കെ.സി. ജോസഫിനെയും, ഓ.എൻ.വി., പുതുശ്ശേരി, സുഗതകുമാരി, അന്നത്തെ ചീഫ് സെക്രട്ടറി കെ.ജയകുമാർ എന്നിവരെയും ഡോ .തമ്പാനെയും ആർക്കും വിസ്മരിക്കാൻ സാധിക്കുകയില്ല. മലയാള ഭാഷയുടെ ചരിത്രത്തിൽ തങ്ക ലിപികളാൽ ഇവരുടെ പേര് എഴുതി ചേർക്കപ്പെട്ടുകഴിഞ്ഞു എന്നതാണ് വാസ്തവം.
അഡ്വ.പി.എസ് .ശ്രീകുമാർ
( ഗ്രന്ഥകാരനും, മുൻ സർക്കാർ സ്പെഷ്യൽ സെക്രട്ടറിയുമായിരുന്ന ലേഖകൻ ശ്രീ.ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോൾ അദ്ധേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു.)
No comments:
Post a Comment