Wednesday, 22 January 2025

    


       ട്രംപ്  അമേരിക്കയെ സുവർണ യുഗത്തിലേക്ക് നയിക്കുമോ ?

പി.എസ് .ശ്രീകുമാർ 

അമേരിക്കയുടെ ചരിത്രത്തിൽ ആദ്യമായാണ്  കുറ്റം ചെയ്തു എന്ന് കോടതി  കണ്ടെത്തിയ ഒരു പ്രസിഡന്റ്   സത്യപ്രതിജ്ഞ ചെയ്‌ത്‌  അധികാരമേൽക്കുന്നത്.  2016 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഡൊണാൾഡ് ട്രംപ്      രേഖകളിൽ   വരുത്തിയ കൃത്രിമങ്ങളാണ്  കോടതിയിൽ തെളിയിക്കപ്പെട്ടത്. എന്നാൽ  വീണ്ടും  പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിൽ   ട്രംപിനെ ജഡ്‌ജി  കു റ്റവിമുക്ക്തനാക്കി വിധി പ്രസ്താവിക്കുകയാണ് ചെയ്തത്.   2025 ജനുവരി 20 നു  അധികാരമേറ്റെടുത്തശേഷം   രാഷ്ട്രത്തെ അഭിസംബോധന  ചെയ്‌ത്‌  അദ്ദേഹം നടത്തിയ  പ്രസംഗം   തെരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളിൽ പറഞ്ഞെ കാര്യങ്ങളുടെ തനിയാവർത്തനമായിരുന്നു. വ്യത്യസ്‌തമായി അദ്ദേഹം പറഞ്ഞത് ,  അമേരിക്കയുടെ സുവർണ്ണ യുഗം ആരംഭിച്ചെന്നും, അമേരിക്ക ശരിക്കും  സ്വതന്ത്രമായത്  അദ്ദേഹം അധികാരമേറ്റെടുത്തതോടെയാണെന്നുമായിരുന്നു.  

പ്രസിഡന്റ് എന്ന നിലയിൽ അദ്ദേഹം നടപ്പിലാക്കുവാൻ ഉദ്ദേശിക്കുന്ന പ്രധാന നയങ്ങൾ ഓരോന്നായി   ക്യാപിറ്റോൾ  അരീനയിലെ  ക്ഷണിക്കപ്പെട്ട  അതിഥികൾക്ക് മുമ്പാകെ അദ്ദേഹം  അവതരിപ്പിച്ചു. തെരഞ്ഞെടുപ്പുകാലത്തു  ജനങ്ങളെ  തൻറ്റെ  ഒപ്പം അണിനിരത്താൻ അദ്ദേഹം ശക്തമായി ഉന്നയിച്ചുപോന്ന മെക്‌സിക്കൻ  അതിർത്തി അടക്കുമെന്ന പ്രഖ്യാപനമായിരുന്നു ആദ്യത്തേത് .അധികാരമേറ്റെടുത്തു മണിക്കൂറുകൾക്കകം, ബൈഡൻ ഭരണകൂടം ഇറക്കിയ 78   ഉത്തരവുകൾ റദ്ദാക്കുന്നതുൾപ്പെടെ  118 ഉത്തരവുകളിലാണ്  ട്രംപ് ഒപ്പുവച്ചത്.  അതിർത്തിയിൽ അടിയന്തിരാവസ്ഥ  പ്രഖ്യാപിക്കുമെന്നും, ഒരാൾ പോലും അതിർത്തി  കടന്നു  അമേരിക്കയിൽ പ്രവേശിക്കുന്നില്ലെന്ന്  ഉറപ്പുവരുത്തുവാൻ  സൈന്യത്തെ നിയോഗിക്കുമെന്നും അദ്ദേഹം പ്രഖ്യാപിക്കുകയും, അതിനനുസരിച്ചു ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു.  

  അനധികൃതമായി അമേരിക്കയിൽ കുടിയേറിയിട്ടുള്ള  എല്ലാ കുടിയേറ്റക്കാരെയും പുറത്താക്കാനുള്ള ഉത്തരവിലും,   ആദ്യപ്രസംഗത്തെ തുടർന്ന് അദ്ദേഹം ഒപ്പുവച്ചു.  2022  ജനുവരി 1 ലെ അമേരിക്കൻ ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പിൻറ്റെ  സ്ഥിതിവിവര കണക്കുപ്രകാരം  അമേരിക്കയിൽ ആകെ 11 ദശലക്ഷം  അനധികൃത കുടിയേറ്റക്കാരുണ്ട്.  ഇതിൽ ബഹുഭൂരിപക്ഷവും മെക്സിക്കോയിൽ നിന്നുമാണ്. അവിടെനിന്നും 4.4   ദശലക്ഷം പേരാണ്  അനധികൃതമായി  കുടിയേറിയിട്ടുള്ളത്.  രണ്ടാമതുള്ളത്  എൽ-സാൽവദോറിൽ നിന്നുള്ളവരാണ്. അവിടെനിന്നും  നിയമ വിരുദ്ധമായി കുടിയേറിയിട്ടുള്ളത് 7, 50,000  പേരാണ്.  മൂന്നാം സ്ഥാനത്തു നിൽക്കുന്നത് ഇന്ത്യയാണ്. 7,25,000  അനധികൃത കുടിയേറ്റക്കാരാണ്  അവിടെയുള്ളത്.  ഇതിൽ ഏറിയ പങ്കും  പഞ്ചാബിൽ നിന്നും ,  ഗുജറാത്തിൽ നിന്നുമുള്ളവരാണ്. എന്നാൽ ഇന്ത്യയിൽ നിന്നും    നിയമവിരുദ്ധമായി കുടിയേറിയിട്ടുള്ളവർ   20,000 ൽ താഴെയേയുള്ളുവെന്നും, നിയമവിരുദ്ധമായി വന്നവരിൽ  ഭൂരിപക്ഷംപേർക്കും  വർക്ക് പെർമിറ്റ്  ലഭിച്ചിട്ടുണ്ടെന്നുമാണ്    അമേരിക്കയിലെ ഇന്ത്യൻ സമൂഹത്തിലെ  ചിലർ പറയുന്നത്. ഏതായാലും ഇതിന്റെ സത്യാവസ്ഥ അറിയേണ്ടതുണ്ട്.  നിയമ വിരുദ്ധമായി കുടിയേറിയവരിൽ ഏറെയും  ഫ്ലോറിഡ, ടെക്‌സാസ് , ന്യൂയോർക്, ന്യൂ ജേഴ്‌സി തുടങ്ങിയ സംസ്ഥാനങ്ങളിലാണുള്ളത്. മാത്രമല്ല, അനധികൃത കുടിയേറ്റക്കാരുടെ അമേരിക്കയിൽ ജനിച്ച കുട്ടികളുടെ അമേരിക്കൻ പൗരത്വം റദ്ധാക്കി അവരെയും മടക്കിവിടാനാണ് ട്രംപ് ഉത്തരവിറക്കിയത്. ഉത്തരവ് ഇറക്കിയിട്ടുണ്ടെങ്കിലും, ഇത്രയും  ആളുകളെ മടക്കിവിടുക അത്ര എളുപ്പമാവില്ല.  വലിയ ചെലവിന് പുറമെ, നിയമ കുരുക്കുകളും  ഉണ്ടാകാൻ സാധ്യതയുണ്ട്.

മൂന്നാം ലിംഗക്കാരായി അംഗീകരിച്ചിട്ടുള്ള LGBTQ  സമൂഹത്തിന്  നിലവിൽ  നൽകിയിട്ടുള്ള അംഗീകാരം എടുത്തുകളയാനും ട്രംപ് ഉത്തരവിറക്കി.  സൈന്യത്തിൽ ജോലിചെയ്യുന്ന മൂന്നാം ലിംഗക്കാരെയെല്ലാം പിരിച്ചുവിടും. ഏകദേശം  2.5 കോടിയിലേറെ പേരാണ്  മൂന്നാം ലിംഗക്കാരായി  അമേരിക്കയിലുള്ളത്. ഇനി അമേരിക്കയിൽ പുരുഷന്മാരും, സ്ത്രീകളും മാത്രമേ ഉണ്ടാകു.  വളരെയേറെ സാമൂഹ്യ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന തീരുമാനമാണിത്.  

2020 ലെ  തെരഞ്ഞെടുപ്പിൽ അട്ടിമറി ആരോപിച്ച    ട്രംപ്, തോൽവി സമ്മതിക്കാതെ   അണികളെ ഇളക്കിവിട്ടു. അന്ന് ക്യാപിറ്റോൾ  മന്ദിരം ആക്രമിച്ച 1500 ഓളം അക്രമകാരികൾക്കെതിരെ ബൈഡൻ ഭരണകൂടം സ്വീകരിച്ച നിയമനടപടികളെല്ലാം പ്രസിഡന്റ്റിന്റെ  വിശേഷാധികാരമുപയോഗിച്ചു ട്രംപ് റദ്ദാക്കി.

ചൈനീസ്  കമ്പനിയായ ടിക്-ടോക് നിരോധിച്ചുകൊണ്ടുള്ള തീരുമാനം ട്രംപ് 90  ദിവസത്തേക്ക് നീട്ടി.അതിനുള്ളിൽ ഒരു അമേരിക്കൻ കമ്പനിക്ക് ടിക്-ടോക് വിൽക്കണമെന്നാണ് വ്യവസ്ഥ ചെയ്തിട്ടുള്ളത്. കമ്മ്യൂണിസ്റ്റ് രാജ്യമായ ക്യൂബയെ വീണ്ടും ഭീകര രാഷ്ട്രമായി  പ്രഖ്യാപിക്കുന്ന ഉത്തരവിലും ട്രംപ് ഒപ്പുവച്ചു.

   ട്രംപിന്റ്റെ  മറ്റൊരു പ്രധാന പ്രഖ്യാപനം അമേരിക്കയിലെ എണ്ണ  നിക്ഷേപം പരമാവധി ഉപയോഗിക്കണമെന്നതാണ്.  വർധിത ഉത്പ്പാദനത്തിലൂടെ  എണ്ണയുടെ  ഉത്പ്പാദനവും, കയറ്റുമതിയും കൂട്ടി അതുവഴി  അമേരിക്കയിലെ വിലക്കയറ്റം കുറക്കാമെന്നും, വർധിത വരുമാനത്തിലൂടെ കൂടുതൽ വ്യവസായങ്ങൾ  ആരംഭിക്കുവാൻ സാധിക്കുമെന്നും അതിലൂടെ   അമേരിക്ക കൂടുതൽ സമ്പന്നമാകുമെന്നുമാണ്   അദ്ദേഹം പ്രതീക്ഷിക്കുന്നത്.  അതോടൊപ്പം ഇലക്ട്രിക്ക് വാഹനങ്ങൾക്ക് നൽകിയിരുന്ന പ്രത്യേക ആനുകൂല്യങ്ങൾ എടുത്തുകളയുകയും ചെയ്തു.  ഈ  നടപടികളിലൂടെ  പ്രകൃതിക്കു സംഭവിക്കുന്ന ആഘാതം ട്രംപിന്റ്റെ  വിഷയമല്ല!  

ഗാസയിലെ യുദ്ധവിരാമം 

ഗാസയിലെ  യുദ്ധവിരാമത്തിന്  മുൻകൈ എടുത്തത് പ്രസിഡന്റ് ജോ ബൈഡൻ  ആയിരുന്നെങ്കിലും  അതിൻറ്റെ  നേട്ടം   കൊയ്തത്  ട്രമ്പാണ്.  പ്രസിഡന്റ് ആയി അധികാരമേറ്റെടുക്കുന്നതിനു മുമ്പ് തന്നെ  യുദ്ധത്തിന് താത്ക്കാലിക വിരാമമായത്  ലോകസമാധാനത്തിന് ഉതകുന്ന ഒരു നടപടിയായി   ചിലരെങ്കിലും കരുതുന്നു.  റഷ്യ-ഉക്രയിൻ  യുദ്ധവിരാമത്തിനും  ട്രംപിന്റ്റെ  ഈ നിലപാട് സഹായകമാകുമെന്ന പ്രതീക്ഷ ഉയർത്തുവാൻ ഇത്  ഇടയാക്കി.  

തകിടം മറിയുന്ന കാലാവസ്ഥ ഉടമ്പടികൾ 

ആഗോളതലത്തിൽ  ചലനമുണ്ടാക്കുന്ന  ഒട്ടേറെ  നയപ്രഖ്യാപനങ്ങൾ  ട്രംപ് നടത്തി. പാരീസ് കാലാവസ്ഥ  ഉടമ്പടിയിൽ നിന്നും  അമേരിക്ക പിൻവാങ്ങുമെന്നതാണ്  ഒരു പ്രധാന നയം മാറ്റം. അതുപോലെതന്നെ  എല്ലാ അന്താരാഷ്ട്ര കാലാവസ്ഥ ഉടമ്പടികളിൽ നിന്നും പിൻവാങ്ങാനുള്ള നടപടികൾ അദ്ദേഹം കൈക്കൊള്ളും.  ലോകാരോഗ്യ സംഘടനക്ക്  അമേരിക്ക  നൽകുന്ന ധന സഹായം  നിർത്തലാക്കുവാനുള്ള  തീരുമാനത്തിലും  ട്രംപ്  ഒപ്പിട്ടു. 

 മെക്സിക്കോ ഉൾക്കടലും, ഗ്രീൻലൻഡും  

വിദേശ നയവുമായി  ബന്ധപ്പെട്ട്  ആശങ്ക ഉണ്ടാക്കുന്ന ചില പ്രഖ്യാപനങ്ങൾ അദ്ദേഹം നടത്തിയതിൽ  പ്രധാനമാണ്  മെക്‌സിക്കോ  ഉൾക്കടലിൻറ്റെ  പേര്  അമേരിക്കൻ ഉൾക്കടൽ എന്നാക്കി മാറ്റുമെന്നുള്ളത്.  ഈ പ്രഖ്യാപനത്തെ മെക്സിക്കോ നഖശിഖാന്തം  എതിർക്കുന്നു.  അതുപോലെ ,   അമേരിക്കയുടെ സുരക്ഷിതത്വം ഉറപ്പു വരുത്തുവാൻ,  ഗ്രീൻലാൻഡ്  ഡെന്മാർക്കിൽ നിന്നും  തങ്ങൾക്കു വേണമെന്ന ട്രംപിന്റ്റെ  വാദത്തെ ഡെൻമാർക്ക്‌ സർക്കാർ ശക്തിയുക്തം എതിർത്തിരിക്കുകയാണ്.  അമേരിക്കയുടെ ഒരു വ്യോമ താവളം ഇപ്പോൾ തന്നെ ഗ്രീന്ലാന്ഡിൽ  ഉണ്ട്. അത്  ശക്തിപ്പെടുത്തുന്നതിൽ വിരോധമില്ലെന്നും എന്നാൽ ഗ്രീൻലാൻഡിനെ അമേരിക്കയിൽ ചേർക്കണമെന്ന നിർദേശം സ്വീകാര്യമല്ലെന്നും  ഡെൻമാർക്ക്‌   അസന്നിഗ്ദ്ധമായി  പ്രഖ്യാപിച്ചു. മാത്രമല്ല,  രാജ്യങ്ങളുടെ അതിർത്തി തൊട്ട് അമേരിക്ക കളിക്കരുതെന്ന്  വിവിധ യൂറോപ്യൻ രാജ്യങ്ങളിലെ നേതാക്കളും  ട്രംപിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതെല്ലം അവഗണിച്ച്  ട്രംപ് സൈനികമായി ഗ്രീൻലാൻഡ് പിടിച്ചെടുക്കാൻ ശ്രമിച്ചാൽ, യൂറോപ്പിലെ വിവിധ രാജ്യങ്ങളുമായുള്ള അമേരിക്കയുടെ ബന്ധത്തെയും, നാറ്റോ സഖ്യത്തിൻറ്റെ  നിലനില്പിനെയും  അത് ബാധിക്കും. 

പനാമ കനാൽ  നിയന്ത്രണം 

പനാമ കനാൽ  അമേരിക്കക്കു തിരികെ വേണമെന്ന ട്രംപിന്റെ വാദത്തെ പനാമ സർക്കാരും  അവിടത്തെ ജനങ്ങളും  എതിർക്കുന്നു. അറ്റ്ലാന്റിക് സമുദ്രത്തെയും, പസിഫിക് സമുദ്രത്തെയും തമ്മിൽ  ബന്ധിപ്പിക്കുന്ന ഏറ്റവും ദൂരം കുറഞ്ഞ കൃത്രിമ കനാലാണ്  പനാമ കനാൽ. 16 ആം നൂറ്റാണ്ടുമുതൽ  കനാൽ നിർമാണത്തിനായി സ്പെയിൻ, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങൾ ശ്രമിച്ചു പരാജയപ്പെട്ട  സ്ഥാനത്താണ് അന്നത്തെ അമേരിക്കൻ  പ്രസിഡന്റ് റൂസ്‌വെൽറ്റ് മുൻകൈ എടുത്തു   കനാൽ നിർമാണത്തിനായി, 1904  ൽ പനാമ സർക്കാരുമായി  ഉടമ്പടി വച്ചത്. നിർമാണം പൂർത്തിയാക്കി കനാൽ ഉദ്‌ഘാടനം ചെയ്തത് 1914  ഓഗസ്റ്റ് 15 നായിരുന്നു.  ഇതിനിടക്ക്  കനാൽ നിയന്ത്രണം അമേരിക്കയിൽ നിന്നും  തിരികെ വാങ്ങാൻ പനാമയിൽ  പ്രക്ഷോഭങ്ങൾ നടന്നു. ഒടുവിൽ  പ്രസിഡന്റ് ജമ്മു കാർട്ടറാണ്  പനാമ കനാലിന്റെ നിയന്ത്രണം  തിരികെ പണമാക്കി നൽകിക്കൊണ്ട് 1977 ൽ  കരാർ ഒപ്പിട്ടത്.  അമേരിക്കൻ ഷിപ്പിംഗ് കമ്പനികളിൽ നിന്നും  വലിയ നിരക്കിൽ ചുങ്കം  ഈടാക്കുന്നെന്ന ആരോപണമുന്നയിച്ചാണ്  പനാമ കനാൽ വേണ്ടിവന്നാൽ സൈനിക ശക്തി ഉപയോഗിച്ച് ഏറ്റെടുക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചിരിക്കുന്നത്.ട്രംപിന്റെ ഏകപക്ഷീയമായ പ്രസ്താവനക്കെതിരെ  ലാറ്റിൻ അമേരിക്കൻ രാജ്യങ്ങൾ ശക്തിയായി  പ്രതിഷേധച്ചിരിക്കയാണ്.

ഇന്ത്യയുമായുള്ള ബന്ധം 

             ഡോ .മൻമോഹൻസിംഗ്  പ്രധാനമന്ത്രിയായിരുന്ന അവസരത്തിൽ  2008  ഒക്ടോബർ   10 ന്   അമേരിക്കയുമായി  ഒപ്പുവച്ച  സിവിൽ ന്യൂക്ലിയർ  കരാറുമുതൽ,  ഇന്ത്യ-അമേരിക്ക ബന്ധത്തിൻറ്റെ  ഗ്രാഫ്  ഉയർന്നുവരികയായിരുന്നു.  ആ സൗഹൃദത്തിന് അൽപ്പം ഉലച്ചിൽ തട്ടിയത് , ഇന്ത്യയുമായി നല്ല ബന്ധത്തിലായിരുന്ന,   ബംഗ്ലാദേശിലെ  ഷെയ്ഖ് ഹസീനയെ  അട്ടിമറിക്കാൻ  താൽക്കാലിക സർക്കാരിന്റെ തലവനായ  മുഹമ്മദ് യൂനസിനെയും, ജമാ അത്തിൻറ്റെ  നേതൃത്വത്തിലുള്ള  തീവ്രവാദ സ്വഭാവമുള്ള  ചില സംഘടനകളെയും,  ബൈഡൻ ഭരണകൂടം  പിറകിൽ  നിന്ന് സഹായിച്ചു എന്ന  ആരോപണം ഉയർന്നതോടെയാണ്.   ഏതായാലും കഴിഞ്ഞ ഒരു ദശകമായി അമേരിക്കയുമായി  പ്രതിരോധ രംഗത്തും, വാണിജ്യ രംഗത്തും നമുക്കുള്ള ബന്ധം അടിക്കടി  സുദൃഢമായി വരികയായിരുന്നു. ഇതിനു തടസ്സമാകുന്ന  നിലയിൽ  മുഹമ്മദ്  യൂനസിന്  അനുകൂലമായി ബൈഡൻ ഭരണകൂടം എടുത്ത നിലപാട് പുനഃപരിശോധിക്കാൻ  ട്രംപ് തയ്യാറാകുമെന്നാണ് പ്രതീക്ഷ.

താരിഫ് കുറക്കാൻ നിർബന്ധിതമാകും 

 അമേരിക്കയുമായുള്ള ഇന്ത്യയുടെ   2023 ലെ ഉഭയകക്ഷി വാണിജ്യം 190  ബില്യൺ ഡോളറായിരുന്നു .  അതേസമയം  ചൈനയുമായി 575 ബില്യൺ ഡോളറും, കാനഡയുമായി  908 ബില്യൺ ഡോളറും, മെക്സിക്കോയുമായി 807 ബില്യൺ ഡോളറുമായിരുന്നു 2023 ലെ അമേരിക്കയുടെ വ്യാപാരം  . ശക്തരായ  മറ്റു രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യയുമായുള്ള വാണിജ്യ ഇടപാട് തുലോം കുറവാണ്.  എന്നിട്ടും, ഇന്ത്യ താരിഫ് രാജാവാണെന്ന്  പല സന്ദർഭങ്ങളിലും  ട്രംപ് ആരോപിച്ചിട്ടുണ്ട്.  ഇന്ത്യ 100 ശതമാനം താരിഫാണ് ഏർപ്പെടുത്തിയിട്ടുള്ളതെന്നും, അങ്ങിനെയെങ്കിൽ അതേരീതിയിൽ തന്നെ ഇന്ത്യക്കുമേലും, താരിഫ് ചുമത്തുമെന്ന് ഡിസംബർ 16 ന്  ഒരു മീറ്റിംഗിൽ ട്രംപ്  വ്യക്തമാക്കി. അതിനാൽ, പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കുന്ന  ട്രംപ്,   അമേരിക്കയിൽ നിന്നുമുള്ള വാഹനങ്ങൾ ഉൾപ്പെടെയുള്ള  ഇറക്കുമതികൾക്കു മേൽ ഇന്ത്യ ചുമത്തുന്ന താരിഫ്  കുറക്കാൻ   ശക്തമായി ആവശ്യപ്പെടുമെന്നു കാര്യത്തിൽ സംശയമില്ല.    ഹാർലി ഡേവിഡ്സൺ  ബൈക്കുകൾക്ക്   ഇന്ത്യ അമിതമായ താരിഫാണ് ഏർപ്പെടുത്തിയിട്ടുള്ളതെന്ന്   ഈ അടുത്തകാലത്തും  ട്രംപ് ആരോപണമുന്നയിച്ചിരുന്നു.  ട്രംപിന്റ്റെ  ഈ ആവശ്യം പരിഗണിക്കുമെന്ന് വാണിജ്യ മന്ത്രി പീയുഷ് ഗോയൽ ഇന്ത്യ ടുഡേയുടെ  വനിതാ വ്യവസായികളുടെ സംഗമത്തിൽ  ഈ അടുത്ത ദിവസം വ്യക്തമാക്കി. എന്നാൽ,  അമേരിക്കയുടെ  ഈ  ആവശ്യം ഇന്ത്യ പൂർണമായി അംഗീകരിച്ചാൽ, ഇന്ത്യയിൽ നിന്നും   അമേരിക്കയിലേക്കുള്ള കയറ്റുമതികൾ  ആകര്ഷകമല്ലാതെയാകും. അത് നമ്മുടെ വ്യവസായ സ്ഥാപനങ്ങളെ ബാധിക്കും. അതിനാൽ തന്ത്രപരമായ നിലപാട് ഇക്കാര്യത്തിൽ സ്വീകരിക്കേണ്ടിവരും.

 ട്രംപ് ഏറ്റവും കൂടുതൽ പ്രാധാന്യം കൊടുക്കുക ചൈനയുമായുള്ള വാണിജ്യ ഇടപാടിലെ കമ്മി കുറക്കുകയെന്നതിനും, അമേരിക്കൻ ബഹുരാഷ്ട്ര കുത്തക കമ്പനികളെ ചൈനയിൽ നിന്നും മാറ്റുന്നതിനുമായിരിക്കും.  ചൈനയിൽ നിന്നും മാറുന്ന കുറെ കമ്പനികളെയെങ്കിലും,   ഇന്ത്യയിലേക്ക് ആകർഷിക്കാൻ സാധിച്ചാൽ,  അത് നമുക്ക് നേട്ടമാകും.

ഇന്ത്യയിൽ നിന്നുമുള്ള കുടിയേറ്റം ?

അനധികൃത കുടിയേറ്റക്കാർക്കെതിരെ ശക്തമായ നടപടികളുമായി ട്രംപ് പോകുമ്പോൾ  അനധികൃതമായി  കുടിയേറിയ ഇന്ത്യക്കാരെ അത് ബാധിക്കും.  അതുപോലെ,   H1B വിസ നിയമം  ശക്തമാക്കിയത്, ഇൻഫോസിസ്, ടി.സി.എസ്  തുടങ്ങിയ ഇന്ത്യൻ  ടെക്ക് ഭീമന്മാരെ ബാധിക്കാം. ഇവിടെ നിന്നും സാങ്കേതിക വിദഗ്ദ്ധരെ  അമേരിക്കയിലേക്ക് കൊണ്ടുപോകുന്നതിന് പകരം, അമേരിക്കയിൽ നിന്ന് തന്നെ വിദഗ്ധ തൊഴിലാളികളെ റിക്രൂട്  ചെയ്യാൻ കമ്പനികൾ നിർബന്ധിതരാകും.

ട്രംപ് കഴിഞ്ഞ തവണ പ്രസിഡന്റ് ആയിരുന്നപ്പോൾ ഇന്ത്യ-അമേരിക്ക സ്വതന്ത്ര വ്യാപാര കരാർ  നടപ്പിലാക്കുവാനായി ശ്രമിച്ചെങ്കിലും, ചില സാങ്കേതിക കാരണങ്ങളാൽ അത് നടന്നില്ല. എന്നാൽ അടുത്ത ഭരണ കാലയളവിനുള്ളിൽ , ഈ സ്വതന്ത്ര  വ്യാപാര  കരാർ  നടപ്പിലാക്കുവാനുള്ള സാധ്യത ഏറെയാണ്.

ക്വാഡ് ശക്തിപ്പെടുത്തും 

പ്രതിരോധ രംഗത്ത് ഇന്ത്യയുമായി  കൂടുതൽ  സഹകരിക്കാൻ ട്രംപ് താല്പര്യപ്പെടും. കാരണം ഏഷ്യയിൽ ചൈനയെ തളക്കണമെങ്കിൽ ഇന്ത്യ ഒഴിച്ചുകൂടാൻ പറ്റാത്ത  ഒരു രാജ്യമാണെന്ന് അദ്ദേഹത്തിനറിയാം.  അതിനാൽ, പ്രതിരോധരംഗത് സാങ്കേതിക ജ്ഞാനവും, നിർമിത ബുദ്ധി ഉപയോഗിച്ചുള്ള യുദ്ധ മുറകളുടെ  സാങ്കേതിക കൈമാറ്റത്തിനുമുള്ള കരാറുകൾ  ഇന്ത്യയുമായി ഒപ്പുവെക്കുവാൻ അമേരിക്ക തയ്യാറാകും.   മാത്രമല്ല, ചരക്ക്  നീക്കങ്ങൾക്ക്  ഇൻഡോ-പസിഫിക്  മേഖല വളരെ നിർണ്ണായകമാണ്. കടൽ വഴിയുള്ള ആഗോള  ചരക്കുനീക്കത്തിൻറ്റെ   60  ശതമാനം കടന്നുപോകുന്നത്  ഇൻഡോ-പസിഫിക് കടൽ മേഖലയിലൂടെയാണ്. അമേരിക്കയുടെ കടൽ   വഴിയുള്ള ചരക്കുനീക്കത്തിൻറ്റെ  ശിരാകേന്ദ്രം  ഇൻഡോ-പസിഫിക് ആണ്.  അതിനാൽ ഈ മേഖലയിൽ ചൈന ഉൾപ്പെടെയുള്ള മറ്റ്  വൻശക്തികളുടെ കടന്നുകയറ്റം അമേരിക്ക എന്തുവിലകൊടുത്തും ചെറുക്കും.    ഇക്കാരണത്താൽ  ക്വാഡ് സഖ്യം( അമേരിക്ക, ഓസ്‌ട്രേലിയ, ഇന്ത്യ,ജപ്പാൻ) ശക്തിപ്പെടുത്താൻ ട്രംപ് പ്രത്യേകം ശ്രദ്ധിക്കും. . ക്വാഡിൻറ്റെ  അടുത്ത ഉച്ചകോടി നടക്കേണ്ടത് ഇന്ത്യയിൽ വച്ചായതിനാൽ, ഈ വര്ഷം തന്നെ ട്രംപ് ഇന്ത്യ സന്ദർശിക്കാനും സാധ്യതയുണ്ട്.  ഏതായാലും അടുത്ത ക്വാഡ് ഉച്ചകോടി  വളരെ പ്രാധാന്യമർഹിക്കുന്ന ഒന്നായി മാറും. 


No comments:

Post a Comment