പടിയിറങ്ങുന്ന ജസ്റ്റിൻ ട്രൂഡോ
ഒടുവിൽ ജസ്റ്റിൻ ട്രൂഡോ രാജിവച്ചു. ഈ രാജി ഒട്ടും അപ്രതീക്ഷിതമല്ലായിരുന്നു . 2021 ലെ ഇടക്കാല പാർലമെൻറ് തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം ലഭിക്കാതിരുന്ന ട്രൂഡോയുടെ ലിബറൽ പാർട്ടിക്ക് രാഷ്ട്രീയ ധാരണയുടെ അടിസ്ഥാനത്തിൽ പിന്തുണ നല്കിവന്നിരുന്ന ന്യൂ ഡെമോക്രാറ്റിക് പാർട്ടിയും, അവരുടെ നേതാവ് ജഗ്‌മീത് സിങ്ങും 2024 സെപ്റ്റംബർ മാസത്തിൽ പിന്തുണ പിൻവലിച്ചതുമുതൽ ഈ രാജി പ്രതീക്ഷിച്ചിരുന്നതാണ്. എന്നാൽ അതിനുശേഷവും അധികാരത്തിൽ തുടരാനായി എൻ.ഡി.പിയുടേതുൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികളുടെ പിന്തുണ മാറി മാറി ചോദിച്ചു വാങ്ങിയാണ് ട്രൂഡോ രാജി തീരുമാനം നീട്ടിക്കൊണ്ടുപോയത്. കാനഡയുടെ ഭരണഘടനയനുസരിച്ച് പ്രധാനമന്ത്രിസ്ഥാനത്തിരിക്കുന്ന നേതാവ് സ്വയം ഒഴിയുന്നതുവരെയോ, അല്ലെങ്കിൽ പാർലമെന്റിൽ അവിശ്വാസപ്രമേയം പാസ്സാകുന്നതുവരെയോ തുടരുവാൻ സാധിക്കും. സ്വന്തം പാർട്ടിയുടെ എം.പി മാരിൽ ബഹുഭൂരിപക്ഷം പേരും ട്രൂഡോ നേതൃ സ്ഥാനം ഒഴിയണമെന്ന് ആവശ്യപ്പെട്ടിട്ടും അതെല്ലാം അവഗണിച്ച അദ്ദേഹം പാർലമെൻറ്ററി പാർട്ടി യോഗം കൂടി അദ്ദേഹത്തെ പുറത്താക്കാൻ തീരുമാനിക്കുന്നതിന് തലേദിവസമാണ് രാജി വക്കാൻ നിർബന്ധിതനായത്. രാജിവച്ചതോടെ, പുറത്താക്കൽ നടപടിയിൽ നിന്നും താത്ക്കാലം രക്ഷപ്പെട്ട് മാനം കാക്കാൻ അദ്ദേഹത്തിന് സാധിച്ചു.
രാജ്യംപോയ രാജകുമാരൻ
പത്തു വർഷത്തിലേറെ അധികാരത്തിനു വെളിയിലായിരുന്ന ലിബറൽ പാർട്ടിയെ , 65 ശതമാനത്തിലേറെപ്പേരുടെ ജനപ്രീതി നേടികൊണ്ടാണ് 2015 ൽ ട്രൂഡോ അധികാരത്തിലെത്തിച്ചതും, ആദ്യമായി പ്രധാനമന്ത്രിയായതും. ജനങ്ങളുമായി ഇഴുകിചേർന്നും , സുതാര്യവും, കയ്യടി നേടുന്നതുമായ പ്രവർത്തനങ്ങളിലൂടെ ഒരു രാജകുമാരനെപ്പോലെയാണ് അദ്ദേഹം ജനഹൃദയങ്ങളിലേക്കു കടന്നുകയറി അധികാര കസേരയിൽ എത്തിയത്. എന്നാൽ, രാജ്യത്തിണ്റ്റെ സാമ്പത്തിക സ്ഥിതി കഴിഞ്ഞ ഏതാനും വര്ഷങ്ങളായി പുറകോട്ടു പോയിരിക്കുകയാണ്. 2023 ലെ സാമ്പത്തിക വളർച്ച നിരക്ക് ഒരു ശതമാനം മാത്രമായിരുന്നു. ജീവിത ചെലവ് ക്രമാതീതമായി ഉയർന്നതിനൊപ്പം തൊഴിലില്ലായ്മ നിരക്ക് 6.5 ശതമാനമായി ഉയർന്നു നിൽക്കുന്നു . കഴിഞ്ഞ 7 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന തൊഴിലില്ലായ്മ നിരക്കാണിത്. വീട്ടുവാടകയിൽ കഴിഞ്ഞ 20 വർഷങ്ങൾക്കിടയിൽ 355 ശതമാനം വർധനവ് ഉണ്ടായത് സാധാരണക്കാരെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. അതിന്റെ ഒരു പ്രധാന കാരണം വർധിച്ചുവരുന്ന കുടിയേറ്റമാണ്. ഏകദേശം അഞ്ചുലക്ഷം പേരാണ് 2023 ൽ ഔദ്യോഗികമായി കാനഡയിലേക്ക് കുടിയേറിയത്. കഴിഞ്ഞ ഒൻപതു വർഷത്തെ ട്രൂഡോ ഭരണത്തിനിടയിൽ മൊത്തം ജനസംഖ്യയുടെ 16 ശതമാനമായി കുടിയേറ്റ സമൂഹം മാറി. ലോകത്തിലെ മറ്റൊരു രാജ്യത്തും ഇതുപോലെ അനിയന്ത്രിതമായ രീതിയിലുള്ള കുടിയേറ്റങ്ങൾ അനുവദിക്കുന്നില്ല. പാർപ്പിട പ്രശ്‍നം അവിടെ രൂക്ഷമായതിന്റെ പ്രധാന കാരണം ട്രൂഡോ അനുവദിച്ച ഉയർന്ന കുടിയേറ്റമാണ്. അതിനു പുറമെയാണ് കുറ്റകൃത്യങ്ങളുടെ പെരുപ്പം കാനഡയിൽ ഉണ്ടായത് . പട്ടാപ്പകൽ പോലും ഭാവന ഭേദനങ്ങളും , മോഷണങ്ങളും, ആക്രമങ്ങളും നടക്കുന്നു. വെടിവെപ്പുകൾ 100 ശതമാനത്തിലേറി വർധിച്ചു. വർഗവിവേചനപരമായ കുറ്റകൃത്യങ്ങൾ 250 ശതമാനം കൂടി.. ഇങ്ങനെയുള്ള നിരവധി ആരോപണങ്ങളാൽ ചുറ്റപ്പെട്ടപ്പോൾ, ട്രൂഡോ ജനങ്ങളുടെ അപ്രീതിക്കു പാത്രമായി. അടുത്തകാലത്ത് നടത്തിയ അഭിപ്രായ സർവ്വേകളിൽ 67 ശതമാനത്തോളം ജനങ്ങൾ അദ്ദേഹത്തിന് എതിരായി മാറി. കഴിഞ്ഞ സെപ്റ്റംബറിൽ ഇപ്‌സോസ് നടത്തിയ അഭിപ്രായ സർവേയിൽ 45 ശതമാനം പേർ പ്രതിപക്ഷമായ കൺസെർവറ്റിവ് പാർട്ടി നേതാവ് പിയർ പോലിയേവിനെ അനുകൂലിച്ചപ്പോൾ, 26 ശതമാനം മാത്രമാണ് ട്രൂഡോക്കു അനുകൂലമായി ഉള്ളത്. . ട്രൂഡോയുടെ ജനപ്രീതി കുറഞ്ഞത് മനസ്സിലാക്കിയാണ് അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സർക്കാരിനുള്ള പിന്തുണ പിൻവലിച്ചുകൊണ്ടു സെപ്റ്റംബറിൽ എൻ ഡി പി നേതാവ് ജഗ്‌മീത്‌സിംഗ് പ്രഖ്യാപനം നടത്തിയത്.
തകർന്ന നയതന്ത്ര ബന്ധങ്ങൾ
ആഭ്യന്തര പ്രശ്നങ്ങൾക്കുപുറമെയാണ് അന്തർദേശിയ തലത്തിൽ ട്രൂഡോക്കുണ്ടായ തിരിച്ചടികൾ. ചൈനീസ് മൊബൈൽ ഉടമയുടെ മകളായ മെങ്ങിനെ അമേരിക്കയിലെ ഒരു കേസുമായി ബന്ധപ്പെട്ട് 2018 ഡിസംബർ 1 നു കാനഡയിലെ വാൻകൂവറിൽ വച്ച് അറസ്റ്റ് ചെയ്തത് ചൈനയെ പ്രകോപിപ്പിച്ചു. അതിനു ബദലായി ഒരു കാനേഡിയൻ പൗരനെ ചൈന അറസ്റ്റ് ചെയ്തു. അതോടെ രണ്ടുരാജ്യങ്ങളും നയതന്ത്രത്തലത്തിൽ അകന്നു തുടങ്ങി. ആ പ്രശ്‍നം കാനഡ-ചൈന വാണിജ്യ ബന്ധങ്ങളെപ്പോലും ബാധിച്ചു. ഇതിനു ശേഷമാണ് ഇന്ത്യയുമായി അകൽച്ചതുടങ്ങിയത്. ഖാലിസ്ഥാൻ ടൈഗർ ഫോഴ്സ് ഉൾപ്പെടെയുള്ള തീവ്രവാദി സംഘടനകളുടെ വളക്കൂറുള്ള മണ്ണായി കാനഡ മാറി. ഇന്ത്യക്കെതിരെ കാനഡയുടെ മണ്ണിൽ നിന്ന് സിഖ് തീവ്രവാദികൾ പ്രവർത്തിക്കുന്ന വിവരം ഇന്ത്യ നയതന്ത്ര തലത്തിൽ ഉന്നയിച്ചു. എന്നാൽ ഈ തീവ്രവാദ പ്രവർത്തനങ്ങൾക്ക് തലോടലാണ് ട്രൂഡോ നൽകിയത്. സിഖ് തീവ്രദാദികൾക്കു കാനഡ നൽകുന്ന അനിയന്ത്രിതമായ സ്വാതന്ത്ര്യം ഒടുവിൽ ഇന്ത്യക്കെതിരെ തിരിഞ്ഞു. സിഖ് ആഘോഷങ്ങൾക്കിടെ നുഴഞ്ഞുകയറിയ സിഖ് ഭീകരർ ഇന്ദിരാഗാന്ധിയുടെ ടാബ്ലോയെ അപമാനിക്കുകയും, ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങളെയും , നയതന്ത്ര ഉദ്യോഗസ്ഥരെയും തുടർച്ചയായി അക്രമിച്ചുകൊണ്ടുമിരുന്നു . അപ്പോഴെല്ലാം അവർക്കു വേണ്ട എല്ലാ സഹായവും ചെയ്തുകൊടുത്തതും അവർക്കു സംരക്ഷണം നൽകിയതും ജഗ്‌മീത് സിങ്ങിന്റ്റെ സ്വാധീന വലയത്തിൽപ്പെട്ട ട്രൂഡോയായിരുന്നു. ഒടുവിൽ സിഖ് ഭീകരനായ ഹർദീപ് സിംഗ് നിജ്ജാർ കൊല്ലപ്പെട്ടപ്പോൾ, ആ കൊലപാതകത്തിന് പിറകിൽ ഇന്ത്യയാണെന്ന് ഒരു തെളിവുമില്ലാതെ ആരോപിച്ചു. അതോടെ ഇന്ത്യ-കാനഡ ബന്ധം ഒരു പൊട്ടിത്തെറിയുടെ വക്കിലെത്തി.
ട്രംപ് ആദ്യ തവണ പ്രസിഡന്റ് ആയിരുന്ന അവസരത്തിൽ ട്രൂഡോയുമായി നല്ല ബന്ധത്തിലായിരുന്നില്ല. ട്രംപ് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടപ്പോൾ അതിൽ ഏറ്റവും കൂടുതൽ ഖിന്നനായ രാഷ്ട്ര നേതാവ് ട്രൂഡോയായിരുന്നു. കാനഡയിൽ നിന്നുമുള്ള എല്ലാ ഇറക്കുമതികൾക്കും 25 ശതമാനം തീരുവ ഏർപ്പെടുത്തുമെന്ന ട്രംപിന്റ്റെ പ്രഖ്യാപനം മറ്റൊരു ഇരുട്ടടിയായി മാറി. ജാള്യത മറച്ചുവച്ചു വിജയാശംസനേരാൻ അദ്ദേഹത്തി ന്റെ ഫ്ലോറിഡയിലെ വസതിയിലെത്തിയ ട്രൂഡോയെ, ട്രംപ് ശരിക്കും അപമാനിച്ചാണ് വിട്ടത്. കാനഡ ഗവർണർ തന്നെ സന്ദർശിച്ചെന്നും, അമേരിക്കയുടെ 51 ആം സംസ്ഥാനമായി മാറാൻ താൻ അദ്ദേഹത്തെ ഉപദേശിച്ചെന്നും ട്രംപ് സാമൂഹ്യ മാധ്യമങ്ങളിൽ കുറിപ്പിട്ടു. അങ്ങിനെ അന്തർദേശിയ രംഗത്തും അപമാനിതനായാണ് ട്രൂഡോ രംഗം വിടുന്നത്
പകരം ആര് ?
2024 രണ്ടാം പാദത്തിൽ രാജ്യത്തിൻറ്റെ വിവിധ ഭാഗങ്ങളിൽ നടന്ന ഉപതെരഞ്ഞെടുപ്പുകളിൽ ഉണ്ടായ പരാജയങ്ങൾക്കുശേഷം ലിബറൽ പാർട്ടിയിൽ ട്രൂഡോയുടെ നേത്ര്യത്വത്തിനെതിരായ അസംതൃപ്തി വർധിച്ചുകൊണ്ടിരിക്കുകയായിരുന്നു. സാധാരണഗതിയിൽ 2025 ഒക്ടോബറിലാണ്ട്രൂ അടുത്ത പാർലമെന്റ്ഡോ തെരഞ്ഞെടുപ് നടക്കേണ്ടത്. തുടർന്നാൽ, ഔദ്യോഗിക പ്രതിപക്ഷമാകാൻ പോലുമുള്ള അംഗസംഖ്യ അടുത്ത പാർലമെന്റ് തെരഞ്ഞെടുപ്പിൽ ലഭിക്കില്ലെന്ന് മനസ്സിലാക്കിയാണ് സ്വന്തം പാർട്ടി അനുയായികൾ പോലും അദ്ദേഹം രാജിവച്ചൊഴിയണമെന്ന് ആവശ്യപ്പെട്ടത്. അദ്ദേഹം രാജിവച്ചതോടെ അടുത്ത മാർച്ച് 24 നു മുമ്പ് പുതിയ നേതാവിനെ തെരഞ്ഞെടുത്താൽ മതിയാകും. ട്രൂഡോയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് രാജിവച്ച ഉപ പ്രധാന മന്ത്രി ക്രിസ്ത്യ ഫ്രീലാൻഡ്, കാനേഡിയൻ കേന്ദ്ര ബാങ്കിൻറ്റെ മുൻ ഗവർണർ മാർക്ക് കാർണി, ധന മന്ത്രി ഡൊമിനിക് ലെ ബ്ലാങ്ക്, ഇന്ത്യൻ വംശജയായ അനിത ആനന്ദ് എന്നിവരാണ് ലിബറൽ പാർട്ടി നേതൃ സ്ഥാനത്തേക്ക് മത്സരിക്കുന്നവരിൽ പ്രമുഖർ. ഇവരിൽ ആര് നേതാവായാലും അടുത്ത തെരഞ്ഞെടുപ്പിൽ ലിബറൽ പാർട്ടി അധികാരത്തിലേറാനുള്ള സാധ്യത വിരളമാണ്. ലിബറൽ പാർട്ടിയുടെ സാധ്യതകളെ അത്രയും മോശമായ അവസ്ഥയിലാക്കിയിട്ടാണ് ട്രൂഡോ സ്ഥാനമൊഴിയുന്നത്.
നിർത്തിവച്ച പാർലമെന്റ് സമ്മേളനം മാർച്ച് 24 നു ചേരുമ്പോഴേക്കും പുതിയ നേതാവിനെ ലിബറൽ പാർട്ടി തെരഞ്ഞെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ ആര് പ്രധാന മന്ത്രിയായാലും പ്രതിപക്ഷം അവിശ്വാസം പ്രമേയം അവതരിപ്പിച്ചു സർക്കാരിനെ പുറത്താക്കുമെന്നാണ് ഇപ്പോൾ പ്രഖ്യാപിച്ചിട്ടുള്ളത്. അങ്ങിനെയാണെങ്കിൽ അടുത്ത മെയ്-ജൂൺ മാസങ്ങളിൽ തെരഞ്ഞെടുപ്പ് നടത്തേണ്ടിവരും. ഇപ്പോഴത്തെ സാഹചര്യത്തിൽ പ്രതിപക്ഷ നേതാവ് പിയർ പോളിയേവ് നയിക്കുന്ന കൺസർവേറ്റീവ് പാർട്ടി അധികാരത്തിലേറും എ
ന്നാണ് പ്രതീക്ഷിക്കുന്നത്.2004 ൽ ആദ്യമായി പാർലമെന്റ് അംഗമായ പോളിയേവ് , 2013-15 കാലഘട്ടത്തിൽ കൺസർവേറ്റീവ് പ്രധാനമന്ത്രി ഹാർപറുടെ മന്ത്രിസഭയിൽ ജനാധിപത്യ പരിഷ്കരണം, തൊഴിൽ സാമൂഹ്യ വികസനം എന്നിവയുടെ മന്ത്രിയായി പ്രവർത്തിച്ചിരുന്നു. 2022 മുതൽ ഇദ്ദേഹമാണ് പ്രതിപക്ഷ നേതാവ്. ആഭ്യന്തരവും അന്തർദേശീയവുമായ പ്രശ്നങ്ങൾ കൃത്യമായി പഠിച്ചു പൊതുജന മധ്യത്തിൽ അവതരിപ്പിക്കുന്ന പോളിയേവ് പലപ്പോഴും ട്രൂഡോയെ വെട്ടിലാക്കിയിട്ടുണ്ട്. ട്രൂഡോ കുട്ടിച്ചോറാക്കിയ ഈജിയൻ തൊഴുത്തു വൃത്തിയാക്കുവാൻ പോളിയെവിന് കഴിയുമെന്നാണ് കാനഡയിലെ ജനങ്ങൾ പ്രതീക്ഷിക്കുന്നത്.
അഡ്വ. പി . എസ് .ശ്രീകുമാർ
9495577700
pssreekumarpss@gmail.com
No comments:
Post a Comment