ചുടുനിണമൊഴുകുന്ന പൊതുനിരത്തുകൾ
വാഹന അപകടങ്ങൾ വിട്ടൊഴിയാതെ പിന്തുടരുന്ന വാർത്തകളാണ് ഓരോ ദിവസവും നമ്മുടെ പൊതുനിരത്തുകളിൽ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. അപകടങ്ങളിൽ നിഷ്കളങ്കരായ പിഞ്ചുകുഞ്ഞുങ്ങളുടെ ജീവിതം പോലും പൊലിഞ്ഞുപോകുന്ന വാർത്ത വായിച്ച് മനസ്സ് മരവിക്കാത്ത മലയാളികൾ ഇല്ല എന്നുതന്നെ പറയാം.
സിമന്റ് ലോറി മറിഞ്ഞു പാലക്കാട് പനയമ്പാടത്ത് 4 വിദ്യാർഥികൾ ഡിസംബർ 12 ന് ദാരുണമായി മരിച്ചവർത്തകേട്ട് നമ്മൾ എല്ലാവരും ദുഃഖിതരായി. പാലക്കാട് ജില്ലയിലെ കരിമ്പ പഞ്ചായത്തിലാണ് പനയമ്പാടം. പരീക്ഷകഴിഞ്ഞു മടങ്ങിയ നാല് സ്കൂൾ വിദ്യാർത്ഥിനികളുടെ മുകളിലേക്കാണ് നിയന്ത്രണംവിട്ട ചരക്കുലോറി മറിഞ്ഞു , കുട്ടികൾ മരിച്ചത്. കരിമ്പ സർക്കാർ ഹയർ സെക്കണ്ടറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനികളായ ഈ വിദ്യാർഥികൾ 300 മീറ്റർ കൂടി കഴിഞ്ഞിരുന്നെങ്കിൽ അവരവരുടെ വീടുകളിൽ എത്തിയേനെ. അതിന് അവസരം നൽകാതെയാണ് റിദ ഫാത്തിമ, ഇർഫാനെ ഷെറിൻ, നിദ ഫാത്തിമ, ആയിഷ എന്നിവരുടെ ജീവൻ അപകടത്തിൽ നഷ്ടപ്പെട്ടത് .
ഈ സ്ഥലത്തു 55 അപകടങ്ങളാണ് ഇതുവരെ നടന്നിട്ടുള്ളതെന്ന് സംസ്ഥാന നിയമസഭയെ അറിയിച്ചത് മറ്റാരുമല്ല സ്ഥലം നിയമസഭാംഗമായിരുന്നു. അപകടങ്ങളിൽ പരുക്കേറ്റവർ നിരവധിയാണ്. മഴപെയ്താൽ അപകടമുണ്ടാകുന്ന സ്ഥിതിവിശേഷമാണ് ഇവിടെയുള്ളത് എന്നാണ് മനസ്സിലാക്കുവാൻ സാധിച്ചത് . ഇവിടെയുണ്ടായിട്ടുള്ള അപകടങ്ങളിൽ ഏറിയകൂറും സംഭവിച്ചിട്ടുള്ളത് മഴ പെയ്തുകൊണ്ടിരുന്ന സന്ദർഭത്തിലാണ് . വലിയ ഇറക്കമുള്ള വളവിൽ, വേഗത്തിൽ വരുന്ന വാഹനങ്ങൾ നിയന്ത്രിക്കാൻ വലിയ പ്രയാസമാണ്. 2021 ൽ ഈ ദേശിയ പാത നവീകരിച്ച സമയത്തു ഈ വളവ് നിവർത്താൻ നാട്ടുകാർ ആവശ്യപ്പെട്ടിരുന്നെങ്കിലും പൊതുമരാമത്തു വകുപ്പിലെയോ ദേശിയ പാത അതോറിറ്റിയുടെയോ ഉദ്യോഗസ്ഥർ അത് ചെവിക്കൊണ്ടില്ല. റോഡ് ശാസ്ത്രീയമായി പുനർനിർമ്മിക്കണമെന്ന് നാട്ടുകാർ ഒന്നടങ്കം, നിരവധി തവണ ആവശ്യപ്പെട്ടുകൊണ്ട് പ്രക്ഷോഭ പരിപാടികൾ നടത്തിയെങ്കിലും, അതെല്ലാം കേന്ദ്ര-സംസ്ഥാന അധികാരികളുടെ ബധിരകര്ണങ്ങളിലാണ് പതിച്ചത്. ഇനിയെങ്കിലും, സർക്കാർ യന്ത്രം അനങ്ങുമെന്ന് പ്രതീക്ഷിക്കുന്നു.
തുടർച്ചയായി ഉണ്ടാകുന്ന അപകട ശൃംഖലയുടെ ഭാഗമാണ് ഡിസംബർ 15 ഞായറാഴ്ച വെളുപ്പിന് നാല് മണിക്ക് പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയിൽ, മുറിഞ്ഞകൽ ഗുരുമന്ദിരത്തിനു സമീപം മധുവിധു യാത്ര കഴിഞ്ഞു മടങ്ങി വന്ന ദമ്പതികളുടെ അപകട മരണം. മധുവിധുവിനായി മലേഷ്യയിലേക്ക് പോയ ദമ്പതികളുമായി തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും കാറിൽ മടങ്ങി വരുന്ന വഴിയാണ് ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ്സുമായി കൂട്ടിയിടിച്ചു ദമ്പതികളും അവരുടെ പിതാക്കളും കൊല്ലപ്പെട്ടത്.
ആലപ്പുഴയിലെ അപകടം
നാടിനെ നടുക്കിയ ആലപ്പുഴ കളർകോട്ടെ അപകടം നടന്നിട്ടും അധികദിവസങ്ങൾ ആയിട്ടില്ല. ഡിസംബർ രണ്ടാം തീയതി രാത്രിയിലാണ് , ആലപ്പുഴ ടി.ഡി. മെഡിക്കൽ കോളേജിലെ 6 വിദ്യാർഥികൾ ദാരുണമായ അപകടത്തിൽ പെട്ട് മരിച്ചത്. സിനിമ കണ്ട് കാറിൽ മടങ്ങിയ ഒന്നാം വർഷ മെഡിക്കൽ വിദ്യാർത്ഥികളാണ് കാറും ബസും കൂട്ടിയിടിച്ചു അകാലത്തിൽ പൊലിഞ്ഞതു. ഇതിനും ഏതാനും നാൾ മുമ്പാണ് നാട്ടികയിൽ ഉറങ്ങിക്കിടന്ന നാടോടികളുടെ മേൽ ലോറി കയറി 5 ജീവനുകൾ എന്നന്നേക്കുമായി നമ്മെ വിട്ടുപിരിഞ്ഞത്.
അപകടങ്ങൾ തുടർക്കഥ
കേരളത്തിൽ ഓരോ വർഷവും 42000 ഓളം വാഹനാപകടങ്ങളാണ് ഉണ്ടാവുന്നതെന്നാണ് സംസ്ഥന സർക്കാരിന്റെ കണക്കുകൾ സൂചിപ്പിക്കുന്നത്. 2016 ൽ 39420 അപകടങ്ങളിലായി 4287 പേര് കൊല്ലപ്പെട്ടു.2017 ൽ കൊല്ലപ്പെട്ടവരുടെ എണ്ണം 4131 ആയി. 2018 ൽ 4303 പേരും, 2019 ൽ 4440 പേരും കൊല്ലപ്പെട്ടു. 2020ലും , 2021ലും വാഹനാപകട നിരക്കിൽ കാര്യമായ കുറവുണ്ടായി. 2979 , 3429 എന്നതായിരുന്നു ഈ വർഷങ്ങളിൽ അപകടങ്ങളിൽ കൊല്ലപ്പെട്ടത്. ഈ കുറവിന് കാരണം , കോവിഡ് കാരണം ഗതാഗതത്തിൽ വന്ന കുറവുകൊണ്ടുമാത്രമായിരുന്നു. എന്നാൽ 2023 ൽ 4080 ആയി അതു വർധിച്ചു . 2024 ൽ ഒക്ടോബർ വരെ 40821 അപകടങ്ങളും 3168 മരണങ്ങളുമാണ് ഉണ്ടായതു. വാഹനമോടിക്കുന്നവർ മദ്യപിച്ച ശേഷം ഓടിക്കുന്നതും, ദീർഘദൂരം ഓടിക്കുന്നവർ ചിലപ്പോൾ ഇടയ്ക്കു മയങ്ങി പോകുന്നതും യാത്രക്കാരുടെ ശ്രദ്ധക്കുറവുകൊണ്ടുമൊക്കെ അപകടങ്ങൾ ഉണ്ടാകാറുണ്ടെങ്കിലും ഏറ്റവും കൂടുതൽ വാഹനാപകടങ്ങൾ ഉണ്ടാകുന്നതു റോഡ് നിർമാണത്തിലെയും, റോഡുകൾ നന്നായി പരിപാലിക്കുന്നതിലുള്ള അപര്യാപ്‌തതയും മൂലമാണ്. കേരള പോലീസിന്റെ കണക്കുകൾ പ്രകാരം 2023 ൽ 48091 വാഹനാപകടങ്ങൾ ഉണ്ടായപ്പോൾ അതിൽ 221 എണ്ണത്തിലാണ് ഡ്രൈവർമാർ മദ്യപിച്ചു വാഹനമോടിച്ചതായി കണ്ടെത്തിയത്. എന്നാൽ ബഹുഭൂരിപക്ഷം അപകടങ്ങളും ഉണ്ടായിട്ടുള്ളത് റോഡ് നിർമാണത്തിലെ അശാസ്ത്രീയതകൾ കൊണ്ടാണ്.
അശാസ്ത്രിയമായ റോഡ് നിർമാണം
നഗരങ്ങളിൽ, പുതിയ റോഡുകൾ നിർമ്മിക്കുമ്പോൾപോലും, കാൽനട യാത്രക്കാർക്കായി ഫുട് പാത്തുകളും , സ്ളാബുകളും നിർമ്മിക്കുന്നതിൽ പൊതുമരാമത്തു വകുപ്പിന് താല്പര്യമില്ല. അഥവാ നിർമിച്ചാൽ അത് നന്നായി പരിപാലിക്കാറുമില്ല. പൊതു നിരത്തുകളിൽ സുരക്ഷയുടെ കാര്യത്തിൽ ഏറ്റവും കൂടുതൽ തഴയപ്പെടുന്ന ഒരു വിഭാഗം കാൽനടയാത്രക്കാരാണ്. ഓടയിൽ വീണ് പലർക്കും പരുക്കുപറ്റുന്നതും, മരണമടയുന്നതുമായ വാർത്തകളും ഇടയ്ക്കിടയ്ക്ക് മാധ്യമങ്ങളിൽ നമുക്ക് കാണാം .
നവംബർ 23 നു തിരുവനന്തപുരം മെഡിക്കൽ കോളേജിനടുത്തുള്ള ശ്രീകാര്യത്ത് റോഡിലെ ഓടയിൽ വീണു സെക്രട്ടറിയേറ്റിൽ നിന്നും അഡിഷണൽ സെക്രട്ടറിയായി വിരമിച്ച ശൈലജക്ക് ദാരുണാന്ത്യമുണ്ടായി. രാത്രി ഏഴരക്ക് ഓട്ടോറിക്ഷയിൽ നിന്നുമിറങ്ങി വസതിയിലേക്ക് നടക്കുമ്പോളാണ് അവർ സ്ളാബ് ഇല്ലാതിരുന്ന ഭാഗത്തെ ഒന്നരമീറ്റർ ആഴമുള്ള ഓടയിൽ വീണത്. അടുത്ത ദിവസം രാവിലെയാണ് ആളെ തിരിച്ചറിഞ്ഞത്. ഇങ്ങനെയുള്ള നിരവധി അപകടങ്ങൾ പൊതുമരാമത്തുവകുപ്പിൻറ്റെയും, നഗരസഭയുടെയും കാര്യക്ഷമതയില്ലായ്‌മ കാരണം ഉണ്ടാകുന്നു.
ദേശിയ പാതയിലെ അപകടങ്ങൾക്ക് കേന്ദ്രസർക്കാറിനൊപ്പം സംസ്ഥാന സർക്കാരിനും ഉത്തരവാദിത്വമുണ്ട്. ബ്ലാക്ക് സ്പോട്ടുകൾ കണ്ടെത്താനും , അത് കൃത്യമായി ദേശീയപാത അതോറിറ്റിയുടെ ശ്രദ്ധയിൽപ്പെടുത്തി നിയന്ത്രണങ്ങളും മാറ്റങ്ങളും വരുത്തുവാനും ശ്രദ്ധിക്കേണ്ടത് സംസ്ഥാന പൊതുമരാമത്തു വകുപ്പും റോഡ് സുരക്ഷാ അതോറിറ്റിയുമാണ്. നിരന്തരമായി അപകടമുണ്ടാകുന്ന മേഖലകൾ NATPAC പോലുള്ള ഏജൻസികളെ നിയോഗിച്ചു പ്രത്യേക പഠനം നടത്തി നിർമാണത്തിൽ പിഴവ് സംഭവിച്ചിട്ടുണ്ടെങ്കിൽ അവ പരിഹരിക്കാനുള്ള നടപടികൾ കൈക്കൊള്ളണം. ദേശീയപാത അതോറിറ്റി നേരിട്ട് നിർമാണം നടത്തുന്നതും, പരിപാലിക്കുന്നതുമായ റോഡുകൾ ഒഴികെയുള്ള ദേശിയ പാതകൾ പരിപാലനം നടത്തുന്നത് പൊതുമരാമത്തുവകുപ്പിലെ ദേശിയ പാത വിഭാഗമാണ്. അതേസമയം, സംസ്ഥാന പൊതുമരാമത്തു വകുപ്പിന്റെ കീഴിലുള്ള സംസ്ഥാന പാതകളുടെയും, ജില്ലാ റോഡുകൾ ഉൾപ്പെടെയുള്ള റോഡുകളുടെയും ഉത്തരവാദിത്വം സംസ്ഥാന സർക്കാരിന് മാത്രമാണ്. മിക്ക റോഡുകളും പൊട്ടിപ്പൊളിഞ്ഞ അവസ്ഥയിലാണ്. റോഡുകളുടെ പരിപാലനം വലിയ വെല്ലുവിളിയായി മാറിയിരിക്കുകയാണ് .
റോഡ് അടയാളങ്ങൾ, റിഫ്‌ളക്ടേഴ്‌സ്, ഡെലിനിയേറ്റേഴ്‌സ് എന്നിവ ഉൾപ്പെടയുള്ള റോഡ് ഫർണിച്ചർ സ്ഥാപിക്കുവാനും അവ സമയാസമങ്ങളിൽ കൃത്യമായും പരിപാലനം ചെയ്യാനും പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഒരുപക്ഷേ, സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾകൊണ്ടാകാം അതിനു പലപ്പോഴും വീഴ്ച സംഭവിക്കുന്നത് .
മറ്റൊരു പ്രധാന പ്രശ്‍നം വകുപ്പുകളുടെ ഏകോപനമില്ലായ്മയാണ്. റോഡ് ടാർ ചെയ്യുന്നതിന് പിന്നാലെ വാട്ടർ അതോറിറ്റിക്കാരോ, സീവേജ് നന്നാക്കുന്നവരോ അല്ലെങ്കിൽ, കേബിൾ ഇടുന്ന കമ്പനിക്കാരോ എത്തി റോഡ് കുത്തിപ്പൊളിച്ചിടുന്ന നിരവധി സംഭവങ്ങൾ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉണ്ടാകുന്നുണ്ട്. അങ്ങിനെ സുരക്ഷാ മാനദണ്ഡങ്ങൾ ഒന്നുമില്ലാതെ കുത്തിപൊളിച്ച റോഡുകളിൽ , നിരവധി അപകടങ്ങൾ ഉണ്ടാകുന്നുണ്ട്. അതിനാൽ റോഡ് പണി തുടങ്ങുന്നതിനു മുമ്പ് ബന്ധപ്പെട്ട എല്ലാ വകുപ്പ് ഉദ്യോഗസ്ഥന്മാരുടെയും യോഗം വിളിച്ചു കൂട്ടി സമയബന്ധിതമായ ഒരു പദ്ധതി തയ്യാറാക്കിവേണം മുന്നോട്ടുപോകുവാൻ. അതോടൊപ്പം അംഗീകരിച്ച പദ്ധതിക്കനുസരണമായാണോ പണികൾ നടക്കുന്നതെന്ന് ഉറപ്പുവരുത്തുവാനുള്ള ഉത്തരവാദിത്വം പ്രസ്തുത മേഖലയിലെ എക്സിക്യൂട്ടീവ് എൻജിനീയർക്കോ അല്ലെങ്കിൽ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർക്ക് നൽകണം.
റോഡുകൾ കയ്യടക്കുന്ന സംഘടനകൾ
റോഡുകൾ സുരക്ഷിതമായി പരിപാലിക്കാൻ ഉത്തരവാദിത്വമുള്ള പൊതുമരാമത്ത് വകുപ്പിലെയും , ഗതാഗതനിയന്ത്രണങ്ങൾ നടത്തുവാൻ ഉത്തരവാദിത്വമുള്ള ഗതാഗത വകുപ്പിലെയും, ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയാണ് രാഷ്ട്രീയ-സാമുദായിക സംഘടനകൾ റോഡുകൾ കയ്യേറി സുഗമമായ ഗതാഗതത്തിനു തടസ്സമുണ്ടാക്കുന്നത്. ഏതാനും ദിവസങ്ങൾക്കു മുമ്പ് തിരുവനന്തപുരം വഞ്ചിയൂർ കോടതികൾക്ക് സമീപമുള്ള റോഡ് അടച്ചുകെട്ടി സി.പി.എം ൻറ്റെ വഞ്ചിയൂർ ഏരിയ കമ്മിറ്റി സമ്മേളനവും , പ്രകടനവും നടത്തിയത് ഇപ്പോൾ ഹൈകോടതിയുടെ പരിഗണനയിലാണ് . പലയിടത്തും , വഴിയോരങ്ങൾ കയ്യടക്കിയാണ് സംഘടനകൾ ഓഫീസുകളും , സ്വാഗത സംഘം ഷെഡ്ഡുകളും കെട്ടുന്നത് . നിലവിലുള്ള നിയമങ്ങളും , അതുപോലെ ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവുകളും കാറ്റിൽ പറത്തിയാണ് ഉന്നത നേതാക്കൾ പങ്കെടുക്കുന്ന സമ്മേളനം നടുറോഡിൽ സ്റ്റേജ് കെട്ടി നടത്തുന്നത് . നീതിയും ന്യായവും നടപ്പാക്കുവാൻ ശ്രമിക്കുന്ന ഉദ്യോഗസ്ഥന്മാരെ പീഡിപ്പിച്ചു മൂലക്കിരുത്തുന്നതിനാൽ, സർക്കാർ ഉദ്യോഗസ്ഥർക്ക് അവരുടെ ജോലി ന്യായമായ രീതിയിൽ നിർവഹിക്കാൻ സാധിക്കാത്ത അന്തരീക്ഷമാണ്. അതിനുപുറമെ , കിഫ്‌ബി, ഊരാളുങ്കൽ സൊസൈറ്റി എന്നിവയെ പൊതുമരാമത്തു വകുപ്പിൻറ്റെ ജോലികളും , ഫണ്ടും എല്ലാം ഏൽപ്പിച്ച് , സായൂജ്യമടയുകയാണ് സംസ്ഥാന സർക്കാർ.
രാജ്യത്ത് റോഡപകടങ്ങൾ വർധിച്ചതിനാൽ അന്താരാഷ്ട്ര സമ്മേളനങ്ങളിൽ മുഖം മറച്ചിരിക്കേണ്ട അവസ്ഥയാണെന്ന് കേന്ദ്ര ഉപരിതല വകുപ്പ് മന്ത്രി നിധിൻ ഗഡ്‌കരി കഴിഞ്ഞ ദിവസം പാർലമെൻറിൽ പറഞ്ഞു. എന്നാൽ, കേരളത്തിൽ ഓരോ ദിവസവും നടക്കുന്ന , ദാരുണമായ വാഹനാപകടങ്ങളുടെ ഉത്തരവാദിത്വം തനിക്കുണ്ടെന്ന് ഏറ്റുപറയാൻ ആരുമില്ലന്നതാണ് അവസ്ഥ.
(സംസ്ഥാന പൊതുമരാമത്തു വകുപ്പിൽ സ്പെഷ്യൽ സെക്രട്ടറിയായിരുന്നു ലേഖകൻ)

No comments:
Post a Comment