Tuesday, 23 November 2021


                   


സ്ത്രീ പീഡകരുടെ സംരക്ഷകരായ  ഇടതുപക്ഷ സർക്കാർ 

 

പി. എസ്‌ .ശ്രീകുമാ  

സ്ത്രീധനമെന്ന തിന്മക്കെതിരെയും, സ്ത്രീകളുടെയും പെൺകുട്ടികളുടെയും  സുരക്ഷിതത്വത്തിനു വേണ്ടിയും സംസ്ഥാന  ഗവർണർ  ആരിഫ്  മുഹമ്മദ് ഖാൻ നടത്തിയ ഉപവാസം  ദേശീയതലത്തിൽ തന്നെ  ശ്രദ്ധിക്കപ്പെട്ടു.  ഭരണഘടനാ പദവിയുള്ള   സംസ്ഥാന ഗവർണർ , താൻ  തലവനായ ഒരു സംസ്ഥാനത്തു നടക്കുന്ന ഗുരുതരമായ  സംഭവങ്ങളെക്കുറിച്ചു    ജനങ്ങളിൽ  ജാഗ്രതയും, ബോധവൽക്കരണവും   നടത്തുവാനായി  ഉപവാസം നടത്തിയത് ഇന്ത്യയിൽ ഇതാദ്യമായിരുന്നു.  സ്ത്രീ ശാക്തീകരണത്തിലും  സാക്ഷരതയിലും രാജ്യത്തു മുൻപന്തിയിൽ നിൽക്കുന്നുവെന്ന് നാഴികക്ക് നാല്പതുവട്ടം  വിളിച്ചു കൂവുന്ന സംസ്ഥാന സർക്കാരിന്റെ മുഖത്തേറ്റ കനത്ത ആഘാതമായിരുന്നു  ഗവർണറുടെ ഉപവാസം.തളളിനപ്പുറം,   പിണറായി ഭരണത്തിൽ സ്ത്രീ സുക്ഷിതത്വത്തിനു  യാതൊരു വിലയും കല്പിക്കുന്നില്ലെന്നു  ഗവർണർക്കു ബോധ്യമായത്  കൊണ്ടായിരിക്കുമല്ലോ   രാജ്ഭവനിൽ തന്നെ അദ്ദേഹം ഉപവാസം ഇരിക്കാൻ നിര്ബന്ധിതനായത് .

 നെഹ്‌റു നടപ്പിലാക്കിയ സ്ത്രീധന നിരോധന നിയമം  

 ലിംഗ  സമത്വത്തിന്റെ  ആവശ്യകത ഊന്നി പറയുന്ന  ഭരണഘടനയാണ് നമ്മുടേത്.  "പദവിയിലും അവസരത്തിലും സമത്വം" എന്നത് ഭരണഘടനയുടെആമുഖത്തിൽ  വ്യക്തമായി പറഞ്ഞിട്ടുള്ളതിനു പുറമേ പൗരന്റെ മൗലികാവകാശവുമാണ്.  അനുച്ഛേദം 14 ൽ പറയുന്നത്  " ഭാരതത്തിന്റെ ഭൂപ്രദേശത്തിനകത്തു യാതൊരാൾക്കും നിയമത്തിന്റെ മുമ്പിൽ  സമത്വമോ  സമമായ സംരക്ഷണമോ നിഷേധിക്കുവാൻ പാടുള്ളതല്ല" എന്നാണ്. അനുച്ഛേദം 15 ൽ പറഞ്ഞിട്ടുള്ള  "മതം, വർഗം, ജാതി, ലിംഗം, ജനനസ്ഥലം അല്ലെങ്കിൽ അവയിൽ ഏതെങ്കിലും മാത്രം കാരണമാക്കി രാഷ്ട്രം  യാതൊരു പൗരനോടും  വിവേചനം കാണിക്കുവാൻ പാടുള്ളതല്ല" എന്ന  വാഗ്ദാനം, അനുച്ഛേദം  14 നോട്  കൂട്ടിവായിക്കണം.  സ്ത്രീകളോട് വിവേചനം കാണിക്കുന്ന സ്ത്രീധന സമ്പ്രദായത്തിനെതിരെ കേന്ദ്ര സർക്കാർ കൊണ്ടുവന്ന   സ്ത്രീ ധന നിരോധന നിയമം പാർലമെന്റ് അംഗീകരിച്ചു  നിയമമായതു ജവാഹർലാൽ നെഹ്‌റു പ്രധാനമന്ത്രിയായിരുന്ന  1961 ൽ ആയിരുന്നു. എന്നാൽ,  സ്ത്രീധനവുമായി ബന്ധപ്പെട്ടു നടക്കുന്ന അതിക്രമങ്ങൾ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടില്ലായിരുന്നു. സ്ത്രീധനവുമായി ബന്ധപ്പെട്ടു നടക്കുന്ന കൊലപാതകങ്ങളും, ആത്മഹത്യകളും ഇന്ത്യയിൽ   വെളിച്ചത്തുവന്നുതുടങ്ങിയത് എഴുപത്തുകളുടെ അവസാനത്തിലായിരുന്നു.  പഞ്ചാബ്, ഉത്തർപ്രദേശ്, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഗുജറാത്ത്, കർണാടകം ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിലും, രാജ്യ തലസ്ഥാനമായ ഡെൽഹിയിലുമായിരുന്നു ഇതിലേറെയും നടന്നത്. ഇതിനെതിരെ വിവിധ വനിതാ സംഘടനകൾ  പ്രക്ഷോഭനടപടികളുമായി മുന്നോട്ടുവന്നു. ഈ പശ്ചാത്തലത്തിലാണ്  സ്ത്രീധനത്തിന്റെ പേരിലുള്ള അതിക്രമങ്ങൾക്ക് കടിഞ്ഞാണിടാനായി 1983  ഇന്ത്യൻ ശിക്ഷാ നിയമം  സെക്‌ഷൻ  498  എ ഭേദഗതി വരുത്തുവാൻ  അന്നത്തെ ഇന്ദിര ഗാന്ധി സർക്കാർ  മുൻകൈ എടുത്തത്. .  ഭേദഗതിയനുസരിച്  ശാരീരികമോ, മാനസികമോ ആയ  പീഡിപ്പിക്കലുകളും  ശിക്ഷാർഹമാക്കി.  സ്ത്രീധന തർക്കത്തെത്തുടർന്ന് , ആത്‍മഹത്യ ചെയ്യാൻ പ്രേരിപ്പിക്കുന്നതും  കുറ്റകരമാക്കികൊണ്ടു ഇന്ത്യൻ തെളിവ് നിയമം സെക്ഷൻ 113  ഭേദഗതി വരുത്തി.  വിവാഹത്തിന്  ശേഷം  7 വർഷത്തിനുള്ളിൽ ഒരു സ്ത്രീ മരിച്ചാൽ നിർബന്ധമായും പോസ്റ്റ് മോർട്ടം  നടത്തണമെന്ന വകുപ്പ് ഉൾപ്പെടുത്തി  ക്രിമിനൽ പ്രോസെജുവർ  കോഡിലും ഭേദഗതി വരുത്തി. ഇതിന്  അനുബന്ധമായി,   സംസ്ഥാന സർക്കാർ ജീവനക്കാരുടെ പെരുമാറ്റ ചട്ടങ്ങളിൽ   " സർക്കാർ ഉദ്യോഗസ്ഥന്മാർ അവരുടെയോ  അവരെ ആശ്രയിച്ചു കഴിയുന്നവരുടെയോ വിവാഹങ്ങൾക്ക് സ്ത്രീധനം വാങ്ങുകയോ കൊടുക്കുകയോ ചെയ്യരുതെന്ന് "  പുതിയ  സെക്‌ഷൻ  ചേർത്തു . 1984    ഈ നിയമം വീണ്ടും ഭേദഗതി ചെയ്തു.  ഇതനുസരിച്ചു  വിവാഹവുമായി  ബന്ധപ്പെട്ടോ , വിവാഹ സമയത്തോ അതിനു മുമ്പോ, പിമ്പോ വിവാഹിതരാകുന്ന കക്ഷികളിൽ ഒരാൾ മറ്റൊരാൾക്കു കൊടുക്കുന്നതോ , വിവാഹിതരാകുന്നവരുടെ മാതാപിതാക്കളോ മറ്റാരെങ്കിലുമോ കൊടുക്കുന്ന എല്ലാ  സ്വത്തുക്കളും , വിലയുള്ള പ്രമാണങ്ങളും സ്ത്രീധനമാണ്. 

2004   എ.കെ. ആന്റണി മുഖ്യമന്ത്രിയായിരുന്ന അവസരത്തിൽ,     സർവീസിൽ  പ്രവേശിക്കുന്ന ഉദ്യോഗസ്ഥർ  തങ്ങളുടെ വിവാഹത്തിന്  സ്ത്രീധനം വാങ്ങുകയോ കൊടുക്കുകയോ ചെയ്തിട്ടില്ലെന്നുള്ള സത്യവാങ്മൂലം  തങ്ങളുടെയും, വധുവിന്റെയും മാതാപിതാക്കളുടെ  ഒപ്പോടുകൂടി  വകുപ് അധ്യക്ഷന്മാർക്ക്  സമർപ്പിക്കണമെന്ന് നിഷ്കർഷിച്ചുകൊണ്ട്  ,    സ്ത്രീധന നിരോധന ചട്ടങ്ങളിൽ ഭേദഗതിവരുത്തി  ഉത്തരവിറക്കി.  എന്നാൽ ഈ നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ഒരു നടപടിയും  വകുപ്പ് അധ്യക്ഷന്മാർ  ഇപ്പോൾ എടുക്കുന്നില്ല. സ്ത്രീധവുമായി ബന്ധപ്പെട്ടുണ്ടാകുന്ന പരാതികൾ പരിശോധിച്ച് നടപടി എടുക്കാൻ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്  എന്നീ  മേഖലകളിൽ സ്ത്രീധന  നിരോധന  ഓഫീസർമാരെയും ചുമതലപ്പെടുത്തിയെങ്കിലും, പിണറായി സർക്കാർ  അതെല്ലാം നിഷ്ഫലമാക്കി.

 

ഏട്ടിലെ പശുവായിമാറിയ വനിതാ കമ്മീഷൻ 

വനിതകൾ നേരിടുന്ന പ്രശ്നങ്ങളിലും വനിതകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിലും  അന്വേഷിച്ചു  പരിഹാരം കാണുന്നതിനായിട്ടാണ്  വനിതാ കമ്മീഷൻ സംസ്ഥാനത്തു സ്ഥാപിക്കുന്നത്. കെ.ആർ. ഗൗരിഅമ്മ സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി ആയിരുന്ന അവസരത്തിലാണ്  ദേശീയ വനിതാ കമ്മീഷൻറ്റെ  മാതൃകയിൽ  സംസ്ഥാന വനിതാ കമ്മീഷൻ ബിൽ  തയ്യാറാക്കിയത്.  എന്നാൽ ഇത് നടപ്പിലാക്കിയത് എ.കെ. ആന്റണി മുഖ്യമന്ത്രിയായിരുന്ന അവസരത്തിലാണ്. ആദ്യ വനിതാ കമ്മീഷൻ അധ്യക്ഷയായി    നിയമിതയായതു പ്രശസ്ത കവയിത്രിയും  സാമൂഹ്യ പ്രവർത്തന രംഗത്ത് വിലപ്പെട്ട സംഭാവനകൾ നൽകുകയും ചെയ്തിട്ടുള്ള  പരേതയായ  സുഗതകുമാരി ടീച്ചർ ആയിരുന്നു.  അവർ  കമ്മീഷൻ അധ്യക്ഷയായി ചുമതയേറ്റതു  1996  മാർച്ച് മാസത്തിലായിരുന്നു. വനിതകളുടെ പ്രശ്നങ്ങളിൽ  ഇടപെട്ടുകൊണ്ട്  ക്രിയാത്മകമായ  പ്രവർത്തനങ്ങളാണ് സുഗതകുമാരി ടീച്ചറിന്റെ നേതൃത്വത്തിൽ കാഴ്ചവച്ചത്. എന്നാൽ   നിലവിലെ പിണറായി സർക്കാർ  ഈ കമ്മീഷനെ മാർക്സിസ്റ്റ് പാർട്ടിയുടെ ഒരു പോഷക സംഘടനയുടെ നിലവാരത്തിലേക്ക് അധപതപ്പിച്ചു. പാർട്ടി പ്രവർത്തകരും, നേതാക്കളും ഉൾപ്പെട്ട  ഏതു പരാതിയിലും  അന്വേഷണം  നടത്തുന്നതിന്  മാർക്സിസ്റ്റ് പാർട്ടിക്ക് സ്വന്തം പോലീസും, അന്വേഷണ സംഘവും, കോടതിയുമുണ്ടെന്നു തുറന്ന പറഞ്ഞത്  വനിതാ കമ്മീഷൻ അധ്യക്ഷയായ ജോസഫൈൻ ആയിരുന്നു.   വനിതകളോട്  വളരെ ക്രൂരവും മനുഷ്യത്വ രഹിതവുമായി  പെരുമാറിയ   എം.സി. ജോസഫൈനെ  ഒടുവിൽ പിണറായി സർക്കാരിന്  തന്നെ പുറത്താക്കേണ്ടി വന്നു. കോൺഗ്രസ് സർക്കാരുകളും കമ്മ്യൂണിസ്റ്റ് സർക്കാരുകളും  വനിതാ പ്രശ്നങ്ങളിൽ കൈക്കൊള്ളുന്ന നിലപാടാണ് പ്രധാനം.  കോൺഗ്രസ് സര്കാരുകൾക്കുകീഴിൽ  വനിതാ കമ്മീഷനുകൾക്കു പൂർണ സ്വാതന്ത്ര്യത്തോടെയും നീതിയുക്തമായും പ്രവർത്തിക്കാൻ അവസരം നൽകിയിരുന്നെങ്കിൽ, കമ്മ്യൂണിസ്റ്റ് സർക്കാരുകൾ   രാഷ്ട്രീയ ലക്ഷ്യത്തോടെയും , അതിർ വരമ്പുകൾ തീർത്തും മാത്രമേ  പ്രവർത്തന സ്വാതന്ത്ര്യം നൽകുന്നുള്ളൂ. അതുകൊണ്ടാണ് ഇടതുപക്ഷ ഭരണത്തിൻകീഴിൽ വനിതാ കമ്മീഷനുകൾക്കു    ഫലപ്രദമായി  പ്രവർത്തിക്കുവാൻ സാധിക്കാതെ, ഏട്ടിലെ പശുക്കുക്കളെപോലെ ഇരിക്കേണ്ടി വരുന്നത്.

രോഷാഗ്നിപടർത്തിയ സ്ത്രീധന മരണങ്ങൾ 

ജൂൺ മാസം അവസാന ആഴ്ച നടന്ന മൂന്നു മരണങ്ങളാണ്  സ്ത്രീധനത്തിനെതിരെയുള്ള രോഷാഗ്നി  കേരള സമൂഹത്തിൽ ഇപ്പോൾ  ആളിക്കത്തിക്കാൻ  ഇടയാക്കിയത് .  മൂന്നു പേരും  25  വയസ്സിനു താഴെയുള്ള പെണ്കുട്ടികളായിരുന്നു.  ഇതിൽ ആദ്യത്തേത് ആയുർവേദ മെഡിസിന് പഠിക്കുകയായിരുന്നു വിസ്മയുടെ മരണമാണ്.  സുന്ദരിയായ ഈ കുട്ടിയെ   വെഹിക്കിൾ ഇൻസ്‌പെക്ടർ ആയ കിരണ്കുമാർ  വിവാഹം  ചെയ്തപ്പോൾ  100  പവൻ സ്വർണവും, 1.25 ഏക്കർ സ്ഥലവും ഒരു പുതിയ കാറും  നൽകിയിരുന്നു.  കാറിനു പകരം ആഡംബര കാർ വാങ്ങാനുള്ള രൂപ നൽകണമെന്ന് പറഞ്ഞു ഭർത്താവിന്റെ വീട്ടുകാരും ഭർത്താവും നിരന്തരമായി പീഡിപ്പിച്ചു. കൊലപാതകമാണോ ആത്മഹത്യാ ആണോ എന്നതല്ല പ്രശ്‍നം .  സ്ത്രീധന തർക്കത്തെ തുടർന്നാണ്  ആ കുട്ടി  ഭർതൃ ഗൃഹത്തിൽ വച്ച്  മരണമടഞ്ഞത്  എന്നതിൽ ആർക്കും സംശയമില്ല.   ആലപ്പുഴ ജില്ലയിലെ വള്ളിക്കുന്നത്  19  വയസ്സുകാരിയായ  സുചിത്ര ഭർതൃഗൃഹത്തിൽ  മരണപ്പെട്ടതാണ് രണ്ടാമത്തെ കേസ്. വിവാഹ സമയത് 51  പവൻ സ്വർണവുംഒരു കാറും കൊടുത്തിരുന്നു. ഇതിനു പുറമെ  10  ലക്ഷം രൂപകൂടി വേണമെന്ന് പറഞ്ഞു ഭർത്താവു വിഷ്ണുവും  അയാളുടെ വീട്ടുകാരും  ആ കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.  മൂന്നാമത്തെ കേസ്  തിരുവനന്തപുരത്തിനടുത്തുള്ള വിഴിഞ്ഞതായിരുന്നു. സ്ത്രീധനമായി ലക്ഷം രൂപ കൂടി വേണമെന്ന്  ആവശ്യപ്പെട്ടുകൊണ്ട്   ഭർതാവ്  സുരേഷിന്റെ  വീട്ടുകാർ മാനസികമായും ശാരീരികമായും  പീഡിപ്പിക്കുന്നതിനിടയിലാണ് അർച്ചന എന്ന  കുട്ടി മരണമടയുന്നത് .

സ്ത്രീ പീഡനം വർധിച്ച അഞ്ചുവര്ഷങ്ങൾ 

സംസ്ഥാന പോലീസിന്റെ ക്രൈം റെക്കോർഡ്‌സ് പ്രകാരം  പിണറായി സർക്കാരിന്റെ കഴിഞ്ഞ വർഷത്തെ ഭരണത്തിനിടക്ക് 66  സ്ത്രീധന മരണങ്ങളും 15143  പരാതികളുമാണ് ഉണ്ടായിട്ടുള്ളത്. 2015  7  സ്ത്രീധന മരണങ്ങളായിരുന്നു കേരളത്തിൽ നടന്നത്.  ഓരോ വർഷവും സ്ത്രീ ധന മരണങ്ങൾ കൂടിക്കൊണ്ടിരിക്കുകയാണ്. 2020 ൽ സ്ത്രീധനവുമായി ബന്ധപ്പെട്ട പോലീസ്  കേസുകൾ 2715  ആയിരുന്നു.വനിതാ മതിലും, സ്ത്രീ സുരക്ഷയുമെല്ലാം പിണറായി സർക്കാരിന്  വെറും മുദ്രാവാക്യങ്ങൾ  മാത്രമാണ്.  ഈ സർക്കാർ അധികാരത്തിലേറിയശേഷം  കഴിഞ്ഞ ഏപ്രിൽ മാസം വരെ    പെൺകുട്ടികൾ ഉൾപ്പെടെ  16656 സ്ത്രീകളാണ്   ബലാൽ സംഘത്തിനിരയായത്. ലൈംഗിക പീഡനങ്ങളും കൊലപാതകങ്ങളും  റിപ്പോർട്ട് ചെയ്യാത്ത ദിവസങ്ങളില്ല.  ഉത്തർപ്രദേശിലെ  ഉന്നാവുംഹത്രാസും അടക്കം നിരവധി ലൈംഗിക പീഡനങ്ങളും, കൊലപാതകങ്ങളും നടന്ന യോഗിയുടെ ഭരണവും   വാളയാർ മുതൽ വണ്ടിപ്പെരിയാർ വരെയുള്ള ലൈംഗിക പീഡനങ്ങളും  കൊലപാതകങ്ങളും നടന്ന കേരളത്തിലെ  പിണറായി സർക്കാരിന്റെ ഭരണവും തമ്മിലുള്ള ഏക വ്യത്യാസം                  കൊടിയുടെ നിറത്തിൽ മാത്രമാണ്. എന്ത് വിലകൊടുത്തും പാർട്ടിക്കാരായ പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ്  ഇരു   മുഖ്യമന്ത്രിമാരും  സ്വീകരിക്കുന്നത്.     ഗവർണർ  ഒരു ദിവസം  ഉപവസിച്ചതുകൊണ്ട്  മുഖ്യമന്ത്രിക്ക്  മാനസാന്തരം ഉണ്ടായിട്ടുണ്ടെങ്കിൽ നല്ലതുതന്നെ എന്ന് ആശ്വസിക്കാം !

പി.എസ്‌ .ശ്രീകുമാർ .

കൺവീനർ,

ഓഫീസർസ് ആൻഡ് സർവീസ് ഓർഗനൈസേഷൻസ് സെൽ 

9847173177 

 




















      Note on   GST collection in respect of Petroleum products.


 യു .പി.എ. സർക്കാർ  അധികാരത്തിലിരുന്ന 2008 ൽ  അസംസ്‌കൃത എണ്ണയുടെ  വില  ബാരലിന്  150  ഡോളർ വരെ എത്തിയിരുന്നു.  അധികാരം ഒഴിയുന്ന 2014  മെയ് മാസത്തിൽ ബാരലിന്  112  ഡോളർ ആയിരുന്നു.  പെട്രോൾ  വില അനിയന്ത്രിതമായി കൂടിയപ്പോൾ 1,25,000  കോടി രൂപ സബ്സിഡി നൽകിയാണ്  യു  പി എ  സർക്കാർ  പെട്രോൾ വിലയിൽ നിയന്ത്രണം ഏർപ്പെടുത്തിയത്.2014  മെയ് മാസത്തിൽ മൻമോഹൻ സർക്കാർ അധികാരം ഒഴിയുമ്പോൾ പെട്രോൾ ലിറ്ററിന് 74.33 രൂപയും ഡീസലിന് 60.77 രൂപയും ആയിരുന്നു.  എന്നാൽ,  മോഡി  സർക്കാർ അധികാരത്തിലേറി, വൈകാതെ തന്നെ, അസംസ്‌കൃത എണ്ണയുടെ വിലയിൽ അന്താരാഷ്ട്ര തലത്തിൽ കുറവ് വന്നുതുടങ്ങി. 2019-20 ൽ എണ്ണയുടെ വില കുത്തനെ ഇടിഞ്ഞു. അപ്പോൾ, കേന്ദ്രസർക്കാർ, എക്‌സൈസ്  തീരുവ ഇനത്തിൽ  വർദ്ധനവ് വരുത്തി. അതോടെ ആഗോള വിപണിയിൽ ഉണ്ടായ വില കുറവിന്റ്റെ നേട്ടം ജനങ്ങൾക്ക് ലഭിച്ചില്ല.  അതേസമയം  ക്രൂഡ് ഓയിൽ വില നേരിയ തോതിൽ വർധിച്ചാൽ അത് ഉടൻതന്നെ ജനങ്ങളിൽ നിന്നും ഈടാക്കുവാൻ  ഓയിൽ കമ്പനികൾക്ക്  അനുവാദം നൽകുകയും ചെയ്തു.2014 ൽ  പെട്രോളിൽ എക്‌സൈസ് തീരുവ ഒരു ലിറ്ററിന്  9.48 രൂപയായിരുന്നു. അന്ത രാഷ്ട്ര തലത്തിലെ അസംസ്‌കൃത എണ്ണയുടെ വിലക്കുറവിന്റെ  നേട്ടം ജനങ്ങൾക്ക് നല്കാതിരിക്കുവാനായി , 2021 ൽ അത് 32.90  ആയി വർധിപ്പിച്ചു. അതുപോലെ ഡീസലിന്റെ തീരുവ 3.56 ൽ നിന്നും  31.80 ആയി കൂട്ടി.  ഏകദേശം മുന്നൂറു ശതമാനം വർധനവാണ് എക്‌സൈസ് തീരുവ ഇനത്തിൽ മോഡി സർക്കാർ കൂട്ടിയത്.  യു പി എ  സർക്കാരിന്റെ കാലത്തു  വില വർധനവിന്റെ ആഘാതം കുറക്കുവാനായി കേന്ദ്ര സർക്കാർ 125000  കോടി രൂപവരെ സബ്സിഡിയായി നൽകിയും, എക്‌സൈസ് തീരുവ കുറച്ചും ,  ജനങ്ങൾക്കുമേൽ ഭാരം അടിച്ചേല്പിച്ചില്ല .     2021  ഒക്ടോബറിൽ , റീറ്റെയ്ൽ വില പെട്രോളിനും ഡീസലിനും  110  രൂപ കടന്നപ്പോൾ, അതിശക്തമായ പ്രതിഷേധത്തെ തുടർന്ന് പെട്രോളിന്  എക്‌സൈസ്  തീരുവയിൽ ലിറ്ററിന്   5 രൂപയും ഡീസലിന് ലിറ്ററിന്  10  രൂപയും  കുറയ്ക്കുവാൻ  നിര്ബന്ധിതരായി.കേന്ദ്രസർക്കാർ  ഇപ്പോൾ ചുമത്തുന്ന എക്‌സൈസ്  തീരുവ പെട്രോളിന് 27.90 ഉം ഡീസലിന് 21.80   രൂപയുമാണ്.

അന്ത രാഷ്ട്ര തലത്തിൽ എണ്ണവില കൂടി കൊണ്ടിരുന്ന അവസരത്തിലാണ് 2011 ൽ യു ഡി എഫ്  സർക്കാർ അധികാരത്തിലേറിയത്.    ആ സർക്കാർ ആദ്യം എടുത്ത തീരുമാനങ്ങളിൽ ഒന്ന്  29.01 ശതമാനമായിരുന്ന  പെട്രോളിന്റെ വില്പന നികുതി, 26.64  ശതമാനമാണ് ഡീസലിന്റെ നികുതി 24.69  ശതമാനത്തിൽ നിന്നും 22.60  ശതമാനമായി കുറക്കുകയുമായിരുന്നു.  ഇതിലൂടെ, പ്രതി ദിനം  50  ലക്ഷം രൂപയാണ് സംസ്ഥാന സർക്കാർ  വേണ്ടെന്നു  വച്ച   അധിക നികുതി. 2011  സെപ്റ്റംബറിൽ  വീണ്ടും പെട്രോളിന്റെ നികുതി  25.42 ശതമാനമായി കുറച്ചു. ഇതിലൂടെ 108  കോടി രൂപയുടെ അധിക നികുതിയാണ്  വേണ്ടെന്നു വച്ചത്.  2011 ലും 2012 ലുമായി നാല് തവണ യൂ ഡി എഫ്  സർക്കാർ  അധിക നികുതി വേണ്ടെന്നു വച്ചതുവഴി 619.17 കോടി രൂപ യുടെ നേട്ടമാണ്  ജനങ്ങൾക് ലഭിച്ചത്.

യു ഡി എഫ് സർക്കാരിന്റെ 2011-16  കാലയളവിൽ 17  പ്രാവശ്യം പെട്രോളിന്റെയും 7  പ്രാവശ്യം ഡീസലിൻറ്റെയും  വിലയിൽ  ഏറ്റക്കുറവുകളുണ്ടായി.. ഒരു നിശ്ചിത തുക സർക്കാരിന് ലഭിക്കാനായി Revenue  Neutral  Rate  നിലവിലുണ്ടായിരുന്നു. ഇതനുസരിച്ചാണ്  നാലു തവണ പെട്രോ-ഡീസൽ വിലയിൽ കുറവ് വരുത്തിയതും 619.17 കോടി രൂപ അധിക നികുതി വേണ്ടെന്നു വച്ചതും.  എസ.ആർ.ഒ  നമ്പർ. 92 / 2015  അനുസരിച്ചു്  പെട്രോളിന്റെ  മൂല്യ വർധിത നികുതി 31.80  ശതമാനവും ഡീസലിന്റെത്  24.52 ശതമാനവും ആയി 2015 ൽ വർധിപ്പിച്ചിരുന്നു.. പിണറായി സർക്കാർ അധികാരത്തിലേറിയ ശേഷം, പെട്രോ-ഡീസൽ വിലവർദ്ധനവ് തുടർച്ചയായി ഉണ്ടായെങ്കിലും,  2018-19ൽ  മൂല്യ വർധിത നികുതി നിരക്ക്  പെട്രോളിന്റെത്  30.08 ശതമാനമായും  ഡീസലിൻറ്റെതു  22.78   ശതമാനവുമായി  നേരിയ കുറവ് വരുത്തി.  അന്ന് മറ്റു സംസ്ഥാനങ്ങളും അധിക നികുതിയിൽ കുറവ് വരുത്തിയ സാഹചര്യത്തിലാണ് കേരളം സർക്കാരും നേരിയ   കുറവ്  വരുത്തുവാൻ നിർബന്ധിതമായത്. ഇതിനു പുറമെയാണ് പെട്രോളിനും ഡീസലിനും  1 ലിറ്റർന്  1  രൂപയും,  1  ശതമാനം സെസ്സും  സംസ്ഥാന സർക്കാർ ഈടാക്കുന്നത്.


യു പി എ  സർക്കാരിന്റെ കാലയളവിൽ  പെട്രോളിയം ഉൽപന്നങ്ങളിൽ നിന്നുമുള്ള  എക്‌സൈസ് നികുതി ഇനത്തിൽ ലഭിച്ചിരുന്നത് ഒരു വര്ഷം 77982 കോടി രൂപയായിരുന്നു. എന്നാൽ ഇപ്പോൾ    ഈ ഇനത്തിൽ ലഭിക്കുന്നത് 4.3  ലക്ഷം കോടി രൂപയായാണ് കണക്കാക്കിയിട്ടുള്ളത്.



  





 


Thursday, 11 November 2021

                   നെഹ്രു അടിത്തറയിട്ട  ഇന്ത്യയുടെ ആരോഗ്യമേഖല

പി.എസ്‌.ശ്രീകുമാർ 

നവഭാരത നിര്മിതിക്കായി ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായിരുന്ന  ജവാഹർലാൽ നെഹ്‌റു നൽകിയ സംഭാവന വിലമതിക്കാനാവാത്തതായിരുന്നു.സ്വതന്ത്ര ഇന്ത്യ നേരിട്ടിരുന്ന  പ്രശ്നങ്ങളെക്കുറിച്ചു  വിശാല വീക്ഷണത്തോടെയും, ആഴത്തിലും പഠിക്കുവാനും, അതിനു  അനുയോജ്യമായ പരിഹാരം  കണ്ടെത്തുവാനും നെഹ്രുവിനെപ്പോലെ  മറ്റൊരു നേതാവിനും സാധിച്ചിരുന്നില്ല എന്നതാണ് യാഥാർഥ്യം.  ജനാധിപത്യ ചിന്താഗതിയും, സോഷ്യലിസ്റ്റ്  ചിന്താഗതിയുടെ ഗുണവശങ്ങളും , മതനിരപേക്ഷതയും  സ്വാതന്ത്ര്യ സമര കാലഘട്ടത്തിൽ തന്നെ  ഇന്ത്യയിലെ ജനങ്ങൾക്ക് പകർന്നു നൽകുവാൻ   അദ്ദേഹത്തിന് സാധിച്ചു  എന്നതാണ്  ലോകസമൂഹത്തിന്  മുമ്പിൽ അദ്ദേഹത്തെ വേറിട്ട് നിർത്തുന്ന ഘടകം.  

സ്വാതന്ത്ര്യ ലബ്ധിയുടെ  കാലഘട്ടത്തിൽ,    വിഭജനത്തിന്റെയും, മതകലഹങ്ങളുടേയും  ഭക്ഷ്യ ക്ഷാമത്തിന്റെയും,  മഹാമാരികളുടെയും  ദുരിതക്കയത്തിലൂടെയായിരുന്നു  നമ്മുടെ രാജ്യം കടന്നുപോയിരുന്നത്.  മലേറിയ, വസൂരി, പ്ലേഗ്, തുടങ്ങിയ മഹാമാരികൾ  ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവനാണ് അപഹരിച്ചിരുന്നത്.  അതിനുപുറമെയാണ്   ക്ഷയം, കുഷ്ഠം,  മന്ത്, ടൈഫോയിഡ് , മസ്തിഷ്‌കചര്മവീക്കം ,  തൊണ്ടവീക്കം,  പേവിഷബാധ  തുടങ്ങിയ  ഗുരുതര രോഗങ്ങൾ.  അന്നത്തെ ഇന്ത്യയുടെ ജനസംഖ്യ 34  കോടിയായിരുന്നു. ഇതിൽ ഏകദേശം 22  ശതമാനം പേരെ മലേറിയ രോഗം ബാധിച്ചിരുന്നു.  അതായത്  75  ദശലക്ഷം പേരെയാണ്  ഈ രോഗം  ബാധിച്ചിരുന്നത്.   പതിനായിരക്കണക്കിന്  ആളുകളാണ്  മലേറിയ രോഗംബാധിച്ചു മരണപ്പെട്ടിരുന്നത് .  പക്ഷേ,  ആരോഗ്യ രംഗത്ത് ബ്രിട്ടീഷ് സർക്കാർ കാര്യമായി ഇടപെട്ടിരുന്നില്ല.  ഇന്ത്യയുടെ മുന്നോട്ടുള്ള പ്രയാണത്തിൽ, പൗരന്മാരുടെയും, സമൂഹത്തിന്റെയും ആരോഗ്യം     ഒരു പ്രധാനഘടകം,ആണെന്ന് മനസ്സിലാക്കിയ നെഹ്‌റു,  തകർന്നുകിടന്ന ആരോഗ്യ മേഖലയെ  ശക്തിപ്പെടുത്തുവാൻ നടത്തിയ സംഭാവനകളാണ് പിൽക്കാലത്തു  ജനങ്ങളുടെ രക്ഷക്ക്  സഹായകരമായി മാറിയത് . 

ബോറെ  കമ്മിറ്റി റിപ്പോർട്ട് 

ആയിരത്തി തൊള്ളായിരത്തി നാല്പതുകളുടെ തുടക്കവരെയും ബ്രിട്ടീഷ് സർക്കാർ ഇന്ത്യക്കാരുടെ ആരോഗ്യ കാര്യങ്ങളിൽ യാതൊരുവിധ ശ്രദ്ധയും നൽകിയിരുന്നില്ല.  ബ്രിട്ടീഷ് സർക്കാരിൽ നിന്നും വ്യത്യസ്തമായി ചിന്തിച്ചുകൊണ്ട്   ജനങ്ങളുടെ ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധിച്ചിരുന്നത് , തിരുവിതാംകൂർ പോലെയുള്ള ചില ഒറ്റപ്പെട്ട  നാട്ടുരാജ്യങ്ങൾ  മാത്രമായിരുന്നു. ബ്രിട്ടീഷ് സർക്കാരിന്റെ ഈ അവഗണനക്കെതിരെ  ഇന്ത്യയിലെ    പൊതുജനാരോഗ്യ വിദഗ്ദ്ധരും, ഇന്ത്യൻ നാഷണൽ കോൺഗ്രസ്സും ശക്തമായ എതിർപ്പും, പ്രതിഷേധവും ഉയർത്തിയതിനെ  തുടർന്ന്  ജനങ്ങളുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച്  സർവേയും, പഠനവും  നടത്തി  റിപ്പോർട്ട് സമർപ്പിക്കുവാൻ മുൻ കൊച്ചി രാജ്യത്തിലെ  ദിവാനും, ഐ സി എസ്‌  ഉദ്യോഗസ്ഥനുമായിരുന്ന ജോസഫ് ബോറെ  അധ്യക്ഷനായി ഒരു കമ്മറ്റിയെ 1943 ൽ  നിയമിച്ചു.   പ്രശസ്ത   ഭിഷഗ്വരന്മാരായിരുന്ന,   ബംഗാളിൽ നിന്നുമുള്ള   ഡോ .ബി.സി.റോയി, മദ്രാസ്സിൽനിന്നുമുള്ള   ഡോ .ലക്ഷ്‌മണ  സ്വാമി മുതലിയാർ   തുടങ്ങിയവരായിരുന്നു അംഗങ്ങൾ. ഇന്ത്യമുഴുവൻ സഞ്ചരിച്ചു  നടത്തിയ പഠനത്തിന്റ്റെ  അടിസ്ഥാനത്തിൽ ബോറെ  കമ്മിറ്റി  1946 ൽ   റിപ്പോർട്ട് സമർപ്പിച്ചു. അപ്പോഴേക്കും  അധികാരകൈമാറ്റവുമായി  ബന്ധപ്പെട്ട കാര്യങ്ങളിലേക്ക്     ബ്രിട്ടീഷ് സർക്കാർ കടന്നതിനാൽ   റിപ്പോർട്ടിന്മേൽ  കാര്യമായ നടപടികളുണ്ടായില്ല. 

ആരോഗ്യമേഖലയുടെ  ആധുനികവത്ക്കരണം 

 ബ്രിട്ടനും, കാനഡയും, ഉൾപ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങളിലും, സോവിയറ്റ് യൂണിയനിലും  നിലനിന്നിരുന്ന  ക്ഷേമ രാഷ്ട്രം എന്ന കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യയിലെ ആരോഗ്യമേഖലയെ  ആധുനിക വത്ക്കരിക്കാനുള്ള  നടപടികൾ നെഹ്‌റു സർക്കാർ നടപ്പാക്കിയത്.    പ്രധാനമന്ത്രി സ്ഥാനം ഏറ്റെടുത്ത നെഹ്‌റു, ബോറെ  കമ്മിറ്റി  റിപ്പോർട്ടിന്മേൽ ഒന്നൊന്നായി നടപടികൾ എടുത്തു.  അദ്ദേഹത്തിന്റെ നിർദേശങ്ങൾ  ആത്മാർഥമായി നടപ്പിലാക്കുവാൻ ആരോഗ്യമന്ത്രിയായിരുന്ന രാജ് കുമാരി അമ്രിത്  കൗറും  തയ്യാറായതോടെ ആരോഗ്യ രംഗത്തെ പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടു തുടങ്ങി.  ഇന്ത്യ മുഴുവൻ പടർന്നുപിടിച്ച മലേറിയയുടെ  വ്യാപനം കുറച്ചുകൊണ്ടുവന്ന്  അതിനെ നിയന്ത്രണ വിധേയമാ ക്കുവാനുള്ള ശ്രമങ്ങൾക്ക് ആദ്യം തന്നെ തുടക്കം കുറിച്ച്ചു . സ്വാതന്ത്ര്യം ലഭിച്  പത്തുവര്ഷങ്ങൾക്കുള്ളിൽ  മലേറിയ മൂലമുള്ള മരണ നിരക്ക് 1,48,000 ൽ നിന്നും  1957-58 ആയപ്പോൾ  12,300 ആയി  കുറക്കുവാൻ സാധിച്ചു. സ്വാതന്ത്ര്യ പൂർവ കാലഘട്ടത്തിൽ ലക്ഷക്കണക്കിന് ജീവനുകൾ അപഹരിച്ച പ്ലേഗ് എന്ന മഹാമാരിയെ  ആയിരത്തി തൊള്ളായിരത്തി അമ്പതോടുകൂടി  ഇല്ലായ്‌മ  ചെയ്യുവാൻ സാധിച്ചു. അതുപോലെ വസൂരി, കുഷ്ഠരോഗം, മന്ത്, ഡിഫ്ത്തീരിയ,മെനഞ്ചൈറ്റിസ്, പേവിഷബാധ, ടൈഫോയിഡ് , തുടങ്ങിയ രോഗങ്ങളെയും നിയന്ത്രണ വിധേയമാക്കുവാൻ സാധിച്ചു.

  ആരോഗ്യ സംരക്ഷണത്തിന് കൂടുതൽ മുതൽമുടക്ക് നടത്തണമെന്ന  ബോറെ  കമ്മിറ്റിയുടെ നിർദേശനത്തിൻറ്റെ  അടിസ്ഥാനത്തിൽ  രാ ജ്യമെമ്പാടും  പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ  സ്ഥാപിക്കാനുള്ള നടപടികൾ കേന്ദ്ര സർക്കാർ കൈക്കൊണ്ടു.അതിനുവേണ്ട സഹായം സംസ്ഥാനങ്ങൾക്ക് കേന്ദ്ര സർക്കാർ നൽകി. Licenced  Medical  Practitionerrs  നെ ഒഴിവാക്കി, ആരോഗ്യ വിദ്യാഭ്യാസം ലഭിച്ച  എം ബി ബി എസ്   ബിരുദധാരികളെമാത്രമേ  ഡോക്ടർമാരായി  നിയമിക്കാവു എന്ന നിയമം നടപ്പിലാക്കി.  ആരോഗ്യ മേഖലയിൽ ഉന്നത ഗവേഷണ സൗകര്യങ്ങളോടെ  ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്  മെഡിക്കൽ സയൻസസ് [AIIMS ] , മൗലാനാ അബുൽ  ആസാദ്   മെഡിക്കൽ കോളേജ്, ജി.ബി.പന്ത് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജുവേറ്റ്  റിസർച്ച് സെന്റർ,  എന്നിവ  സ്ഥാപിച്ചു. 1946 ൽ 15  മെഡിക്കൽ കോളേജുകൾ മാത്രമായിരുന്നു നമുക്ക് ഉണ്ടായിരുന്നത്, 1964   ആയപ്പോഴേക്കും  81  ആയി വർധിപ്പിക്കാനും, അതിലൂടെ 10,000  സമർഥരായ വിദ്യാർത്ഥികൾക്ക്  ഡോക്ടർമാർ ആകുവാനുമുള്ള സൗകര്യം ഒരുക്കി. കേന്ദ്ര സർക്കാർ ജീവനക്കാർക്ക് മുഴുവൻ  ബാധകമാകുന്ന സെൻട്രൽ ഗവണ്മെന്റ് ഹെൽത്ത് സ്കീം  നടപ്പിലാക്കി. ആരോഗ്യ രംഗത്തെ അടിസ്ഥാന വികസന പ്രവർത്തനങ്ങൾക്കായി പൂനെയിൽ  വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട്,   ന്യായ വിലക്ക് മരുന്നുകൾ ലഭ്യമാക്കുവാനായി ഇന്ത്യൻ ഡ്രഗ് ആൻഡ് ഫർമസൂട്ടിക്കൽസ്  തുടങ്ങി നിരവധി സ്ഥാപങ്ങൾ രാജ്യത്തിന്റ്റെ  വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ചു.  

നെഹ്രുവിന്റെ കാലത്  പൊതുമേഖലയിൽ  ഇട്ട  അടിസ്ഥാന ശിലകളിൽ  ഊന്നിയാണ്  പിന്നീടുള്ള സർക്കാരുകൾ  ആരോഗ്യരംഗത്തെ പ്രവർത്തനങ്ങൾ കെട്ടിപൊക്കിയത്. അതിനെയാണ്  ഇന്ന് കേന്ദ്രത്തിലെ മോഡി സർക്കാർ   ഇല്ലാതാക്കാൻ  ശ്രമിക്കുന്നത് . പൊതുജനാരോഗ്യ രംഗത്തുനിന്നും ക്രമേണ  പിൻവലിയാനുള്ള നടപടികളിൽ നിന്നും കേന്ദ്ര സർക്കാരിനെ പിന്തിരിപ്പിക്കാൻ  ശക്തമായ  പ്രക്ഷോഭം ഉയർന്നു വരാനുള്ള സമയം അതിക്രമിച്ചിരിക്കുകയാണ്.


പി.എസ്‌ .ശ്രീകുമാർ 

98471 73177 

 











Friday, 15 October 2021

                            സംഘർഷമേഖലയായി  മാറുന്ന ദക്ഷിണചൈന സമുദ്രം  


 അമേരിക്കയുടെ ഏകപക്ഷീയമായ പിൻവാങ്ങലോടെ പശ്ചിമ ഏഷ്യ  ലോകത്തെ ഏറ്റവും   അപകടം പിടിച്ച  സംഘർഷ മേഖലയായിരുന്ന  അവസ്ഥക്ക്  മാറ്റം വരുന്നുവോ?    ഒരു തീപ്പൊരി വീണാൽ  പൊട്ടിത്തെറിക്കാൻ സാധ്യതയുള്ള  മേഖലയായി അന്തർദേശിയ  സമൂഹം   ഇപ്പോൾ ആശങ്കയോടെ  കാണുന്നത് ,  ദക്ഷിണ ചൈന സമുദ്ര മേഖലയെയാണ്.  ഒരു വശത്തു  ചൈനയും മറുവശത്തു അമേരിക്കയും  അണിനിരന്നു കൊണ്ട് നടത്തുന്ന  സൈനിക നീക്കങ്ങൾ  അതീവ ജാഗ്രതയോടെയാണ്‌  ലോക രാജ്യങ്ങൾ വീക്ഷിക്കുന്നത്. 

പസിഫിക് സമുദ്രത്തിന്റെ  ഭാഗമായ ദക്ഷിണ ചൈന സമുദ്ര മേഖലയോട്  ചേർന്ന് കിടക്കുന്ന രാജ്യങ്ങൾ,  ചൈനക്ക് പുറമേ,  തായ്‌വാൻ, ജപ്പാൻ, വിയറ്റ്നാം,കംബോഡിയ, ഫിലിപ്പൈൻസ്, മലേഷ്യ, ഇന്തോനേഷ്യ, ബ്രൂണെ തുടങ്ങിയവയാണ് . ഈ സമുദ്ര മേഖലയിൽ ജനവാസം ഉള്ളതും ഇല്ലാത്തതുമായ 250 ൽ പരം ചെറിയ ദ്വീപുകൾ ഉണ്ട്. ഇതിൽ  "യു"  ആകൃതിയിൽ  കിടക്കുന്ന 9  ദ്വീപുകളിന്മേൽ  തർക്കം ഉന്നയിച്ചുകൊണ്ട് ചൈന വന്നതോടെയാണ്    ഈ തർക്കം   " Nine dash  area  dispute " എന്നറിയപ്പെട്ടു തുടങ്ങിയത് .  ഇവിടെയുള്ള ദ്വീപുകളിന്മേൽ   അവകാശവാദം ഉന്നയിച്ചുകൊണ്ട്,  ചൈന  തർക്കത്തിൽ ഏർപ്പെട്ടിരിക്കുന്നത്    തായ്‌വാൻ ,ബ്രൂണെ,ഇന്തോനേഷ്യ, മലേഷ്യ,ഫിലിപ്പൈൻസ്, സിങ്കപ്പൂർ, വിയറ്റ്നാം എന്നീ രാജ്യങ്ങളുമായാണ്. മാവോ സേതുങ്ങിൻറ്റെ  നേതൃത്വത്തിലുള്ള ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുമായുള്ള യുദ്ധത്തിൽ 1949   ൽ,  ചിയാങ് കൈ ഷെക്   പരാജയപ്പെട്ടപ്പോൾ, ചിയാങ്ങും  അനുയായികളും അഭയം പ്രാപിച്ചത്  തായ്‌വാനിലായിരുന്നു{മുമ്പ് ഫോർമോസ ദ്വീപ്}.മാവോയുടെ നേതൃത്വത്തിൽ  കമ്മ്യൂണിസ്റ്റ് സർക്കാർ അധികാരത്തിലേറുന്നതിനു മുമ്പ്   ഈ  ദ്വീപുകളെല്ലാം  തായ്‌വാന്റെ  അധീനതയിലായിരുന്നു.  തായ്‌വാന്റെ അവകാശവാദം ഈ ചരിത്രത്തിൽ  ഊന്നിയാണ്.

കണ്ണ് പ്രകൃതി വിഭവങ്ങളിൽ

           ദക്ഷിണ ചൈന സമുദ്ര മേഖലയിലെ  തർക്കത്തിന്റെ അടിസ്ഥാന ഘടകം ഈ മേഖലയിലെ  പ്രകൃതി വിഭവങ്ങളുടെ ലഭ്യതയാണ്.   ഈ മേഖലയിൽ 17.7  ബില്യൺ  ടൺ  എണ്ണശേഖരവും  266  ട്രിലിയെൻ  ക്യുബിക് ഫീറ്റ് പ്രകൃതി വാതക ശേഖരവും ഉണ്ടെന്നാണ് കണ്ടെത്തിയിട്ടുള്ളത്.  സമുദ്ര നിയമങ്ങളെകുറിച്ചുള്ള ഐക്യ രാഷ്ട്ര സഭയുടെ കൺവെൻഷൻ  നടന്നതും രാജ്യങ്ങൾ അതിൽ ഒപ്പുവച്ചതും 1982 ൽ ആയിരുന്നു .  അന്താരാഷ്ട്ര സമുദ്ര നിയമങ്ങൾ അനുസരിച്ചു   ഓരോ രാജ്യത്തിനും, അവയോട്  ചേർന്നുകിടക്കുന്ന 200  നോട്ടിക്കൽ മൈൽ വരെയുള്ള സമുദ്ര ഭാഗങ്ങളിലെ  വിഭവങ്ങളിൽ അവകാശമുണ്ട്. ഈ നിയമങ്ങൾ അവഗണിച്ചുകൊണ്ടാണ്   ആൾപ്പാർപ്പില്ലാത്ത ചില ദ്വീപുകളിൽ      ചൈന  ഓഫ്‌ഷോർ  എക്സ്പ്ലൊറേഷൻ  കോർപറേഷൻ  ഖനന പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുന്നത്.  ഏകദേശം 30  ബില്യൺ ഡോളറിന്റെ  നിക്ഷേപമാണ്  ചൈന ഇതിനായി മാറ്റിവച്ചിരിക്കുന്നതു.  ഈ വാണിജ്യ  താല്പര്യങ്ങൾ  സംരക്ഷിക്കാനും  മേഖലയിൽ അധീശത്വം ഉറപ്പിക്കുവാനുമായാണ്    ചില ദ്വീപുകൾ  സൈനികാവശ്യങ്ങൾക്കായി  ചൈന  വികസിപ്പിചിരിക്കുന്നതും സൈനിക സാന്നിധ്യം നിലനിർത്തുന്നതും.

          ഈ മേഖലയിലുള്ള സ്പ്രാട്ടിലി,  പറാസൽ , നട്ടുന്ന   എന്നീ ദ്വീപ സമൂഹങ്ങളുടെ നിയന്ത്രണത്തെ ചൊല്ലിയും ചൈനയും ഇതര രാജ്യങ്ങളുമായി തർക്കമുണ്ട്.  ഇതിൽ സ്പ്രാട്ടിലി  ദ്വീപ സമൂഹത്തിനായി  അവകാശവാദമുന്നയിച്ചിട്ടുള്ള മറ്റു രാജ്യങ്ങൾ ഫിലിപ്പൈൻസ്, മലേഷ്യ, വിയറ്റ്നാം, തായ്‌വാൻ  എന്നിവയാണ്.  നട്ടുന്ന   ദ്വീപിനു മേൽ തർക്കമുള്ളതു ചൈനയും  ഇന്തോനേഷ്യയും, തായ്‌വാനുമായിട്ടാണ്. സ്‌കാർബറോ ദ്വീപിനുമേൽ അവകാശം ഉന്നയിച്ചിട്ടുള്ളത് ഫിലിപ്പൈൻസ്,തായ്‌വാൻ, ചൈന എന്നിവരാണ്. പറാസൽ  ദ്വീപിൻമേൽ ചൈനയും, വിറ്റ്‌നാമും  അവകാശവാദം ഉന്നയിക്കുന്നു. ഈ ദ്വീപിന്റെ കുറെ ഭാഗം വിറ്റ്നാമിന്റെ കൈവശവും മറ്റു ഭാഗങ്ങൾ    ചൈനയുടെ  കൈവശവുമായിരുന്നു.  ഇവർ തമ്മിൽ രണ്ടു തവണ  ഈ പ്രശ്നത്തിൽ യുദ്ധം  ഉണ്ടായി.  എന്നാൽ ,  2012  മുതൽ   ദ്വീപിന്റ്റെ  മുഴുവൻ നിയന്ത്രണവും ചൈന പിടിച്ചെടുക്കുകയും ചെയ്തു. 

 തായ്‌വാൻ  ഏകീകരണം ലക്ഷ്യമാക്കി ചൈന 

          ഏറ്റവും ഗുരുതരമായ തർക്കം ചൈനയും  തായ്‌വാനുമായിട്ടാണ് . തായ്‌വാൻ  സ്വതന്ത്ര രാജ്യമല്ലെന്നും  ചൈനീസ് വൻകരയുടെ ഭാഗം മാത്രമാണെന്നുമാണ്  ചൈന  1949  മുതൽ അവകാശപ്പെടുന്നത്. തായ്‌വാൻ ഇത് അംഗീകരിക്കുന്നില്ല. തങ്ങളുടേത്   ജനാധിപത്യ രീതിയിലുള്ള  ഒരു സ്വതന്ത്ര രാജ്യമാണെന്നാണ് അവരുടെ അവകാശവാദം.  ചൈനയുടെ കടന്നു കയറ്റത്തിൽ നിന്ന് രക്ഷനേടാനായി ,  1950-53  കാലഘട്ടത്തിലെ  കൊറിയൻ യുദ്ധസമയത് ഉണ്ടാക്കിയ ഉടമ്പടിപ്രകാരം   അമേരിക്കയുമായി  തായ്‌വാൻ  സൈനിക സഖ്യത്തിൽ ഏർപ്പെട്ടു.  എന്നാൽ 1979 ൽ   കമ്മ്യൂണിസ്റ്റ്  ചൈനയെ [Peoples  Republic  of  China ] അമേരിക്ക അംഗീകരിച്ചു നയതന്ത്ര ബന്ധം സ്ഥാപിച്ചതോടെ   തായ്‌വാനുമായുള്ള  ഔദ്യോഗിക ബന്ധം അമേരിക്കക്ക്  അവസാനിപ്പിക്കേണ്ടി വന്നു.  എന്നാലും തായ്‌വാന്  സൈനിക സഹായം ആവശ്യമുള്ളപ്പോൾ  അത് നല്കാൻ തയ്യാറാണെന്നുള്ള വാഗ്‌ദാനം  നിലവിലുണ്ട്.  തായ്‌വാൻ  തങ്ങളുടെ ഭാഗമാണെന്നു പറയുമ്പോഴും,  സമാധാനപരമായ ഒരു പുനരേകീകരണമാണ്  ആഗ്രഹിക്കുന്നതെന്നാണ് ചൈന ഇത്രയും നാൾ പറഞ്ഞുകൊണ്ടിരുന്നത്.  എന്നാൽ ഷി ജിൻപിങ് അധികാരത്തിൽ വന്നശേഷം  ചൈനയുടെ ശബ്ദം കനത്തു തുടങ്ങി.  കമ്മ്യൂണിസ്റ്റ് ചൈനയുമായുള്ള പുനരേകീകരണം  നടപ്പിലാക്കുമെന്നും , വിദേശശക്തികൾ  ഇക്കാര്യത്തിൽ ഇടപെടരുതെന്നും അമേരിക്കക്കു ഒരു മുന്നറിയിപ്പ് എന്ന രീതിയിൽ  ചൈനയുടെ ദേശിയ ദിനത്തോടനുബന്ധിച്ചു  ബെയ്‌ജിങ്ങിൽ നടന്ന സമ്മേളനത്തിൽ  ചൈനീസ് പ്രസിഡന്റ  ഷി ജിൻപിങ് പ്രഖ്യാപിച്ചു.  അതിനെ തുടർന്ന്   ഒക്ടോബര് 1 ന്  ചൈനീസ്    വ്യോമസേനയുടെ  38  വിമാനങ്ങൾ തായ്‌വാൻ  വ്യോമാതിർത്തി ലംഘിച്ചു  പറക്കൽ നടത്തി. പിന്നീട് ഒക്ടോബര് 2   നു 39  വിമാനങ്ങളും ഒക്ടോബര് 4 ന്  56  വിമാനങ്ങളും തായ്‌വാൻ  വ്യോമാതിർത്തി ലംഘിച്ചു.  നിരന്തരമായ വ്യോമാതിർത്തി ലംഘനത്തോടെ , ഏത്  ആക്രമണത്തെയും ജനങ്ങളുടെ പിന്തുണയോടെ  ശക്തിയുക്തം  പ്രതിരോധിക്കുമെന്ന് തായ്‌വാൻ  പ്രസിഡന്റ് സായ് ഇൻഗ്വേൻ  പ്രഖ്യാപിച്ചു. സമ്മർദങ്ങൾക്ക് വഴങ്ങില്ലെന്നും,  തായ്‌വാൻറ്റെ  പരമാധികാരത്തെ വെല്ലുവിളിക്കുന്ന നടപടികളിന് നിന്നും കമ്മ്യൂണിസ്റ്റ് ചൈന പിൻവാങ്ങണമെന്നും അവർ ആവശ്യപ്പെട്ടു.

 നാവികാഭ്യാസ മേഖലയായി  മാറുന്നു 

 ഈ പശ്ചാത്തലത്തിലാണ് കഴിഞ്ഞ ഏതാനും വർഷങ്ങളായി  ദക്ഷിണ ചൈന സമുദ്ര മേഖലയിൽ  നാവികാഭ്യാസത്തിനു അമേരിക്ക നേതൃത്വം നൽകുന്നത്.അന്താരാഷ്ട്ര  സമുദ്ര മേഖലയിൽ  എല്ലാ രാജ്യങ്ങൾക്കും സ്വാതന്ത്ര്യം ഉണ്ടെന്നു പ്രഖ്യാപനംനടത്തിയാണ്   അമേരിക്കയും, ജപ്പാനും, ഇന്ത്യയും  മലബാർ എക്സർസൈസ് എന്ന പേരിൽ നാവികാഭ്യാസങ്ങൾ സംഘടിപ്പിക്കുന്നത്.  ഈ വര്ഷം മുതൽ  ഓസ്‌ട്രേലിയയെക്കൂടി കൂട്ടി  ഇതൊരു ചതുർ രാഷ്ട്ര  നാവികാഭ്യാസമാക്കി മാറ്റിയിരിക്കുകയാണ്.  ഇതൊരു    സൈനിക സഖ്യമല്ലെന്ന്   ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ അവർത്തിക്കുന്നുണ്ടെങ്കിലും  ഈ കൂട്ടുകെട്ടിനെ   തങ്ങൾക്കെതിരായ ഒരു സൈനിക സഖ്യമായിട്ടാണ് ചൈന കരുതുന്നത്.  ഈ ചതുർ രാഷ്ട്ര സഖ്യത്തിന് പുറമേയാണ് , ഇൻഡോ-പസിഫിക്  മേഖലയുടെ സുരക്ഷക്കായി അമേരിക്കയും, ബ്രിട്ടനും, ഓസ്‌ട്രേലിയയും ചേർന്ന് AUKUS  എന്ന പേരിൽ ഒരു പ്രതിരോധ സഖ്യം  അടുത്തകാലത്ത് രൂപീകരിച്ചത്.  ഈ ഒരു സാഹചര്യത്തിൽ  ഈ മേഖലയിൽ ഉണ്ടാകുന്ന  ഒരു ചെറിയ തീപ്പൊരി പോലും വലിയ ദുരന്തങ്ങളിലേക്കു നയിക്കാനുള്ള സാധ്യത  ഏറി വരികയാണ്.  ചൈനയും,  അമേരിക്കയോട് ചേർന്ന് നിൽക്കുന്ന രാജ്യങ്ങളും  വളരെ അവധാനതയോടെയും , പക്വതയോടും  പെരുമാറിയില്ലെങ്കിൽ,   ഒരു പക്ഷെ, മൂന്നാം  ലോക മഹായുദ്ധത്തിനു തിരി കൊളുത്തുന്നത്  ദക്ഷിണ ചൈനാ  സമുദ്ര മേഖലയാകാനുള്ള  സാധ്യത  തള്ളിക്കളയാൻ  സാധിക്കുകയില്ല .

പി.എസ്‌ .ശ്രീകുമാർ 

9847173177 


 



 




Friday, 8 October 2021

                                     അധികാരവികേന്ദ്രീകരണവും ഇടതു സർക്കാരും 

പി.എസ് .ശ്രീകുമാർ  

കടുത്ത സാമ്പത്തിക പ്രതിസന്ധികളിലൂടെ കടന്നു പോകുന്ന  ഇടതുസർക്കാർ 2021  ഓഗസ്റ്റ്  17  ജനകീയാസൂത്രണത്തിന്റെ   രജത ജൂബിലി   വലിയ പ്രചാരണ പരിപാടികളോടെയാണ്  ആഘോഷിച്ചത്.  കോവിഡ്  മഹാമാരിയുടെ പേരിൽ എല്ലാ ആഘോഷ പരിപാടികൾക്കും നിയന്ത്രണം കൊണ്ടുവന്ന സർക്കാർ ഈ പരിപാടിയെ  എല്ലാ നിയന്ത്രണങ്ങളിൽ നിന്നും   ഒഴിവാക്കി . അധികാര വികേന്ദ്രീകരണം  തങ്ങളുടെ സൃഷ്ടിയാണെന്ന് വരുത്തുവാനുള്ള വൃഥാ  ശ്രമമാണ് അതുവഴി അവർ ലക്ഷ്യമിട്ടത്.

ഇന്ത്യാ  രാജ്യത്തിന്റെ സ്വത്വം ഗ്രാമങ്ങളാണെന്നു തിരിച്ചറിഞ്ഞതും, ഗ്രാമ സ്വരാജിന് വേണ്ടി  നിരന്തരമായി  ആഹ്വാനം  ചെയ്തതും  നമ്മുടെ രാഷ്ട്ര പിതാവായ മഹാത്മാ ഗാന്ധിയായിരുന്നു.  സ്വയം പര്യാപ്തമായ  ഗ്രാമങ്ങളാണ് അദ്ദേഹത്തിന്റെ ഗ്രാമ സ്വരാജിലെ അടിസ്ഥാന ഘടകം.  നിയമ നിർമാണവും, നീതി നിർവഹണവും എല്ലാം ഇന്നിക്കുന്നതാണ് അദ്ദേഹത്തിന്റെ സങ്കല്പത്തിലെ സ്വയം പര്യാപ്ത ഗ്രാമങ്ങൾ.  പഞ്ചായത്തീ രാജ് നിലവിൽ വന്നാൽ മാത്രമേ, സ്വയം പര്യാപ്ത ഗ്രാമങ്ങളും, അതിലൂടെ  പൂർണമായ സ്വാതന്ത്ര്യവും നമുക്ക് ലഭിക്കുകയുള്ളു എന്ന് അദ്ദേഹം വിശ്വസിച്ചു. സ്വാതന്ത്ര്യത്തിനു ശേഷം ജവാഹർലാൽ നെഹ്രുവാണ്  പഞ്ചായത്തീരാജ് സംവിധാനം  നടപ്പിലാക്കുവാനുള്ള  നടപടികൾ സ്വീകരിച്ചത്.  1956  ൽ കൂടിയ ദേശീയ  വികസന കൗൺസിൽ  മീറ്റിംഗിൽ  പഞ്ചായത്തീരാജ് സംവിധാനത്തെക്കുറിച്ചു ചർച്ച ചെയ്യുകയും , നടപ്പിലാക്കുന്നത് സംബന്ധിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ ബൽവന്ത് റായ് മേഹ്ത്തയെ  നിയമിക്കുകയും ചെയ്തു.  1957 ൽ അദ്ദേഹത്തിന്റെ റിപ്പോർട്ട്  സമർപ്പിച്ചു. ജില്ലാതലം, ബ്ലോക്ക് തലം , ഗ്രാമ  തലം  എന്നിങ്ങനെ ത്രിതല പഞ്ചായത്തീരാജ് സംവിധാനം നടപ്പിലാക്കുവാൻ  അദ്ദേഹം ശുപാര്ശനല്കി. ഈ റിപ്പോർട്ടിന്റെ വെളിച്ചത്തിലാണ് വിവിധ സംസ്ഥാനങ്ങൾ പഞ്ചായത്തീരാജ് സംവിധാനം നടപ്പിലാക്കിയത്. എന്നാൽ ഭരണഘടനാപരമായ  സംരക്ഷണം ഇല്ലായിരുന്നതിനാൽ പല സംസ്ഥാനങ്ങളിലും, കൃത്യമായ തെരഞ്ഞെടുപ്പ് നടത്തുകയോ, അധികാര വികേന്ദ്രികരണം നടപ്പിലാക്കുവാനോ സാധിച്ചില്ല.

            1984 ൽ രാജീവ് ഗാന്ധി അധികാരത്തിൽ വന്നശേഷമാണ്  പഞ്ചായത്തീരാജ് സംവിധാനം പരിഷ്‌കരി ക്കുന്നതിനെ കുറിച്ച് കാര്യമായ ആലോചന തുടങ്ങിയത്.  1989  മെയ്  5 ന്  മുഖ്യമന്ത്രിമാരുടെ സമ്മേളനത്തിൽ പഞ്ചായത്തീരാജ് സംവിധാനം ശക്തിപ്പെടുത്തുന്ന കാര്യം അദ്ദേഹം അവതരിപ്പിച്ചു.  "കോടിക്കണക്കിന്  ഇന്ത്യാക്കാരുടെ  വീട്ടുപടിക്കൽ ജനാധിപത്യം  എത്തിക്കുന്ന വിപ്ലവമാണത്.  നമ്മുടെ ലക്ഷക്കണക്കിന് വരുന്ന പട്ടിക ജാതി പട്ടിക വർഗക്കാർക്കും  ഭാരതത്തിലെ വനിതകൾക്കും അവസരത്തിണ്റ്റെ വാതിൽ തുറന്നു കൊടുക്കുന്ന അവസരമാണിത്  എന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം തൻറ്റെ  പ്രസംഗം അവസാനിപ്പിച്ചത്. ഇക്കാര്യങ്ങളെല്ലാം  പരിഗണിച്ചാണ്  64 ആം ഭരണഘടനാ ബില്  പാർലമെന്റിൽ  അവതരിപ്പിച്ചത്. എന്നാൽ ഈ ബില്ലിനെ  ബി ജെ പി ക്കൊപ്പം ചേർന്ന് നിന്ന് ഇന്ത്യയിലെ സി പി എം  ഉൾപ്പെടെയുള്ള ഇടതുപക്ഷ  കക്ഷികൾ പാർലമെന്റിൽ വോട്ടിനിട്ട് തോൽപ്പിച്ച്.  രാജ്യസഭയിൽ ബില് പരാജയപ്പെട്ടത് വെറും 5  വോട്ടുകൾക്കായിരുന്നു.  പിന്നീട് 1993 ൽ  നരസിംഹ റാവു സർക്കാരാണ് 73,74  ഭരണഘടനാ ഭേദഗതികളിലൂടെ  പഞ്ചത്തിരാജ്,നഗരപാലിക   ബില്ലുകൾ പാസ്സാക്കി.  ഈ ബില്ലുകളിലൂടെയാണ് ത്രിതല പാഞ്ഞത് സംവിധാനം എല്ലാ സംസ്ഥാനങ്ങളിലും നടപ്പിലാക്കിയത്. പട്ടികജാതി/പട്ടിക വർഗ വിഭാഗങ്ങൾക്കും, വനിതകൾക്കും പഞ്ചായത്തീരാജിലൂടെ   മൂന്നിൽ ഒന്ന് സീറ്റുകളിൽ  സംവരണം  ഏർപ്പെടുത്താനും, അഞ്ചു വര്ഷം കൂടുമ്പോൾ കൃത്യമായി തെരഞ്ഞെടുപ്പ് നടത്തുവാനും, ജില്ലാ തലത്തിൽ ആസൂത്രണ കമ്മിറ്റകൾ രൂപീകരിക്കുവാനും അതിനായി സംസ്ഥാനതലത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷനെ യും,  പഞ്ചായത്തുകൾക്ക് കൂടുതൽ സാമ്പത്തിക അധികാരം നൽകുവാൻ സംസ്ഥാന ധനകാര്യ കമ്മീഷനെ നിയമിക്കുവാനുമുള്ള  വകുപ്പുകൾ  ഉൾപ്പെടുത്തിയാണ് ഭേദഗതികൾ പാസ്സാക്കിയത്. 
             1987 ൽ അധികാരത്തിൽ വന്ന നായനാർ സർക്കാർ ജില്ലാ കൗൺസിലുകൾ രൂപികരിച്ചു  ജില്ലാ തല ഉദ്യോഗസ്ഥർക്ക് നൽകിയ ചില അധികാരങ്ങൾ നൽകിയെങ്കിലും, അതൊക്കെ വെറും രാഷ്ട്രീയ അഭ്യാസങ്ങൾ മാത്രമായി. കാരണം, സംസ്ഥാന ഫണ്ടിൽ നിന്നും ഈ സ്ഥാപങ്ങൾക്കു ആവശ്യമുള്ള സാമ്പത്തിക സഹായം ലഭ്യമാക്കുന്നതിൽ നായനാർ സർക്കാർ പരാജയപ്പെട്ടു.
   
             കേന്ദ്ര നിയമത്തിന്റെ പശ്ചാത്തലത്തിലാണ്  1994  ഏപ്രിൽ 24  ആം തീയതി , രാവും പകലും   നിയമസഭാ ചേർന്ന് അനുബന്ധ നിയമം  കേരളത്തിൽ പാസ്സാക്കിയത്.  അന്ന് മുഖ്യമന്ത്രിയായിരുന്ന കെ.കരുണാകരനാണ്  ഈ നിയമം പാസ്സാക്കാൻ മുൻകൈ എടുത്തത്. കെ.കരുണാകരനെ തുടർന്ന് 1995 ൽ  അധികാരത്തിൽ  വന്ന എ.കെ. ആന്റണി  പഞ്ചായത്തീരാജ്, നഗരപാളിക നിയമ പ്രകാരം 1995  സെപ്റ്റംബറിൽ തെരഞ്ഞെടുപ്പ് നടത്തുകയും, കൂടുതൽ അധികാരങ്ങൾ  തദ്ദേശ  സ്വയംഭരണ സ്ഥാപനങ്ങൾക്ക് നൽകുകയും ചെയ്തു.  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക്  വികസനപ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിനായി  ചെലവഴിക്കുവാനായി  480  കോടി രൂപയും നൽകി.
               1996 ൽ  വീണ്ടും അധികാരത്തിൽ എത്തിയ  ഇ.കെ.നായനാരുടെ നേതൃത്വത്തിലുള്ള  ഇടതുപക്ഷ സർക്കാർ  യു .ഡി.എഫ്  സർക്കാർ നടപ്പിലാക്കിയ അധികാര വികേന്ദ്രികരണ നടപടികൾ അട്ടിമറിക്കാനായാണ് 1996 ൽ ജനകീയ ആസൂത്രണ  പദ്ധതി  ആവിഷ്കരിച്ചത്. ഇതനുസരിച്ചു ജനങ്ങളെ പങ്കെടുപ്പിക്കുന്നതിന്റ്റെ പേരിൽ  ആസൂത്രണ ബോര്ഡിന്  കീഴിൽ  ഒരു ജനകീയ  സമിതി  രൂപികരിച്ചുകൊണ്ട് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. രാഷ്ട്രീയ ഭേദമന്യേ എല്ലാവരെയും പങ്കെടുപ്പിച്ചുകൊണ്ട് താഴത്തെ തലത്തിൽ നിന്നുയർന്നു വരുന്ന ആവശ്യങ്ങളെ ആസ്പദമാക്കി സംസ്ഥാനത്തിന്റെ പദ്ധതി രൂപീകരിക്കുമെന്നാണ് പറഞ്ഞിരുന്നത്.ഇത് സദുദ്ദേശത്തോടെ ആണെന്ന ധാരണയിൽ യു ഡി ഫ് ഇതുമായി  തുടക്കത്തിൽ സഹകരിച്ചു. 
 എന്നാൽ സംഭവിച്ചത് മറിച്ചാണ്.  ജനപങ്കാളിത്തത്തിന്റെ പേര് പറഞ്ഞു, എല്ലായിടത്തും പാർട്ടി പ്രവർത്തകരെയും, അനുഭാവികളെയും കുത്തി നിറച്ചു. വർക്കിംഗ് ഗ്രൂപ്പുകൾ,  സാങ്കേതിക ഉപദേശ സമിതികൾ എന്നിവയിലെല്ലാം സി പി എം കാരെ കുത്തിനിറച്ചു. അതോടെ യു ഡി എഫ് ജനകീയാസൂത്രണത്തിനെതിരായി. അത് ധൂർത്തിനും അനാവശ്യ ചെലവുകൾക്കുമായാ ണ്  സി പി എം ഉപയോഗിച്ചത് . 2001  ലെയും 2011 ലെയും യും  തെരഞ്ഞെടുപ്പുകളിൽ   സംസ്ഥാനത്തു അധികാരത്തിൽ  വന്ന  യു ഡി എഫ് സർക്കാർ ജനകീയാസൂത്രണത്തിനു പകരം,  കേരള  വികസന പദ്ധതി കൊണ്ടുവന്നു.  യഥാർത്ഥ അധികാര വികേന്ദ്രികരണമാണ് യു ഡി എഫ് നടപ്പിലാക്കിയത്.  കൂടുതൽ അധികാരങ്ങളും, സാമ്പത്തിക  സഹായവും പഞ്ചായത്ത്-നഗര പാലിക  സ്ഥാപനങ്ങൾക്ക് നൽകി.  സംസ്ഥാന ധനകാര്യ കമ്മീഷൻ ശുപാർശകളും  യു ഡി എഫ് സർക്കാരുകൾ  നടപ്പിലാക്കി. 

തുടർന്ന് വന്ന  പിണറായി സർക്കാർ,  നവകേരള മിഷന്റെ കീഴിൽ രൂപീകരിച്ച  ലൈഫ്,ആദ്രം, ഹരിതകേരളം, വിദ്യാഭ്യാസം  എന്നിങ്ങനെയുള്ള  നാല്  മിഷനുകൾക്കു  കൂടുതൽ പ്രാധാന്യം നൽകി. തദ്ദേശ സ്ഥാപനങ്ങളുടെ അധികാരങ്ങളും, സാമ്പത്തിക സൗകര്യങ്ങളും  ഈ മിഷനുകൾക്കാണ് ഇടതു സർക്കാർ നൽകിയത്.    തദ്ദേശ സ്വയംഭരണ സ്ഥാപങ്ങളെ  നോക്കുകുത്തികളാക്കിമാറ്റുന്ന നയമാണ് ഇടതു സർക്കാർ പിന്തുടരുന്നത്.  2019-20  ൽ തദ്ദേശ സ്ഥാപങ്ങൾക്കു മീക്കിവച്ച തുകയിൽ 53.87 % മാത്രമേ  ചിലവഴിച്ചുള്ളൂ.  2020-21 ൽ    പദ്ധതി വിഹിതത്തിൽ നിന്നും 30 %
വെട്ടിക്കുറവ് ആദ്യമേ വരുത്തി.  അതിനു പുറമേ , മുൻ വർഷത്തെ ക്യാരി  ഓവർ ചെയ്ത  പണികൾക്കുള്ള  തുകയും കഴിഞ്ഞ വർഷത്തെ   പദ്ധതി വിഹിതത്തിൽ നിന്നാണ് എടുത്തത്.  സർക്കാരിന്റെ സാമ്പത്തിക  ബുദ്ധിമുട്ടു ഒഴിവാക്കാനായി തദ്ദേശ സ്വയംഭരണ സ്ഥാപങ്ങളുടെ  തനതു ഫണ്ട് വരുമാനം ട്രഷറിയിൽ  സൂക്ഷിക്കണമെന്ന ധനവകുപ്പിന്റെ നിർദേശം. നടപ്പിലാകുന്നതോടെ അധികാര വികേന്ദ്രികരണം അട്ടിമറിക്കപ്പെടുകയാണ്.സംസ്ഥാന സർക്കാർ നടപ്പിലാക്കേണ്ട പ്രളയം,   കോവിഡ്  പ്രതിരോധം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളിലും, തദ്ദേശ സ്ഥാപങ്ങൾക്കു തുകയൊന്നും നൽകാതെ, അവരുടെ ഫണ്ടിൽ നിന്നും ചെലവഴിക്കാനാണ് സർക്കാരിന്റെ നിർദേശം.  ഇങ്ങനെ എല്ലാ രീതികളിലും, തദ്ദേശ സ്ഥാപങ്ങളെ തകർക്കുന്ന  നിലപാടുമായി  മുന്നോട്ടുപോകുന്ന സംസ്ഥാന സർക്കാരിനു  അധികാര വികേന്ദ്രികരണത്തെക്കുറിച്ചു ഊറ്റം കൊള്ളാൻ ഒന്നുമില്ല.

പി.എസ്‌ .ശ്രീകുമാർ 
കൺവീനർ ,
കെ പി സി സി യുടെ  ഓഫീസർസ് ആൻഡ് സർവീസ് ഓർഗനൈസേഷൻസ് സെൽ 



                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                















 













.