Wednesday, 26 April 2023

 


                   നയതന്ത്ര  രംഗത്ത്  സമാധാന ദൂതുമായി  ചൈന 


ചിരകാല വൈരികളായിരുന്ന  സൗദി അറേബ്യയും  ഇറാനും,  ചൈനയുടെ മധ്യസ്ഥതയിൽ,   നയതന്ത്ര ബന്ധങ്ങൾ   പുനസ്ഥാപിക്കുവാൻ  കരാറിൽ ഒപ്പുവച്ച വാർത്ത   തെല്ല്  ആശ്ചര്യത്തോടെയാണ്  അന്തർദേശിയ നയതന്ത്ര സമൂഹം  ശ്രവിച്ചത് .   ഏഴു വർഷങ്ങൾക്ക്  മുമ്പ്     നയതന്ത്ര ബന്ധങ്ങൾ  അവസാനിപ്പിച്ച്, പരസ്പരം പ്രോക്സി യുദ്ധം നടത്തിയ  ഗൾഫ് മേഖലയിലെ  രണ്ട്  പ്രമുഖ രാജ്യങ്ങൾ സമാധാനത്തിൻറ്റെ  പാതയിലൂടെ സഞ്ചരിക്കാൻ തീരുമാനിച്ചത്  മേഖലയിലെ, ഇസ്രായേൽ ഒഴികെ , എല്ലാ രാജ്യങ്ങളും  സ്വാഗതം ചെയ്തിട്ടുണ്ട് .  ചൈനയുടെ വിദേശകാര്യ വിഭാഗത്തിൻറ്റെ  തലവനായ  വാങ് യിയുടെ  നേതൃത്വത്തിലാണ്  സൗദിയുടെയും ഇറാൻറ്റെയും  സുരക്ഷാ  ഉപദേശകർ,   കഴിഞ്ഞ  കുറെ നാളുകളായി നടത്തിവന്ന രഹസ്യ ചർച്ചകൾക്കൊടുവിൽ,     മാർച്ച്  10 ന്  ബെയ്‌ജിങ്ങിൽ വച്ച് അന്തിമ കരാറിൽ ഒപ്പുവച്ചത്.   സൗദി അറേബ്യയുടെ സുരക്ഷാ ഉപദേഷ്‌ടാവും  മന്ത്രിയുമായ മുസാദ്  ബിൻ മുഹമ്മദ് അൽ ഐബാനും, ഇറാനിലെ ദേശിയ സുരക്ഷാ സമിതിയുടെ സെക്രട്ടറി അലി ശംഖാനിയുമാണ് 

 ഇരു രാജ്യങ്ങളെയും പ്രതിനിധീകരിച്ചു കരാറിൽ ഒപ്പുവച്ചത്.  ആ   ദിവസത്തിന് മറ്റൊരു പ്രത്യേകതകൂടിയുണ്ട്.  അന്നാണ്  ചൈനയുടെ പ്രസിഡന്റ്  ഷി ജിങ് പിംഗ് മൂന്നാമതും   പ്രസിഡന്റ്  സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

അമേരിക്കയുടെ സാന്നിധ്യം ഇല്ലാത്ത കരാർ 

ഈ കരാർ അനുസരിച്ചു് നയതന്ത്രബന്ധം പുനഃസ്ഥാപിക്കുന്നതിനു പുറമേ  ഇരു രാജ്യങ്ങളും  പരസ്പരം  പരമാധികാരത്തെ  മാനിക്കുമെന്നും,  മറു രാജ്യത്തിൻറ്റെ ആഭ്യന്തര കാര്യങ്ങളിൽ  ഇടപെടുകയില്ലെന്നും ഉറപ്പുവരുത്തും. ഇതിനു പുറമേ, മുമ്പ് ഒപ്പുവച്ചതും പിന്നീട്  ചവറ്റുകുട്ടയിൽ എറിയുകയും ചെയ്ത 1998 ലെ സാമ്പത്തിക-സാങ്കേതിക- ശാസ്ത്ര -സാംസ്‌കാരിക ബന്ധങ്ങൾ ക്കായുള്ള  കരാറും , 2001 ലെ സുരക്ഷാ-സഹകരണ കരാറും  പുനരുജ്ജീവിപ്പിക്കുവാനും  തീരുമാനിച്ചു.  ഈ കരാറിൻറ്റെ  ഒരു സവിശേഷത  അമേരിക്കയുടെ സാന്നിധ്യമില്ലാതെ,  ഗൾഫ് മേഖലയിൽ,    രണ്ടു രാജ്യങ്ങൾ  സമാധാന ശ്രമങ്ങളുടെ ഫലമായി  കരാറിൽ ഒപ്പുവച്ചു എന്നതാണ്.  ഇറാഖിലെയും, അഫ്ഘാനിസ്ഥാനിലെയും സൈനിക പരാജയങ്ങളുടെ  പശ്ചാത്തലത്തിൽ, മധ്യേഷ്യയിൽ അമേരിക്കയുടെ വിശ്വാസ്യത  വളരെയധികം ഇടിഞ്ഞു.  പുറമേ,  ലോക പൊലീസിങ്ങിൽ നിന്നും  മാറിനിൽക്കുവാനുള്ള അമേരിക്കയുടെ തീരുമാനവും   അന്തർദേശിയ കാര്യങ്ങളിൽ ഒരു വൻശക്തിയുടെ  സാന്നിധ്യം  ആവശ്യമാക്കിയിരുന്നു.  സോവിയറ്റ് യൂണിയൻറ്റെ  തകർച്ചയും ഈ രംഗത്ത് വലിയ വിടവാണ് സൃഷ്ടിച്ചത്.   ഈ അവസരമാണ്ചൈന ബുദ്ധിപൂർവം കൈകാര്യം ചെയ്തത്.  

അറാബ്  മേഖലയിലെ ഏറ്റവും വലിയ രാജ്യങ്ങളാണ് സൗദി അറേബ്യയും , ഇറാനും. സൗദി,  രാജഭരണത്തിന്റെ കീഴിലാണെങ്കിൽ, ഇറാൻ  യാഥാസ്ഥികരായ തീവ്ര ഇസ്ലാമിസ്റ്റുകൾ നേതൃത്വം നൽകുന്ന ഇസ്ലാമിക റിപ്പബ്ലിക്ക് ആണ്.  1979 വരെ ഇരു രാജ്യങ്ങൾക്കിടയിൽ  കാര്യമായ അഭിപ്രായ വ്യത്യാസങ്ങൾ ഇല്ലായിരുന്നു.  1979 ൽ ഷാ മുഹമ്മദ് റിസ പഹ്ലവിയുടെ നേതൃത്വത്തിലുള്ള രാജ ഭരണത്തെ അട്ടിമറിച്ചു  ഇസ്ലാമിക തീവ്രവാദികൾ അധികാരം പിടിച്ചെടുത്തതോടെയാണ്  ഇരു രാജ്യങ്ങളും തമ്മിലുള്ള അഭിപ്രായ ഭിന്നതകൾ പുറത്തുവന്നത്.  സിറിയയിലും, യമനിലും നടന്ന യുദ്ധങ്ങളിൽ സൗദിയും ഇറാനും  രണ്ടു വശങ്ങളിലായി അണിനിരന്നു പ്രോക്സി യുദ്ധം ചെയ്യുകയായിരുന്നു. സൗദി രാജഭരണത്തിനു, സുരക്ഷാ സേനക്കുമെതിരെ വിദേശ ശക്തികളുടെ കരങ്ങളായി  പ്രവർത്തിച്ചു അട്ടിമറി ക്ക്  ശ്രമിച്ചു എന്ന കുറ്റം ചുമത്തിയാണ് ഷെയ്ഖ് നിമാർ അൽ നിമാർ എന്ന ഷിയാ പുരോഹിതനെ  സൗദി അറേബ്യ 2016  ജനുവരി 2 ന്   വധിച്ചത്. ഇതിൻറ്റെ   തിരിച്ചടിയെന്നോണം ഇറാൻറ്റെ  തലസ്ഥാനത്തെ സൗദി എംബസിയും, മാഷാദ് നഗരത്തിലെ സൗദി കോൺസുലേറ്റും  ഷിയാ ജനക്കൂട്ടം ആക്രമിച്ചു നശിപ്പിച്ചു.  അതിനുശേഷം ഇരു രാജ്യങ്ങളും തമ്മിൽ കഴിഞ്ഞ ഏഴ്  വര്ഷങ്ങളായി നയതന്ത്ര ബന്ധം ഇല്ലാതിരിക്കുകയായിരുന്നു.  


ചൈനയുടെ താല്പര്യം എന്ത്?

ലോകത്തെ രണ്ടാമത്തെ  സൈനിക-സാമ്പത്തിക  ശക്തിയായ  ചൈനയുമായുള്ള ബന്ധം ഊർജം, വ്യവസായികം, സാങ്കേതികം, വാണിജ്യം, മുതൽമുടക്ക് തുടങ്ങി വൈവിധ്യമാർന്ന നിരവധി രംഗങ്ങളിൽ  പ്രയോജനപ്പെടുത്താം  എന്ന് രാജ്യങ്ങൾ കരുതുന്നു. മാത്രമല്ലാ,  ലോകത്തെ ഏറ്റവും വലിയ ഊർജ  ഉപഭോക്താവാണ്  ചൈന. കുറഞ്ഞവിലയ്ക്ക്  ഗൾഫ് മേഖലയിൽ നിന്നും പെട്രോളിയം ഉത്പന്നങ്ങൾ ലഭിക്കുന്നത് ചൈനയുടെ സാമ്പത്വ്യവസ്ഥയെ ശക്തിപ്പെടുത്താൻ  സഹായിക്കും എന്നതിൽ സംശയമില്ല.  കോവിദിന്റെയും, യുക്രൈൻ  യുദ്ധത്തിന്റെയും സാഹചര്യത്തിൽ  നിന്നും  ലോക രാജ്യങ്ങൾ മോചിതരാകുമ്പോൾ ,  ബെൽറ്റ് ആൻഡ് റോഡ് പദ്ധതികളിലൂടെ  മദ്ധ്യേഷ്യൻ  രാജ്യങ്ങളിൽ കടന്നുകയറാമെന്നും ചൈന കരുതുന്നുണ്ടാവാം.  യഥാർത്ഥ  ശക്തി  മറച്ചുപിടിച്ചിരുന്ന പഴയ  ചൈന അല്ല ഇന്നുള്ളത്.   തങ്ങളുടെ ശക്തി മുഴുവൻ പ്രദർശിപ്പിക്കാനും, പ്രകടിപ്പിക്കാനും മടിയില്ലാത്ത  ചൈനയാണ് ഷി ജിങ് പിങ്ങിൻറ്റെ  നേതൃത്വത്തിലുള്ള  ആധുനിക ചൈന.

യുക്രൈൻ  യുദ്ധവിരാമം അകലെയോ?

സാമ്പത്തിക രംഗത്തും, സൈനിക രംഗത്തും വൻശക്തിയായി ഉയർന്ന ചൈന, ഇത്രയും നാൾ  അന്താരാഷ്ട്ര നയതന്ത്ര  രംഗത്ത് നിന്നും മാറി നിൽക്കുകയായിരുന്നു. അതിനൊരു മാറ്റം കുറിച്ചുകൊണ്ടാണ്  സൗദി അറേബ്യയുടേയും  ഇറാൻറ്റെയും  ഇടയിൽ സമാധാന ദൂതുമായി  എത്തിയത്.അവരുടെ ആദ്യ ചുവടു വെപ്പ് വാൻ വിജയമായി മാറി.  ഇതിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടുകൊണ്ടാണ്   റഷ്യ-യുക്രൈൻ  യുദ്ധത്തിന് വിരാമമിടാനുള്ള  പദ്ധതി തയ്യാറാക്കിയത് .  ഈ ലക്ഷ്യത്തോടെയാണ് ഷി ജിങ് പിംഗ് മാർച്ച് 20 ന്  മോസ്‌കോയിൽ നേരിട്ടെത്തി വ്ലാദിമിർ പുത്തിനുമായി  ചർച്ച നടത്തിയത്.  എന്നാൽ  തങ്ങളുടെ മണ്ണിൽ നിന്നും റഷ്യ പിന്മാറാതെ ഒരു ഒത്തുതീർപ്പിനും തയ്യാറല്ലെന്ന യുക്രൈൻ  പ്രസിഡന്റ് വോളോദിമിർ  സെലിൻസ്കിയുടെയും, അമേരിക്ക ഉൾപ്പെടെയുള്ള പാശ്ചാത്യ ശക്തികളുടെയും  നിലപാട്   ചൈനയുടെ സമാധാന ദൂതിന്  മുമ്പിൽ  തടസ്സം സൃഷ്ടിച്ചിരിക്കുകയാണ്.  എടുത്ത നിലപാടിൽ നിന്നും  പിൻവാങ്ങാൻ   പുത്തിനും   സാധിക്കുകയില്ല.   റഷ്യ-യുക്രൈൻ  യുദ്ധത്തിന് വിരാമം ഉണ്ടാക്കുവാൻ സാധിച്ചില്ലെങ്കിലും,  അമേരിക്കക്കു വെല്ലുവിളി ഉയർത്തികൊണ്ട്  ഒരു നയതന്ത്ര ശക്തി ആകുവാൻ  ചൈന തയ്യാറായിക്കഴിഞ്ഞു   എന്ന സന്ദേശം  നൽകുവാൻ  അവർക്കു സാധിച്ചു.

അഡ്വ.പി.എസ്‌ .ശ്രീകുമാർ 

9847173177 




                 യുക്രൈൻ  യുദ്ധം ഉയർത്തുന്ന പാരിസ്ഥിതിക പ്രശ്നങ്ങൾ 


അഡ്വ. പി.എസ് . ശ്രീകുമാർ



ഡോ .കെ.ആർ.ജ്യോതികുമാരി 


 യുക്രൈനെതിരെ  റഷ്യ ഏകപക്ഷീയമായ യുദ്ധം ആരംഭിച്ചിട്ട്  ഒരു വർഷവും രണ്ടു മാസവും പിന്നിട്ടു കഴിഞ്ഞു.   ഇരു  പക്ഷത്തും  ഗുരുതരമായ നാശനഷ്ടങ്ങളാണ്    ഉണ്ടായിട്ടുള്ളത് .  ഐക്യ രാഷ്ട്ര സഭയുടെ മനുഷ്യാവകാശ കമ്മീഷണറുടെ ഓഫീസ്  പുറത്തുവിട്ട കണക്കുകൾ പ്രകാരം  രണ്ടു ലക്ഷത്തിനും  രണ്ടര ലക്ഷത്തിനും ഇടയിൽ റഷ്യൻ സൈനികരും,   റഷ്യയുടെ  സഹായത്തിന്  എത്തിയിട്ടുള്ള   സ്വകാര്യ സേനയായ  വാഗ്‌നർ  ഗ്രൂപ്പിലെ  അംഗങ്ങളും കൊല്ലപ്പെടുകയോ, പരുക്കുപറ്റുകയോ  അല്ലെങ്കിൽ  കാണാതാവുകയോ ചെയ്തിട്ടുണ്ട്. യുക്രൈൻ  സർക്കാർ പുറത്തുവിട്ട കണക്കുകൾ പ്രകാരം , സർക്കാരിൻറ്റെ  നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിൽ 17820  പേര് കൊല്ലപ്പെടുകയോ, ഗുരുതര പരുക്കേൽക്കുകയോ കാണാതാകുകയോ ചെയ്തിട്ടുണ്ട്.   യഥാർത്ഥ കണക്കു ഇതൊന്നുമല്ല.   യുക്രൈൻ  സൈനികരും,  സാധാരണ പൗരന്മാരും  ഉൾപ്പെടെ  രണ്ടുലക്ഷത്തിലേറെപ്പേരാണ്  യുദ്ധത്തിൻറ്റെ  ഇരകളായി  മാറിയത് എന്നാണ് യൂറോപ്യൻ രാജ്യങ്ങളുടെ വിലയിരുത്തൽ.  ഭൗതികമായ നാശനഷ്ടങ്ങൾ ഏറെ ഉണ്ടായതു യുക്രൈൻ    പക്ഷത്താണ്. ഏകദേശം  ഒന്നര  കോടിയോളം  യുക്രൈൻ  പൗരന്മാരാണ്  കയറിക്കിടക്കാനൊരിടമില്ലാതെ അഭയാർഥികളായി  അയൽ രാജ്യങ്ങളിലേക്ക്   പലായനം ചെയ്തത്..   ,

യുക്രൈനിലെ  അടിസ്ഥാന സൗകര്യങ്ങളിൽ സിംഹഭാഗവും  റഷ്യൻ സൈന്യം തകർത്തു. റോഡുകൾ, പാലങ്ങൾ, ഷോപ്പിംഗ് കേന്ദ്രങ്ങൾ, എയർപോർട്ടുകൾ  , ഫാക്ടറികൾ, രണ്ടായിരത്തിൽ പരം സ്കൂളുകൾ, ആശുപത്രികൾ, ഒരുലക്ഷത്തിൽ  പരം സ്വകാര്യ വസതികൾ, പതിനയ്യായിരത്തിൽ പരം അപ്പാർട്മമെൻറ്റുകൾ , വാണിജ്യകേന്ദ്രങ്ങൾ   എന്നിവയെല്ലാം റഷ്യൻ ആക്രമണത്തിൽ  നാമാവശേഷമായി.  യുക്രൈന്റ്റെയും റഷ്യയുടേയും   എത്ര സൈനിക വാഹനങ്ങളും, ഉപകരണങ്ങളും, ആയുധങ്ങളും നഷ്ടപ്പെട്ടു എന്നത് സംബന്ധിച്ച് വ്യക്തതയില്ല. എന്നാൽ റഷ്യയുടെ നാലായിരത്തോളം സൈനിക വാഹനങ്ങളും, ദിവസേന പതിനായിരത്തില്പരം ആർട്ടിലറി ഷെല്ലുകളും  നശിപ്പിക്കപ്പെടുന്നുണ്ട്. പ്രാഥമിക കണക്കുകൾ പ്രകാരം  349     ബില്ലിയൻ  ഡോളറാണ് യുക്രൈൻറ്റെ  ഇതുവരെയുള്ള  നഷ്ടം.   ചില സാമ്പത്തിക വിദഗ്‌ധർ  കണക്കാക്കിയിട്ടുള്ളത്   750 മുതൽ 1000  ബില്യൺ ഡോളറിൻറ്റെ  നഷ്ടമാണ്  യുക്രൈന്  മൊത്തത്തിൽ  ഉണ്ടായിട്ടുള്ളതെന്നാണ്.

പ്രവചനാതീതമായ  ആരോഗ്യപ്രശ്നങ്ങൾ 

ബ്രഹ്മപുരത്തെ  ചവറുകൂന തീകത്തിയപ്പോൾ ആ പ്രദേശത്തുള്ളവർ അനുഭവിച്ച   ശാരീരിക പ്രശ്നങ്ങൾ   നമുക്ക് അറിവുള്ളതാണല്ലോ.  തീ കത്തിയ സമയത്തു മാത്രമല്ലാ,   ഇനിയുള്ള കുറെ വർഷങ്ങൾ പ്രദേശ വാസികൾ ശ്രദ്ധിക്കണമെന്നാണ് ആരോഗ്യ വിദഗ്ദ്ധർ  മുന്നറിയിപ്പ് നൽകിയത്.  സംസ്ഥാന ആരോഗ്യ വകുപ്പ് ബ്രഹ്മപുരത്തു നിയോഗിച്ച നോഡൽ ഓഫീസറും  ആലപ്പുഴ സർക്കാർ മെഡിക്കൽ കോളേജിലെ  ശ്വാസകോശ വിഭാഗം പ്രൊഫസറുമായ ഡോ .പി.എസ് .ഷാജഹാൻറ്റെ  അഭിപ്രായത്തിൽ, .  മാലിന്യം കത്തുമ്പോൾ  താലേറ്റ്‌സ്‌ , ഡയോക്സിൻ എന്നിവ  പോലുള്ള   നിരവധി  രാസ ഘടകങ്ങളുമുണ്ടാകുന്നു.  ഇവ  വര്ഷങ്ങളോളം ശരീരത്തിൽ കിടന്ന്‌ മാരകമായ രോഗങ്ങളും, ജനിതകമായതും പ്രത്യുത്പാദന സംബന്ധമായതുമായ പ്രശ്നങ്ങൾ പോലും ഉണ്ടാക്കാം.  ഇതൊക്കെ നമുക്ക്   ഭാവിയിലേ  പറയാൻ പറ്റൂ . പെട്ടെന്നുണ്ടാകുന്ന ശ്വാസകോശ  പ്രശ്നങ്ങൾ നേരത്തെ പറയാൻ പറ്റുമെങ്കിലും  മറ്റുള്ള ആരോഗ്യപ്രശ്നങ്ങൾക്കുള്ള സാധ്യത ചിലപ്പോൾ പത്തോ ഇരുപതോ വർഷങ്ങൾ കഴിഞ്ഞാകും ഉണ്ടാകുക.

 ബ്രഹ്മപുരത്ത്   ആറ്  ലക്ഷം ടണ്ണിൽ  താഴെമാത്രമുള്ള പ്ലാസ്റ്റിക്  ഉൾപ്പെടെയുള്ള  മാലിന്യങ്ങൾ കത്തിയതിൽ നിന്നും ഉണ്ടായ   കാർബൺ ഡയോക്സൈഡ്  , ഡയോക്സിൻ മുതലായ  വിഷവാതകങ്ങളാണ്    ആരോഗ്യപ്രശ്നങ്ങൾ  ഉണ്ടാക്കുന്നതെങ്കിൽ ,  യുക്രൈൻ  യുദ്ധത്തിൽ അതിലേറെ  മാരകമായ നിരവധി വിഷവസ്തുക്കളാണ് ബോംബുകൾ,  ഷെല്ലുകൾ, മൈനുകൾ, റോക്കറ്റുകൾ    തുടങ്ങിയ  വെടിക്കോപ്പുകളിലൂടെ     വിവിധ പ്രദേശങ്ങളിൽ  ഉണ്ടായിക്കൊണ്ടിരിക്കുന്നത്.  ഭൂമിയുടെ  പരിസ്ഥിതിക്കും ഈ പ്രപഞ്ചത്തിനാകെയും ഈ   യുദ്ധം വരുത്തുന്ന കെടുതികൾ നാം അനുഭവിക്കാൻ ഇരിക്കുന്നതേയുള്ളു.  യുദ്ധം അവസാനിച്ചാൽ പോലും പ്രകൃതിക്ക്  അതുണ്ടാക്കിയ ആഘാതവും ദുരിതവും വർണ്ണനാതീതമായിരിയ്ക്കും . എണ്ണ ശുദ്ധീകരണശാലകൾ, എണ്ണ  സംഭരണ ശാലകൾ, എണ്ണ കിണറുകൾ , എണ്ണ കുഴലുകൾ , ഖനികൾ, വ്യവസായ ശാലകൾ, കാർഷിക സ്ഥലങ്ങൾ   തുടങ്ങി നിരവധി  മേഖലകൾ യുദ്ധത്തിൽ    തകർത്തത്   അവിടത്തെ വായുവും  , മണ്ണും,   ,ഉപരിതല-ഭൂഗർഭജലവുമൊക്കെ  മലിനമാക്കി.  ഭൂമി, വായു , ജലം എന്നിവയുടെ   മലിനീകരണത്തിലൂടെ മാത്രം   സാമ്പത്തികമായി  51.4 ബില്യൺ   ഡോളറിൻറ്റെ  നഷ്ടമാണ്   ഉണ്ടായിട്ടുള്ളത്  എന്നാണ്   യുക്രൈൻ  പരിസ്ഥിതി സംരക്ഷണ മന്ത്രാലയം പുറത്തുവിട്ട രേഖകളിൽ പറയുന്നത്. . 

യുദ്ധ കെടുതിയിൽ   വനങ്ങളും 

എൻവയർമെന്റ്  പ്യൂപ്പിൾ  ലോ  എന്ന പരിസ്ഥിതി  സന്നദ്ധ സംഘടനക്കുവേണ്ടി   കാറ്ററിന പോളിയൻസ്ക  എന്ന  പരിസ്ഥിതി  ഗവേഷക നടത്തിയ പഠനത്തിലൂടെ യുദ്ധം ഉണ്ടാക്കിയ പ്രകൃതി ദുരന്തത്തിൻറ്റെ    യഥാർത്ഥ ചിത്രം, വെളിപ്പെടുത്തപ്പെട്ടു .  ആർക്കും ചിന്തിക്കാൻ കഴിയാത്ത രീതിയിലുള്ള  ദുരന്തമാണ്  യുക്രൈനിലെ പരിതസ്ഥിതിക്ക്‌  യുദ്ധം മൂലം   ഉണ്ടായത്.   റോക്കറ്റുകളിൽ നിന്നും, മിസ്സൈലുകളിൽ നിന്നും, ടാങ്കുകളിൽ നിന്നും  തൊടുത്തുവിട്ട  ബോംബുകൾ പൊട്ടിത്തെറിച്ചു  നിരവധി ജീവനുകൾ പൊലിഞ്ഞതിനു പുറമേ, വന്യ മൃഗങ്ങൾ ഉൾപ്പെടെയുള്ള ജീവജാലങ്ങളും, വനങ്ങളും, കൃഷിസ്ഥലങ്ങളുമൊക്കെ  നശിപ്പിക്കപ്പെട്ടു. സ്ഫോടനങ്ങളിലൂടെ  മാരകവും വിഷലിപ്തവുമായ  രാസഘടകങ്ങൾ വായുവിലും, മണ്ണിലും, ജലത്തിലും അലിഞ്ഞിറങ്ങി, അവയൊക്കെ ഉപയോഗശൂന്യമാക്കി.   ഭൂഗർഭ ജലം പോലും മലിനമാക്കപ്പെട്ടു. ശുദ്ധമായ കുടിവെള്ളം   പലസ്ഥലങ്ങളിലും ജനങ്ങൾക്ക്  ലഭിക്കുന്നില്ല. 40  ലക്ഷം ജനങ്ങളാണ് ശുദ്ധമായ കുടിവെള്ളം    ലഭിക്കാതെ ദുരിതമനുഭവിക്കുന്നത്.   ജനവാസ കേന്ദ്രങ്ങളിലെ 15.2  ബില്യൺ ടൺ  കോൺക്രീറ്റ് കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളാണ്   നഗര പ്രദേശങ്ങളിൽ   കൂമ്പാരമായി കിടക്കുന്നത് .     ആദ്യത്തെ രണ്ടു മാസങ്ങൾക്കുള്ളിൽ  തന്നെ ,  റഷ്യയുടെ  3,25,000  ടൺ  സൈനിക വാഹനങ്ങൾ  പാതയോരങ്ങളിൽ   നശിപ്പിക്കപ്പെട്ടു .   . സ്‌ഫോടനങ്ങളിലൂടെ  ഭൂമിയിലുണ്ടായ   വിള്ളലുകളിൽ എല്ലാം  മാരകമായ   ഫോസ്‌ഫറസ്‌ ഉൾപ്പെടെയുള്ള  രാസപദാർത്ഥങ്ങൾ  മാറ്റപ്പെടാതെ  കിടപ്പുണ്ട്. ബോംബുകളിലെ ചില രാസപദാർത്ഥങ്ങളുടെ  സാന്നിദ്ധ്യത്തിലൂടെ  പൊള്ളൽ, ലുക്കേമിയ, ട്യൂമർ, കാൻസർ   തുടങ്ങിയ രോഗങ്ങൾ ഉണ്ടാകാനും  സാധ്യതയുണ്ട്.    ഫോസ്‌ഫറസ്‌   ശ്വസിച്ചാൽ  തൊണ്ടക്കും, കണ്ണിനുമൊക്കെ  അസ്വസ്ഥതയുണ്ടാകും .  ഇതിൻറ്റെ  അളവ്  ശരീരത്തിനുള്ളിൽ  കൂടുതൽ പ്രവേശിച്ചാൽ  കരൾ, കിഡ്നി   എന്നീ   അവയവങ്ങൾക്ക് തകരാറുണ്ടാകാൻ  സാധ്യതയുണ്ട്  . ശാസ്ത്ര   പഠനങ്ങൾ പറയുന്നത് 48  ശതമാനത്തിനു മുകളിൽ ഫോസ്‌ഫറസ്‌  ശരീരത്തിനുള്ളിൽ കയറിയാൽ, മരണത്തിലേക്കുവരെ നയിക്കാം എന്നാണ്.    ഡോൾഫിൻ ഉൾപ്പെടെ  നൂറുകണക്കിന്   കടൽ ജീവികളും  കരിങ്കടലിൽ   ചത്ത് പൊങ്ങി.  വനങ്ങളിൽ  ഉണ്ടായ   ബോംബ്  സ്‌ഫോടനങ്ങളിൽ,   കൊല്ലപ്പെട്ട വന്യജീവികളുടെ  ജഡങ്ങളും , അസ്ഥികൂടങ്ങളും   മറവുചെയ്യപ്പെടാതെ  കിടക്കുന്നു .  അംഗഭംഗം  വന്ന നിരവധി വന്യജീവികൾ    ആരാരും പരിചരിക്കപ്പെടാതെ  നരകയാതന അനുഭവിക്കുന്നു.   നൂറും നൂറ്റമ്പതും  വര്ഷങ്ങളുടെ വളർച്ചയുള്ള  കൂറ്റൻ വൃക്ഷങ്ങൾ  സ്‌ഫോടനങ്ങളിൽ നശിച്ചു.ഇരുപത്  ലക്ഷത്തിലേറെ ഹെക്ടർ  വനപ്രദേശമാണ്  റഷ്യൻ ആക്രമണത്തിൽ നശിച്ചത്.   ഇവയൊക്കെ പ്രകൃതിയുടെ സന്തുലിതാവസ്ഥയെ  പ്രതികൂലമായി ബാധിക്കും  എന്ന് മാത്രമല്ല  ആഗോളതാപന വര്ധനവിലേക്കു നയിക്കുകയും ചെയ്യും.

ചെർണോബില്ലിൽ  നിന്നും ആണവവികിരണം 

1986 ൽ ഉണ്ടായ അപകടത്തെത്തുടർന്ന്  ഉപേക്ഷിക്കപ്പെട്ട  ചെർണോബിൽ  ആണവ നിലയവും, യൂറോപ്പിലെ ഏറ്റവും വലിയ ആണവ നിലയമായ സാപോരിശിയ ആണവ നിലയവും  റഷ്യൻ സേന യുദ്ധത്തിൻറ്റെ  യുദ്ധത്തിനിടെ   പിടിച്ചെടുത്തു.  ചെര്ണോബിൽ  അപകടത്തെത്തുടർന്ന് ഉണ്ടായ  ആണവ വികിരണം  വ്യാപിച്ചതിൻറ്റെ  പശ്ചാത്തലത്തിൽ   4143  ചതുരശ്ര  കിലോമീറ്റർ  പ്രദേശം "എക്‌സ്‌ക്‌ളൂസീവ്  സോൺ" ആയി പ്രഖ്യാപിക്കുകയും അവിടെയുള്ള മുഴുവൻ ജനങ്ങളെയും സുരക്ഷിതമായ മറ്റു സ്ഥലങ്ങളിലേക്ക് മാറ്റുകയും ചെയ്തശേഷമാണ് 2000 ൽ  ചെർണോബിൽ  ആണവ നിലയത്തിൻറ്റെ  പ്രവർത്തനം അവസാനിപ്പിച്ചത്.  എന്നാൽ ഈ ആണവ നിലയം പിടിച്ചെടുത്ത റഷ്യൻ സൈനികർ അതിൻറ്റെ  ചുറ്റും   ആഴത്തിലുള്ള  കിടങ്ങുകൾ കുഴിച്ച്   ആണവനിലയത്തിന്    സംരക്ഷണം  ഒരുക്കിയിട്ടുള്ളതിലൂടെ    അപകടകരമായ  റേഡിയോആക്റ്റിവ് വികിരണങ്ങൾ  പുറത്തേക്കു വ്യാപിക്കുവാൻ    ഇടയാക്കുമെന്നാണ് പാശ്ചാത്യ ആണവ ശാസ്ത്രഞ്ജർ  അഭിപ്രായപ്പെടുന്നത്.

മലിനീകരണം പരത്തി  കാർബൺ ഡയോക്‌സൈഡ് 

യുദ്ധം  ആരംഭിച്ച  2022  ഫെബ്രുവരിക്കു ശേഷമുള്ള  ഏഴ്  മാസകാലയളവിൽ 82.8 ദശലക്ഷം മെട്രിക് ടൺ  കാർബൺ  ഡയോക്‌സൈഡ്  ആണ്  സ്ഫോടനങ്ങളിലൂടെ  യുക്രൈൻറ്റെ  അന്തരീക്ഷത്തിൽ  എത്തിയത്.  ,  സിംഹഭാഗം  കാർബൺ മാലിന്യങ്ങൾ നിർഗമിച്ചതു   യുദ്ധത്തിൽ  തകർന്നടിഞ്ഞ കെട്ടിടങ്ങൾ ഉൾപ്പെടെയുള്ള നിർമ്മിതികളിൽ  നിന്നുമായിരുന്നു.   യുദ്ധത്തിൽ തകർന്ന കെട്ടിട അവശിടങ്ങളിൽ നിന്നും 15.2  ദശ ലക്ഷം കാർബൺ ഡയോക്‌സൈഡ് ആണ് പുറത്തു വന്നത്.  തകർന്ന കെട്ടിടങ്ങൾ പുനർനിർമ്മിക്കുന്ന അവസരത്തിൽ 48.7  ദശ ലക്ഷം കാർബൺ ഡയോക്‌സൈഡ്  അന്തരീക്ഷത്തിൽ പടരും.     യുക്രൈൻ  പരിസ്ഥിതി സംരക്ഷണ മന്ത്രാലയത്തിൻറ്റെ  കണക്കുകൾ പ്രകാരം 2021 ലേതിനേക്കാൾ, 2022 ൽ 23  ശതമാനമാണ് , യുദ്ധം തുടങ്ങി ആറ് മാസങ്ങൾക്കുള്ളിൽ , കാർബൺ മലിനീകരണത്തിൻറ്റെ   വർദ്ധനവ്.  ഇതിൻറ്റെ  വ്യാപനം യുക്രൈനിൽ  മാത്രമായി ഒതുങ്ങി നിൽക്കുകയില്ല. ഇത് മറ്റു  യൂറോപ്യൻ  രാജ്യങ്ങളിലേക്കും വ്യാപിക്കും. 

റഷ്യ നടത്തിയ "എക്കോസൈഡ് "

യുദ്ധത്തിൽ  നേരിട്ട് ഉണ്ടായിട്ടുള്ള നാശനഷ്ടങ്ങളേക്കാൾ തീക്ഷണമുള്ളതായിരുക്കും,   വരുംകാലങ്ങളിൽ  പ്രകൃതിക്കു  സംഭവിക്കാൻ  പോകുന്ന   കെടുതികൾ     എന്നാണ് പരിസ്ഥിതി  ശാസ്ത്രഞ്ജർ നൽകുന്ന മുന്നറിയിപ്പ്.  ഭീകരമായ  ബോംബിങ്ങിലൂടെ  കാർഷിക  മേഖലകളും, ജലസേചന പദ്ധതികളും, വനങ്ങളും, പ്രകൃതി വിഭവങ്ങളുമെല്ലാം  നശിപ്പിക്കപ്പെട്ടു.  യുക്രയിൻറ്റെ  മാത്രമല്ല, യൂറോപ്പിന്റെ തന്നെ കാലാവസ്ഥയിൽ  മാറ്റം ഉണ്ടാക്കുവാൻ   ഇതിടയാക്കും. സ്വാഭാവികമായുള്ള   പരിസ്ഥിതി  അട്ടിമറിക്കാൻ ശ്രമിക്കുന്ന "എക്കോസൈഡ് " (ECOCIDE)  ആണ്   യുദ്ധത്തിലൂടെ        റഷ്യ നടത്തിയിട്ടുള്ളതെന്നാണ്   യുക്രൈൻ  പരിസ്ഥിതി സംരക്ഷണ  മന്ത്രാലയം  ആരോപിക്കുന്നത്.  ഇതിനുള്ള നഷ്ടപരിഹാരം   റഷ്യയിൽ നിന്നും നിയമപരമായി ലഭിക്കാനും, പ്രകൃതിക്കും,പരിസ്ഥിതിക്കും ലക്കും ലഗാനുമില്ലാതെ ആക്രമണങ്ങളിലൂടെ കനത്ത  നാശനഷ്‌ടം  വരുത്തിയ   റഷ്യയെ  അന്തർദേശിയ ക്രിമിനൽ കോടതിയുടെ വിചാരണക്കു വിധേയമാക്കുവാനും,  ഐക്യ രാഷ്ട്ര സഭയിലെ മറ്റു രാജ്യങ്ങളുടെ സഹായം വേണമെന്ന്  യുക്രൈൻ  പ്രസിഡണ്ട്  വോളോഡിമിർ സെലെൻസ്കി 2022   നവംബറിൽ ഈജിപ്തിൽ വച്ച് നടന്ന (COP-27 ) കാലാവസ്ഥ വ്യതിയാന കോൺഫറൻസിൽ ആവശ്യപ്പെട്ടു.  റഷ്യ  ഏകപക്ഷീയമായി തുടങ്ങിയ  യുദ്ധത്തിലൂടെ  ആഗോള  താപനത്തിൻറ്റെ  തോത് വർധിക്കാൻ ഇടയാക്കുമെന്നും  അന്തർദേശിയ   ക്രിമിനൽ കോടതിയുടെ  വിചാരണയിലൂടെ    യുക്രൈൻറ്റെയും യൂറോപ്പിൻറ്റെ ആകെയും    പരിസ്ഥിതിക്കും, പ്രകൃതിക്കും  അപരിഹാര്യമായ  നഷ്ടം ഉണ്ടാക്കിയ  റഷ്യയെ  അന്തർദേശിയ സമൂഹത്തിനു മുമ്പിൽ  തുറന്നു കാട്ടാമെന്നും  യുക്രൈൻ  കരുതുന്നു.

പി.എസ്‌ .ശ്രീകുമാർ   9847173177 

ഡോ .കെ.ആർ.ജ്യോതികുമാരി  9447213847 



പിന്നിടുകയാണ് 












 

 

Sunday, 26 February 2023

                ദുരിതാശ്വാസ  നിധിയിൽ  കയ്യിട്ടുവാരുന്നവർ 

അഡ്വ. പി.എസ് .ശ്രീകുമാർ 

സാമ്പത്തികമായി ബുദ്ധിമുട്ടു അനുഭവിക്കുന്ന ജനങ്ങൾക്കുണ്ടാകുന്ന  രോഗങ്ങൾക്ക് ചികിത്സാ  സഹായം  നൽകുക, അപകട മരണങ്ങൾക്ക് ഇരയാകുന്ന ആശ്രിതരെ സഹായിക്കുക, തൊഴിൽ നഷ്ടപ്പെട്ടു ദുരിതത്തിലാകുന്ന തൊഴിലാളികൾക്ക് സൗജന്യ റേഷൻ അനുവദിക്കുക, പ്രകൃതി ദുരന്തങ്ങളാൽ ദുരിതമനുഭവിക്കുന്ന കുടുംബങ്ങൾ, വ്യക്തികൾ തുടങ്ങിയവർ ഉൾപ്പെടെ അർഹരും ആവശ്യക്കാരുമായ ആളുകൾക്ക് അടിയന്തിരമായി ആശ്വാസം ലഭ്യമാക്കുന്നതിനുള്ള സഹായപദ്ധതിയാണ്  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ  നിധി.


ദുരിതാശ്വാസ നിധിയിൽ നിന്നും  ധന സഹായം നല്കുന്നതിനായി , സർക്കാർ  റവന്യൂ വകുപ്പിൽനിന്നും മാർഗരേഖകൾ പലപ്പോഴായി ഇറക്കിയിട്ടുണ്ട്.  ഇതിൽ ഏറ്റവും പ്രധാനം  ഈ ദുരിതാശ്വാസ നിധിയിൽ നിന്നും ധന സഹായം  ലഭിക്കുന്നതിനുള്ള വരുമാന പരിധി ഒരു ലക്ഷം രൂപയാണെന്നതാണ്.  സ.ഉ.(എം എസ് )144 / 12 /റെവ  എന്ന നമ്പറിൽ 11/ 04/ 2012ലാണ് ഈ ഉത്തര ഇറങ്ങിയിട്ടുള്ളത്.  നിശ്ചിത മാതൃകയിലുള്ള അപേക്ഷ  അംഗീകൃത മെഡിക്കൽ ഓഫീസർ ,  ആറ്  മാസ കാലാവധിക്കകത്തു  നൽകിയ മെഡിക്കൽ സർട്ടിഫിക്കറ്റ്  സഹിതം   cmo.kerala .gov.in  എന്ന വെബ്സൈറ്റിലൂടെയോ, നേരിട്ടോ, അക്ഷയ കേന്ദ്രങ്ങൾ വഴിയോ എം.പി/ എം.എൽ.എ  മാർ മുഖേനയോ, കളക്ടറേറ്റുകൾ വഴിയോ,   അല്ലെങ്കിൽ തപാലിലോ മുഖ്യമന്ത്രിയുടെ  ഓഫീസിലേക്ക് നൽകാം.  രോഗവിവരം വ്യക്തമായി പ്രതിപാദിക്കുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് ആണ്  സമർപ്പിക്കേണ്ടത്.  അതിൽ ഡോക്ടറുടെ ഒപ്പ്, തീയതി, സീൽ എന്നിവ നിർബന്ധമായും ഉണ്ടായിരിക്കണം.  സാധാരണ രോഗങ്ങളായ ജലദോഷം, പനി, തലവേദന,വിമ്മിട്ടം, ശ്വാസംമുട്ടൽ,, ആസ്തമ, സന്ധിവേദന,തുടങ്ങിയവക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും  ധനസഹായം ലഭിക്കുകയില്ല.  തീപിടുത്തം മൂലം  വാസഗൃഹങ്ങൾക്കും , ഇൻഷുറൻസ് എടുത്തിട്ടില്ലാത്ത ചെറുകിട കച്ചവട സ്ഥാപനങ്ങൾക്കും ഉണ്ടാകുന്ന നാശനഷ്ടങ്ങൾക്ക്  അപേക്ഷ നൽകുമ്പോൾ അതോടൊപ്പം  എഫ് ഐ ആർ, അഗ്നിശമന സേനയുടെ റിപ്പോർട്ട് എന്നിവയും അപേക്ഷയോടൊപ്പം നൽകണം.  അപകട മരണങ്ങൾക്ക് ഇരയാകുന്നവരുടെ ആശ്രിതർ  ധന സഹായത്തിനായി എഫ് ഐ ആർ , പോസ്റ്റ്ർമോട്ടം റിപ്പോർട്ട്, മരണ സർട്ടിഫിക്കറ്റ് എന്നിവ സഹിതം  ഒരു വർഷത്തിനുള്ളിൽ അപേക്ഷ നൽകണം.

ഒരു വ്യക്തിക്ക്  ഒരു തവണ മാത്രമേ ഒരേ ആവശ്യത്തിനായി ധനസഹായം അനുവദിക്കുകയുള്ളു.  എന്നാൽ, കാൻസർ, കിഡ്‌നി,  തുടങ്ങിയ ഗുരുതര  രോഗങ്ങളാൽ  ബുദ്ധിമുട്ടുന്നവരും , തുടർച്ചയായ ചികിത്സ ആവശ്യമുള്ളവർക്കും    അവരുടെ പ്രത്യേക സാഹചര്യം  പരിഗണിച്ച്,  ഒരിക്കൽ ധനസഹായം  അനുവദിച്ചതാണെങ്കിലും രണ്ടു വർഷത്തിന് ശേഷം വീണ്ടും അപേക്ഷ നൽകാവുന്നതാണ്.

ദുരിതാശ്വാസ നിധിയിൽ നിന്നുമുള്ള ധനസഹായം അനുവദിക്കുന്നതിന്റ്റെ ഉത്തരവാദിത്വം റവന്യൂ വകുപ്പിനാണെങ്കിലും,  ഈ നിധിയിലെ അക്കൗണ്ടുകൾ ഓപ്പറേറ്റ്  ചെയ്യുന്നത് ധനകാര്യ  വകുപ്പ്  സെക്രട്ടറിയാണ് .  അതിനാൽ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവനകൾ അയക്കേണ്ടത്  ധനകാര്യ സെക്രട്ടറിയുടെ പേരിലുള്ള അക്കൗണ്ടിൽ ആണ്. സർക്കാരിന്റെ നിലവിലുള്ള ഉത്തരവ് പ്രകാരം,  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും   10,000  രൂപവരെ  അതാത്  ജില്ലാ കളക്ടർമാർക്ക്  അനുവദിക്കാം. 10,000  മുതൽ 15,000  രൂപവരെയുള്ള ധനസഹായം റവന്യൂ സ്പെഷ്യൽ സെക്രട്ടറിയും   25,000  രൂപവരെയുള്ളവ റവന്യൂ മന്ത്രിയും  , അതിനുമുകളിൽ   3,00,000   രൂപവരെയുള്ള ധനസഹായം മുഖ്യമന്ത്രിയുമാണ് അനുവദിക്കുന്നത്.  മൂന്നു ലക്ഷം   രൂപക്ക്  മുകളിലുള്ള  ധന സഹായം അനുവദിക്കാൻ അധികാരമുള്ളത് മന്ത്രിസഭക്കാണ്.  ദുരിതാശ്വാസ നിധിയിൽ നിന്നും  ധന സഹായം ആവശ്യപ്പെട്ടുകൊണ്ട്  മുഖ്യമന്ത്രിക്ക്   ലഭിക്കുന്ന അപേക്ഷകൾ കൈകാര്യം ചെയ്യാനായി  മുഖ്യമന്ത്രിയുടെ ഓഫീസിനോടനുബന്ധിച്ചു  ഒരു ഉയർന്ന ഉദ്യോഗസ്ഥന്റെ കീഴിൽ പ്രത്യേക സെൽ പ്രവർത്തിക്കുന്നുണ്ട്.  സെക്രട്ടറിയേറ്റിലെ  റവന്യൂ വകുപ്പിലും, ജില്ലാ കലക്ടറേറ്റുകളോടനുബന്ധിച്ചും  ദുരിതാശ്വാസ അപേക്ഷകൾ കൈകാര്യം ചെയ്യാൻ  ഉന്നത ഉദ്യോഗസ്ഥരുടെ നിയന്ത്രണത്തിൽ  പ്രത്യേക സംവിധാനങ്ങൾ  നിലവിലുണ്ട്.  ഇതിനെല്ലാം പുറമേ ,  ദുരിതാശ്വാസ നിധിയുമായി ബന്ധപ്പെട്ട  കണക്കുകൾ കംട്രോളർ ആൻഡ്  അക്കൗണ്ടന്റ് ജനറലിൻറ്റെ  ഓഡിറ്റിന് വിധേയവുമാണ്. 

വര്ഷങ്ങളായി സർക്കാർ ഒരുക്കിയിട്ടുള്ള   സംവിധാനങ്ങളെയെല്ലാം   നോക്കുകുത്തിയാക്കിയാണ്   ചില  രാഷ്ട്രീയ ഇടനിലക്കാരും,  പുഴുക്കുത്തുകളായി അധഃപതിച്ച  ഉദ്യോഗസ്ഥരിൽ  ചിലരും  ചേർന്ന് ദുരിതാശ്വാസ നിധിയിൽ  തട്ടിപ്പും തിരിമറിയും നടത്തിയത്. രാഷ്ട്രീയ പിടിപാടുള്ള പത്തനാപുരത്തെ ഒരു ഡോക്ടർ  ദുരിതാശ്വാസ നിധിയിൽ നിന്നും സഹായം ലഭിക്കാനായി 1500  മെഡിക്കൽ സര്ടിഫിക്കറ്റുകൾ  നൽകിയത്   ഇത്ര നാളും  പിടിക്കപ്പെടാതെ പോയത്  ഈ സംവിധാനത്തിന് നേതൃത്വം കൊടുക്കുന്നവരുടെ കെടുകാര്യസ്ഥതിയിലേക്കാണ്  വിരൽ ചൂണ്ടുന്നത്.  മതിയായ  ചികിത്സ രേഖകൾ പോലുമില്ലാതെയാണ്   ധന സഹായം അനുവദിച്ചിട്ടുള്ളതെന്നാണ്  സംസ്ഥാനത്തിന്റെ  വിവിധ  ഭാഗങ്ങളിലുള്ള  താലൂക്ക് ഓഫീസുകളിൽ  വിജിലൻസ് നടത്തിയ പരിശോധനയിൽ പുറത്തു വന്നിട്ടുള്ളത്.    പത്തനംതിട്ട ജില്ലയിലെ ഒരു വില്ലജ് ഓഫീസിൽ ലഭിച്ച 268 അപേക്ഷകളിൽ എല്ലാം നൽകിയിരിക്കുന്നത് ഒരേ മൊബൈൽ ഫോൺ നമ്പർ ആണ്. ഒരു താലൂക്കിലെ 78  അപേക്ഷകളിൽ ഒരു ആയുർവേദ  ഡോക്ടർ നൽകിയ  സർട്ടിഫിക്കറ്റ് ആയിരുന്നു   എല്ലാവരും ഹാജരാക്കിയത്.  ഇങ്ങനെ  സംഘടിതമായിട്ടാണ് തട്ടിപ്പു നടത്തിയിട്ടുള്ളത്.  സാധാരണഗതിയിൽ, ഏറ്റവും കൂടുതൽ അപേക്ഷകൾ സമർപ്പിക്കപ്പെടുന്നത് ജനപ്രതിനിധികളിലൂടെയാണ്.  ആപേക്ഷകളുമായി  വരുന്നവരുടെ നിജ സ്ഥിതി പരിശോധിക്കാനുള്ള സംവിധാനം  എം എൽ എ മാരും, എം.പി മാരും  ഉൾപ്പെടെയുള്ള ജനപ്രതിനിധികൾക്ക് ഇല്ല.  അവർ  ശുപാർശ ചെയ്തുകൊടുക്കുന്ന അപേക്ഷകൾ പരിശോധിച്ച്   മേൽ നടപടി എടുക്കേണ്ടത് വില്ലജ് ഓഫീസുകൾ മുതലുള്ള റവന്യൂ വകുപ്പിൻറ്റെ  ഉത്തരവാദിത്വമാണ്.  എവിടെയാണ് പാളിച്ച ഉണ്ടായതെന്ന് വിശദമായ അന്വേഷണം നടത്തി കണ്ടെത്തേണ്ടതുണ്ട്.  ഒന്നാം  പിണറായി സർക്കാരിന്റെ  ഭരണ കാലയളവിൽ  അർഹരല്ലാത്ത ചിലർക്ക് സർക്കാരിന്റെ രാഷ്ട്രീയ  ചായ്‌വിന്റെ  അടിസ്ഥാനത്തിൽ  ദുരിതാശ്വാസ നിധിയിൽ നിന്നും സഹായധനം അനുവദിച്ചതിനെതിരെയുള്ള കേസ്, വിധിപറയാനായി ലോകായുക്തയുടെ മുന്നിൽ ഇപ്പോൾ തന്നെ ഉണ്ട്. അതിനേക്കാളും ഗുരുതരമായ ക്രമക്കേടുകളാണ് ഇപ്പോൾ വിജിലൻസ് പുറത്തു കൊണ്ടുവന്നിട്ടുള്ളത്.

സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്നവരും, വിവിധ മാരക രോഗങ്ങളാൽ കഷ്ടപ്പെടുന്നവരുമായ  നൂറു കണക്കിന് പാവങ്ങളുടെ അവസാന  അത്താണിയാണ്   മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി.  അതിനു മുകളിൽ ഇപ്പോൾ  ഉരുണ്ടുകൂടി  വന്ന കാർമേഘപടലങ്ങൾ നീക്കി അതിൻറ്റെ   വിശ്വാസ്യത  വീണ്ടെടുക്കേണ്ടത്  വളരെ അടിയന്തിരമായി ചെയ്യേണ്ട കാര്യമാണ്.  ഇപ്പോൾ ഉയർന്നുവന്ന  ആരോപണങ്ങളിൽമേൽ സമഗ്രമായ അന്വേഷണം നടത്തി  തട്ടിപ്പിനും ക്രമക്കേടുകൾക്കും ഒത്താശ ചെയ്ത രാഷ്ട്രീയ-ഉദ്യോഗസ്ഥ   കൂട്ടുകെട്ടിൽ ഉൾപ്പെട്ട എല്ലാവരെയും, രാഷ്ട്രീയത്തിനതീതമായി,  നിയമത്തിന്റെ മുന്നിൽ കൊണ്ടുവന്ന്  ശിക്ഷ ഉറപ്പുവരുത്തുവാൻ ആവശ്യമായ നടപടി സർക്കാർ കൈക്കൊള്ളണം.

അഡ്വ. പി.എസ് .ശ്രീകുമാർ 

(ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോൾ  പ്രൈവറ്റ് സെക്രട്ടറിയായിരുന്നു ലേഖകൻ)

9847173177 
















Saturday, 25 February 2023


                                    വാർദ്ധക്യത്തിലെ  അതിജീവനം 

അഡ്വ . പി.എസ്‌ .ശ്രീകുമാർ  

  കേരള  സമൂഹം നേരിടുന്ന  ഗുരുതരമായ ഒരു പ്രശ്നമാണ്  "താങ്ങിപ്പിടിക്കാനും കോരിക്കൊടുക്കാനും ആരുണ്ടാകും" എന്ന  ലേഖനത്തിലൂടെ വി.ഡി .ശെൽവരാജ്   വരച്ചുകാട്ടിയിരിക്കുന്നത്.  കഴിഞ്ഞ  കുറെ വർഷങ്ങളായാണ്   ഈ പ്രശ്‍നം  നമ്മുടെ സംസ്ഥാനത്തെ പല കുടുംബങ്ങളെയും, പ്രത്യേകിച്ച് , ദക്ഷിണ-മദ്ധ്യ  കേരളത്തിലെ കുടുംബങ്ങളെ  ,  ഗ്രസിച്ചുതുടങ്ങിയത്.  നാലഞ്ച് ദശകങ്ങൾക്ക് മുമ്പുവരെ നിലനിന്നിരുന്ന  കൂട്ടുകുടുംബ വ്യവസ്ഥിതി ഇല്ലാതായതോടെ   വീടുകൾ മൈക്രോ യൂണിറ്റുകളായി മാറി തുടങ്ങി. അപ്പോഴും ഈ  മൈക്രോ യൂണിറ്റുകളിൽ അച്ഛൻ, 'അമ്മ , രണ്ടോ മൂന്നോ മക്കൾ എന്ന രീതി പിന്തുടർന്നുവന്നു.  മക്കൾ വിദ്യാഭ്യാസം കഴിഞ്ഞാൽ  ഏതെങ്കിലും സർക്കാർ ജോലിയിലോ, സ്കൂൾ/കോളേജ് അധ്യാപകരയോ ,   സഹകരണ സംഘങ്ങളിൽ ഉദ്യോഗം തേടിയോ, കാർഷിക-വ്യാവസായിക ജോലിയിൽ ഏർപ്പെട്ടോ ,  കഴിയുന്നതും അതാത്  ജില്ലകളിലോ അല്ലെങ്കിൽ  യാത്ര ചെയ്തു  പോയിവരാവുന്ന  സ്ഥലങ്ങളിലോ  ഒക്കെയായി വീടുമായി ബന്ധം വച്ച്  പോന്നു .  അങ്ങിനെ  മക്കളിൽ ഒരാളുടെയെങ്കിലും  സാന്നിധ്യം   മാതാപിതാക്കളോടൊപ്പം  വീട്ടിൽ തന്നെ ഉണ്ടാകുമെന്നു ഉറപ്പു വരുത്തുവാൻ   ശ്രദ്ധിച്ചിരുന്നു.   എന്നാൽ, എണ്പതുകളോടെ,   കേരളത്തിൽ പ്രവർത്തിച്ചിരുന്ന  ഉത്പ്പാദന   വ്യവസായങ്ങൾ   അയൽ  സംസ്ഥാനങ്ങളിലേക്ക്  കുടിയേറിത്തുടങ്ങിയതോടെ     തൊഴിൽ ലഭ്യതയിൽ കുറവുവന്നു.  കൈത്തറി, കയർ, കശുവണ്ടി തുടങ്ങിയ പാരമ്പര്യ  വ്യാവസായിക  മേഖലകളിലെ  പല വൻകിട ഫാക്ടറികളും  തമിഴ്‌നാട്ടിലേക്കും, കര്ണാടകയിലേക്കും  പറിച്ചുനടപ്പെട്ടത്   ഇതിൻറ്റെ  പ്രത്യക്ഷ ഉദാഹരണമാണ്.  ഇതിനുപുറമെയാണ്, കാർഷിക രംഗത്തുണ്ടായിട്ടുള്ള പ്രതിസന്ധി. 

 കാർഷികവകുപ്പ്  2016 ൽ പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ട് പ്രകാരം,  1956 ൽ മൊത്തം തൊഴിൽ എടുതിരുന്നവരുടെ  53.1 ശതമാനം പേർക്ക്   തൊഴിൽ നല്കിയ  മേഖല യായിരുന്നു കാർഷിക രംഗം. എന്നാൽ 2011  ആയപ്പോൾ,   മൊത്തം ജനസംഖ്യയുടെ 2  ശതമാനം പേര് മാത്രമേ കര്ഷകരായിട്ടുള്ളു.  കർഷക തൊഴിലാളികൾ   4  ശതമാനമായി കുറഞ്ഞു.  എന്നാൽ ഐ.ടി രംഗത്തും, നിർമാണ രംഗത്തും തൊഴിൽ ലഭ്യത  കൂടിയിട്ടുണ്ട്.  പക്ഷെ ഈ രണ്ടു മേഖലകളിലും  അന്യ  സംസ്ഥാനക്കാരായ നിരവധിപേരാണ് ജോലി ചെയ്യുന്നത്.   ഇതൊക്കെ  ചൂണ്ടിക്കാട്ടുന്നത് കേരളത്തിലെ യുവാക്കൾക്കു   തൊഴിൽ ലഭ്യത കുറഞ്ഞു വരുന്നു എന്നതാണ്.  കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്ത്  ഉണ്ടായിട്ടുള്ള മൂല്യച്യുതിയും  വിദ്യാർത്ഥികളുടെയും യുവാക്കളുടെയും പലായനത്തിൽ  വലിയ പങ്കുവഹിക്കുന്നുണ്ട്.  അതോടെ  മനുഷ്യവിഭവ ശേഷി  ആവശ്യമുള്ള  വിദേശ രാജ്യങ്ങളിലേക്ക്  കേരളത്തിലെ യുവത,  വിദ്യാഭ്യാസത്തിനും, തൊഴിലിനുമായി  ചേക്കേറാൻ തുടങ്ങി. കഴിഞ്ഞ വര്ഷം ഏകദേശം നാൽപ്പതിനായിരം വിദ്യാർത്ഥികളാണ് കേരളത്തിൽനിന്നും  വിദേശരാജ്യങ്ങളിലേക്ക്  പഠനത്തിന് പോയത്.  ഇവരിൽ ഭൂരിപക്ഷം പേരും തിരിച്ചുവരാനുള്ള  സാധ്യത കുറവാണ് . ഇതൊക്കെ   ബാധിക്കുന്നത്  മുതിർന്ന പൗരന്മാരുടെ  അനാഥത്വത്തിലേക്കാണ്.

എന്താണ് പരിഹാരം?

കേരളത്തിൽ  ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന  എല്ലാവർക്കും   ഇവിടെ തന്നെ ജോലി നൽകുവാൻ സാധിച്ചാൽ  അതാണ്  ഏറ്റവും നല്ല  പരിഹാരം. എന്നാൽ ആസന്ന ഭാവിയിൽ  അതിനുള്ള സാധ്യതയില്ല.  പിന്നെ നമുക്ക് ചെയ്യാൻ സാധിക്കുന്നത്  വർധിച്ചു വരുന്ന  മുതിർന്ന പൗരന്മാരുടെ   സംരക്ഷണം ഉറപ്പാക്കുകയെന്നതാണ്.  ഇക്കാര്യത്തിൽ വികസിതമായ പാശ്ചാത്യ രാജ്യങ്ങൾ എന്താണ് ചെയ്യുന്നത്?  കാനഡ സർക്കാരിന്റെ കണക്കുകൾ പ്രകാരം 2013 ൽ ജനസന്ഖ്യയുടെ 15  ശതമാനം പേർ  അവിടെ  അറുപതു വയസ്സിനു മുകളിൽ ഉള്ളവരായിരുന്നു.  2038  ആകുമ്പോളേക്കും  ഇത്   25  ശതമാനമായി വർധിക്കും. അതായതു  പ്രായപൂർത്തിയായ 5 പേരിൽ  രണ്ടുപേർ  വയോജനങ്ങളായിരിക്കും.  സാധാരണഗതിയിൽ,  പ്രായപൂർത്തിയാകുന്നതോടെ ഇവരുടെ മക്കൾ ഇവരിൽ നിന്നും വേർപിരിഞ്ഞു  പ്രത്യേകമായി  താമസം  മാറും. വയോജനങ്ങൾ ഉൾപ്പെടെയുള്ള  പൗരന്മാർക്ക്  ചികിത്സയും, മരുന്നും അവിടെ സൗജന്യമാണ്. വയോജനങ്ങളിൽ ആരോഗ്യം ഉള്ളവർ  റിട്ടയര്മെന്റിനു ശേഷവും, മറ്റ്  ജോലികൾ ചെയ്യാൻ പോകും. ഉന്നത പദവിയിൽ ഇരുന്നവർ പോലും , ഡ്രൈവറായും, അധ്യാപകരായും, കമ്മ്യൂണിറ്റി  ജോലിക്കും ഒക്കെയായി പോകുന്നതിനാൽ ഏകാന്തതയെ അകറ്റിനിർത്തുവാൻ സാധിക്കുന്നു. 

കാനഡയിലെ  മുതിർന്നവരിൽ 14.9  ശതമാനം പേർ  അവിടത്തെ തൊഴിലുകളിൽ  പങ്കെടുക്കുന്നുണ്ട്. അമേരിക്കൻ ഇത് 20.2 ശതമാനവും , ജപ്പാനിൽ 25.3 ശതമാനവുമാണ്. അതുപോലെ, ആരോഗ്യമേഖലയിലെ ചെലവിൻറ്റെ  10.2 ശതമാനം  മുതിർന്നവർക്കുവേണ്ടി ചെലവഴിക്കുന്നു. മുതിർന്നവരുടെ കാര്യങ്ങൾ നോക്കുവാൻ ഓരോ സംസ്ഥാനത്തും ഒരു മന്ത്രിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അതിനുപുറമേ, മുതിർന്നവരുടെ പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ ഓംബുഡ്‌സ്മാൻ  സംവിധാനവും ഉണ്ട്.   രോഗങ്ങളാൽ അവശത അനുഭവിക്കുന്ന വയോജനങ്ങൾക്കു തുണയായി  അവരുടെ വീടുകളിൽ  സന്ദർശനം നടത്തി  ആശ്വാസം പകരുന്ന കൂട്ടായ്‌മകളും  റെസിഡന്റ്‌സ് അസ്സോസിയേഷനുകളുമായി ബന്ധപ്പെട്ട്  പ്രവർത്തിക്കുന്നുണ്ട്.   സ്‌കൂളുകളും , വായനശാലകളും, പാർക്കുകളും, കമ്മ്യൂണിറ്റി സെന്ററുകളും, ആരാധനാലയങ്ങളും  കേന്ദ്രമാക്കി അവധി ദിവസങ്ങളിലും, വൈകുന്നേരങ്ങളിലും,  വയോജനങ്ങൾക്കു ഒത്തുകൂടുവാൻ സൗകര്യം  ഒരുക്കുന്നു.  ഔട്ട് ഡോർ,-ഇൻഡോർ സ്പോർട്സ് , യോഗ എന്നിവയിൽ പങ്കുചേരാനും, പൂന്തോട്ടങ്ങൾ, അടുക്കള തോട്ടങ്ങൾ എന്നിവ  ഒരുക്കാനും പരിപാലിക്കാനും വയോജനങ്ങൾക്കു വേണ്ട സഹായം   നൽകുന്നുണ്ട്. കല,സാഹിത്യം, സേവനം,ജീവകാരുണ്യം തുടങ്ങിയ വിവിധ മേഖലകളിൽ പങ്കെടുക്കുന്ന  മുതിർന്ന പൗരന്മാരുമുണ്ട്.  ഇനിയും ചിലർ അറിവ് വർധിപ്പിക്കാനായി വിദൂര-തുറന്ന സർവകലാശാലകളിൽ  ചേർന്ന് പഠിക്കുന്നുണ്ട്.  മക്കൾ കൂടെയില്ലാത്തതിൻറ്റെ  പ്രയാസങ്ങളും, പങ്കാളി നഷ്ടപ്പെടുന്ന വേദനയും  കൊണ്ട്  ഉണ്ടാകുന്ന   മാനസിക തളർച്ചയെ [depression ] ഒരു പരിധിവരെ  അകറ്റിനിർത്താൻ  സഹായിക്കും. പ്രായത്തെ അവഗണിച്ച്, സജീവമായി സമൂഹവുമായി ഇടപെട്ടാൽ  വാർദ്ധക്യത്തിലെ ഒറ്റപ്പെടലിനെ  കുറെയൊക്കെ  അകറ്റിനിർത്തുവാൻ സാധിക്കും.

അഡ്വ . പി.എസ് .ശ്രീകുമാർ 

9847173177 



മുതിർന്നവരുടെ പ്രശ്നങ്ങൾ നോക്കുവാൻ ഓരോ സംസ്ഥാനത്തും ഒരു മന്ത്രിയെ ചുമതലപ്പെടുത്തുന്നതും, ഓംബുഡ്സ്മാൻ സംവിധാനം ഏർപ്പെടുത്തുന്നതും സർക്കാരിന്റെ പരിഗണനയിലാണ്.













                  

Monday, 13 February 2023

     സാമൂഹ്യ  സുരക്ഷാ പെൻഷൻറ്റെ  പേരിലെ കൊള്ള 

 പി.എസ് .ശ്രീകുമാർ 

 സാമൂഹ്യ സുരക്ഷാ പെൻഷനുകൾ  മുടക്കമില്ലാതെ  നൽകുക എന്ന ലക്ഷ്യത്തോടെയാണ്  പെട്രോളിനും, ഡീസലിനും  ഏപ്രിൽ ഒന്ന് മുതൽ  ലിറ്ററിന്  രണ്ടു  രൂപ   സെസ്സ്‌  ഏർപ്പെടുത്തുന്നതെന്നാണ്   ബജറ്റ് അവതരിപ്പിച്ചുകൊണ്ട്  ധനമന്ത്രി ബാലഗോപാൽ പറഞ്ഞത്.  സാമൂഹ്യ സുരക്ഷാ പെൻഷനുകൾ  നമ്മുടെ സംസ്ഥാനത്തു ആരംഭിച്ച നാൾ മുതൽ   മറ്റു സംസ്ഥാന സർക്കാരുകൾക്ക്,   ഇത് മാതൃകയായി മാറി.  എന്നാൽ ഇതിന്റെ പേരുപറഞ്ഞു  ജനങ്ങളെ  പിഴിയുന്നത്  ന്യായീകരിക്കാവുന്നതല്ല.  ബജറ്റിലെ ഈ നിർദ്ദേശം  സാർവത്രികമായ വിലക്കയറ്റത്തിലേക്ക് നയിക്കും എന്നതിൽ സംശയമില്ല.  സെസ്സിലൂടെ  750  കോടി രൂപയുടെ അധിക ധനസമാഹരണമാണ് സാമൂഹിക സുരക്ഷാ ഫണ്ടിലേക്ക് പ്രതീക്ഷിക്കുന്നത്.  1200  കോടി രൂപയുടെ വരുമാനം ഇതിലൂടെ ലഭിക്കുമെന്നാണ് കണക്കാക്കുന്നത്.  എന്നിട്ടും ഒരു രൂപയുടെ വർദ്ധനവ് പോലും പെൻഷനിൽ വരുത്തുവാൻ പിണറായി സർക്കാർ തയ്യാറായില്ല.  ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിലുണ്ടായിരുന്ന കഴിഞ്ഞ യു ഡി എഫ്  സർക്കാർ  സാമൂഹ്യ സുരക്ഷാ പെൻഷനുകളിൽ  നൂറുശതമാനം വർദ്ധനവ് വരുത്തിയത്, ജനങ്ങളുടെ മേൽ ഒരു രൂപയുടെപോലും  അധികഭാരം അടിച്ചേൽപ്പിക്കാതെയാണ്  എന്ന കാര്യം ധന മന്ത്രി ഓർക്കണം.

 

 അച്യുതാനന്ദൻ സർക്കാർ എന്താണ് ചെയ്തത്?

തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ,   2021 ൽ  സാമൂഹ്യക് സുരക്ഷാ പെൻഷനുകൾ 1600 രൂപയായി വർധിപ്പിച്ചത് പിണറായി സർക്കാരിന്റെ വലിയ നേട്ടമായാണ്  കോടിക്കണക്കിനു രൂപ ചെലവാക്കി  പരസ്യങ്ങളിലൂടെ   പ്രചരിപ്പിച്ചത് . യു ഡി എഫ്  സർക്കാർ ചെയ്യാത്ത ഒരു കാര്യം ചെയ്തു എന്ന രീതിയിലായിരുന്നു   ഇവർ പ്രചാരണം നടത്തിയത് .   എന്നാൽ യാഥാർഥ്യം എന്താണ്?  2006 -2011  ലെ അച്ചുതാനന്ദൻ  സർക്കാരിന്റെ കാലത്ത്  പെൻഷൻ തുക 250  രൂപയായിരുന്നു.  ആ സർക്കാരിന്റെ അവസാന വർഷത്തിൽ ജി.ഒ [എം എസ് ].38/ 2010 /സാ നീ വ  പ്രകാരം  50 രൂപ വർധിപ്പിച്ചു 300  രൂപയാക്കി. എന്നാൽ വർധിപ്പിച്ച തുകയിൽ ഒരു ഗഡുപോലും  കൊടുത്തുതീർക്കുന്നതിനു മുമ്പ്  തെരഞ്ഞെടുപ്പ് ഉണ്ടാവുകയും, തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട അച്യുതാനന്ദൻ സർക്കാർ അധികാരത്തിനു വെളിയിലാകുകയും ചെയ്തു.  50  രൂപ വർധിപ്പിക്കാൻ അച്ചുതാനന്ദൻ  സർക്കാർ എടുത്തത് അഞ്ചു വർഷമായിരുന്നു. അന്ന് പെൻഷൻ ലഭിച്ചിരുന്നത് 13.8    ലക്ഷം പേർക്ക് മാത്രമായിരുന്നു. മാത്രമല്ല , വർഷത്തിൽ രണ്ടോ മൂന്നോ പ്രാവശ്യമായിട്ടായിരുന്നു പെൻഷനുകൾ വിതരണം ചെയ്തിരുന്നത്.  കുടിശ്ശികപോലും കൊടുത്തുതീർത്ത്  യു ഡി എഫ് സർക്കാരായിരുന്നു.

പെൻഷനുകൾ വർധിപ്പിച്ചതും, വിപുലീകരിച്ചതും യു  ഡി എഫ് 

  എന്നാൽ 2016 മേയ് മാസത്തിൽ   അധികാരത്തിലേറിയ  ഉമ്മൻ‌ചാണ്ടി സർക്കാർ  ആദ്യ വര്ഷം തന്നെ  സ.ഉ [എം എസ് ] 60/ 2011 /സാ  നീ വ പ്രകാരം എല്ലാ പെൻഷനുകളും 400  രൂപയായി വർധിപ്പിച്ചു.  80    വയസ്സിനു മുകളിലുള്ളവരുടെയും  75   ശതമാനത്തിലധികം അംഗവൈകല്യം  ഉള്ളവരുടെയും പെൻഷൻ 700  രൂപയായും  വർധിപ്പിച്ചു ഉത്തരവിറക്കി.  2012  ൽ  എല്ലാ പെൻഷനുകളും വർധിപ്പിച്ച കൂട്ടത്തിൽ ,  വീണ്ടും  ഈ പെൻഷനുകൾ  1100 രൂപയായും  മറ്റുള്ള പെൻഷനുകൾ 525  രൂപയായും  വർധിപ്പിക്കുകയും, ഇതിന്   2012  ഏപ്രിൽ  1 മുതൽ  പ്രാബല്യവും  നൽകി.

മറ്റൊരു പ്രധാന കാര്യം , 2014 ൽ സ.ഉ.[എം എസ് ] 52 / 2014 /സ നീ വ  പ്രകാരം പെന്ഷന് അപേക്ഷിക്കാനുള്ള  വരുമാന പരിധി ഒരു ലക്ഷം രൂപയായിഏകീകരിക്കുകയും,   ഇന്ദിരാ  ഗാന്ധി  ദേശീയ വാർദ്ധക്യകാല പെൻഷൻ പദ്ധതിയുടെ അർഹതക്കുള്ള പ്രായം 65 ൽ നിന്നും 60  വയസ്സായികുറക്കുകായും ചെയ്‌തു   .അതോടൊപ്പം മറ്റു ക്ഷേമനിധി ബോർഡ്‌കളിൽ നിന്നും പെൻഷൻ വാങ്ങുന്നവർക്കും സാമൂഹ്യ പെന്ഷന്  അർഹത വരുത്തി ഉത്തരവിറക്കി. 80  വയസ്സിനു മുകളിലുള്ളവർക്കും 75  ശതമാനത്തിലേറെ  വൈകല്യം ഉള്ളവർക്കും  പെൻഷൻ 1200   രൂപയായി വർധിപ്പിക്കുകയും ചെയ്തു.  അതുപോലെ വിധവ പെൻഷൻ, വൃദ്ധസദനങ്ങൾ, അനാഥാലയങ്ങൾ എന്നിവിടങ്ങളിലെ അന്തേവാസികൾക്കുള്ള ഗ്രാന്റ് എന്നിവ 800  രൂപയാക്കി. വർഷത്തിൽ മൂന്നോ നാലോ പ്രാവശ്യം പെൻഷനുകൾ    പോസ്റ്റ് ഓഫീസുകൾ മുഖേന  വിതരണം ചെയ്തിരുന്ന രീതി മാറ്റിയതോടൊപ്പം  , മണി ഓർഡർ കമ്മീഷൻ ഒഴിവാക്കി,2015 ഏപ്രിൽ മാസം മുതൽ പെൻഷനുകൾ  ബാങ്കുകൾ മുഖേന വിതരണം ചെയ്യാനുള്ള നടപടിയുമെടുത്തു. 

ഉമ്മൻ ചാണ്ടി സർക്കാരിന്റെ 2016- .2017വർഷത്തെ ബജറ്റിൽ  പെൻഷനുകൾ വീണ്ടും വർധിപ്പിക്കാൻ തീരുമാനിച്ചു.  2016  മാർച്ച് 1  നു ഇറക്കിയ  ജി ഒ [24/ 2016 /സാ  നീ വ  പ്രകാരം 75  വയസ്സിനു മുകളിലുള്ളവർക്ക്‌  വാർദ്ധക്യകാല പെൻഷൻ  1500 രൂപയുൾപ്പെടെ  അഞ്ചു സ്ലാബുകളിലായാണ് ക്ഷേമ    പെൻഷനുകൾ  വിതരണം ചെയ്തത്.  600 , 800 , 1000 , 1200 ,   1500  രൂപ എന്നിങ്ങനെയായിരുന്നു  ഈ സ്ലാബുകൾ.   വരുമാനപരിധി ഒരു ലക്ഷം രൂപയായി ഏകീകരിക്കുകയും , വാർദ്ധക്യകാല പെന്ഷന് അപേക്ഷിക്കാനുള്ള പ്രായ പരിധി 65 ൽ നിന്നും 60  ആക്കുകയും ചെയ്തതോടെ   പതിനായിരക്കണക്കിന് ആളുകളാണ് പുതിയതായി  പെന്ഷന് അർഹരായത് . അവരിൽ പലർക്കും അവരുടെ രേഖകൾ ബാങ്കുകളിൽ ഹാജരാക്കാൻ സാധിക്കാതിരുന്നതിനാലും, ഹാജരാക്കിയവയിൽ പലതിനും  പോരായ്മകൾ ഉണ്ടായതുകൊണ്ടും,  കുറെ പേർക്ക്  കുടിശ്ശിക വന്നു. ഇക്കാര്യം  നക്ഷത്ര ചിഹ്നം ഇടാത്ത ചോദ്യം  നമ്പർ 371 ന്  അന്നത്തെ  ധനകാര്യ മന്ത്രി തോമസ് ഐസക് തന്നെ നിയമസഭയിൽ  വ്യക്തമാക്കിയിട്ടുണ്ട്.  അതിനു പുറമെ  രാഷ്ട്രീയ കാരണങ്ങൾ കൊണ്ട് ഇടതു മുന്നണി ഭരിച്ച പല തദ്ദേശ്ശ സ്ഥാപനങ്ങളും   മനഃപൂർവം കുടിശ്ശിക വരുത്തുകയും ചെയ്തു.  2016  ഫെബ്രുവരിയിൽ  ക്ഷേമ  പെൻഷനുകൾ വിതരണം ചെയ്യാനായി 246  കോടി രൂപ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്കൂറിനു അനുവദിച്ചുകൊണ്ട് ഫെബ്രുവരി 20  നു ജി.ഓ [ആർ ടി ]1676/ 2016/ഫിൻ  എന്ന നമ്പറിൽ   ഉത്തരവ് ഇറക്കിയെങ്കിലും  തെരഞ്ഞെടുപ്പിന് മുമ്പ് അത് നടപ്പിലാക്കാതിരിക്കാനായി ചിലർ ബോധപൂർവം ശ്രമിച്ചു.

എണ്ണം വർദ്ധിച്ചതിലെ  മാജിക്  

യു ഡി എഫ്   സർക്കാരിന്റെ കാലത്തു 34  ലക്ഷമായിരുന്ന സാമൂഹ്യ സുരക്ഷാ പെൻഷൻകാരുടെ  എണ്ണം പിണറായി സർക്കാർ , 59.5 .ലക്ഷം ആക്കിയെന്നാണ് മറ്റൊരു പ്രചാരണം. അച്യുതാനന്ദൻ സർക്കാരിന്റെ കാലത്തു 13.8   ലക്ഷം  പെന്ഷനർമാരുള്ളതിനെ 34  ലക്ഷമാക്കിയത് ഉമ്മൻ ചാണ്ടി സർക്കാർ ആയിരുന്നു എന്നത് വിസ്മരിക്കരുത്. അന്ന് സാമൂഹ്യ സുരക്ഷാ പെന്ഷനും , ക്ഷേമനിധി പെൻഷനും  ഒരാൾക്ക് ഒരേ സമയം വാങ്ങാൻ അനുവദിച്ചിരുന്നു. എന്നാൽ പിണറായി സർക്കാർ അധികാരമേറ്റ ഉടൻ ചെയ്തത് ക്ഷേമനിധി പെൻഷനുകൾ എല്ലാം 1000  രൂപയായി എകികരിക്കുകയായിരുന്നു. അപ്പോൾ 1500  രൂപ പെൻഷൻ വാങ്ങിയ വയോജനങ്ങൾക്കു  കിട്ടികൊണ്ടിര്ന്ന 1500  രൂപ, ഏകീകരണത്തിലൂടെ 1000  രൂപയായി  മാറി. ചെപ്പടി വിദ്യ കാട്ടുന്ന ചില മന്ത്രികരെപ്പോലെ, വയോജനങ്ങളുടെ പോക്കറ്റടിക്കുന്ന നടപടിയായിരുന്നു അത്.. .  23.9.2020ലെ   സ.ഉ [97/ 20 /ധന ഉത്തരവനുസരിച്ചു  രണ്ടു പെൻഷൻ വാങ്ങാൻ അനുമതി പിണറായി സർക്കാർ  നിഷേധിച്ചു. അനുമതി നിഷേധിച്ചില്ലായിരുന്നെങ്കിൽ, വാർധക്യകാല  പെൻഷനായി 1600  രൂപ വാങ്ങുന്ന ആൾ  കർഷകത്തൊഴിലാളി ആണെങ്കിൽ  മറ്റൊരു 1600  രൂപകൂടി[മൊത്തം 3200  രൂപ] പെൻഷനായി വാങ്ങാമായിരുന്നു. അതാണ്  പിണറായി സർക്കാർ നിഷേധിച്ചത്.  അതോടെ ക്ഷേമനിധി ബോർഡുകളിൽ നിന്നും  ചെറിയ തുകയുടെ പെൻഷൻ വാങ്ങിയവർ സാമൂഹ്യ സുരക്ഷാ പെന്ഷനുകളിലേക്കു  വലിയ തോതിൽ മാറി. അങ്ങിനെയാണ് സാമൂഹ്യ സുരക്ഷാ പെൻഷൻ കാരുടെ എണ്ണത്തിൽ  വർദ്ധനവ് ഉണ്ടായതു. ഇതുരണ്ടും കൂടി ഒന്നിച്ചു കൂട്ടിയാൽ   ഇത്രത്തോളം ആളുകൾ തന്നെയാണ് അന്നും  പെൻഷനുകൾ വാങ്ങിയിരുന്നതെന്നു കാണാം.

സാമൂഹ്യ സുരക്ഷാ പെൻഷൻറ്റെ  പേരിൽ  ജനങ്ങളുടെമേൽ അധികഭാരം അടിച്ചേൽപ്പിക്കുന്ന പിണറായി സർക്കാരിന്റെ നടപടി  പകൽ കൊള്ളയാണ്.മിഥ്യാഭിമാനം  വെടിഞ്ഞു,  പുതിയതായി ഏർപ്പെടുത്തിയ സെസ്  പിൻവലിക്കാൻ സർക്കാർ തയ്യാറാകണം.




പി.എസ്‌ ,ശ്രീകുമാർ 

9847173177 


Saturday, 28 January 2023

 

                           അനുകമ്പയുടെ  മുഖമായിരുന്ന   ജസീന്ത 

പി.എസ് .ശ്രീകുമാർ 


യുവ ഭരണാധികാരികളിൽ    ശ്രദ്ധേയയായ   ന്യൂസിലാൻഡ്   പ്രധാനമന്ത്രി     ജസീന്ത ആർഡീൻ,   താൻ  രാജിവയ്ക്കുകയാണെന്നും, അടുത്ത പാർലമെന്റ്  തെരഞ്ഞെടുപ്പിൽ   മത്സരിക്കാനില്ലെന്നും  പ്രഖ്യാപിച്ചത്  അത്ഭുതത്തോടെയാണ്   ലോകം കേട്ടത്.  അഞ്ചര വർഷക്കാലമാണ്  അവർ പ്രധാനമന്ത്രിസ്ഥാനത്തിരുന്നത്.  2017 ൽ 37 ആം വയസ്സിൽ ആദ്യമായി പ്രധാനമന്ത്രിയാകുമ്പോൾ, ഏറ്റവും പ്രായം കുറഞ്ഞ ലോകനേതാവ് അവരായിരുന്നു.  .  അധികാരത്തോടൊപ്പം  ഉത്തരവാദിത്വവും  നിർവ  ഹിക്കപ്പെടണമെന്നും,  അതിനു പറ്റിയതും, പറ്റാത്തതുമായ  അവസരം ഏതാണെന്നു  മനസ്സിലായെന്നും,  പ്രധാനമന്ത്രി സ്ഥാനത്തോട്  നീതി പുലർത്താൻ  തനിക്കു സാധിക്കാതെ വന്നതിനാലാണ്  ഉത്തരവാദിത്വം ഒഴിയുന്നതെന്നും   പ്രഖ്യാപിച്ച അവർ,  കുടുംബത്തോടൊപ്പമുള്ള  ജീവിതത്തിനാണ്  ഇനിയുള്ള നാളുകളിൽ  പ്രാധാന്യം നൽകുന്നതെന്നും വ്യക്തമാക്കി.

2008 ലാണ്  അവർ ലേബർ പാർട്ടിയുടെ  സ്ഥാനാർത്ഥിയായി പാർലമെന്റിലേക്കു മത്സരിച്ചു വിജയിച്ചത്. ആത്മാർത്ഥമായ  പ്രവർത്തനം കൊണ്ട്  ലേബർ പാർട്ടി അണികളുടെ  പ്രീതി പിടിച്ചുപറ്റുവാനും, ഒരു ദശാബ്ദം പൂർത്തിയാകുന്നതിനു    മുമ്പ്  ലേബർ പാർട്ടി നേതാവായി തെരഞ്ഞെടുക്കപ്പെട്ട്  പ്രധാനമന്ത്രിയാകുവാനും അവർക്കു സാധിച്ചു. ന്യൂസിലൻഡിലെ  തദ്ദേശീയരും,  പാർശ്വവൽക്കരിക്കപ്പെട്ടവരുമായ  മൗറികൾ,  ഭിന്നലിംഗക്കാർ, സ്വവർഗാനുരാഗികൾ തുടങ്ങിയവരുടെ പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് വാക്കുകൊടുത്തതിനാൽ തെരഞ്ഞെടുപ്പിൽ  ആ വിഭാഗങ്ങളൊക്കെ  ജസീന്തയോടൊപ്പം നിന്നു. 

സമാധാന ദൂതുമായി  ക്രൈസ്റ്റ് ചർച്ചിൽ

 ജസീന്തയുടെ  നേതൃപാടവം തെളിയിച്ച സംഭവമായിരുന്നു ക്രൈസ്റ്റ് ചർച്ചിലെ കൂട്ടകൊലപാതകം.  2019 ൽ ക്രൈസ്റ്റ് ചർച്ചിലെ രണ്ടു മുസ്ലിം പള്ളികളിൽ    പ്രാർത്ഥനക്കെത്തിയ  51 മുസ്ലിം മത വിശ്വാസികൾ   ഒരു വര്ണവെറിയൻറ്റെ  നിറതോക്കിന്‌ മുംബിൽ പിടഞ്ഞു  വീണപ്പോൾ,    ശാന്തിമന്ത്രവുമായി   ഓടിയെത്തി  സമാധാനത്തിനു  മുന്നിട്ടിറങ്ങിയ ജസീന്തയുടെ പ്രവർത്തനങ്ങൾ ലോക ജനത ശ്രദ്ദിച്ചു.  കൊല്ലപ്പെട്ടവരുടെ ബന്ധുക്കളിൽ ഒരാളെപ്പോലെ  ഹിജാബ് ധരിച്ചാണ്  അവർ ആശ്വാസവാക്കുകളുമായി എത്തിയത്.  സംസ്ക്കാരത്തിന്റെ  മുഴുവൻ ചിലവും സർക്കാർ വഹിച്ചതിനു പുറമേ, ഓട്ടോമാറ്റിക് റൈഫിളുകൾ ഉപയോഗിക്കുന്നതിന്  നിരോധനം ഏർപ്പെടുത്തികൊണ്ടു ലൈസൻസ് നിയമങ്ങൾ മാറ്റുവാനും  ജസീന്ത ഉടൻതന്നെ  തയ്യാറായി. ജസീന്തയുടെ നടപടികൾ, വെടിവെപ്പിനെ തുടർന്ന് ഉണ്ടാകുമായിരുന്ന   വർഗീയ സംഘര്ഷങ്ങൾ  ഒഴിവാക്കുവാൻ സഹായിച്ചു.  കത്തിപ്പടരാണ്  സാധ്യതയുണ്ടായിരുന്ന    ഒരു സംഭവം സമചിത്തതയോടെയും വിദ്യോഷരഹിതമായും  കൈകാര്യം ചെയ്തതിലൂടെ  ഇസ്ലാമിക വിശ്വാസികളുടെ മാത്രമല്ല, ലോകത്തെ പുരോഗമന വാദികളുടെയും സോഷ്യലിസ്റ്റ് ചേരിയുടെയും  ബിംബമായി മാറുവാൻ  ജസീന്തക്കു കഴിഞ്ഞു.

മാതൃത്വത്തിനു നൽകിയ പ്രാധാന്യം 

വളരെ ചുരുങ്ങിയ  കാലത്തിനുള്ളിൽത്തന്നെ  സഹാനുഭൂതിയും, ആർദ്രതയും  ഉള്ള,  ലിംഗ സമത്വത്തിനു വേണ്ടി വാദിക്കുന്ന,  നേതാവായി അവർ മാറി. ബേനസീർ ഭുട്ടോക്കുശേഷം,  അധികാരത്തിലിരിക്കുമ്പോൾ തന്നെ  മാതൃത്വത്തെ ഉൾക്കൊണ്ടുകൊണ്ട്, ഒരു കുഞ്ഞിന് ജന്മം നൽകിയ  രണ്ടാമത്തെ പ്രധാനമന്ത്രിയായിരുന്നു  അവർ . തന്റെ കുഞ്ഞിനെയും എടുത്തുകൊണ്ടു   ഐക്യ രാഷ്ട്രസഭയിൽ എത്തിയതോടെ   അവർ മറ്റൊരു ചരിത്രം സൃഷ്ടിച്ചു.  മൂന്നു മാസം പ്രായമായ മകൾ നേവയെയും ,   ജീവിത പങ്കാളിയെയും  കൂട്ടിയാണ്  അവർ  നെൽസൺ മണ്ടേല സമാധാന ഉച്ചകോടിക്ക്,   2018 ൽ  പോയത്.  ഇത് ജീവിതത്തിലെ സ്വാഭാവികമായ കാര്യമാണെന്നും, അത് മറ്റുള്ളവരെ ബോധ്യപ്പെടുത്തുവാനായിട്ടാണ്  അങ്ങിനെ ചെയ്തതെന്നുമാണ് അന്ന് അവർ പറഞ്ഞത്.

കോവിഡിനെതിരെയുള്ള പ്രതിരോധം 

അമേരിക്കൻ  പ്രസിഡന്റ് ഡൊണാൾഡ് ട്രംപും, ബ്രസീൽ പ്രസിഡന്റ് ബോൾസനാരോയും    കോവിഡിനെ തീരെ  പോരാടാതെ   ജനങ്ങളെ കോവിഡ്  മരണത്തിന്  വിട്ടുകൊടുത്തപ്പോൾ,  അതിനെതിരെ, ആദ്യ കാലഘട്ടത്തിൽ തന്നെ  ശക്തമായ നടപടികൾ എടുത്ത നേതാവായിരുന്നു  ജസിന്ത.  ഒരു കേസ്  റിപ്പോർട്ട് ചെയ്യുന്നതിന്   മുമ്പ്, ന്യൂസിലണ്ടിന്റ്റെ  അതിർത്തികൾ അടയ്കുകയും, ശക്തമായ ക്വാറന്റയിൻ  നിബന്ധനകൾ   നടപ്പിൽ വരുത്തുകയും ചെയ്തു. അതിനു പുറമെ കോവിഡുമായി ബന്ധപ്പെട്ട ശാസ്ത്രിയമായ വസ്തുതകൾ  ജനങ്ങളെ  നിരന്തരം അറിയിച്ചുകൊണ്ടിരുന്നു. ഇങ്ങനെയുള്ള നടപടികളിലൂടെ   കോവിഡ്  മരണം   ഏറ്റവും കുറവുള്ള രാജ്യങ്ങളിൽ ഒന്നായി  ന്യൂസിലൻഡ്  മാറി. ഈ നേട്ടങ്ങളുടെ   അംഗീകാരമായാണ്  2020 ലെ തെരഞ്ഞെടുപ്പിൽ  വർധിച്ച ഭൂരിപക്ഷത്തോടെ, അവരുടെ നേതൃത്വത്തിലുള്ള സർക്കാരിനെ  ജനങ്ങൾ  അധികാരത്തിൽ ഏറ്റിയത്. 

വാഗ്ദാനങ്ങളിൽ നിന്നും പിന്നോട്ട് പോയോ?

2017 ലെയും, 2020 ലെയും  തെരഞ്ഞെടുപ്പുകളിൽ  നിരവധി വാഗ്‌ദാനങ്ങൾ  അവർ ജനങ്ങൾക്ക് നൽകിയിരുന്നു. ജനങ്ങൾക്ക് പ്രാപ്യമായ  വിലയ്ക്ക്   ഒരുലക്ഷം വീടുകൾ നിർമിച്ചു നൽകും എന്നതായിരുന്നു ഒന്ന്. എന്നാൽ ആയിരം വീടുകൾ പോലും നിര്മിച്ചുനൽകാൻ സാധിച്ചില്ല. മാത്രമല്ല, പലിശനിരക്ക് വർധിച്ചതോടെ  വീടുകൾ സ്വന്തമാക്കുക എന്ന സ്വപ്നം  സാധാരണക്കാർക്ക് അപ്രാപ്ര്യമായി മാറി. കുട്ടികളുടെ ഇടയിലുള്ള ദാരിദ്ര്യം ഇല്ലായ്മ ചെയ്ത് ,   ദാരിദ്ര്യമില്ലാതെ ജീവിക്കാൻ സാധിക്കുന്ന ഒരു രാജ്യമാക്കി  ന്യൂസിലൻഡിനെ  മാറ്റും എന്നും അവർ  വാഗ്‌ദാനം  ചെയ്തിരുന്നു. എന്നാൽ തദ്ദേശീയരായ മൗറികൾ ഉൾപ്പെടെയുള്ള മേഖലകളിലെ ജനങ്ങളിൽ ദാരിദ്ര്യം വര്ധിച്ചതായിട്ടാണ് പഠനങ്ങൾ പുറത്തുവന്നത്. കുട്ടികളുടെ ഇടയിലുള്ള ദാരിദ്ര്യം അഞ്ചുമടങ്ങു വർധിച്ചു.  30,000 കുട്ടികൾ രാജ്യത്തു ദാരിദ്ര്യം അനുഭവിക്കുന്നു  എന്ന കണക്കുകൾ പുറത്തുവന്നു.   കോവിഡിനെ പ്രതിരോധിക്കാനുള്ള വ്യഗ്രതയിൽ  ശക്തമായ ക്വാറന്റയിൻ വ്യവസ്ഥകളും, അടച്ചിടലും  മാസങ്ങളോളം നീണ്ടുപോയപ്പോൾ,  വാണിജ്യ-വ്യാവസായിക മേഖലകൾ  വലിയ തിരിച്ചടികൾ നേരിട്ടു.  നിരവധിപേർക്കാണ് തൊഴിലും, വരുമാനവും നഷ്ടപ്പെട്ടത്.  പശ്ചാത്തല വികസനത്തിനുള്ള പദ്ധതികൾ  നടപ്പിലാക്കുവാൻ സാധിച്ചില്ല.  പണപ്പെരുപ്പം ഉയർന്നു. ഭക്ഷണ പദാർത്ഥങ്ങളുടെ  വില  പന്ത്രണ്ടു ശതമാനം  വർധിച്ചു.

 തെരഞ്ഞെടുപ്പ് സമയത്തു നൽകിയ മറ്റൊരു വാഗ്‌ദാനം  കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ടതായിരുന്നു.  ആഗോളതാപനം കുറയ്ക്കുന്നതിന്റെ ഭാഗമായി  ഉൾക്കടൽ എണ്ണ കിണറുകൾ പുതിയതായി ആരംഭിക്കുകയില്ലെന്നും, സീറോ കാർബൺ ആക്റ്റ്  ശക്തമായ രീതിയിൽ നടപ്പാക്കുമെന്നും പറഞ്ഞിരുന്നു.  ഈ വാഗ്‌ദാനങ്ങളൊക്കെ  നടപ്പിലാക്കുന്ന കാര്യത്തിൽ  ജസീന്തക്കു  കാര്യമായി മുന്നോട്ടു പോകുവാൻ സാധിച്ചില്ല.  അതോടെ അവരുടെ ജനസമ്മതിയിൽ ഇടിവുണ്ടായി.  അടുത്തിടെ നടന്ന അഭിപ്രായ സർവ്വേകളിലെ ഫലം ,   ജസീന്തയുടെ ജനസമ്മതിയിൽ 20  ശതമാനം കുറവുണ്ടായി എന്നാണ് .   പ്രധാന പ്രതിപക്ഷ പാർട്ടിയായ നാഷണൽ പാർട്ടിയേക്കാൾ ഏകദേശം 6  ശതമാനം പിറകിലാണ് ജസീന്തയുടെ ലേബർ പാർട്ടി. ഒരുപക്ഷെ ജനങ്ങളുടെ മനസ്ഥിതിയിൽ വന്ന മാറ്റം  അവരുടെ രാജിക്ക് പിന്നിൽ ഉണ്ടാകാനുള്ള സാധ്യതയും തള്ളിക്കളയാൻ സാധിക്കുകയില്ല.

പി.എസ.ശ്രീകുമാർ 

9847173177 













Wednesday, 25 January 2023

 


                                             നേപ്പാൾ: മൂന്നാമൂഴവുമായി പ്രചണ്ഡ 

പി.എസ്‌ .ശ്രീകുമാർ 


ചെറുതാണ്  മനോഹരം എന്ന്   പറഞ്ഞ   പ്രസിദ്ധ ബ്രിട്ടീഷ്   സാമ്പത്തിക ശാസ്ത്രജ്ഞനായ  ഏർണെസ്ട്  ഫ്രഡറിച് ഷുമച്ചേറിൻറ്റെ    ഉദ്ധരണിയെ  അന്വർഥമാക്കിക്കൊണ്ടാണ്‌,      തൊണ്ണൂറുകളിൽ   നേപ്പാളിലെ  രാജഭരണത്തിനെതിരെ   ആയുധമേന്തി   പടപൊരുതാൻ  നേതൃത്വം കൊടുത്ത   പ്രചണ്ഡ പ്രധാന മന്ത്രി കസേരയിൽ  മൂന്നാമതും എത്തിയിരിക്കുന്നത് .  275  അംഗങ്ങളുള്ള നേപ്പാൾ പാർലമെൻറ്റിലേക്ക്  നടന്ന തെരഞ്ഞെടുപ്പിൽ  32  സീറ്റുകൾ മാത്രമാണ്    പ്രചണ്ഡ എന്ന പുഷ്പ കുമാർ ദഹ്ൽ  നയിക്കുന്ന കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് നേപ്പാൾ  [മാവോയിസ്റ്] ന്  ലഭിച്ചത്.  ഭരണ സഖ്യത്തിലെ വലിയ കക്ഷിയായ  കെ.പി. ശർമ്മ ഒലി  നേതൃത്വം നൽകുന്ന  കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് നേപ്പാൾ[യു എം എൽ ] നു 78  അംഗങ്ങളാണ് പാർലമെന്റ് തെരഞ്ഞെടുപ്പിൽ ലഭിച്ചത്. മറ്റ്‌  6  ചെറു പാർട്ടികൾ കൂടി ഇപ്പോഴത്തെ ഭരണ സഖ്യത്തിലുണ്ട്.  എന്നാൽ  നവംബർ മാസത്തിൽ നടന്ന  തെരഞ്ഞെടുപ്പിൽ  പ്രചണ്ഡയുടെ പാർട്ടി മത്സരിച്ചത്  ഈ സഖ്യത്തോടൊപ്പമല്ലായിരുന്നു.  നേപ്പാളി കോൺഗ്രസ് പാർട്ടിയുടെ നേതൃത്വത്തിൽ  ഉണ്ടായിരുന്ന  സഖ്യത്തിൻറ്റെ   ഭാഗമായാണ്  പ്രചണ്ഡയുടെ പാർട്ടി തെരഞ്ഞെടുപ്പിൽ മത്സരിച്ചത്.  89  സീറ്റ് ലഭിച്ച നേപ്പാളി  കോൺഗ്രസ്സിൻറ്റെ  നേതൃത്വത്തിൽ  ഈ സഖ്യത്തിന്  136   സീറ്റോടെ  കേവല ഭൂരിപക്ഷം   ലഭിച്ചു.  ചതുരംഗ പലകയിൽ കരുക്കൾ നീക്കുന്നതുപോലെ  പ്രധാനമന്ത്രി കസേരയിലേക്കുള്ള പ്രയാണത്തിന്റ്റെ  ഭാഗമായുള്ള കരുക്കൾ നീക്കിയാണ് ,  തെരഞ്ഞെടുപ്പിന് ശേഷം പ്രചണ്ഡ  നേപ്പാളി കോൺഗ്രസ് സഖ്യത്തിൽ നിന്നും പുറത്തു ചാടി  കെ.പി.ശർമ്മ ഒലി  നേതൃത്വം നൽകുന്ന സഖ്യത്തിലേക്കു എത്തി ചേർന്നത് .  വിപ്ലവകാരിയായ  നേതാവിൽനിന്നും ,അവസരവാദ രാഷ്ട്രീയത്തിന്റ്റെ  പ്രയോക്താവായാണ് പ്രചണ്ഡ മാറിയത്. 2008 ൽ രാജഭരണം അവസാനിച്ച ശേഷമുള്ള  അവസരവാദ  രാഷ്ട്രീയത്തിൻറ്റെ    തുടർച്ചയായാണ്  പ്രധാനമന്ത്രി കസേരയിലേക്കുള്ള  പ്രചണ്ഡയുടെ ഇപ്പോഴത്തെ കടന്നുവരവ്.

ആദ്യ പ്രധാനമന്ത്രിപദം 2008 ൽ 

രാജഭരണം അവസാനിച്ച ശേഷം 2008 ൽ  ഭരണഘടനാ സമിതിയിലേക്ക്            നടത്തിയ  തെരഞ്ഞെടുപ്പിലാണ്  പ്രചണ്ഡ ആദ്യമായി  പ്രധാനമന്ത്രിയായത്. അതുവരെയും  ഒളിപ്പോരും, വിപ്ലവുമായി രാഷ്ട്രീയത്തിൽ നിന്ന,  പ്രചണ്ഡക്ക്  ഭരണത്തിൽ യാതൊരുവിധ മുന്പരിചയവുമില്ലായിരുന്നു.  ആ ഒരു പോരായ്‌മ അദ്ദേഹത്തിന്റെ ഭരണത്തെ ബാധിച്ചു.  ഒളിപ്പോരുമായി പ്രചണ്ഡ നടന്ന കാലത്തു  അറസ്റ്റിലായ  20,000 ത്തോളം മാവോയിസ്റ്  പ്രവർത്തകരെ ജയിലിൽ നിന്നും മോചിപ്പിക്കാൻ  2009 ൽ അദ്ദേഹം ഉത്തരവ് കൊടുത്തു. എന്നാൽ പട്ടാള മേധാവി അതിനു തയ്യാറായില്ല.  തൻറ്റെ  ഉത്തരവ് അനുസരിക്കാത്ത    പട്ടാള മേധാവിയെ മാറ്റാൻ ഉടൻതന്നെ അദ്ദേഹം  ഉത്തരവ് പുറപ്പെടുവിച്ചു.പ്രചണ്ഡയുടെ ഉത്തരവ് അന്നത്തെ പ്രസിഡന്റ് ആയിരുന്ന റാം  ബാരൻ  യാദവ്  റദ്ദാക്കി. അതോടെ അദ്ദേഹം പ്രധാനമന്ത്രി സ്ഥാനം രാജിവച്ചു ഒഴിഞ്ഞു.

നേപ്പാളി കോൺഗ്രസ്സിൻറ്റെ  തോളിലേന്തിയുള്ള  രണ്ടാം ഭരണം 

2016 ലാണ് അദ്ദേഹം രണ്ടാമത് പ്രധാനമന്ത്രിയായത്.   കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് നേപ്പാൾ [യു എം എൽ ] നേതാവ് കെ.പി.ശർമ്മ ഒലി  രാജിവച്ചതിന് തുടർന്ന്, നേപ്പാളി കോൺഗ്രസ്, മധേസി ഫ്രണ്ട് എന്നീ രാഷ്ട്രീയ സംഘടനകളുടെ പിന്തുണയോടെയാണ് അദ്ദേഹം പ്രധാന മന്ത്രി സ്ഥാനത്തു വീണ്ടും എത്തിയത്.നേപ്പാളി കോൺഗ്രസുമായുള്ള കരാറിന്റ്റെ  അടിസ്ഥാനത്തിൽ ഒരു വർഷത്തിന് ശേഷം 2017  മേയ്  മാസത്തിൽ  പ്രചണ്ഡ രാജിവെക്കുകയും നേപ്പാളി  കോൺഗ്രസ്   നേതാവ് ഷേർ ബഹാദൂർ ദൂബാ  പ്രധാനമന്ത്രിയാകുകയും ചെയ്തു.

2017 ൽ തെരഞ്ഞെടുപ്പ് വന്നപ്പോളേക്കും പ്രചണ്ഡ കളം  മാറ്റി ചവുട്ടി. കെ.പി.ശർമ്മ ഒലിയുടെ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് നേപ്പാൾ[യു എം എൽ ]മായി സഖ്യമുണ്ടാക്കി തെരഞ്ഞെടുപ്പിൽ മത്സരിച്ച്ചു  വിജയിച്ചു സർക്കാർ രൂപീകരിച്ച്ചു .  2018 ൽ  ഇരു കമ്മ്യൂണിസ്റ്റ് പാർട്ടികളും ലയിച്ചു ഒരു പാർട്ടിയായി മാറി.  പ്രധാനമന്ത്രി സ്ഥാനം പങ്കിടാമെന്നും, രണ്ടു പേരും ഒന്നായ പാർട്ടിയുടെ കോ-ചെയർമാന്മാരായി  പ്രവർത്തിക്കുമെന്നും ധാരണ ഉണ്ടാക്കി.  എല്ലാ ധാരണകളും കാറ്റിൽ പറത്തിക്കൊണ്ട്  ശർമ്മ ഒലി  ഭരണത്തിൽ പിടിമുറുക്കി. അതോടെ ശർമ്മ ഒലിയും  പ്രചണ്ഡയും  തമ്മിൽ തെറ്റി. പാർട്ടി ചെയർമാൻ സ്ഥാനത്തുനിന്നും  ശർമ്മ ഒലിയെ  നീക്കം ചെയ്തു. യു എം എൽ -മാവോയിസ്ററ്  ലയനത്തിനെതിരെ ഉണ്ടായ കേസിൽ  ലയനത്തിനെതിരെ സുപ്രീം കോടതി വിധി പുറപ്പെടുവിച്ചു. ശർമ്മ ഒലിക്കെതിരെ പ്രചണ്ഡയുടെ നേതൃത്വത്തിൽ പാർലമെന്റ്റിൽ  അവിശ്വാസ പ്രമേയം പാസ്സാക്കിയതോടെ ഒലിയുടെ  പ്രധാനമന്ത്രി കസേര തെറിച്ചു.  സുപ്രീം കോടതി വിധിയുടെയും, പ്രചണ്ഡ ഉൾപ്പെടെയുള്ള ഒലി  വിരുദ്ധ പാർട്ടികളുടെയും പിന്തുണയോടെ  ഷേർ ബഹദൂർ ദൂബാ  പ്രധാനമന്ത്രിയായി.  അദ്ദേഹത്തിന്റെ  നേതൃത്വത്തിലുള്ള സർക്കാർ 2022  അവസാനം തെരഞ്ഞെടുപ്പ് നടക്കുന്നവരെ അതുകാരത്തിൽ തുടർന്നു.

പ്രചണ്ഡയുടെ പാർട്ടിയും  ദൂബെയുടെ  നേതൃത്വത്തിലുള്ള നേപ്പാളി കോൺഗ്രസുമായി ഉണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിലാണ് 2022  നവംബർ  മാസത്തിൽ നടന്ന തെരഞ്ഞെടുപ്പിൽ മത്സരിച്ചത്.  അഞ്ചു  വർഷ കാലാവധിയിൽ,  പ്രധാനമന്ത്രി സ്ഥാനം പകുതി സമയം വച്ച് പങ്കിറ്റെടുക്കാമെന്നു പ്രചണ്ഡയും, ദൂബെയുമായി  ധാരണ ഉണ്ടാക്കിയെങ്കിലും, ആദ്യ പകുതി തനിക്കു വേണമെന്ന് പ്രചണ്ഡ നിർബന്ധം പിടിച്ചതോടെ സഖ്യം തകർന്നു.  പ്രധാനമന്ത്രി കസേരയിലെ ആദ്യ അവസരം പ്രചണ്ഡക്കു നൽകാമെന്ന്  ശർമ്മ ഒലി  പ്രചണ്ഡയുമായി ധാരണ ഉണ്ടാക്കി.  അങ്ങിനെയാണ് മൂന്നാം വട്ടം പ്രധാനമന്ത്രിയായി  പ്രചണ്ഡ അധികാരത്തിലെത്തിയത്.  

ഇന്ത്യയുമായുള്ള ബന്ധം   

രാജഭരണത്തിനെതിരെ  പ്രചണ്ഡയുടെ നേതൃത്വത്തിൽ മാവോയിസ്‌റ്റുകൾ  ഒളിയുദ്ധം  നടത്തിയ അവസരത്തിൽ  പ്രചണ്ഡയും അദ്ദേഹത്തിന്റെ പാർട്ടിയിലെ പ്രധാന നേതാക്കളും ഒളിവിൽ കഴിഞ്ഞത് ഇന്ത്യയിലായിരുന്നു. എന്നാൽ അദ്ദേഹം  2008 ൽ  പ്രധാനമന്ത്രിയായപ്പോൾ, ആദ്യം സന്ദർശിച്ച രാജ്യം ചൈനയായിരുന്നു. അതുവരെ നേപ്പാളി ഭരണാധികാരികൾ തുടർന്ന് വന്ന കീഴ്വഴക്കങ്ങൾ  ലംഘിച്ചുകൊണ്ടാണ്  അന്ന് അദ്ദേഹം ചൈന സന്ദർശനം നടത്തിയത്.   ചൈന അനുകൂല നിലപാടാണ്  അന്ന്   അദ്ദേഹം സ്വീകരിച്ചത്.    ഇന്ത്യമായുള്ള  കരാറുകളൊക്കെ റദ്ദാക്കണമെന്ന് ഉൾപ്പെടെയുള്ള ഇന്ത്യ-വിരുദ്ധ നിലപാടുകൾ നേപ്പാൾ-ഇന്ത്യ ബന്ധത്തെ ദോഷകരമായി ബാധിച്ചു. പ്രചണ്ഡക്കെതിരെ ഇന്ത്യയും അന്ന് കരുക്കൾ നീക്കിയിരുന്നു. പിന്നീട്  നേപ്പാളി കോൺഗ്രസ്സുമായി പ്രചണ്ഡ സഖ്യമുണ്ടാക്കിയപ്പോൾ ഇന്ത്യയോടുള്ള നിലപാടിൽ കുറെ മാറ്റങ്ങൾ ദൃശ്യമായി.

 പ്രചണ്ഡയേക്കാൾ  ചൈനയുമായി കൂടുതൽ ബന്ധമുള്ളത് ശർമ്മ ഒലിക്കാണ്. ഒലിയും  പ്രചണ്ഡയും തമ്മിലുള്ള ധാരണ എത്രനാൾ തുടരുമെന്നാണ് ആർക്കും പ്രവചിക്കാൻ സാധിക്കുകയില്ല. ഇത് അറിയാവുന്ന പ്രചണ്ഡ പഴയതുപോലെ ഇന്ത്യയെ ശത്രു പക്ഷത്തു നിർത്താൻ സാധ്യതയില്ല.  ഒലിയുടെ  ഭരണകാലത്താണ്, ഇന്ത്യയുടെ ഭാഗമായ ലിമ്പിയാധുര, കാലാപാനി,ലിപുലേഖ് തുടങ്ങിയ ഭാഗങ്ങൾ നേപ്പാളിന്റ്റെതാണെന്ന്  അവകാശപ്പെട്ടുകൊണ്ട്  പുതിയ ഭൂപടം  പാർലമെന്റ് കൂടി പാസാക്കുകയും,ഇന്ത്യയുമായി കുറി നാൾ വാക്‌പോര് നടത്തുകയും ചെയ്തത്.ഈ പ്രശ്നങ്ങൾ,  പ്രചണ്ഡ സമാധാന പൂർവം   നയതന്ത്ര തലത്തിൽ കൈകാര്യം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. നേപ്പാളിൻറ്റെ  ഏറ്റവും വലിയ  വാണിജ്യ ഇടപാടുകൾ ഇന്ത്യയുമായാണ്.  ആ രാജ്യത്തിൻറ്റെ  കയറ്റുമതിയുടെയും, ഇറക്കുമതിയുടെയും  ഏറ്റവും വലിയ സ്രോതസ് കൽക്കട്ട തുറമുഖമാണ്.   ഇരു രാജ്യങ്ങളും തമ്മിലുള്ള  വാണിജ്യ ഇടപാട്  2018-19 ൽ  57858 കോടി രൂപയുടേതായിരുന്നു. അതിൽ 54300  കോടിയും ഇന്ത്യയിൽ നിന്നുമുള്ള കയറ്റുമതിയായിരുന്നു. പെട്രോളിയം ഉത്പന്നങ്ങൾ മുതൽ മരുന്നുകൾ വരെയുള്ളവക്ക്  നേപ്പാൾ ആശ്രയിക്കുന്നത് ഇന്ത്യയെയാണ്. അതിനാൽ  പഴയപോലെയുള്ള ഇന്ത്യാ  വിരുദ്ധ നിലപാടുമായി പ്രചണ്ഡ  പോകാൻ സാധ്യതയില്ല.  അതുകൊണ്ടുതന്നെയാണ്  തൻറ്റെ  ആദ്യ വിദേശ സന്ദർശനം ഇന്ത്യയിലേക്കായിരിക്കുമെന്ന്   ആദ്യ പത്ര സമ്മേളനത്തിൽ  അദ്ദേഹം  പ്രഖ്യാപിച്ചത്. 


പി.എസ് .ശ്രീകുമാർ 9847173177