Tuesday, 29 April 2025

 

                                       യാഥാർഥ്യമാകുന്ന  സ്വപ്‌നം 


വിഴിഞ്ഞതിൻറ്റെ  പ്രശസ്തിക്ക്  ആയ്  വംശത്തോളം പഴക്കമുണ്ടെന്നാണ്  "തിരുവനന്തപുരത്തിന്റെ ഇതിഹാസം" എന്ന ഗ്രന്ഥത്തിൽ പട്ടം ജി.രാമചന്ദ്രൻ നായർ പറഞ്ഞിട്ടുള്ളത്. അഞ്ചാം നൂറ്റാണ്ടുവരെ ആയ്  രാജവംശത്തിന്റെ തലസ്ഥാനം ഇന്ന് കന്യാകുമാരി ജില്ലയിൽ സ്ഥിതിചെയ്യുന്ന ആയിക്കുടിയായിരുന്നു.  പിന്നീടാണ് രാജധാനിയും, സൈനിക കേന്ദ്രവും തുറമുഖപട്ടണമായി മാറിയ വിഴിഞ്ഞത്തേക്ക് മാറ്റിയത്.  കൂറ്റൻ മണിമന്ദിരങ്ങൾ, രാജകീയ പ്രഭാവം വിളംബരം ചെയ്യുന്ന കൊട്ടാരക്കെട്ടുകൾ, വാണിജ്യ കേന്ദ്രങ്ങൾ, സൈനികത്താവളങ്ങൾ എന്നിവയെല്ലാം അക്കാലത്തു വിഴിഞ്ഞത്ത്  ഉണ്ടായിരുന്നു. പാണ്ട്യ - ചോള രാജാക്കന്മാരുടെ തുടരെ,  തുടരെയുണ്ടായ ആക്രമണങ്ങൾ  മൂലം വിഴിഞ്ഞത്തിന്റെ പ്രഭാവം ക്രമേണ അസ്തമിച്ചു. രാജാ  കേശവദാസൻറ്റെ  കാലഘട്ടത്തിൽ  വിഴിഞ്ഞം വീണ്ടും വാണിജ്യ തലസ്ഥാനമായി മാറിയെങ്കിലും, കാലത്തിന്റെ വേഗപ്പാച്ചിലിൽ  പ്രഭാവം വീണ്ടും  നഷ്ടപ്പെട്ടു . പിന്നീട് ചിത്തിരതിരുനാൾ മഹാരാജാവിൻറ്റെ  രാജഭരണ കാലത്തു  ദിവാനായിരുന്ന സർ സി.പി  വിഴിഞ്ഞത്തിന്റെ അനന്ത സാദ്ധ്യതകൾ തിരിച്ചറിഞ്ഞു. വിഴിഞ്ഞത്തിന്റെ തന്ത്രപ്രാധാന്യം  മനസ്സിലാക്കിയ  സർ സി..പി,  വെള്ളായണി കായലുമായി ബന്ധപ്പെടുത്തി  തുറമുഖം വികസിപ്പിക്കാനുള്ള വൻ പദ്ധതി വിഭാവനം ചെയ്തു.  സർ സി.പി. തിരുവിതാംകൂർ വിടാൻ നിർബന്ധിതനാവുകയും, ഇന്ത്യക്കു സ്വാതന്ത്ര്യം ലഭിക്കുകയും ചെയ്‌തതോടെ  വിഴിഞ്ഞം വികസന പദ്ധതി  വിസ്‌മൃതിയിലായി.  

ആദ്യ കരുക്കൾ നീക്കി എം.വി.ആർ 

വര്ഷങ്ങള്ക്കുശേഷം, 1991 ലെ കരുണാകരൻ സർക്കാരിന്റെ കാലത്തു തുറമുഖ  മന്ത്രിയായിരുന്ന എം.വി. രാഘവനാണ്  വിഴിഞ്ഞം തുറമുഖ  പദ്ധതിക്ക് ജീവൻ വയ്പ്പിച്ചത്. കേരളത്തിൽ ആദ്യമായി തുറമുഖ നയത്തിന്  രൂപം നൽകിയ അദ്ദേഹം, വിഴിഞ്ഞം തുറമുഖ പദ്ധതിക്കായി ,  1995  ഒക്‌ടോബറിൽ  ഹെദരാബാദിലെ കുമാർ ഗ്രൂപ്പുമായി  ധാരണാപത്രം ഒപ്പുവച്ചു. എന്നാൽ 1996 ൽ സർക്കാർ മാറിയതോടെ  ഈ പദ്ധതി ശീതികരണപെട്ടിയിലായി. 2001 ൽ അദ്ദേഹം വീണ്ടും മന്ത്രിയായപ്പോൾ  അന്നത്തെ ചീഫ് സെക്രട്ടറി ബാബു ജേക്കബ്, തുറമുഖ  കാര്യ ഉപദേശകൻ  പി. ജയകുമാർ  എന്നിവർക്കൊപ്പം  ലോകത്തെ പ്രധാന തുറമുഖ നഗരങ്ങളിൽ  പര്യടനം നടത്തി നിക്ഷേപകരെ ക്ഷണിച്ചു. അതേത്തുടർന്നാണ്  വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട് ലിമിറ്റഡ്  (VSIL)  രൂപീകരിചത്.   തുടർന്ന് നടത്തിയ ടെണ്ടറിൽ 12  കമ്പനികൾ ടെൻഡർ നൽകി. ചൈന സർക്കാറിന്റെ  കമ്പനി ഉൾപ്പെടുന്ന കൺസോർഷ്യത്തിനു കരാർ  നല്കാൻ തീരുമാനമായെങ്കിലും,  അദ്ദേഹം ഭരണത്തിൽ നിന്നും മാറുന്നതുവരെ സാങ്കേതികയുടെ  പ്രതിബന്ധത്തിൽ തട്ടിക്കിടന്നു. 2010 ലെ വി.എസ്  സർക്കാർ  ടെൻഡർ വിളിച്ചെങ്കിലും, അതിൽ അവസാനമെത്തിയ വെൽസ്‌പൻ കൺസോർഷ്യത്തിന്  സർക്കാർ അംഗീകാരം നൽകിയില്ല.  തുറമുഖത്തിന് വീണ്ടും ജീവൻ വച്ചതു ഉമ്മൻചാണ്ടി സർക്കാർ 2012ൽ  അധികാരത്തിൽ വന്നശേഷമാണ്.    ഉമ്മൻചാണ്ടി സർക്കാർ  നിയോഗിച്ച സാങ്കേതിക ഉപദേഷ്ടാക്കൾ  തയ്യാറാക്കിയ രൂപരേഖ പ്രകാരം പദ്ധതിയിൽ കാര്യമായ മാറ്റം വരുത്തി. വലിയ കപ്പലുകൾ തുറമുഖത്തു എത്തുന്ന രീതിയിൽ രൂപരേഖ നവീകരിച്ചു. 2013  ഡിസംബറിൽ ആഗോള ടെൻഡർ ക്ഷണിച്ചെങ്കിലും, ഉദ്ദേശിച്ച രീതിയിൽ വൻകിട കമ്പനികളുടെ  സഹകരണം ഉണ്ടായില്ല. തുടർന്നാണ് 2014 ൽ പൊതു - സ്വകാര്യ - സംരംഭം എന്ന ആശയത്തിലേക്ക്,  അന്നത്തെ പ്ലാനിംഗ് കമ്മീഷൻ ഉപദേശകനായിരുന്ന ഗജേന്ദ്ര ഹാൽദിയയുടെ  ശുപാർശപ്രകാരം ,   പദ്ധതിയിൽ   മാറ്റം വരുത്തിയത്.  ഇതുപ്രകാരം, തുറമുഖത്തിന്റെ ഉടമസ്ഥാവകാശം  സംസ്ഥാന സർക്കാരിൽ  നിക്ഷിപ്‌തമായിരിക്കും , എന്നാൽ അത് നിർമിച്ചു  ദീർഘകാല വ്യവസ്ഥയിൽ,   പ്രവർത്തനം നടത്തുന്നത്  ടെൻഡർ പ്രകാരം തെരഞ്ഞെടുക്കപ്പെട്ട കമ്പനിയായിരിക്കും.  രൂപരേഖയിൽ വന്ന ഈ മാറ്റത്തോടെയാണ് വിഴിഞ്ഞത്തിന്റെ തലവര മാറിയത്.  

അടിസ്ഥാനരഹിതമായ അഴിമതി ആരോപണങ്ങൾ 

2015 ൽ  പരിസ്ഥിതി  അനുമതി ഉൾപ്പെടെ  എല്ലാ  അനുമതികളും  വാങ്ങിയെടുത്തശേഷമാണ്,     മുഖ്യമന്ത്രി  ഉമ്മൻചാണ്ടിയുടെയും, അദാനി പോർട്ട് കമ്പനി ചെയർമാൻ ഗൗതം അദാനിയുടെയും  സാന്നിധ്യത്തിൽ   തുറമുഖ വകുപ്പ് സെക്രട്ടറിയായിരുന്ന ജെയിംസ് വർഗീസും,     അദാനി പോർട്ടിൻറ്റെ   സി.ഇ.ഒ  ആയിരുന്ന സന്തോഷ് കുമാർ മഹോപത്രയും     2015  ഓഗസ്റ്റ് 17 ന്   പ്രൗഢഗംഭീരമായ   സെക്രട്ടേറിയറ്റ്  ഡർബാർ ഹാളിൽ വച്ച്  കരാറിൽ ഒപ്പുവച്ചത്.    7525  കോടി രൂപയാണ്   ഈ  പദ്ധതിക്കായി  അന്ന്  കണക്കാക്കിയ  നിർമാണ  ചെലവ്.  .  അതിൽ  2800  കോടി  രൂപയാണ്  അദാനി ഗ്രൂപ്പിൻറ്റെ   മുതൽമുടക്ക്.  വയബിലിറ്റി  ഗാപ് ഫണ്ട് ആയി കേന്ദ്ര സർക്കാർ 800  കോടി രൂപ വാഗ്‌ദാനം  ചെയ്തു.   206.89  ഏക്കർ ഭൂമി  സർക്കാർ ഏറ്റെടുത്തു  നൽകി.  524   കോടി  രൂപയാണ്  ഭൂമി വാങ്ങാൻ  സർക്കാർ  2015  ൽ  ചെലവഴിച്ചത്.  കടൽ  നികത്തി  എടുക്കുന്ന  131 ഏക്കർ  അടക്കം  ഭൂമിയുടെയും   തുറമുഖത്തിൻറ്റെയും   ഉടമസ്ഥാവകാശം  സംസ്ഥാന  സർക്കാരിന്  ആയിരിക്കുമെന്നും  കരാറിൽ  പ്രത്യേകം  എഴുതി ചേർത്ത്  സംസ്ഥാന താത്പര്യം   ഉമ്മൻചാണ്ടി സർക്കാർ  ഉറപ്പിച്ചു.   മത്സ്യ തൊഴിലാളികൾക്കുള്ള പുനരധിവാസ പദ്ധതിയും അംഗീകരിച്ചു നടപ്പാക്കി.  പക്ഷേ,  ഇതൊക്കെ കണ്ടില്ലെന്നു നടിച്ചാണ്  അന്നത്തെ മാർക്സിസ്റ്റ് കമ്മ്യൂണിസ്റ്റ് പാർട്ടി സെക്രട്ടറി  പിണറായി വിജയൻ   6000  കോടി  രൂപയുടെ അഴിമതിയാണ്    ഉമ്മൻചാണ്ടി സർക്കാർ  നടത്തിയതെന്ന് ആരോപിച്ചത്.  

1000   ദിവസം  കൊണ്ട്  പദ്ധതി  പൂർത്തിയാക്കുമെന്ന്  പ്രഖ്യാപിച്ചുകൊണ്ട്  പദ്ധതിയുടെ ഔദ്യോഗിക  ഉദ്‌ഘാടനം നടത്തിയത്  2015 ലെ  കേരളപ്പിറവി  ദിനമായ   നവംബർ  1 ന്    ആയിരുന്നു.  അതനുസരിച്ചു  2019  ഡിസംബറിൽ    പദ്ധതി  പൂർണമായി  പൂർത്തിയാക്കാനാണ്  സർക്കാർ  ഉദ്ദേശിച്ചിരുന്നത്.  എന്നാൽ,  2016  ലെ  തെരഞ്ഞെടുപ്പിൽ  അധികാരത്തിലേറിയ  പിണറായി  വിജയൻറ്റെ  നേതൃത്വത്തിലുള്ള  സർക്കാർ,   പദ്ധതിക്കെതിരെ  അവർ  മുമ്പ് ഉന്നയിച്ച   അഴിമതി  ആരോപണങ്ങളെ ക്കുറിച്ചു  വിജിലൻസ്  അന്വേഷണം നടത്താനാണ്   ഉത്തരവിട്ടത്.    ഒരഴിമതിയും നടന്നിട്ടില്ലെന്ന്   വിജിലൻസ്  അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു .  അടിസ്ഥാനമില്ലാത്ത അഴിമതി ആരോപണത്തിന് തെളിവൊന്നും ലഭിക്കാതായതോടെ,  ഒരു ജുഡീഷ്യൽ അന്വേഷണം നടത്താൻ സർക്കാർ തീരുമാനിച്ചു.       ജസ്റ്റിസ്  രാമചന്ദ്രൻ നായരുടെ  നേതൃത്വത്തിൽ  ജുഡീഷ്യൽ അന്വേഷണ കമ്മീഷനെ വച്ചു.  .   വിശദമായ  അന്വേഷണത്തിനു ശേഷം  വിഴിഞ്ഞം തുറമുഖ പദ്ധതിയിൽ  യാതൊരു വിധ  അഴിമതിയും  നടന്നിട്ടില്ലെന്ന്  അന്വേഷണ  കമ്മീഷൻ  റിപ്പോർട്ട്  നൽകി. പിണറായി സർക്കാർ    ഏർപ്പെടുത്തിയ   എല്ലാ  അന്വേഷണങ്ങളെയും തുറന്ന മനസ്സോടെ നേരിട്ട് അഗ്നിശുദ്ധി വരുത്തി  തൻറ്റെ   നിഷ്കളങ്കതയും, വിശുദ്ധിയും തെളിയിച്ച ശേഷമാണ് ഉമ്മൻ‌ചാണ്ടി  ഈ ലോകത്തോട് വിടപറഞ്ഞത്.  

വിഴിഞ്ഞത്തിന്റെ പ്രത്യേകതകൾ    

75166  കിലോമീറ്റര് തീരപ്രദേശമുള്ള ഇന്ത്യയിൽ  229  തുറമുഖങ്ങളാണുള്ളത്. അവയിൽ മുംബൈയും, കൊച്ചിയുമുൾപ്പെടെ 13  മേജർ തുറമുഖങ്ങൾ നമുക്കുണ്ട്.  എന്നാൽ  അന്തർദേശിയ കപ്പൽ ചാനലിനോട്  അടുത്തുള്ള  ഒരു ട്രാൻസ് ഷിപ്മെന്റ് ഡീപ് പോർട്ട് നമുക്കില്ല. .  അതിനാലാണ് ഇന്ത്യയിലേക്ക്  മദർഷിപ്  വഴിയുള്ള ചരക്കു ഗതാഗതത്തിന്   കൊളംബോ, ദുബായ്,  സലാല, സിങ്കപ്പൂർ  തുടങ്ങിയ   വൻകിട തുറമുഖങ്ങളെ  നമ്മൾ ആശ്രയിക്കുന്നത്. അദാനിയുടെ ഉടമസ്ഥതയിലുള്ള ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തിന് പോലും പ്രകൃതിദത്ത ആഴം 16.5 മീറ്റർ മാത്രമേയുള്ളു.  അന്തർദേശിയ കപ്പൽ പാതയിലേക്ക് വിഴിഞ്ഞത്തുനിന്നും,  ഒരു നോട്ടിക്കൽ മൈൽ മാത്രമേ അകലമുള്ളൂ.  ഇവിടെയാണ് വിഴിഞ്ഞത്തിന്റെ പ്രസക്തി.  ഡ്രെഡ്ജിങ് ഇല്ലാതെതന്നെ വിഴിഞ്ഞം  തുറമുഖത്തിന്   20 മീറ്റർ ആഴമുണ്ട്.  അതിനാൽ ഇന്ന് ലോകത്തുള്ള ഏറ്റവും വലിയ  കണ്ടൈനർ  കപ്പലിനുപോലും  അനായാസേന  വിഴിഞ്ഞത്ത്  എത്തി കണ്ടൈനറുകൾ കയറ്റി ഇറക്കുവാൻ സാധിക്കുന്നു.  ലോകത്തെ ഏറ്റവും വലിയ കണ്ടൈനർ  ആയ MSC Turkiye  എന്ന മദർ ഷിപ് ഏതാനും മാസങ്ങൾക്കു മുമ്പ് വിഴിഞ്ഞത്തുവന്ന്  കണ്ടൈനറുകൾ ഇറക്കിയിരുന്നു.  ഈ കപ്പലിന്റെ TEU (Twenty Foot Equivalent)  24346 ആണ്. അതോടെ ഇക്കാര്യത്തിൽ ചിലർക്കുണ്ടായിരുന്ന ആശങ്കകളും മാറി. 

വിഴിഞ്ഞം പോലൊരു മാതൃ തുറമുഖം(Mother Port)  രാജ്യത്തിനുണ്ടാക്കുന്ന വളർച്ച വളരെ വലുതാണ്.  തലസ്ഥാന ജില്ലക്കാകെ പ്രയോജനകരമാകുന്ന രീതിയിലുള്ള  അടിസ്ഥാന വികസന സൗകര്യങ്ങൾ,  ജില്ലക്കും  സംസ്ഥാനത്തിനും ലഭിക്കും. വലിയ കണ്ടൈനർ  കപ്പലുകൾ വരുന്നതോടെ ഒരു വലിയ വ്യവസായ നഗരമായി തിരുവനന്തപുരം മാറാനാണ് സാധ്യത. തുറമുഖവുമായി ബന്ധപ്പെട്ട അനുബന്ധ വ്യവസായങ്ങൾ  തിരുവനന്തപുരം ജില്ലയുടെ ചരിത്രവും മാറും. ലോജിസ്റ്റിക്സ് മേഖലയിൽ  വലിയ തൊഴിൽ സാധ്യതയും ഉണ്ടാകും.  മറ്റു മേഖലകളിലെപ്പോലെ,   കേരളത്തിന്റെ വിനോദസഞ്ചാര  മേഖലയിലും കാതലായ മാറ്റങ്ങൾ ഉണ്ടാക്കും. ആഡംബര കപ്പലുകൾക്കും  വിഴിഞ്ഞം ഒരു പ്രധാന കേന്ദ്രമായി മാറും.  ഇക്കാര്യത്തെപ്പറ്റി ബോധ്യമുണ്ടായിരുന്നതുകൊണ്ടാണ്  കരാർ ഒപ്പിടീൽ ചടങ്ങിനോടനുബന്ധിച്ച്  VSIL ഇറക്കിയ കൈപ്പുസ്തകത്തിൽ മുഖ്യമന്ത്രി   ഉമ്മൻചാണ്ടി  ഇങ്ങനെ വ്യക്തമാക്കിയത് ." The government's vision for the State's development reaffirmed that Vizhinjam was one of the dream projects that could place Kerala on a course of unprecedented and impressive growth."

 സർക്കാർ തലത്തിൽ ചെയ്യേണ്ട നിർമാണങ്ങൾ   

 ട്രയൽ റൺ കാലത്ത്  ഇവിടെ എത്തിയ മദർ ഷിപ്പുകളിൽ നിന്നും, മറ്റു ചെറു കപ്പലുകളിലേക്കാണ് ചരക്കുകൾ കയറ്റുകയും ഇറക്കുകയും ചെയ്തത്.  എന്നാൽ റോഡ് മാർഗവും, റെയിൽ മാർഗവും കണ്ടൈനറുകൾ  പോകുകയും വരുകയും ചെയ്യുമ്പോഴാണ്  വിഴിഞ്ഞതിന്റെയും സമീപ പ്രദേശങ്ങളുടെയും  വികസനം  ഉണ്ടാകുക.  തുറമുഖത്തിൻറ്റെ  ശരിക്കുള്ള പ്രയോജനം ലഭിക്കാൻ  അത്യാവശ്യം ചെയ്തുതീർക്കേണ്ട  ചില  വികസന പദ്ധതികൾ കൂടി  സമയബന്ധിതമായി പൂർത്തിയാക്കേണ്ടതുണ്ട്.    പദ്ധതിക്ക്  അനുബന്ധമായുള്ള  വിഴിഞ്ഞം-ബാലരാമപുരം  10.7  കി.മി  റെയിൽവേ  ലൈൻ  പൂർത്തീകരിക്കുകയെന്നതാണ് ഏറ്റവും പ്രധാനമായിട്ടുള്ളത്.  ഇക്കാര്യത്തിൽ സർക്കാരിന്റെ ഭാഗത്തുനിന്നും ആത്മാർഥമായ ഒരു ശ്രമവും ഇതുവരെ നടത്തിയിട്ടില്ല.  2015 ൽ റെയിൽവേ വികാസ് നിഗം ലിമിറ്റഡ് തയ്യാറാക്കിയ കരട്‌  DPR ഉപേക്ഷിക്കുകയും, പകരം  കൊങ്കൺ റയിൽവേയെ കൊണ്ട് പുതിയ DPR തയ്യാറാക്കി എന്ന വ്യത്യാസം മാത്രമേ ഉണ്ടായുള്ളൂ.  അതിനപ്പുറത്തേക്ക് പോയിട്ടില്ല. ചുരുക്കത്തിൽ റെയിൽവേ ലൈൻ വരണമെങ്കിൽ ഇനിയും വർഷങ്ങൾ കാത്തിരിക്കേണ്ടിവരും.  അദാനിയുമായുള്ള എഗ്രിമെന്റ് അനുസരിച്ചു  2021 ൽ റെയിൽവെ   കണക്റ്റിവിറ്റി  പൂർത്തീകരിക്കേണ്ടതായിരുന്നു.

 അതുപോലെ  2017  ൽ  സംസ്ഥാന സർക്കാർ പൂർത്തീകരിക്കേണ്ട  വിഴിഞ്ഞം-ബാലരാമപുരം റോഡ് നിർമാണം, ഇതുവരെയും തുടങ്ങിയിട്ടില്ല.  ഇതിനാവശ്യമായ സ്ഥലം 2016 നു മുമ്പ് തന്നെ ഏറ്റെടുത്തിരുന്നതാണ്. വിഴിഞ്ഞവുമായി ബന്ധപ്പെട്ടുള്ള റിംഗ് റോഡ്  പദ്ധതിയുടേയും   നിർമാണം  ഇതുവരെ   ആരംഭിച്ചിട്ടില്ല.  മറ്റൊന്ന് കഴക്കൂട്ടം-കാരോട് ബൈ പാസ്സ്‌ റോഡിൻറ്റെ  നിർമാണമാണ്. പലവിധ സാങ്കേതിക പ്രശ്നങ്ങളിൽപെട്ട്   ഇതിൻറ്റെ  നിർമ്മാണവും  ഇതുവരെ പൂർത്തിയായിട്ടില്ല.

വിഴിഞ്ഞത്തിന്  ലഭിച്ച പരിസ്ഥി അനുമതി നിബന്ധന പ്രകാരം  സംസ്ഥാന സർക്കാർ പദ്ധതിപ്രദേശത്ത്  ഒരു  മത്സ്യബന്ധന തുറമുഖവും, സീ ഫുഡ് പാർക്കും നിർമിക്കണം. ഈ നിർമാണ പദ്ധതികളും ഇതുവരെ ആരംഭിച്ചിട്ടില്ല.മേല്പറഞ്ഞ  പ്രധാനപ്പെട്ട  നിർമാണ പ്രവർത്തികൾ പൂർത്തിയായാൽ മാത്രമേ വികസനത്തിന്റെ ഗുണഫലം അനുഭവവേദ്യമാകുകയുള്ളു. അതിനുള്ള ശ്രമമാണ് ഇനി സർക്കാർ തലത്തിൽ ചെയ്യേണ്ടത്.

അഡ്വ. പി.എസ് .ശ്രീകുമാർ 

(ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോൾ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു)



Monday, 28 April 2025

               വിഴിഞ്ഞം:  നന്ദി പറയേണ്ടത് ഉമ്മൻചാണ്ടിയോട് 


മേയ്  2 ന്   വിഴിഞ്ഞം തുറമുഖം യാഥാർഥ്യമാകുമ്പോൾ  കേരളം നന്ദിപറയേണ്ടത്  ആരോടാണ്? വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിലൂടെ   തിരുവനന്തപുരത്തിൻറ്റെയും, കേരളത്തിന്റെയും  മുഖച്ഛായ മാറ്റുന്ന വികസനം യാഥാർഥ്യമാക്കിയ  മൺമറഞ്ഞ  ജനപ്രിയ നേതാവും, മുൻ മുഖ്യമന്ത്രിയുമായ  ഉമ്മൻചാണ്ടിയോടോ, അതോ ഈ പദ്ധതി മുഴുവൻ അഴിമതിയാണെന്നും, അതുകൊണ്ട്  പദ്ധതിയുമായി മുന്നോട്ടു പോകരുതെന്ന് പറഞ്ഞ  അന്നത്തെ സി.പി.എം സെക്രട്ടറിയും ഇന്നത്തെ മുഖ്യമന്ത്രിയുമായ പിണറായി വിജയനോടോ?


വിഴിഞ്ഞം തുറമുഖത്ത്  കൂറ്റൻ ക്രെയിനുകളുമായി  എത്തിയ  ആദ്യ  കണ്ടൈനർ  കപ്പലിന്  സ്വീകരണമൊരുക്കികൊണ്ട്   പിണറായി സർക്കാർ  ചടങ്ങു്   സംഘടിപ്പിച്ച,  2024   ഒക്ടോബർ  13 ന്  ഇറങ്ങിയ "ദേശാഭിമാനി " പത്രം  നൽകിയ തലക്കെട്ട്  രസകരമാണ്.


  "തെളിഞ്ഞത്  സർക്കാരിൻറ്റെ  ഇച്ഛാശക്തി" എന്നാണ്.  "വിഴിഞ്ഞം  അന്താരാഷ്ട്ര തുറമുഖത്തു  പടുകൂറ്റൻ  കപ്പൽ  നങ്കൂരമിട്ടതോടെ  തെളിഞ്ഞത്   എൽ.ഡി.എഫ്  സർക്കാരിന്റെ  ഇച്ഛാശക്തി.  മലയാളിയുടെ  ദീർഘകാല  സ്വപ്നമായിരുന്നു  ആഴവും  അനുകൂല സാഹചര്യവുമുള്ള  വിഴിഞ്ഞം  തീരം  ഉപയോഗപ്പെടുത്തുകയെന്നത്.  പ്രതികൂല ഘടകങ്ങൾ  തരണം ചെയ്‌ത്‌   പൂർത്തീകരണത്തിലേക്കു  അടുക്കുമ്പോൾ  സർക്കാരിനും  മലയാളിസമൂഹത്തിനും  അഭിമാനിക്കാം.  കഴിഞ്ഞ  ഏഴര വർഷമായി  പദ്ധതിയുടെ  ഓരോ  ഘട്ടത്തിലും  ശ്രദ്ധപതിപ്പിച്ചു  ലക്ഷ്യത്തിലേക്കു  അടുക്കുകയായിരുന്നു.  വികസന, വ്യാപാര,  തൊഴിൽ  മേഖലകളിൽ വലിയ  നേട്ടമുണ്ടാക്കുന്നതാണ്  പദ്ധതി. അതിവേഗം എത്തുന്നതിന്റെ  ആദ്യപടിയായിട്ടാണ്  ചൈനീസ് കപ്പൽ അടുത്തതും പടുകൂറ്റൻ  ക്രെയിനുകൾ  ഇറങ്ങുന്നതും."   

 ഇങ്ങനെ    ഊറ്റം  കൊണ്ട   ദേശാഭിമാനി ,  ഈ  പദ്ധതിക്കായി   ഉമ്മൻചാണ്ടി  സർക്കാരിന്റെ  പ്രതിനിധിയും ,   അദാനി പോർട്ടിൻറ്റെ  പ്രതിനിധിയും  2015  ഓഗസ്റ്റ് 17 ന്   പ്രൗഢഗംഭീരമായ   സെക്രട്ടേറിയറ്റ്  ഡർബാർ ഹാളിൽ വച്ച് ഒപ്പിട്ടപ്പോൾ  വെണ്ടയ്ക്ക  അക്ഷരത്തിൽ  നിരത്തിയ  ഹെഡിങ് " കടൽക്കൊള്ള "  എന്നായിരുന്നു.   7525  കോടി രൂപയാണ്   ഈ  പദ്ധതിക്കായി  അന്ന്  കണക്കാക്കിയ  നിർമാണ  ചെലവ്.  അതിൽ  2800  കോടി  രൂപയാണ്  അദാനി ഗ്രൂപ്പിൻറ്റെ   മുതൽമുടക്ക്.  206.89  ഏക്കർ ഭൂമി  സർക്കാർ ഏറ്റെടുത്തു  നൽകി.  524   കോടി  രൂപയാണ്  ഭൂമി വാങ്ങാൻ  സർക്കാർ  2015  ൽ  ചെലവഴിച്ചത്.  കടൽ  നികത്തി  എടുക്കുന്ന  131 ഏക്കർ  അടക്കം  ഭൂമിയുടെയും   തുറമുഖത്തിൻറ്റെയും   ഉടമസ്ഥാവകാശം  സംസ്ഥാന  സർക്കാരിന്  ആയിരിക്കുമെന്നും  കരാറിൽ  പ്രത്യേകം  എഴുതി ചേർത്ത്  സംസ്ഥാന താത്പര്യം   ഉമ്മൻചാണ്ടി സർക്കാർ  ഉറപ്പിച്ചു.  പക്ഷേ,  ഇതൊക്കെ കണ്ടില്ലെന്നു നടിച്ചാണ്  അന്നത്തെ മാർക്സിസ്റ്റ് കമ്മ്യൂണിസ്റ്റ് പാർട്ടി സെക്രട്ടറി  പിണറായി വിജയൻ   6000  കോടി  രൂപയുടെ അഴിമതിയാണ്  വിഴിഞ്ഞം പോർട്ടിൻറ്റെ   പേരിൽ  ഉമ്മൻചാണ്ടി സർക്കാർ  നടത്തിയതെന്ന് ആരോപിച്ചത്.     മറവിരോഗം    ബാധിച്ച  ദേശാഭിമാനിയും, സി.പി.എം നേതാക്കളും   ഇതൊക്കെ    മറന്നുകാണുമായിരിക്കും.    എന്നാൽ  കേരളത്തിലെ  ജനങ്ങൾ  ഇതൊന്നും  മറന്നിട്ടില്ല.   

അഴിമതി  ആരോപണം  ഉന്നയിക്കപ്പെട്ടപ്പോൾ  മുഖ്യമന്ത്രി  ഉമ്മൻചാണ്ടി  പറഞ്ഞത്,  വിവാദങ്ങളിൽ  കുടുങ്ങി  കേരളത്തിന്  ഇനി  ഒരു  വികസന  പദ്ധതിയും  നഷ്ടപ്പെടാൻ   പാടില്ലെന്നത്  യു,ഡി.എഫ്.  സർക്കാരിന്റെ  പ്രഖ്യാപിത നയമാണ്  എന്നാണ്. പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടിയായി   ഇക്കാര്യം  അദ്ദേഹം  നിയമസഭയിൽ   തറപ്പിച്ചു പറയുകയും ചെയ്തു.  ഈ നയത്തിന്റെ  സാക്ഷാത്കാരമാണ്    2025  മെയ് 2 ന്  വിഴിഞ്ഞതു നടക്കുന്നത്.   അന്താരാഷ്ട്ര  തുറമുഖ  പദ്ധതിയിലൂടെ  ഒരു  സമൂഹത്തിന്റെ  സ്വപ്നം   യാഥാർഥ്യമാകുന്നതിനൊപ്പം  സംസ്ഥാനത്തിന്റെ  വളർച്ചയുമാണ്  സർക്കാർ  വിഭാവന  ചെയ്തത്.  ഭൂമിയുടെ  ഉടമസ്ഥാവകാശം  പൂർണമായും സംസ്ഥാന  സർക്കാരിൽ  നിലനിർത്തി  പദ്ധതി  നടപ്പാക്കാൻ  കഴിയുന്നുവെന്നതും  പ്രധാന  നേട്ടങ്ങളിൽ   പെടുന്നു.  സ്വകാര്യ  പങ്കാളിക്ക്  തുറമുഖ  നിർമാണ  നടത്തിപ്പിനുള്ള  ലൈസൻസ്  മാത്രമാണുള്ളത്.  ഏഴാം  വര്ഷം  മുതൽ  സർക്കാരിന്  തുറമുഖേതര  പ്രവർത്തനങ്ങളിൽനിന്നും  10 ശതമാനം  വരുമാനവിഹിതം  കിട്ടിത്തുടങ്ങും.  പതിനഞ്ചാം  വര്ഷം  മുതൽ  ഓരോ  കൊല്ലവും  തുറമുഖ  നടത്തിപ്പിൽ  നിന്നുള്ള  മൊത്തം  വരുമാനത്തിന്റെ  ഒരു  ശതമാനം, രണ്ട്  ശതമാനം, മൂന്ന്   ശതമാനം  എന്നീ  ക്രമത്തിൽ  40   ശതമാനം  വരെ  റവന്യൂ  വിഹിതം  ലഭിക്കും.  സംസ്ഥാനത്തിന്റെ  ഭൂമി  കൈകാര്യം  ചെയ്യുന്നതിലും,  ലാഭം  നിശ്ചയിക്കുന്നതിലും  വളരെ  കരുതലോടെയാണ്  സർക്കാർ  പ്രവർത്തിച്ചത്.

1000   ദിവസം  കൊണ്ട്  പദ്ധതി  പൂർത്തിയാക്കുമെന്ന്  പ്രഖ്യാപിച്ചുകൊണ്ട്  പദ്ധതിയുടെ ഔദ്യോഗിക  ഉദ്‌ഘാടനം നടത്തിയത്  2015 ലെ  കേരളപ്പിറവി  ദിനമായ   നവംബർ  1 ന്    ആയിരുന്നു.  അതനുസരിച്ചു  2019  ഡിസംബറിൽ    പദ്ധതി  പൂർണമായി  പൂർത്തിയാക്കാനാണ്  സർക്കാർ  ഉദ്ദേശിച്ചിരുന്നത്.  എന്നാൽ,  2016  ലെ  തെരഞ്ഞെടുപ്പിൽ  അധികാരത്തിലേറിയ  പിണറായി  സർക്കാർ,   പദ്ധതിക്കെതിരെ  അവർ  മുമ്പ് ഉന്നയിച്ച   അഴിമതി  ആരോപണങ്ങളെ ക്കുറിച്ചു  വിജിലൻസ്  അന്വേഷണം നടത്താനാണ്   ഉത്തരവിട്ടത്.    ഒരഴിമതിയും നടന്നിട്ടില്ലെന്ന്   വിജിലൻസ്  അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചപ്പോൾ വെട്ടിലായത് പിണറായിയും, സി.പി.എം  നേതാക്കളുമായിരുന്നു.  അടിസ്ഥാനമില്ലാത്ത അഴിമതി ആരോപണത്തിന് തെളിവൊന്നും ലഭിക്കാതായതോടെ,  ഒരു ജുഡീഷ്യൽ അന്വേഷണം നടത്താൻ സർക്കാർ തീരുമാനിച്ചു.       ജസ്റ്റിസ്  രാമചന്ദ്രൻ നായരുടെ  നേതൃത്വത്തിൽ  ജുഡീഷ്യൽ അന്വേഷണ കമ്മീഷനെ വച്ച്  വിഴിഞ്ഞം തുറമുഖത്തിൻറ്റെ   ശിൽപ്പിയായ  ഉമ്മൻചാണ്ടിയെയും,  തുറമുഖ വകുപ്പ്  മന്ത്രിയായിരുന്ന കെ. ബാബുവിനെയും, ഉദ്യോഗസ്ഥന്മാരെയും   കുടുക്കാൻ സാധിക്കുമോ എന്നാണ്  സർക്കാർ  ശ്രമിച്ചതു.   വിശദമായ  അന്വേഷണത്തിനു ശേഷം  വിഴിഞ്ഞം തുറമുഖ പദ്ധതിയിൽ  യാതൊരു വിധ  അഴിമതിയും  നടന്നിട്ടില്ലെന്ന്  അന്വേഷണ  കമ്മീഷൻ  റിപ്പോർട്ട്  നൽകി. പിണറായി സർക്കാരിന്റെ  ദുഷ്ടലാക്കോടെയുള്ള  എല്ലാ  അന്വേഷണങ്ങളെയും തുറന്ന മനസ്സോടെ നേരിട്ട് അഗ്നിശുദ്ധി വരുത്തി  തൻറ്റെ   നിഷ്കളങ്കതയും, വിശുദ്ധിയും തെളിയിച്ച ശേഷമാണ് ഉമ്മൻ‌ചാണ്ടി  ഈ ലോകത്തോട് വിടപറഞ്ഞത്.     വിഴിഞ്ഞം  പദ്ധതി  അഞ്ചു വർഷം  വൈകിയതിന്റെ കാരണം    ഉമ്മൻചാണ്ടി സർക്കാരിനെ ഏതെങ്കിലും രീതിയിൽ കുടുക്കുവാനുള്ള  വൃധാ  ശ്രമങ്ങളുമായിരുന്നു. .  സംസ്ഥാന താല്പര്യം  ബലികഴിച്ചും   പാർട്ടി  താല്പര്യങ്ങൾ  സംരക്ഷിക്കുന്ന  എൽ ഡി എഫ്  സർക്കാരിന്റെ  ഇടുങ്ങിയ  മനസ്ഥിതിയാണ്  ഇതിന്റെയൊക്കെ  പിറകിൽ  ഉണ്ടായിരുന്നത്.  

2015 ൽ  പരിസ്ഥിതി  അനുമതി ഉൾപ്പെടെ  എല്ലാ  അനുമതികളും  വാങ്ങിയെടുക്കുകയും,, സ്ഥലമെടുപ്പ്  പൂർത്തിയാക്കുകയും,  പുനരധിവാസ പാക്കേജ്  നടപ്പാക്കുകയും ചെയ്ത്  പണി തുടങ്ങിയ  ശേഷമാണ്  ഉമ്മൻചാണ്ടി  സർക്കാർ  അധികാരം ഒഴിഞ്ഞത്.  2019 ൽ നിർമാണം  പൂർത്തിയാക്കാൻ വേണ്ടി  എല്ലാ  നടപടികളും  അന്ന്  എടുത്തു.  പിടിപ്പുകേട്  മാത്രം  കൈമുതലായുള്ള  പിണറായി   സർക്കാരിന്  സമയബന്ധിതമായി  പദ്ധതിയുമായി  മുന്നോട്ടുപോകാൻ  സാധിച്ചിട്ടില്ല.  ഈ  പദ്ധതിക്ക്  അനുബന്ധമായുള്ള  വിഴിഞ്ഞം-ബാലരാമപുരം  12 കി.മി  റെയിൽവേ  ലൈനിനും,  വിഴിഞ്ഞവുമായി ബന്ധപ്പെട്ടുള്ള റിംഗ് റോഡ്  പദ്ധതിയുടേയും   നിർമാണം  ഇതുവരെ   ആരംഭിക്കാൻ  പോലും  ഇത്രയും വർഷങ്ങൾ കഴിഞ്ഞിട്ടും  പിണറായി  സർക്കാരിന്  സാധിച്ചിട്ടില്ല.   വിഴിഞ്ഞം പദ്ധതിയെ  ഭ്രുണവസ്ഥയിൽ അലസിപ്പിക്കാൻ ശ്രമിച്ചു പരാജയപ്പെട്ട ശേഷമാണ്  ഇന്ന് പദ്ധതിയുടെ നേട്ടം കൊയ്യാൻ   പി.ആർ. ഏജൻസികളെ ഉപയോഗിച്ച് പ്രചാരണ പ്രവർത്തനങ്ങളുമായി  പിണറായി സർക്കാർ ഇറങ്ങിയിരിക്കുന്നത്.   നെല്ലും പതിരും തിരിച്ചറിയാനുള്ള   ബുദ്ധിശക്തി  കേരളത്തിലെ പ്രബുദ്ധരായ ജനങ്ങൾക്കുണ്ടെന്ന യാഥാർഥ്യം പിണറായി സർക്കാർ ഓർക്കണം.

അഡ്വ. പി.എസ് ,ശ്രീകുമാർ 

Thursday, 6 March 2025

    


ആശ വർക്കർമാർക്ക്  ആദ്യമായി വേതനം നൽകിയത് ഉമ്മൻചാണ്ടി സർക്കാർ

അഡ്വ.പി.എസ് .ശ്രീകുമാർ 

 

സർക്കാർ നൽകുന്ന ഓണറേറിയം 21000 രൂപയായി വർധിപ്പിക്കുക, വിരമിക്കൽ ആനുകൂല്യമായി  അഞ്ചു ലക്ഷം രൂപ നൽകുക, പെൻഷൻ അനുവദിക്കുക  എന്നീ പ്രധാനവും, ന്യായവുമായ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് ആശ വർക്കർമാർ  (Acceredited Social and Health  Activist)   കഴിഞ്ഞ   മൂന്നാഴ്ചയായി  സമരത്തിൽ ഏർപ്പെട്ടിരിക്കുന്നത്.   അവർ സമരം ആരംഭിച്ച ദിവസം മുതൽ അവരെയും, അവർ ഉന്നയിച്ച ന്യായമായ ആവശ്യങ്ങളെയും  തള്ളിപ്പറയാനും, ആശാ  വർക്കർമാരെ  അധിക്ഷേപിക്കുവാനുമാണ്  സി.പി.എം നേതാക്കളും, അവരുടെ ട്രേഡ് യൂണിയനായ സി.ഐ.ടി.യു വിൻറ്റെ  നേതാക്കളും ശ്രമിക്കുന്നത്.  സി.ഐ.ടി.യു  പ്രസിഡണ്ടായ എളമരം കരീം സമരം ചെയ്യുന്ന ആശ വർക്കർ മാരെ  കൃമികളായിട്ടാണ്  ഉപമിച്ചത്.  ഇവരുടെ മറ്റൊരു സംസ്ഥാന നേതാവ്  ലൈംഗികച്ചുവയോടെ  അവരെ അപമാനിച്ചു സംസാരിച്ചു. തൊഴിലാളികളുടെ പേരിൽ നിലകൊള്ളുന്നു  എന്ന്  അവകാശപ്പെടുന്ന  ഒരു പ്രസ്ഥാനത്തിന് ഈ രീതിയിൽ   പ്രതികരിക്കാൻ   എങ്ങിനെ സാധിക്കുന്നു? സമൂഹത്തിനു വേണ്ടി ഇവർ നടത്തുന്ന പ്രവർത്തനങ്ങളെ   തൊഴിലാളി വിരുദ്ധത  കൈമുതലായ ഒരു സർക്കാരിന് മാത്രമേ തള്ളിപ്പറയുവാൻ സാധിക്കുകയുള്ളു. 

2005 ൽ  മൻമോഹൻ സിംഗിന്റെ  നേതൃത്വത്തിലുള്ള  കേന്ദ്ര സർക്കാർ  നാഷണൽ റൂറൽ  ഹെൽത്ത് മിഷൻ  രൂപീകരിച്ചപ്പോൾ, ജനങ്ങളും, പൊതുജനാരോഗ്യ വിഭാഗവുമായി ഒരു ബന്ധം ഉണ്ടാക്കുന്നതിനായാണ്  ആശ വർക്കർമാരെ  ഗ്രാമീണ മേഖലയിലെ ആരോഗ്യ പ്രവർത്തനങ്ങൾക്കായി  നിയമിച്ചത്. ഇന്ന് രാജ്യത്ത്  10 ലക്ഷത്തോളം ആശ വർക്കർമാരാണ് വിവിധ സംസ്ഥാനങ്ങളിൽ ജോലിചെയ്യുന്നത്.  അതാതു പ്രദേശത്തെ ജനന - മരണ കണക്കുകൾ എടുക്കുക, പകർച്ചവ്യാധികൾ ഉണ്ടാകാതിരിക്കാനുള്ള നടപടികൾ എടുക്കുക, അമ്മമാരുടെയും, കുഞ്ഞുങ്ങളുടേയും  ആരോഗ്യ സംരക്ഷണം ഉറപ്പുവരുത്തുക, പരിസര ശുചീകരണം ഉറപ്പുവരുത്തുക തുടങ്ങിയവയായിരുന്നു  അവരുടെ ചുമതലകൾ. ആദ്യ കാലഘട്ടത്തിൽ  ദിവസം രണ്ടോ മൂന്നോ മണിക്കൂർ മാത്രമായിരുന്നു  അവർക്കു ജോലി ഉണ്ടായിരുന്നത്. അതിനായി അവർക്കു ഓണറേറിയം ആണ് നൽകിയിരുന്നത്.കേരളത്തിൽ അന്ന് വി.എസ് .അച്യുതാനന്ദൻറ്റെ  നേതൃത്വത്തിലുള്ള  ഇടതുപക്ഷ സർക്കാരായിരുന്നു അധികാരത്തിലിരുന്നത്.  2007 ലാണ് കേരളത്തിൽ  ആശ വർക്കർമാരെ നിയമിക്കാൻ തീരുമാനിച്ചത്. അതനുസരിച്ചു  എല്ലായിടത്തും  അവരെ നിയമിച്ചെങ്കിലും, സർക്കാർ അവർക്ക്  ഓണറേറിയം നൽകാമെന്ന് പറഞ്ഞതല്ലാതെ ഒന്നും നൽകിയില്ല. 2007 മുതൽ 2011 വരെയുള്ള കാലഘട്ടത്തിൽ ഓണറേറിയമായി ഒരു രൂപ പോലും അച്യുതാനന്ദൻ സർക്കാർ നൽകിയില്ല.  എന്നാൽ   ആ സർക്കാരിന്റെ 2011  -  2012 ലെ അവസാനത്തെ  ബജറ്റിൽ  300 രൂപ നൽകുമെന്ന് പ്രഖ്യാപിച്ചു. സർക്കാർ അധികാരത്തിൽ നിന്നും പോകുന്നതുവരെയും  പ്രഖ്യാപനം ബജറ്റ് പേപ്പറിൽ മാത്രമായി അവശേഷിച്ചു. എന്നാൽ തുടർന്ന് 2011  മേയിൽ  അധികാരത്തിലേറിയ ഉമ്മൻചാണ്ടി സർക്കാർ, മുൻ സർക്കാർ  പ്രഖ്യാപിച്ച  300 രൂപ 500  രൂപയായി വർധിപ്പിക്കുകയും അത് വിതരണം ചെയ്യുകയും ചെയ്തു. ആ സർക്കാരിന്റെ കാലയളവിൽ ഓരോ വർഷവും തുക കാലാനുസൃതമായി വർധിപ്പിക്കുകയും,   സർക്കാർ  2016 ൽ അധികാരത്തിനു പുറത്തു പോയ സമയത്തു ഓണറേറിയം 1000  രൂപയായി നൽകുകയും ചെയ്തു.  മാത്രമല്ല, രാജ്യത്തു  ആദ്യമായി  ആശ  വർക്കർമാർക്ക്  ഒരു ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷയും ഉമ്മൻചാണ്ടി സർക്കാർ   2015  ജൂലൈ മാസത്തിൽ നടപ്പിലാക്കി.  കോവിഡ്    കാലത്തു  കേരളത്തിലെ ആശ വർക്കർമാർക്ക്  അധിക ജോലി ഭാരമാണ് സംസ്ഥാന സർക്കാർ നൽകിയത്.  സ്വന്തം ജീവൻ  പോലും അനിശ്ചിതത്വത്തിലാക്കിയാണ്  ആ കാലയളവിൽ ഇവർ സംസ്ഥാനത്തു പതിനഞ്ചും, പതിനാറും മണിക്കൂറുകൾ ജോലിചെയ്താണ്  ജനസേവനം നടത്തിയത്.  അതിന്റെ ക്രെഡിറ്റ് മുഴുവൻ അവകാശപ്പെട്ട്  പരസ്യപ്രചാരണം നടത്തിയത്  അന്നത്തെ  ആരോഗ്യമന്ത്രി ശൈലജ ടീച്ചറും, പിണറായിയുമായിരുന്നു.    നിലവിൽ 26116 പേരാണ് ആശ വർക്കർമാരായി കേരളത്തിലുള്ളത്. ഇന്ന് ആശ വർക്കർമാരെ  അധിക്ഷേപിച്ചു സംസാരിക്കുന്ന എളമരം കരീം, 2014  ഡിസംബർ 8 ന്  അവരുടെ വേതനം 10000  രൂപയായി വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നിയമസഭയിൽ  സബ്‌മിഷൻ  നടത്തിയ കാര്യം  അദ്ദേഹം  മറന്നുപോയി കാണില്ലെന്ന് വിശ്വസിക്കുന്നു.

ആശാവർക്കർമാരുടെ  വേതനം 21000  രൂപയായി വർധിപ്പിക്കുമെന്ന്  തെരഞ്ഞെടുപ്പ് സമയത്തിറക്കിയ  ഇടതുമുന്നണിയുടെ പ്രകടനപത്രികയിൽ വാഗ്‌ദാനം  നൽകിയാണ്  പിണറായി  സർക്കാർ അധികാരത്തിലേറിയത്. മാത്രമല്ല, ഈ ആവശ്യമുന്നയിച്ചുകൊണ്ട്  സി  ഐ ടി  യു വിന്  സംഘടനാ  സാന്നിധ്യമുള്ള  ബംഗാൾ, ബീഹാർ, ഡൽഹി, രാജസ്ഥാൻ, മഹാരാഷ്ട്ര ,ആന്ധ്ര, തെലുങ്കാന, കർണാടകം, തമിഴ്നാട്, കർണാടകം എന്നീ സംസ്ഥാനങ്ങളിൽ ഇവർ പ്രക്ഷോഭം നടത്തി.  എന്നാൽ തൊഴിലാളി സർക്കാർ എന്ന് അവകാശപ്പെടുന്ന  പിണറായി  ഭരിക്കുന്ന കേരളത്തിൽ  വേതന വർദ്ധനവ് എന്ന ആവശ്യം ഉന്നയിച്ചു സമരം നടത്തുന്നതിന് പകരം,  അവർ തന്നെ ഉന്നയിച്ച ആവശ്യത്തിന് വേണ്ടി സമരം നടത്തുന്ന ആശ വര്ക്കര്മാരുടെ സമരത്തെ പരാജയപ്പെടുത്താനാണ്  സി.ഐ.ടി.യൂ  ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

ഇവർ കണ്ടില്ലെന്നു നടിക്കുന്ന ഒരു കാര്യം,  സിക്കിം,ആന്ധ്ര പ്രദേശ്,  സർക്കാരുകൾ  ആശ വര്ക്കര്മാര്ക്ക്  പ്രതിമാസം 10000  രൂപ വച്ച് നല്കുന്നുണ്ടെന്നുള്ളതാണ്. ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തിൽ കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്തു നൽകിയ വാഗ്‌ദാനമാണ്  അവിടെ നടപ്പിലാക്കിയത്.  മാത്രമല്ല ആശ വര്ക്കര്മാര്ക്ക്  180  ദിവസത്തെ പ്രസവാവധിയും, ഒന്നര ലക്ഷം രൂപ ഗ്രാറ്റുവിറ്റി യും സർക്കാർ  പ്രഖ്യാപിച്ചു. എന്നാൽ  ഈ ആവശ്യം ഉന്നയിച്ചു പ്രതിപക്ഷ അംഗങ്ങൾ  കേരളം നിയമസഭയുടെ നടപ്പു സമ്മേളനത്തിൽ  അടിയന്തിര പ്രമേയം ഉന്നയിച്ചപ്പോൾ, സിക്കിം സർക്കാർ 10000  രൂപ മാസവേതനം നല്കുന്നില്ലെന്നാണ് ആരോഗ്യ മന്ത്രി വീണ ജോർജ് അറിയിച്ചത്. സിക്കിം സർക്കാർ 2022  മുതൽ വേതനം വർധിപ്പിച്ചതിന്റെ ഉത്തരവ് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ  പുറത്തു വിടുകയും ആരോഗ്യ മന്ത്രി സഭയെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്ന്  വ്യക്തമാക്കുകയും ചെയ്തു.  അതുപോലെ കേന്ദ്ര സർക്കാരിന്റെ വിഹിതം ഇതുവരെ നൽകിയിട്ടില്ലെന്നും  അതുകൊണ്ടാണ് കുടിശ്ശികയുണ്ടായതെന്നും ആരോഗ്യ മന്ത്രി നിയമസഭയിൽ പറഞ്ഞു. എന്നാൽ 2025 ഫെബ്രുവരി 7 നു എൻ.കെ. പ്രേമചന്ദ്രൻ ലോക്‌സഭയിൽ  ഉന്നയിച്ച  ഒരു ചോദ്യത്തിന് മറുപടിയായി 2023 -24 ൽ 189.15 കോടി രൂപയും, 2024 -25 ൽ 815.73 കോടി രൂപയും  അനുവദിച്ചു നൽകിയെന്ന്  കേന്ദ്ര ആരോഗ്യ വകുപ്പ് സഹമന്ത്രി പ്രതാപ്  റാവു   ജാദവ് മറുപടി നൽകി.  അനുവദിച്ച തുക കേന്ദ്ര വിഹിതം മാത്രമാണെന്നും, സംസ്ഥാന വിഹിതം    ഉൾപ്പെട്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അദ്ദേഹം മറ്റൊരു കാര്യം കൂടി വ്യക്തമാക്കി, 2023  -24 ൽ കേന്ദ്ര വിഹിതം കുടിശ്ശികയായതിനു കാരണം  കേന്ദ്രം പറഞ്ഞ  മാർഗനിർദേശങ്ങൾ  നടപ്പാക്കുവാൻ സംസ്ഥാന സർക്കാർ വിസമ്മതിച്ചതുകൊണ്ടാണെന്നും, 2024 ജൂൺ 26 ന്  എല്ലാ മാർഗ നിർദേശങ്ങളും നടപ്പിലാമെന്നു കാണിച്ചു സംസ്ഥാന  സർക്കാർ അറിയിച്ചതിനെ തുടർന്നാണ് കുടിശ്ശിക  അനുവദിച്ചതെന്നും  അദ്ദേഹം അറിയിച്ചു.  

 സമരം പൊളിക്കാനുള്ള സർക്കാരിന്റെയും  സി.പി.എം നേതാക്കളുടെയും  കള്ള പ്രചാരണം ഉപേക്ഷിച്ച്  ആശ വർക്കർമാർ ഉന്നയിച്ചിട്ടുള്ള ന്യായമായ ആവശ്യങ്ങൾ  സംബന്ധിച്ച് അവരുമായി ചർച്ചചെയ്ത്  എത്രയും വേഗം പരിഹാരം കണ്ടെത്താൻ തയ്യാറാക്കുകയാണ് വേണ്ടത്.







Thursday, 20 February 2025

 


               

                                     സ്റ്റാർട്ട് അപ്പ് ഇക്കോ സിസ്റ്റവും കേരളവും 

അഡ്വ.പി.എസ് .ശ്രീകുമാർ  

 കേരള സംസ്ഥാനം  രൂപീകരിക്കുന്ന അവസരത്തിൽ  ഇന്ത്യയിലെ ചെറിയ സംസ്ഥാനങ്ങളിലൊന്നായിരുന്നു നമ്മുടെ കേരളം. വ്യവസായവല്ക്കരണത്തിന് ആവശ്യമായ ഇരുമ്പുരുക്ക്കല്‍ക്കരി തുടങ്ങിയ പ്രകൃതിവിഭവങ്ങളൊന്നും ഉല്പാദിപ്പിക്കുന്നില്ലെങ്കിലും,  മാനവ ശേഷി  വികസനരംഗത്ത്  വികസിത രാജ്യങ്ങള്‍ക്കൊപ്പം എത്തി നില്ക്കുന്ന കാഴ്ച സാമ്പത്തിക-സാമൂഹ്യ ശാസ്ത്രഞ്ജരെപ്പോലും അത്ഭുതപ്പെടുത്തി.  സാമൂഹ്യ-വിദ്യാഭ്യാസ-ആരോഗ്യ  മേഖലകളിൽ  സ്വാതന്ത്ര്യത്തിന്  മുമ്പ് തന്നെ  നേട്ടം കൈവരിച്ച  കേരളത്തിന്‍റെ വികസനത്തെ നോബല്‍ സമ്മാന  ജേതാവായ അമര്‍ത്യാസെന്‍ വളരെയധികം പ്രശംസിച്ചിട്ടുണ്ട്. കേരളത്തിന്‍റെ ജനസംഖ്യയുടെ തോതുവച്ചുനോക്കുമ്പോള്‍ കേരളം വികസനരംഗത്ത് കൈവരിച്ച നേട്ടങ്ങള്‍ ലോകചരിത്രത്തില്‍ തന്നെ കുറച്ചുകാണേണ്ടതല്ലെന്ന് അമര്‍ത്യാസെന്‍  അദ്ദേഹത്തിന്റെ പല പഠനങ്ങളിലും  രേഖപ്പെടുത്തിയിട്ടുണ്ട്. മാത്രമല്ലആരോഗ്യ-വിദ്യാഭ്യാസ-സാമൂഹിക രംഗങ്ങളിലെ കേരളത്തിന്‍റെ നേട്ടങ്ങള്‍ യൂറോപ്പിലെ ഏതു വികസിത രാജ്യത്തിനുമൊപ്പം നില്ക്കുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ, വ്യാവസായിക രംഗത്തുള്ള നമ്മുടെ പ്രകടനം  ആശാവഹമായിരുന്നോ? പത്തൊമ്പതാം നൂറ്റാണ്ടിൽ  ലോകത്തെ ഏറ്റവും വലിയ കയർ ഫാക്‌ടറി,  1859 ൽ  അമേരിക്കക്കാരനായ ജെയിംസ് ഡാറയും, ഹെൻറി  സ്മൈലും കൂടി  ആലപ്പുഴയിൽ തുടങ്ങിയ ഡാറ സ്‌മൈൽ ആൻഡ് കമ്പനിയായിരുന്നു.  1862 ൽ ബ്രിട്ടീഷുകാരനായ ഗൂഡേക്കർ  ആരംഭിച്ച  ഗൂഡേക്കർ  ആൻഡ് സൺസ്  എന്ന കമ്പനിയും വൻകിട  കയർ  കമ്പനിയായിരുന്നു.  പിന്നീട് കുറെ വൻകിട വ്യവസായ സംരംഭങ്ങൾ ഉണ്ടായത്  സർ  സി.പി. തിരുവിതാംകൂർ ദിവാനായിരുന്ന അവസരത്തിലായിരുന്നു.   സർ   സർ സി.പി യുടെ  കാലം കഴിഞ്ഞാൽ,  സ്വകാര്യ മേഖലയിൽ വന്നിട്ടുള്ള  വൻകിട വ്യവസായ സംരംഭങ്ങൾ, ഐ.ടി മേഖല ഒഴിച്ചുനിർത്തിയാൽ,  വിരലിലെണ്ണാവുന്നതേയുള്ളു.  അതുകൊണ്ടൊക്കെയാവാം   മലയാളികൾ  പ്രവാസികളായി മാറിയത്.   

 വിദ്യാസമ്പന്നരായ  കേരളീയ യുവതയ്ക്ക് എന്തുകൊണ്ട് കേരള മണ്ണിൽ നിന്ന്നുകൊണ്ട്  വിജയിക്കാൻ കഴിയുന്നില്ല എന്ന ചിന്ത   കേരളീയരെ വേട്ടയാടികൊക്കൊണ്ടിരിക്കുന്നു എന്നത് ഒരു വസ്തുതയാണ് . ഈ ചിന്തയിൽ നിന്നാണ്  തിരുവനന്തപുരം സർക്കാർ എഞ്ചിനീയറിംഗ് കോളേജിലെ  ഒരുകൂട്ടം വിദ്യാർഥികൾ 2005 ൽ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിയെ ഒരു പ്രോജക്റ്റുമായി  കാണുവാൻ ചെന്നത്. അവരുടെ ആശങ്കകൾ  മുഖ്യമന്ത്രിയുമായി  പങ്കുവച്ചു. നേതൃത്വം വഹിച്ച  സഞ്ജയ് വിജയകുമാറിൻറ്റെ  പ്രോജക്റ്റിന്  അമ്പതു ശതമാനം  ധനസഹായം കേന്ദ്ര സർക്കാർ വാഗ്ദാനം ചെയ്തിട്ടുണ്ടായിരുന്നു.  വളരെ ക്ഷമയോടെ പ്രോജക്റ്റിൻറ്റെ സാദ്ധ്യതകൾ, തൊഴിൽ സാദ്ധ്യതകൾ എല്ലാം അദ്ദേഹം ഇവരുമായി ചർച്ചചെയ്തു മനസ്സിലാക്കി.   കേരളത്തിൽ സ്വന്തം സംരംഭം തുടങ്ങുക എന്ന  ആശയം  പ്രായോഗിക തലത്തിലെത്തിക്കാൻ സർക്കാർ എല്ലാവിധ സഹായവും നൽകാമെന്ന് അന്ന്  മുഖ്യമന്ത്രി വാക്കുകൊടുത്തു. ഇക്കാര്യം അന്നത്തെ ഐ.ടി മന്ത്രിയായിരുന്ന കുഞ്ഞാലിക്കുട്ടിയോട് മുഖ്യമന്ത്രി സംസാരിച്ചപ്പോൾ അദ്ദേഹവും ആ ആശയത്തെ പ്രോത്സാഹിപ്പിച്ചു. അങ്ങിനെയാണ്  വിദ്യാർത്ഥികളായിരുന്ന സഞ്ജയ് വിജയകുമാർ, അനിൽ ആന്റണി എന്നിവരുടെ നേതൃത്വത്തിലുള്ള വിദ്യാർഥികൾ  "മോബ് മി "   എന്ന   ആദ്യ സ്റ്റാർട്ടപ്പിന്  തുടക്കം കുറിച്ചത്. സ്റ്റാർട്ടപ്പ് എന്ന ആശയം ഇൻഡ്യക്കുപോലും അപരിചിതമായിരുന്ന  സമയമായിരുന്നു   അത്.  കേരളത്തിലെ സ്റ്റാർട്ടപ്പുകളുടെ തുടക്കം അങ്ങിനെയായിരുന്നു.

  എഞ്ചിനീയറിംഗ് കോളേജിലെ പഠനത്തോടൊപ്പം സഹപാഠികളുടെ കൂടെ സഹകരണത്തോടെ  പടുത്തുയർത്തിയ സ്റ്റാർട്ട് അപ്പ് പ്രസ്ഥാനം കേന്ദ്ര  സർക്കാരിന്റെ  ശാസ്ത്രസാങ്കേതിക വകുപ്പിന്റെയും, ടെക്നോപാർക്കിന്റ്റെയും    സഹകരണത്തോടെ   ഇന്ത്യയിലെ  ആദ്യ പൊതു - സ്വകാര്യ മേഖലയിലെ  "സ്റ്റാർട്ടപ്പ് വില്ലജ്"   എന്ന നവ സംരംഭമായി രൂപാന്തരം പ്രാപിച്ചത്  2011 ൽ ഉമ്മൻചാണ്ടി വീണ്ടും മുഖ്യമന്ത്രിയായി വന്നപ്പോഴാണ്. . അവർക്കു വേണ്ട സാമ്പത്തിക സഹായം സർക്കാർ ഭാഗത്തുനിന്നും ഉറപ്പാക്കിയ ശേഷം,  ഈ സംരംഭത്തെ   ഡൽഹിയിൽ വച്ച്   രാജ്യത്തിന് മുമ്പിൽ  അവതരിപ്പിച്ചതും    മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയായിരുന്നു. മാത്രമല്ല, സ്റ്റാർട്ടപ്പ് സംരംഭകരായ വിദ്യാർത്ഥികൾക്ക്  20 ശതമാനം ഗ്രേസ് മാർക്ക് നൽകാൻ സർവകലാശാലകൾക്ക്  നിർദേശവും നൽകി. ഈ തുടക്കം കേരളത്തിലെ സാങ്കേതിക വിദ്യാഭ്യാസ മേഖലയിൽ ഉണ്ടാക്കിയത്  വിപ്ലവാത്മകമായ ഒരു മാറ്റം ആയിരുന്നു.

കളമശ്ശേരിയിലെ കിൻഫ്ര വ്യാവസായിക പാർക്കിൽ അയ്യായിരം ചതുരശ്രയടിയിലുള്ള ഒരു പഴയ കെട്ടിടത്തിലാണ് സ്റ്റാർട്ട് അപ്പ്   ആരംഭിച്ചത്.  സർക്കാരിന്ഇ ൻഫോസിസ് സഹസ്ഥാപകനായ ക്രിസ് ഗോപാലകൃഷ്ണൻ  അവർക്കു വേണ്ട മാർഗനിർദേശം നല്കാൻ  അതിന്റെ ചെയർമാൻ പദം ഏറ്റെടുക്കാൻ  തയ്യാറായി.  സ്റ്റാർട്ടപ്പ് വില്ലേജിൻറ്റെ  പ്രവർത്തനാരംഭം കുറിച്ച് കൊച്ചിയിലെ വേദിയിൽ സംസാരിച്ചപ്പോൾ, "കേരളത്തിൻറ്റെ  വ്യാവസായിക ചരിത്രത്തിലെ നാഴികക്കല്ലായി ഈ നിമിഷം  മാറുകയാണെന്ന്"  മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി  പ്രഖ്യാപിച്ചു. കേരളത്തിന്റെ വ്യാവസായിക മേഖലയിൽ അന്നോളം കണ്ടിട്ടില്ലാത്ത ഒരു ഉത്സാഹത്തോടെയാണ് യുവജനങ്ങളും വിദ്യാർത്ഥികളും സ്റ്റാർട്ടപ്പ് എന്ന ആശയത്തിലേക്ക് അണിചേർന്നത്. തൊഴിൽ അന്വേഷകരിൽ നിന്നും തൊഴിൽ ദാദാക്കളായി മാറുവാനുള്ള  മുഖ്യമന്ത്രിയുടെ  ഉപദേശത്തിന് നൂറുകണക്കിന്  ചെറുപ്പക്കാരാണ്  മുന്നോട്ടുവന്നത്.

ഇന്ത്യയിൽ ആദ്യമായി വിദ്യാർത്ഥി സ്റ്റാർട്ടപ്പ് നയം പ്രഖ്യാപിച്ചു.  അതുവഴി കേരളത്തിലെ എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സ്റ്റാർട്ടപ്പ് സംരംഭങ്ങൾ വളരുവാനുള്ള അനുകൂല സാഹചര്യം സൃഷ്ടിക്കുവാനും ഉമ്മൻചാണ്ടി സർക്കാരിന് കഴിഞ്ഞു. ആദ്യമായി കേരളത്തിൽ  നിന്നും ഒരു സംഘം യുവാക്കളെ  അമേരിക്കയിലെ സിലിക്കൺ വാലിയിലേക്ക് അയച്ചതും ഈ കാലഘട്ടത്തിലാണ്.  മാത്രമല്ല,  2014  സെപ്തംബര് 12 നു യങ്  എൻട്രപ്രണേഴ്‌സ് സമ്മിറ്റ്  നടത്തി വിദ്യാർത്ഥികൾക്ക് സ്റ്റാർട്ടപ്പ് ഇക്കോ സിസ്റ്റം പരിചയപ്പെടുത്തിക്കൊടുത്തു. ഇതിനിശേഷമാണ് ഇന്ത്യയിലെ ആദ്യത്തെ സ്റ്റാർട്ടപ്പ് നയം  2014  സെപ്തംബര് 14 ന്  പ്രഖ്യാപിച്ചത്.     മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ "കേരള സ്റ്റാർട്ട് അപ്പ് മിഷൻ" എന്ന ഔദ്യോഗിക സംവിധാനം യാഥാർഥ്യമാക്കി. കളമശ്ശേരിയിലെ കിൻഫ്ര വ്യാവസായിക ഭൂമിയിൽ നൂതന സാങ്കേതിക വിദ്യ അടിസ്ഥാനമാക്കിയുള്ള ആശയങ്ങളുടെ ഗര്ഭഗൃഹമാകുവാൻ  കേരള സ്റ്റാർട്ട് അപ്പ് മിഷന്റെ നേതൃത്വത്തിൽ ഒരു ലക്ഷം ചതുരശ്രയടി വ്യാപ്തിയിൽ "ടെക്നോളജി ഇന്നോവേഷൻ സോൺ" നിർമിച്ചു. ഇതിനു പുറമേ, സാങ്കേതിക വിദ്യയിൽ ഏറ്റവും പ്രയാസകരമായ ഹാർഡ്‌വെയർ സ്റ്റാർട്ട് അപ്പ്കൾക്കുവേണ്ടി കേന്ദ്ര സർക്കാരുമായി ചേർന്ന് പ്രത്യേക  ഇൻക്യൂബേറ്റർ ടെക്നോളജി ഇന്നോവേഷൻ സോണും ഈ  കാലയളവിൽ  നിർമിച്ചു. സ്കൂൾ വിദ്യാർത്ഥികൾക്കായി പ്രത്യേക ഇലക്ട്രോണിക് പരിശീലന പദ്ധതികൾ, ട്രെയിനിങ് പ്രോഗ്രാമുകൾ, വിദ്യാർത്ഥികൾക്ക് 4 ശതമാനം ഗ്രേസ് മാർക്ക്കും, 20 ശതമാനം ഹാജർ ഇളവും, മൂലധന നിക്ഷേപത്തിനായി സ്റ്റാർട്ട് അപ്പ് ഫണ്ട് തുടങ്ങിയവയും  അനുവദിക്കുവാൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും, ഐ.ടി. മന്ത്രി കുഞ്ഞാലിക്കുട്ടിയും പ്രത്യേകം താല്പര്യം എടുത്തു നടപ്പാക്കി. അതിൽ ഏറ്റവും പ്രധാനം സംസ്ഥാന ബജറ്റിൻറ്റെ  1 ശതമാനം തുക സ്റ്റാർട്ടപ്പുകൾക്കായി മാറ്റിവക്കുവാൻ 2014-15 ലെ ബജറ്റിലെ പ്രഖ്യാപനമായിരുന്നു. സ്റ്റാർട്ട് അപ്പുകളെ പ്രോത്സാഹിപ്പിക്കുവാനും, വളർത്തുവാനും,  ഇന്ത്യയിൽ ആദ്യമായാണ് ഒരു സംസ്ഥാന സർക്കാർ  ഇത്രയും വലിയതും, പ്രാധാന്യമേറിയതുമായ ഒരു തീരുമാനം നടപ്പിലാക്കിയത്.  ഈ  നടപടികളുടെ ഫലമായി 300 ഓളം സ്റ്റാർട്ട് അപ്പുകളെ  ഒരു വർഷത്തിനുള്ളിൽ കണ്ണിലെ കൃഷ്ണമണിപോലെ  പരിപാലിച്ചു വികസിപ്പിക്കുവാൻ 2015 ൽ ഉമ്മൻചാണ്ടിസർക്കാരിനു കഴിഞ്ഞു.

കേരളത്തിന്റെ  സ്റ്റാർട്ട് അപ്പ്  നയം  2014 അവസാനം പ്രഖ്യാപിച്ചെങ്കിലും, കേന്ദ്ര സർക്കാർ  സ്റ്റാർട്ട് അപ്പ് നയം  പ്രഖ്യാപിച്ചത്  2016  ജനുവരിയിൽ ആയിരുന്നു. അതിനുശേഷം അഖിലേന്ത്യാ തലത്തിൽ സ്റ്റാർട്ടപ്പ്കളുടെ എണ്ണത്തിലും, ഐ.ടി മേഖലയിൽ നിന്നുമുള്ള കയറ്റുമതിയിലും വലിയ വളർച്ചയാണ് ഉണ്ടായിട്ടുള്ളത്.  സംസ്ഥാന സർക്കാരിന്റെ കണക്കുകൾ പ്രകാരം , 2011 ൽ ഐ.ടി മേഖലയിൽ നിന്നുമുള്ള  കേരളത്തിൻറ്റെ കയറ്റുമതി  വരുമാനം 3000  കോടി രൂപയായിരുന്നത്    2016ൽ   16000 കോടിരൂപയായി .  2016 ൽ  ടെക്നോപാർക്കിലും,  ഇൻഫോപാർക്കിലും ഉൾപ്പെടെ ഐ.ടി. മേഖലയിൽ സംസ്ഥാനത്ത് 1,15,000  പേർ  ജോലി ചെയ്തിരുന്നു. 2023 ലെ സാമ്പത്തിക അവലോകന റിപ്പോർട്ട്  പ്രകാരം  1,38,678  പേരാണ്  സംസ്ഥാനത്തെ മൂന്നു സോഫ്റ്റ്‌വെയർ പാർക്കിലുമായി ജോലിചെയ്യുന്നത്.   2021 ൽ സ്റ്റാർട്ട് അപ്പുകളുടെ  എണ്ണം 3900  ആയിരുന്നത്  2024  ജൂണിൽ  5443  ആയി വർധിച്ചു. 2015-2022 കാലയളവിൽ കേരളത്തിൽ വേരൂന്നിയ  സ്റ്റാർട്ട് അപ്പുകളിൽ  നിക്ഷേപം ഉണ്ടായത് 4557 കോടി രൂപയുടേതാണ്.  2024 സാമ്പത്തിക വർഷത്തിൽ  കേന്ദ്ര സർക്കാർ പുറത്തുവിട്ട കണക്കുകൾ അനുസരിച്ചു  ഇന്ത്യയിലെ സ്റ്റാർട്ട് അപ്പ് ഫണ്ടിംഗ്  11 ബില്യൺ ഡോളർ , അതായത് 98000 കോടി രൂപയായിരുന്നു.  എന്നാൽ കേരളത്തിൽ നിക്ഷേപമായി ലഭിച്ചത് 1000  കോടി രൂപ മാത്രമായിരുന്നു. അതായതു രാജ്യത്തു ലഭിച്ച നിക്ഷേപത്തിന്റെ  1 ശതമാനത്തിനു താഴെ മാത്രമാണ് കേരളത്തിന് ലഭിച്ചത്.  തൊണ്ണൂറുകളിൽ  കേരളത്തിലെ രാഷ്ട്രീയ-വ്യാവസായിക നേതൃത്വം  ദീർഘവീക്ഷണത്തോടെ ഏഷ്യയിലെ ആദ്യത്തെ സോഫ്റ്റ്‌വെയർ  പാർക്കായ  "ടെക്നോപാര്ക്കും", 2005  ൽ  സ്റ്റാർട്ട് അപ്പുകളും നടപ്പിലാക്കിയെങ്കിലും , മൂന്നു ദശാബ്ദങ്ങൾക്കിപ്പുറം  ഇന്ത്യയുടെ ഐ.ടി കയറ്റുമതി വരുമാനം 19  ദശലക്ഷം കോടി രൂപയായി വർധിച്ചപ്പോൾ,  കേരളത്തിൻറ്റെ  ഐ.ടി കയറ്റുമതി വരുമാനം  25000 കോടി മാത്രമായിരുന്നു. അതായത്  ഇന്ത്യയുടെ മൊത്തം ഐ.ടി കയറ്റുമതി വരുമാനത്തിന്റെ 1.31 ശതമാനം മാത്രം.  ഇന്ത്യയുടെ മൊത്തം ജനസംഖ്യയുടെ 2.76  ശതമാനമാണ് കേരളത്തിലെ ജനസംഖ്യ. അത്രപോലും വരുമാനം നമുക്ക് ഐ .ടി  മേഖലയിൽ നിന്നും ലഭിക്കുന്നില്ല. അതേസമയം കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം,   2021-22 ൽ  കർണാടകയുടെ ഐ.ടി. കയറ്റുമതി 3.95 ലക്ഷം കോടി രൂപ യായിരുന്നത്  2023-24 ൽ  4.11  ലക്ഷമായി വർധിച്ചു. ഇന്ത്യയുടെ മൊത്തം കയറ്റുമതിയുടെ ഏകദേശം 35 ശതമാനമാണ് കർണാടകയിൽ നിന്നുമുള്ള ഐ.ടി. കയറ്റുമതി. രണ്ടാം സ്ഥാനത്തുനിൽക്കുന്ന തെലങ്കാന 2022-23 ൽ കയറ്റുമതി ചെയ്തത്  2.41 ലക്ഷം കോടി രൂപയുടെ സോഫ്റ്റ്‌വെയർ ആയിരുന്നു. ഈ കാലയളവിൽ  തമിഴ് നാട്ടിൽ നിന്നുമുള്ള കയറ്റുമതി 136783 ലക്ഷം കോടി രൂപയുടേതായിരുന്നു. മഹാരാഷ്ട്രയുടെ കയറ്റുമതി 142123 ലക്ഷം കോടി രൂപയുടേതും, ഉത്തർ പ്രദേശിൻറ്റെത്   31473 കോടി രൂപയുടേതും, ഹര്യാനയുടേത് 30772 കോടിയുടേതുമായിരുന്നു. ഐ.ടി മേഖലയിൽ കർണാടകയിൽ 21 ലക്ഷം പേരും, തെലങ്കാനയിൽ 905715 പേരും തമിഴ്‌നാട്ടിൽ 10 ലക്ഷം പേരുമാണ് ജോലിചെയ്യുന്നത്.  വിദ്യാഭ്യാസ മേഖലയിൽ  ഇന്ത്യയിൽ ദശാബ്ദങ്ങളായി മുന്നിൽ നിൽക്കുന്നതും, ഏഷ്യയിലെ ആദ്യത്തെ സോഫ്റ്റ്‌വെയർ പാർക്ക് സ്ഥാപിച്ചതുമായ   കേരളം എന്തുകൊണ്ട്  ഐ.ടി വ്യവസായത്തിൽ നാമമാത്ര സംഭാവനകളിൽ ചുരുങ്ങി എന്നത്  ആഴത്തിൽ പഠിക്കേണ്ടിയിരിക്കുന്നു.


(ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോൾ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു ലേഖകൻ)

.



(









 

Thursday, 13 February 2025

 

                        ക്രാന്തദർശിയായ  ഭാഷാസ്നേഹി 

തൊണ്ണൂറുകളുടെ ആദ്യ പാദത്തിലാണ് ഡോ .എം.ആർ. തമ്പാനെ  പരിചയപ്പെടുന്നത് . അദ്ദേഹം അന്ന്  തിരുവനന്തപുരം , നന്ദൻകോട്  നളന്ദയിലെ   ഭാഷ ഇൻസ്റ്റിട്യൂട്ടിൽ  ഉദ്യോഗസ്ഥനാണ്.  ഞാൻ അന്ന്  കേരളാ  സെക്രട്ടേറിയറ്റ് അസ്സോസിയേഷൻറ്റെ  പ്രസിഡണ്ടും,  അന്നത്തെ  മുഖ്യമന്ത്രി  എ.കെ.ആൻറണിയുടെ ജനസമ്പർക്ക പരിപാടിയുടെ നോഡൽ ഓഫീസറുമായിരുന്നു.  നളന്ദയിൽ തന്നെയുള്ള  പുരാരേഖാ വകുപ്പിൽ ഉദ്യോഗസ്ഥയായിരുന്ന എൻറ്റെ  ഭാര്യയെ അവിടെ രാവിലെ കൊണ്ട്  വിടാനും, വൈകിട്ട് തിരികെ വിളിക്കാനും  എല്ലാ ദിവസവും അവിടെ പോകുമായിരുന്നു.  വൈകുന്നേരങ്ങളിൽ ഞാൻ വിളിക്കാൻ ചെല്ലുന്നതു പലപ്പോഴും വൈകിയാണ്.  അങ്ങിനെയുള്ള അവസരങ്ങളിലാണ്  ഡോ . തമ്പാനെ കാണുന്നത്. അദ്ദേഹവും വൈകി ഓഫീസിൽ നിന്നും ഇറങ്ങുന്ന ആളായിരുന്നു.  പരസ്പരം  അറിയാമെന്നല്ലാതെ കൂടുതൽ പരിചയപ്പെട്ടിട്ടില്ലായിരുന്നു.  അദ്ദേഹവുമായി  കൂടുതൽ അടുക്കാൻ സാഹചര്യമൊരുക്കിയത്  നെഹ്‌റു സെന്റർ  ചെയർമാൻ  ശ്രീ.എം.എം.ഹസ്സനാണ്.  നെഹ്‌റു സെന്റർറ്റെ  പ്രവർത്തനങ്ങൾ  കൂടുതൽ സജീവമാക്കുന്നത് സംബന്ധിച്ച് ഒരു യോഗം അദ്ദേഹത്തിന്റെ വസതിയിൽ വച്ച് ചേരുന്നുണ്ടെന്നും  അതിൽ ഞാനും പങ്കെടുക്കണമെന്ന് അദ്ദേഹം പറഞ്ഞു. അവിടെ ചെന്നപ്പോഴാണ് ഡോ. തമ്പാനാണ് സെന്റർറ്റെ  ജനറൽ സെക്രെട്ടറിയാണെന്നു അറിഞ്ഞത്.  വൈസ് ചെയർമാനായി  പന്തളം സുധാകരനേയും  സെക്രട്ടറിമാരായി എന്നെയും  യൂണിവേഴ്സിറ്റി കോളേജ്സെ ഹിസ്റ്ററി വിഭാഗം പ്രഫസറായിരുന്ന  ചന്ദ്രചൂഡൻ നായരെയും   തെരഞ്ഞെടുത്തു.   നെഹ്രുവിൻറ്റെ   ചരമ ദിനത്തിലും, ജന്മദിനത്തിലും  സമ്മേളനങ്ങൾ സംഘടിപ്പിക്കുന്നതാണ്   സെന്റർറ്റെ പ്രധാന പ്രവർത്തനം.  എഴുപതുകളിൽ നെഹ്‌റു സെന്റർ രൂപീകരിച്ചകാലം തൊട്ടു മുടങ്ങാതെ ചെയ്തു വരുന്നതാന് ഈ സമ്മേളനങ്ങൾ.  ജയന്തി സമ്മേളനത്തോടനുബന്ധിച്   കോളേജ് വിദ്യാർത്ഥികൾക്കായി പ്രസംഗ മത്സരവും,  സ്കൂൾ വിദ്യാർത്ഥികൾക്ക് ദേശഭക്തി ഗാന മത്സരവും കൂടി സംഘടിപ്പിച്ചു വിജയകളായവർക്കു  ഉപഹാരങ്ങളും, നെഹ്‌റു ട്രോഫിയും  നൽകുന്നുണ്ട്.  അതൊരു അനുഷ്ടാനം പോലെ ഇന്നും തുടർന്ന് വരുന്നു. 

നെഹ്‌റു സെന്റർറ്റെ  പ്രവർത്തനം വിപുലപ്പെടുത്തുന്നതിന്റ്റെ ഭാഗമായി   കേരളത്തിന്റെ സമഗ്ര വികസനവുമായി ബന്ധപ്പെട്ട്  മൂന്നു ദിവസം നീണ്ടു നിൽക്കുന്ന സെമിനാര് സംഘടിപ്പിക്കണമെന്ന്  തീരുമാനിച്ചു.  ഇതിന്റെ ഉപജ്ഞാതാക്കൾ  പ്രസിഡണ്ട്  എം.എമും  ഡോ .എം.ആർ. തമ്പാനുമായിരുന്നു.   വിവിധ തലങ്ങളിൽ നടന്ന ചർച്ചകളെ തുടർന്ന്  1998  ഓഗസ്റ്റ് 18,19,20  തീയതികളിലായി  കനകക്കുന്ന്  കൊട്ടാരത്തിൽ വച്ചായിരുന്നു.  ഈ സെമിനാര് സംഘടിപ്പിച്ചതിനു മറ്റൊരു കാരന്കൂടി  പ്രസിഡണ്ട്  എം.എം. പറഞ്ഞു.  ഇത് ഭാവിയിൽ ഐക്യ ജനാധിപത്യ മുന്നണിക്കും,  ഐക്യ ജനാധിപത്യ മുന്നണിയുടെ നേതൃത്വത്തിൽ രൂപീകരിക്കുന്ന  സർക്കാരിനും  മാർഗ്ഗദര്ശനമായി ഉപയോഗിക്കാം   എന്നായിരുന്നു അദ്ദേഹത്തിന്റെയും ഡോ .തമ്പാൻറ്റെയും   കാഴ്ചപ്പാട്. വിവിധ സെഷനുകളിലേക്കുള്ള പ്രഗത്ഭരെ ക്ഷണിക്കുന്ന ചുമതല പ്രസിഡന്റ് എം.എമ്മും, ഡോ . തമ്പാനുമായിരുന്നു.

1998  ഓഗസ്റ്റ് 18 നു വൈകുന്നേരം കനകക്കുന്നിൽ വച്ച് നടന്ന  സമ്മേളനം  ഉദ്‌ഘാടനം  ചെയ്തത്  അന്നത്തെ മഹാരാഷ്ട്ര ഗവർണർ ഡോ .പി.സി.അലക്‌സാണ്ടറായിരുന്നു. ഉദ്‌ഘാടന സമ്മേളനത്തിൽ  എം.എമ്മിനും  പാണ്ഡലത്തിനും പുറമേ   ശ്രീ. ഉമ്മൻ ചാണ്ടി,   ഡോ . സുകുമാർ അഴിക്കോട്,എം.എ.ബേബി, അന്നത്തെ കെ.എസ് .ഇ.ബി. ചെയർമാൻ  ഡോ .വി.രാജഗോപാൽ ഐ.എ.എസ്‌  എന്നിവർ പങ്കെടുത്തു. വിവിധ സെഷനുകളായി  അന്നത്തെ സാംസ്‌കാരിക വകുപ്പ് മന്ത്രി ടി.കെ. രാമകൃഷ്ണൻ, ഇലക്ട്രിസിറ്റി  മന്ത്രി പിണറായി വിജയൻ, വ്യവസായ മന്ത്രി സുശീല ഗോപാലൻ, വക്കം പുരുഷോത്തമൻ, കെ.എം .മാണി, പി.പി.തങ്കച്ചൻ, പി,കെ.കുഞ്ഞാലികുട്ടി, ഇ.ടി.മുഹമ്മദ് ബഷീർ, ഡോ .കെ.സി.ജോസഫ്,ജി.കാർത്തികേയൻ, , വയലാർ രവി, സുഗതകുമാരി, ഡോ .ബാബു പോൾ, വി.വേണു, ജോർജ് ഓണക്കൂർ,   ഇ.എം.നജീബ്,  അരുണ സുന്ദർരാജ്, ജി.വിജയരാഘവൻ പ്രയാർ ഗോപാലകൃഷ്ണൻ,, ഡോ .ഗോപീമണി,  തുടങ്ങി വ്യാവസായിക, സാംസ്‌കാരിക, ബൗദ്ധിക രംഗങ്ങളിലുള്ള  എൺപതോളം പ്രഗത്ഭരാണ്  പങ്കെടുത്തത്.  20 ആം തീയതി നടന്ന സമാപന സമ്മേളനം ഉദ്‌ഘാടനം ചെയ്തത് അന്നത്തെ മുഖ്യമന്ത്രി ഇ.കെ. നയനാരായിരുന്നു. അതിൽ  തിരുവനന്തപുരം ലോക്‌സഭാംഗവും മുൻ മുഖ്യമന്ത്രിയുമായ   കെ.കരുണാകരൻ,  എ.പി.ഉദയഭാനു, ബി. വിജയകുമാർ, പി.വി.ചന്ദ്രൻ, എൻ.മാധവൻകുട്ടി എന്നിവരും പങ്കെടുത്തു.  .  അതിൽ അവതരിപ്പിച്ച വിഷയങ്ങളുടെ ആഴവും, ഗാംഭീര്യവും, ഉൾക്കാഴ്ചയും കാരണം  സമ്മേളനം സംസ്ഥാനത്തു വളരെയധികം ശ്രദ്ധിക്കപ്പെട്ടു.  സമ്മേളന വിജയത്തിൻറ്റെ   ക്രെഡിറ്റ്,  ചതുരംഗപ്പലകയിൽ കരുക്കൾ സസൂഷ്മം  നീക്കുന്നരീതിയിൽ    സംഘാടക  മികവ് കാട്ടിയ  ഡോ. തമ്പാനായിരുന്നു. 

സെമിനാറിൽ ചർച്ചചെയ്യപ്പെട്ട വികസന വിഷയങ്ങൾ ക്രോഡീകരിച്ചു  പിന്നീട് സംസ്ഥാന സർക്കാരിന് നൽകി. ആ ആശയവും ഡോ. തമ്പാൻറ്റെതായിരുന്നു . സേവന മേഖല, വിദ്യാഭ്യാസ-മാനവശേഷി മേഖല, ഇൻഫർമേഷൻ ടെക്നോളജി മേഖല, കാർഷിക മേഖല, വ്യാവസായിക മേഖല എന്നിങ്ങനെ വേർതിരിച്ചാണ് നിർദേശങ്ങൾ സർക്കാരിന് നൽകിയത്. അതിൽ പ്രധാനപ്പെട്ടവ താഴെ കൊടുക്കുന്നു.:

ടൂറിസത്തിൻറ്റെ  സാധ്യത പരമാവധി പ്രയോജനപ്പെടുത്തണം, എക്കോ ടൂറിസം , ഹെൽത്ത് ടൂറിസം,  ആയുർവേദ-പ്രകൃതി ചികിത്സ-യോഗ തുടങ്ങിയവ ഉപയോഗപ്പെടുത്തി കൂടുതൽ ടൂറിസ്റ്റുകളെ ആകർഷിക്കുക, ഉൾനാടൻ ടൂറിസം വികസിപ്പിക്കുക, പരിസ്ഥിതിക്കിണങ്ങുന്ന ടൂറിസം പ്രോത്സാഹിപ്പിക്കുക, വിദേശ ടൂറിസ്റ്റുകൾക്കൊപ്പം   സ്വദേശി ടൂറിസ്റ്റുകളെയും  ആകർഷിക്കുക, കേരളത്തിൽ നിന്നും പ്രധാന വിദേശ നഗരങ്ങളിലേക്ക് ബന്ധിപ്പിക്കുന്ന വിമാന സർവിസുകൾ ആരംഭിക്കുക,   പാഠ്യ പദ്ധതിയിൽപ്പെടുത്തി  സ്കൂൾ  തലം  മുതൽ  ധാർമിക മൂല്യങ്ങൾക്കും,  ദേശീയതക്കും ഊന്നൽ നൽകുക, വിദ്യാഭ്യാസ രംഗത്ത് സങ്കുചിത രാഷ്ട്രീയ പരിഗണ തീരെ ഇല്ലാത്ത, ഉറച്ച ഒരു  ദീർഘകാല സമീപനം സ്വീകരിക്കുക,  ആധുനിക സാങ്കേതിക ഉപാധികൾ ഉപയോഗപ്പെടുത്തി വിദ്യാഭ്യാസത്തിൻറ്റെ യും , വിദ്യാഭ്യാസ  പ്രവർത്തകരുടെയും ക്വാളിറ്റി മെച്ചപ്പെടുത്തുക, സൗജന്യ വിദ്യാഭ്യാസം നിർധനരായ കുട്ടികൾക്ക് മാത്രം നൽകുക,  സർക്കാരിനെ ആശ്രയിക്കാതെ പുതിയ പ്രൊഫഷണൽ കോഴ്സുകൾ  കൂടുതലായി ഏർപ്പെടുത്തുക,  വിദ്യാഭ്യാസ മേഖലയുടെ വികസനത്തിന് മേൽനോട്ടം വഹിക്കുവാനായി രാഷ്ട്രീയ പരിഗണകളില്ലാതെ വിദ്യാഭ്യാസ വിചക്ഷണർ  മാത്രം  അടങ്ങുന്ന സമിതി രൂപീകരിക്കുക,ഒരേ ലക്ഷ്യത്തോടെ പ്രവർത്തിയ്ക്കുന്ന DPEP ,SCERT പോലുള്ള വിദ്യാഭ്യാസ ഏജൻസികളുടെ പ്രവർത്തനം ഏകോപിപ്പിച്ചു പാഠ പുസ്തകങ്ങളുടെ ആവർത്തനം ഒഴിവാക്കുക , 

 കേരളത്തെ ദേശീയമായും അന്തർദേശിയമായും ഇൻഫർമേഷൻ ടെക്നോളജി കമ്പനികളുടെ ഒരു ലക്ഷ്യ സ്ഥാനമായി വളർത്തിയെടുക്കാൻ വേണ്ട പ്രോത്സാഹന നടപടികൾ സ്വീകരിയ്ക്കുക ,കേരളത്തിൽ ഇൻഫർമേഷൻ ടെക്നോളജി അധിഷ്ഠിത വ്യവസായങ്ങൾ പരമാവധി മേഖലകളിലേയ്‌ക്ക്‌ വ്യാപിയ്ക്കുന്നു എന്ന് ഉറപ്പു വരുത്താനായി ടെലികമ്മ്യൂണിക്കേഷൻ സംബന്ധമായ അടിസ്ഥാന സൗകര്യങ്ങൾ പൂർണമായും പ്രയോജനപ്പെടുത്തുക,വികസനമേഖലയിൽ ഇൻഫർമേഷൻ ടെക്നോളജിയുടെ സാദ്ധ്യതകൾ ആരായുകയുകയും ,സ്ഥാപനങ്ങൾക്ക് സീറോ ടാക്സ് ഏർപ്പെടുത്തുകയും ചെയ്യുക , കാർഷിക സെമിനാർ  നിർദേശങ്ങളായ സമഗ്ര ഭൂനിയമം , പ്രധാന കാർഷിക വിള  ഉല്പാദന ക്ഷമത  വർദ്ധിപ്പിയ്ക്കുന്നതിനുള്ള നടപടികൾ , കാർഷിക വില നിർണയ കമ്മീഷൻ രൂപീകരണം ,  റബർ  കൃഷിയെ പ്രതിസന്ധിയിൽ നിന്ന് കരകയറ്റുന്നതിനു കേരളത്തിലെ  റോഡുകൾ റബ്ബറയ്‌സ് ചെയ്യുക ,അത്യുല്പാദനശേഷിയുള്ളതും, പ്രതിരോധശക്തിയുള്ളതും ആയ വിത്തിനങ്ങൾ ആധുനിക സാങ്കേതിക വിദ്യയിലൂടെ വികസിപ്പിച്ചെടുക്കുക, കൊച്ചിയിൽ ഒരു സ്വതന്ത്ര വ്യാപാരമേഖലസ്ഥാപിയ്ക്കുക , യന്ത്രവൽക്കരണം നടത്തി കുട്ടനാട്ടിലെ തൊഴിലാളി ദൗർലഭ്യം പരിഹരിയ്ക്കുക, കേരളത്തിലെ പാലുത്പാദനം വർദ്ധിപ്പിയ്ക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിയ്ക്കുക, മിശ്രകൃഷി സമ്പ്രദായം വ്യാപകമാക്കുക , കാര്ഷികോല്പന്നങ്ങൾക്ക് ഉയർന്ന താങ്ങുവില പ്രഖ്യാപിച്ചു നടപ്പിലാക്കുക, കേരളത്തിലെ ഭൂമിശാസ്ത്ര ഘടകങ്ങൾക്കനുസൃതമായി നീർമാരി സംവിധാനം ശക്തിപ്പെടുത്തി മണ്ണും ജലവും സംരക്ഷിയ്ക്കാനുള്ള നടപടി ഉണ്ടാക്കുക, വ്യവസായശാലകൾ തുടങ്ങാൻ ഏകജാലക സംവിധാനം  ഏർപ്പെടുത്തുക തുടങ്ങിയവയായിരുന്നു പ്രധാന നിർദേശങ്ങൾ.  അന്ന് ഭരിച്ചിരുന്ന നായനാർ സർക്കാർ ഈ  ശുപാർശകളിന്മേൽ  നടപടികളൊന്നും കൈക്കൊണ്ടില്ലെങ്ങിലും,  ഇവയിൽ പലതും  ഐക്യ ജനാധിപത്യ മുന്നണിയുടെ മാനിഫെസ്റോയിൽ ഇടംനേടുകയും, ഇവയിൽ പലതും, പിന്നീട് അധികാരത്തിലേറിയ യു ഡി എഫ് സർക്കാരുകൾ  നടപ്പിലാക്കുകയും ചെയ്തു.

1995 -2000  കാലഘട്ടത്തിൽ, ഡോ .തമ്പാൻ ഡയറക്ടർ ആയിരുന്നപ്പോളാണ് അന്ന് സാംസ്‌കാരിക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ഡോ .ബാബുപോളിൻറ്റെ  വേദ ശബ്ദ രത്‌നാകരം  എന്ന ബ്രിഹത് ഗ്രന്ഥം  പ്രസിദ്ധീകരിക്കാൻ സാധിച്ചത്.  സർക്കാർ മേഖലയിൽ ഒരു പുസ്തകം പ്രീ-പുബ്ലിക്കേഷൻ വ്യവസ്ഥയിൽ പ്രസിദ്ധീകരിച്ചത്  വേദ ശബ്‌ദ രത്‌നാകരം ആയിരുന്നു എന്നത്  അദ്ദേഹത്തിന്റെ  ദീർഘദൃഷ്ടിയുടെ   തെളിവാണ്.  ഈ കാലഘട്ടത്തിലാണ് കംപ്യൂട്ടറിൻറ്റെ  വിപുലമായ  സാദ്ധ്യതകൾ  ഉൾക്കൊള്ളാനായി ലിപിമാനനീകരണത്തിനു തുടക്കം കുറിച്ചത്. മലയാള ഭാഷയെ ആധുനീകരിക്കാൻ അദ്ദേഹം നൽകിയ വലിയ സംഭാവനകളിൽ ഒന്നായിരുന്നു ഈ നടപടി. അതുപോലെ 109  ശാസ്ത്രഗ്രന്ഥങ്ങൾ ഒരുമിച്ചു പ്രസിദ്ധീകരിച്ചു അന്നത്തെ രാഷ്ട്രപതിയും ശാസ്ത്രജ്ഞനുമായിരുന്ന ഡോ .എ.പി.ജെ.അബ്ദുൾകലാമിനെക്കൊണ്ട്  പ്രകാശനം ചെയ്യാൻ സാധിച്ചത്  മലയാള ഭാഷക്ക് തന്നെ വലിയ നേട്ടമായി മാറി.

2001-2004     കാലഘട്ടത്തിൽ ശ്രീ. എം.എം.ഹസ്സൻ  നോർക്ക-പൊതുജന സമ്പർക്ക വകുപ്പിന്റെ മന്ത്രിയായിരുന്നപ്പോൾ, അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായി പ്രവർത്തിച്ച ഡോ .തമ്പാൻ  മന്ത്രിക്കെതിരെ ഒരു വിധത്തിലുള്ള അഴിമതി ആരോപണത്തിനും ഇടനൽകാതെയും, ഒരു പോറൽ പോലും ഏൽക്കാതെ    അദ്ദേഹത്തെ സംരക്ഷിച്ചു നിർത്തിയതിലും  വലിയ പങ്കാണ് വഹിച്ചത്.  നോർക്കയുടെ എം.ഡി സ്ഥാനത്തു ഒഴിവുവന്നപ്പോൾ,  എന്നോട് ആ സ്ഥാനം ഏറ്റെടുക്കാൻ പറഞ്ഞത് ഞാൻ ഇന്നും നന്ദിപൂർവം ഓർക്കുന്നു.  എന്നാൽ സ്റ്റേറ്റ് പ്രോട്ടോകോൾ ഓഫീസർ പദവിയിൽ നിന്നും മാറാൻ താല്പര്യമില്ലാതിരുന്നതിനാൽ, ആ സ്ഥാനം ഏറ്റെടുക്കാൻ എനിക്ക് സാധിച്ചില്ല.  എ.കെ.ആൻ്റണി  മുഖ്യമന്ത്രി സ്ഥാനം രാജിവച്ചതോടെ  എം.എം.ഹസ്സനും മന്ത്രിസ്ഥാനം ഒഴിഞ്ഞു.  ഡോ . തമ്പാനെ  പിന്നീട് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി സർവവിജ്ഞാന കോശം ഡയറക്ടർ ആയി നിയമിച്ചു.  അതുവരെയും,  സർവ്വവിജ്ഞാനകോശത്തിന്  സ്വന്തമായി  ഒരു ആസ്ഥാനമില്ലാതെ  വാടക കെട്ടിടങ്ങളിലായിരുന്നു പ്രവർത്തിച്ചിരുന്നത്. സ്വന്തമായി  സർവവിജ്ഞാന കോശത്തിനു ഒരു ആസ്ഥാനമെന്ന സ്വപ്‌നം  സാധിതമാക്കുകയെന്നതായി അദ്ദേഹത്തിന്റെ അടുത്ത ശ്രമം.  ആയിടക്കാണ് മന്ത്രിമന്ദിരമായി ഉപയോഗിച്ചിരുന്ന  ജഗതിയിലെ "കൽപ്പന" എന്ന ബംഗ്ലാവ് ഒഴിവുവന്നത്.  ഇത് എങ്ങിനെയോ അറിഞ്ഞ ഡോ .തമ്പാൻ ആ ബംഗ്ലാവ് സർവ വിജ്ഞാന കോശത്തിനു ഓഫീസായി നൽകണമെന്ന  നൽകണമെന്ന ആവശ്യവുമായി  സർക്കാരിനെ സമീപിച്ചു.  മന്ത്രി മന്ദിരങ്ങളുടെ ഉടമസ്ഥത ടൂറിസം വകുപ്പിനാണ്.  മന്ത്രിമാർ പോലും വാടകക്ക് പ്രൈവറ്റ് കെട്ടിടങ്ങളിൽ താമസിക്കുമ്പോൾ ഒരു മന്ത്രി മന്ദിരം ഓഫീസിനായി നൽകണമെന്ന ആവശ്യം ടൂറിസം വകുപ്പ് കേട്ടപാടെ തന്നെ തള്ളി.  ഉടമസ്ഥാവകാശം ടൂറിസം വകുപ്പിനാണെങ്കിലും,  ബംഗ്ലാവ് അല്ലോട്മെന്റും,  നിയന്ത്രണവും സ്റ്റേറ്റ് പ്രോട്ടോകോൾ ഓഫീസിനായിരുന്നു.  അതിനാൽ  ടൂറിസം വകുപ്പിൽ നിന്നും സർവ വിജ്ഞാനകോശത്തിണ്റ്റെ ആവശ്യം തള്ളണമെന്ന നിർദേശവുമായി ഫയൽ   സ്റ്റേറ്റ് പ്രോട്ടോകോൾ ഓഫീസർ എന്ന നിലയിൽ ലേഖകന് വന്നു.  സർവ വിജ്ഞാന കോശത്തിന്റെ ആവശ്യം കാലേകൂട്ടി  ഡോ .തമ്പാൻ വന്നു പറഞ്ഞതിനാൽ, മറിച്ചൊരു തീരുമാനമെടുക്കാതെ ഫയൽ മുഖ്യമന്ത്രിക്ക് നൽകി. അങ്ങിനെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഇടപെടലിലൂടെയാണ്  "കൽപ്പന" ബംഗ്ലാവ്, വിജ്ഞാന കോശത്തിനു നൽകിക്കൊണ്ടുള്ള "കൽപ്പന സർക്കാർ  ഇറക്കിയത്. 

2011 ൽ ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിലേറിയപ്പോൾ  അദ്ദേഹം വീണ്ടും ഭാഷ ഇൻസ്റ്റിട്യൂട്  ഡയറക്ടറായി നിയമിതനായി.  ഉമ്മൻ ചാണ്ടി സർക്കാർ അധികാരത്തിലേറിയ ഉടൻ തന്നെ 100 ദിന കര്മപരിപാടി പ്രഖ്യാപിച്ചു. 100  ദിവസങ്ങൾക്കുള്ളിൽ  വിവിധവകുപ്പുകളിൽ 100  പരിപാടികൾ നടപ്പിലാക്കുകയായിരുന്നു ഉദ്ദേശം. അന്ന് ലേഖകൻ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി ജോലി ചെയ്യുകയായിരുന്നു.  മുഖ്യമന്ത്രിയെപ്പോലും അതിശയിപ്പിച്ചുകൊണ്ടു  ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് 100  ദിവസം കൊണ്ട് 141 പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു ലിംക ബുക്ക് ഓഫ് റെക്കോർഡ്‌സിൽ  ഇടം നേടി. ഈ പുസ്തകങ്ങൾ എല്ലാം ഒരുമിച്ചു ഒരേ വേദിയിൽ വച്ചാണ് 2011 സെപ്തംബര് 12 ന്  മുഖ്യമന്ത്രി ഉമ്മൻചാണ്ടി പ്രകാശനം ചെയ്തത്.  ആ സർക്കാരിന്റെ  അഞ്ചു വർഷ കാലാവധിക്കുള്ളിൽ 1600 ഓളം പുസ്തകങ്ങളാണ് ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ചത്.   ഇന്ത്യൻ ഭാഷകളിൽ ആദ്യമായി അംബേദ്‌കർ കൃതികൾ സമ്പൂർണമായി 40  വാള്യങ്ങളിലായി  പ്രസിദ്ധീകരിച്ചതും   ഈ കാലഘട്ടത്തിലായിരുന്നു.

മലയാളഭാഷക്ക്  ഡോ . മന്മോഹന്സിങ്ങിൻറ്റെ  കേന്ദ്ര സർക്കാരും, ഉമ്മൻ‌ചാണ്ടി സർക്കാരും നൽകിയ ഒരു വലിയ സംഭാവനയാണ് മലയാളത്തിന്  നൽകിയ  ശ്രേഷ്‌ഠ ഭാഷ പദവി.  മലയാളത്തിന് 1500  വർഷത്തെ പഴക്കമില്ലെന്നു പറഞ്ഞാണ് കേന്ദ്ര സാഹിത്യ അക്കാഡമി  ഈ പദവി  നമുക്ക് നിഷേധിച്ചത്.   ശ്രേഷ്‌ഠ പദവി ലഭിക്കുന്നതിന് കേന്ദ്ര സർക്കാരിന് സമർപ്പിക്കാനുള്ള റിപ്പോർട്ട് തയ്യാറാക്കാൻ   ഓ.എൻ.വി  ചെയർമാനും, പുതുശ്ശേരി രാമചന്ദ്രൻ പ്രസിഡണ്ടും, നടുവട്ടം ഗോപാലകൃഷ്ണൻ കൺവീനറായും  ഒരു കമ്മിറ്റിയെ സർക്കാർ നിയോഗിച്ചു.  ഈ കമ്മിറ്റിക്ക്   ആവശ്യമായ രേഖകൾ സംഘടിപ്പിച്ചു നല്കാൻ മുന്നിൽ നിന്നത്  ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ എന്ന നിലയിൽ ഡോ . തമ്പാനായിരുന്നു. സമിതി സംസ്ഥാന സർക്കാരിന് നൽകിയ റിപ്പോർട്ടും ഡോ .തമ്പാൻ  നൽകിയ കുറിപ്പുകളുമായാണ് മുഖ്യമന്ത്രി ഉമ്മൻചാണ്ടി  ഡൽഹിയിൽ പോയി പ്രധാനമന്ത്രി മൻമോഹൻ സിംഗിനെ കണ്ടു മലയാളത്തിനു ശ്രേഷ്ഠഭാഷാ  പദവി നൽകേണ്ട ആവശ്യകത ബോധ്യപ്പെടുത്തിയത്.  മലയാള ഭാഷ ഉള്ളിടത്തോളം കാലം  ശ്രേഷ്ഠഭാഷാ പദവിക്ക് വേണ്ടി ശ്രമിച്ച  ഉമ്മൻചാണ്ടിയെയും,  മുൻ സാംസ്‌കാരിക വകുപ്പ് മന്ത്രി കെ.സി. ജോസഫിനെയും, ഓ.എൻ.വി., പുതുശ്ശേരി, സുഗതകുമാരി, അന്നത്തെ ചീഫ് സെക്രട്ടറി കെ.ജയകുമാർ  എന്നിവരെയും ഡോ .തമ്പാനെയും  ആർക്കും വിസ്മരിക്കാൻ സാധിക്കുകയില്ല. മലയാള ഭാഷയുടെ ചരിത്രത്തിൽ തങ്ക ലിപികളാൽ ഇവരുടെ പേര് എഴുതി ചേർക്കപ്പെട്ടുകഴിഞ്ഞു എന്നതാണ് വാസ്തവം. 

അഡ്വ.പി.എസ് .ശ്രീകുമാർ 

( ഗ്രന്ഥകാരനും, മുൻ സർക്കാർ സ്പെഷ്യൽ സെക്രട്ടറിയുമായിരുന്ന ലേഖകൻ ശ്രീ.ഉമ്മൻ‌ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോൾ അദ്ധേഹത്തിന്റെ  പ്രൈവറ്റ് സെക്രട്ടറിയായിരുന്നു.)


          














Thursday, 6 February 2025

 

           മോദിയുടെ അമേരിക്കൻ സന്ദർശനം മാറ്റിവെക്കാൻ തയ്യാറാകുമോ??

 

അനധികൃത കുടിയേറ്റത്തിന്റെ പേരിൽ 104  ഇന്ത്യക്കാരെ കയ്യിലും കാലിലും വിലങ്ങണിയിച്ചു സൈനിക വിമാനത്തിൽ ഇന്ത്യയിലേക്ക് തിരിച്ചയച്ച സംഭവം വലിയ വിവാദമായി മാറിയിരിക്കുകയാണ്.  ആ സൈനിക വിമാനത്തിലുണ്ടായിരുന്ന 19 വനിതകളും, 4  വയസ്സുള്ള ഒരു കൊച്ചു കുട്ടി ഉൾപ്പെടെ  13  കുട്ടികളും  കയ്യിൽ വിലങ്ങും, കാലിൽ  ചരടുകൊണ്ട്  ബന്ധിപ്പിക്കപ്പെട്ടുമാണ്  നാടുകടത്തപ്പെട്ടത്.  പ്രാഥമിക  ആവശ്യങ്ങൾ പോലും നിഷേധിക്കപ്പെട്ട   ഇവർ 40  മണിക്കൂറാണ് അമേരിക്കൻ സൈനിക വിമാനത്തിൽ  ദീർഘദൂരം പറന്ന്  അമൃത്സർ വിമാനത്താവളത്തിൽ എത്തിയത്.  ഇന്ത്യയെ സംബന്ധിച്ചിടത്തോളം  ഈ സംഭവം തികച്ചും  അപമാനകാരവും, ലജ്ജാകരവുമാണ്. 140  കോടി വരുന്ന  ലോകത്തിലെ ഏറ്റവും  വലിയ  ജനാധിപത്യ രാജ്യത്തിൻറ്റെ  മുഖത്തുനോക്കി തുപ്പുന്ന ധിക്കാരമാണ്  അമേരിക്ക ഇന്ത്യയോട് ചെയ്തത്.

തെരഞ്ഞെടുപ്പ് സമയത്തു പ്രചാരണ വേദികളിൽ ട്രംപ് പറഞ്ഞതുപോലെ തന്നെ അധികാരത്തിലേറി ആദ്യ ദിവസം പുറപ്പെടുവിച്ച  118   ഉത്തരവുകളിൽ  ഒന്ന്  അനധികൃത കുടിയേറ്റക്കാരെ ഉടൻതന്നെ പുറത്താക്കുവാനുള്ളതായിരുന്നു. അതിനായി   പണ്ടെങ്ങോ ഉപേക്ഷിക്കപ്പെട്ടു കിടന്ന  1798 ലെ ഏലിയൻ  എനിമീസ്ആക്റ്റ്  പൊടിതട്ടി എടുത്താണ് ക്രൂരമായ നടപടികൾക്ക് അദ്ദേഹം തുടക്കം കുറിച്ചത്.  അനധികൃത കുടിയേറ്റക്കാരെ യുദ്ധത്തടവുകാർക്കു സമമായി കണക്കാക്കിയാണ്  മടക്കിഅയക്കുന്നതു. കുടിയേറ്റക്കാരെ മടക്കികൊണ്ടുവരുന്ന കാര്യത്തിൽ അമേരിക്കയുമായി സഹകരിക്കുമെന്ന് വിദേശ കാര്യമന്ത്രി എസ് . ജയശങ്കർ പ്രഖ്യാപിച്ചിരുന്നതാണ്.   ഇന്ത്യ   അമേരിക്കയുടെ  സുഹൃത്    രാജ്യം ആയ സ്ഥിതിക്ക്‌  ഇന്ത്യക്കാരായ  അനധികൃത കുടിയേറ്റക്കാരോട്  മടക്കി അയക്കുന്ന സമയത്  കുറച്ചുകൂടി  മാന്യതയും മനുഷ്യത്വവും അമേരിക്ക കാണിക്കണമായിരുന്നു. ട്രംപ് മറന്നുപോകുന്ന മറ്റൊരു യാഥാർഥ്യമുണ്ട്. ട്രംപിൻറ്റെ  കുടുംബ  വൃക്ഷത്തിലെ  പൂർവികർ  ഉൾപ്പെടെയുള്ളവർ  വിവിധ യൂറോപ്യൻ രാജ്യങ്ങളിൽ നിന്നും അമേരിക്കയിൽ കുടിയേറി വന്നവരാണ്. അവിടത്തെ  ആദിമ  വംശജരെ  ഒതുക്കി മൂലക്കിരുത്തിയാണ്  അവർ അമേരിക്ക പിടിച്ചടക്കിയത്.  ഈ ചരിത്രമൊക്കെ ട്രംപ്  മറക്കാനിടയില്ല.

തെക്കൻ അമേരിക്കൻ രാജ്യമായകൊളംബിയയിലേക്കു  201  കുടിയേറ്റക്കാരെ കയ്യാമം വച്ച് സൈനിക വിമാനത്തിൽ മടക്കി അയച്ചപ്പോൾ, ആ വിമാനത്തിന് കൊളംബിയയിൽ ഇറങ്ങാൻ    ഗുസ്താവോ പെട്രോ എന്ന കൊളംബിയയുടെ     വനിതാ  പ്രസിഡന്റ്  അനുമതി നൽകിയില്ല.  പിന്നീട്, കയ്യാമം  അഴിച്ചുമാറ്റിച്ച  ശേഷം     കൊളംബിയയുടെ വിമാനങ്ങളിലാണ്     അനധികൃത കൊളംബിയൻ കുടിയേറ്റക്കാരെ  സ്വീകരിക്കാൻ ആ രാജ്യം തയ്യാറായത്.  

ഈ സംഭവങ്ങൾ വിരൽ ചൂണ്ടുന്നത് ഇന്ത്യൻ നയതന്ത്ര വിഭാഗത്തിന്റെ  പരാജയത്തിലേക്കാണ്. ജനുവരി 20 നു ട്രംപ് സത്യപ്രതിജ്ഞ ചെയ്തു അധികാരം എടുത്തപ്പോൾ  തന്നെ അനധികൃത കുടിയേറ്റക്കാരെ മടക്കി അയക്കുന്നതിനാണ് താൻ പ്രാധാന്യം നൽകുന്നതെന്ന് പറഞ്ഞിരുന്നു.  സത്യപ്രതിജ്ഞയിൽ പങ്കെടുക്കാൻ അമേരിക്കയിൽ പോയ  വിദേശകാര്യ മന്ത്രി ജയശങ്കർ,   സത്യപ്രതിജ്ഞക്കു ശേഷം  അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറിയുമായി നടത്തിയ ചർച്ചയിൽ ഇക്കാര്യങ്ങൾ   സംസാരിച്ചി  രുന്നുവെന്നാണ് വിദേശകാര്യ വകുപ്പ് ഇറക്കിയ കുറിപ്പിൽ പറഞ്ഞത്.  ഈ പ്രശനം ചർച്ചക്ക് വന്നപ്പോൾ തന്നെ അനധികൃത കുടിയേറ്റക്കാരെ എങ്ങിനെ കൊണ്ടുവരണമെന്ന കാര്യവും വിശദമായി ചർച്ചചെയ്യണമായിരുന്നു. ഗുരുതരമായ കുറ്റകൃത്യം ചെയ്തവർ ഉണ്ടെങ്കിൽ അവരെ  നിയമപരമായി തന്നെ  കൈകാര്യം ചെയ്യട്ടെ .  എന്നാൽ, ഇപ്പോൾ കണ്ടുപിടിക്കപ്പെട്ടവർ  ആരും  ക്രിമിനൽ കുറ്റം ചെയ്‌ത്‌  അമേരിക്കയിലെത്തിയവരല്ല എന്നാണ് പുറത്തു വന്ന റിപ്പോർട്ടുകളിൽ നിന്നും മനസ്സിലാക്കുവാൻ സാധിക്കുന്നത്. തൊഴിലും, പഠനവും അന്വേഷിച്ചു പോയവരാണ് എല്ലാവരും. അവരോടു മനുഷ്യത്വപരമായ സമീപനം സ്വീകരിക്കുവാൻ   പ്രേരിപ്പിക്കണമായിരുന്നു.  അതിനു കഴിയുന്നില്ലെങ്കിൽ, മുമ്പ് കുവൈറ്റ്, ഇറാക്ക്  യുദ്ധങ്ങൾ  നടന്ന സമയങ്ങളിൽ ചെയ്തപോലെ  ഇന്ത്യയുടെ വിമാനങ്ങൾ അയച്ചു  കുടിയേറ്റക്കാരെ മടക്കി കൊണ്ടുവരുവാനുള്ള നടപടികളാണ് ഇന്ത്യയുടെ വിദേശകാര്യ വകുപ്പും, ഇന്ത്യ സർക്കാരും സ്വീകരിക്കേണ്ടിയിരുന്നത്. ഏകദേശം 7,25,000   ഓളം ഇന്ത്യക്കാരാണ്  അനധികൃതമായി  അമേരിക്കയിലേക്ക് കുടിയേറിയതായി  കണക്കാക്കിയിട്ടുള്ളത്.  അതിൽ 27000  പേരെയാണ്  തിരിച്ചയക്കാനായി  അമേരിക്ക കണ്ടെത്തി  തടവിലാക്കിയിട്ടുള്ളത് .  

പ്രധാനമന്ത്രി മോദി  ഔദ്യോഗിക   സന്ദർശനത്തിനായി  ഫെബ്രുവരി 12 നു അമേരിക്കക്കു പോകാനിരിക്കുകയാണ്. ഇന്ത്യൻ കുടിയേറ്റക്കാരോട് അമേരിക്ക കാണിച്ച മനുഷ്വത്വ രഹിതമായ നടപടികളിൽ പ്രതിഷേധിച്ചു  യാത്രാമാറ്റിവെക്കാൻ അദ്ദേഹം തയ്യാറാകണം.  അല്ലെങ്കിൽ അദ്ദേഹത്തിന്റെ യാത്രക്ക് മുമ്പ് തന്നെ  ബാക്കി തിരിച്ചയക്കാനുള്ള കുടിയേറ്റക്കാരുടെ കാര്യത്തിൽ മാന്യമായ ധാരണ ഉണ്ടാക്കുവാൻ അമേരിക്ക  മുമ്പോട്ടുവരണം. .  ലോകത്തിലെ ഏറ്റവും വലിയ  ജനസംഖ്യയുള്ള ഒരു രാജ്യത്തിലെ മുഴുവൻ ജനങ്ങളുടെയും   ആത്മാഭിമാനം ഉയർത്തുന്ന നടപടിയാണ് ഇന്ത്യ സർക്കാർ അടിയന്തിരമായി എടുക്കേണ്ടത്.






 ഓർമകളിലെ  ഒരു റാഗിങ് വിരുദ്ധ സമരം    

അഡ്വ.പി.എസ്‌ .ശ്രീകുമാർ 



ഒരു  വിദ്യാർത്ഥി സംഘടന  നേതൃത്വം നൽകുന്ന,  കോളേജ്  യൂണിയൻ  ഭാരവാഹികളുടെ   ക്രൂരമായ  റാഗിങ്ങിന്  ഇരയായി,    പൂക്കോട് വെറ്റിനറി കോളേജിലെ  ഹോസ്റ്റൽ ശുചിമുറിയിൽ  കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ  രണ്ടാം വർഷ  ബിരുദ വിദ്യാർത്ഥി  സിദ്ധാർത്ഥനിലൂടെ   കേരളത്തിൻറ്റെ    ഹൃദയത്തിൽ  ഏൽപ്പിച്ചത്   ആഴമേറിയ    മുറിവാണ്.  ആൾക്കൂട്ട കൊലപാതകങ്ങൾക്ക്  കുപ്രസിദ്ധി  നേടിയ ഉത്തരേന്ത്യൻ  സംസ്ഥാനങ്ങളെപ്പോലും  ലജ്ജിപ്പിക്കുന്ന  രീതിയിൽ, റാഗ്ഗിങ്ങിൻറ്റെ  പേരിൽ നടത്തിയ  ഈ  പച്ചയായ കൊലപാതകം  മനുഷ്വത്വം  നഷ്ടപ്പെടാത്ത  എല്ലാവരുടെയും  ഹൃദയത്തിൽ    അവശേഷിപ്പിച്ചിട്ടുള്ളത്  കനത്ത നൊമ്പരങ്ങളും,  തേങ്ങലുകളുമാണ്.  അനീതിക്കും, അനാചാരങ്ങൾക്കും, അക്രമണത്തിനുമെതിരെ  ശബ്ദം ഉയർത്തേണ്ട  വിദ്യാർത്ഥി സംഘടനകൾ   കൊടും ക്രിമിനൽ  സംഘങ്ങളെപ്പോലെ ,  ക്യാമ്പസുകൾക്കുള്ളിൽ  മസ്തിഷ്ക പ്രക്ഷാളനത്തിനും, അഭിപ്രായ സ്വാതന്ത്ര്യ  നിഷേധങ്ങൾക്കും, സമാധാന ഭഞ്ജനങ്ങൾക്കും   നേതൃത്വം  കൊടുക്കുന്നത്  സാംസ്‌കാരിക കേരളത്തിന്  അപമാനകരമായി മാറിയിരിക്കുകയാണ് . 

 പുതിയതായി  ഉന്നത  വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ, പ്രത്യേകിച്ച്, പ്രൊഫഷണൽ കോളേജുകളിൽ,   പ്രവേശനം ലഭിച്ചു വരുന്ന വിദ്യാർത്ഥികളുടെ   ഭീരുത്വവും, ലജ്ജയും  മാറ്റുവാനായിട്ടാണ്  റാഗിങ്  ആരംഭിച്ചത് . മീശയും  താടിയും ക്ലീൻ ഷേവ്  ചെയ്യിക്കുക,  പാട്ടുപാടിക്കുക,തുടങ്ങി  നിരുപദ്രവകരമായ രീതിയിൽ  ആരംഭിച്ച  റാഗിങ് ഇന്ന്  നിഷ്ടൂരതയുടെയും, ക്രൂരതയുടെയും  പ്രതിരൂപമായി  മാറികൊണ്ടിരിക്കുന്നതാണ്  നാം  കാണുന്നത്.   ഈ  ഒരു  പശ്ചാത്തലത്തിലാണ് അരനൂറ്റാണ്ട് മുമ്പ്   ടി.ഡി .മെഡിക്കൽ കോളേജിൽ  നടന്ന ഒരു  റാഗിങിനെതിരെ    ആലപ്പുഴ  എസ്‌ .ഡി കോളേജിലെ  വിദ്യാർഥികൾ നടത്തിയ ആന്റി-റാഗിങ്  സമരതേക്കുറിച്ചുള്ള ലേഖകൻറ്റെ  ഓർമ്മക്കുറിപ്പുകൾ. 


1972  ഡിസംബർ 12 .   അന്ന് ഉച്ചക്ക് ശേഷമാണ് ആ വാർത്ത  ആലപ്പുഴ എസ്‌ .ഡി  കോളേജ്  അങ്കണത്തിൽ പരന്നത്.  അവിടെ  പഠിച്ചു   ഉയർന്ന മാർക്കിൽ  മെഡിസിന്  അഡ്‌മിഷൻ  കിട്ടിയ  പെൺകുട്ടികൾ ഉൾപ്പെടെയുള്ള  വിദ്യാർത്ഥികളെ, വണ്ടാനത്തുള്ള  തിരുമല ദേവസ്വം  മെഡിക്കൽ കോളേജിലെ മുതിർന്ന വിദ്യാർഥികൾ    റാഗിങ് നടത്തി എന്നായിരുന്നു ആ വാർത്ത.  ആ കാലഘട്ടത്തിൽ,  മെഡിക്കൽ കോളേജ് പഠനത്തിന്  പ്രവേശന പരീക്ഷകൾ ഇല്ലായിരുന്നു.  അന്ന്   പ്രീഡിഗ്രിക്ക്  കിട്ടുന്ന മാർക്കിൻറ്റെ  അടിസ്ഥാനത്തിൽ  മെറിറ്റിലായിരുന്നു                              എം ബി.ബി.എസ്  അഡ്മിഷൻ.  അങ്ങിനെ എസ്.ഡി. കോളേജിൽ പഠിച്ചു  മെറിറ്റിൽ ആലപ്പുഴ  തിരുമല ദേവസ്വം മെഡിക്കൽ കോളേജിൽ അഡ്മിഷൻ ലഭിച്ച  വിദ്യാർത്ഥിനികളിൽ ചിലരാണ്  റാഗിങ്ങിന് ഇരയായത്.  അന്ന്  എസ് .ഡി.കോളേജ്  കോളേജ് യൂണിയൻ  ചെയർമാൻ, കെ എസ്‌ യു  നേതാവായിരുന്ന  മോഹൻലാൽ ആയിരുന്നു. [പിന്നീട്  അഭിഭാഷകനായി  പ്രാക്റ്റീസ്  ചെയ്‌തിരുന്ന   മോഹൻലാൽ, ഇന്ന് ജീവിച്ചിരിപ്പില്ല.]    ആദ്ദേഹത്തിൻറ്റെ    നേതൃത്വത്തിൽ  വിദ്യാർത്ഥി നേതാക്കൾ, മെഡിക്കൽ കോളേജുമായി  ബന്ധപ്പെട്ട്  പ്രശ്ന പരിഹാരത്തിന്  ശ്രമിക്കണമെന്ന്  തീരുമാനിച്ചു.  അടുത്ത ദിവസമായപ്പോഴേക്കും  മെഡിക്കൽ കോളേജ് വിദ്യാർത്ഥികളുടെ ക്രൂരമായ  റാഗിങ്  വിഷയം  വിദ്യാർത്ഥികളുടെ ഇടയിൽ വ്യാപകമായി  പരന്നു.  അന്ന്  ടി ഡി.മെഡിക്കൽ കോളേജിനോടനുബന്ധിച്ചു   ആശുപത്രി ഇല്ലാതിരുന്നതിനാൽ  കൊട്ടാരം ആശുപത്രി  എന്നപേരിൽ അറിയപ്പെട്ട ആലപ്പുഴയിലെ ജനറൽ ആശുപത്രിയിലാണ് , രോഗികളെ പരിശോധിക്കാനും   ക്ലിനിക്കൽ  ഓറിയന്റ്റേഷനും     കൊണ്ടുപോയിരുന്നത്. എല്ലാ ദിവസവും രാവിലെ എട്ടുമണി കഴിയുമ്പോൾ ഇവരെ മെഡിക്കൽ കോളേജ് ബസിൽ  കൊട്ടാരം ആശുപത്രിയിൽ കൊണ്ടുപോകുകയും, പതിനൊന്നു മണി കഴിയുമ്പോൾ തിരികെ  കൊണ്ടുപോകുന്നതുമാണ് പതിവ് തെറ്റാതെയുള്ള ദിനചര്യ.  ഇതറിയാവുന്ന ചില വിദ്യാർഥികൾ  അടുത്ത ദിവസം [13 ആം  തീയതി]  ഉച്ചക്ക്   ദേശീയ പാതയിൽ ,  എസ്‌ .ഡി. കോളേജിനു മുമ്പിൽ  വച്ച്  മെഡിക്കൽ വിദ്യാർത്ഥികളുമായി വന്ന ബസ്  തടഞ്ഞു നിർത്തുകയും മുദ്രാവാക്യം വിളികളോടെ  കുറച്ചു   ആൺ കുട്ടികളെ ബസ്സിൽ നിന്നും  ഇറക്കി റോഡിൽ നിർത്തുകയും,   ഇനി റാഗിങ് നടത്തുകയില്ലെന്ന്   പ്രതിജ്ഞ ചെയ്യിക്കുകയും  ചെയ്തു.     പ്രതിജ്ഞക്കു  ശേഷമാണ്    ബസ് വിടാൻ അനുമതി നൽകിയത്.

റാഗിംഗിന്   എതിരായുള്ള  എസ്‌ . ഡി . കോളേജ് വിദ്യാർത്ഥികളുടെ സമരമുറ അറിഞ്ഞ  മെഡിക്കൽ കോളേജ് വിദ്യാർഥികൾ അടുത്ത ദിവസം രാവിലെ  തകഴിയിൽ നിന്നും, ഹരിപ്പാടുനിന്നും  വന്ന "'സ്റ്റുഡന്റസ് ഒൺലി "  ബസുകൾ  തടഞ്ഞു നിർത്തി എസ് .ഡി കോളേജിലെ ചില വിദ്യാർത്ഥികളെ ബസ്സിൽ നിന്നും ഇറക്കി മെഡിക്കൽ കോളേജ് അങ്കണത്തിൽ കൊണ്ടുപോയി  വൃക്ഷ ചുവട്ടിൽ   കെട്ടിയിട്ടു .   മണിക്കൂറുകൾക്കകം ഈ വാർത്ത കാട്ടുതീ പോലെ  എസ്‌ ,ഡി. കോളേജിൽ വ്യാപിച്ചു.  അതോടെ എസ്‌ .ഡി കോളേജ്  വിദ്യാർഥികൾ  ഒന്നടങ്കം അസ്വസ്ഥരും, രോഷാകുലരുമായി. ബന്ധനസ്ഥരായ  വിദ്യാർത്ഥികളെ മെഡിക്കൽ കോളേജ് വളപ്പിൽ നിന്നും മോചിപ്പിക്കാൻ എല്ലാ വിദ്യാർത്ഥികളും  വണ്ടാനം  മെഡിക്കൽ കോളേജ് ക്യാമ്പസിലേക്കു എത്രയും വേഗം എത്തണമെന്ന് യൂണിയൻ  ചെയർമാൻ  മോഹൻലാൽ ആഹ്വാനം ചെയ്തു. ഇന്നത്തെപോലെ  വാഹനപ്പെരുപ്പമില്ല.  ഇരു ചക്ര വാഹനങ്ങളും, കാറുകളുമൊക്കെ   വിരളമായിരുന്നു. വിദ്യാർത്ഥികളുടെ പ്രധാന വാഹനം  ഇടയ്ക്കിടയ്ക്ക് വരുന്ന ട്രാൻസ്‌പോർട് ബസ് കഴിഞ്ഞാൽ  പിന്നെ ഉള്ളത് സൈക്കിൾ ആയിരുന്നു. അതിനാൽ   ദേശീയ പാതവഴി    പോകുന്ന  ട്രാൻസ്‌പോർട് ബസ്സുകളിലും, ലോറികളിലുമൊക്കെ    വിദ്യാർഥികൾ കയറി. ചിലർ ബസിൻറ്റെ  ചവിട്ടുപടിയിൽ തൂങ്ങിയും മറ്റുചിലർ പിറകിലെ ഏണി പടിയിൽ കയറിയുമാണ്  യാത്ര ചെയ്തത്.  ബസ് കിട്ടാതിരുന്ന ചിലർ അതുവഴി വന്ന ലോറി തടഞ്ഞു നിർത്തി അതിൽ കയറിയായിരുന്നു  യാത്ര.  ലങ്കയിൽ അശോകമര ചുവട്ടിൽ ബന്ധനസ്ഥയായ സീതാ  ദേവിയെ മോചിപ്പിക്കാൻ വാനര സേന പോയതുപോലെയാണ് വിദ്യാർത്ഥി പട , മെഡിക്കൽ കോളേജ് വളപ്പിൽ കെട്ടിയിട്ട  സഹപാഠികളെ മോചിപ്പിക്കാൻ യാത്രയായത്. ആയിരത്തോളം വിദ്യാർത്ഥികളാണ്  അന്ന് മെഡിക്കൽ കോളേജിന് സമീപം എത്തിച്ചേർന്നത്. ഗുരുതരമായ ഈ  പ്രശ്‍നം  അറിഞ്ഞ അമ്പലപ്പുഴയിലെയും, പുന്നപ്രയിലെയും  പോലീസ് സ്റ്റേഷനിലെ  ഉദ്യോഗസ്ഥർ  ഇതിനിടയിൽ മെഡിക്കൽ കോളേജ്  ക്യാമ്പസിൽ  എത്തി   ബന്ധനസ്ഥരായിരുന്ന  വിദ്യാർത്ഥികളെ മോചിപ്പിച്ചു. അപ്പോഴേക്കും  മെഡിക്കൽ വിദ്യാർത്ഥികളും,  സംഘടിച്ചു. അഞ്ഞൂറോളം മെഡിക്കൽ വിദ്യാർഥികൾ  കോളേജ് ക്യാമ്പസ്സിൽ  എന്തും നേരിടാനായി അണിനിരന്നു.   എസ് .ഡി കോളേജ് വിദ്യാർഥികൾ മെഡിക്കൽ കോളേജ് ക്യാമ്പസ്സിൽ കയറിയാൽ  അക്രമാസക്തമായ രംഗങ്ങൾക്കു ഇടയാകും  എന്നറിഞ്ഞ പോലീസ്,  വടക്കു നിന്നും വന്ന വാഹനങ്ങളെല്ലാം  മെഡിക്കൽ കോളേജിന് വടക്കു വശത്തുള്ള  കുറവൻതോട്   ജംഗ്ഷനിൽ തടഞ്ഞു നിർത്തി.  കൂടുതൽ പോലീസിനെ സംഘർഷസ്ഥലത്തേക്ക്  ആലപ്പുഴ  എ .ആർ . ക്യാമ്പിൽ നിന്നും വരുത്തുവാനുള്ള ഏർപ്പാടും ചെയ്തിരുന്നു.  രണ്ടു കോളേജുകളിലെയും വിദ്യാർഥികൾ ഏറ്റുമുട്ടിയാൽ സംഗതി സ്ഫോടനാത്മകമാകുമെന്ന്  മനസ്സിലാക്കിയ പോലീസ്, അനുനയത്തിലൂടെ യാണ്  എസ്‌. ഡി. കോളേജ്  വിദ്യാർത്ഥികളെ  തടഞ്ഞു നിർത്തിയ സ്ഥലത്തു വച്ച്   തന്ത്രപൂർവം  കൈകാര്യം ചെയ്തത്.  അതേ  സമയം , ആലപ്പുഴയിൽ  നിന്നും വന്ന  പോലീസ് സേന  കാണുന്നത്  ദേശീയ പാതയിൽ  വിദ്യാർഥികൾ മുദ്രാവാക്യം വിളികളുമായി നിൽക്കുന്നതാണ്.  കൂടിനിന്ന വിദ്യാർത്ഥികളിൽ ആരോ  ഒരാൾ  പോലീസ് വാനിനു നേരെ കല്ലെടുത്തെറിഞ്ഞു.    വാനുകളിൽ  നിന്നും ചാടിയിറങ്ങിയ  പോലീസ് സേന, യാതൊരു മുന്നറിയിപ്പും നൽകാതെ  പിറകിൽ നിന്നും ലാത്തി ചാർജ് തുടങ്ങി.  അതോടെ വിദ്യാർഥികൾ രക്ഷപ്പെടാനായി പരക്കം പാച്ചിൽ തുടങ്ങി. ചിലർ പടിഞ്ഞാറോട്ടു കടപ്പുറം ലാക്കാക്കിയും, മറ്റു ചിലർ  കിഴക്കോട്ടു, പുഞ്ച പാടം  ലാക്കാക്കിയും  ഓടി. കിഴക്കോട്ടോടിയ കൂട്ടത്തിൽ പിന്നീട് മലയാള സിനിമയിലെ പ്രശസ്ത സംവിധായകനായി മാറിയ  ഫാസിലും ഉണ്ടായിരുന്നു.  ലാത്തിയടി ഏൽക്കാതെ അദ്ദേഹം രക്ഷപ്പെട്ടു.  പുറകിൽ നിന്ന ഈ ലേഖകൻ ഉൾപ്പെടെയുള്ള ചിലർ കുഴമണ്ണിലൂടെ പടിഞ്ഞാറോ ട്ടോടി.  ഞങ്ങളുടെ പിറകെ ഓടി വന്ന പോലീസ് ലാത്തിയടി തുടങ്ങി. മണിച്ചൻ  എന്ന വിദ്യാർത്ഥിയുടെ മൂക്കിന്റെ പാലം ലാത്തി ചാർജിൽ അടിച്ചു പൊട്ടിച്ചു.  ഈ ലേഖകന്റ്റെ  തലക്കാണ് അടിയേറ്റത് . അതോടെ രക്തം വാർന്ന്   കവിളുകളിലൂടെ ഒഴുകാൻ തുടങ്ങി. എന്നിട്ടും  ഒന്ന് രണ്ടു ചുവടുകൾ കൂടി ഓടി  വീണത്  മാത്രമേ ഓർമയുള്ളു .  ഓർമ  തെളിയുമ്പോൾ  ഞാൻ കൊട്ടാരം ആശുപത്രിയുടെ വരാന്തയിൽ ഇട്ടിരിക്കുന്ന കട്ടിലിൽ  തലയിൽ ചുറ്റിയ ബാൻഡേജുമായി കിടക്കുകയാണ്. അടുത്ത കട്ടിലിൽ മണിച്ചനും, തൊട്ടടുത്ത് ചെറിയപരിക്കുകളോടെ ഉണ്ണികൃഷ്ണൻ എന്ന  വിദ്യാർത്ഥിയും   ഉണ്ടായിരുന്നു.

 ആശുപത്രിക്കിടക്കയിൽ   നിന്നും കണ്ണ്  തുറന്നപ്പോൾ കാണുന്നത്  നൈറ്റിൻഗേലിനെപ്പോലെ    വെളുത്തു സുന്ദരിയായ  മധ്യവയസ്കയായ ഒരു സിസ്റ്ററിനെയാണ്.  തലയിൽ വെള്ള തലപ്പാവും, മുട്ടുവരെയുള്ള വെളുത്ത യൂണിഫോമും     ധരിച്ചു   ഒരമ്മയുടെ വാത്സല്യത്തോടെ    ഞങ്ങൾക്ക്    സാന്ത്വനം നൽകിയ   ആ  നേഴ്സ് , കേരള രാഷ്ട്രീയത്തിലെ ഭീഷ്മാചാര്യനായ  വി.എസ് .അച്യുതാനന്ദൻറ്റെ   ഭാര്യ വസുമതി സിസ്റ്ററാണെന്നു വര്ഷങ്ങൾക്ക്  ശേഷമാണ് ഞാൻ മനസ്സിലാക്കിയത്.

.ലാത്തിചാർജിനു ശേഷം  ആലപ്പുഴയിലെ അന്നത്തെ പോലീസ് സൂപ്രണ്ട്  ടി.എസ്‌ .വിശ്വനാഥ പിള്ള, അസിസ്റ്റന്റ് കളക്ടർ സി.ടി.സുകുമാരൻ,ഡി വൈ എസ്  പി  ജ്ഞാനമണി, സർക്കിൾ ഇൻസ്‌പെക്ടർ ഖാൻ  തുടങ്ങിയവർ  സംഭവസ്ഥലത്തു എത്തി എല്ലാം നിയന്ത്രണ വിധേയമാക്കി.  കൂടുതൽ  സംഘർഷങ്ങൾ  ഒഴിവാക്കുവാനായി   മെഡിക്കൽ   കോളേജ്ഉം    , എസ്‌ .ഡി. കോളേജ്൦   അനിശ്ചിത  കാലത്തേക്ക്   അടച്ചിട്ടു. 

തെക്കനേഷ്യൻ രാജ്യങ്ങളിലെ പ്രതിഭാസം 

ഇന്ത്യയും, പാകിസ്താനും, ബംഗ്ലാദേശു  , ശ്രീലങ്കയും ഉൾപ്പെട്ട തെക്കുകിഴക്കൻ ഏഷ്യൻ ഉപഭൂഖണ്ഡത്തിലാണ് റാഗിങ് ഏറ്റവും കൂടുതൽ നടക്കുന്നത്.  പുതിയ കുട്ടികൾ കോളേജുകളിൽ എത്തുമ്പോൾ അവരുടെ  ഭീരുത്വവും  , നാണവും മാറ്റാനായി  ചെറിയ കളിയാക്കലുകളായിട്ടായിരുന്നു ഇതിൻറ്റെ  തുടക്കം . പിന്നീടാണ്  പലയിടങ്ങളിലും ഇത്  അക്രമാസക്തമായതും  ആത്മഹത്യകളിലേക്കും, കൊലപാതകങ്ങളിലേക്കുമൊക്കെ    നയിച്ചതും.  തമിഴ്‌നാട്ടിലെ  അണ്ണാമലൈ സർവകലാശാലയുടെ കീഴിലുള്ള  രാജാ  മുത്തൈയ്യ   മെഡിക്കൽ കോളേജിലെ  വിദ്യാർത്ഥിയും  മുൻ മദ്രാസ്  സർവകലാശാലയുടെ  വൈസ് ചാൻസലറുടെ   മകനുമായ  പൊൻ  നവരസു  റാഗിങ്ങിനെത്തുടർന്ന്   കൊലപാതകം    വേദനാജനകവും  അക്കാലത്തു  ഏറെ ചർച്ചചെയ്യപ്പെട്ടതുമായിരുന്നു. 1996 ലാണ് ഇത് നടന്നത്.  ജോൺ ഡേവിഡ് എന്ന സീനിയർ വിദ്യാർത്ഥി  നവരസുവിനെ ക്രൂരമായാണ്  റാഗ്  ചെയ്തത്. ഇയാൾ അമിതമായി മദ്യപിച്ചശേഷമായിരുന്നു  റാഗിങ് തുടങ്ങിയത്. വസ്ത്രം ഊരി  മാറ്റിയശേഷം ചെരുപ്പ് നക്കാനാണ് അയാൾ  നവരസുവിനോട് പറഞ്ഞത്. അതിനു വിസമ്മതിച്ചതോടെ ശാരീരികമായി ക്രൂരമായി  അയാൾ ആക്രമിച്ചു. അടുത്ത ദിവസം നവരസുവിന്റ്റെ  മൃത ശരീരമാണ് കിട്ടിയത്.  കോടതി  ഡേവിഡിന്  രണ്ട്‌  ജീവപര്യന്തമാണ്‌ വിധിച്ചത്. ഇതിനെ തുടർന്ന് ഇന്ത്യയിൽ ആദ്യമായി റാഗിങ്  നിരോധന നിയം 1997 ൽ തമിഴ് നാട് സർക്കാർ നടപ്പിലാക്കി. പിന്നീട് ഇതുപോലുള്ള നിയമങ്ങൾ നിരവധി സംസ്ഥാന സർക്കാരുകൾ നടപ്പിലാക്കി.  2006 ൽ സുപ്രീം കോടതിയിൽ വന്ന ഒരു കേസിൻറ്റെ  അടിസ്ഥാനത്തിൽ  റാഗിങ് നിയന്ത്രിക്കുന്ന കാര്യം പഠിച്ചു  നിർദേശം നൽകുവാനായി ഒരു വിദഗ്ദ്ധ പാനലിനു രൂപം നല്കാൻ കേന്ദ്ര മനുഷ്യ വിഭവ മന്ത്രാലയത്തോട്  സുപ്രീം കോടതി  ആവശ്യപ്പെട്ടു.  മുൻ സിബിഐ  ഡയറക്റ്റർ ആയിരുന്ന  ആർ  കെ രാഘവൻറ്റെ  നേതൃത്വത്തിൽ ഒരു സമിതിക്ക്  കേന്ദ്ര സർക്കാർ രൂപം നൽകി.  ഈ  സമിതിയുടെ റിപ്പോർട്ടിൻറ്റെ  അടിസ്ഥാനത്തിലാണ് ഇന്ത്യൻ പീനൽ കോഡിൽ ഭേദഗതി വരുത്തിക്കൊണ്ട് റാഗിങ്  എഫ് ഐ ആർ   ഇടേണ്ട  കുറ്റകൃത്യമായി മാറ്റിയത്. 

ഇന്ത്യയുടെ മനസാക്ഷിയെ ഞെട്ടിച്ച മറ്റൊരു  സംഭവം നടന്നത് 2007  ൽ ഹിമാചൽപ്രദേശിലെ ഡോ .രാജേന്ദ്ര പ്രസാദ് മെഡിക്കൽ കോളേജിൽ ആയിരുന്നു.  മദ്യപിച്  ഉന്മത്തരായ നാല് സീനിയർ വിദ്യാർഥികൾ ചേർന്ന് നവാഗതരായ 13 വിദ്യാർത്ഥികളെ  റാഗ്  ചെയ്തു. ഇവരോട്  പരസ്പരം ശക്തിയായി അടിക്കാൻ ആവശ്യപ്പെട്ടു. വിസമ്മതിച്ചവരെ സീനിയർ വിദ്യാർഥികൾ ക്രൂരമായി ദേഹോപദ്രവം ചെയ്തു. രാത്രി തുടങ്ങിയ റാഗിങ് അടുത്ത ദിവസം പുലരും വരെ തുടർന്നു.    റാഗിങ്ങിൽ,  തലക്കേറ്റ പരിക്കിനെ തുടർന്നാണ് അമാൻ  സത്യാ കച്ചറു   എന്ന വിദ്യാർത്ഥി കൊല്ലപ്പെട്ടത്. റാഗിങ് നിയന്ത്രിക്കേണ്ടതിൻറ്റെ  അവശ്യകതയെ  കുറിച്ച്  സുപ്രീം കോടതി ഗൗരവതരമായ നിരീക്ഷണം നടത്തിയത് ഈ കേസിൻറ്റെ  പശ്ചാത്തലത്തിലായിരുന്നു.  സുപ്രീംകോടതിയുടെ നിരീക്ഷണങ്ങളെ തുടർന്നാണ്  ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ റാഗിങ് നിയന്ത്രിക്കാനായി  2009 ൽ യൂണിവേഴ്സിറ്റിഗ്രാൻഡ്സ്   കമ്മീഷൻ ചട്ടങ്ങൾ  കൊണ്ടുവന്നത്.

കേരളത്തിൽ,  കേരള പ്രൊഹിബിഷൻ ഓഫ് റാഗിങ് ആക്ട് 1998 ൽ നടപ്പിലാക്കി.  ഇതനുസരിച്ചു റാഗിങ്  ഒരു കുറ്റകൃത്യവും  2  വര്ഷം വരെ തടവ് ശിക്ഷയും 10000  രൂപവരെ പിഴ ചുമത്താവുന്നതുമായ ഒരു കുറ്റകൃത്യമാണ്. ഇന്ത്യയിലെ ഒരു  സംഘടിത പുരോഗമന വിദ്യാർത്ഥി പ്രസ്ഥാനവും റാഗിങിനെതിരെ സമരം ചെയ്തിട്ടില്ല.  1972 .ലെ  റാഗിങ് വിരുദ്ധ   പ്രക്ഷോഭത്തിലൂടെഎസ്‌ .ഡി . കോളേജ് വിദ്യാർഥികൾ  റാഗിങിങ്ങിനു  എതിരായി   നടത്തിയ  ഒറ്റപ്പെട്ട  ഒരു  സമരത്തിന്റ്റെ  ഭാഗമായി മാറുകയായിരുന്നു.  റാഗിങ്ങുമായി ബന്ധപ്പെട്ട്  ഉണ്ടായ നിയമങ്ങളൊക്കെയും, കോടതികളുടെ നിരീക്ഷണങ്ങളിലൂടെയും സർക്കാരുകൾ കൈക്കൊണ്ട സാമൂഹ്യ പരിഷ്കരണ നടപടികളിലൂടെയും നടപ്പിലാക്കിയവയാണ്.

 കേരളത്തിലോ,  ഇന്ത്യയിലോ,  ഈ സംഭവത്തിന് മുമ്പോ , പിമ്പോ  വിദ്യാർഥികൾ റാഗിങ്ങിന് എതിരായി സമരം നടത്തിയ മറ്റൊരു  സംഭവം   സിദ്ധാർത്ഥിന്റെ  കൊലപാതകം  ഉണ്ടാകുന്നത്  വരെ  വേറെ  ഉണ്ടായിട്ടില്ല. സഹപാഠികളിൽ ഒരാൾ നേരിടേണ്ടിവന്ന   പീഡനമാണ്  നൂറുകണക്കിന്  വിദ്യാർത്ഥികളുടെ  നെഞ്ചിൽ   ഒരു കനലായി വീണതും, ഒരു തീപ്പന്തമായി മാറിയതും. ഒരു സമരത്തിന്റെ രൂപഭാവങ്ങൾ അതിനു ലഭിച്ചത്  ഇരു കോളേജുകളുടെയും സാമീപ്യം ആയിരിക്കാം എന്നാണ് തിരിഞ്ഞു നോക്കുമ്പോൾ  തോന്നുന്നത്  .  ഏതായാലും , ആ സംഭവത്തിന് ശേഷം   ടി.ഡി. മെഡിക്കൽ കോളേജ് വിദ്യാർത്ഥികളും  വളരെ കരുതലോടെയാണ്  റാഗിങ്ങിനെ സമീപിച്ചത്.  ക്രൂരമായ ഒരു റാഗിങ് പിന്നീട് ടി.ഡി. മെഡിക്കൽ കോളേജിൽ നിന്നും റിപ്പോർട്ട് ചെയ്തിട്ടില്ല എന്നതാണ് അതിന്റെ ഏറ്റവും വലിയ തെളിവ്.   എസ്  ഡി കോളേജ്  വിദ്യാർഥികൾ  അന്ന് നടത്തിയ  ആന്റി - റാഗിങ്  സമരം  വിദ്യാർത്ഥി പ്രസ്ഥാനങ്ങൾക്കെല്ലാം മാതൃകയാണ്.

അഡ്വ.പി.എസ്‌ .ശ്രീകുമാർ 

9847173177