Monday, 8 September 2025

                    


              പിണറായി സർക്കാരിൻറ്റെ   മദ്യനയം  ഒരു സാമൂഹ്യ ദുരന്തം 

അഡ്വ. പി.എസ് .ശ്രീകുമാർ 

"മദ്യം കേരളത്തിൽ ഗുരുതരമായ ഒരു സാമൂഹ്യ വിപത്തായി മാറിയിട്ടുണ്ട്. മദ്യത്തിൻറ്റെ  ലഭ്യതയും ഉപയോഗവും പടിപടിയായി, കുറക്കാൻ സഹായകമായ നയമായിരിക്കും ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ സ്വീകരിക്കുക. മദ്യവർജ്ജനത്തെ പ്രോത്സാഹിപ്പിക്കുന്നതിന് ഇന്നുള്ളതിനേക്കാൾ കൂടുതൽ ശക്തമായ ഇടപെടൽ സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകും. ഇതിനായി സാക്ഷരതാ പ്രസ്ഥാനത്തിന്റെ മാതൃകയിൽ അതിവിപുലമായ ഒരു ജനകീയ ബോധവൽക്കരണ പ്രസ്ഥാനത്തിന് രൂപം നൽകും, ഡി.അഡിക്ഷൻ സെൻറ്ററുകൾ   സ്ഥാപിക്കും. മദ്യവർജ്ജന സമിതിയും, സർക്കാരുമായുള്ള സഹകരണം ശക്തിപ്പെടുത്തും." 2016 ലെ കേരള നിയമസഭാ തെരഞ്ഞെടുപ്പ് വേളയിൽ  ഇടതുപക്ഷ ജനാധിപത്യ മുന്നണി ഇറക്കിയ പ്രകടന പത്രികയുടെ  552 ആം ഖണ്ഡികയിലെ    വാഗ്ദാനങ്ങളാണ്  ഇത്.  

553  ആം ഖണ്ഡികയിൽ പറഞ്ഞിരിക്കുന്നത്: "മദ്യം പോലെ സാമൂഹ്യഭീഷണിയായി കഞ്ചാവും മയക്കുമരുന്നും വ്യാപകമാവുകയാണ്, ഇതിനെതിരെ അധികർശനമായ നടപടികൾ സ്വീകരിക്കും." 

554 ൽ പറഞ്ഞിരിക്കുന്നത് "സ്കൂളുകളിൽ മദ്യത്തിനെതിരെയുള്ള ബോധവൽക്കരണം 8  മുതൽ 12  വരെ ക്ലാസ്സിലുകളിൽ ഉൾപ്പെടുത്തും. മദ്യം ഉപയോഗിക്കുന്നതിനുള്ള പ്രായപരിധി 23  ആയി ഉയർത്തും" എന്നുമാണ്. ഇന്നിതുവായിക്കുന്നവർ ചിരിച്ചു മണ്ണുകപ്പും എന്നതിൽ സംശയമില്ല.  ഇതിലും വലിയ തമാശ സ്വപ്നങ്ങളിൽ മാത്രമേ കാണുകയുള്ളു. 

അക്രമങ്ങൾ പ്രോത്സാഹിപ്പിക്കുന്ന മദ്യനയം  

2016  മെയ് മാസത്തിൽ അധികാരത്തിലേറിയ  ഒന്നാം പിണറായി സർക്കാരിന്റെയും , 2021  മുതലുള്ള രണ്ടാം  സർക്കാരിൻറ്റെയും  കഴിഞ്ഞ  9  വർഷത്തെ ഭരണത്തിനിടയിൽ കേരളത്തിൽ ഉണ്ടായ മാറ്റങ്ങൾ  ഭയാനകമാണ്. മദ്യത്തിന്റെയും, ലഹരി പദാർത്ഥങ്ങളുടേയും  ലഹരിയിൽ,   സമൂഹത്തിൽ മാത്രമല്ല, വീടുകളിൽപ്പോലും അക്രമങ്ങളും കൊലപാതകങ്ങളും  വ്യാപകമായി അരങ്ങേറുന്നു .  കുടുംബങ്ങളിൽ അശാന്തി വിളയാടുന്നു. വിദ്യാലയങ്ങൾ  പലതും മദ്യ-മാഫിയ സംഘങ്ങളുടെ നീരാളിപ്പിടുത്തത്തിൽ  പിടയുകയാണ്.  . ഇതിന്റെ ഏറ്റവും ഒടുവിലത്തെ സംഭവമാണ് കഴക്കൂട്ടം ഉള്ളൂർക്കോണത്തു  മകനെ കഴിഞ്ഞ ദിവസം പിതാവ് വെട്ടിക്കൊലപ്പെടുത്തിയത്. ഉള്ളൂർക്കോണം പുത്തൻവീട്ടിൽ ഉല്ലാസിനെയാണ് അച്ഛനായ ഉണ്ണികൃഷ്ണൻ വെട്ടി കൊലപ്പെടുത്തിയത്.  മദ്യലഹരിയിലുണ്ടായ തർക്കത്തിനിടക്കാണ് കൊലപാതകം നടന്നത്.അച്ഛനും മകനും സ്ഥിരമായി മദ്യപിച്ചു വീട്ടിൽ ബഹളമായതിനാൽ ഉണ്ണിക്കൃഷ്ണൻറ്റെ  ഭാര്യ മറ്റൊരു വീട്ടിലായിരുന്നു താമസിച്ചിരുന്നത്.  മറ്റൊരു സംഭവത്തിൽ മദ്യലഹരിയിലായിരുന്ന  മകൻ അച്ഛനെ വെട്ടിക്കൊന്നതും  രണ്ടാഴ്ച മുമ്പ്  മാധ്യമങ്ങളിൽ വന്നിരുന്നു. ഇതുപോലെ നിരവധി സംഭവങ്ങളാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ  ഉണ്ടാകുന്നത്. ഈ കൊലപാതകങ്ങളെല്ലാം  നടക്കുന്നത് മദ്യത്തിനും മയക്കുമരുന്നുകൾക്കും അടിമപ്പെട്ടവരാണ്. ലഹരിക്കടിമപ്പെടുന്ന ആൺമക്കൾ  സ്വന്തം സഹോദരിമാരെയും അമ്മമാരെയും  ലൈംഗികമായി പീഡിപ്പിക്കുന്ന  വേദനാജനകമായ  സംഭവങ്ങളും  തുടർക്കഥകളാകുന്നു. രാജ്യത്തിന് തന്നെ  അഭിമാനമാകേണ്ട യുവാക്കൾ മദ്യത്തിന്റെയും,  മയക്കുമരുന്നുകളുടെയും   ലഹരിയിൽ കാട്ടിക്കൂട്ടുന്ന പേക്കൂത്തുകൾ  സമൂഹം ഇന്നെത്തിപ്പെട്ടിരിക്കുന്ന  ദുരവസ്ഥയുടെ നടുക്കുന്ന ചിത്രങ്ങളാണ്  വരച്ചുകാട്ടുന്നത്. , പല ഇടപാടുകളുടെയും പിറകിൽ സിപിഎം/ ഡി.വൈ എഫ്.ഐ  നേതാക്കളുടെ ഇടപെടലുകൾ ഉള്ളതിനാൽ,  പിണറായി സർക്കാർ മദ്യ-മയക്കുമരുന്ന് മാഫിയകൾക്കെതിരെ ശക്തമായ നടപടികൾ എടുക്കാത്തതും, അവരിൽ നിന്നും വലിയ രീതിരിൽ പാർട്ടി ഫണ്ട് ശേഖരിക്കുന്നതുമാണ്  ഇന്നത്തെ അരാജകാവസ്ഥക്കു കാരണം.

പ്രകടന പത്രിക കാറ്റിൽ പറത്തുന്ന  ഇടതു സർക്കാർ 

2011-2016 കാലഘട്ടത്തിൽ, അന്നത്തെ ഉമ്മൻ ചാണ്ടി സർക്കാർ  സംസ്ഥാനത്തെ പത്തുവർഷം കൊണ്ട്  സമ്പൂർണ മദ്യ രഹിത സംസ്ഥാനമാക്കി മാറ്റുന്നതിൻറ്റെ  ഭാഗമായി അഞ്ച് സ്റ്റാറിന് താഴെയുള്ള 730 ബാറുകളാണ് പൂട്ടിയത്.  അതുപോലെ ഓരോ വർഷവും ബെവറേജ്‌സ്  കോർപ്പറേഷന്റെ  10 ശതമാനം ഷോപ്പുകൾ അടക്കുവാൻ തീരുമാനിക്കുകയും, 2016  മെയ് മാസത്തിനുള്ളിൽ 78  ഔട്‍ലെറ്റുകൾ അടച്ചുപൂട്ടുകയും ചെയ്‌തു.  മാത്രമല്ല. മദ്യം വാങ്ങുന്നതിനുള്ള കുറഞ്ഞ പ്രായം 18 ൽ നിന്നും 21 വയസ്സായി ഉയർത്തുകയും, ഒരാൾക്ക് കൈവശം വെക്കാവുന്ന മദ്യത്തിന്റെ അളവ് 27.1 ലിറ്ററിൽ നിന്നും 15 ലിറ്ററായി കുറക്കുകയും ചെയ്തു. സൂര്യോദയം മുതൽ അർദ്ധരാത്രിവരെ  പ്രവർത്തിച്ചിരുന്ന ബാർ ഹോട്ടലുകളുടെയും, ബിയർ-വൈൻ പാർലറുകളുടെ  പ്രവർത്തന സമയം അഞ്ചര മണിക്കൂർ വെട്ടിക്കുറച്ചു.  അതിനു പുറമെ പുതിയ മദ്യശാലകൾ അനുവദിക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങളുടെ അനുമതി നിർബന്ധമാക്കി. ഈ  നടപടികളിലൂടെ മദ്യത്തിന്റെ വിൽപ്പനയിൽ 26  ശതമാനം കുറവുണ്ടായി. ഈ കുറവ് അപകട നിരക്കിലും, അക്രമങ്ങളിലും, ആത്മഹത്യകളിലും  പ്രതിഫലിക്കുകയും ചെയ്തു. ചെയ്തു. എന്നാൽ, മദ്യത്തിന്റെ ലഭ്യതയും, ഉപയോഗവും പടിപടിയായി കുറയ്ക്കുമെന്ന് വാഗ്ദാനം ചെയ്‌ത്‌  അധികാരത്തിലേറിയ പിണറായി സർക്കാർ, പടിപടിയായി മദ്യത്തിന്റെ ലഭ്യത ഗ്രാമങ്ങളിൽ പോലും കൂട്ടുന്ന നടപടിയായി എടുത്തുകൊണ്ടിരിക്കുന്നതു. ഉമ്മൻ‌ചാണ്ടി സർക്കാർ, 29  ആയി കുറച്ച ബാർ ഹോട്ടലുകളുടെ എണ്ണം പിണറായി സർക്കാർ 800 നു മുകളിലെത്തിച്ചു.  ബീവറേജ്‌സ് കോർപറേഷന്റെ ഔട്‍ലെറ്റുകളുടെ  എണ്ണവും 300 ൽ നിന്നും ഏകദേശം 1300  നു  മുകളിലായി വർധിപ്പിച്ചു. 2662 ശതമാനം വർധനവാണ് ഈ സർക്കാർ മദ്യലഭ്യതക്കായി വരുത്തിയ മാറ്റം. ഇപ്പോൾ , ടെക് പാർക്കുകളിൽ വൈൻ ഔട്ലറ്റുകൾ തുറക്കാനും അനുമതി നൽകിക്കഴിഞ്ഞു. 3 സ്റ്റാർ ഹോട്ടലുകൾക്കും ബാർ ലൈസൻസ് നൽകുവാൻ തുടങ്ങി. 2008 ൽ നാർക്കോട്ടിക് കേസുകളുടെ എണ്ണം 500  ഓളം ആയിരുന്നത് 2022 ൽ 26629  ആയി വർധിച്ചു. ഓരോ ജില്ലകളിലും 500 ൽ പരം കേസുകളാണ് രജിസ്റ്റർ ചെയ്യപ്പെട്ടത്. 21  വയസ്സിനു താഴെയുള്ള ഉപയോക്താക്കളിൽ ഏകദേശം 40  ശതമാനം പേര് 18  വയസ്സിനു താഴെയുള്ളവരാണ്. മദ്യവും മയക്കു മരുന്നുകളും സമൂഹത്തിൽ വ്യാപകമാകുമ്പോൾ സർക്കാർ സംവിധാനം വെറും കാഴ്ചക്കാരെപ്പോലെ നിൽക്കുകയാണ്. സിപിഎം  നും, സർക്കാരിനും ഈ നടപടികളിലൂടെ വരുമാന വർദ്ധനവ് മാത്രമാണ് ചിന്ത.

ഒന്നാം നമ്പർ 

2025 ൽ 10  ദിവസത്തെ  ഓണവിൽപ്പനയിലൂടെ 826  കോടി രൂപയുടെ മദ്യമാണ് ബെവ്‌കോ വിറ്റഴിച്ചതു. ഇത് കഴിഞ്ഞ വർഷത്തേക്കാൾ 50  കോടി രൂപ അധികമാണ്. കഴിഞ്ഞ വര്ഷം ഓണക്കാല വിൽപ്പനയുടെ 776 കോടി രൂപയുടെ മദ്യമാണ് വിറ്റുപോയത്.  തിരുവോണ തലേന്ന് മാത്രം വിറ്റത്  137 രൂപയുടെ മദ്യമാണ്. സമൂഹവും, സംസ്ഥാനവും എങ്ങിനെപോയാലും വേണ്ടില്ല, സർക്കാർ-പാർട്ടി ഖജനാവുകളിലേക്ക്  വരുമാനം ഒഴുകണം എന്ന് മാത്രമാണ് ഈ സർക്കാരിന്റെ ചിന്ത. മദ്യ-മയക്കു മരുന്ന് വ്യാപന കാര്യത്തിൽ ഒന്നാം സ്ഥാനത്തു കേരളത്തെ എത്തിച്ചതിൽ" പിണറായി സർക്കാരിന് ഊറ്റംകൊള്ളാം "!















Monday, 4 August 2025

   


  

                                   ഉമ്മൻചാണ്ടിയുടെ കാഴ്ചപ്പാടിലെ  വികസനം 

 അഡ്വ .പി .എസ് .ശ്രീകുമാർ

          കാരുണ്യത്തിൻറ്റെ  നിലക്കാത്ത പ്രവാഹമായിരുന്നു  ഉമ്മൻചാണ്ടി എന്ന നേതാവ്.  അധികാരം ഉള്ളപ്പോലും ഇല്ലാത്തപ്പോളും, അദ്ദേഹം ജനങ്ങൾക്കുനടുവിൽ, അവരുടെ പ്രശ്നങ്ങൾ കേട്ടും പരിഹരിച്ചും  അവരിൽ ഒരാളായി ജീവിച്ച  നേതാവായിരുന്നു. അദ്ദേഹത്തെ സ്നേഹിക്കുന്നതുപോലെതന്നെ, അദ്ദേഹത്തോട് ദ്വേഷ്യപ്പെടാനും, ശാസിക്കാനും  അദ്ദേഹം  ജനങ്ങൾക്ക് സ്വാതന്ത്ര്യം നൽകി.   സാധാരണക്കാർക്ക്  ഏതു അർദ്ധരാത്രിക്കും  കാണാനും, ഫോണിൽ വിളിക്കാനും ,  പ്രാപ്യനായ  ഒരു നേതാവ് ഉമ്മൻചാണ്ടിയല്ലാതെ   മറ്റൊരാൾ ഇന്ത്യൻ രാഷ്ട്രീയത്തിൽ ഇല്ലായിരുന്നു. 2004 ലെ ഉമ്മൻ‌ചാണ്ടി സർക്കാരിന്റെ മുദ്രാവാക്യം  "അതിവേഗം ബഹുദൂരം" എന്നതായിരുന്നെങ്കിൽ, 2011 ൽ രണ്ടാമൂഴത്തിൽ  അധികാരത്തിലേറിയ അദ്ദേഹത്തിന്റെ നേതൃത്വത്തിലെ സർക്കാരിന്റെ മുദ്രാവാക്യം "കരുതലും വികസനവും" എന്നതായിരുന്നു.  ജനങ്ങളോടുള്ള കരുതലിനൊപ്പം, നാടിൻറ്റെ  വികസനത്തിനും അദ്ദേഹം തുല്യപ്രാധാന്യം നൽകി. ഒരുപക്ഷേ,   ഐക്യ കേരള  രൂപീകരണ ശേഷം,  ഉമ്മൻചാണ്ടിയെപ്പോലെ  കേരളത്തിൻറ്റെ സമഗ്ര വികസനത്തിന് വേണ്ടി ശ്രമിച്ച മറ്റൊരു മുഖ്യമന്ത്രി ഉണ്ടായിട്ടില്ല എന്ന് നിസംശയം പറയുവാൻ സാധിക്കും. 

1967 ൽ ഈ .എം.എസ്‌  രണ്ടാമത് മുഖ്യമന്ത്രിയായപ്പോൾ  ഉമ്മൻചാണ്ടി കെ.എസ.യു എന്ന വിദ്യാർത്ഥി സംഘടനയുടെ സംസ്ഥാന  പ്രസിഡണ്ട്  ആയിരുന്നു. 1965 ലെ  ഇന്ത്യ-പാകിസ്ഥാൻ യുദ്ധത്തെ തുടർന്നുള്ള  ആ  കാലയളവിലും, കേരളം ഭക്ഷ്യ ക്ഷാമത്തിൻറ്റെ  പിടിയിൽ നിന്നും മോചിതമായിരുന്നില്ല.  ആവശ്യത്തിന് ഭക്ഷണ സാധനങ്ങൾ ലഭ്യമല്ലാതെ   ജനം വറുതിയിലായിരുന്ന അവസരത്തിലാണ് ഇടതു സർക്കാരിലെ കൃഷിമന്ത്രിയായിരുന്ന എം. എൻ. ഗോവിന്ദൻ നായരുടെ അഭ്യർത്ഥന സ്വീകരിച്ചുകൊണ്ട്  വിദ്യാർത്ഥികളെ രാഷ്ട്ര നിർമിതിയിൽ ഭാഗഭാക്കുകളാക്കുവാനായി "ഓണത്തിന് ഒരു പറ നെല്ല്" എന്ന  വികസന ആശയവുമായി  ഉമ്മൻചാണ്ടി കേരളത്തിൽ അങ്ങോളം ഇങ്ങോളമുള്ള   വിദ്യാലയങ്ങളിൽ ഓടിനടന്ന്  ഇടതു സർക്കാരിന് കൈത്താങ്ങായി  പ്രവർത്തിച്ചത്. പിന്നീട്  എം.എൽ.എ ആയും, പ്രതിപക്ഷ നേതാവായും, മന്ത്രിയായും , മുഖ്യമന്ത്രിയായും ഇരുന്നിട്ടുള്ളപ്പോളൊക്കെ തൻറ്റെ  വികസന കാഴ്ചപ്പാട് നടപ്പിലാക്കിയ  നേതാവായിരുന്നു അദ്ദേഹം. 

      ഭരണ രംഗത്ത്  അദ്ദേഹം ആദ്യമായി പ്രവേശിച്ചത് , 1977 ലെ  ആൻറണി  മന്ത്രിസഭയിൽ, തൊഴിൽ-ഭവന  മന്ത്രിയായായിട്ടായിരുന്നു.  ആ  കാലഘട്ടത്തിലാണ് തിരുവനന്തപുരം  ചെങ്കൽച്ചൂള കോളനിയിലെ അധസ്ഥിത  വിഭാഗങ്ങൾ താമസിച്ചിരുന്ന , ചേരികൾ മാറ്റി  ഫ്ലാറ്റുകൾ    നിർമ്മിച്ചു നൽകുവാനുള്ള പദ്ധതിയ്ക്കു തുടക്കം കുറിച്ചത്. തൊഴിലില്ലാത്ത യുവാക്കൾക്ക്  ഇന്നും ലഭിക്കുന്ന തൊഴിലില്ലായ്മ വേതനം  അദ്ദേഹം   തൊഴിൽ മന്ത്രിയായി അധികാരത്തിലേറിയപ്പോഴാണ്  നടപ്പിലാക്കിയത്.  അസംഘടിതരായിരുന്ന  ചുമട്ടുതൊഴിലാളികളുടെ ക്ഷേമത്തിനായി  ക്ഷേമനിധി ബില്ലു പാസ്സാക്കിയതും    തൊഴിൽ മന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയുടെ ശ്രമത്തിലായിരുന്നു.. 

1981 ൽ ആഭ്യന്ത മന്ത്രി ആയിരുന്ന അവസരത്തിലാണ് പൊലീസിൽ  ആധുനികവൽക്കരണത്തിന്  തുടക്കം കുറിച്ചത് .  ബ്രിട്ടീഷ് ഭരണ കാലം  മുതൽ പോലീസിന്റ്റെ  യൂണിഫോം ആയിരുന്ന ട്രൗസർ മാറ്റി പാന്റ്സ് കൊണ്ടുവന്നു. അതുപോലെ തീപ്പെട്ടിക്കൊള്ളിപോലത്തെ തൊപ്പിമാറ്റി, ഇപ്പോൾ  ഉപയോഗത്തിലുള്ള തൊപ്പി നൽകി. ധനകാര്യ മന്ത്രിയായിരുന്ന അവസരത്തിൽ കേരളത്തിന്റെ ഖജനാവ് ശക്തിപ്പെടുത്താനുള്ള നടപടികൾ സ്വീകരിച്ചു.    മുഖ്യമന്ത്രി ആയ രണ്ടവസരങ്ങളിലും കേരളത്തെ കുറിച്ചുള്ള തൻറ്റെ വികസന സ്വപ്‌നങ്ങൾ ഒന്നൊന്നായി നടപ്പിലാക്കുവാൻ അദ്ദേഹം ശുഷ്‌കാന്തി കാട്ടി. 2004 ൽ             ആദ്യമായി  മുഖ്യമന്ത്രി  ആയ   അവസരത്തിലാണ്ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള 20 ലക്ഷം കുടുംബങ്ങൾക്ക് 3 രൂപയ്ക്  പ്രതിമാസം 25 കിലോ അരി ,ആരോഗ്യഇൻഷുറൻസ് പദ്ധതി സ്കൂൾ കുട്ടികൾക്ക് ഉച്ചഭക്ഷണത്തോടൊപ്പം മുട്ട നൽകുന്ന പദ്ധതി, എന്നിവ നടപ്പിലാക്കിയത്  . തിരുവനന്തപുരം നഗരത്തിലെ റോഡുകൾ ആധുനികവൽക്കരിച്ചു .പാളയം അടിപ്പാത സമയബന്ധിതമായി പൂർത്തീകരിച്ചു.  ഇതിൻറ്റെ  ഭാഗമായി രണ്ടു ഫ്‌ളൈഓവറുകൾ നിർമിക്കാനും നടപടി തുടങ്ങി . കരിപ്പൂർ വിമാനത്താവളത്തിന് അന്താരാഷ്ട്ര വിമാനത്താവളമെന്ന പദവി ലഭ്യമാക്കി. കോട്ടയവും, ഇടുക്കിയും  ഉൾപ്പെടെയുള്ള, മലയോര മേഖലയുടെ വികസനം ലക്ഷ്യമാക്കി മലയോര പാത പദ്ധതിക്ക് തുടക്കമിട്ടു. അഭ്യസ്ത വിദ്യരായ ചെറുപ്പക്കാർക്ക് കേരളത്തിൽ ജോലി ലഭ്യമാക്കണമെന്ന  ഉദ്ദേശത്തോടെയാണ്  ആഗോള ഐ.ടി കമ്പനികളെ ആകര്ഷിയ്ക്കുവാൻ സ്മാർട്ട് സിറ്റി  സ്ഥാപിയ്ക്കാൻ തീരുമാനിച്ചത് .  എന്നാൽ   അതിനെതിരെ അന്നത്തെ പ്രതിപക്ഷനേതാവ് ഹൈക്കോടതിയിൽ കേസുമായി പോയി.  ഈ    പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങൾ  ആരംഭിച്ചതും പൂർത്തീകരിച്ചതും  ഉമ്മൻ ചാണ്ടി 2011 ൽ വീണ്ടും മുഖ്യമന്ത്രി  ആയപ്പോഴാണ്. 

        ഉമ്മൻ ചാണ്ടിസർക്കാർ 2011  മെയ് 18 നു അധികാരമേറ്റയുടൻ തന്നെ 100  ദിന പരിപാടി   പ്രഖ്യാപിച്ചു. ഒരു ഭരണാധികാരിയുടെ നിശ്ചയദ്ധാർഢ്യവും  ദിശാബോധവും പ്രകടിപ്പിച്ച  പദ്ധതിയായിരുന്നു അത്. . നൂറാം ദിവസം വി.ജെ.ടി ഹാളിൽ വച്ച് നടത്തിയ  പ്രോഗ്രസ്സ് റിപ്പോർട്ട് അവതരണത്തിൽ,  പ്രഖ്യാപിച്ച 107 പരിപാടികളിൽ 102 എണ്ണവും,  100 ദിവസകാലയളവിനുള്ളിൽ  നടപ്പിലാക്കിയ കാര്യം  പൊതുജനങ്ങളെ പ്രോഗ്രസ്സ് റിപ്പോർട്ടിലൂടെ  അറിയിച്ചു . BPL  റേഷൻകാർഡ് ഉടമകൾക്ക് ഒരു  രൂപയ്ക്ക് 25  കിലോ അരി, റേഷൻ കാർഡിനായി അപേക്ഷിച്ചവർക്കെല്ലാം   റേഷൻ കാർഡ് അനുവദിച്ചു നൽകൽ ,എന്നിവയെല്ലാം നൂറുദിന പരിപാടിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കി. ഇതിന്റെ പ്രയോജനം സംസ്ഥാനത്തിന്റെ എല്ലാ ഭാഗങ്ങളിലും ഉള്ളവർക്ക് ലഭിച്ചു.

വൻകിട പദ്ധതികൾ               

       നമുക്കെല്ലാം അറിയാവുന്നതുപോലെ  വൻകിട പദ്ധതികൾ കേരളത്തിൽ പൊതുവെ കുറവാണ്. .  ജനസാന്ദ്രത കൂടിയതുംസ്ഥലത്തിൻറ്റെ  ദൗർലഭ്യവും, ഉയർന്ന വിലയും കാരണം വൻകിട വ്യവസായികൾ  കേരളത്തിലേക്ക് വരാത്ത സാഹചര്യമാണ്.  സര്ക്കാരിന്റ്റെ   ആഭിമുഖ്യത്തിലുള്ള  വൻകിട പദ്ധതികൾ മാത്രമാണ് കേരളത്തിൽ കഴിഞ്ഞ അരനൂറ്റാണ്ടായി  ഉണ്ടായിരുന്നത്.  അതുതന്നെയും വിരലിലെണ്ണാവുന്നവ മാത്രം.  കാനഡ സർക്കാരിന്റ്റെ സഹായത്തോടെ 1973 ൽ  ഇടുക്കി ജലപദ്ധതി  നടപ്പിലാക്കിയതിന്   ശേഷം പിന്നീടുണ്ടായ ഒരു വൻകിട പദ്ധതി എന്ന് പറയാവുന്നത്  പൊതു-സ്വകാര്യ സംയുക്ത സംരംഭമായ നെടുമ്പാശ്ശേരി  വിമാനത്താവളം മാത്രമായിരുന്നു .  ഇതിനൊരു മാറ്റം വരുത്തുവാൻ  മുഖ്യമന്ത്രി എന്ന നിലയിൽ അദ്ദേഹം ശ്രമിച്ചു.  2005 ലെ  ഉമ്മൻചാണ്ടി സർക്കാർ തുടക്കം കുറിച്ച   കൊച്ചി മെട്രോ  പദ്ധതിക്ക് വീണ്ടും  ജീവൻ വചു.. കൊച്ചി മെട്രോക്ക് തടസ്സമായി ഒട്ടേറെ കാര്യങ്ങൾ പൊന്തിവന്നു. DMRC യെ പദ്ധതിയുടെ നടത്തിപ്പിന് ചുമതല ഏൽപ്പിക്കാൻ  ഉദ്യോഗസ്ഥ പ്രമുഖർ  തടസ്സവാദങ്ങൾ ഒരുപാടു ഉന്നയിച്ചു.  അതിനെ അതിജീവിച്ചു DMRC  ക്ക്   ചുമതല നല്കാൻ സർക്കാർ തീരുമാനിച്ചെങ്കിലും  അതേറ്റെടുക്കാൻ DMRC  തയാറായില്ല. ഒടുവിൽ   ഉമ്മൻചാണ്ടിയും, അന്ന് സംസ്ഥാനത്തു റയിൽവേയുടെ  ചുമതലയുണ്ടായിരുന്ന മന്ത്രി ആര്യാടൻ മുഹമ്മദും കൂടി കേന്ദ്ര മന്ത്രി കമൽനാഥിനെയും  മുഖ്യമന്ത്രിയായിരുന്ന ഷീല ദീക്ഷിതിനെയും  നേരിട്ടുകണ്ടാണ്  5500  കോടി മുതൽ മുടക്കുള്ള  കൊച്ചി മെട്രോയുടെ നിർമാണം ഏറ്റെടുപ്പിച്ചത് .  മുഖ്യമന്ത്രി സ്ഥാനത്തു നിന്നും ഒഴിയുന്നതിന് മുമ്പുതന്നെ  ആദ്യഘട്ട നിർമാണം പൂർത്തിയാക്കി  ട്രയൽ റണ്ണും നടത്തി.

                            സംസ്ഥാന സർക്കാരിന്റ്റെ  സഹകരണത്തോടെയാണ് കേന്ദ്ര പൊതുമേഖലാ സ്ഥാപനമെന്ന നിലയിൽ  1966 ൽ  കൊച്ചി റിഫൈനറി ആരംഭിച്ചത്. പിന്നീട് ഇതിനെ ഭാരത് പെട്രോളിയം കോര്പറേഷന് ഏറ്റെടുത്തു. 2012 ലെ" എമേർജിങ് കേരള " ആഗോള സംഗമത്തിൽ പങ്കെടുത്തപ്പോഴാണ്   20000  കോടി രൂപയുടെ വികസന പദ്ധതിക്ക് ബി പി സി എൽ രൂപരേഖ ഉണ്ടാക്കിയത്.  ആഗോള സംഗമം ഉദ്‌ഘാടനം ചെയ്യാനെത്തിയ പ്രധാന മന്ത്രി മൻമോഹൻ സിംഗുമായി  ഉമ്മൻ ചാണ്ടി നടത്തിയ ചർച്ചയെ തുടർന്നാണ്  ബ്രിഹത്തായ  ഈ പദ്ധതിക്ക് കേന്ദ്ര സർക്കാർ പച്ച കൊടി  കാട്ടിയതു.  ഇത്  നടപ്പിലാക്കുവാൻ  സ്ഥലം ഏറ്റെടുത്തു നൽകിയതിന് പുറമെ , നികുതി ഇളവുൾപ്പെടെ  ഒട്ടേറെ  സൗകര്യങ്ങളാണ് സംസ്ഥാന സർക്കാർ  നൽകിയത്.  നാല് വര്ഷം കൊണ്ട്  വികസന പ്രവർത്തനങ്ങൾ പൂർത്തീ കരിച്ചു കഴിഞ്ഞപ്പോൾ, ബി പി സി എല്ലിന്റ്റെ   കീഴിലെ ഏറ്റവും വലിയ റിഫൈനറി യായി  ഇത് മാറി.  ഇന്ന്  കേരളത്തിൽ ഏറ്റവും കൂടിയ മുതല്മുടക്കുള്ള പൊതുമേഖലയിലെ  പദ്ധതിയും  ഇതാണ്.

              വികസനത്തിന്  കാതോർത്തിരുന്ന   ഉത്തര മലബാറിന്  പ്രതീക്ഷനൽകിയാണ് കണ്ണൂർ എയർപോർട്ട് പദ്ധതി   പ്രഖ്യാപിച്ചത്.   ഉമ്മൻചാണ്ടി  മുഖ്യമന്ത്രി ആയ ശേഷമാണ്  2300 കോടി  ചെലവ് പ്രതീക്ഷിച്ച നിർമാണ കരാർ എൽ ആൻഡ് ടി  കമ്പനിയെ ഏൽപ്പിച്ചത്. 2016  ഫെബ്രുവരിയിൽ  റൺവെ  നിർമാണം പൂർത്തിയാക്കി എയർ ഫോഴ്സ് വിമാനത്തിന്റ്റെ   ട്രയൽ റണ്ണും  നടത്തിക്കുവാൻ  അദ്ദേഹത്തിന്  സാധിച്ചു. ട്രയൽ റൺ നടത്തിയ ദിവസം, റൺവേയുടെ  നീളം  കുറവാണെന്നു പറഞ്ഞു  സമരം നടത്തുകയും, ഉപരോധിക്കുകയും ചെയ്തവർ, പിന്നീട് ഭരണത്തിലേറിയെങ്കിലും  ഒരിഞ്ചുപോലും  റൺവേയുടെ  നീളം  കൂറ്റൻ സാധിച്ചില്ല.   ട്രയൽ റൺ നടത്തി,   രണ്ടു വർഷങ്ങൾക്കു  ശേഷമാണ് ടെർമിനൽ  നിർമാണം പൂർത്തിയാക്കി  ഔപചാരിക ഉദ്‌ഘാടനം പിണറായി സർക്കാർ നടത്തിയത്. .

 റോഡ് വികസനം 

             നാല്  പതിറ്റാണ്ടായുള്ള  കേരളത്തിൻറ്റെ  ആവശ്യമാണ് പാറശ്ശാല മുതൽ മഞ്ചേശ്വരം വരെയുള്ള നാല്  വരി  ദേശീയ പാത. .ഭൂമി ഏറ്റെടുക്കൽ അലൈൻമെന്റ് തുടങ്ങിയ തർക്കങ്ങളിൽ പെട്ട് ഈ ആവശ്യം  ശീതീകരണപ്പെട്ടിയിലായപ്പോൾ  ഉമ്മൻ ചാണ്ടിയുടെ മനസ്സിലുദിച്ച ആശയമാണ്  പ്രധാന നഗരങ്ങളിലെ ഗതാഗത തടസ്സങ്ങൾ മറികടക്കാനായി  ബൈപാസുകൾ മാത്രമായി ,  ദേശീയ പാതാ  അതോറിറ്റിയുടെ  അംഗീകാരത്തോടെ, നിർമിക്കുവാൻ സാധിക്കുമോ എന്നുള്ളത് .തലശ്ശേരി,കോഴിക്കോട്,ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളിൽ ബൈപാസ് നിർമിക്കാൻ സ്ഥലം ഏറ്റെടുത്തിട്ട്  നാലുപതിറ്റാണ്ടു കഴിഞ്ഞെങ്കിലും  ദേശീയ പാതക്കൊപ്പമേ ബൈ പാസ് നിർമാണവും  നടത്താൻ സാധിക്കു എന്നായിരുന്നു കേന്ദ്ര നയം.ദേശീയ പാത വികസനത്തോടൊപ്പം ബൈപാസ് വികാസം എന്ന കടുംപിടുത്തതിൽ നിന്നും കേന്ദ്ര സർക്കാരിനെ പിന്തിരിപ്പിക്കുവാൻ മുഖ്യമന്ത്രി എന്ന നിലയിൽ ഉമ്മൻ ചാണ്ടി ശ്രമിച്ചു. ദേശീയ പാതക്കായി 45  മീറ്ററിൽ സ്ഥലം ഏറ്റെടുക്കുന്നതിനെതിരെ പല സംഘടനകളും  പ്രക്ഷോഭം നടത്തി  സർവ്വേ പോലും നിർത്തിവെക്കേണ്ടി വന്ന സാഹചര്യമായിരുന്നു അന്ന്.. സ്ഥലം ഏറ്റെടുക്കൽ  ആവശ്യമില്ലാത്ത ബൈപാസ്സുകളെ ഇതിൽ നിന്നും ഒഴിവാക്കുവാൻ പറ്റുമോ എന്ന് ആരായാൻ അദ്ദേഹം തീരുമാനിച്ചു.  അതിനായി  പ്രധാനമന്ത്രിയായിരുന്ന മൻമോഹൻ സിംഗിനെ നേരിട്ട് കണ്ട് അദ്ദേഹം ആവശ്യപ്പെട്ടു.  ബൈപാസ് വികസന ചെലവിന്റ്റെ  പകുതി സംസ്ഥാന സർക്കാർ    വഹിക്കാമെന്ന ഉറപ്പുകൊടുത്താണ് ഈ ബൈപാസ്സുകളെയെല്ലാം സ്റ്റാൻഡ് എലോൺ  പദ്ധതികളാക്കി മാറ്റിയത്. ഈ നയം മാറ്റം രാജ്യത്തുതന്നെ ആദ്യമായിരുന്നു. കോഴിക്കോട് ബൈപാസ് നിർമാണം പൂർത്തിയാക്കുകയും,  ബാക്കിയുള്ളവയുടെ   നിർമാണപ്രവര്ത്തനങ്ങൾക്കു തുടക്കം കുറിക്കുവാനും  ഉമ്മൻ ചാണ്ടി സർക്കാരിന് കഴിഞ്ഞു.  

           സംസ്ഥാന  രൂപീകരണ കാലം മുതലുള്ള ഒരു സ്വപ്ന പദ്ധതിയായിരുന്നു വിഴിഞ്ഞം തുറമുഖനിർമാണം. തീരത്തു  നിന്ന് ഒരു നോട്ടിക്കൽ മൈൽ അകലം വരെ സ്വാഭാവികമായ 24 മീറ്റർ ആഴം വിഴിഞ്ഞതിൻറ്റെ മാത്രം പ്രത്യേകതയാണ്. ഇക്കാരണത്താൽ മറ്റു തുറമുഖങ്ങളെപ്പോലെ ഇടയ്ക്കിടയ്ക്ക് ചെലവേറിയ ഡ്രെഡ്ജിങ് ആവശ്യമില്ല. നിലവിൽ ഇന്ത്യയിൽ കണ്ടെയ്നർ ട്രാൻസ്ഷിപ്മെൻറ്റ് ടെര്മിനലുകളൊന്നും ഇല്ല .ഇതിനായി നമ്മൾ ആശ്രയിയ്ക്കുന്നതു ദുബായ് കൊളമ്പോ ,സിംഗപ്പൂർ തുടങ്ങിയ തുറമുഖങ്ങളെയാണ്. വിഴിഞ്ഞം തുറമുഖ പദ്ധതി നടപ്പിലായാൽ രാജ്യത്തിന് വിദേശ നാണ്യഇനത്തിൽ കോടിക്കണക്കിനു രൂപ ലാഭിയ്ക്കുവാൻ സാധിയ്ക്കും. 2001 ലെ ആൻറണി സർക്കാർ വിഴിഞ്ഞം തുറമുഖം വികസിപ്പിയ്ക്കുവാൻ തീരുമാനിച്ചെങ്കിലുംകോടതി കേസുകൾ കാരണം മുന്നോട്ടു പോകുവാൻ സാധിച്ചില്ല. പിന്നീട് വന്ന അച്യുതാനന്ദൻ സർക്കാരിന്റ്റെ കാലത്തും പദ്ധതി കടലാസിൽതന്നെയിരുന്നു .ഈ പദ്ധതിയ്‌ക്കെതിരെ രാജ്യത്തിനകത്തും പുറത്തുമുള്ള  വിവിധ കേന്ദ്രങ്ങളിൽ നിന്നും ഉയർന്ന എല്ലാ എതിർപ്പുകളെയും അവഗണിച്ചു കൊണ്ടാണ് പദ്ധതിയുമായി മുന്നോട്ടു പോകാൻ ഉമ്മൻ ചാണ്ടി സർക്കാർ തീരുമാനിച്ചത്.  തിരുവന്തപുരത്തിന്റ്റെയും കേരളത്തിൻറ്റെയും വികസനത്തിൽ  നിർണായകമായ സ്ഥാനം ഈപദ്ധതിയ്ക്കുണ്ടെന്നു തിരിച്ചറിഞ്ഞ മുഖ്യമന്ത്രി ഉമ്മൻ‌ചാണ്ടി, എല്ലാതടസ്സവാദങ്ങളെയും  അതിജീവിച്ചാണ്  അദാനി പോർട്ടുമായി കരാറുണ്ടാക്കിയത്. ആയിരം ദിവസങ്ങൾക്കുള്ളിൽ സമയബന്ധിതമായി പദ്ധതി നടപ്പിലാക്കാനാണ് ലക്ഷ്യമിട്ടിരുന്നത്.  ഈ പദ്ധതി ഇപ്പോൾ ഇഴഞ്ഞു നീങ്ങുകയാണെങ്കിലും, നിർമാണം പൂർത്തിയാകുമ്പോൾ  തിരുവനന്തപുരത്തിൻറ്റെയും, കേരളത്തിൻറ്റെയും  വികസനത്തിന്  പ്രധാന പങ്കുവഹിക്കുമെന്നതിൽ സംശയമില്ല. 

റെയിൽവേ ഗതാഗതത്തിലെ  കാലതാമസം  ഒഴിവാക്കുന്നതിനും , വേഗത്തിൽ റെയിൽവേ ഗതാഗതം  മാറ്റുന്നതിൻറ്റെയും   ഭാഗമായി, തിരുവനന്തപുരത്തുനിന്നും ചെങ്ങന്നൂർവരെ 125  കിലോ മീറ്റർ ദൂരത്തിൽ സബർബൻ ട്രെയിൻ സർവീസ് ആരംഭിക്കുന്നതിനായി റെയ്ൽവേയുമായി ധാരണ പത്രം ഒപ്പുവെച്ചു .  റെയിൽവേയും സംസ്ഥാന സർക്കാരും തുല്യമായി മുതൽ മുടക്കി വേഗതയാർന്ന ട്രെയിൻ സർവീസ് ആരംഭിക്കുവാനും പിന്നീട് വടക്കൻ ഭാഗങ്ങളിലേക്ക്  സർവീസ് നീട്ടുവാനുമാണ്  ഉദ്ദേശിച്ചത്.  എന്നാൽ എൽ ഡി എഫ് സർക്കാർ ഈ പദ്ധതി ഉപേക്ഷിച്ചു . തിരുവനന്തപുരംകോഴിക്കോട് ലൈറ്റ് മെട്രോ  റെയിൽ പ്രൊജെക്ടുകൾ തുടങ്ങാൻ തീരുമാനിച്ചിരുന്നെങ്കിലും അതും പിണറായി സർക്കാർ വേണ്ടെന്നു വച്ചു .

            കഴിഞ്ഞ യു ഡി എഫ്  സർക്കാരിന്റ്റെ  ആശയമായിരുന്നു കേരളത്തിൽ ഒരു ജീവശാസ്ത്ര പാർക്ക് സ്ഥാപിക്കണമെന്നത്.  ആന്ധ്രയും, തമിഴ്‌നാടും  ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ  ബയോ-ടെക്നോളജി രംഗത്ത്  ഏറെ ദൂരം മുന്നോട്ടു പോയ സാഹചര്യത്തിലാണ്  എത്രയും വേഗം ജീവ ശാസ്ത്ര പാർക്ക് സ്ഥാപിക്കാൻ ആവശ്യമായ നടപടികൾ  സ്വീകരിച്ചത്.   ഇതിനായി ആദ്യ ഘട്ടത്തിൽ  75  ഏക്കർ  സ്ഥലം തിരുവനന്തപുരത്തിനടുത്തു തോന്നക്കലിൽ ഏറ്റെടുത്തുകൊണ്ട് 2013 ൽ  പാർക്കിന്റ്റെ  ഉദ്‌ഘാടനം നിർവഹിച്ചു.  വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട്, ശ്രീചിത്ര തിരുനാൾ മെഡിക്കൽ ഇൻസ്റ്റിട്യൂട്ടിന്റെ   ബിയോടെക്നോളജി വിഭാഗം ഉൾപ്പെടെ നിരവധി സ്ഥാപനങ്ങളാണ് തോന്നക്കലെ  ലൈഫ് സയൻസസ് ഇൻസ്റ്റിട്യൂട്ടിൽ  പ്രവർത്തിക്കുന്നത്. ഇന്ത്യയിലെ തന്നെ തലയെടുപ്പുള്ള ജീവ ശാസ്ത്ര പാർക്കുകളിൽ ഒന്നായി ഇത് മാറി. 

 

 പാലക്കാട്  ഐ  ഐ  ടി  സ്ഥാപിതമാകുന്നു.

                   കേരളത്തിൻറ്റെ  ദീർഘനാളായുള്ള  ഒരു ആവശ്യമായിരുന്നു നമ്മുടെ സംസ്ഥാനത്തു ഒരു ഐ ഐ ടി  വേണമെന്നുള്ളത്.  ആ  സ്വപ്നമാണ്അദ്ദേഹത്തിന്റ്റെ  ശ്രമഫലമായി  2015 ൽ  പാലക്കാട്   സാധിതമായത് . അതുപോലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എഡ്യൂക്കേഷൻ ആൻഡ് റിസർച്ച്  തിരുവനന്തപുരത്തെ വിതുരയിൽ തുടങ്ങാൻ  സാധിച്ചതും അദ്ദേഹത്തിന്റ്റെ  നിരന്തരമായ ശ്രമഫലമായാണ്.  സംസ്ഥാനത്തെ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപങ്ങളെ  എല്ലാം അഫിലിയേറ്റ് ചെയ്തുകൊണ്ട്  ഒരു സാങ്കേതിക സർവകലാശാല  എന്നതും  സംസ്ഥനത്തിന്റ്റെ  ദീർഘകാല ആവശ്യമായിരുന്നു. അതാണ്  എ .പി.ജെ.അബ്ദുൽ കലാം   സാങ്കേതിക സർവകലാശാല സ്ഥാപിച്ചതിലൂടെ നടപ്പിലായത് .സംസ്ഥാനത്തു വിവിധ ഭാഗങ്ങളിലുള്ള  മികവിന്റ്റെ  കേന്ദ്രങ്ങളായ പതിനാറ്  കോളേജുകൾ  സ്വയംഭരണ കോളേജുകളായി മാറ്റിയതും  ഉമ്മൻചാണ്ടി സർക്കാരായിരുന്നു.   

  ദേശീയ ഗെയിംസ്  

                      2015 ൽ  ദേശീയ ഗെയിംസ്  കേരളത്തിൽ; വച്ച് നടത്തുവാൻ സാധിച്ചത് വലിയ വിജയമായിരുന്നു.  കായിക രംഗത്ത് വിവിധ ജില്ലകളിൽ അടിസ്ഥാന സൗകര്യങ്ങൾ ഉണ്ടാക്കുവാനും അന്തർ ദേശീയ നിലവാരമുള്ള കളിക്കളങ്ങൾ  പടുത്തുയർത്തുവാനും അത് നമ്മെ സഹായിച്ചു.  240  കോടി രൂപ ചെലവിൽ കാര്യവട്ടത്തു  നിർമിച്ച ഗ്രീൻ ഫീൽഡ് സ്റ്റേഡിയം , സിന്തറ്റിക് പ്രതലത്തോടുകൂടിയ തിരുവനന്തപുരത്തെ ടെന്നീസ് അക്കാദമി, കൊല്ലം ആശ്രാമത്തെ  ആസ്ട്രോ ടർഫ് ഹോക്കി സ്റ്റേഡിയം, കണ്ണൂർ മുണ്ടായതെ ഇൻഡോർ സ്റ്റേഡിയം, തൃശൂർ രാമപുരത്തെ  ഷൂട്ടിംഗ് റേഞ്ച്, തിരുവനന്തപുരം പാളയത്തെ  അന്താരാഷ്ട്ര നിലവാരമുള്ള സ്ക്വാഷ് കോർട്ട്, നെ ട്ടയത്തെ ഏറ്റവും വലിയ ഷൂട്ടിംഗ് റേഞ്ച്, തുടങ്ങി അന്താരാഷ്ട്ര നിലവാരമുള്ള നിരവധി കളികളങ്ങളാണ് കേരളത്തിൻറ്റെ  വിവിധ ഭാഗങ്ങളിൽ ദേശീയ ഗെയിംസുമായി ബന്ധപ്പെട്ടു  ഉയർന്നു വന്നത്.  ഇവ  ഇന്ന് വളർന്നു വരുന്ന കായിക പ്രതിഭകൾക്ക് അനുഗ്രഹമായി മാറിയിട്ടുണ്ട്. 

സർക്കാർ മേഖലയിൽ പുതിയ മെഡിക്കൽ കോളേജുകൾ 

          മനസ്സ് മുഴുവൻ പാവപ്പെട്ടവരോടുള്ള അനുകമ്പ നിറഞ്ഞു തുളുമ്പുന്ന ഉമ്മൻ ചാണ്ടിയെ ഏറ്റവും ആശങ്കാകുലനാക്കിയത്  ജനങ്ങളുടെ ആരോഗ്യ പ്രശ്നം ആണ്. കേരളത്തിൽ ഇതൊരു സാമൂഹിക പ്രശ്നം ആണെന്നുംഒരു പരിധി കഴിഞ്ഞാൽ അത് സാമൂഹിക പിരിമുറുക്കം ആയി മാറും എന്നുംസംസ്ഥാനത്തിന്റ്റെ വികസനത്തിന് പ്രതിബന്ധമാകുമെന്നും അദ്ദേഹം മനസിലാക്കി. ഇതിനു പരിഹാരം ആയി ആരോഗ്യ രംഗത്ത് വലിയ മാറ്റങ്ങൾ കൊണ്ട് വരണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. കാരുണ്യശ്രുതി തരംഗംസുകൃതംആരോഗ്യ കിരണംഅമൃതം  ആരോഗ്യം തുടങ്ങി നിരവധി പദ്ധതികൾക്കാണ് കഴിഞ്ഞ ഉമ്മൻ ചാണ്ടി സർക്കാർ രൂപം നൽകിയത്. 

ശ്രുതി തരംഗം പദ്ധതിയിലൂടെ അഞ്ചു വയസ്സിനു താഴെയുള്ള 638 കുഞ്ഞുങ്ങൾക്കാണ് കോക്ലിയാർ ഇമ്പ്ലാൻറ്റേഷനിലൂടെ  ശ്രവണ ശക്തി തിരികെ നൽകിയത്. ജീവൻ രക്ഷ മരുന്നുകൾ 95 ശതമാനം വരെ വിലകുറച്ചു നൽകുന്നതിനായി, സംസ്ഥാനത്തിൻറ്റെ  വിവിധ ജില്ലകളിൽ കാരുണ്യ ഫാർമസികൾ ആരംഭിച്ചു.ഹീമോഫീലിയ രോഗികൾക്ക് ജീവിതകാലം മുഴുവൻ സൗജന്യ ചികിത്സ  ഉമ്മൻചാണ്ടിസർക്കാർ ഉറപ്പുവരുത്തി. സർക്കാർ മേഖലയിൽ ആദ്യമായി  ഹൃദയം മാറ്റിവക്കൽ ശസ്ത്രക്രിയ 2015 ൽ കോട്ടയം മെഡിക്കൽ കോളേജിൽ ആരംഭിച്ചു. കേരളത്തിലെ എല്ലാ പഞ്ചായത്തുകളിലും സാന്ത്വന പരിചരണത്തിനായി പാലിയേറ്റിവ് കെയർ സംവിധാനം ഏർപ്പെടുത്തി.അതുപോലെ 2500 സ്‌കൂളുകളിൽ മാത്രമുണ്ടായിരുന്ന സ്കൂൾ ഹെൽത്ത് പ്രോഗ്രാം ഉമ്മൻചാണ്ടി സർക്കാരിന്റെ കാലയളവിൽ  13000 സ്കൂളുകളിലേക്ക് വ്യാപിപ്പിച്ചു. അദ്ദേഹം നടത്തിയ ജന സമ്പർക്ക പരിപാടിയിൽ  പങ്കെടുത്തവർ   ഉൾപ്പടെ ഒട്ടേറെ പേർ മരുന്ന് വാങ്ങുവാൻ ഉള്ള സഹായത്തിനായി അദ്ദേഹത്തോട് അവശ്യ പെടാറുണ്ടായിരുന്നു. അതിൽ നിന്നാണ് പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ മുതൽ മെഡിക്കൽ കോളേജുകളിൽ വരെ ജനറിക് മെഡിസിൻ സൗജന്യം ആയി വിതരണം ചെയ്യുവാൻ ഉള്ള സംവിധാനം ഉണ്ടാക്കിയത്. 

കഴിഞ്ഞ UDF സർക്കാർ അധികാരത്തിൽ ഏറുമ്പോൾസംസ്ഥാനത്തു 5 സർക്കാർ മെഡിക്കൽ കോളേജുകളായിരുന്നു ഉണ്ടായിരുന്നത്. എല്ലാ ജില്ലകളിലും സർക്കാർ മെഡിക്കൽ കോളേജ് സ്ഥാപിക്കുക എന്നത് മുഖ്യ മന്ത്രി എന്ന നിലയിൽ അദ്ധേഹത്തിന്റെ ആഗ്രഹം ആയിരുന്നു. തിരുവനന്തപുരത്തുംആലപ്പുഴയിലും നിലവിൽ ഉള്ള സർക്കാർ മെഡിക്കൽ കോളേജുകൾക്കും പുറമെ പുതുതായി ഓരോ മെഡിക്കൽ കോളേജുകൾ ഉൾപ്പടെ പതിനാറു സർക്കാർ മെഡിക്കൽ കോളേജുകൾ സജ്ജമായി കഴിഞ്ഞാൽഎല്ലാ ജില്ലാ കളിലെയും ജനങ്ങൾക്കു അതാത് ജില്ലകളിൽ തന്നെ വിദഗ്ധ ചികിത്സ ഉറപ്പാക്കുവാൻ സാധിക്കുമെന്നായിരുന്നു അദ്ധേഹത്തിന്റെ വിശ്വാസം. അതിൽ മഞ്ചേരി, പാലക്കാട്, ഇടുക്കി മെഡിക്കൽ കോളേജുകൾ 2016 നു മുമ്പ് തന്നെ  പ്രവർത്തനം ആരംഭിച്ചു. കോന്നി, കാസറഗോഡ് മെഡിക്കൽ കോളേജുകളുടെ നിർമാണം ആരംഭിക്കുകയും ചെയ്തു.. എന്നാൽ,  പിന്നീട് ഭരണത്തിൽ  വന്ന പിണറായി സർക്കാർഈ മെഡിക്കൽ കോളേജുകളിൽ ചിലതു വേണ്ടെന്നു വെച്ചു . കേരള സംസ്ഥാന രൂപകരണ ശേഷം ഇത്രയും സർക്കാർ മെഡിക്കൽ കോളേജുകൾ സ്ഥാപിക്കുവാൻ തീരുമാനിച്ചത്  ഒരു വലിയ റെക്കോർഡ് ആണ്.

റബ്ബർ  കർഷകരുടെ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കാനായി  കിലോക്ക് 150 രൂപ താങ്ങുവിലനൽകി  റബര് സംഭരിക്കാനായുള്ള പദ്ധതിക്ക് 2014 ൽ   തുടക്കം കുറിച്ചു . 800  കോടി രൂപയാണ്  2016 വരെ  ഇതിനായി അനുവദിച്ചത്. മാത്രമല്ല, പണം റബര് കർഷകരുടെയോ, റബര് ഉത്പ്പാദക സംഘങ്ങളുടെയോ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് നൽകുന്ന രീതിയും ഏർപ്പെടുത്തി. കേരളത്തിലെ റബര് കർഷകർക്ക് അനുഗ്രഹമായി മാറിയ നടപടിയായിരുന്നു അത്. 

   കോട്ടയം ഉൾപ്പെടെ വിവിധ ജില്ലകളിലായി 245 പാലങ്ങളുടെ നിർമാണം 1600 കോടി രൂപ ചെലവിൽ 2016 ഓടെ  പൂർത്തിയാക്കി.സംസ്ഥാനത്തു ഏറ്റവും കൂടുതൽ പാലങ്ങൾ നിർമിച്ച കാലയളവായിരുന്നു ഇത്. 5011 റോഡുകളും 1500 സർക്കാർ കെട്ടിടങ്ങളും പൂർത്തിയാക്കി. തിരുവല്ലാ ബൈപാസ്, ചെങ്ങന്നൂർ-ഏറ്റുമാനൂർ, പൊൻകുന്നം-തൊടുപുഴ, പുനലൂർ-പൊൻകുന്നം ഉൾപ്പെടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 363 കി.മി  ദൈർഘ്യമുള്ള  9 റോഡുകൾ 2403  കോടി രൂപാ  ചെലവിൽ കെ.എസ് .ടി.പി. രണ്ടാം ഘട്ട പദ്ധതിയിൽ പൂർത്തിയാക്കാൻ അനുമതി നൽകി.

പുതിയൊരു വികസന  മോഡൽ

കേരളത്തിൻറ്റെ വികസനത്തെക്കുറിച്ചുള്ള തൻറ്റെ കാഴ്ചപ്പാട്, 2015 ൽ മുഖ്യമന്ത്രിയെന്ന നിലയിൽ അദ്ദേഹം വ്യക്തമാക്കിയത് ഇപ്രകാരമാണ്:  

"കേരളത്തെയോർത്തു  അഭുതപ്പെടാനും, അഭിമാനം കൊള്ളാനും  നിരവധി കാരണങ്ങളുണ്ട്. ലോകഭൂപടത്തിൽ മൊട്ടുസൂചിപോട്ടിന്റ്റെ  സ്ഥാനമേ കേരളത്തിനുള്ളു. എന്നാൽ, ലോകത്തിന്റെ ഒട്ടെല്ലാ സസ്ഥലങ്ങളിലും ഈ  പൊട്ടിന്റെ സാന്നിധ്യമുണ്ട്. മലയാളികളും അവരുടെ വിജയഗാഥകളും ഇല്ലാത്ത സ്ഥലമില്ല. ആറിലൊന്ന്  മലയാളികൾ  കേരളത്തിന് പുറത്താണ്; അവരിൽ പകുതിപ്പേർ വിദേശത്തും.

കേരളം ലോകത്തിനു സ്വന്തമായൊരു വികസന  മോഡൽ തന്നെ അവതരിപ്പിച്ചു. ക്യാപിറ്റലിസം, കമ്മൂണിസം, സോഷ്യലിസം എന്നിങ്ങനെയൊക്കെ  ലോകം പല തട്ടുകളായി തിരിക്കപ്പെട്ടപ്പോൾ അവയിലൊന്നും ചേരാതെ , എന്നാൽ അവയിലെ നന്മകൾ സ്വാംശീകരിച്ച് പുതിയൊരു വികസന മോഡൽ കേരളത്തിന് സംഭാവന ചെയ്യാൻ സാധിച്ചു.ഫ്യൂഡൽ വ്യവസ്ഥിതിയിൽ നിന്ന് അർദ്ധ ഫ്യൂഡൽ വ്യവസ്ഥിതിയിലേക്കും, ഇടതുപക്ഷത്തേക്കും, തുടർന്ന് സോഷ്യലിസത്തിലേക്കും സന്ച്ചരിച്ചാണ് കേരളം ഈ സ്ഥിതിയിലെത്തിയത്"

പുതുപ്പള്ളിയിലെ വികസനം 

  സംസഥാന രൂപീകരണം മുതൽ തന്നെ പുതുപ്പള്ളി നിയമസഭാ മണ്ഡലവും നിലവിലുണ്ടായിരുന്നു. കോട്ടയം ജില്ലയിലെ ഗ്രാമീണ മേഖലയിലാണ്  പുതുപ്പള്ളി മണ്ഡലം സ്ഥിതിചെയ്യുന്നത്. അകലക്കുന്നം, അയർക്കുന്നം, കൂരോപ്പട, മണർകാട്, മീനടം, പാമ്പാടി, പുതുപ്പള്ളി, വാകത്താനം എന്നീ പഞ്ചായത്തുകൾ ചേർന്നതാണ് പുതുപ്പള്ളി  മണ്ഡലം.  അതിന്റെ ഗ്രാമീണ ഛായ നിലനിർത്തുന്നതിനൊപ്പം, ആധുനിക സൗകര്യങ്ങൾ  ജനങ്ങൾക്ക് ലഭ്യമാക്കുവാൻ   ഉമ്മൻചാണ്ടി പ്രത്യേകം താല്പര്യപ്പെട്ടിരുന്നു . 

 1970 മുതൽ ആണ്,   അന്നത്തെ യൂത്ത് കോൺഗ്രസ് നേതാവായിരുന്ന ഉമ്മൻചാണ്ടി,  ഈ  മണ്ഡലത്തെ പ്രതിനിധീകരിച്ചു തുടങ്ങിയത്.ആദ്യ കാലഘട്ടത്തിൽ  ജനങ്ങളുടെ ഏറ്റവും വലിയ ആവശ്യം ടാറിട്ട റോഡുകളായിരുന്നു. ജനങ്ങൾക്ക്  തൃപ്തികരമായ രീതിയിൽ  അവ ചെയ്തുകൊടുക്കുവാൻ അദ്ദേഹത്തിനു കഴിഞ്ഞു .  ജനസാന്ദ്രത കൂടുതലായ ഈ  മണ്ഡലത്തിൽ തുറസ്സായ സ്ഥലങ്ങൾ കണ്ടെത്താൻ പ്രയാസമാണ്. അതുകൊണ്ടു തന്നെ  വലിയ വ്യവസായ ശാലകളെ  ജനങ്ങൾ സ്വാഗതം ചെയ്തിട്ടില്ല. 1991 ൽ , ഉമ്മൻചാണ്ടി ധനകാര്യ മന്ത്രിയായിരുന്ന അവസരത്തിൽ ,  ഒരു നിക്കൽ-കാഡ്മിയം ബാറ്ററി നിർമാണ ഫാക്ടറി   അയർകുന്നത് സ്ഥാപിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും, പിന്നീട് അധികാരത്തിലേറിയ നായനാർ സർക്കാർ  ആ  ഫാക്ടറി മലമ്പുഴയിലേക്ക്  മാറ്റിക്കൊണ്ടുപോയി.  അന്തരീക്ഷമാലിന്യം ഉണ്ടാക്കാത്ത  അയർകുന്നത്തെ  പ്രിയദർശിനി പവർ ലൂമും, മീനടത്തെ  സ്പിന്നിങ് മില്ലും, പൂവന്തുരുത് ഇൻഡസ്ട്രിയൽ എസ്‌റ്റേറ്റ്  എന്നിവ ഈ  മണ്ഡലത്തിൽ പ്രവർത്തിക്കുന്നുണ്ട്. ഇവക്കാവശ്യമായ അസംസ്കൃതവസ്തുക്കൾ  കേരളത്തിൽ ലഭ്യമല്ലാത്തതിനാൽ,  അവ   സംസ്ഥാനത്തിന്  പുറത്തുനിന്നുകൊണ്ടുവന്നാണ് ഈ  ഫാക്ടറികൾ  പ്രവർത്തിപ്പിക്കുന്നത്. റബര് ബോർഡിൻറ്റെ  ബ്രിഹത്തായ  ഗവേഷണ വിഭാഗം ഉൾപ്പെടെയുള്ള പ്രധാന ഓഫീസുകൾ സ്ഥാപിച്ചിട്ടുള്ളത് പുതുപ്പള്ളിയിലാണ്. ഒരു പക്ഷെ കോട്ടയം ജില്ലയിലെ തന്നെ ഏറ്റവും വലിയ കേന്ദ്ര സർക്കാർ സ്ഥാപനമാണ് റബര് ബോർഡും അനുബന്ധ ഓഫീസുകളും. 

പുതുപ്പള്ളിയിലെ  ഗ്രാമീണരായ ജനങ്ങൾ ആഗ്രഹിക്കുന്നത്  മെച്ചപ്പെട്ട ചികിത്സാ  സൗകര്യങ്ങളുള്ള  പ്രാഥമിക ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, റോഡുകൾ, കുടിവെള്ള പദ്ധതികൾ, ബാങ്കിങ് സൗകര്യങ്ങൾ എന്നിവയാണ്. ഇവിടെയുള്ള എട്ടു പഞ്ചായത്തുകളിലും അലോപ്പതി, ഹോമിയോ,ആയുർവേദ ആശുപത്രികൾ ഉണ്ട്. മൃഗാശുപത്രിയും ആവശ്യത്തിന് ഉണ്ട്. ദേശിയ തലത്തിൽ അറിയപ്പെടുന്ന കെ.ആർ.നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട്  ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോളാണ്  ഈ മണ്ഡലത്തിൽ  സ്ഥാപിച്ചത്. പാമ്പാടി ആർ.ഐ.ടി.എഞ്ചിനീയറിംഗ് കോളേജ്,. കെ.ജി.കോളേജ് പാമ്പാടി, മണർകാട് സെൻറ്‌.മേരീസ് കോളേജ്, ഐ,എച്.ആർ.ഡി.കോളേജ്,പായപ്പടി , ഐ.എച്.ആർ.ഡി.പോളിടെക്‌നിക്‌ കോളേജ്, മറ്റക്കര, ബി.എഡ് കോളേജ് തോട്ടയ്ക്കാട്, മഹാത്മാ ഗാന്ധി സർവകലാശാലയുടെ കോളേജ് ഓഫ് അപ്പ്ലൈഡ്  സയൻസ്, സ്കൂൾ ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ  തുടങ്ങിയ ഉന്നത വിദ്യാഭ്യാസ സ്ഥാപങ്ങൾക്ക്  പുറമെ നിരവധി സ്കൂളുകളാണ് ഈ  മണ്ഡലത്തിലെ വിവിധ  പഞ്ചായത്തുകളിലുള്ളത്. വിദ്യാർത്ഥികളുടെ പ്രാഥമിക-ഉന്നത വിദ്യാഭ്യാസത്തിനാവശ്യമായ പഠന കേന്ദ്രങ്ങൾ എല്ലാം  പുതുപ്പള്ളിയിൽ ലഭ്യമാണ്.

ജനങ്ങൾ ആഗ്രഹിക്കുന്ന മറ്റൊരു  അടിസ്ഥാന  ആവശ്യം കുടിവെള്ളമാണ്.  വാകത്താനം പഞ്ചായത്ത് കുടിവെള്ള പദ്ധതി, മുത്തോലി കുടിവെള്ള പദ്ധതി, മീനടം ജലനിധി പദ്ധതി,ഉദിക്കാമല കുടിവെള്ളപദ്ധതി, കാളിമല,കമ്പകംത്തട്ട്,പോരക്കേററ്റ് പദ്ധതി,കോഴിമല, ഇഞ്ചക്കാട്ട് കുടിവെള്ള പദ്ധതി, പള്ളിക്കത്തോട്, ആനിക്കാട്, ഇളംപള്ളി,ചേലാളി കുടിവെള്ള പദ്ധതി, കൊല്ലാട്  കുടിവെള്ള പദ്ധതി, വെള്ളുത്തുരുത്തി കുടിവെള്ള പദ്ധതി തുടങ്ങി നിരവധി കുടിവെള്ള പദ്ധതികളാണ് വിവിധ പഞ്ചായത്തുകളിൽ   നടപ്പിലാക്കിയത്.

ഒരു പ്രദേശത്തിന്റെ വികസനത്തിന് അവിടെയുള്ള ഗതാഗത സൗകര്യങ്ങളൽ വളരെ പ്രാധാന്യമുള്ളതാണ്.. കഴിഞ്ഞ 50 വർഷ കാലയളവിനുള്ളിൽ, 100 ൽ പരം പാലങ്ങളാണ്  നിയോജക മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽ  ഉയർന്നു വന്നിട്ടുള്ളതു. ഏറ്റുമാന്നൂർ-പെരുന്തുരുത്തി ബൈപാസ്, പുതുപ്പള്ളി അങ്ങാടി-പാലൂർപ്പാടി റോഡ്, കഞ്ഞിക്കുഴി-കറുകച്ചാൽ റോഡ് നവീകരണം, വെട്ടത്തുകവല-ഇലേക്കോടിഞ്ഞി റോഡ് നവീകരണം, കാഞ്ഞിരത്തിൻമൂട്-എരുമപ്പെട്ടി റോഡ്, കാഞ്ഞിരത്തിൻമൂട്-ഇടം മൈൽ റോഡ്, പാമ്പാദ്യകൂരോപ്പടി റോഡ് നവീകരണം, പയ്യപ്പാടി-പോത്തൻപുറം റോഡ്, തോട്ടയ്ക്കാട്-കറക്കകുഴി റോഡ്, തിരുവഞ്ചൂർ-ചെങ്ങളം റോഡ്, മണ്ണൂർപള്ളി-പള്ളിക്കേത്തോട് റോഡ്, അയർക്കുന്നം-പാമ്പാടി റോഡ്, മഞ്ഞാമറ്റം-ഇടമുള റോഡ്  തുടങ്ങി നിരവധി റോഡുകളാണ് നിർമിച്ചതും നവീകരിച്ചതും. മണ്ഡലത്തിലെ  എല്ലാ റോഡുകളും അറ്റകുറ്റ പണികൾ ചെയ്‌ത്‌  പരിപാലിച്ചു പോന്നു. എന്നാൽ  അദ്ദേഹം നിരവധി തവണ  ആവശ്യപ്പെട്ടിട്ടും, 2018 ലെ കടുത്ത കാലവർഷത്തെത്തുടർന്നു  തകർന്ന ചില  റോഡുകൾ   മെയിന്റനൻസ് നടത്താൻ പിണറായി സർക്കാർ  തയ്യാറായില്ല എന്നത് വിസ്മരിക്കാൻ സാധിക്കുകയില്ല.

ഒരു പ്രദേശത്തിന്റെ വികസനതിൻറ്റെ  മാനദണ്ഡം  അവിടത്തെ ജനങ്ങളുടെ ആരോഗ്യത്തെയും, വിദ്യാഭ്യാസത്തെയും എങ്ങിനെ ബാധിക്കുന്നു എന്നതിനെ  ആശ്രയിച്ചാണിരിക്കുന്നത്.  ഈ രണ്ടുകാര്യത്തിലും  പുതുപ്പള്ളി മണ്ഡലം കേരളത്തിലെ ഏതു മണ്ഡലത്തോടും കിടപിടിക്കുന്നതാണ്. പുതുപ്പള്ളിയിലെ സാക്ഷരതാ നിരക്ക് 2011 ലെ സെൻസസ് പ്രകാരം 98.02  ശതമാനമാണ്. അതേസമയം,  കേരള സംസ്ഥാനത്തിൻറ്റെ  സാക്ഷരതാ നിരക്ക്  94  ശതമാനം  മാത്രമാണ് . പുതുപ്പള്ളിയിലെ   സ്ത്രീകളുടെ സാക്ഷരതാ നിരക്ക് 97.65 ശതമാനമാണ്. ഈ സൂചികകൾ വിരൽ ചൂണ്ടുന്നത് മാനവശേഷി വികസനം ഉൾപ്പെടെ  വികസന രംഗത്ത് പുതുപ്പള്ളി  ഒരു പടി മുന്നിൽ തന്നെയാണെന്നാണ്. കോട്ടയം ജില്ലയിൽ ഏറ്റവും കുറവ് ഭൂ-ഭാവന രഹിതർ ഉള്ള മണ്ഡലവും പുതുപ്പള്ളി ആണ്. പശ്ചാത്തല വികസനത്തോടൊപ്പം പ്രാധാന്യം ഉള്ളതാണ് മനുഷ്യരുടെ  ശാരീരികവും, മാനസികവുമായ ആരോഗ്യവും വിദ്യാഭ്യാസവും എന്ന കാഴ്ചപ്പാടിൽ ഊന്നി ഉള്ള ക്രാന്ത ദർശിത്വം ആണ് ഉമ്മൻചാണ്ടിയുടെ  വികസന കാഴ്ചപ്പാടിൻറ്റെ  അന്തസത്ത. അത് പുതുപ്പള്ളിമണ്ഡലത്തിൽ കാണാൻ സാധിക്കും.

          

അഡ്വ.പി .എസ് .ശ്രീകുമാർ,

(ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോൾ  പ്രൈവറ്റ് സെക്രട്ടറിയായിരുന്നു ലേഖകൻ) 






Friday, 18 July 2025

 

     നിമിഷപ്രിയയുടെ   മോചനം കാത്ത്               

അഡ്വ. പി .എസ്‌ .ശ്രീകുമാർ 



അഴിയാകുരുക്കുപോലെയുള്ള  ഒരു പ്രഹേളികയാണ്  നിമിഷപ്രിയ എന്ന സഹോദരിയുടെ   ജീവിത കഥ. പാലക്കാട് , കൊല്ലങ്കോടുകാരിയായ നിമിഷപ്രിയ വളരെ പാവപ്പെട്ട ഒരു കുടുംബത്തിലെ അംഗമാണ്. വീട്ടുജോലിക്കുപോയി കിട്ടുന്ന വരുമാനം കൊണ്ടാണ്  അമ്മ പ്രേമകുമാരി  അവളെ  പഠിപ്പിച്ചതും, .   നഴ്‌സിംഗിന്  ചേർത്തതും .  നേഴ്സ് ആയി നിയമനം ലഭിച്ചതിനെ തുടർന്ന്,  2008 ൽ യെമനിലെത്തി  ഒരു ക്ലിനിക്കിൽ    ജോലിയിൽ പ്രവേശിച്ചു.  . കാര്യമായ  സാമ്പത്തിക ഭദ്രത ഉറപ്പാക്കാൻ  അവിടെനിന്നും ലഭിച്ച വരുമാനം കൊണ്ട്   നിമിഷപ്രിയക്ക് സാധിച്ചില്ല. 2011  ൽ അവധിക്കു വന്നപ്പോൾ തൊടുപുഴക്കാരനായ ടോമി തോമസുമായുള്ള വിവാഹം നടന്നു. ടോമിക്ക് പ്രതീക്ഷപോലെ നല്ല ജോലിയൊന്നും കിട്ടിയില്ല. മാത്രമല്ല, നിമിഷപ്രിയയുടെ വരുമാനം കൊണ്ട് യെമനിലെയും നാട്ടിലുള്ള കുടുംബത്തിന്റെയും ജീവിതം നല്ല രീതിയിൽ മുന്നോട്ടു കൊണ്ടുപോകാനുള്ള ബുദ്ധിമുട്ടും ഉണ്ടായി. അപ്പോഴാണ്  സ്വന്തമായി ക്ലിനിക് തുടങ്ങുന്നതിനെക്കുറിച്ച്   ആലോചിച്ചത്.  ഒരു യെമനിയുടെ സ്‌പോർസർഷിപ് സംഘടിപ്പിക്കാനുള്ള ശ്രമമാണ് പിന്നീട് അവർ നടത്തിയത്. . അങ്ങിനെയാണ് നിമിഷ പ്രിയ ജോലി ചെയ്തിരുന്ന സ്ഥാപനത്തിൽ ഇടയ്ക്കു മെഡിക്കൽ പരിശോധനക്ക്  വന്നിരുന്ന തലാൽ അബ്ദുൽ മഹ്ദി  എന്ന യെമനിയുമായി   നിമിഷപ്രിയയും, ഭർത്താവും സംസാരിച്ച്  ധാരണയിലെത്തുകയും,  പുതിയ ക്ലിനിക് തുടങ്ങാൻ തീരുമാനിക്കുകയും ചെയ്തത് .   അങ്ങിനെ 2015  തുടക്കത്തിൽ " അൽ അമാൻ മെഡിക്കൽ ക്ലിനിക്"  എന്ന പേരിൽ 14  കിടക്കകളുള്ള ഒരു ക്ലിനിക്  നിമിഷ പ്രിയ  തലാലുമായി  ചേർന്ന്  ആരംഭിച്ചു.  അപ്പോഴേക്കും, യെമനിൽ വിമത വിഭാഗവുമായ ഹൂതികളുമായുള്ള  ആഭ്യന്തര യുദ്ധവും തുടങ്ങി. 

ഇതിനിടക്ക്ക്കു ഒരു കുഞ്ഞു ജനിച്ചതിനെ തുടർന്ന്, മാമോദിസക്കായി  നിമിഷപ്രിയയും, ടോമിയും കുഞ്ഞുമായി നാട്ടിലേക്കു പോകാൻ തീരുമാനിച്ചു.  കേരളം കാണാൻ താത്പര്യമുണ്ടെന്ന് പറഞ്ഞു തലാലും  അവരോടൊപ്പം കേരളത്തിലേക്ക് വന്നു. ആഭ്യന്തര യുദ്ധത്തിൽപെട്ട   യെമനിൽ നല്ല ജോലി കിട്ടാനുള്ള സാധ്യത ബുദ്ധിമുട്ടായതിനാലും, പുതിയതായി തുടങ്ങിയ ക്ലിനിക്കിന്  ധനസമാഹരണത്തിനുമായി  ടോമി കുഞ്ഞിനൊപ്പം നാട്ടിൽ നില്ക്കാൻ തീരുമാനിച്ചു.  കടംവാങ്ങിയ തുക ക്ലിനിക്കിൽ നിക്ഷേപിച്ചതിനാൽ ,  നിമിഷപ്രിയ, തലാലിനൊപ്പം   മടങ്ങി യെമനിൽ പോയി, ക്ലിനിക്കിൻറ്റെ  പ്രവർത്തനത്തിൽ ഏർപ്പെട്ടു.   നിമിഷ പുതിയ ക്ലിനിക്  തുടങ്ങിയതോടെ  പഴയ ക്ലിനിക്കിൻറ്റെ   വരുമാനം ഗണ്യമായി കുറഞ്ഞു. അതോടെ അതിന്റെ ഉടമസ്ഥൻ  നിമിഷയുമായി വഴക്കുണ്ടാക്കി. തലാലിൻറ്റെ  നിർദേശത്തിൽ,  പഴയ ക്ലിനിക്കിന്റെ ഉടമസ്ഥനും    ഓഹരി നൽകി   അത് പരിഹരിച്ചു .  

ദിവസങ്ങൾ കഴിഞ്ഞതോടെ  തലാലിൻറ്റെ  സ്വഭാവത്തിൽ പ്രകടമായ മാറ്റം കണ്ടുതുടങ്ങി.  ക്ലിനിക്കിൽ നിന്നുള്ള വരുമാനം അയാൾ ഏകപക്ഷീയമായി കൈകാര്യം ചെയ്യാൻ തുടങ്ങി. നിമിഷപ്രിയ അറിയാതെ വരുമാനം അയാൾ സ്വന്തം പോക്കറ്റിലേക്ക് മാറ്റി.  സ്‌പോർസർ എന്ന നിലയിൽ നിമിഷപ്രിയയുടെ പാസ്സ്പോര്ട്ടും മറ്റു രേഖകളും  കരസ്ഥമാക്കിയ അയാൾ, അവരെ ശാരീരികമായി ഉപദ്രവിക്കുവാൻ തുടങ്ങി. ഉപദ്രവം സഹിക്കവയ്യാതായപ്പോൾ, നിമിഷപ്രിയ  2016  ൽ പോലീസിൽ പരാതി നൽകുകയും, തലാലിനെ  പോലീസ്  താക്കീതു നൽകി വിടുകയും ചെയ്തു .   പോലീസിൽ  നിന്നുമാണ്   അവരെ വിവാഹം ചെയ്തതായി അയാൾ കൃത്രിമ രേഖകൾ ഉണ്ടാക്കിയതായും, ക്ലിനിക്കിന്റെ ഉടമസ്ഥാവകാശം  അയാളുടെയും, പഴയ ഉടമയുടെയും മാത്രം പേരിലാണെന്നും  നിമിഷ  അറിഞ്ഞത്.  അയാളുടെ പീഡനങ്ങളും, ഉപദ്രവും  കൂടിയപ്പോൾ,    ഏതെങ്കിലും രീതിയിൽ  പാസ്സ്പോര്ട്ടും മറ്റു രേഖകളും കൈക്കലാക്കി രക്ഷപ്പെടാനുള്ള തീരുമാനം അവർ എടുത്തു.  അങ്ങിനെയാണ് 2017  ജൂലൈയിൽ  അയാൾ ട്രീട്മെൻറിനായി  ക്ലിനിക്കിൽ എത്തിയപ്പോൾ,  അയാൾക്ക്‌ കെറ്റമിൻ  നൽകി മയക്കി കിടത്തിയത്.  കെറ്റമിൻറ്റെ  ഡോസ് കൂടിപ്പോയതോടെ  തലാൽ കൊല്ലപ്പെട്ടു. പരിഭ്രാന്തയായ നിമിഷ പ്രിയ  മറ്റൊരു നഴ്സിന്റെ സഹായം തേടി. തലാലിൻറ്റെ  ശരീരം വാട്ടർ ടാങ്കിൽ കഷണങ്ങളാക്കി  വെട്ടി നുറുക്കി ഇട്ടിട്ട്  അവർ രക്ഷപെടാൻ ശ്രമിച്ചു. സൗദി അതിർത്തിയിൽ വച്ച് പൊലീസ്   2017  ഓഗസ്റ്റിൽ  അവരെ  അറസ്റ്റ് ചെയ്തു തടവിലാക്കി. 

 യെമൻ കോടതിയിൽ  പ്രാദേശിക ഭാഷയിൽ നടന്ന വിചാരണക്കൊടുവിൽ,  2018 ൽ നിമിഷപ്രിയയെ കോടതി വധ ശിക്ഷക്ക്  വിധിച്ചു. പുറം ലോകവുമായി ബന്ധമില്ലാതിരുന്ന നിമിഷക്ക് ഒരു കഴിവുള്ള  അഭിഭാഷകനെപ്പോലും വക്കാൻ  സാധിച്ചില്ല. 2018  ജൂണിൽ  അൽ  ബൈദ  ജയിലിൽ നിന്നും സനായിലെ ജയിലിലേക്ക് അവരെ മാറ്റി. അവരുടെ നിസ്സഹായാവസ്ഥ  പുറത്തു അറിഞ്ഞതിനെ തുടർന്ന്   ,  പുനർവിചാര ണക്കായുള്ള അപേക്ഷ കോടതിയിൽ സമർപ്പിക്കാനും, പുനർവിചാരണ നടത്തിക്കുവാനും സാധിച്ചു. പക്ഷെ, പുനർ വിചാരണയിലും അവരെ കുറ്റക്കാരിയായി കണ്ടെത്തിയ കോടതി, 2020 ൽ വധ ശിക്ഷ തന്നെയാണ്  വിധിച്ചത്.  ജയിലിലായിരുന്ന അവസരത്തിൽ, കൂടെയുള്ള തടവുകാരുടെ സഹായത്തോടെ  സംഭവങ്ങളെല്ലാം ഇന്ത്യയിലെ ബന്ധുക്കളെ അവർ അറിയിച്ചു .    അതിനെ തുടർന്ന്  "സേവ്  നിമിഷപ്രിയ ഇന്റർനാഷണൽ  ആക്ഷൻ കൌൺസിൽ" രൂപീകരിക്കുകയും, അവരെ വധ ശിക്ഷയിൽ നിന്നും ഒഴിവാക്കുവാനുള്ള  ശ്രമം ആരംഭിക്കുകയും ചെയ്തു. മോചനത്തിനായി  കുറെ തുക ആക്ഷൻ കൗൺസിലൈന് ലഭിച്ചു.  

അതിനിടെ, കേരളത്തിലെ അവരുടെ ബന്ധുക്കൾ, മുൻ മുഖ്യമന്ത്രി  ഉമ്മൻചാണ്ടിയുടെ  ശ്രദ്ധയിൽ ഈ വിഷയം കൊണ്ടുവന്നു.  നിമിഷപ്രിയയുടെ നിസ്സഹായാവസ്ഥ പൂർണമായും മനസ്സിലാക്കിയ അദ്ദേഹം, ഗൾഫിലുള്ള  ചില  മനുഷ്യ സ്നേഹികളായ  വ്യവസായ  പ്രമുഖർ  ഉൾപ്പെടെയുള്ളവരുടെയും, കേന്ദ്ര സർക്കാരിന്റെയും ശ്രദ്ധയിൽ ഈ വിഷയം പെടുത്തുകയും  വധശിക്ഷയിൽ നിന്നും  ഇളവ് നൽകുവാനുള്ള ശ്രമങ്ങൾ  ത്വരിതപ്പെടുത്തുവാൻ  ശ്രമിക്കുകയും  ചെയ്തു.  അദ്ദേഹം ബാംഗളൂരിലെ ആശുപത്രിയിൽ തീരെ അവശനായി ചികിത്സയിൽ ഇരിക്കുന്ന സന്ദർഭത്തിൽപ്പോലും  നിമിഷ പ്രിയയുടെ മോചനത്തിനായി പലരെയും വിളിച്ചു സംസാരിച്ചു.  വധശിക്ഷ ഒഴിവാക്കുവാനായി  തലാലിൻറ്റെ  ബന്ധുക്കൾക്ക് ദയാധനം നൽകി പ്രശ്നത്തിന് ഒരു പരിഹാരം കണ്ടെത്തുവാനുള്ള ശ്രമം ആക്ഷൻ കൌൺസിലും  നടത്തി. നിമിഷപ്രിയയെ നേരിൽ കാണുവാനും,  തലാലിൻറ്റെ  ബന്ധുക്കളുമായി സംസാരിക്കുവാനായി   വിദേശകാര്യ മന്ത്രാലയത്തിന്റെ  അനുമതിയോടെ  അവരുടെ 'അമ്മ പ്രേമകുമാരിയും,, ഭർത്താവ് ടോമിയും, മകളും യെമനിൽ എത്തി, അതിനുള്ള ശ്രമം നടത്തി.  2024  ജൂൺ മാസത്തോടെ 40000 ഡോളർ സനായിലെ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർക്ക് കൈമാറിയെങ്കിലും, തലാലിൻറ്റെ  കുടുംബവും, അയാൾ ഉൾപ്പെട്ട ട്രൈബും  ദയാധനം വാങ്ങുന്നതിൽ  താല്പര്യം കാട്ടാതിരുന്നതിനാൽ  മുന്നോട്ടുപോകുവാൻ സാധിക്കാതിരിക്കുകയായിരുന്നു.. 

 ജൂലൈ 16 നു അവരുടെ ശിക്ഷ നടപ്പാക്കുവാനുള്ള ഉത്തരവ്  ജയിലിലെത്തിയതോടെ അവരെ മോചിപ്പിക്കാനുള്ള ശ്രമങ്ങൾ വീണ്ടും  തകൃതിയായി വിവിധ കേന്ദ്രങ്ങളിൽ തുടങ്ങി. .  ഇന്ത്യൻ സർക്കാരിന് നയതന്ത്ര ബന്ധമുള്ളത്  യെമനിൽ അന്താരാഷ്ട്രതലത്തിൽ അംഗീകാരം ലഭിച്ച ഭരണകൂടമായ  പ്രസിഡണ്ടിൻറ്റെ  ലീഡര്ഷിപ് കൗൺസിലുമായാണ്. എന്നാൽ, കുറ്റകൃത്യം നടന്നതും, നിമിഷ ഇപ്പോൾ കിടക്കുന്ന ജയിൽ സ്ഥിതി ചെയ്യുന്നതും, വിമത വിഭാഗമായ  ഹൂതി നിയന്ത്രണത്തിലുള്ള മേഖലയിലാണ്. ഹൂതികളുമായി ബന്ധമുള്ള ഇറാൻ ഭരണകൂടത്തിന്റെ സഹായത്തോടെ പ്രശ്നത്തിൽ ഇടപെടാനുള്ള സാധ്യതയാണ് ഇന്ത്യ സർക്കാർ  നോക്കിയത്.  കേന്ദ്ര സർക്കാരും, ആക്ഷൻ കൗൺസിലും, അവിടെയുള്ള പ്രവാസി സമൂഹവും   അവരുടെ വധശിക്ഷ ഒഴിവാക്കുവാനുള്ള ശ്രമത്തിലാണ്. ഉമ്മൻചാണ്ടിയുടെ അവസാന ആഗ്രഹങ്ങളിൽ ഒന്നായിരുന്നു നിമിഷ പ്രിയയുടെ മോചനം. അദ്ദേഹത്തിന്റെ ആഗ്രഹം നിറവേറ്റാനുള്ള ആത്മാർത്ഥമായ പരിശ്രമത്തിന്റെ ഭാഗമായാണ്  പ്രിയ പത്നി മറിയാമ്മ ഉമ്മനും, മകൻ ചാണ്ടിഉമ്മനും  നിമിഷപ്രിയയുടെ ഭർത്താവിനെയും കൂട്ടി സംസ്ഥാന ഗവർണ്ണറെ  കണ്ടു അദ്ദേഹത്തിന്റെ ഇടപെടലിനായി അഭ്യർത്ഥിച്ചത്.   ഗവർണർക്കും  കേന്ദ്ര സർക്കാരിനും ഇക്കാര്യത്തിലുള്ള പരിമിതികൾ മനസ്സിലാക്കിയ ചാണ്ടി ഉമ്മൻ  യെമനിലെ സൂഫി മത നേതാക്കളുമായി അടുത്ത ബന്ധമുള്ള  കാന്തപുരം എ.പി. അബുബക്കർ  മുസലിയാരോട് സഹായിക്കാൻ അഭ്യർത്ഥിക്കുകയും,  കാന്തപുരം  മുസ്‍ലിയാരുടെ  ഇടപെടലിൻറ്റെ  അടിസ്ഥാനത്തിൽ  വധശിക്ഷ തത്ക്കാലം മാറ്റിവെക്കാൻ  യെമൻ സുപ്രീം കോടതി തീരുമാനിക്കുകയും ചെയ്തു.  തുടർന്ന് നടക്കുന്ന ചർച്ചകളിലൂടെ   നിമിഷ പ്രിയയെ   വധശിക്ഷയിൽ നിന്നും ഒഴിവാക്കുവാൻ സാധിക്കുമെന്നാണ്  എല്ലാവരും പ്രതീക്ഷിക്കുന്നത്.  ആ പ്രതീക്ഷകൾ യാഥാർഥ്യമാകട്ടെയെന്ന്  നമുക്ക് പ്രാർത്ഥിക്കാം.   


Adv.P.S.Sreekumar

pssreekumarpss@gmail.com








Friday, 11 July 2025

     തൂക്കുമരത്തിൽനിന്നുള്ള മോചനം കാത്തു  പ്രവാസി സമൂഹം 


കേരളീയരെ  പൊതുവിലും   പ്രവാസി സമൂഹത്തെ   പ്രത്യേകിച്ചും, ഏറ്റവും കൂടുതൽ  വ്യാകുലപ്പെടുത്തുന്നതാണ്    ഫാറൂഖ്  സ്വദേശിയും, ഡ്രൈവറായി  സൗദി അറേബ്യയിൽ ജോലി  ചെയ്തിരുന്ന  അബ്ദുൽ റഹീമിനേയും , പാലക്കാട് സ്വദേശിയും  യെമനിൽ  നഴ്‌സായി  ജോലി നോക്കിയിരുന്ന  നിമിഷപ്രിയയെന്ന നഴ്‌സിനേയും  കുറിച്ച് വരുന്ന ദുഖകരമായ  വാർത്തകൾ.   രണ്ടുപേരും അവരവർ ജോലി ചെയ്തിരുന്ന രാജ്യങ്ങളിലെ നിയമപ്രകാരം ക്രിമിനൽ കുറ്റം ചെയ്‌തതിന് ,   വധശിക്ഷക്ക്‌  വിധിക്കപ്പെട്ട്, തൂക്കുമരത്തിലേക്കുള്ള ദിവസങ്ങൾ എണ്ണിയെണ്ണി കഴിയുന്നവരാണ്.

ഫറൂഖ് കോടമ്പുഴ, മച്ചിലാകത്ത്  വീട്ടിൽ അബ്ദുൽ റഹിം  വീട്ടു  ഡ്രൈവറായി  ജോലിചെയ്യാനുള്ള  വിസയുമായാണ് 2006 ൽ   സൗദിയിൽ എത്തിയത്. ഡ്രൈവർ ജോലിക്കൊപ്പം, അദ്ദേഹം ജോലിചെയ്ത  അറബിയുടെ ഭിന്നശേഷിക്കാരനായ  കുട്ടിയുടെ കെയർ ടേക്കർ ആയും ജോലിചയ്തിരുന്നു. റഹിം  കുട്ടിയുമായി ഡ്രൈവ് ചെയ്തു വരുന്നതിനിടെ  ഒരു ദിവസം  അപകടത്തിൽപ്പെട്ടു .   കുട്ടിക്ക്  ശ്വസിക്കാനും, ആഹാരം നൽകാനുമായി     ശരീരവുമായി ബന്ധിപ്പിക്കാൻ  ഉപയോഗിച്ചിരുന്ന മെഡിക്കൽ ട്യൂബ്  അപകടത്തിൽ   വിട്ടുപോകുകയും, കുട്ടി മരിക്കുകയും ചെയ്തു. സൗദി നിയമപ്രകാരം പോലീസ് കേസ് എടുത്ത് കോടതിയിലേക്ക് റെഫർ ചെയ്തു. വിചാരണക്കൊടുവിൽ, 2018 ൽ കോടതി റഹിമിന് വധ ശിക്ഷ വിധിച്ചു. റഹിമിന്റ്റെ  വധശിക്ഷ സംബന്ധിച്ച വാർത്ത പുറത്തുവന്നോടെ, അദ്ദേഹത്തിന്റെ സുഹൃത്തുക്കളും, മലയാളി സംഘടനകളും അദ്ദേഹത്തെ രക്ഷിക്കാനുള്ള പ്രവർത്തനങ്ങൽ ആരംഭിച്ചു.  സൗദി നിയമമനുസ്സരിച്  കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങൾ സമ്മതിച്ചാൽ,  ദയാധനം(Blood money)  സ്വീകരിച്ചുകൊണ്ട്  വധശിക്ഷ ഒഴിവാക്കുവാൻ സാധിക്കും. കുടുംബാംഗങ്ങളുമായി സംസാരിച്ച റഹീമിന്റെ സുഹൃത്തുക്കളോട് 15 ലക്ഷം സൗദി റിയാൽ   (34 കോടി രൂപ ) സ്വീകരിച്ചുകൊണ്ട്  വധശിക്ഷ ഒഴിവാക്കുവാൻ സഹായിക്കാം എന്ന് അവർ സമ്മതിച്ചു.  എന്നാൽ ഇത്രയും വലിയ തുക കണ്ടെത്തുകയെന്നത് നിസ്സാരകാര്യമല്ലല്ലോ.  കൂട്ടായ ആലോചനക്ക്  ഒടുവിൽ    "സേവ് അബ്ദുൽ റഹിം"  എന്ന പേരിൽ സാമൂഹമാധ്യമങ്ങളിലൂടെ  പ്രചാരണ പ്രവർത്തനം നടത്തി. ലോകമെങ്ങുമുള്ള മലയാളികൾ  ഉദാരമായി  സംഭാവന ചെയ്തതോടെ  മോചനദ്രവ്യം വളരെ എളുപ്പത്തിൽ കണ്ടെത്തുവാൻ സാധിച്ചു.  വിദേശകാര്യ മന്ത്രാലയത്തിൻറ്റെ  ഇടപെടലോടെ നടത്തിയ ഒത്തുതീർപ്പു ചർച്ചയിൽ കുടുംബത്തിന്റെ സമ്മതപത്രം കോടതിയിൽ സമർപ്പിച്ചു. പക്ഷെ സൗദി നിയമമനുസരിച്ചു വധശിക്ഷ  ഒഴിവാക്കിയാലും ചെയ്ത കുറ്റത്തിന് 20  വർഷത്തെ തടവ് ശിക്ഷ  അനുഭവിച്ചേ മതിയാകു.  ജാതിമത ചിന്തകൾക്കതീതമായും  ലോകമെങ്ങുമുള്ള മലയാളി സമൂഹത്തിൻറ്റെ  കാരുണ്യം നുകർന്നുകൊണ്ടും,  2026  ഡിസംബറിൽ റഹിം ജയിൽ  മോചിതനായി  നമുക്കിടയിലേക്കു കടന്നുവരും എന്നാണ് നമ്മുടെ പ്രതീക്ഷ.

അഴിയാകുരുക്കുപോലെയുള്ള  ഒരു പ്രഹേളികയാണ്  നിമിഷപ്രിയ എന്ന സഹോദരിയുടെ   ജീവിത കഥ. പാലക്കാട് , കൊല്ലങ്കോടുകാരിയായ നിമിഷപ്രിയ വളരെ പാവപ്പെട്ട ഒരു കുടുംബത്തിലെ അംഗമാണ്. വീട്ടുജോലിക്കുപോയി കിട്ടുന്ന വരുമാനം കൊണ്ടാണ്  അമ്മ പ്രേമകുമാരി  അവളെ  പഠിപ്പിച്ചതും, .   നഴ്‌സിംഗിന്  ചേർത്തതും .  നേഴ്സ് ആയി നിയമനം ലഭിച്ചതിനെ തുടർന്ന്,  2008 ൽ യെമനിലെത്തി  ഒരു ക്ലിനിക്കിൽ    ജോലിയിൽ പ്രവേശിച്ചു.  . കാര്യമായ  സാമ്പത്തിക ഭദ്രത ഉറപ്പാക്കാൻ  അവിടെനിന്നും ലഭിച്ച വരുമാനം കൊണ്ട്   നിമിഷപ്രിയക്ക് സാധിച്ചില്ല. 2011  ൽ അവധിക്കു വന്നപ്പോൾ തൊടുപുഴക്കാരനായ ടോമി തോമസുമായുള്ള വിവാഹം നടന്നു. ടോമിക്ക് പ്രതീക്ഷപോലെ നല്ല ജോലിയൊന്നും കിട്ടിയില്ല. മാത്രമല്ല, നിമിഷപ്രിയയുടെ വരുമാനം കൊണ്ട് യെമനിലെയും നാട്ടിലുള്ള കുടുംബത്തിന്റെയും ജീവിതം നല്ല രീതിയിൽ മുന്നോട്ടു കൊണ്ടുപോകാനുള്ള ബുദ്ധിമുട്ടും ഉണ്ടായി. അപ്പോഴാണ്  സ്വന്തമായി ക്ലിനിക് തുടങ്ങുന്നതിനെക്കുറിച്ച്   ആലോചിച്ചത്.  ഒരു യെമനിയുടെ സ്‌പോർസർഷിപ് സംഘടിപ്പിക്കാനുള്ള ശ്രമമാണ് പിന്നീട് അവർ നടത്തിയത്. . അങ്ങിനെയാണ് നിമിഷ പ്രിയ ജോലി ചെയ്തിരുന്ന സ്ഥാപനത്തിൽ ഇടയ്ക്കു മെഡിക്കൽ പരിശോധനക്ക്  വന്നിരുന്ന തലാൽ അബ്ദുൽ മഹ്ദി  എന്ന യെമനിയുമായി   നിമിഷപ്രിയയും, ഭർത്താവും സംസാരിച്ച്  ധാരണയിലെത്തുകയും,  പുതിയ ക്ലിനിക് തുടങ്ങാൻ തീരുമാനിക്കുകയും ചെയ്തത് .   അങ്ങിനെ 2015  തുടക്കത്തിൽ " അൽ അമാൻ മെഡിക്കൽ ക്ലിനിക്"  എന്ന പേരിൽ 14  കിടക്കകളുള്ള ഒരു ക്ലിനിക്  നിമിഷ പ്രിയ  തലാലുമായി  ചേർന്ന്  ആരംഭിച്ചു.  അപ്പോഴേക്കും, യെമനിൽ വിമത വിഭാഗവുമായ ഹൂതികളുമായുള്ള  ആഭ്യന്തര യുദ്ധവും തുടങ്ങി. 

ഇതിനിടക്ക്ക്കു ഒരു കുഞ്ഞു ജനിച്ചതിനെ തുടർന്ന്, മാമോദിസക്കായി  നിമിഷപ്രിയയും, ടോമിയും കുഞ്ഞുമായി നാട്ടിലേക്കു പോകാൻ തീരുമാനിച്ചു.  കേരളം കാണാൻ താത്പര്യമുണ്ടെന്ന് പറഞ്ഞു തലാലും  അവരോടൊപ്പം കേരളത്തിലേക്ക് വന്നു. ആഭ്യന്തര യുദ്ധത്തിൽപെട്ട   യെമനിൽ നല്ല ജോലി കിട്ടാനുള്ള സാധ്യത ബുദ്ധിമുട്ടായതിനാലും, പുതിയതായി തുടങ്ങിയ ക്ലിനിക്കിന്  ധനസമാഹരണത്തിനുമായി  ടോമി കുഞ്ഞിനൊപ്പം നാട്ടിൽ നില്ക്കാൻ തീരുമാനിച്ചു.  കടംവാങ്ങിയ തുക ക്ലിനിക്കിൽ നിക്ഷേപിച്ചതിനാൽ ,  നിമിഷപ്രിയ, തലാലിനൊപ്പം   മടങ്ങി യെമനിൽ പോയി, ക്ലിനിക്കിൻറ്റെ  പ്രവർത്തനത്തിൽ ഏർപ്പെട്ടു.   നിമിഷ പുതിയ ക്ലിനിക്  തുടങ്ങിയതോടെ  പഴയ ക്ലിനിക്കിൻറ്റെ   വരുമാനം ഗണ്യമായി കുറഞ്ഞു. അതോടെ അതിന്റെ ഉടമസ്ഥൻ  നിമിഷയുമായി വഴക്കുണ്ടാക്കി. തലാലിൻറ്റെ  നിർദേശത്തിൽ,  പഴയ ക്ലിനിക്കിന്റെ ഉടമസ്ഥനും    ഓഹരി നൽകി   അത് പരിഹരിച്ചു .  

ദിവസങ്ങൾ കഴിഞ്ഞതോടെ  തലാലിൻറ്റെ  സ്വഭാവത്തിൽ പ്രകടമായ മാറ്റം കണ്ടുതുടങ്ങി.  ക്ലിനിക്കിൽ നിന്നുള്ള വരുമാനം അയാൾ ഏകപക്ഷീയമായി കൈകാര്യം ചെയ്യാൻ തുടങ്ങി. നിമിഷപ്രിയ അറിയാതെ വരുമാനം അയാൾ സ്വന്തം പോക്കറ്റിലേക്ക് മാറ്റി.  സ്‌പോർസർ എന്ന നിലയിൽ നിമിഷപ്രിയയുടെ പാസ്സ്പോര്ട്ടും മറ്റു രേഖകളും  കരസ്ഥമാക്കിയ അയാൾ, അവരെ ശാരീരികമായി ഉപദ്രവിക്കുവാൻ തുടങ്ങി. ഉപദ്രവം സഹിക്കവയ്യാതായപ്പോൾ, നിമിഷപ്രിയ  2016  ൽ പോലീസിൽ പരാതി നൽകുകയും, തലാലിനെ  പോലീസ്  താക്കീതു നൽകി വിടുകയും ചെയ്തു .   പോലീസിൽ  നിന്നുമാണ്   അവരെ വിവാഹം ചെയ്തതായി അയാൾ കൃത്രിമ രേഖകൾ ഉണ്ടാക്കിയതായും, ക്ലിനിക്കിന്റെ ഉടമസ്ഥാവകാശം  അയാളുടെയും, പഴയ ഉടമയുടെയും മാത്രം പേരിലാണെന്നും  നിമിഷ  അറിഞ്ഞത്.  അയാളുടെ പീഡനങ്ങളും, ഉപദ്രവും  കൂടിയപ്പോൾ,    ഏതെങ്കിലും രീതിയിൽ  പാസ്സ്പോര്ട്ടും മറ്റു രേഖകളും കൈക്കലാക്കി രക്ഷപ്പെടാനുള്ള തീരുമാനം അവർ എടുത്തു.  അങ്ങിനെയാണ് 2017  ജൂലൈയിൽ  അയാൾ ട്രീട്മെൻറിനായി  ക്ലിനിക്കിൽ എത്തിയപ്പോൾ,  അയാൾക്ക്‌ കെറ്റമിൻ  നൽകി മയക്കി കിടത്തിയത്.  കെറ്റമിൻറ്റെ  ഡോസ് കൂടിപ്പോയതോടെ  തലാൽ കൊല്ലപ്പെട്ടു. പരിഭ്രാന്തയായ നിമിഷ പ്രിയ  മറ്റൊരു നഴ്സിന്റെ സഹായം തേടി. തലാലിൻറ്റെ  ശരീരം വാട്ടർ ടാങ്കിൽ കഷണങ്ങളാക്കി  വെട്ടി നുറുക്കി ഇട്ടിട്ട്  അവർ രക്ഷപെടാൻ ശ്രമിച്ചു. സൗദി അതിർത്തിയിൽ വച്ച് പൊലീസ്   2017  ഓഗസ്റ്റിൽ  അവരെ  അറസ്റ്റ് ചെയ്തു തടവിലാക്കി. 

 യെമൻ കോടതിയിൽ  പ്രാദേശിക ഭാഷയിൽ നടന്ന വിചാരണക്കൊടുവിൽ,  2018 ൽ നിമിഷപ്രിയയെ കോടതി വധ ശിക്ഷക്ക്  വിധിച്ചു. പുറം ലോകവുമായി ബന്ധമില്ലാതിരുന്ന നിമിഷക്ക് ഒരു കഴിവുള്ള  അഭിഭാഷകനെപ്പോലും വക്കാൻ  സാധിച്ചില്ല. 2018  ജൂണിൽ  അൽ  ബൈദ  ജയിലിൽ നിന്നും സനായിലെ ജയിലിലേക്ക് അവരെ മാറ്റി. അവരുടെ നിസ്സഹായാവസ്ഥ  പുറത്തു അറിഞ്ഞതിനെ തുടർന്ന്   ,  പുനർവിചാര ണക്കായുള്ള അപേക്ഷ കോടതിയിൽ സമർപ്പിക്കാനും, പുനർവിചാരണ നടത്തിക്കുവാനും സാധിച്ചു. പക്ഷെ, പുനർ വിചാരണയിലും അവരെ കുറ്റക്കാരിയായി കണ്ടെത്തിയ കോടതി, 2020 ൽ വധ ശിക്ഷ തന്നെയാണ്  വിധിച്ചത്.  ജയിലിലായിരുന്ന അവസരത്തിൽ, കൂടെയുള്ള തടവുകാരുടെ സഹായത്തോടെ  സംഭവങ്ങളെല്ലാം ഇന്ത്യയിലെ ബന്ധുക്കളെ അവർ അറിയിച്ചു .    അതിനെ തുടർന്ന്  "സേവ്  നിമിഷപ്രിയ ഇന്റർനാഷണൽ  ആക്ഷൻ കൌൺസിൽ" രൂപീകരിക്കുകയും, അവരെ വധ ശിക്ഷയിൽ നിന്നും ഒഴിവാക്കുവാനുള്ള  ശ്രമം ആരംഭിക്കുകയും ചെയ്തു. മോചനത്തിനായി  കുറെ തുക ആക്ഷൻ കൗൺസിലൈന് ലഭിച്ചു.  

അതിനിടെ, കേരളത്തിലെ അവരുടെ ബന്ധുക്കൾ, മുൻ മുഖ്യമന്ത്രി  ഉമ്മൻചാണ്ടിയുടെ  ശ്രദ്ധയിൽ ഈ വിഷയം കൊണ്ടുവന്നു.  നിമിഷപ്രിയയുടെ നിസ്സഹായാവസ്ഥ പൂർണമായും മനസ്സിലാക്കിയ അദ്ദേഹം, ഗൾഫിലുള്ള  ചില  മനുഷ്യ സ്നേഹികളായ  വ്യവസായ  പ്രമുഖർ  ഉൾപ്പെടെയുള്ളവരുടെയും, കേന്ദ്ര സർക്കാരിന്റെയും ശ്രദ്ധയിൽ ഈ വിഷയം പെടുത്തുകയും  വധശിക്ഷയിൽ നിന്നും  ഇളവ് നൽകുവാനുള്ള ശ്രമങ്ങൾ  ത്വരിതപ്പെടുത്തുവാൻ  ശ്രമിക്കുകയും  ചെയ്തു.  അദ്ദേഹം ബാംഗളൂരിലെ ആശുപത്രിയിൽ തീരെ അവശനായി ചികിത്സയിൽ ഇരിക്കുന്ന സന്ദർഭത്തിൽപ്പോലും  നിമിഷ പ്രിയയുടെ മോചനത്തിനായി പലരെയും വിളിച്ചു സംസാരിച്ചു.  വധശിക്ഷ ഒഴിവാക്കുവാനായി  തലാലിൻറ്റെ  ബന്ധുക്കൾക്ക് ദയാധനം നൽകി പ്രശ്നത്തിന് ഒരു പരിഹാരം കണ്ടെത്തുവാനുള്ള ശ്രമം ആക്ഷൻ കൌൺസിലും  നടത്തി. നിമിഷപ്രിയയെ നേരിൽ കാണുവാനും,  തലാലിൻറ്റെ  ബന്ധുക്കളുമായി സംസാരിക്കുവാനായി   വിദേശകാര്യ മന്ത്രാലയത്തിന്റെ  അനുമതിയോടെ  അവരുടെ 'അമ്മ പ്രേമകുമാരിയും,, ഭർത്താവ് ടോമിയും, മകളും യെമനിൽ എത്തി, അതിനുള്ള ശ്രമം നടത്തി.  2024  ജൂൺ മാസത്തോടെ 40000 ഡോളർ സനായിലെ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർക്ക് കൈമാറിയെങ്കിലും, തലാലിൻറ്റെ  കുടുംബവും, അയാൾ ഉൾപ്പെട്ട ട്രൈബും  നിസ്സഹകരിക്കുന്നതിനാൽ മുന്നോട്ടുപോകുവാൻ സാധിക്കാതിരിക്കുകയാണ്. 

  ഇന്ത്യൻ സർക്കാരിന് നയതന്ത്ര ബന്ധമുള്ളത്  യെമനിൽ അന്താരാഷ്ട്രതലത്തിൽ അംഗീകാരം ലഭിച്ച ഭരണകൂടമായ  പ്രസിഡണ്ടിൻറ്റെ  ലീഡര്ഷിപ് കൗൺസിലുമായാണ്. എന്നാൽ, കുറ്റകൃത്യം നടന്നതും, നിമിഷ ഇപ്പോൾ കിടക്കുന്ന ജയിൽ സ്ഥിതി ചെയ്യുന്നതും, വിമത വിഭാഗമായ  ഹൂതി നിയന്ത്രണത്തിലുള്ള മേഖലയിലാണ്. ഹൂതികളുമായി ബന്ധമുള്ള ഇറാൻ ഭരണകൂടത്തിന്റെ സഹായത്തോടെ പ്രശ്നത്തിൽ ഇടപെടാനുള്ള സാധ്യതയാണ് ഇന്ത്യ സർക്കാർ ഇപ്പോൾ നോക്കുന്നത്.  ഏറ്റവും ഒടുവിൽ യെമനിൽ നിന്നും വരുന്ന വാർത്തയനുസരിച്ചു ജൂലൈ 16 നു അവരുടെ ശിക്ഷ നടപ്പാക്കുവാനുള്ള ഉത്തരവ് ജയിലിലെത്തിയെന്നാണ്.  ഏതായാലും  കേന്ദ്ര സർക്കാരും, ആക്ഷൻ കൗൺസിലും, അവിടെയുള്ള പ്രവാസി സമൂഹവും   അവരുടെ വധശിക്ഷ ഒഴിവാക്കുവാനുള്ള ശ്രമത്തിലാണ്. ഉമ്മൻചാണ്ടിയുടെ അവസാന ആഗ്രഹങ്ങളിൽ ഒന്നായിരുന്നു നിമിഷ പ്രിയയുടെ മോചനം. അദ്ദേഹത്തിന്റെ ആഗ്രഹം നിറവേറ്റാനുള്ള ആത്മാർത്ഥമായ പരിശ്രമത്തിന്റെ ഭാഗമായാണ്  പ്രിയ പത്നി മറിയാമ്മ ഉമ്മനും, മകൻ ചാണ്ടിഉമ്മനും  നിമിഷപ്രിയയുടെ ഭർത്താവിനെയും കൂട്ടി സംസ്ഥാന ഗവർണ്ണറെ  കണ്ടു അദ്ദേഹത്തിന്റെ ഇടപെടലിനായി അഭ്യർത്ഥിച്ചത്.  ഏറ്റവും കുറഞ്ഞത്, ജൂലൈ 16 നു നടപ്പിലാക്കാൻ നിശ്ചയിച്ചിട്ടുള്ള വധശിക്ഷയെങ്കിലും മാറ്റിവെക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.






Tuesday, 8 July 2025

 

        

                             മദ്ധ്യേഷ്യയിലെ   യുദ്ധവും , ഇന്ത്യയും 

അഡ്വ.പി.എസ്. ശ്രീകുമാർ 

 മദ്ധ്യേഷ്യയിൽ,   ഇറാനെ അക്രമിച്ചു കൊണ്ട്    പുതിയ ഒരു യുദ്ധമുഖം കൂടി  ഇസ്രായേൽ  തുറന്നത്  ലോക ജനതയെ മുഴുവൻ ആശങ്കയിലാഴ്ത്തിക്കൊണ്ടായിരുന്നു .  ഇറാൻ റെവല്യൂഷനറി ഗാർഡ്ൻറ്റെ  തലവൻ ജനറൽ ഹൊസൈൻ സലാമി, സംയുക്ത സൈനിക മേധാവി മേജർ ജനറൽ മുഹമ്മദ് ബഖാരി, മുൻ സുരക്ഷാ ഉപദേഷ്ടാവ്  അലി ഷംഘാനി, എന്നിവരും,  ഏജൻസിയുടെ  മുൻ തലവൻ മുഹമ്മദ് മഹ്ദി ട്രെഹ്‌റാഞ്ചി  തുടങ്ങി ആറോളം ആണവ ശാസ്ത്രഞ്ജരും മറ്റ്  ഉന്നതരായ സൈനിക മേധാവികളും,  ഇസ്രയേലിൻറ്റെ  ആക്രമണത്തിൽ കൊല്ലപ്പെട്ടു.  ഇസ്രയേലിൻറ്റെ  നിലനിൽപ്പിനും അതിജീവനത്തിനും  ഭീഷണിയായി തുടരുന്നതിനാലാണ് ഇറാനുനേരെ സൈനിക നടപടി തുടങ്ങിയതെന്നും, ഇറാൻ   ഉയർത്തുന്ന ആണവഭീഷണി തുടച്ചുനീക്കുംവരെ സൈനിക നടപടി തുടരുമെന്നുമാണ്  യുദ്ധം തുടങ്ങിയപ്പോൾ   ഇസ്രായേൽ പ്രധാനമന്ത്രി   നെതന്യാഹു പ്രഖ്യാപിച്ചത് .

  തലസ്ഥാന നഗരമായ ടെഹ്‌റാനുപുറമെ ഇറാൻറ്റെ  വിവിധ ആണവ, സൈനിക കേന്ദ്രങ്ങളിൽ ഒരേസമയം  ആക്രമണം നടത്തിക്കൊണ്ടാണ് ജൂൺ 13  വെള്ളിയാഴ്ച്ച  പുലർച്ചെ  ഇസ്രായേൽ  ആക്രമണം  തുടങ്ങിയത് .    അന്ന് രാത്രിതന്നെ ഇസ്രായേലിലെ വിവിധ നഗരങ്ങളിലേക്ക് മിസൈൽ വിക്ഷേപിച്ച്  ഇറാനും തിരിച്ചടി തുടങ്ങി.   ഇറാനിലെ തന്ത്രപ്രധാനമായ  നിരവധി കേന്ദ്രങ്ങൾ  ആക്രമണത്തിനിരയായി. അതുപോലെ ഇസ്രായേലിലെ ആശുപത്രി ഉൾപ്പെടെ നിരവധി ജനവാസ മേഖലകളിൽ  ഇറാനും   പ്രത്യാക്രമണം   നടത്തി .  ഇരുപക്ഷത്തും നിരപരാധികളായ നിരവധി ആളുകളാണ് കൊല്ലപ്പെട്ടത് .  ഏകപക്ഷീയമായി ആക്രമണം തുടങ്ങിയ ഇസ്രയേലിനോട്  ഒരു വിട്ടുവീഴ്ചയും കാണിക്കില്ലെന്ന്  പ്രഖ്യാപിച്ചുകൊണ്ടാണ് ഇറാൻ പരമോന്നത നേതാവായ അയത്തൊള്ള അലി ഖമെനെയ്‌  തിരിച്ചടിക്കാൻ നിർദേശം നൽകിയത് .

1979 വരെ രാജ്യം ഭരിച്ചിരുന്ന മുഹമ്മദ്  റസ്‌വ പെഹൽവിയെ,    ഭരണത്തിൽ നിന്നും പുറത്താക്കിയ   ശേഷമാണ്  അയത്തൊള്ള റൂഹുല്ല  ഖുമൈനി,  ഇസ്ലാമിക രാഷ്ട്രത്തിൻറ്റെ  പരമോന്നത സ്ഥാനം ഏറ്റെടുത്ത്.  അന്നുമുതൽ യാഥാസ്ഥിക ഇസ്ലാമിക ഭരണമാണ് ഇറാനിൽ. റൂഹുള്ള ഖൊമൈനിയുടെ കാലശേഷം പരമോന്നത സ്ഥാനത്തെത്തിയ അയത്തൊള്ള ഖമെനെയ്‌  ഇറാനെ സാമ്പത്തികമായും സൈനികമായും ശക്തിപ്പെടുത്തുവാൻ ആവശ്യമായ എല്ലാ നടപടികളും കൈക്കൊണ്ടു. സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങളെല്ലാം അടിച്ചമർത്തി. ചുറ്റുമുള്ള  , സൗദി അറേബ്യയുടെ  ഉൾപ്പെടെയുള്ള   സുന്നി മുസ്‌ലിം  രാഷ്ട്രങ്ങളെ അരികുവൽക്കരിച്ചുകൊണ്ടു  ,മുസ്ലിം  രാഷ്ട്രങ്ങളുടെ നേതൃത്വത്തിനായുള്ള ശ്രമങ്ങളും നടത്തിവരികയായിരുന്നു.  ഇസ്രായേൽ എന്ന ശത്രു രാജ്യത്തിനെ നേരിടാനാണ്  അണുബോംബ് എന്ന ആശയത്തിലൂന്നി ആണവ പദ്ധതികളുമായി ഇറാൻ മുന്നോട്ടു പോയത്.   മാത്രമല്ല , ഇക്കാര്യത്തിൽ,  അയൽരാജ്യങ്ങളുടേയും, പാശ്ചാത്യ രാജ്യങ്ങളുടേയും എതിർപ്പുകളെ  അവർ അവഗണിച്ചു .  ഇറാൻ    ആണവായുധ ശക്തിയുള്ള  രാജ്യമാകുന്നത്  സൗദിയും, യു  എ ഇയും  ഉൾപ്പെടെയുള്ള  മറ്റു അറബ്‌  രാജ്യങ്ങൾക്കും   ഒരു ഭീഷണിയാണ്.    അമേരിക്കയും മറ്റു പാശ്ചാത്യ രാജ്യങ്ങളും ഏർപ്പെടുത്തിയ ഉപരോധത്തിൽ  സാമ്പത്തികമായി തകർന്നു നിന്ന അവസരത്തിലാണ്  അമേരിക്കൻ പ്രസിഡന്റ് ആയിരുന്ന ബരാക്  ഒബാമയുടെ നേതൃത്വത്തിൽ  ഐക്യരാഷ്ട്ര സഭാ  രക്ഷാസമിതിയിലെ  സ്ഥിരാംഗങ്ങളും ,  യൂറോപ്യൻ യൂണിയനും ജർമനിയും   മുന്നോട്ടുവച്ച    ആണവായുധ  നിയന്ത്രണ കരാറിൽ ഇറാൻ 2015 ൽ  ഒപ്പുവച്ചത്.  അതോടെ, സാമ്പത്തിക ബുദ്ധിമുട്ടുകളിൽ നിന്നും,  വളർച്ചാമുരടിപ്പിൽ നിന്നും  ഇറാൻ കരകയറുവാൻ തുടങ്ങി. കരാറിന്റെ അടിസ്ഥാനത്തിൽ ഇറാനും ആണവ പദ്ധതികൾ ഏതാണ്ട് മരവിപ്പിച്ചു. പിന്നീട് അധികാരത്തിലെത്തിയ  ട്രംപ്,   ഒബാമ അമേരിക്കയിൽ കൊണ്ടുവന്ന  ആരോഗ്യ പരിരക്ഷ പദ്ധതിയുൾപ്പെടെ എല്ലാം ഉപേക്ഷിച്ചു. മാത്രമല്ല, 2018 ൽ   ഇറാനുമായി ഒപ്പുവച്ച  ആണവ    കരാറിൽ  നിന്നും   പിന്മാറുകയും,   സാമ്പത്തിക ഉപരോധങ്ങൾ ഇറാനുമേൽ പ്രഖ്യാപിക്കുകയും ചെയ്തു. അതോടെ  ഇറാൻ സാമ്പത്തികമായി വീണ്ടും  തകർന്നു തുടങ്ങി. അതിനിടയിലാണ്  ഹിജാബ് ധരിച്ചില്ലെന്ന കാരണത്താൽ 22  വയസ്സുകാരിയായ മഹ്‌സ അമിനി  എന്ന യുവതി  അറസ്റ്റ് ചെയ്യപ്പെടുകയും, പോലീസ് കസ്റ്റഡിയിൽ ഇരിക്കുമ്പോൾ കൊല്ലപ്പെടുകയും ചെയ്തത്. അതിൽ പ്രതിഷേധിച്ച്  ഇറാനിയൻ വനിതകൾ ആരംഭിച്ച  പ്രക്ഷോഭം  രാജ്യമാസകാലം വ്യാപിച്ചു.  അതൊരു രാഷ്ട്രീയ പ്രക്ഷോഭമായി പെട്ടെന്നു  മാറി. പ്രക്ഷോഭകർ  ഇസ്ലാമിക ഭരണം അവസാനിപ്പിക്കുവാനും സ്വാതന്ത്ര്യത്തിനും വേണ്ടി  പ്രക്ഷോഭം  കടുപ്പിച്ചപ്പോൾ, ഭരണകൂടത്തിന്റെ എല്ലാ ശക്തിയുമുപയോഗിച്ചുകൊണ്ടു  പ്രക്ഷോഭത്തെ ഇറാൻ ഭരണകൂടം  അടിച്ചമർത്തി.

ഇസ്രയേലിൻറ്റെ ലക്‌ഷ്യം എന്ത് ?

ഇറാൻറ്റെ  ആണവ പദ്ധതി തകർക്കുന്നതോടൊപ്പം, ഖമനേയിയുടെ  നേതൃത്വത്തിലുള്ള  ,  അമേരിക്കക്കും,  ഇസ്രയേലിനും,  എതിരായ ഭരണകൂടത്തെ  അധികാരത്തിൽ നിന്നും  പുറത്താക്കുക  എന്നീ ലക്ഷ്യങ്ങളോടെയാണ്, ഇസ്രായേൽ യുദ്ധം ആരംഭിച്ചത് .  അമേരിക്ക  ഈ യുദ്ധത്തിൽ,   തുടക്കത്തിൽ  നേരിട്ട് വന്നില്ല  എന്നതൊരു യാഥാർഥ്യമാണ്. ഇസ്രയേലിൻറ്റെ  അക്രമണങ്ങളിൽ തങ്ങൾക്ക്‌  പങ്കില്ലെന്ന്  അമേരിക്ക ആവർത്തിച്ച്  പറഞ്ഞെങ്കിലും,      ഇസ്രയേലിൻറ്റെ  പിറകിൽ ശക്തമായി നിന്നത്  അമേരിക്കയാണ് എന്നതിൽ ആർക്കും സംശയമില്ല.  അമേരിക്കയും,  ഇറാനുമായി ആണവകരാറിനുള്ള  ചർച്ചകൾ  നടക്കുന്നതിനിടയിലാണ് ഇസ്രായേൽ ആക്രമണം അഴിച്ചുവിട്ടത്. ഇസ്രായേൽ ഇറാനെ ആക്രമിക്കുന്നതിന്  മുമ്പ് തന്നെ അഞ്ച്   റൗണ്ട്  ചർച്ചകൾ  നടന്നു  കഴിഞ്ഞിരുന്നു. അടുത്ത ചർച്ച ജൂൺ മാസത്തിൽ നടത്താനും തീരുമാനിച്ചിരുന്നു. മാത്രമല്ല, ആണവ ആയുധ  നിർമാണവുമായി ഇറാൻ മുന്നോട്ടു പോകുന്നില്ലെന്ന്  അമേരിക്കൻ കോൺഗ്രസ്സിൽ അമേരിക്കയുടെ ദേശിയ രഹസ്യാന്വേഷണ ഡയറക്ടർ ആയ തുൾസി  ഗബ്ബാർഡ്  രണ്ടു മാസങ്ങൾക്കു മുമ്പ്   വ്യക്തമാക്കുകയും  ചെയ്തിരുന്നു.  തങ്ങൾ സമാധാന ആവശ്യങ്ങൾക്ക് മാത്രമാണ് ആണവ പദ്ധതികൾ ഉപയോഗിക്കുന്നതെന്ന് ഇറാനും പല അന്തർദേശിയ  വേദികളിലും പ്രഖ്യാപിച്ചു. എന്നാൽ, ഇറാൻറ്റെ  പ്രസ്താവനകളെ ഇസ്രയേലും, അമേരിക്കയും  വിശ്വസിച്ചില്ല.     ഇറാനെ കൂടുതൽ വിട്ടുവീഴ്ചകളോടെ  കരാറിൽ ഒപ്പിടീക്കുന്നതിനു പ്രേരിപ്പിക്കുവാനോ  അല്ലെങ്കിൽ,  കരാറിൽ ഒപ്പിടുന്നതിനു മുമ്പ് ഇറാൻറ്റെ  ആണവ നിലയങ്ങളുടെ പ്രവർത്തനം  തകർക്കുകയെന്ന ഉദ്ദേശത്തോടെയോ  ആയിരുന്നു ഇസ്രയേലും, അമേരിക്കയും ആക്രമണങ്ങൾ നടത്തിയത് . 

അമേരിക്കയുടെ ബോംബാക്രമണം 

 യുദ്ധത്തിൽ നേരിട്ട് പങ്കെടുക്കണോ  വേണ്ടയോ എന്ന്  ഉടനെ  തീരുമാനിക്കുമെന്ന്   ട്രംപ്   പറഞ്ഞു  നാവെടുക്കുന്നതിനു  മുമ്പാണ്  21  ആം തീയതി രാത്രിയിൽ  ബങ്കർ ബസ്റ്റർ  ബോംബറുകളിൽനിന്നും  നതാൻസ് , ഫോർദോ , ഇസ്ഫഹാൻ  എന്നിവിടങ്ങളിൽ ഉള്ള ഇറാൻറ്റെ  ആണവനിലയങ്ങൾ ബമ്പർ ബസ്റ്റർ ഉപയോഗിച്ച് അമേരിക്ക ആക്രമിച്ചത്.  അമേരിക്കയുടെ,  ഖത്തറിലെയും, ഇറാഖിലെയും സൈനിക താവളങ്ങളും ഇസ്രായേലിലെ വിവിധ കേന്ദ്രങ്ങളും ആക്രമിച്ചുകൊണ്ട്  ഉടൻതന്നെ ഇറാൻ  മറുപടി നൽകി. ഹോർമുസ് കടലിടുക്കുവഴിയുള്ള കപ്പൽ ഗതാഗതം തടയാനുള്ള തീരുമാനവും  ഇറാൻ നേതൃത്വം  തത്വത്തിൽ  കൈക്കൊണ്ടു.   യുദ്ധം കൈവിട്ടുപോകുമെന്നു അന്തർദേശിയ സമൂഹം  ചിന്തിച്ചിരുന്നപ്പോളാണ്, ഇസ്രയേലും, ഇറാനും വെടിനിർത്തലിന് സമ്മതിച്ചതായി  ഡൊണാൾഡ് ട്രംപ്  ലോകത്തെ അറിയിച്ചത്.  ഏതായാലും, 12 ദിവസം നീണ്ടുനിന്ന  ലോകത്തെ ആശങ്കയുടെ  മുൾമുനയിൽ നിർത്തിയ , കടുത്ത യുദ്ധത്തിന്  താത്ക്കാലിക വിരാമമുണ്ടായിരിക്കുന്നു.

ആണവനിലയങ്ങൾ തകർക്കപ്പെട്ടോ ?

ഇറാൻറ്റെ  ആണവനിലയങ്ങളെ  ഇസ്രയേലിൻറ്റെയും, അമേരിക്കയുടെയും കനത്ത ബോംബാക്രമണങ്ങൾ  ബാധിച്ചിട്ടുണ്ട് എന്നതിൽ സംശയമില്ല. ഇറാൻ അതെല്ലാം നിഷേധിക്കുന്നുണ്ടെങ്കിലും, ഇറാൻറ്റെ  യുറേനിയം സമ്പുഷ്‌ടീകരണത്തെ ഈ ആക്രമണങ്ങൾ ബാധിച്ചിരിക്കാം എന്നാണ് അന്തർദേശിയ സമൂഹം വിലയിരുത്തുന്നത്.  ഈ ആക്രമണങ്ങളൊന്നും, ഇറാൻറ്റെ   ആണവ സാധ്യതകളെ കാര്യമായി ബാധിച്ചിട്ടില്ലെന്ന തരത്തിലുള്ള വാർത്തകൾ  വാഷിംഗ്‌ടൺ പോസ്റ്റ് ഉൾപ്പെടെയുള്ള ചില പാശ്ചാത്യ മാധ്യമങ്ങൾ   വെളിപ്പെടുത്തിയെങ്കിലും, അതൊന്നും  ശരിയല്ലെന്നാണ്  അമേരിക്കൻ ഭരണകൂടം പ്രഖ്യാപിച്ചിട്ടുള്ളത്.  പക്ഷെ അപ്പോഴും നമ്മൾ മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്, ആണവ നിരായുധീകരണ കരാറിൽ ഒപ്പിട്ട ഒരു രാജ്യത്തെയാണ് അതിൽ ഒപ്പിടാത്ത ഇസ്രയേലും, ആണവശക്തിയായ അമേരിക്കയും ചേർന്ന് ആക്രമിച്ചത്.  അമേരിക്കയും, രക്ഷാസമിതിയിലെ  രാജ്യങ്ങളുമായി ഇറാൻ ഒപ്പുവച്ച "Joint Comprehensive Plan of Action" ൽ നിന്നും ഏകപക്ഷീയമായി പിന്മാറിയത്  ഡൊനാൾഡ്  ട്രംപ്   പ്രസിഡന്റ് ആയിരുന്നപ്പോഴാണ്. ആണവ നിരായുധീകരണ കരാറിൽ  ഇറാൻ തുടരുന്നിടത്തോളം കാലം,  അന്തർദേശിയ ആണവ ഏജൻസിക്ക്  ഇറാൻറ്റെ  ആണവ നിലയങ്ങൾ പരിശോധിക്കാൻ സാധിക്കും.  എന്നാൽ ആ കരാർ അവസാനിപ്പിക്കുവാൻ ഇറാൻ പാർലിമെന്റ്  തീരുമാനിച്ചാൽ  ആണവ നിലയങ്ങൾ പരിശോധിക്കാനുള്ള അവസരമാണ് അന്തർദേശിയ ആണവോർജ സമിതിക്ക്  നഷ്ടപ്പെടുന്നത്.  അത് വീണ്ടും മറ്റൊരു യുദ്ധത്തിലേക്ക്  ചിലപ്പോൾ നയിച്ചേക്കാം.  അതിനാൽ, NPT യിൽ നിന്നും ഇറാൻ പുറത്തുപോകാതിരിക്കാനുള്ള  നയതന്ത്ര നീക്കങ്ങൾക്ക്  ഐക്യ രാഷ്ട്ര സഭയുടെ നേതൃത്വത്തിൽ  അമേരിക്കയും, റഷ്യയും,  ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങൾ  മുൻകൈ എടുക്കണം.  തങ്ങളുടെ രാജ്യ   സുരക്ഷ ഉറപ്പുവരുത്തുന്ന  നടപടികൾ ഉണ്ടായാൽ മാത്രമേ ഇറാൻ  അങ്ങിനെയുള്ള നീക്കങ്ങളോട് സഹകരിക്കുകയുള്ളു എന്നതും ഒരു യാഥാർഥ്യമാണ്.


ഇന്ത്യയുടെ റോൾ ?

മുൻപ് പല യുദ്ധമേഖലകളിൽനിന്നും, ഇന്ത്യക്കാരെ കൊണ്ടുവന്നതുപോലെ ഇറാനിലും, ഇസ്രയേലിലുമുള്ള ഇന്ത്യക്കാരെ  യുദ്ധമേഖലകളിൽ നിന്നും മടക്കി  കൊണ്ടുവരാൻ   ഇന്ത്യ  നടത്തിയ നടപടികൾ   അഭിനന്ദനാർഹമാണ്   . എന്നാൽ, മൗലികമായ ഒരു പ്രശ്‍നം  ചോദ്യചിഹ്നമായി  നിൽക്കുന്നു. ഒരുകാലത്തു  ചേരിചേരാ രാഷ്ട്രങ്ങളുടെ നായകസ്ഥാനത്തിരുന്നുകൊണ്ട് രാഷ്ട്രങ്ങൾ തമ്മിലുണ്ടായിട്ടുള്ള പ്രധാന തർക്കങ്ങളിൽ  നിഷ്പക്ഷതയോടെ ഇടപെട്ടിരുന്ന ഇന്ത്യ ഇന്ന്  ലോകത്തു നടക്കുന്ന ഒരു പ്രശ്നങ്ങളിലും ഇടപെടാതെ കാഴ്ചക്കാരെപ്പോലെ മാറിനിൽക്കുകയാണ്. റഷ്യയുമായും, യുക്രൈനുമായും സുഹൃത്ബന്ധമുള്ള ഇന്ത്യ, രണ്ടു രാജ്യങ്ങളും അഭ്യർത്ഥിച്ചിട്ടും,  യുക്രൈൻ  പ്രശ്നത്തിൽ  ഇടപെടാതെ  ഒഴിഞ്ഞുമാറി നടക്കുകയാണ്. അതുപോലെ, ഗാസയിലെ നിരപരാധികളായ   പിഞ്ചു കുഞ്ഞുങ്ങൾ  ഉൾപ്പെടെയുള്ള  ജനങ്ങൾ  കൊലപ്പെടുമ്പോളും  നിസ്സംഗതയോടെയാണ് ഇന്ത്യ പെരുമാറുന്നത്.  ഇസ്രായേലുമായും, ഇറാനുമായും നല്ല ബന്ധമുള്ള  ഇന്ത്യ,    അനുരഞ്ജനത്തിനുള്ള ഒരു ശ്രമം പോലും നടത്താൻ   മുന്നോട്ടു വന്നില്ല എന്നത്  നമ്മുടെ വിദേശനയത്തിൽ ഉണ്ടായിട്ടുള്ള  അപചയമാണോ എന്ന് ആരെങ്കിലും സംശയിച്ചാൽ അവരെ കുറ്റപ്പെടുത്താൻ സാധിക്കുമോ?

അഡ്വ.പി.എസ് .ശ്രീകുമാർ 

pssreekumarpss@gmail.com







 

                                  ഈജിയൻ തൊഴുത്തായി മാറിയ  ആരോഗ്യവകുപ്പ് 

അഡ്വ.പി.എസ്‌ .ശ്രീകുമാർ 


കേരളം എന്നും അഭിമാനിച്ചിരുന്നത്  നമ്മുടെ പൊതുജനാരോഗ്യത്തിൻറ്റെയും , വിദ്യാഭ്യാസത്തിൻറ്റെയും , സാമൂഹ്യക്ഷേമത്തിൻറ്റെയും  പേരിലാണ്.  അതിലും മുൻഗണന ഉണ്ടായിരുന്നത് പൊതുജനാരോഗ്യത്തിനായിരുന്നു. ഏതു പാശ്ചാത്യ രാജ്യത്തോടും കിടപിടിക്കുന്ന രീതിയിലാണ് ഈ രംഗത്തുള്ള നമ്മുടെ പ്രകടനം.  ഈ മേഖലകളിലെ നമ്മുടെ നേട്ടങ്ങൾ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല, അവക്ക്   നൂറ്റാണ്ടുകളുടെ  പഴക്കമുണ്ട്.  19 ആം നൂറ്റാണ്ടുവരെ ആയുർവേദ ചികിത്സ സമ്പ്രദായമായിരുന്നു  ജനങ്ങളുടെ ആരോഗ്യത്തിന് ഉതകിയിരുന്നത്.  കേരളത്തിലെ ആയുർവേദ വൈദ്യന്മാർ  ചരകൻ എഴുതിയ  ചരക സംഹിതയും, സുശ്രുതൻ എഴുതിയ  സുശ്രുത സംഹിതയും,  വാഗ്ഭടൻ എഴുതിയ അഷ്ടാംഗ ഹൃദയം, അഷ്ടാംഗ സംഗ്രഹം എന്നീ കൃതികളുടെയും  അടിസ്ഥാനത്തിലുള്ള  ചികിത്സ രീതികളെയാണ് ആശ്രയിച്ചിരുന്നത്. കേരളത്തിന്റെ കാലാവസ്ഥക്ക് യോജിച്ച ഔഷധ സസ്യങ്ങളാൽ സമ്പന്നമായിരുന്നു നമ്മുടെ ഗ്രാമങ്ങൾ.  പൊതുജനത്തിന്  ഏറ്റവും അനുയോജ്യമായ ചികിത്സ സമ്പ്രദായമായിരുന്നു അന്ന് നിലവിലിരുന്നതെന്നാണ് ഹോർത്തൂസ് മലബാറിക്ക എഴുതിയ കൊച്ചിയിലെ  ഡച്ച് ഗവർണർ ആയിരുന്ന  ഹെൻഡ്രിക് അഡ്രിയാൻ വാൻ റീഡ്  എഴുതിയത്.

 കൊളോണിയൽ ഭരണം നിലവിൽ വന്നതോടെയാണ്  പാശ്ചാത്യ ചികിത്സ സമ്പ്രദായം  ഇവിടെ എത്തുന്നത്. അന്ന്  ലോകമൊട്ടാകെ  ആളുകളുടെ ജീവൻ നഷ്ടപ്പെടുത്തിയിരുന്നത്  വസൂരി രോഗമായിരുന്നു.  വസൂരിക്കുള്ള വാക്‌സിൻ കണ്ടുപിടിച്ചു  അധികം വൈകാതെ 1802  ൽ  അത് ബോംബെയിൽ  എത്തിച്ചു നൽകിത്തുടങ്ങി.  അതേ  വര്ഷം തന്നെ കൊച്ചിയിൽ ഒരു വാക്‌സിനേഷൻ സെന്റർ  ആരംഭിച്ചു. അന്ന് തിരുവിതാംകൂർ ഭരിച്ചിരുന്ന  റാണി ഗൗരി ലക്ഷ്‌മി  ബായ്  വാക്‌സിനേഷൻ വ്യാപകമാക്കുവാൻ പ്രത്യേക താത്പര്യമെടുത്തു. തിരുവനന്തപുരത്തു ഒരു  വാക്‌സിനേഷൻ സെന്റർ പൊതു ജനങ്ങൾക്കായി അവർ  തുറന്നു. അതുപോലെ ആദ്യ അലോപ്പതി  ഡിസ്‌പെൻസറി 1814 ൽ  തിരുവനന്തപുരം തൈക്കാട്  ആരംഭിച്ചു. സ്വാതിതിരുനാൾ മഹാരാജാവിൻറ്റെ  ഭരണ കാലയളവിൽ തൈക്കാടുള്ള  ഡിസ്‌പെൻസറി കിടത്തി ചികില്സിക്കുന്ന ആശുപത്രിയായി 1837 ൽ   ഉയർത്തി. അദ്ദേഹത്തിന്റെ സഹോദരനായ ഉത്ത്രം  തിരുനാൾ മഹാരാജാവ് അലോപ്പതി പഠിച്ചു  ചികില്സിച്ചുതുടങ്ങി.  ഉത്ത്രം  തിരുനാൾ മഹാരാജാവ്  മുൻകൈ എടുത്താണ്  തിരുവിതാംകൂർ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അലോപ്പതി ഡിസ്പെൻസറികളും, ആശുപത്രികളും സ്ഥാപിച്ചത്. മാത്രമല്ല, ചേർത്തല ഭാഗത്തുണ്ടായിരുന്ന മന്ത് രോഗം, മലേറിയ, വസൂരി എന്നീ രോഗങ്ങളെക്കുറിച്ചും വിശദമായ പഠനം  നടത്തുവാൻ റോക്ക്ഫെല്ലർ ഫൗണ്ടേഷൻറ്റെ  സഹായത്തോടെ 1928 ൽ പബ്ലിക് ഹെൽത്ത് ലബോറട്ടറിയും തിരുവനന്തപുരത്തു  സ്ഥാപിച്ചു.1848 ലാണ് ആദ്യത്തെ സിവിൽ ആശുപത്രി ( ജില്ലാ ആശുപത്രി) എറണാകുളത്തു ആരംഭിച്ചത്.  പിന്നീട് 1865 ൽ തിരുവനന്തപുരത്തും, 1870 ൽ  കൊല്ലത്തും, ആലപ്പുഴയിലും, കോട്ടയത്തും  സിവിൽ ആശുപത്രികൾ ആരംഭിച്ചു.   സ്വാതന്ത്ര്യത്തിന്  മുമ്പ് വിവിധ രാജാക്കന്മാരും, സ്വാതന്ത്ര്യശേഷം  വിവിധ ജനാധിപത്യ സർക്കാരുകളും ആരോഗ്യ മേഖലക്ക് നൽകിയ പ്രാധാന്യം കൊണ്ടാണ്  ഈ മേഖലയിൽ ഇന്നും കേരളം തലയുയർത്തിപ്പിടിച്ചു നിൽക്കുന്നത്. സംസ്ഥാനത്തെ ശിശുമരണം, മാതൃമരണം, നവജാത ശിശുമരണ നിരക്കുകൾ,  ആയുർദൈർഘ്യം  എന്നിവയിലൊക്കെ നമ്മൾ ഇന്നും മുന്നിൽ നിൽക്കുന്നത്  മേൽപ്പറഞ്ഞ കാരണങ്ങളാണ്.    എന്നാൽ 2016 ൽ  പിണറായി സർക്കാർ അധികാരത്തിൽ വന്നശേഷം  ഈ മേഖലകളിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന അപഭ്രംശങ്ങളും, വലിയ വീഴ്ച്ചകളും  കേരളത്തിന്റെ    അവകാശവാദങ്ങൾക്കുമേൽ  കളങ്കമേൽപ്പിച്ചുകൊണ്ടിരിക്കുകയാണ്.

 സ്വകാര്യ ആശുപത്രിയെ ആശ്രയിച്ച  സജിചെറിയാൻ 

മുഖ്യമന്ത്രിയുടേയും, മന്ത്രിമാരുടെയും തള്ളുകൾക്കും, പൊള്ളയായ അവകാശവാദങ്ങൾക്കുമപ്പുറം,  കേരളത്തിന്റെ പൊതുജനാരോഗ്യ മേഖല  മരണകിടക്കയിലാണെന്നതാണ് യാഥാർഥ്യം.  അതാണ്  മന്ത്രി സജി ചെറിയാൻ  ഇപ്പോൾ പരസ്യമായി സമ്മതിച്ചിരിക്കുന്നത് . ഡെങ്കി പനി  വന്നു സർക്കാർ ആശുപത്രിയിൽ ചികില്സിച്ചപ്പോൾ മരിക്കാറായി 14  ദിവസം ബോധമില്ലാതെ  കിടന്ന തൻറ്റെ  ജീവൻ രക്ഷിച്ചത് സ്വകാര്യ ആശുപത്രിയാണെന്നാണ് അദ്ദേഹം വെളിപ്പെടുത്തിയത്.   ശൈലജയും, വീണ ജോർജും  കഴിഞ്ഞ ഒമ്പത്  വർഷം  ഭരിച്ച ആരോഗ്യവകുപ്പിന്റെ നേർചിത്രമാണ് സജി ചെറിയാൻ  വരച്ചുകാണിച്ചിരിക്കുന്നത്. അതുതന്നെയാണ്   തിരുവനന്തപുരം മെഡിക്കൽ കോളേജിലെ യൂറോളജി വിഭാഗം തലവനായ ഡോ .ഹാരിസ് ചിറയിൽ അദ്ദേഹത്തിന്റെ സാമൂഹ്യമാധ്യമത്തിലൂടെ പൊതുജനത്തെ അറിയിച്ചതും. അദ്ദേഹത്തിന്റെ വകുപ്പിൽ   ആവശ്യം വേണ്ട സർജിക്കൽ  ഉപകരണങ്ങളില്ലാത്തതിനാൽ  നിരവധി ശസ്ത്രക്രിയകൾ മുടങ്ങുന്നുവെന്നും,  സ്വകാര്യ ആശുപത്രികളിലൊന്നും പോകാൻ സാമ്പത്തിക ശേഷിയില്ലാത്ത നൂറുകണക്കിന് ജനങ്ങളാണ്  തിരുവനന്തപുരം സർക്കാർ  മെഡിക്കൽ കോളേജിൽ അഭയം തേടുന്നുമാണ്  അദ്ദേഹം പങ്കുവച്ചത്.. തീവ്രമായ വേദനയോടെ ഗുരുതരമായ വൃക്കരോഗങ്ങളാൽ ഒക്കെ അവശരായ  നിരവധി സാധാരണ ജനങ്ങൾ ചികിത്സക്കായി ഒരു വശത്ത് , എതിർ വശത്ത്  ഉപകരണങ്ങളുടെ ക്ഷാമം, അത് പരിഹരിക്കാൻ താത്പര്യം ഇല്ലാത്ത ഉദ്യോഗസ്ഥ വൃന്ദങ്ങൾ , നിയമങ്ങളുടെ നൂലാമാലകൾ. നിസ്സഹായാവസ്ഥയിലാകുന്നത് ഡോക്ടർമാരും, വകുപ്പ് മേധാവിയും.   ശസ്ത്രക്രിയാ  ഉപകരണങ്ങളുടെ അഭാവത്തിൽ  തൻറ്റെ മകൻറ്റെ പ്രായമുള്ള ഒരു വിദ്യാർത്ഥിയുടെ ശസ്ത്രക്രിയ മാറ്റിവക്കേണ്ട സാഹചര്യം ഉണ്ടായതിൻറ്റെ  നിരാശയിലാണ് അദ്ദേഹം  സാമൂഹ്യമാധ്യമത്തിലൂടെ പ്രതികരിക്കാൻ നിര്ബന്ധിതനായത്.  ഡോ .ഹാരിസിൻറ്റെ  അഭിപ്രായപ്രകടനങ്ങളോട്  സഹിഷ്ണതയോടെയാണ്    ആരോഗ്യ മന്ത്രി വീണാ ജോർജ്  ആദ്യം പ്രതികരിച്ചത്. എന്നാൽ  മുഖ്യമന്ത്രി ഡോക്ടർക്കെതിരെ പരസ്യമായി  സംസാരിച്ചതോടെ  മന്ത്രിമാരും, സി പി എം നേതാക്കളും  ഡോക്ടറെ കടന്നാക്രമിക്കുന്ന സ്ഥിതിയിലെത്തി.  

ബിന്ദുവിൻറ്റെ  മരണത്തിനുത്തരവാദി പിണറായി സർക്കാർ 

ഈ സർക്കാർ ആരോഗ്യമേഖലയോട് കാണിക്കുന്ന അവഗണയുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്  കോട്ടയം മെഡിക്കൽ കോളേജ്  ആശുപത്രിയിലെ ഒരു കെട്ടിടം ഇടിഞ്ഞുവീണ്  ഹതഭാഗ്യയായ  ബിന്ദു എന്ന  സ്ത്രീ മരിക്കാൻ ഇടയായത്.  2013 ൽ  പൊതുമരാമത്തു വകുപ്പ്  കെട്ടിട വിഭാഗം, പൊളിച്ചുമാറ്റണം എന്ന് പറഞ്ഞു അൺഫിറ്റ്  സർട്ടിഫിക്കറ്റ്  നൽകിയ  കെട്ടിടത്തിന് ,  സർവെ  സർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ള  നടപടിക്രമങ്ങൾ എക്സിക്യൂട്ടീവ് എഞ്ചിനീയർ തലത്തിൽ  പൂർത്തിയായപ്പോഴേക്കും പിണറായി സർക്കാർ അധികാരത്തിലെത്തി. പകരം കെട്ടിടനിർമാണം പൂർത്തിയായിട്ടു മാസങ്ങളായെങ്കിലും, മന്ത്രിമാരുടെ അസൗകര്യങ്ങളെ  തുടർന്ന് ഉദ്‌ഘാടനം നീണ്ടുപോയി. അതുകൊണ്ടാണ് രോഗികളും, കൂട്ടിരുപ്പുകാരും പഴയ കെട്ടിടം തന്നെ ഉപയോഗിക്കാൻ നിർബന്ധിതരായത്.  ഈ കെട്ടിടം നേരത്തെ തുറന്നു കൊടുത്തിരുന്നെങ്കിൽ ബിന്ദുവിന്റ്റെ  മരണം ഒഴിവാക്കാമായിരുന്നു.

ബജറ്റ് വിഹിതം കുറയുന്നു 

ഏതിനും ഉമ്മൻചാണ്ടി സർക്കാരിനെ പഴിപറയുന്ന സി പി എം നേതാക്കൾ ഒരു കാര്യം മനസ്സിലാക്കിയാൽ കൊള്ളാം . 2010-11 ലെ  ബജറ്റിൽ ധനമന്ത്രി ഡോ .തോമസ് ഐസക് ആരോഗ്യവകുപ്പിന് നൽകിയ പ്ലാൻ വിഹിതം 112 കോടി രൂപയായിരുന്നു.  എന്നാൽ 2016-17 ലെ  ബജറ്റിൽ ഉമ്മൻ‌ചാണ്ടി സർക്കാർ 1013  കോടി രൂപയാണ് വകയിരുത്തിയത്. അതായത്  അച്യുതാനന്ദൻ സർക്കാരിന്റെ  കാലാവധി പൂർത്തിയാകുന്ന സാമ്പത്തിക വർഷത്തിൽ  വകയിരുത്തിയതിനേക്കാൾ 10 ഇരട്ടി തുകയാണ് ഇത്. ഇതിനുപരിയാണ് മെഡിക്കൽ കോളേജുകളുടെ നിര്മാണത്തിനുവേണ്ടി ബജറ്റ് വിഹിതത്തിനു പുറമെ, വിവിധ സ്രോതസുകളിലൂടെ തുക കണ്ടെത്തിയതും, നാഷണൽ ഹെൽത്ത് മിഷനിലൂടെ 3000  കോടി രൂപയുടെ വികസന പദ്ധതികൾ നടപ്പാക്കിയതും.  അതേ  സമയം  2024-25 ലെ ബജറ്റിൽ  1633.30  കോടി രൂപ മാത്രമാണ്  പ്ലാൻ വിഹിതമായി (Health services Rs.1224.30 crores and Rs.409.09 crores for DME)  ആരോഗ്യ വകുപ്പിനും, മെഡിക്കൽ എഡ്യൂക്കേഷൻ വകുപ്പിനും കൂടി പത്താം  വർഷത്തിലേക്കു കടന്ന   പിണറായി സർക്കാർ വകയിരുത്തിയിട്ടുള്ളത്. ഒമ്പത്  വര്ഷം ഭരിച്ചിട്ടും ഉമ്മൻ‌ചാണ്ടി സർക്കാർ വകയിരുത്തിയതിണ്റ്റെ  ഇരട്ടിത്തുക പോലും വകയിരുത്താൻ പിണറായി സർക്കാരിന്  സാധിച്ചില്ല. മാത്രമല്ല, വകയിരുത്തിയ പ്ലാൻ ഫണ്ടിൻറ്റെ  49.50 ശതമാനം മാത്രമായിരുന്നു ചെലവഴിച്ചത് . 2018-19  സാമ്പത്തിക വർഷത്തിൽ  സർക്കാരിണ്റ്റെ  മൊത്തം ചെലവിൻറ്റെ 6.55 ശതമാനമായിരുന്നു ആരോഗ്യ മേഖലക്ക് നീക്കിവച്ചിരുന്നതെങ്കിൽ 2023-ൽ ആരോഗ്യമേഖലക്കു വേണ്ടി ചെലവഴിച്ചത്  5.50 ശതമാനമായി കുറഞ്ഞു.

16 മെഡിക്കൽ കോളേജുകൾ 

1982  മുതൽ ഏകദേശം മൂന്ന്  പതിറ്റാണ്ടുകാലം  നമുക്ക്  5 മെഡിക്കൽ കോളേജുകൾ മാത്രമേ ഉണ്ടായിരുന്നുള്ളു. എല്ലാ ജില്ലകളിലും ഒരു മെഡിക്കൽ കോളേജെങ്കിലും വേണമെന്ന് ഉമ്മൻചാണ്ടി സർക്കാർ തീരുമാനിക്കുകയും അതിന്റെ അടിസ്ഥാനത്തിൽ നടപടികൾ കൈക്കൊള്ളുകയും ചെയ്തു.     ഉമ്മൻചാണ്ടി സർക്കാർ 2016 മെയ് മാസത്തിൽ  അധികാരം ഒഴിയുമ്പോൾ  മഞ്ചേരിയിലും, ഇടുക്കിയിലും, പാലക്കാടും പുതിയ മെഡിക്കൽ കോളേജുകൾ ആരംഭിക്കുകയും കൊച്ചി സഹകരണ മെഡിക്കൽ കോളേജ്,  പര്യായം സഹകരണ മെഡിക്കൽ കോളേജ്, പാരിപ്പള്ളിയിലെ ഇ എസ് ഐ മെഡിക്കൽ കോളേജ് എന്നിവ ഏറ്റെടുക്കുവാനുള്ള നടപടികൾക്ക് തുടക്കം കുറിക്കുവാനും  സാധിച്ചു.  പാലക്കാട് മെഡിക്കൽ കോളേജിന്റ്റെ  പ്രത്യേകത, ഷെഡ്യൂൾഡ് ട്രൈബ് വിഭാഗക്കാർ കൂടുതലുള്ള ആ  ജില്ലയിൽ,  ട്രൈബ്  വകുപ്പിന്റെ ഫണ്ട് ഉപയോഗിച്ച് നിർമിച്ച ഇന്ത്യയിലെ ആദ്യ മെഡിക്കൽ കോളേജ് ആണ് അത് എന്നതാണ്. , തിരുവനന്തപുരത്ത്   രണ്ടാം മെഡിക്കൽ കോളേജും , പിന്നോക്ക ജില്ലകളായ കാസർഗോഡ്,വയനാട്, (പത്തനംതിട്ട) കോന്നി,  (ആലപ്പുഴ) ഹരിപ്പാട് എന്നിവിടങ്ങളിൽ പുതിയ മെഡിക്കൽ കോളേജുകൾക്കായുള്ള  ഉത്തരവു പുറപ്പെടുവിച്ച്  നിർമാണ നടപടികളിലേക്ക് കടന്നു. പിണറായി സർക്കാർ അധികാരത്തിൽ വന്നയുടൻ തിരുവനന്തപുരത്തെ രണ്ടാം മെഡിക്കൽ കോളേജും ,  ഹരിപ്പാട്, കോന്നി മെഡിക്കൽ കോളേജുകളും  വേണ്ടെന്നു വച്ചു . പിന്നീട് കോന്നി മെഡിക്കൽ കോളേജിന്റെ നിർമാണം തുടരാൻ തീരുമാനിക്കുകയും പ്രവർത്തനം ആരംഭിക്കുകയും ചെയ്തു. കാസർഗോഡ്, വയനാട് എന്നിവിടങ്ങളിലെ  മെഡിക്കൽ കോളേജുകൾ ഇതുവരെയും തുറന്നിട്ടില്ല.  ആലപ്പുഴയിലും,ത്രിശൂരിലും  പുതിയ ഡെന്റൽ കോളേജുകളും, കോട്ടയത്ത്  പി.ജി. ബ്ലോക്കും ആരംഭിച്ചു 

കാരുണ്യ പദ്ധതി 

ഉമ്മൻചാണ്ടി സർക്കാർ  നടപ്പാക്കിയ കാരുണ്യ ചികിത്സാപദ്ധതിയിൽ  1.42 ലക്ഷം പേർക്ക്  1240 കോടി രൂപയുടെ സഹായധനം അനുവദിച്ചു.  3 ലക്ഷം രൂപവരെയായിരുന്നു അന്ന് സഹായധനമായി നൽകിയിരുന്നത്. കാരുണ്യ പ്ലസ് എന്ന പേരിൽ നടത്തിയ ഒരു ഭാഗ്യക്കുറിയുടെ വരുമാനം കൂടി കാരുണ്യ ബെനോവലെന്റ്  ഫണ്ടിലേക്ക് മീക്കിവച്ചു. ഇടത്  സർക്കാർ കാരുണ്യ പദ്ധതി ഇപ്പോൾ അട്ടിമറിച്ചിരിക്കുകയാണ്.  മരുന്ന് നൽകിയിരുന്ന കമ്പനികൾക്കും ആശുപത്രികൾക്കും കോടികളാണ് നൽകാനുള്ളത്

സുകൃതം പദ്ധതി.

ആർ.സി.സി , മലബാർ കാൻസർ സെന്റർ, തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, തൃശൂർ, കോഴിക്കോട് മെഡിക്കൽ കോളേജുകൾ, എറണാകുളം ജനറൽ ആശുപത്രി എന്നിവിടങ്ങളിലെ കാൻസർ ചികിത്സ സംവിധാനങ്ങൾ വിപുലീകരിച്ചു. ഇവയിലെല്ലാം കാൻസർ ചികിത്സ സൗജന്യമായി നൽകുന്ന സുകൃതം പദ്ധതി  യു ഡി എഫ് സർക്കാർ ലഭ്യമാക്കി. ആർ സി സിയെ സംസ്ഥാന കാൻസർ ഇൻസ്റ്റിട്യൂട്ടാക്കി  ഉയർത്തി. 117 കോടി രൂപയുടെ നവീകരണ പ്രവർത്തനങ്ങളിലൂടെ ആർ സി സിക്ക് NABL അക്രെഡിറ്റേഷൻ ലഭ്യമാക്കി. ജസ്റ്റിസ് വി.ആർ കൃഷ്ണ അയ്യരുടെ അഭ്യർത്ഥന മാനിച്ചു കൊച്ചിയിൽ കാൻസർ ഇൻസ്റ്റിറ്റിയൂട്ടും, റിസർച്ച് സെൻറ്ററും  യാഥാർഥ്യമാക്കുവാനുള്ള നടപടികൾ കൈക്കൊണ്ടു. കോഴിക്കോട് മെഡിക്കൽ കോളേജിലെ കാൻസർ ചികിത്സാവിഭാഗത്തെ  മിനി ആർ സി സി ആക്കാനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു . കോഴിക്കോട്  സഹകരണ മേഖലയിൽ 300 കോടി രൂപയുടെ മുതൽമുടക്കിൽ എം വി ആർ കാൻസർ സെന്റർ  ആരംഭിക്കുവാനുള്ള  പദ്ധതിക്കു സമയബന്ധിതമായി എല്ലാവിധ അനുമതികളും ലഭ്യമാക്കുകയും നിർമ്മാണോദ്‌ഘാടനം  നടത്തുകയും ചെയ്തു

 കാരുണ്യ ഫർമസികളിലൂടെ ആയിരക്കണക്കിന് കാൻസർ രോഗികൾക്ക് കോടിക്കണക്കിനു രൂപയുടെ സഹായം ലഭ്യമാക്കി. അതുപോലെ ജീവൻ നിലനിർത്തുവാൻ വേണ്ടി ലൈഫ് സപ്പോർട്ട് സിസ്റ്റം ഉപയോഗിക്കുന്നവർക്ക് ആവശ്യമായ മുഴുവൻ വൈദ്യുതിയും സൗജന്യമായി നൽകുന്ന പദ്ധതിയും ഉമ്മൻ‌ചാണ്ടി സർക്കാർ ആരംഭിച്ചു.

അമ്മയും കുഞ്ഞും 

സർക്കാർ ആശുപത്രികളിൽ പ്രസവ ചികിത്സയും, നവജാതശിശുവിൻറ്റെ  30  ദിവസം വരെയുള്ള ആരോഗ്യപരിരക്ഷയും സൗജന്യമാക്കിക്കൊണ്ടുള്ള  അമ്മയും കുഞ്ഞും പദ്ധതി, നവജാത ശിശുക്കളിലെ ജനിതകരോഗങ്ങൾ കണ്ടുപിടിക്കുന്നതിനു ന്യൂ ബോൺ  സ്ക്രീനിംഗ്, 18  വയസ്സുവരെയുള്ള കുറ്ട്ടികൾക്കു എല്ലാ രോഗങ്ങൾക്കും, സൗജന്യ ചികിത്സ ലഭ്യമാക്കുന്ന ആരോഗ്യകിരണം പദ്ധതി എന്നിവ നടപ്പാക്കി. 59  ആശുപത്രികളിൽ നവജാതശിശു ചികിത്സാകേന്ദ്രങ്ങൾ തുടനി. 13270  സ്കൂളുകളിലെ 48  ലക്ഷം കുട്ടികൾക്ക് ചികിത്സയും, മരുന്നും ലഭ്യമാക്കുന്ന വിദ്യാലയരോഗ്യ പദ്ധതിയും  തുടങ്ങി.

സൗജന്യ മരുന്ന് വിതരണം 

സംസ്ഥാനത്തെ  സർക്കാർ ആശുപത്രികളിൽ ചികിത്സക്കെത്തുന്ന മുഴുവൻ രോഗികൾക്കും സൗജന്യമായി മരുന്നുകൾ വിതരണം ചെയ്യുന്ന പദ്ധതിക്ക് തുടക്കമിട്ടത് ഉമ്മൻചാണ്ടി സർക്കാർ ആയിരുന്നു. 69 അർബുദ ചികിത്സ മരുന്നുകൾ ഉൾപ്പെടെ  585 ഇനം ആവശ്യമരുന്നുകളാണ് എല്ലാ വിഭാഗം ജനങ്ങൾക്കും  സൗജന്യമായി നൽകിയത്.1156  കോടി രൂപയുടെ മരുന്നുകളാണ് ചുരുങ്ങിയ വർഷങ്ങൾക്കുള്ളിൽ നൽകിയത്.  അതുപോലെ മരുന്ന് വില നിയന്ത്രിക്കാനായി നിരവധി കാരുണ്യ ഫർമാസികൾ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ആരംഭിച്ചു.  പിണറായി സർക്കാർ  അധികാരത്തിലെത്തിയതോടെ  സർക്കാർ ആശുപത്രികളുടെ ദുർദശ ആരംഭിച്ചു. ആശുപതികളിൽ മരുന്നുകളും, ഉപകരണങ്ങളും  ഇല്ല. ചികിത്സക്ക് ചെല്ലുന്ന രോഗികളുടെ കൂട്ടിരുപ്പുകാർ വെളിയിൽ പോയി മരുന്നുകൾ വാങ്ങി നൽകിയാലേ ചികിത്സ ലഭിക്കുകയുള്ളു.  കോവിടിൻറ്റെ  കാലഘട്ടത്തിൽ, തിരുവനന്തപുരം മെഡിക്കൽ കോളേജ്  ഉൾപ്പെടെയുള്ള ആശുപത്രികളിലെ  കോവിട്  വാർഡിൽ   മാസ്‌കും , കോവിട്  കിറ്റും ,രോഗികൾക്കും നഴ്‌സുമാർ  ഉൾപ്പെടെയുള്ള മെഡിക്കൽ സഹായികൾക്കും ഉള്ള ഭക്ഷണം പോലും സന്നദ്ധ സംഘടനകളാണ് നൽകിയിരുന്നത്. സർക്കാർ വയലിൽ വച്ചിരിക്കുന്ന നോക്കുകുത്തിപോലെ നിന്നതേയുള്ളൂ.

മൃതസഞ്ജീവനി 

 മാറ്റിവക്കൽ ശസ്ത്രക്രിയകൾക്ക് തുടക്കം കുറിച്ചത്  യു ഡി എഫ് സർക്കാരായിരുന്നു. തിരുവനന്തപുരത്തെ ഹോസ്പിറ്റലിൽ  മസ്തിഷ്കമരണം സംഭവിച്ച ശർമ്മ എന്ന രോഗിയുടെ ഹൃദയവുമായി എറണാകുളത്തു പറന്നെത്തിയ ഡോ. ജോസ് ചാക്കോ പെരിയകുളമാണ്  ഓട്ടോ ഡ്രൈവറായ മാത്യു അച്ചാടനിൽ   ആ ഹൃദയം ശസ്ത്രക്രിയയിലൂടെ  തുന്നിപിടിപ്പിച്  ജീവൻ രക്ഷിച്ചത്. 2012 ൽ ആയിരുന്നു ഈ സംഭവം നടന്നത്.  അതിനുശേഷം 2016  മെയ് വരെ 700 അവയവ ശാശ്ത്രക്രിയകൾ നടത്തി. എന്നാൽ പിന്നീട് വന്ന പിണറായി സർക്കാരിന്റെ  9  വർഷത്തെ ഭരണത്തിൽ ആകെ നടത്തിയത് 269 അവയവ ശാസ്ത്ര ക്രിയകൾ മാത്രമാണ്.  

. ഇതിനു രണ്ടിനും എല്ലാവിധ സഹായവും നൽകിയത് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിയും, ആരോഗ്യമന്ത്രിയായിരുന്ന വി.എസ് .ശിവകുമാറുമായിരുന്നു. ഇന്ത്യയിൽ ആദ്യമായി ഒരു സർക്കാർ ആശുപത്രിയിൽ ഹൃദയ ശസ്ത്രക്രിയ നടത്തിയത് കോട്ടയം മെഡിക്കൽ കോളേജിലായിരുന്നു. 2015 സെപ്തംബര് 16 ന്  ഇന്നത്തെ കോട്ടയം മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ .ജയകുമാറിന്റെ നേതൃത്വത്തിലാണ്  ഹൃദയ ശസ്ത്രക്രിയ  കോട്ടയം മെഡിക്കൽ കോളേജിൽ നടത്തിയത്.അതുപോലെ 2016 ലാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കരൾ മാറ്റിവക്കൽ ശസ്ത്രക്രിയ നടത്തിയത്

കുട്ടികളിലെ ബധിരത മാറ്റുവാനുള്ള കോക്ക്ളിയാർ  ഇമ്ബളന്റ്റേഷൻ   ശസ്ത്രക്രിയക്കു തുടക്കം കുറിച്ച യു ഡി എഫ് സർക്കാർ 5  വര്ഷം കൊണ്ട് 652 കോക്ക്ളിയാർ ശാസ്ത്രക്രിയകൾ നടത്തിയപ്പോൾ  9 വര്ഷം ഭരിച്ച ഇടതു സർക്കാർ 391  ശാസ്ത്രക്രിയകൾ മാത്രമേ നടത്തിയുള്ളു എന്നുമാത്രമല്ല,  ഇപ്പോൾ ഈ  പദ്ധതി ഏതാണ്ട് നിലച്ച മട്ടാണ്.

ഡോക്ടർമാരുടെ ക്ഷാമം 

ആരോഗ്യവകുപ്പിന് കീഴിലുള്ള ജില്ലാ,താലൂക്ക്, പി.എച് സി കൾ  തുടങ്ങിയവയിൽ ഡോക്ടർമാരുടെ 409 തസ്തികകളും , നഴ്സുമാരുടെ 547തസ്തികകളും  ഒഴിഞ്ഞു കിടക്കുകയാണ്.   മറ്റു തസ്തികകളിൽ  ഉള്ള പാരാമെഡിക്കൽസിന്റ്റെ  മൊത്തം  25731  തസ്തികകൾ   4254 തസ്തികകൾ ഒഴിഞ്ഞുകിടക്കുകയാണ്.  അതുപോലെ മെഡിക്കൽ എഡ്യൂക്കേഷൻ ഡയറക്ടറുടെ കീഴിലുള്ള വിവിധ മെഡിക്കൽ കോളേജുകളിൽ ഡോക്ടർമാരുടെ 551 തസ്തികകളും,  നഴ്‌സുമാരുടെ 329  തസ്തികകളും  പാരാമെഡിക്കൽസിന്റ്റെ 228  തസ്തികകളും ഒഴിഞ്ഞു കിടക്കുകയാണ്. 

സർക്കാർ ആശുപത്രികളോട് സർക്കാർ    കാട്ടുന്ന   അവഗണനയാണ് നമ്മുടെ ആരോഗ്യമേഖല  കുത്തഴിഞ്ഞ രീതിയിൽ ആയിത്തീരാനുള്ള പ്രധാനകാരണം. അതിനു പുറമെ, ആശുപത്രി വികസന സമിതികളിൽ  സിപിഎമ്മിന് ബന്ധമുള്ളവരെ  മാത്രം നിയമിച്ചുകൊണ്ട്  അർഹരായവരെ ഒഴിവാക്കുന്നു.  അതിന്റെ  ഫലം അനർഹർ താത്ക്കാലികക്കാരായി കടന്നുകൂടുകയും, ഡോക്ടർമാരെയും  മറ്റു ഉന്നത ഉദ്യോഗസ്ഥരെയും   അവരുടെ ഏറാന്മൂളികളായി മാറ്റാൻ ശ്രമിക്കുകയും ചെയ്യുന്നു. അങ്ങിനെ പിടിപ്പുകേടിൻറ്റെയും , അരാജകത്വത്തിന്റെയും  ഈജിയൻ തൊഴുത്തായി  ആരോഗ്യ മേഖലമാറി.







.