Thursday, 11 July 2024

 വിഴിഞ്ഞം  പദ്ധതിയും, എട്ടുകാലി മമ്മുഞ്ഞിൻറ്റെ   പുനർജനനവും 


പി.എസ് .ശ്രീകുമാർ  

വിഴിഞ്ഞം  തുറമുഖ  നിർമാണത്തിന്  ആവശ്യമായ  ക്രെയിനുകളുമായി എത്തുന്ന "ഹെൻ-ഹുവാ" എന്ന ചൈനീസ് കപ്പലിന്  സ്വീകരണം  കൊടുക്കുന്നതിനു  മുഖ്യമന്ത്രിയും  മന്ത്രിസഭാംഗങ്ങളും  എത്തുന്നത് അറിയിച്ചുകൊണ്ട്  കേരളമൊട്ടാകെ  ഫ്ലെക്സ്  ബോർഡ്‌കൾ  സ്ഥാപിക്കുകയാണ്  സംസ്ഥാന സർക്കാരും, ഇടതുപക്ഷ മുന്നണിയും.  ഒക്ടോബർ  12 ന്   വിഴിഞ്ഞം  പുറം  കടലിൽ  നങ്കൂരമിട്ടിരിക്കുന്ന കപ്പലിനെ  ടഗ്ഗുകളുടെ  സഹായത്തോടെയാണ്  താത്ക്കാലികമായി  തയ്യാറാക്കിയിട്ടുള്ള   ബെർത്തിലേക്ക്‌   അടുപ്പിക്കുന്നത്.  ആഴിമല   ഭാഗത്തുള്ള  കടൽവഴിയാണ്  കൂറ്റൻ  ക്രെയിനുകളുമായി  വരുന്ന  ഈ കപ്പലിനെ  ഇനിയും  നിർമാണം  പൂർത്തീകരിച്ചിട്ടില്ലാത്ത  ബെർത്തിലേക്കു  കൊണ്ടുവരുന്നത്.. അങ്ങിനെ  കൊണ്ടുവരുന്ന  കപ്പലിനെയാണ്  മുഖ്യമന്ത്രി  പിണറായി  വിജയനും  മറ്റ്   മന്ത്രിമാരും  ചേർന്ന്   വലിയ  ആഘോഷമായി   സ്വീകരിക്കുന്നത്.

വിഴിഞ്ഞം തുറമുഖത്തു കപ്പൽ എത്തിയതിനെ  ഒക്ടോബർ  13 ന്  ഇറങ്ങിയ"ദേശാഭിമാനി " പത്രം  നൽകിയ തലക്കെട്ട്  രസകരമാണ്.  "തെളിഞ്ഞത്  സർക്കാരിൻറ്റെ  ഇച്ഛാശക്തി" എന്നാണ്.  വിഴിഞ്ഞം  അന്താരാഷ്ട്ര തുറമുഖത്തു  പടുകൂറ്റൻ  കപ്പൽ  നങ്കൂരമിട്ടതോടെ  തെളിഞ്ഞത്   എൽ.ഡി.എഫ്  സർക്കാരിന്റെ  ഇച്ഛാശക്തി.  മലയാളിയുടെ  ദീർഘകാല  സ്വപ്നമായിരുന്നു  ആഴവും  അനുകൂല സാഹചര്യവുമുള്ള  വിഴിഞ്ഞം  തീരം  ഉപയോഗപ്പെടുത്തുകയെന്നത്.  പ്രതികൂല ഘടകങ്ങൾ  തരണം ചെയ്‌ത്‌   പൂർത്തീകരണത്തിലേക്കു  അടുക്കുമ്പോൾ  സർക്കാരിനും  മലയാളിസമൂഹത്തിനും  അഭിമാനിക്കാം.  കഴിഞ്ഞ  ഏഴര വർഷമായി  പദ്ധതിയുടെ  ഓരോ  ഘടകത്തിലും  ശ്രദ്ധപതിപ്പിച്ചു  ലക്ഷ്യത്തിലേക്കു  അടുക്കുകയായിരുന്നു.  വികസന, വ്യാപാര,  തൊഴിൽ  മേഖലകളിൽ വലിയ  നേട്ടമുണ്ടാക്കുന്നതാണ്  പദ്ധതി. അതിവേഗം എത്തുന്നതിന്റെ  ആദ്യപടിയായിട്ടാണ്  ചൈനീസ് കപ്പൽ അടുത്തതും പടുകൂറ്റൻ  ക്രെയിനുകൾ  ഇറങ്ങുന്നതും.  ഇങ്ങനെ  ഇപ്പം  ഊറ്റം കൊള്ളുന്ന  ദേശാഭിമാനി  ഈ  പദ്ധതിയിൽ  ഉമ്മൻചാണ്ടി  സർക്കാരിന്റെ  പ്രതിനിധികളും,  അദാനി പോർട്ട്  മാനേജിങ് ഡയറക്ടർ കരൺ  അദാനിയും  അന്നത്തെ  മുഖ്യമന്ത്രി  ഉമ്മൻചാണ്ടിയുടെയും, തുറമുഖ വകുപ്പ് മന്ത്രി കെ.ബാബുവിൻറ്റെയും   സാന്നിധ്യത്തിൽ  2015  ഓഗസ്റ്റ് 17 ന്   പ്രൗഢഗംഭീരമായ   സെക്രട്ടേറിയറ്റ്  ഡർബാർ ഹാളിൽ വച്ച് ഒപ്പിട്ടപ്പോൾ  വെണ്ടയ്ക്ക  അക്ഷരത്തിൽ  നിരത്തിയ  ഹെഡിങ് " കടൽക്കൊള്ള "  എന്നായിരുന്നു.   7525  കോടി രൂപയാണ്   ഈ  പദ്ധതിക്കായി  അന്ന്  കണക്കാക്കിയ  നിർമാണ  ചെലവ്.  അതിൽ  2800  കോടി  രൂപയാണ്  അദാനി ഗ്രൂപ്പിൻറ്റെ   മുതൽമുടക്ക്.  206.89  ഏക്കർ ഭൂമി  സർക്കാർ ഏറ്റെടുത്തു  നൽകി.  524   കോടി  രൂപയാണ്  ഭൂമി വാങ്ങാൻ  സർക്കാർ  2015  ൽ  ചെലവഴിച്ചത്.  കടൽ  നികത്തി  എടുക്കുന്ന  131 ഏക്കർ  അടക്കം  ഭൂമിയുടെയും   തുറമുഖത്തിൻറ്റെയും   ഉടമസ്ഥാവകാശം  സംസ്ഥാന  സർക്കാരിന്  ആയിരിക്കുമെന്നും  കരാറിൽ  പ്രത്യേകം  എഴുതി ചേർത്ത്  സംസ്ഥാന താത്പര്യം   ഉമ്മൻചാണ്ടി സർക്കാർ  ഉറപ്പിച്ചു.  പക്ഷേ,  ഇതൊക്കെ കണ്ടില്ലെന്നു നടിച്ചാണ്  അന്നത്തെ മാർക്സിസ്റ്റ് കമ്മ്യൂണിസ്റ്റ് പാർട്ടി സെക്രട്ടറി  പിണറായി വിജയൻ   6000  കോടി  രൂപയുടെ അഴിമതിയാണ്  വിഴിഞ്ഞം പോർട്ടിൻറ്റെ   പേരിൽ  ഉമ്മൻചാണ്ടി സർക്കാർ  നടത്തിയതെന്ന് ആരോപിച്ചത്.     മറവിരോഗം    ബാധിച്ച  ദേശാഭിമാനിയും, സി.പി.എം നേതാക്കളും   ഇതൊക്കെ    മറന്നുകാണുമായിരിക്കും.    എന്നാൽ  കേരളത്തിലെ  ജനങ്ങൾ  ഇതൊന്നും  മറന്നിട്ടില്ല.   

അഴിമതി  ആരോപണം  ഉന്നയിക്കപ്പെട്ടപ്പോൾ  മുഖ്യമന്ത്രി  ഉമ്മൻചാണ്ടി  പറഞ്ഞത്,  വിവാദങ്ങളിൽ  കുടുങ്ങി  കേരളത്തിന്  ഇനി  ഒരു  വികസന  പദ്ധതിയും  നഷ്ടപ്പെടാൻ   പാടില്ലെന്നത്  യു,ഡി.എഫ്.  സർക്കാരിന്റെ  പ്രഖ്യാപിത നയമാണ്  എന്നാണ്.  ഈ നയത്തിന്റെ  സാക്ഷാത്കാരം  കൂടിയാണ്  വിഴിഞ്ഞം അന്താരാഷ്ട്ര  തുറമുഖ പദ്ധതി.  പദ്ധതിയിലൂടെ  ഒരു  സമൂഹത്തിന്റെ  സ്വപ്നം   യാഥാർഥ്യമാകുന്നതിനൊപ്പം  സംസ്ഥാനത്തിന്റെ  വളർച്ചയുമാണ്  സർക്കാർ  വിഭാവന  ചെയ്തത്.  ഭൂമിയുടെ  ഉടമസ്ഥാവകാശം  പൂർണമായും സംസ്ഥാന  സർക്കാരിൽ  നിലനിർത്തി  പദ്ധതി  നടപ്പാക്കാൻ  കഴിയുന്നുവെന്നതും  പ്രധാന ന്നേറ്റങ്ങളിൽപെടുന്നു.  സ്വകാര്യ  പങ്കാളിക്ക്  തുറമുഖ  നിർമാണ  നടത്തിപ്പിനുള്ള  ലൈസൻസ്  മാത്രമാണുള്ളത്.  ഏഴാം  വര്ഷം  മുതൽ  സർക്കാരിന്  തുറാഖേതര  പ്രവർത്തനങ്ങളിൽനിന്നും  10 ശതമാനം  വരുമാനവിഹിതം  കിട്ടിത്തുടങ്ങും.  പതിനഞ്ചാം  വര്ഷം  മുതൽ  ഓരോ  കൊല്ലവും  തുറമുഖ  നടത്തിപ്പിൽ  നിന്നുള്ള  മൊത്തം  വരുമാനത്തിന്റെ  ഒരു  ശതമാനം, രണ്ട്  ശതമാനം, മൂന്ന്   ശതമാനം  എന്നീ  ക്രമത്തിൽ  40   ശതമാനം  വരെ  റവന്യൂ  വിഹിതം  ലഭിക്കും.  സംസ്ഥാനത്തിന്റെ  ഭൂമി  കൈകാര്യം  ചെയ്യുന്നതിലും,  ലാഭം  നിശ്ചയിക്കുന്നതിലും  വളരെ  കരുതലോടെയാണ്  സർക്കാർ  പ്രവർത്തിച്ചത്.1000   ദിവസം  കൊണ്ട്  പദ്ധതി  പൂർത്തിയാക്കുമെന്ന്  പ്രഖ്യാപിച്ചുകൊണ്ട്  പദ്ധതിയുടെ ഔദ്യോഗിക  ഉദ്‌ഘാടനം നടത്തിയത്  2015 ലെ  കേരളപ്പിറവി  ദിനമായ   നവംബർ  1 ന്    ആയിരുന്നു.  അതനുസരിച്ചു  2019 ൽ   പദ്ധതി  പൂർണമായി  പൂർത്തിയാക്കാനാണ്  സർക്കാർ  ഉദ്ദേശിച്ചിരുന്നത്.  എന്നാൽ,  2016  ലെ  തെരഞ്ഞെടുപ്പിൽ  അധികാരത്തിലേറിയ  പിണറായി  സർക്കാർ,  ഈ  പദ്ധതിക്കെതിരെ  അവർ  മുമ്പ് ഉന്നയിച്ച   അഴിമതി  ആരോപണങ്ങളിൽ  അന്വേഷണവുമായി  നടന്നു.  ആദ്യം  വിജിലൻസിനെ ഉപയോഗിച്ച്  അന്വേഷിച്ചു.  ഒന്നും  കിട്ടാതായതോടെ,    ജസ്റ്റിസ്  രാമചന്ദ്രൻ നായരുടെ  നേതൃത്വത്തിൽ  ജുഡീഷ്യൽ അന്വേഷണ കമ്മീഷനെ വച്ച്  വിഴിഞ്ഞം തുറമുഖത്തിൻറ്റെ   ശിൽപ്പിയായ  ഉമ്മൻചാണ്ടിയെയും,  തുറമുഖ വകുപ്പ്  മന്ത്രിയായിരുന്ന കെ. ബാബുവിനെയും, ഉദ്യോഗസ്ഥന്മാരെയും   കുടുക്കാൻ ശ്രമിച്ചു.   വിശദമായ  അന്വേഷണത്തിനു ശേഷം  വിഴിഞ്ഞം തുറമുഖ പദ്ധതിയിൽ  യാതൊരു വിധ  അഴിമതിയും  നടന്നിട്ടില്ലെന്ന്  അന്വേഷണ  കമ്മീഷൻ  റിപ്പോർട്ട്  നൽകി.  വിഴിഞ്ഞം  പദ്ധതി  ഇതുവരെയും  പൂര്ത്തീകരിക്കാതിരിക്കുന്നതിന്റ്റെ   കാരണം  ഇതൊക്കെയാണ്.  സംസ്ഥാന താല്പര്യം  ബലികഴിച്ചും   പാർട്ടി  താല്പര്യങ്ങൾ  സംരക്ഷിക്കുന്ന  എൽ ഡി എഫ്  സർക്കാരിന്റെ  ഇടുങ്ങിയ  മനസ്ഥിതിയാണ്  ഇതിന്റെയൊക്കെ  പിറകിൽ  ഉണ്ടായിരുന്നത്.  

2015 ൽ  പരിസ്ഥിതി  അനുമതി ഉൾപ്പെടെ  എല്ലാ  അനുമതികളും  വാങ്ങിയെടുക്കുകയും,, സ്ഥലമെടുപ്പ്  പൂർത്തിയാക്കുകയും,  പുനരധിവാസ പാക്കേജ്  നടപ്പാക്കുകയും ചെയ്തു, പണി തുടങ്ങിയ  ശേഷമാണ്  ഉമ്മൻചാണ്ടി  സർക്കാർ  അധികാരം ഒഴിഞ്ഞത്.  2019 ൽ നിർമാണം  പൂർത്തിയാക്കാൻ വേണ്ടി  എല്ലാ  നടപടികളും  അന്ന്  എടുത്തു.  പിടിപ്പുകേട്  മാത്രം  കൈമുതലായുള്ള  പിണറായി   സർക്കാരിന്  സമയബന്ധിതമായി  പദ്ധതിയുമായി  മുന്നോട്ടുപോകാൻ  സാധിച്ചിട്ടില്ല.  ഈ  പദ്ധതിക്ക്  അനുബന്ധമായുള്ള  വിഴിഞ്ഞം-ബാലരാമപുരം  12 കി.മി  റെയിൽവേ  ലൈനിനും,  വിഴിഞ്ഞവുമായി ബന്ധപ്പെട്ടുള്ള റിംഗ് റോഡ്  പദ്ധതിയുടേയും   നിർമാണം  ഇതുവരെ   ആരംഭിക്കാൻ  പോലും  പിണറായി  സർക്കാരിന്  സാധിച്ചിട്ടില്ല.  കഴിഞ്ഞ ദിവസം  തുറമുഖ മന്ത്രി പറഞ്ഞത്, പദ്ധതി  പൂർണ സജ്ജമാകാൻ ഇനിയും  ഒരുവർഷം  എടുക്കുമെന്നാണ്.  പിന്നെ  ഈ  സ്വീകരണ  മാമാങ്കം   എന്തിന്  വേണ്ടിയാണ്. വൈക്കം  മുഹമ്മദ്  ബഷീറിൻറ്റെ   പ്രമുഖ  കഥാപാത്രമായ   എട്ടുകാലി മമ്മൂഞ്ഞ്  പറയുന്നതുപോലെ   എല്ലാത്തിൻറ്റെയും   പിതൃത്വം  തങ്ങൾക്കാണെന്ന് തെറ്റിദ്ധരിപ്പിക്കാൻ വേണ്ടിമാത്രമല്ലേ?


പി.എസ് ,ശ്രീകുമാർ 






 

No comments:

Post a Comment