Tuesday, 16 July 2024

 

                          സ്വപ്ന പദ്ധതികളുടെ നായകൻ 

അഡ്വ. പി.എസ് .ശ്രീകുമാർ 

കാരുണ്യത്തിൻറ്റെയും  കനിവിൻറ്റെയും  പ്രതിരൂപമായി  മാറിയ ഉമ്മൻ ചാണ്ടി   വളരെയേറെ  വൈശിഷ്ട്യങ്ങളുടെ കലവറയാണ്.       പുതുപ്പള്ളിയിലെ  ജനങ്ങളുടെ സുഖദുഃഖങ്ങളിൽ  ഒന്നൊഴിയാതെ    പങ്കുചേർന്നിരുന്ന   നിയമസഭാ സാമാജികനാ യി ഇരിക്കെത്തന്നെ  ലോകത്തെവിടെയുമുള്ള മലയാളികൾക്ക്  ഒരാശ്രയമായി വിളിപ്പുറത്തു അദ്ദേഹം ഉണ്ടായിരുന്നു.  അതിലൊന്നും രാഷ്ട്രീയ പരിഗണനകൾ  കടന്നുവന്നിരുന്നില്ല .  ഭരണത്തിലാണെങ്കിലും പ്രതിപക്ഷത്താണെങ്കിലും  അതിനു യാതൊരു മാറ്റവുമിലായിരുന്നു. ലോകമെങ്ങുമുള്ള  മലയാളികൾ   ഒന്നടങ്കം   ഹൃദയത്തിലേറ്റിയ    മുൻ മുഖ്യമന്ത്രി  ഉമ്മൻചാണ്ടി  നമ്മെ വിട്ടുപിരിഞ്ഞിട്ട്        ജൂലൈ 18 ന്  ഒരു വര്ഷം തികയുകയാണ്.   ജനാധിപത്യത്തിൻറ്റെ  അന്തസത്ത,  ജനകീയതയാണെന്ന്  സ്വജീവിതത്തിലൂടെ  ജനങ്ങൾക്കുമുമ്പിൽ    കാണിച്ചുകൊടുത്ത  ഒരു   നേതാവ്  ഉമ്മൻചാണ്ടിയല്ലാതെ  മറ്റൊരാൾ  സമകാലീന  ഇന്ത്യൻ രാഷ്ട്രീയത്തിൽ വേറെ  ഇല്ല എന്ന് നിസംശയം പറയാം.

വികസന പ്രവർത്തനങ്ങളും, കാരുണ്യ പ്രവർത്തനങ്ങളും  സമഞ്ജസമായി സന്നിവേശിപ്പിച്ച  ധന്യമായ ഒരു ജീവിതമായിരുന്നു  അദ്ദേഹത്തിന്റേത് .മുഖ്യമന്ത്രി ആയ രണ്ടവസരങ്ങളിലും കേരളത്തെ കുറിച്ചുള്ള തൻറ്റെ വികസന സ്വപ്‌നങ്ങൾ ഒന്നൊന്നായി നടപ്പിലാക്കുവാൻ അദ്ദേഹം ശുഷ്‌കാന്തി കാട്ടി. 2004 ൽ ആദ്യമായി മുഖ്യമന്ത്രി ആയ   അവസരത്തിലാണ്ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള 20 ലക്ഷം കുടുംബങ്ങൾക്ക് 3 രൂപയ്ക്  പ്രതിമാസം 25 കിലോ അരി ,ആരോഗ്യഇൻഷുറൻസ് പദ്ധതി സ്കൂൾ കുട്ടികൾക്ക് ഉച്ചഭക്ഷണത്തോടൊപ്പം മുട്ട നൽകുന്ന പദ്ധതി, എന്നിവ നടപ്പിലാക്കിയത്  . തിരുവനന്തപുരം നഗരത്തിലെ റോഡുകൾ ആധുനികവൽക്കരിച്ചു .പാളയം അടിപ്പാത സമയബന്ധിതമായി പൂർത്തീകരിച്ചു.  ഇതിൻറ്റെ  ഭാഗമായി രണ്ടു ഫ്‌ളൈഓവറുകൾ നിർമിക്കാനും നടപടി തുടങ്ങി . കരിപ്പൂർ വിമാനത്താവളത്തിന് അന്താരാഷ്ട്ര വിമാനത്താവളമെന്ന പദവി ലഭ്യമാക്കി. മലയോര മേഖലയുടെ വികസനം ലക്ഷ്യമാക്കി മലയോര പാത പദ്ധതിക്ക് തുടക്കമിട്ടു.  ആഗോള ഐ.ടി കമ്പനികളെ ആകര്ഷിയ്ക്കുവാൻ സ്മാർട്ട് സിറ്റി കൊച്ചിയിൽ സ്ഥാപിയ്ക്കാൻ തീരുമാനിച്ചു.  എന്നാൽ  ഹൈക്കോടതി കയറിയിറങ്ങിയ  ആ   പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങൾ  ആരംഭിച്ചതും പൂർത്തീകരിച്ചതും  ഉമ്മൻ ചാണ്ടി 2011 ൽ വീണ്ടും മുഖ്യമന്ത്രി  ആയപ്പോഴാണ്. 

 കൊച്ചി മെട്രോ           

      . .   സ്ഥല  ദൗർലഭ്യവും, ഉയർന്ന സ്ഥല  വിലയും കാരണം വൻകിട വ്യവസായങ്ങൾ പൊതുവേ   കേരളത്തിലേക്ക് വരാത്ത സാഹചര്യമാണ്.  കാനഡ സർക്കാരിന്റ്റെ സഹായത്തോടെ 1973 ൽ  ഇടുക്കി ജലപദ്ധതി  നടപ്പിലാക്കിയതിന്   ശേഷം പിന്നീടുണ്ടായ ഒരു വൻകിട പദ്ധതി  കെ.കരുണാകരന്‍  മുൻകൈ എടുത്തു നടപ്പിലാക്കിയ  നെടുമ്പാശ്ശേരി  വിമാനത്താവളം മാത്രമായിരുന്നു . ഇതിനൊരു മാറ്റം വരുത്തുവാൻ  മുഖ്യമന്ത്രി എന്ന നിലയിൽ അദ്ദേഹം ശ്രമിച്ചു.  2005 ലെ  ഉമ്മൻചാണ്ടി സർക്കാർ തുടക്കം കുറിച്ച   കൊച്ചി മെട്രോ  പദ്ധതിക്ക് വീണ്ടും 2011 ൽ  ജീവൻ വച്ചു.. കൊച്ചി മെട്രോക്ക് തടസ്സമായി ഒട്ടേറെ കാര്യങ്ങൾ പൊന്തിവന്നു. DMRC യെ പദ്ധതിയുടെ നടത്തിപ്പിന് ചുമതല ഏൽപ്പിക്കാൻ  ഉദ്യോഗസ്ഥ പ്രമുഖർ  തടസ്സവാദങ്ങൾ ഒരുപാടു ഉന്നയിച്ചു.  അതിനെ അതിജീവിച്ചു DMRC  ക്ക്   ചുമതല നല്കാൻ സർക്കാർ തീരുമാനിച്ചെങ്കിലും  അതേറ്റെടുക്കാൻ DMRC  തയാറായില്ല. ഒടുവിൽ   ഉമ്മൻചാണ്ടിയും, അന്ന് സംസ്ഥാനത്തു റയിൽവേയുടെ  ചുമതലയുണ്ടായിരുന്ന മന്ത്രി ആര്യാടൻ മുഹമ്മദും കൂടി കേന്ദ്ര മന്ത്രി കമൽനാഥിനെയും  മുഖ്യമന്ത്രിയായിരുന്ന ഷീല ദീക്ഷിതിനെയും  നേരിട്ടുകണ്ടാണ്  5500  കോടി മുതൽ മുടക്കുള്ള  കൊച്ചി മെട്രോയുടെ നിർമാണം ഏറ്റെടുപ്പിച്ചത് .  മുഖ്യമന്ത്രി സ്ഥാനത്തു നിന്നും ഒഴിയുന്നതിന് മുമ്പുതന്നെ  ആദ്യഘട്ട നിർമാണം പൂർത്തിയാക്കി  ട്രയൽ റണ്ണും നടത്തി.

                            സംസ്ഥാന സർക്കാരിന്റ്റെ  സഹകരണത്തോടെയാണ് കേന്ദ്ര പൊതുമേഖലാ സ്ഥാപനമെന്ന നിലയിൽ  1966 ൽ  കൊച്ചി റിഫൈനറി ആരംഭിച്ചത്. പിന്നീട് ഇതിനെ ഭാരത് പെട്രോളിയം കോര്പറേഷന് ഏറ്റെടുത്തു. 2012 ലെ" എമേർജിങ് കേരള " ആഗോള സംഗമത്തിൽ പങ്കെടുത്തപ്പോഴാണ്   20000  കോടി രൂപയുടെ വികസന പദ്ധതിക്ക് ബി പി സി എൽ രൂപരേഖ ഉണ്ടാക്കിയത്.  ആഗോള സംഗമം ഉദ്‌ഘാടനം ചെയ്യാനെത്തിയ പ്രധാന മന്ത്രി മൻമോഹൻ സിംഗുമായി  ഉമ്മൻ ചാണ്ടി നടത്തിയ ചർച്ചയെ തുടർന്നാണ്  ബ്രിഹത്തായ  ഈ പദ്ധതിക്ക് കേന്ദ്ര സർക്കാർ പച്ച കൊടി  കാട്ടിയതു.  ഇത്  നടപ്പിലാക്കുവാൻ  സ്ഥലം ഏറ്റെടുത്തു നൽകിയതിന് പുറമെ , നികുതി ഇളവുൾപ്പെടെ  ഒട്ടേറെ  സൗകര്യങ്ങളാണ് സംസ്ഥാന സർക്കാർ  നൽകിയത്.  നാല് വര്ഷം കൊണ്ട്  വികസന പ്രവർത്തനങ്ങൾ പൂർത്തീ കരിച്ചു കഴിഞ്ഞപ്പോൾ, ബി പി സി എല്ലിന്റ്റെ   കീഴിലെ ഏറ്റവും വലിയ റിഫൈനറി യായി  ഇത് മാറി.  ഇന്ന്  കേരളത്തിൽ ഏറ്റവും കൂടിയ  മുടക്കുമുതലുള്ള  പൊതുമേഖലയിലെ  പദ്ധതിയും  ഇതാണ്.

               ഉത്തര മലബാറിന്  പ്രതീക്ഷനൽകിയാണ് കണ്ണൂർ എയർപോർട്ട് പദ്ധതി   പ്രഖ്യാപിച്ചത്.   ഉമ്മൻചാണ്ടി  മുഖ്യമന്ത്രി ആയ ശേഷമാണ്  2300 കോടി  ചെലവ് പ്രതീക്ഷിച്ച നിർമാണ കരാർ എൽ ആൻഡ് ടി  കമ്പനിയെ ഏൽപ്പിച്ചത്. 2016  ഫെബ്രുവരിയിൽ  റൺവെ  നിർമാണം പൂർത്തിയാക്കി എയർ ഫോഴ്സ് വിമാനത്തിന്റ്റെ   ട്രയൽ റണ്ണും  നടത്തിക്കുവാൻ ഉമ്മൻചാണ്ടിക്കു സാധിച്ചു. വീണ്ടും  രണ്ടു വർഷങ്ങൾക്കു  ശേഷമാണ് ടെർമിനൽ  നിർമാണം പൂർത്തിയാക്കി  ഔപചാരിക ഉദ്‌ഘാടനം നടന്നത്. 

 ബൈപാസ്സുകൾ യാഥാർഥ്യത്തിലേക്ക് 

             നാല്  പതിറ്റാണ്ടായുള്ള  കേരളത്തിൻറ്റെ  ആവശ്യമായിരുന്നു  പാറശ്ശാല മുതൽ മഞ്ചേശ്വരം വരെയുള്ള നാല്  വരി  ദേശീയ പാത വികസിപ്പിക്കുകയെന്നത്.. .ഭൂമി ഏറ്റെടുക്കൽ അലൈൻമെന്റ് തുടങ്ങിയ തർക്കങ്ങളിൽ പെട്ട് ഈ ആവശ്യം  ശീതീകരണപ്പെട്ടിയിലായപ്പോൾ  ഉമ്മൻ ചാണ്ടിയുടെ മനസ്സിലുദിച്ച ആശയമാണ്  പ്രധാന നഗരങ്ങളിലെ ഗതാഗത തടസ്സങ്ങൾ മറികടക്കാനായി  ബൈപാസുകൾ മാത്രമായി ,  ദേശീയ പാതാ  അതോറിറ്റിയുടെ  അംഗീകാരത്തോടെ, നിർമിക്കുവാൻ സാധിക്കുമോ എന്നുള്ളത് .തലശ്ശേരി,കോഴിക്കോട്,ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളിൽ ബൈപാസ് നിർമിക്കാൻ സ്ഥലം ഏറ്റെടുത്തിട്ട്  നാലുപതിറ്റാണ്ടു കഴിഞ്ഞെങ്കിലും  ദേശീയ പാതക്കൊപ്പമേ ബൈ പാസ് നിർമാണവും  നടത്താൻ സാധിക്കു എന്നായിരുന്നു കേന്ദ്ര നയം.ദേശീയ പാത വികസനത്തോടൊപ്പം ബൈപാസ് വികാസം എന്ന കടുംപിടുത്തതിൽ നിന്നും കേന്ദ്ര സർക്കാരിനെ പിന്തിരിപ്പിക്കുവാൻ മുഖ്യമന്ത്രി എന്ന നിലയിൽ ഉമ്മൻ ചാണ്ടി ശ്രമിച്ചു. ദേശീയ പാതക്കായി 45  മീറ്ററിൽ സ്ഥലം ഏറ്റെടുക്കുന്നതിനെതിരെ പല സംഘടനകളും  പ്രക്ഷോഭം നടത്തി  സർവ്വേ പോലും നിർത്തിവെക്കേണ്ടി വന്ന സാഹചര്യമായിരുന്നു അന്ന്.. സ്ഥലം ഏറ്റെടുക്കൽ  ആവശ്യമില്ലാത്ത ബൈപാസ്സുകളെ ഇതിൽ നിന്നും ഒഴിവാക്കുവാൻ പറ്റുമോ എന്ന് ആരായാൻ അദ്ദേഹം തീരുമാനിച്ചു.  അതിനായി  പ്രധാനമന്ത്രിയായിരുന്ന മൻമോഹൻ സിംഗിനെ നേരിട്ട് കണ്ട് അദ്ദേഹം ആവശ്യപ്പെട്ടു.  ബൈപാസ് വികസന ചെലവിന്റ്റെ  പകുതി സംസ്ഥാന സർക്കാർ    വഹിക്കാമെന്ന ഉറപ്പുകൊടുത്താണ് ഈ ബൈപാസ്സുകളെയെല്ലാം സ്റ്റാൻഡ് എലോൺ  പദ്ധതികളാക്കി മാറ്റിയത്. ഈ നയം മാറ്റം രാജ്യത്തുതന്നെ ആദ്യമായിരുന്നു. കോഴിക്കോട് ബൈപാസ് നിർമാണം പൂർത്തിയാക്കുകയും,  ബാക്കിയുള്ളവയുടെ   നിർമാണപ്രവര്ത്തനങ്ങൾക്കു തുടക്കം കുറിക്കുവാനും  ഉമ്മൻ ചാണ്ടി സർക്കാരിന് കഴിഞ്ഞു.   

           ചിത്തിര തിരുനാൾ മഹാരാജാവിൻറ്റെ  കാലം മുതലുള്ള ഒരു സ്വപ്ന പദ്ധതിയായിരുന്നു വിഴിഞ്ഞം തുറമുഖനിർമാണം. തീരത്തു  നിന്ന് ഒരു നോട്ടിക്കൽ മൈൽ അകലം വരെ സ്വാഭാവികമായ 24 മീറ്റർ ആഴം വിഴിഞ്ഞതിൻറ്റെ മാത്രം പ്രത്യേകതയാണ്. ഇക്കാരണത്താൽ മറ്റു തുറമുഖങ്ങളെപ്പോലെ ഇടയ്ക്കിടയ്ക്ക് ചെലവേറിയ ഡ്രെഡ്ജിങ് ആവശ്യമില്ല. നിലവിൽ ഇന്ത്യയിൽ കണ്ടെയ്നർ ട്രാൻസ്ഷിപ്മെൻറ്റ് ടെര്മിനലുകളൊന്നും ഇല്ല .ഇതിനായി നമ്മൾ ആശ്രയിയ്ക്കുന്നതു ദുബായ് കൊളമ്പോ ,സിംഗപ്പൂർ തുടങ്ങിയ തുറമുഖങ്ങളെയാണ്. വിഴിഞ്ഞം തുറമുഖ പദ്ധതി നടപ്പിലായാൽ രാജ്യത്തിന് വിദേശ നാണ്യഇനത്തിൽ കോടിക്കണക്കിനു രൂപ ലാഭിയ്ക്കുവാൻ സാധിയ്ക്കും. 1991 ലെ കരുണാകരൻ സർക്കാരിന്റെ കാലയളവിലും,  2001 ലെ ആൻറണി സർക്കാരിന്റെ  കാലയളവിലും  തുറമുഖ മന്ത്രിയായിരുന്ന എം.വി. രാഘവൻ വിഴിഞ്ഞം തുറമുഖം വികസിപ്പിയ്ക്കുവാൻ തീരുമാനിച്ചെങ്കിലുംകോടതി കേസുകൾ കാരണം മുന്നോട്ടു പോകുവാൻ സാധിച്ചില്ല. പിന്നീട് വന്ന അച്യുതാനന്ദൻ സർക്കാരിന്റ്റെ കാലത്തും പദ്ധതി കടലാസിൽതന്നെയിരുന്നു .ഈ പദ്ധതിയ്‌ക്കെതിരെ രാജ്യത്തിനകത്തും പുറത്തുമുള്ള  വിവിധ കേന്ദ്രങ്ങളിൽ നിന്നും ഉയർന്ന എല്ലാ എതിർപ്പുകളെയും അവഗണിച്ചു കൊണ്ടാണ് പദ്ധതിയുമായി മുന്നോട്ടു പോകാൻ ഉമ്മൻ ചാണ്ടി സർക്കാർ തീരുമാനിച്ചത്.  7250  കോടി രൂപയുടെ പദ്ധതിയിൽ 6000  കോടി രൂപയുടെ അഴിമതിയാണ് സി.പി.എം ഉന്നയിച്ചത്. തിരുവന്തപുരത്തിന്റ്റെയും കേരളത്തിൻറ്റെയും വികസനത്തിൽ  നിർണായകമായ സ്ഥാനം ഈപദ്ധതിയ്ക്കുണ്ടെന്നു തിരിച്ചറിഞ്ഞ  ഉമ്മൻ‌ചാണ്ടി,  പാർട്ടിക്കുള്ളിൽ ഉൾപ്പെടെ ഉണ്ടായിരുന്ന എല്ലാ തടസ്സവാദങ്ങളെയും  അതിജീവിച്ചാണ്  അദാനി പോർട്ടുമായി കരാറുണ്ടാക്കിയത്. ആയിരം ദിവസങ്ങൾക്കുള്ളിൽ സമയബന്ധിതമായി പദ്ധതി നടപ്പിലാക്കാനാണ് ലക്ഷ്യമിട്ടിരുന്നത്.  അദ്ദേഹം ലക്ഷ്യമിട്ടിരുന്നപോലെ നിർമാണം മുന്നോട്ടുപോയിരുന്നെങ്കിൽ  2019 അവസാനത്തോടെ വിഴിഞ്ഞം പദ്ധതിയുടെ ഒന്നാം ഘട്ടം പൂർത്തിയാക്കുവാൻ സാധിക്കുമായിരുന്നു. കാലതാമസം ഉണ്ടായെങ്കിലും, അദ്ദേഹത്തിന്റെ ഒന്നാം ചരമ വാര്ഷികത്തിനു മുമ്പ് ട്രയൽ റൺ നടത്തിയത് അദ്ദേഹത്തിന്റെ ആത്മാവിന് സന്തോഷം നല്കികാണും.


തിരുവനന്തപുരംകോഴിക്കോട് മോണോ റെയിൽ പ്രൊജെക്ടുകൾ തുടങ്ങാൻ തീരുമാനിക്കുകയും, വിശദമായ പദ്ധതി റിപ്പോർട്ട് തയ്യാറാക്കാൻ ഡി.എം.ആർ.സി യെ ചുമതലപ്പെടുത്തിയിരുന്നെങ്കിലും, അത്   ഒന്നാം പിണറായി സർക്കാർ വേണ്ടെന്നു വച്ചു. എന്നാൽ രണ്ടാം പിണറായി സർക്കാർ, അത് മുന്നോട്ടുകൊണ്ടുപോകുവാൻ തീരുമാനിച്ചിട്ടുണ്ട്.

            ജീവ ശാസ്ത്ര പാർക്കുകളുടെ കാര്യത്തിൽ,  ആന്ധ്രയും, തമിഴ്‌നാടും  ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ  വളരെ  ദൂരം മുന്നോട്ടു പോയ സാഹചര്യത്തിലാണ്  എത്രയും വേഗം ജീവ ശാസ്ത്ര പാർക്ക് സ്ഥാപിക്കണമെന്നു സർക്കാർ തീരുമാനിച്ചത്.   ഇതിനായി ആദ്യ ഘട്ടത്തിൽ  75  ഏക്കർ  സ്ഥലം തിരുവനന്തപുരത്തിനടുത്തു തോന്നക്കലിൽ ഏറ്റെടുത്തുകൊണ്ട് 2013 ൽ  പാർക്കിന്റ്റെ  ഉദ്‌ഘാടനം നിർവഹിച്ചു.  വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട്, ശ്രീചിത്ര തിരുനാൾ മെഡിക്കൽ ഇൻസ്റ്റിട്യൂട്ടിന്റെ   ബയോടെക്നോളജി വിഭാഗം ഉൾപ്പെടെ നിരവധി സ്ഥാപനങ്ങളാണ് തോന്നക്കലെ  ലൈഫ് സയൻസസ് ഇൻസ്റ്റിട്യൂട്ടിൽ  പ്രവർത്തിക്കുന്നത്. ഇന്ത്യയിലെ തന്നെ തലയെടുപ്പുള്ള ജീവ ശാസ്ത്ര പാർക്കുകളിൽ ഒന്നായി ഇത് മാറി. 

 

 കേരളത്തിന് ഐ  ഐ ടി 

                   കേരളത്തിൻറ്റെ  ദീർഘനാളായുള്ള  ഒരു ആവശ്യമായിരുന്നു നമ്മുടെ സംസ്ഥാനത്തു ഒരു ഐ ഐ ടി  വേണമെന്നുള്ളത്.  ആ സ്വപ്നമാണ്അദ്ദേഹത്തിന്റ്റെ  ശ്രമഫലമായി  2015 ൽ  പാലക്കാട്   സാധിതമായത് . അതുപോലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എഡ്യൂക്കേഷൻ ആൻഡ് റിസർച്ച്  തിരുവനന്തപുരത്തെ വിതുരയിൽ തുടങ്ങാൻ  സാധിച്ചതും അദ്ദേഹത്തിന്റ്റെ  നിരന്തരമായ ശ്രമഫലമായാണ്. 

സംസ്ഥാനത്തെ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപങ്ങളെ  എല്ലാം അഫിലിയേറ്റ് ചെയ്തുകൊണ്ട്  ഒരു സാങ്കേതിക സർവകലാശാല  എന്നതും  സംസ്ഥനത്തിന്റ്റെ  ദീർഘകാല ആവശ്യമായിരുന്നു. അതാണ്  എ .പി.ജെ.അബ്ദുൽ കലാം   സാങ്കേതിക സർവകലാശാല സ്ഥാപിച്ചതിലൂടെ നടപ്പിലായത് .  മികവിന്റ്റെ  കേന്ദ്രങ്ങളായ പതിനാറ്  കോളേജുകൾ  സ്വയംഭരണ കോളേജുകളായി മാറ്റിയതും  ഉമ്മൻചാണ്ടി സർക്കാരായിരുന്നു.   

  ദേശീയ ഗെയിംസ്  

                      2015 ൽ  ദേശീയ ഗെയിംസ്  കേരളത്തിൽ; വച്ച് നടത്തുവാൻ സാധിച്ചത് വലിയ വിജയമായിരുന്നു.  കായിക രംഗത്ത് വിവിധ ജില്ലകളിൽ അടിസ്ഥാന സൗകര്യങ്ങൾ ഉണ്ടാക്കുവാനും അന്തർ ദേശീയ നിലവാരമുള്ള കളിക്കളങ്ങൾ  പടുത്തുയർത്തുവാനും അത് നമ്മെ സഹായിച്ചു.  240  കോടി രൂപ ചെലവിൽ കാര്യവട്ടത്തു  നിർമിച്ച ഗ്രീൻ ഫീൽഡ് സ്റ്റേഡിയം , സിന്തറ്റിക് പ്രതലത്തോടുകൂടിയ തിരുവനന്തപുരത്തെ ടെന്നീസ് അക്കാദമി, കൊല്ലം ആശ്രാമത്തെ  ആസ്ട്രോ ടർഫ് ഹോക്കി സ്റ്റേഡിയം, കണ്ണൂർ മുണ്ടായതെ ഇൻഡോർ സ്റ്റേഡിയം, തൃശൂർ രാമപുരത്തെ  ഷൂട്ടിംഗ് റേഞ്ച്, തിരുവനന്തപുരം പാളയത്തെ  അന്താരാഷ്ട്ര നിലവാരമുള്ള സ്ക്വാഷ് കോർട്ട്, നെ ട്ടയത്തെ ഏറ്റവും വലിയ ഷൂട്ടിംഗ് റേഞ്ച്, തുടങ്ങി അന്താരാഷ്ട്ര നിലവാരമുള്ള നിരവധി കളികളങ്ങളാണ് കേരളത്തിൻറ്റെ  വിവിധ ഭാഗങ്ങളിൽ ദേശീയ ഗെയിംസുമായി ബന്ധപ്പെട്ടു  ഉയർന്നു വന്നത്.  ഇവ  ഇന്ന് വളർന്നു വരുന്ന കായിക പ്രതിഭകൾക്ക് അനുഗ്രഹമായി മാറിയിട്ടുണ്ട്. 

മലയാളം ശ്രേഷ്‌ഠ ഭാഷയാകുന്നു 

മലയാള ഭാഷയെ പരിപോഷിപ്പിക്കാൻ മലയാള സർവ്വകലാശാലയെന്നത് കേരളീയരുടെ, വിശേഷിച്ചും, ഓ എൻ വി, സുഗതകുമാരി ടീച്ചർ  തുടങ്ങിയ  സാഹിത്യകാരന്മാരുടെ  ചിരകാല അഭിലാഷമായിരുന്നു. 2012  ലെ കേരള  പിറവി ദിനത്തിൽ ഈ സർവകലാശാല മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ജനങ്ങൾക്കു സമർപ്പിച്ചു. തമിഴിനും, തെലുങ്കിനും, കര്ണാടകക്കും പിറകെ മലയാളത്തിന്  ശ്രേഷ്‌ഠ  ഭാഷ  പദവി ലഭ്യമാക്കാൻ അദ്ദേഹം കിണഞ്ഞു പരിശ്രമിച്ചു. ഒടുവിൽ  ഡോ.മൻമോഹൻ സിംഗ് നേതൃത്വം നൽകിയ   കേന്ദ്ര സർക്കാരിനെ കൊണ്ട്  അംഗീകരിപ്പിച്ചത്   വലിയ നേട്ടമാണ്. അതുപോലെ, മലയാളം  ഔദ്യോഗിക ഭാഷയാക്കി നിയമ നിർമാണവും നടത്തുവാൻ  അദ്ദേഹം  മുൻകൈ എടുത്തു..

 

സർക്കാർ മേഖലയിൽ പുതിയ മെഡിക്കൽ കോളേജുകൾ 

          . 2011 ൽ ഉമ്മന്‍ ചാണ്ടി സർക്കാർ അധികാരത്തിൽ കയറുമ്പോള്‍സംസ്ഥാനത്ത്  5 സർക്കാർ മെഡിക്കൽ കോളേജുകളായിരുന്നു ഉണ്ടായിരുന്നത്. എല്ലാ ജില്ലകളിലും സർക്കാർ മെഡിക്കൽ കോളേജ് സ്ഥാപിക്കുക എന്നത്  അദ്ധേഹത്തിന്റെ ആഗ്രഹം ആയിരുന്നു. തിരുവനന്തപുരത്തുംആലപ്പുഴയിലും നിലവിൽ ഉള്ള സർക്കാർ മെഡിക്കൽ കോളേജുകൾക്കും പുറമെ പുതുതായി ഓരോ മെഡിക്കൽ കോളേജുകൾ ഉൾപ്പടെ പതിനാറു സർക്കാർ മെഡിക്കൽ കോളേജുകൾ സജ്ജമായി കഴിഞ്ഞാൽഎല്ലാ ജില്ലാ കളിലെയും ജനങ്ങൾക്കു അതാത് ജില്ലകളിൽ തന്നെ വിദഗ്ധ ചികിത്സ ഉറപ്പാക്കുവാൻ സാധിക്കുമെന്നായിരുന്നു അദ്ധേഹത്തിന്റെ വിശ്വാസം. പിന്നീട് വന്ന പിണറായി സർക്കാർഈ മെഡിക്കൽ കോളേജുകളിൽ ചിലതു വേണ്ടെന്നു വെച്ചു . കേരള സംസ്ഥാന രൂപകരണ ശേഷം ഇത്രയും സർക്കാർ മെഡിക്കൽ കോളേജുകൾ സ്ഥാപിക്കുവാൻ തീരുമാനിക്കുന്നത് ഒരു വലിയ റെക്കോർഡ് ആണ്. പശ്ചാത്തല വികസനത്തോടൊപ്പം പ്രാധാന്യം ഉള്ളതാണ് മനുഷ്യരുടെ ആരോഗ്യവും എന്ന കാഴ്ചപ്പാടിൽ ഊന്നി ഉള്ള ക്രാന്ത ദർശിത്വം ആണ് അദ്ദേഹത്തിന്റെ വികസന കാഴ്ചപ്പാടിൻറ്റെ  അന്തസത്ത.


അഡ്വ.പി .എസ് .ശ്രീകുമാർ,

(ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോൾ  പ്രൈവറ്റ് സെക്രട്ടറിയായിരുന്നു}

9495577700  

 




No comments:

Post a Comment