Friday, 26 July 2024

 



ആലപ്പുഴ ടി.ഡി.മെഡിക്കൽ കോളേജ്: 
പൊലിഞ്ഞുപോയ ഒരു സ്വപ്നം  

അഡ്വ. പി.എസ് .ശ്രീകുമാർ  


സ്വകാര്യമേഖലയിൽ ഒരു മെഡിക്കൽ കോളേജ് എന്നത്  സങ്കൽപ്പത്തിൽ  പോലും  ഇല്ലാതിരുന്ന ഒരു കാലഘട്ടത്തിലാണ്,  ആറു പതിറ്റാണ്ടുകൾക്കുമുമ്പ് സ്വകാര്യമേഖലയിൽ  കേരളത്തിൽ  ആദ്യമായി ഒരു മെഡിക്കൽ കോളേജ് സ്ഥാപിതമാകുന്നത്.    ആലപ്പുഴയിലെ തിരുമല ദേവസ്വം [ ടി.ഡി.മെഡിക്കൽ കോളേജ് ]  മെഡിക്കൽ കോളേജ്  സ്ഥാപിച്ചതിന്  പിന്നിൽ  വലിയ  ഒരു , അവഗണയുടെയും,  മോഹഭംഗത്തിൻറ്റെയും,   സാഹസികതയുടെയും
കഥ  ഉണ്ട്. 

 ദി ഹിന്ദുവിലും, ഇക്കണോമിക് ടൈംസിലുമൊക്കെ  പത്ര പ്രവർത്തകനായി  ആലപ്പുഴയിൽ പ്രവർത്തിച്ചിരുന്ന എൻ.വി. പ്രഭുവാണ്  ആ  സാഹസിക കഥയിലെ നായകൻ.  സ്വകാര്യ മേഖലയിൽ ഒരു മെഡിക്കൽ കോളേജ് സ്ഥാപിക്കുന്നതിന് കുറിച്ച്  കേരളത്തിൽ  ആരുംതന്നെ  ചിന്തിക്കാതിരുന്ന  സന്ദർഭത്തിലാണ്  പിന്നോക്ക ജില്ലയായ  ആലപ്പുഴയിൽ  ഒരു മെഡിക്കൽ കോളേജ് സ്ഥാപിക്കണമെന്ന   ആശയം അറുപതുകളുടെ തുടക്കത്തിൽ  എൻ.വി. പ്രഭുവിന് ഉണ്ടായതു.   അന്ന് കേരളത്തിൽ  തിരുവനന്തപുരത്തും, കോഴിക്കോടും മാത്രമേ  മെഡിക്കൽ കോളേജുകൾ ഉണ്ടായിരുന്നുള്ളു.  രണ്ടും സർക്കാർ മേഖലയിലായിരുന്നു. 

എൻ.വി.പ്രഭുവെന്ന പെരുന്തച്ചൻ 

 ആലപ്പുഴയിൽ നിന്നുമുള്ള  സമർത്ഥരായ വിദ്യാർത്ഥികൾക്കുപോലും മെഡിക്കൽ പഠനത്തിന്  അവസരം  നിഷേധിക്കപ്പെടുന്ന  അവസ്ഥയായിരുന്നു.  അതി സമർത്ഥരായ ചുരുക്കം വിദ്യാർത്ഥികൾക്കുമാത്രമേ  മെഡിക്കൽ പഠനത്തിന് അവസരം ലഭിച്ചിരുന്നുള്ളു.   അതേസമയം പ്രീഡിഗ്രിക്ക്  50  ശതമാനം മാർക്കും,  ക്യാപിറ്റേഷൻ ഫീസ് നല്കാൻ തയ്യാറാകുന്നവർക്കും  മണിപ്പാലിൽ മെഡിക്കൽ വിദ്യാഭ്യാസം  നേടാൻ  അവസരം ലഭിച്ചിരുന്നു.  2500 രൂപയായിരുന്നു അന്ന് അവിടത്തെ ക്യാപിറ്റേഷൻ ഫീസ്.  ഇന്നത്തെ പോലെ തന്നെ അന്നും അവിടെ പടിക്കുന്നവരിൽ അധികവും  മലയാളി വിദ്യാർത്ഥികളായിരുന്നു. പത്ര പ്രവവർത്തകനായ എൻ. വി. പ്രഭു ഒരു കുടുംബ സുഹൃത്തിന്റെ  മകൻറ്റെ  മെഡിക്കൽ അഡ്മിഷൻ പ്രശ്നവുമായി മണിപ്പാലിൽ പോയി  മണിപ്പാൽ മെഡിക്കൽ കോളേജുകളുടെ  സ്ഥാപകനും, പ്രഭുവിൻറ്റെ  ബന്ധുവുമായിരുന്ന  ടി.എം.എ. പൈയെ  കണ്ട്  അഡ്മിഷൻ കാര്യം സംസാരിച്ച്  ഉറപ്പു വരുത്തി ക്യാപിറ്റേഷൻ ഫീസും അടച്ചു.. എന്നാൽ  അഡ്മിഷൻ സമയത്തു മണിപ്പാലിൽ ചെന്ന പ്രഭുവിനോടും  സുഹൃത്തിൻറ്റെ  മകനോടും,  അഡ്മിഷൻ നൽകാനുള്ള ബുദ്ധിമുട്ടാണ്  പൈ  പറഞ്ഞത്.  പറഞ്ഞ വാക്കിൽ നിന്ന് പിന്മാറിയ പൈയ്യോട്  എൻ.വി. പ്രഭുവിന്  മുഷിഞ്ഞു സംസാരിക്കേണ്ടി വന്നു.  അതിനു ശേഷമാണ്  അഡ്മിഷൻ  ലഭിച്ചത്.  ഈ ഒരു പശ്ചാത്തലത്തിലാണ്  ആലപ്പുഴയിൽ ഒരു മെഡിക്കൽ കോളേജ് സ്ഥാപിക്കണമെന്ന സ്വപ്‌നം   കാണുവാൻ പ്രഭു തുടങ്ങിയത്.  അന്ന്  കേരളാ  വർക്കിംഗ് ജേര്ണലിസ്റ്സ്  യൂനിയന്റ്റെ  ആലപ്പുഴ യൂണിറ്റ് പ്രസിഡന്റ് ആയിരുന്നു അദ്ദേഹം.     ആലപ്പുഴയിൽ  ഒരു മെഡിക്കൽ കോളേജ്  സ്ഥാപിക്കണമെന്നു  ആവശ്യപ്പെട്ട്  വർക്കിംഗ് ജേർണലിസ്റ്സ്  യൂണിയൻ  മീറ്റിംഗിൽ  അദ്ദേഹം മുൻകൈ എടുത്ത്   പ്രമേയം പാസ്സാക്കി. അതിനു എല്ലാ പത്രങ്ങളും വലിയ പ്രചാരണം നൽകി. ആലപ്പുഴയുടെ  തീരദേശ മേഖലയിൽ മാറി മാറി അസുഖങ്ങൾ പടർന്ന്  പിടിച്ചു ജനം ദുരിതം അനുഭവിക്കുന്ന  സമയം കൂടിയായിരുന്നു. അതിനാൽ ,.  വിദ്യാര്ഥികളെക്കാൾ ഉപരി  ആലപ്പുഴ നിവാസികളുടെ ആവശ്യമായിരുന്നു അവിടെ   ഒരു മെഡിക്കൽ കോളേജ്  വേണമെന്നത്.  

പട്ടവും,  ശങ്കറും താലോലിച്ച പദ്ധതി 


പ്രമേയവും പോക്കറ്റിലിട്ട്    അദ്ദേഹം നേരെ തിരുവനന്തപുരത്തെത്തി, പത്രപ്രവർത്തകനെന്ന നിലയിൽ  പരിചയമുള്ള മുഖ്യമന്ത്രി പട്ടം താണുപിള്ള,  ഉപമുഖ്യമന്ത്രി  ആർ.ശങ്കർ, ആരോഗ്യവകുപ്പ് മന്ത്രി  വി.കെ.വേലപ്പൻ എന്നിവരെകണ്ടു. ആർ. ശങ്കറുമായി   പ്രശനം ചർച്ചചെയ്തപ്പോളാണ് മൂന്നാമത്തെ മെഡിക്കൽ കോളേജ്  കോട്ടയത്ത് സ്ഥാപിക്കാൻ  ആരോഗ്യമന്ത്രിയുടെ  ഒത്താശയോടെ സർക്കാർ തീരുമാനിച്ച കാര്യം മനസ്സിലാക്കിയത്.   മന്ത്രി വി.കെ. വേലപ്പൻ കോട്ടയം ജില്ലക്കാരനായിരുന്നു.
നാലാമത്തെ മെഡിക്കൽ കോളേജിന് അപേക്ഷയുമായി തൃശൂരും, എറണാകുളവും  ക്യുവിൽ നിൽക്കുന്നതായും   ആരോഗ്യമന്ത്രി അദ്ദേഹത്തോട് പറഞ്ഞു. അറിയപ്പെടുന്നതും, പൊതു ജനങ്ങൾക്കിടയിൽ പ്രവൃത്തിക്കുന്നതുമായ ഏതെങ്കിലും  സംഘടനയുടെ പേരിൽ സ്വകാര്യ മേഖലയിൽ മെഡിക്കൽ കോളേജിന് ശ്രമിച്ചാൽ, സർക്കാരിന് സാമ്പത്തിക ബാധ്യത ഇല്ലാത്തവിധത്തിൽ   വേണ്ട സഹായം നൽകാമെന്നും  ആർ. ശങ്കർ  വാഗ്‌ദാനം  ചെയ്തു.  പിന്നീടുള്ള അദ്ദേഹത്തിന്റെ ശ്രമം മുഴുവൻ സ്വകാര്യമേഖലയിൽ  മെഡിക്കൽ കോളേജ്  സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെയായി. അങ്ങിനെയാണ് സ്വന്തം സമുദായമായ  ഗൗഡസാരസ്വത ബ്രാഹ്മിൻ  സമുദായത്തിൻറ്റെ  ട്രസ്‌റ്റുമായി  സഹകരിച്ചു  മെഡിക്കൽ കോളേജിനായുള്ള ശ്രമം അദ്ദേഹം തുടങ്ങിയത്.  അദ്ദേഹത്തിന്റെ മാതുലനായ കെ. നാഗേന്ദ്ര പ്രഭുവായിരുന്നൂ  ട്രസ്റ് പ്രസിഡന്റ്. ട്രസ്റ്റിൻറ്റെ  കീഴിലുള്ള അനന്തനാരായണപുരം തുറവൂർ  തിരുമല ദേവസ്വത്തിന്റെ ഫണ്ടിൽ നിന്നാണ് മെഡിക്കൽ കോളേജ് തുടങ്ങുന്നതിനു വേണ്ട പ്രാരംഭ ധനം അദ്ദേഹം കണ്ടെത്തിയത്.  അഞ്ചു  ലക്ഷം രൂപയായിരുന്നു ദേവ്സ്വം ഫണ്ടിൽ  നിന്നും അന്ന്  ഈ കാര്യത്തിനായി എടുത്തത്. സമുദായത്തിലെ ഒരു വിഭാഗം ട്രസ്റ്റ്ക്ഷേ ഫണ്ട്ത്ര എടുത്തു മെഡിക്കൽ കോളേജ്  ആരംഭിക്കുന്നതിനെ  എതിർത്തു. എന്നാൽ,  ഭൂരിപക്ഷത്തിന്റെ പിന്തുണയോടെയാണ് ക്ഷേത്ര ഫണ്ട് എടുത്തത്.   ഫണ്ടിൽ നിന്നും ഒരു വിഹിതം നാടിൻറ്റെ  നന്മക്കായി എടുക്കാമെന്ന  വിശാല ചിന്തയിൽ നിന്നുമാണ്  ഈ നടപടി അന്നെടുത്ത്. കേരള രാഷ്ട്രീയത്തിലെ,    അതികായനും,    ആലപ്പുഴ നഗരസഭാ അധ്യക്ഷനുമായിരുന്ന   ടി .വി. തോമസ്സിൻറ്റെ  സഹായവും അദ്ദേഹത്തിന്  മെഡിക്കൽ കോളേജ്ല സ്ഥാപിക്കുന്ന കാര്യത്തിൽ ലഭിച്ചു. ട്രസ്റ്റിന് വേണ്ട സഹായം നൽകാനായി പൊതുജനങ്ങൾ അടങ്ങിയ   വിപുലമായ കമ്മറ്റിയും രൂപീകരിച്ചു. അതിൽ നാഗേന്ദ്ര പ്രഭുവിനും, കൺവീനർ ആയ എൻ.വി. പ്രഭുവിനും പുറമേ , ടി.വി. തോമസ്, വ്യവസായ പ്രമുഖരായ കെ.ഭീമ ഭട്ടർ , എൻ.സി. ജോൺ, എ.ആർ. സുലൈമാൻ സേട്ട്  ത്തുടങ്ങിയവരുമുണ്ടായിരുന്നു. ഈ മെഡിക്കൽ കോളേജ് സ്ഥാപനവുമായി ബന്ധപ്പെട്ട്  എല്ലാ നിയമോപദേശങ്ങളും  നൽകിയത്  ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യരായിരുന്നു.

ആർ.ശങ്കർ തറക്കല്ലിട്ട  മെഡിക്കൽ കോളേജ് 

മെഡിക്കൽ കോളേജ് ആരംഭിക്കുവാൻ ട്രസ്‌റ്റും  സർക്കാരുമായി,  ധാരണാപത്രം ഒപ്പുവച്ച ശേഷം  ട്രസ്റ്റിൻറ്റെ  നേതൃത്വത്തിൽ ആലപ്പുഴ നഗരത്തിൽ നിന്നും 12  കി.മീ  തെക്കുഭാഗത്തുള്ള വണ്ടാനത്ത്  110  ഏക്കർ സ്ഥലം  വില കൊടുത്തു വാങ്ങി.  1961 ലെ  നെഹ്‌റു ട്രോഫി വള്ളംകളിയുടെ ഉദ്‌ഘാടന ചടങ്ങിൽ, മുഖ്യമന്ത്രി പട്ടം തണുപിള്ളയുടെ  സാന്നിധ്യത്തിൽ ആരോഗ്യമന്ത്രി വി.കെ. വേലപ്പനാണ് ആലപ്പുഴ മെഡിക്കൽ കോളേജ് ആരംഭിക്കുന്ന വാർത്ത പ്രഖ്യാപിച്ചത്.  മെഡിക്കൽ  കോളേജിനു ശിലാസ്ഥാപനം   നടത്താറായപ്പോഴേക്കും  മുഖ്യമന്ത്രിയായിരുന്ന  പട്ടം താണുപിള്ള പഞ്ചാബ് ഗവർണറായി പോകുകയും, പകരം ആർ. ശങ്കർ മുഖ്യമന്ത്രിയാകുകയും ചെയ്തു.  അതുപോലെ, ആരോഗ്യമന്ത്രി വി.കെ. വേലപ്പൻ ആന്തരിച്ചതിനെ തുടർന്ന്  എം.പി. ഗോവിന്ദൻ നായർ  ആരോഗ്യമന്ത്രിയായി. 1963  മാർച്ച് 6 നു മെഡിക്കൽ കോളേജ് ക്യാമ്പസ്സിൽ വച്ച് നടന്ന ചടങ്ങിൽ മുഖ്യമന്ത്രി ആർ. ശങ്കറാണ്  ടി.ഡി. മെഡിക്കൽ കോളേജിന് ശിലാസ്ഥാപനം നടത്തിയത്.  828 അടി  നീളത്തിൽ   രണ്ടു നിലയിൽ  നിർമ്മിച്ച  പ്രധാന മന്ദിരവും, വനിതാ ഹോസ്റ്റലും  റെക്കോർഡ് വേഗത്തിൽ പൂർത്തീകരിച്ച്  1963  സെപ്റ്റംബർ മാസത്തിൽ  50 വിദ്യാർഥികളുള്ള ആദ്യ ബാച്ച്  എം.ബി.ബി.എസ്  ക്ലാസുകൾ ആരംഭിച്ചു.  ചെറിയ രീതിയിൽ വിദ്യാർത്ഥികളിൽ നിന്നും 3000  രൂപ  ക്യാപിറ്റേഷൻ ഫീസ് വാങ്ങിയാണ്  കോളേജിൻറ്റെ പ്രവർത്തനം നടത്തിയിരുന്നത്.

പൊലിഞ്ഞുപോയ സ്വപ്‌നം 



കോളേജ് പ്രവർത്തനം ആരംഭിച്ചെങ്കിലും, അതിന്  നിരവധി പ്രതിബന്ധങ്ങൾ ഉണ്ടായി. ഗൗഡസാരസ്വത ബ്രാഹ്മിൻ  സമുദായത്തിലും, ട്രസ്റ്റിനുള്ളിലും  കോളേജിൻറ്റെ  സാമ്പത്തിക പ്രശ്‍നങ്ങളുമായി  ബന്ധപ്പെട്ടുണ്ടായ അഭിപ്രായ വ്യത്യാസങ്ങൾ  രൂക്ഷമായി. സൗകര്യങ്ങളുടെ അപര്യാപ്‌തത  കാരണം വിദ്യാർത്ഥികളും സമരം ചെയ്യാൻ നിര്ബന്ധിതരായി.   സാമ്പത്തിക പ്രതിസന്ധിയിൽപ്പെട്ട്  മുന്നോട്ടുപോകാൻ കഴിയാതെ  കോളേജിൻറ്റെ  പ്രവർത്തനം തന്നെ ബാധിക്കുമെന്ന ഘട്ടം എത്തിയപ്പോഴാണ്  1967  ഒക്ടോബര് 17 ന്  മെഡിക്കൽ കോളേജ്  

സംസ്ഥാന  സർക്കാർ   ഏറ്റെടുത്തത് .  അഞ്ചുവര്ഷങ്ങൾക്കു  ശേഷം  തിരികെ തിരുമല ദേവസ്വം ട്രസ്റ്റിന്  തിരികെ നൽകാമെന്ന  ഉറപ്പിലായിരുന്നു കൈമാറ്റമെങ്കിലും, അത് നടന്നില്ല.  കോളേജ് തിരികെ നൽകണമെന്ന്  ആവശ്യപ്പെട്ട്  സർക്കാരുമായി  കത്തിടപാടുകളും, കോടതിയിൽ കേസുമൊക്കെ നടക്കുന്നതിനിടയിൽ 2008  ഫെബ്രുവരിയിൽ  സ്വകാര്യ മേഖലയിലെ  കേരളത്തിലെ ആദ്യ മെഡിക്കൽ കോളേജിൻറ്റെ  ഉപജ്ഞാതാവായ  എൻ.വി. പ്രഭു  ലോകത്തോട് തന്നെ വിടപറഞ്ഞു.  ഈ സംരംഭം അന്ന് വിജയിച്ചിരുന്നെങ്കിൽ,  അതിനു പിന്നാലെ  നിരവധി സ്വകാര്യ പ്രൊഫഷണൽ കോളേജുകൾ കേരളത്തിൽ  അരനൂറ്റാണ്ടുകൾക്കു മുമ്പ് തന്നെ   സ്ഥാപിതമാകുമായിരുന്നു. പിന്നീട്, എ .കെ. ആൻറണി  2001  ൽ മൂന്നാം തവണ  മുഖ്യമന്ത്രിയായി വന്നപ്പോഴാണ്  സർക്കാർ  സ്വകാര്യമേഖലയോടുള്ള അയിത്തം മാറ്റിവച്ചു കൊണ്ട്   സ്വകാര്യ മെഡിക്കൽ കോളേജുകളും, എഞ്ചിനീയറിംഗ് കോളേജുകളും  കൂടുതൽ തുറന്ന്  താല്പര്യമുള്ള വിദ്യാർത്ഥികൾക്ക്  കേരളത്തിൽ തന്നെ  പഠിക്കുവാനുള്ള  അവസരം ഒരുക്കിയത്.

അഡ്വ. പി.എസ്‌ .ശ്രീകുമാർ 
9495577700 
pssreekumarpss@gmail.com



No comments:

Post a Comment