Wednesday, 14 January 2026

 

                    ഇതാണ് ഫാസിസത്തിൻറ്റെ   യഥാർത്ഥ മുഖം 

അഡ്വ.പി.എസ് .ശ്രീകുമാർ 

             1948  ജനുവരി 20 ആം തീയതി  ബിർളാമന്ദിറിലെ  പ്രാർത്ഥനയിൽ മഹാത്മാ ഗാന്ധി  പങ്കെടുത്തുകൊണ്ടിരിക്കുമ്പോഴാണ്  പാകിസ്ഥാനിൽ നിന്നും ഇന്ത്യയിൽ എത്തിയ മദൻലാൽ  പഹ്വാ എന്ന ഹിന്ദു അഭയാർത്ഥി,  പാർത്ഥന സ്ഥലത്ത്  ഒരു ബോംബ് പൊട്ടിച്ച്  പ്രാർത്ഥന അലങ്കോലമാക്കുവാൻ ശ്രമിച്ചത്. നിർഭയമായ  ഗാന്ധിജി അടുത്ത ദിവസത്തെ പ്രാർത്ഥനയിൽ പങ്കെടുത്തുകൊണ്ട് പറഞ്ഞത്  മദൻലാൽ  ഹിന്ദു മത മൗലിക വാദികളുടെ കയ്യിലെ ഒരു ഉപകരണം  മാത്രമായിരുന്നു എന്നായിരുന്നു.  പിന്നെയും പത്തു ദിവസങ്ങൾക്ക് ശേഷമാണ്   അദ്ദേഹത്തെ ഇല്ലാതാക്കുവാൻ വിധ്വംസക ശക്തികൾക്ക്  സാധിച്ചത് .   രാജ്യത്തിൻറ്റെ ഐക്യത്തിനും, മതമൈത്രിക്കും   കെട്ടുറപ്പിനുമായി,  ഗോഡ്സെയുടെ    വെടിയുണ്ടാക്കിരയായി "ഹേ  റാം"  എന്ന് ഉച്ചരിച്ചുകൊണ്ട്   സ്വന്തം  ജീവൻ ത്യജിച്ച  മഹാത്മാവിനെ ചരിത്രത്തിൽ നിന്നും   മായിക്കുവാനുള്ള   ശ്രമങ്ങളാണ്  കഴിഞ്ഞ കുറെ നാളുകളായി സംഘപരിവാർ സംഘടനകൾ നടത്തിക്കൊണ്ടിരിക്കുന്നത്. 

             മോഡി  സർക്കാർ കേന്ദ്രത്തിൽ അധികാരത്തിലേറിയത് മുതൽ  സംഘപരിവാറിൻറ്റെ തത്വശാസ്ത്രങ്ങൾ ഇന്ത്യയിലെ ജനങ്ങൾക്കുമേൽ അടിച്ചേൽപ്പിക്കാനായുള്ള ശ്രമങ്ങൾക്ക്  ആക്കം കൂട്ടി. സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത അനുഭവം ഇല്ലാത്തതിനാൽ  സ്വാതന്ത്ര്യ സമര കാലഘട്ടത്തെയും, അതിനു നേതൃത്വം കൊടുത്ത  ദേശസ്നേഹികളും, നിസ്വാർത്ഥരുമായ നേതാക്കളെയും അരികുവൽക്കരിക്കാനുള്ള ബോധപൂർവമായ ശ്രമങ്ങളും   നടത്തിക്കൊണ്ടിരിക്കുന്നു.  ഇതിന്റെ ഭാഗമായാണ്   സ്വാതന്ത്ര്യസമരത്തിന് ചടുലമായ നേതൃത്വം കൊടുത്തു് , ആ കാലഘട്ടത്തിലെ യുവതയുടെ ആരാധനാപാത്രവും, നവഭാരത ശിൽപ്പിയുമായ  ജവാഹർലാൽ നെഹ്‌റുവിനെ  തമസ്ക്കരിക്കാൻ  സർക്കാർ തലത്തിൽ തന്നെ നടപടികൾ കൈക്കൊണ്ടത്. അതിന്റെ തുടർച്ചയെന്നോണമാണ്   രാഷ്ട്രപിതാവായ   മഹാത്മാ ഗാന്ധിയെയും, ചരിത്രത്തിൽ നിന്നും നീക്കം ചെയ്യുവാനുള്ള നടപടികൾക്ക് കേന്ദ്ര സർക്കാർ തുടക്കം കുറിച്ചിട്ടുള്ളത്.

         .  സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിൽ അഖണ്ഡ ഭാരതം എന്ന സങ്കൽപം നിലനിൽക്കണമെങ്കിൽ , ഹിന്ദു-മുസ്‌ലിം ഐക്യം ആവശ്യമാണെന്ന് മനസ്സിലാക്കിയ ഗാന്ധിജി  ആ ലക്ഷ്യത്തോടെയാണ് എല്ലാവരെയും കോർത്തിണക്കി  ഇന്ത്യൻ ദേശിയ പ്രസ്ഥാനത്തെ നയിച്ചത്. ഗാന്ധിജിയുടെ ഈ തത്വ സംഹിതയെ എതിർത്തിരുന്നവരാണ് ഹിന്ദു മഹാസഭ. എന്നാൽ,    ഗാന്ധിജിയുടെ പ്രഭയിൽ ഹിന്ദു മഹാസഭക്കു ജനങ്ങളിൽ സ്വാധീനം ചെലുത്തുവാൻ സാധിച്ചില്ലായെന്നത് ഒരു ചരിത്ര സത്യമാണ്. അദ്ദേഹത്തിന്റെ ആദർശം മാത്രമല്ല, അദ്ദേഹത്തെ തന്നെ ഇല്ലാതാക്കുവാനുള്ള അവരുടെ ശ്രമമാണ്   ഗോഡ്‌സെയിലൂടെ അവർ നടപ്പിലാക്കിയത്. 

തൊഴിൽ ഉറപ്പ് അവകാശമാറി മാറിയപ്പോൾ  

            ഇന്ത്യയുടെ ഹൃദയം ഗ്രാമങ്ങളാണെന്നു തിരിച്ചറിഞ്ഞ  ഗാന്ധിജി, ഗ്രാമങ്ങളെ സ്വയംപര്യാപ്തമാക്കുവാനാണ്  ജീവിതത്തിലുടനീളം ശ്രമിച്ചത്. ഈ ഗാന്ധിയൻ ചിന്താഗതി ഉൾക്കൊണ്ടുകൊണ്ടാണ്,  കോൺഗ്രസ് നേതൃത്വത്തിലുണ്ടായിരുന്ന മഹാരാഷ്ട്രയിലെ  സംസ്ഥാന സർക്കാർ  എഴുപതുകളിൽ  ഗ്രാമീണ തൊഴിലുറപ്പു പദ്ധതിക്ക്  തുടക്കം കുറിച്ചത്.  ഈ പദ്ധതിയുടെ വിജയത്തെത്തുടർന്നാണ്,   2004 ലെ കോൺഗ്രസ് തെരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ  ഇത്  ഉൾപ്പെടുത്തിയത്.  2004 ൽ  അധികാരത്തിലേറിയ  മൻമോഹൻ സിംഗ് സർക്കാർ, ദേശീയ പ്രശ്നങ്ങളിൽ സർക്കാരിനെ ഉപദേശിക്കാൻ,   സോണിയ ഗാന്ധിയുടെ അധ്യക്ഷതയിൽ  വിദഗ്ദ്ധർ അടങ്ങിയ  ദേശീയ  ഉപദേശക  സമിതി(NAC)   രൂപീകരിച്ചു.  ഈ  സമിതിയുടെ ആദ്യ യോഗത്തിൽ തന്നെ പ്രസിദ്ധ വിവരാവകാശ പ്രവർത്തകയും മുൻ ഐ എ എസ്  ഉദ്യോഗസ്ഥയുമായിരുന്ന അരുണ റോയ്  വിവരാവകാശ  നിയമത്തെ സംബന്ധിച്ചും,  പ്രസിദ്ധ സാമ്പത്തിക ശാസ്ത്രജ്ഞനായ  ഴാങ് ഡ്രസ്സ് (Jean Dre'z) തൊഴിൽ ഉറപ്പു പദ്ധതി  സംബന്ധിച്ച  കരട്  നിർദേശങ്ങൾ  അവതരിപ്പിച്ചു.  തുടർന്ന് 13  മാസത്തോളം നീണ്ടു നിന്ന ദേശവ്യാപകമായ ചർച്ചകൾക്കും,  പാർലമെന്റിൽ നടന്ന  വിശദമായ ചർച്ചകൾക്കും ശേഷമാണ് ,  ഭരണഘടനയുടെ 41 ആം അനുച്ഛേദത്തിൽ നിന്നുകൂടി  പ്രചോദനം ഉൾക്കൊണ്ട്   ഗ്രാമീണ തൊഴിൽ ഉറപ്പു പദ്ധതിക്ക് 2005 ൽ  രൂപം നൽകിയതും,  നിയമമാക്കിയതും  .   2008 ഓടെ  രാജ്യത്തെ എല്ലാ ജില്ലകളിലേക്കും ഇത് വ്യാപിപ്പിച്ചു.   പദ്ധതിക്ക്  മഹാത്മാ ഗാന്ധി തൊഴിലുറപ്പു പദ്ധതി (MGNREGA) എന്ന് നാമകരണം ചെയ്‌തത്‌ 2009 ലായിരുന്നു. ഈ പദ്ധതി നിലവിൽ വന്ന ശേഷം പേരിനു കൂലി കൊടുത്തിരുന്ന ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുൾപ്പെടെ  ഇന്ത്യയെമ്പാടുമുള്ള ഗ്രാമീണ തൊഴിലാളികൾക്ക് സർക്കാർ നിശ്ചയിക്കുന്ന വേതനം നൽകേണ്ടി വന്നു. വേതനനിരക്കിലും കാലാനുസൃതമായി വർദ്ധനവ് വരുത്തിയിരുന്നു.  2025-26 ലേക്ക് നാഗാലാന്റിലും, അരുണാചൽ പ്രദേശിലും ഉള്ള തൊഴിലാളികൾക്ക്  കുറഞ്ഞ വേതനമായ 241 രൂപയും, ഹരിയാനയിൽ കൂടിയ നിരക്കിലുള്ള  400 രൂപയുമാണ്   നിശ്ചയിച്ചത്.

അഴിമതി ഇല്ലാതാക്കുവാനുള്ള ശ്രമം 

          മഹാത്മാ ഗാന്ധി  തൊഴിൽ ഉറപ്പ് പദ്ധതി  പ്രകാരം, ഗ്രാമീണ കുടുംബങ്ങൾക്ക്  വർഷത്തിൽ  കുറഞ്ഞത് 100 ദിവസത്തെ  തൊഴിൽ നൽകുമെന്ന് നിയമപരമായി ഉറപ്പുനൽകി. ഇതിലൂടെ, ഗ്രാമപ്രദേശങ്ങളിലെ  തൊഴിലില്ലായ്‌മ , ദാരിദ്ര്യം, നഗരങ്ങളിലേക്കുള്ള  കുടിയേറ്റം തുടങ്ങിയ പ്രശ്നങ്ങൾ   പരിഹരിക്കുക  തുടങ്ങിയവയായിരുന്നു  പ്രധാന ലക്ഷ്യങ്ങൾ. ഈ പദ്ധതിയുടെ മറ്റൊരു പ്രത്യേകത , ഇതിൻറ്റെ  ഭാഗമായി തൊഴിൽ ചെയ്യുന്നവരിൽ  കുറഞ്ഞത് മൂന്നിൽ ഒരു ഭാഗം സ്ത്രീകൾ ആയിരിക്കണം എന്നതാണ്. ഗ്രാമ വികസന പ്രവർത്തനങ്ങൾ, റോഡുകൾ, കുളങ്ങൾ, പാടശേഖരങ്ങൾ, ജലസേചന സംവിധാനങ്ങൾ തുടങ്ങിയവ വികസിപ്പിക്കുന്നതിനായതിനാൽ,   ഈ പദ്ധതി ഗ്രാമങ്ങളിൽ സ്ഥിരമായ സാമ്പത്തിക ആസ്തികൾ സൃഷ്ടിക്കുന്നു. മാത്രമല്ല, ജലസംഭരണികൾ , മണ്ണുസംരക്ഷണം, വൃക്ഷതൈ നടീൽ, കനാൽ നിർമാണം തുടങ്ങിയ പ്രവർത്തനങ്ങൾ വഴി പരിസ്ഥിതി സംരക്ഷണവും ഉത്പ്പാദന ശേഷി വർധനയും ഉറപ്പാക്കിയിരുന്നു.  ഈ  തൊഴിൽ ഉറപ്പു പദ്ധതി  ഗ്രാമീണ മേഖലയിൽ ഉള്ള ദശ ലക്ഷക്കണക്കിന്  ഗ്രാമീണർക്ക് തൊഴിൽ  നൽകുകയും, അവരുടെ കുടുംബങ്ങളിലെ സാമ്പത്തിക സ്ഥിരത ഉറപ്പുവരുത്തുകയും ചെയ്തു. ഇതിലൂടെയുള്ള വരുമാനം ഗ്രാമീണ കുടുംബങ്ങളുടെ മാത്രമല്ല, ഗ്രമത്തിണ്റ്റെ തന്നെ സാമ്പത്തിക വളർച്ചക്കും ഉപയുക്തമായി.  അടിമകളെപ്പോലെ കഴിഞ്ഞിരുന്ന ഗ്രാമീണ വനിതകൾക്കു വരുമാനം ലഭിച്ചതോടെ സമൂഹത്തിൽ അവരുടെ പദവി വർധിച്ചുവെന്നു മാത്രമല്ല, കുടുംബങ്ങളിലെ തീരുമാനമെടുക്കുന്ന പ്രക്രിയയിൽ ഭാഗഭാക്കുകളാകുകയും ചെയ്തു. ഈ പദ്ധതിയുടെ മറ്റൊരു പ്രത്യേകത  സ്ത്രീകൾക്കും പുരുഷന്മാർക്കും തുല്യ  വേതനം  ഉറപ്പുവരുത്തിയെന്നതും, ആധാറുമായി ബന്ധിപ്പിച്ചാണ് വേതനം നല്കുന്നതുമെന്നതാണ് . ഉത്തരേന്ത്യൻ സംസ്ഥാനങ്ങളെസംബന്ധിച്ചിടത്തോളം  ഇത് വിപ്ലവകരമായ ഒരു തീരുമാനമായിരുന്നു.  തൊഴിലിനായി അപേക്ഷിച്ചുകഴിഞ്ഞാൽ,  15  ദിവസങ്ങൾക്കുള്ളിൽ തൊഴിൽ നല്കാൻ സാധിച്ചില്ലെങ്കിൽ,  തൊഴിലില്ലായ്മ വേതനം നൽകണമെന്ന നിബന്ധനയും  ഉണ്ടായിരുന്നു. ഈ പദ്ധതി നടപ്പിലാക്കുവാനുള്ള ഉത്തരവാദിത്വം, ബ്ലോക്ക് പ്രോഗ്രാം ഓഫീസർമാർക്കായിരുന്നു . അതുപോലെ അക്കൗണ്ടബിലിറ്റിയും ഉറപ്പുവരുത്തിയിരുന്നു. ഗ്രാമസഭകൾ വഴി സാമൂഹിക ഓഡിറ്റ് നടത്തിയിരുന്നതിനാൽ   സുതാര്യത ഉറപ്പു വരുത്തിയിരുന്നു. 

      കോവിഡ് കാലത്തു ഈ പദ്ധതിയും,  മൻമോഹൻ സിംഗ് സർക്കാർ നടപ്പിലാക്കിയ ഭക്ഷ്യ സുരക്ഷാ പദ്ധതിയുമാണ് ഇന്ത്യയിലെ ഗ്രാമീണ ജനതയേയും, സമ്പത് വ്യവസ്ഥയെത്തന്നെയും സംരക്ഷിച്ചു നിർത്തിയത്.  ഒരുപക്ഷെ കേന്ദ്ര സർക്കാർ പദ്ധതികളിൽ  ബജറ്റിൽ അനുവദിച്ച തുകയേക്കാൾ കൂടുതൽ  തുക  ചെലവാക്കേണ്ടിവന്ന അപൂർവം പദ്ധതികളിൽ ഒന്ന് ഇതായിരുന്നു. സംസ്ഥാനങ്ങൾ ഇതിനു വകയിരുത്തിയിരുന്ന തുക ക്രിയാത്മകമായി ചെലവഴിച്ചതിന്റെ ഉദാഹരണമാണത് .  2013-14 ൽ 33000 കോടി രൂപയായിരുന്നു കേന്ദ്ര ബജറ്റിൽ  തൊഴിലുറപ്പിനായി വകയിരുത്തിയിരുന്നതെങ്കിൽ,  2024-25 ൽ  ഈ തുക 86000 കോടി രൂപയായി വർധിച്ചു.  ഏറ്റവും ഒടുവിലത്തെ കണക്കനുസരിച്ചു ഏകദേശം 12 കോടി ഗ്രാമീണ തൊഴിലാളികളാണ് ഈ പദ്ധതിയുടെ ഗുണഭോക്താക്കളായിരുന്നത്.  യുണൈറ്റഡ്  നേഷൻസ് ഡവലപ്മെന്റ് പ്രോഗ്രാം, ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷൻ എന്നിവ ഈ പദ്ധതിയെ  അന്താരാഷ്ട്ര തലത്തിലുള്ള ഒരു സാമൂഹ്യ സുരക്ഷാ മാതൃകയായി വിശേഷിപ്പിച്ചു.

വി ബി ജി റാം ജി (VB-G-RAM-G) പദ്ധതി

മഹാത്മാ ഗാന്ധി  ഗ്രാമീൻ  തൊഴിലുറപ്പു പദ്ധതി ഉപേക്ഷിച്ച്,  അതിന്  പകരമായി വികസിത് ഭാരത് ഗ്യാരണ്ടീ ഫോർ റോസ്‌ഗാർ ആൻഡ് അജിവിക മിഷൻ (ഗ്രാമീൻ) നിയമം ധൃതി പിടിച്ചു എന്തിനാണ് പാസ്സാക്കിയത്?  ഈ ബിൽ  ഡിസംബർ 15 നാണു പാർലമെന്റിൽ സർക്കുലേറ്റ് ചെയ്തത്.  മണിക്കൂറുകൾക്കുള്ളിലാണ് ചൂടപ്പം പോലെ ഇത് പാസ്സാക്കിഎടുത്തത് . ."ഗാന്ധിജി വിഭാവനം ചെയ്ത രാമരാജ്യ സങ്കൽപ്പം പ്രാവർത്തികമാക്കാൻ ശ്രമിക്കുന്ന സർക്കാരാണിതെന്നും ഗാന്ധിജി ജീവിക്കുന്നത്  ഞങ്ങളുടെ ഹൃദയത്തിലാണെന്നും"  പറഞ്ഞാണ് ബിൽ   അവതരിപ്പിച്ച്കൊണ്ട്  കേന്ദ്ര ഗ്രാമ വികസന മന്ത്രി ശിവരാജ് സിംഗ് ചൗഹാൻ  സംസാരിച്ചത്..  2014 ൽ അധികാരത്തിൽ കയറിയ നാൾ  മുതൽ തന്നെ ഈ പദ്ധതിയെ അട്ടിമറിക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിച്ചുവന്നത്.   രാഷ്ട്ര പിതാവായ  മഹാത്മാഗാന്ധിയോടുള്ള ആദരം സൂചിപ്പിക്കുന്ന പേര് പോലും മാറ്റിക്കൊണ്ട്,  അതിൻറ്റെ  ഉദ്ദേശ്യലക്ഷ്യങ്ങളെ പൂർണമായും മാറ്റുകയാണ് കേന്ദ്ര സർക്കാർ പുതിയ നിയമത്തിലൂടെ  ചെയ്യുന്നത്.

സംസ്ഥാനങ്ങളുടെമേൽ കനത്ത ഭാരം 

          വിബി-ജി-റാം പദ്ധതിയനുസരിച്ച്  തൊഴിലിനെ അവകാശമാക്കുകയും, രജിസ്റ്റർ ചെയ്യുന്ന എല്ലാവര്ക്കും തൊഴിൽ നൽകുകയും ചെയ്യുന്ന നിലവിലുള്ള  നിയമം  റദ്ദാക്കപ്പെടുകയാണ്. മറ്റൊരു സുപ്രധാന മാറ്റം ചില മാനദണ്ഡങ്ങളുടെ  അടിസ്ഥാനത്തിൽ കേന്ദ്രസർക്കാർ നിശ്ചയിക്കുന്ന ബജറ്റിനുള്ളിൽ പദ്ധതിക്കുള്ള അലോക്കേഷൻ  പരിമിതപ്പെടുത്തേണ്ടിവരും. അതായതു പദ്ധതിയിൽ രജിസ്റ്റർ ചെയ്യുന്നവരുടെ എണ്ണം കൂടിയാൽ സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിൽ നിന്നും കൂടുതൽ വിഹിതം ചോദിയ്ക്കാൻ സാധിക്കില്ല. ബജറ്റിൽ പറഞ്ഞിട്ടുള്ളതിൽ കൂടുതൽ  ചെലവഴിച്ചാൽ,സംസ്ഥാനങ്ങൾ തന്നെ അതിനുള്ള തുക അവരുടെ ബജറ്റിൽ നിന്നും നൽകേണ്ടിവരും.  വേതനത്തിനുള്ള ചെലവിൻറ്റെ  നൂറുശതമാനവും, പണിയാധുങ്ങൾക്കുള്ള ചെലവിന്റെ എഴുപത്തിയഞ്ച് ശതമാനവുമാണ് നിലവിൽ കേന്ദ്ര സർക്കാർ വഹിക്കുന്നത്.  അതായതു ഏകദേശം തൊണ്ണൂറുശതമാനവും കേന്ദ്രമാണ് വഹിക്കുന്നത്. ഈ 90 : 10  എന്ന  അനുപാതം  പുതിയ പദ്ധതിയിൽ  60 :40 എന്നായി മാറുകയാണ്.  വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ/ഹിമാലയൻ സംസ്ഥാനങ്ങൾ  കേന്ദ്ര ഭരണ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ  മാത്രം  അനുപാതം 90 :10 ആയിരിക്കും.   മറ്റു സംസ്ഥാനങ്ങളെ സംബന്ധിച്ച് ,  പദ്ധതിയുടെ മൊത്ത ചെലവിന്റെ അറുപതുശതമാനം സംസ്ഥാനങ്ങൾ  തന്നെ  വഹിക്കണം.  സാമ്പത്തിക പ്രതിസന്ധിയിൽ പെട്ട് ഉഴലുന്ന സംസ്ഥാനങ്ങൾക്ക് ഇത് കനത്ത ഭാരമായി മാറും എന്നതിൽ സംശയമില്ല . കേന്ദ്ര സർക്കാർ പറയുന്നത്   മഹാത്മാ ഗാന്ധി തൊഴിൽ ഉറപ്പനുസരിച്ചു  100  ദിവസത്തെ തൊഴിൽ ആണ് ഉറപ്പുനല്കുന്നതെങ്കിൽ പുതിയ നിയമമനുസരിച്ചു അത് 125 ദിവസമായി വർധിക്കുമെന്നാണ് . എന്നാൽ  മറ്റൊരു പ്രധാന നിബന്ധന പുതിയ നിയമത്തിൽ എഴുതിച്ചേർത്തിട്ടുണ്ട്. അതനുസരിച്ചു കാർഷിക സീസണിൽ  60 ദിവസം ഇതിൽ നിന്നും ഒഴിവാക്കണം. ചുരുക്കത്തിൽ നിലവിലുള്ള 100  ദിവസം പോലും     തൊഴിൽ നൽകുവാൻ പുതിയ നിയമമനുസരിച്ചു  സാധിക്കാത്ത അവസ്ഥയാണ് സംജഡമാകുന്നത് .

        തൊഴിൽ   ആവശ്യപ്പെടുന്ന കുടുംബങ്ങൾക്ക് ചുരുങ്ങിയത് 100  തൊഴിൽ ദിനങ്ങൾ അവകാശമാക്കി മാറ്റിയ  തൊഴിലുറപ്പു പദ്ധതി എന്ന ആശയം കേന്ദ്ര സർക്കാർ  പുതിയ നിയമത്തിലൂടെ  ഇല്ലാതാക്കുകയാണ്.  പുതിയ  പദ്ധതിയിൽ , സംസ്ഥാനത്തിനുള്ള സാമ്പത്തിക വർഷത്തെ വിഹിതം  വിവിധ ഘടകങ്ങളുടെ അടിസ്ഥാനത്തിൽ കേന്ദ്രസർക്കാർ നിശ്ചയിക്കും. ഇതിനു പുറമേ  വരുന്ന ചെലവ് കണ്ടെത്തേണ്ട ബാധ്യത സംസ്ഥാനങ്ങക്കായി മാറുകയാണ്. പ്രതിവർഷം  ശരാശരി  4000 കോടി രൂപയാണ്  കേരളത്തിൽ  തൊഴിൽ ഉറപ്പു പദ്ധതി അനുസരിച്ചു ചെലവാക്കുന്നത്. പുതിയ നിയമമനുസരിച്ച്   ഇതിന്റെ 40 ശതമാനം വരുന്ന  1600-2000 കോടി രൂപ  നമ്മുടെ സംസ്ഥാനം കണ്ടെത്തേണ്ടിവരും.  കടത്തിൽ മുങ്ങിനിൽക്കുന്ന കേരളം പോലുള്ള സംസ്ഥാനങ്ങൾക്ക്  ഇത്രയും വലിയ തുക കണ്ടെത്താൻ പ്രയാസമാകും. സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിൽ കൊണ്ടുവന്ന  ജനാനുകൂലവും, ജനപ്രിയവുമായ  ഒരു  നിയമമാണ്‌  ഇല്ലാതാകുന്നത്. 

        ഗ്രാമങ്ങളിൽ ജീവിക്കുന്ന ലക്ഷോപലക്ഷം  ജനങ്ങളുടെ അഭിപ്രായം ആരായാതെയും,  യാതൊരുവിധ ക്രിയാത്മക ചർച്ചകൾക്കും  ഇടനല്കാതെയും, ജനപ്രതിനിധികളുടെ വിമർശനങ്ങളെ അവഗണിച്ചുകൊണ്ടുമാണ്  പുതിയ നിയമം രാജ്യമാകെ അടിച്ചേൽപ്പിച്ചിട്ടുള്ളത്. ഇതാണ്  ഫാസിസത്തിന്റെ  ബീഭത്സമായ യഥാർത്ഥ മുഖം.

അഡ്വ.പി.എസ് .ശ്രീകുമാർ 






 

  


Friday, 2 January 2026

 നർമഭാവന 

                   ബണ്ടിച്ചോർ  വെളിപ്പെടുത്തിയ ആ രഹസ്യം !  

അഡ്വ.പി എസ് ശ്രീകുമാർ 

തൻറ്റെ ഇഷ്ട   ജോലിയുമായി ബന്ധപ്പെട്ട്  ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും സന്ദർശനം നടത്തിയിട്ടുള്ള ബണ്ടിച്ചോർ  എന്ന ദേവീന്ദർ സിംഗിന്  ഏറ്റവും ഇഷ്ട്ടപ്പെട്ട സംസ്ഥാനമേതെന്നു ചോദിച്ചാൽ  അത് പിണറായി ഭരിക്കുന്ന  നമ്മുടെ കേരളമാണ്. ഇന്ത്യയുടെ ഹൃദയ ഭൂമിയായ  ഉത്തർ  പ്രദേശിൽ ജനിച്ച ബണ്ടിച്ചോർ  ഒമ്പതാം ക്ലാസ്സിൽ വച്ച് പഠനമുപേക്ഷിച്ചാണ്‌   മോഷണമെന്ന കലയുമായി  മുന്നോട്ടുപോകാൻ തീരുമാനിച്ചത്.  ആഡംബര ജീവിതത്തിൽ ആകൃഷ്ടനായ അയാൾ,  മോഷണകലയിൽ പ്രമാണിയായി  മാറിയത്  അങ്ങിനെയാണ്.  ഇതുപോലെയുള്ള കലാകാരന്മാരെ  കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്ന  ഇന്ത്യയിലെ ചാനൽ സിംഹങ്ങൾ  ബണ്ടിചോറിൻറ്റെ  കഴിവുകൾ കണ്ടറിഞ്ഞാണ്  "ബിഗ്‌ബോസ്സ് " സീസൺ 4  ൽ, ബണ്ടിചോറിനെ ക്ഷണിച്ചുവരുത്തി ആദരിച്ചു  പ്രസ്തുത ലൈവ് ഷോയിൽ  എത്തിച്ചത്. പക്ഷെ സീസൺ 4 ൽ  അതിഥിയായെത്തിയ  ഹിന്ദി സിനിമ സൂപ്പർസ്റ്റാർ സൽമാൻ ഖാനോട് മോശമായി പെരുമാറിയതിനെത്തുടർന്ന്  ബണ്ടിച്ചോറിനെ ചാനലുകാർ പുറത്താക്കി. അതോടെ അയാൾ താൻ വളർത്തിക്കൊണ്ടുവന്ന സുകുമാരകല പ്രോത്സാഹിപ്പിക്കുവാൻ ഡൽഹി കേന്ദ്രമാക്കി പ്രവർത്തനം തുടങ്ങി. അവിടെ വച്ച് പോലീസിന്റെ പിടിയിലായെങ്കിലും, അവരുടെ അവരെ വെട്ടിച്ചു  തന്ത്രപൂർവം അയാൾ  രക്ഷപ്പെട്ടു. പിന്നീട് ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ  തന്റെ സുകുമാര കലയുടെ വല നീട്ടി വീശിത്തുടങ്ങി. ഇടക്ക് വീണ്ടും പോലീസിന്റെ പിടിയിൽ പെട്ട് ചെറിയ കാലയളവിൽ ജയിൽ വാസം പൂർത്തിയാക്കി പുറത്തുവന്ന ബണ്ടിച്ചോർ അപ്പോഴേക്കും  സിനിമാക്കാരുടെ ആരാധനാപാത്രമായി മാറി. അങ്ങിനെയാണ് അയാളുടെ ജീവിതത്തെ ആസ്പദമാക്കി  "Oye Lucky  Lucky Oye " എന്ന ഹിന്ദി സിനിമ റിലീസ് ചെയ്തത്.  

വീണ്ടും തൻറ്റെ  സുകുമാരകല  ഊട്ടി  വളർത്തിയും രാജകീയ ജീവിതം നയിച്ചും  കഴിഞ്ഞുവന്നപ്പോഴാണ്  ഇടതു തണലിൽ സരിത വലിയ തട്ടിപ്പുകളുമായി കേരളത്തിൽ വിഹരിച്ച കാര്യം ബണ്ടിച്ചോർ  അറിഞ്ഞത്. അത് കേൽക്കേണ്ട താമസം,    2013 ൽബണ്ടി  തിരുവനന്തപുരത്തു പൊങ്ങി. പട്ടത്തെ ഒരു വീട്ടിൽ കയറി  28  ലക്ഷം രൂപ വിലയുള്ള ഒരു ആഡംബര കാറും, ലാപ്ടോപ്പ്, രണ്ടു മൊബൈൽ  ഫോണുകൾ എന്നിവയും   തട്ടി എടുത്തുകൊണ്ടു കടക്കാൻ ശ്രമിച്ച ബണ്ടിയെ  പോലീസ് പിടിച്ചു ജയിലിലാക്കി.   ഉമ്മൻ‌ചാണ്ടി എന്ന നീതിമാൻ ഭരിച്ച കാലമായതുകൊണ്ടു  കോടതിയിൽ നിന്ന് 6  വർഷത്തെ ശിക്ഷയും വാങ്ങി കൊടുത്തു. ശിക്ഷാ  കാലാവധി കഴിഞ്ഞു ആരുമറിയാതെ രാജ്യ തലസ്ഥാനത്തേക്ക് കടന്ന ബണ്ടി ഒച്ചപ്പാടില്ലാതെ കുറെ നാളായി കഴിയുകയായിരുന്നു.  അപ്പോഴാണ് ശബരിമല ക്ഷേത്രത്തിലെ  കോടികൾ വിലയുള്ള സ്വർണ  കട്ടിളപ്പടിയും, ദ്വാരക പാലക ശില്പങ്ങളും  കവർച്ച ചെയ്ത   വിവരം  ബണ്ടിയോട്   ആരോ പറഞ്ഞുകൊടുത്തത്.  തന്നെയും നിഷ്പ്രഭരാക്കുന്ന  തസ്‌ക്കര രാജാക്കന്മാർ ഇടതു തണലിൽ  കേരളത്തിൽ ഉണ്ടെന്നറിഞ്ഞാണ്  ബണ്ടിച്ചോർ  വീണ്ടും കൊച്ചിയിലെത്തിയത്. ഈ തസ്‌ക്കര രാജാക്കന്മാരെ നേരിൽ കണ്ടു വിജയ രഹസ്യം ചോർത്തിയെടുക്കുകയെന്ന ലക്ഷ്യത്തോടെയാണ്   ബണ്ടി എത്തിയതും, എറണാകുളത്തു  വച്ചും,  തിരുവനന്തപുരത്തു വച്ചും പോലീസ് പിടിച്ചതും. . ചോദ്യം ചെയ്തപ്പോൾ അയാളുടെ കയ്യിൽ ഒരു വെറ്റിലയും പാക്കും അല്ലാതെ മറ്റൊരു മോഷണ വസ്‌തുവും  കിട്ടിയില്ല.  കേരള പോലീസ് മൂന്നാം മുറ ഉൾപ്പെടെ എല്ലാം പ്രയോഗിച്ചപ്പോഴാണ്   വെറ്റിലയും പാക്കുമായി നടക്കുന്നതിൻറ്റെ  രഹസ്യം  പോലീസ് ഉന്നതരോട് അയാൾ വെളിപ്പെടുത്തിയത്.  മോഷണകലയിൽ സൂപ്പർസ്റ്റാറായി വിഹരിക്കുന്ന തന്നെക്കാൾ കേമന്മാരായ  മെഗാ തസ്‌ക്കരവീരന്മാരാണ്  സ്വർണകട്ടിള  അടിച്ചു മാറ്റിയതെന്ന്  അറിഞ്ഞു ,  അവരെ  നേരിൽ   കണ്ടു വെറ്റിലയും പാക്കും സമർപ്പിച്ചു ശിഷ്യത്വം സ്വീകരിക്കുക  എന്ന സദുദ്ദേശം മാത്രമാണ്   ഇപ്പോഴത്തെ യാത്രക്ക് പിന്നിലുള്ള ലക്‌ഷ്യം എന്ന രഹസ്യമാണ്  കേരളാപോലീസിനോട് അയാൾ വെളിപ്പെടുത്തിയത്.  പോലീസ് അയാളെ വെർതെ  സംശയിച്ചു! ഇനിയെങ്കിലും  പോലീസ് അയാളോട് ക്ഷമിക്കുമെന്നു പ്രതീക്ഷിക്കാം!









 

                           മസാലബോണ്ടിലെ അഴിമതിയും  കിഫ്ബിയും


അഡ്വ.പി.എസ് .ശ്രീകുമാർ 

കേരളത്തിൽ വികസന പ്രവർത്തനങ്ങൾ നടത്തുവാൻ ബജറ്റിന് പുറമെ ഒരു സംവിധാനം വേണമെന്ന " ഇടത് ആശയത്തിൻറ്റെ " അടിസ്ഥാനത്തിലാണ് നായനാർ സർക്കാരിന്റെ  കാലയളവിൽ കേരളാ  ഇൻഫ്രാ സ്ട്രക്ച്ചർ ഇൻവെസ്റ്റ്മെന്റ് ആക്റ്റ് 1999 ൽ   നിയമസഭയിൽ അവതരിപ്പിച്ചു  പാസ്സാക്കി കിഫ്‌ബി എന്ന ഒരു സ്പെഷ്യൽ പർപ്പസ് വെഹിക്കിൾ (SPV)  രൂപീകരിച്ചത്. നായനാർ സർക്കാരും, പിന്നീട് വന്ന ഐക്യജനാധിപത്യ മുന്നണി സർക്കാരും, വി.എസ്  അച്യുതാനന്ദൻ സർക്കാരും  ഈ സ്ഥാപനത്തിന് അമിത പ്രാധാന്യം നൽകുകയോ ബജറ്റിന് പുറത്തുള്ള ഒരു പ്രധാന കടമെടുപ്പ് കേന്ദ്രമാക്കി മാറ്റുകയോ ചെയ്തില്ല.  എന്നാൽ 2016 ലെ പിണറായി വിജയൻ സർക്കാരിന്റെ കാലയളവിൽ ധനകാര്യ മന്ത്രിയായിരുന്ന ഡോ . തോമസ് ഐസക്കാണ്, വികസന പ്രവർത്തനങ്ങളുടെ പേരിൽ ലോകമെങ്ങുനിന്നും കടം വാങ്ങിക്കൂട്ടുവാൻ ഈ സംവിധാനം ഉപയോഗിക്കാമെന്ന് ഗവേഷണം നടത്തി കണ്ടുപിടിച്ചത്. 

സംസ്ഥാനത്തിന്റെ റവന്യു വരുമാനത്തിന്റെ സിംഹഭാഗവും, ശമ്പളം, പെൻഷൻ, പലിശ എന്നീ ഇനങ്ങളിൽ ചെലവാകുകയാണെന്നും, മൂലധന നിക്ഷേപത്തിന്  കടമെടുക്കാതെ നിവൃത്തിയില്ലെന്നും പറഞ്ഞാണ്  തോമസ് ഐസക്  കിഫ്‌ബിക്കു  കൂടുതൽ പ്രാധാന്യം നല്കിയതുടങ്ങിയത്. 2016-17 ൽ കിഫ്ബിക്കു പുതിയ രൂപഭാവങ്ങൾ നൽകിയപ്പോൾ പറഞ്ഞത്, അഞ്ച്  വർഷത്തേക്ക് 50000  കോടി രൂപയുടെ  വികസന പദ്ധതികൾ കിഫ്ബിവഴി നടപ്പാക്കുമെന്നും ബജറ്റിന് പുറത്തുനിന്നും ഇതിനുള്ള ഫണ്ട് കണ്ടെത്തുമെന്നുമാണ്.  എന്നാൽ അത് നടപ്പിലാക്കിത്തുടങ്ങിയപ്പോൾ മനസ്സിലായത്  മോട്ടോർ വെഹിക്കിൾ നികുതിയിനത്തിൽ ലഭിക്കുന്ന വരുമാനത്തിൻറ്റെ 10 ശതമാനം ആദ്യ വർഷവും, പിന്നീട് ഓരോ വർഷവും 10 ശതമാനം വീതം വർധിപ്പിച്ചു 10  ശതമാനം വരെ എത്തുന്ന തുകയും പെട്രോളിയം ഉത്പന്നങ്ങളിൽ ചുമത്തുന്ന സെസ്സുമാണ് സർക്കാരിന്റെ സഞ്ചിത നിധിയിൽ നിന്നും കിഫബിയിലേക്കു വരുന്നതെന്നാണ്. ബാക്കി തുക ബോണ്ടുകൾ, വായ്പകൾ എന്നിവയിൽ നിന്നും ആഭ്യന്തര വിപണിയിൽ നിന്നും, കെ എസ്  എഫ്  ഇ ചിട്ടികൾ വഴിയും  സമാഹരിക്കാനാണ്  ലക്ഷ്യമിട്ടത്.

കിഫ്‌ബിയുടെ  ഓഫീസ്‌   ചിലവ് 

കിഫ്ബിക്കായി തിരുവനന്തപുരത്തു എടുത്തിട്ടുള്ള ഓഫീസിനു ഏകദേശം 10 ലക്ഷം രൂപയോളമാണ് വാടകയിനത്തിൽ നൽകുന്നത്. ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഉൾപ്പെടെ ഉയർന്ന ശമ്പളം പറ്റുന്ന  ഇരുന്നൂറോളം   ഉദ്യോഗസ്ഥരെയാണ് നിയമിച്ചിട്ടുള്ളത്.    ചെലവാകുന്നത് ഏകദേശം അമ്പതു കോടിയോളം രൂപയാണ്. പരസ്യത്തിനായി വൻതുക വേറെ ചിലവാക്കുന്നു .  പരസ്യത്തിന്റെ പേരിൽ 2021 ലെ  നിയമസഭാ തെരഞ്ഞെടുപ്പുകാലത്തും, 2024 ലെ  ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്തും, എൽ  ഡി എഫിന് വേണ്ടിയുള്ള   തെരഞ്ഞെടുപ്പിന് സഹായകമായ രീതിയിലുള്ള പരസ്യങ്ങളാണ് കിഫ്‌ബി  പ്രിൻറ് /വിഷ്വൽ മീഡിയ വഴി നൽകിയത്.  ഇക്കാര്യത്തിലെല്ലാം കേന്ദ്രത്തിൽ മോഡി ചെയ്യുന്ന കാര്യങ്ങൾ തന്നെയാണ്  പിണറായി സർക്കാർ അണുവിട മാറാതെ ഇവിടെ  ചെയ്തത്. പൊതുമരാമത്ത്, ജലവിഭവ വകുപ്പ്, ഇലക്ട്രിസിറ്റി ബോർഡ്  തുടങ്ങിയ വലിയ എഞ്ചിനീയറിംഗ് സംവിധാനങ്ങളുള്ള വകുപ്പുകളിലെ ഉദ്യോഗസ്ഥരെ  നോക്കുകുത്തികളായി മാറ്റി നിർത്തിയശേഷമാണ് കിഫ്‌ബി കോൺട്രാക്ട്/കൺസൽട്ടൻറ് സ്റ്റാഫുകളെ  പ്രത്യേകം നിയമിച്ചു ഈ വകുപ്പുകളിലെ പദ്ധതികൾ നടപ്പിലാക്കുന്നത്.  ഇതുവഴി ഇത്രയും വർഷങ്ങൾ ജോലി നിർവഹിച്ചുകൊണ്ടിരുന്ന ഒരു വലിയ വിഭാഗം ജീവനക്കാരെ കാഴ്ചക്കാരായി  മാറ്റിനിര്ത്തുന്നു എന്ന് മാത്രമല്ല അധിക ചെലവും വരുത്തിവക്കുകയാണ് ചെയ്യുന്നത്.

മന്ത്രിയുടെ അവകാശവാദം 

കിഫ്ബിയുടെ  രജത ജൂബിലി ആഘോഷങ്ങളെക്കുറിച്ചു അറിയിക്കാനായി ധന മന്ത്രി കെ.എൻ.ബാലഗോപാൽ അടുത്തകാലത്തു  വിളിച്ചു ചേർത്ത  പത്ര സമ്മേളനത്തിൽ  അറിയിച്ചത് 2016-17  നു ശേഷം,  90562 കോടി രൂപയുടെ,  1190  പദ്ധതികൾക്കാണ് കിഫ്‌ബി  അനുമതി നൽകിയതെന്നാണ്. വിവിധ പദ്ധതികൾക്കായി 37388  കോടി രൂപയാണ് ഇതുവരെ  ചെലവായിട്ടുള്ളത്.  എന്നാൽ നാളിതുവരെയും പൂർത്തീകരിക്കാൻ സാധിച്ചത് 21881 കോടി രൂപയുടെ പദ്ധതികൽ മാത്രമാണ് . കഴിഞ്ഞ ഒൻപതു വർഷത്തെ കണക്കാണിത്.  ഇതിൽ പൊതുമരാമത്തു വകുപ്പുമായി ബന്ധപ്പെട്ട 104  പദ്ധതികൾ മാത്രമാണ് പൂർത്തീകരിച്ചിട്ടുള്ളത്.  കിഫ്‌ബി ഇതുവരെ ഏറ്റെടുത്ത പദ്ധതികളിലൊന്നിൽ നിന്നുപോലും സർക്കാരിന് വരുമാനം ലഭിക്കുന്നില്ലാ എന്നത് മന്ത്രി തന്നെ പത്ര സമ്മേളനത്തിൽ സമ്മതിച്ചു.അതുകൊണ്ടാണ് വരുമാനം ലഭിക്കുന്ന പദ്ധതികൾ  നടപ്പിലാക്കുവാനുള്ള നടപടികൾ സ്വീകരിക്കുമെന്ന്  അദ്ദേഹത്തിന്  പറയേണ്ടിവന്നത്.

2025  ജൂലൈ വരെയുള്ള കണക്കുകൾ പ്രകാരം,  കിഫ്‌ബിയുടെ വരുമാന സ്രോതസ്സുകളിൽ മുഖ്യം മോട്ടോർ വാഹന നികുതിയിലെ സെസ് ആണ്.  ഇതുവരെയും ലഭിച്ച 51022  കോടി രൂപയിൽ,  15585  കോടി വാഹന സെസിൽ നിന്നും, 7450  കോടി ബാങ്ക്  വായ്പകളിലൂടെയും,  5650  കോടി ബോണ്ടുകളിലൂടെയും, 4583 കോടി പെട്രോളിയം സെസിലൂടെയും, 4808  കോടി നമ്പർ വായ്പയിലൂടെയും, 3780 കോടി ഹഡ്കോ വായ്‌പയായും, 1718 കോടി പ്രവാസി ചിട്ടിയിലൂടെയും, 1500 കോടി കെ എഫ് സി, 871 കോടി പി എഫ് സി ,331 കോടി പ്രവാസി ഡിവിഡന്റ് സ്കീം എന്നിവയിലൂടെയും,ആണ് സ്വരൂപിച്ചിട്ടുള്ളത്.  ചെലവായത് 36160 കോടി രൂപ മാത്രമാണ്.  ബാക്കി തുക വിവിധ ബാങ്കുകളിൽ നിക്ഷേപമായാണ് കിഫ്‌ബി സൂക്ഷിക്കുന്നത്.

കിഫ്ബിയും മസാല ബോണ്ടുകളും 

കിഫ്ബിയുടെ അക്കൗണ്ടുകളിൽ ആവശ്യത്തിന് പണം ഉള്ളപ്പോൾ,  മസാല ബോണ്ടുകളിൽ നിക്ഷേപിക്കുവാൻ കിഫ്‌ബി മുൻകൈ എടുത്തത്  എന്തിനാണെന്നത്  ദുരൂഹമാണ്. മാത്രമല്ല 2019 മാർച്ച് 19  ന് 2150 കോടി രൂപയാണ് മസാല ബോണ്ട് വഴി ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ നിന്നും സ്വരൂപിച്ചത്. അതും അന്ന് ഇന്ത്യയിലെ ബാങ്കുകളിൽ ലഭ്യമായ വായ്പകൾക്ക് ഈടാക്കുന്ന പലിശ നിരക്കിനേക്കാൾ ഉയർന്ന പലിശ നൽകിയാണ് മസാല ബോണ്ട് വാങ്ങിയത്.9.72 ശതമാനമായിരുന്നു അതിൻറ്റെ  പലിശ നിരക്ക്. 5 വർഷ കാലാവധിക്കാന് മസാല ബോണ്ടുകൾ വാങ്ങിയത്. ബോണ്ടിൻറ്റെ  പലിശ ഉൾപ്പെടെ 3195.23 കോടി രൂപയാണ് കിഫ്‌ബി ഈ മസാല ബോണ്ടിനത്തിൽ തിരിച്ചടച്ചത്.  2019 മാർച്ച് 29 നു മുഖ്യമന്ത്രി പിണറായി വിജയൻ ലണ്ടനിൽ നേരിട്ടെത്തിയാണ് മസാല ബോണ്ടിന്റെ ലിസ്റ്റിംഗിന്  സാക്ഷ്യം വഹിച്ചത്. ഫോറിൻ എക്സ്ചേഞ്ച് മാനേജ്‌മന്റ് ആക്റ്റിൻറ്റെ (ഫെമ) നിയമ ലംഘനത്തിലൂടെയാണ് മസാല ബോണ്ട് വാങ്ങിയതെന്ന് പ്രതിപക്ഷം ആനി ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ അതിനെയൊക്കെ ഡോ .തോമസ് ഐസക്  നിഷേധിച്ചു. മാത്രമല്ല,  പിണറായി  വിജയൻ, ആരോപണ വിധേയനായിട്ടുള്ള   എസ്‌ എൻ സി ലാവലിൻ  കമ്പനിയുമായി ബന്ധമുള്ള സി ഡി പി ക്യു  എന്ന കമ്പനിയെ സഹായിക്കാനാണ് കൂടിയ പലിശക്ക് മസാല ബോണ്ട് പുറത്തിറക്കിയതെന്നും ഇതിൽ അഴിമതിയുണ്ടെന്നും  പ്രതിപക്ഷം ആരോപിച്ചിരുന്നു .  പ്രസ്തുത ആരോപണങ്ങൾ ശരിയാണെന്ന് വ്യക്തമാക്കുന്ന തെളിവാണ്  പിണറായിക്കും, കിഫ്‌ബി എം. ഡിക്കും  എൻഫോഴ്‌സ്‌മെന്റ്  ഡയറക്റ്ററേറ്റ്  നവംബര് 11 ന്  നൽകിയ നോട്ടീസിലൂടെ  പുറത്തുവന്നിരിക്കുന്നത്.  കൂടിയ പലിശക്ക് വായ്പ എടുക്കുന്നതിനെ 2018 ൽ നടന്ന കിഫ്‌ബി യോഗത്തിൽ, അന്നത്തെ ചീഫ് സെക്രട്ടറിയും, ധനകാര്യ വകുപ്പ് സെക്രട്ടറിയും എതിത്തിരുന്നതാണ്. അവരുടെ എതിർപ്പ് അവഗണിച്ചാണ് ധനമന്ത്രി ഡോ .തോമസ് ഐസക്കും, മുഖ്യമന്ത്രി പിണറായിയും  മസാല ബോണ്ട് ഇറക്കുവാൻ  തീരുമാനമെടുത്തത്.  ഈ തീരുമാനം ഭരണഘടനയുടെ 293(1)  പ്രകാരം ഒരു സംസ്ഥാനത്തിന് രാജ്യത്തിനുള്ളിൽ നിന്ന് മാത്രമേ കടമെടുക്കുവാൻ കഴിയു.  ഈ  ഭരണഘടനാ നിയമം ലംഘിച്ചുകൊണ്ടാണ് മസാലബോർഡ് ഇറക്കുവാൻ  മുഖ്യമന്ത്രിയും, ധന മന്ത്രിയും തീരുമാനിച്ചത്. ഇത് തന്നെ പ്രകടമായ അഴിമതിയാണ്.

 മസാല ബോണ്ടിലെ അഴിമതി 

 മുകളിൽ പറഞ്ഞിട്ടുള്ള  ആരോപണങ്ങൾ സാധൂകരിക്കുന്നതാണ്  ചെന്നൈ വ്യവസായിയായ മുഹമ്മദ് ഷെർഷാദ് എന്ന വ്യക്തി ഡൽഹി  ഹൈക്കോടതിയിൽ നൽകിയിട്ടുള്ള  കേസ്. മാത്രമല്ല, മസാല ബോണ്ട് ഇടപാടിൽ  കിങ്‌പിൻ  ആയി പ്രവർത്തിച്ചത് ലണ്ടൻ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഒരു വ്യക്തിയാണെന്ന്  ഇതിൽ  ഷെർഷാദ് ആരോപിക്കുന്നു .  ചില രാഷ്ട്രീയ നേതാക്കളുടെ കള്ളപ്പണം കൈകാര്യം ചെയ്യുന്ന രാഷ്ട്രീയ ഇടനിലക്കാരനായ ഇയാളുടെ കുറ്റകൃത്യങ്ങൾ  മുദ്രവച്ച കവറിൽ സമർപ്പിക്കാൻ തയ്യാറാണെന്നും, ഷെർഷാദ് ഹൈക്കോടതിൽ രേഖാമൂലം സമർപ്പിച്ചിട്ടുണ്ട്. ആരോപണ വിധേയനായ  ഈ വ്യവസായിയുമായി പിണറായിക്കുള്ള ബന്ധമാണ്  മസാല ബോണ്ടിലെ അഴിമതിയിലേക്കു വിരൽ ചൂണ്ടുന്നത്. 










Monday, 15 December 2025

 


ശാസ്ത്രകവിത 

രചയിതാവ്:  ശാന്തിസദനം  കെ.പ്രഭാകരൻ നായർ, പുന്നപ്ര 

(മനുഷ്യൻ ചന്ദ്രനിലെത്തിയതുമായി  ബന്ധപ്പെട്ട്  ഒരു കുട്ടി അമ്പിളിയമ്മാവനോട് ചോദ്യങ്ങൾ   ചോദിക്കുന്നതാണ് ഇതിവൃത്തം)

കുട്ടി:                       

 അമ്പിളിമാമ കേട്ടല്ലോ 

 അത്ഭുതമായൊരു വർത്താനം 

അമ്പിളിമാമൻ : 

എന്താകുഞ്ഞേ  നീ പറയൂ എന്നെ ചൊല്ലിയതാണെങ്കിൽ 

കുട്ടി :                   

 അങ്ങിനെതന്നെ മാമന്റെ സംഗതി തന്നെ ഞാൻ പറയാം 

 ആരാണ്ടൊക്കെ പേടകമൊന്നിൽ മാമൻ സവിധെ വന്നില്ലേ?

അമ്പിളിമാമൻ :

വന്നിട്ടവർ ഉടനെതന്നെ  ഭൂമിയിലേക്ക് മടങ്ങീലോ 

കുട്ടി:                      

 വന്നവർ കയ്യിൽ വല്ലതുമൊന്ന്  ഞങ്ങൾക്കായി ഏൽപ്പിച്ചോ?

അമ്പിളിമാമൻ : 

വന്നവർ കയ്യിൽ കല്ലും, മണ്ണും അന്നേ  തന്നെ ഏൽപ്പിച്ചു 

 ലക്ഷം നാഴിക പാഞ്ഞീടും  റഷ്യക്കാരുടെ  റോക്കറ്റ് 

 ലക്‌ഷ്യം തെറ്റാതിവിടെത്തി, പക്ഷെ  ആളതിലില്ലല്ലോ

കുട്ടി :                     

 ആഹാ ഇനിയും വരുമല്ലോ ആളു കയറ്റിയ റോക്കറ്റ് 

അമ്പിളിമാമൻ :

 അന്നെൻകുഞ്ഞേ  നീ വരുമോ അമ്മാവൻറ്റെ  അടുത്തേക്ക് 

കുട്ടി:                      

 അച്ഛനുമമ്മയുമുണ്ടെങ്കിൽ പക്ഷേ ഞാനും വന്നേക്കും  

  

Tuesday, 25 November 2025


            സാംസ്‌കാരിക കേരളത്തിൻറ്റെ  വിളക്കുമരം 

അഡ്വ.പി.എസ് .ശ്രീകുമാർ 

ഒരു വിദ്യാർത്ഥി സംഘടനാ നേതാവിൽ നിന്നും, മലയാള ഭാഷക്ക് കനത്ത സംഭാവനകൾ നൽകിയ  ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്റ്ററായും, കേരളമെങ്ങും അറിയപ്പെടുന്ന സാംസ്‌കാരിക നായകനായും മാറിയ ഡോ.എം.ആർ.തമ്പാനെന്ന, മേടയിൽ രാഘവൻ തമ്പാൻറ്റെ,   യഥാർത്ഥ ജീവിത ചിത്രമാണ്  "ഡോ.എം.ആർ. തമ്പാൻ- വിജ്ഞാനത്തിൻറ്റെ  വിളക്കുമരം" എന്ന  ജീവചരിത്ര ഗ്രന്ഥം. 

അറുപതുകളിൽ, ബംഗാളിൽ തുടങ്ങിയ  ഘേരാവോ  എന്ന സമരമുറ  കേരളത്തിൽ ആദ്യമായി  സംഘടിതമായ രീതിയിൽ അരങ്ങേറിയത്  കൊട്ടറ  ഗോപാലകൃഷ്ണൻ, ചിറ്റാർ രാജൻ, എം.ആർ തമ്പാൻ, അൻസാർ റഹിം,  ഭാരതീപുരം ശശി, രാജൻകുഞ്ഞു , പി.കെ. ദിനമണി  തുടങ്ങിയ  വിദ്യാർത്ഥി സംഘടനാ പ്രവർത്തകർ നേതൃത്വം നൽകിയ കൊല്ലം എസ്എ.ൻ.കോളേജിലായിരുന്നു. ഈ സമരത്തിന് ഇടയാക്കിയ സാഹചര്യങ്ങളും, അതിൻറ്റെ  വിശദാംശങ്ങളും പറഞ്ഞുകൊണ്ടാണ്  ജീവചരിത്രം ആരംഭിക്കുന്നത്.  എസ് .എൻ.കോളേജിലെ പഠനകാലയളവിൽ കെ.എസ.യു വിനെ നയിച്ച തമ്പാൻ, കോളേജ് യൂണിയൻ  ചെയർമാനായത് , പിന്നീട്  സി.പി.എം നേതാവും, മന്ത്രിയുമായ ജി.സുധാകരനെ  തോൽപ്പിച്ചുകൊണ്ടായിരുന്നു.   തന്നോടൊപ്പം വിദ്യാർത്ഥി രാഷ്ട്രീയത്തിൽ പ്രവർത്തിച്ച മറ്റു സുഹൃത്തുക്കളെപ്പോലെ,  ഒരു രാഷ്ട്രീയ നേതാവായി മാറേണ്ടിയിരുന്ന തമ്പാൻ, ആകസ്മികതയുടെ  ചിറകിലേന്തിയാണ്  പ്രശസ്‌ത  സാഹിത്യകാരനും ഭാഷ പണ്ഡിതനുമായ എൻ.വി. കൃഷ്‌ണവാരിയരുടെ ക്ഷണപ്രകാരം  ഭാഷ ഇൻസ്റ്റിട്യൂട്ടിലെ ജോലിയിൽ പ്രവേശിക്കുന്നത്. എൻ.വി.കൃഷ്ണവാര്യരോടൊത്തുള്ള സാഹിത്യ സപര്യ  മലയാള ഭാഷക്കുതന്നെ പുതിയ മാനങ്ങൾ നൽകുവാനുള്ള പ്രചോദനമായി മാറി. ഒടുവിൽ കൃഷ്ണവാര്യർ ഇരുന്ന കസേരയിൽ ഇരിക്കാനുള്ള  യോഗവും അദ്ദേഹത്തെ തേടി വന്നു.

 1995 -2000  കാലഘട്ടത്തിൽ, ഡോ .തമ്പാൻ ഡയറക്ടർ ആയിരുന്നപ്പോളാണ് അന്ന് സാംസ്‌കാരിക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ഡോ .ബാബുപോളിൻറ്റെ  വേദശബ്ദ രത്‌നാകരം  എന്ന ബ്രിഹത് ഗ്രന്ഥം  പ്രസിദ്ധീകരിക്കാൻ സാധിച്ചത്.  സർക്കാർ മേഖലയിൽ ഒരു പുസ്തകം പ്രീ-പുബ്ലിക്കേഷൻ വ്യവസ്ഥയിൽ പ്രസിദ്ധീകരിച്ചത്  വേദ ശബ്‌ദ രത്‌നാകരം ആയിരുന്നു എന്നത്  അദ്ദേഹത്തിന്റെ  ദീർഘദൃഷ്ടിയുടെ   തെളിവാണ്.  ഈ കാലഘട്ടത്തിലാണ് കംപ്യൂട്ടറിൻറ്റെ  വിപുലമായ  സാദ്ധ്യതകൾ  ഉൾക്കൊള്ളാനായി ലിപിമാനനീകരണത്തിനു തുടക്കം കുറിച്ചത്. മലയാള ഭാഷയെ ആധുനീകരിക്കാൻ അദ്ദേഹം നൽകിയ വലിയ സംഭാവനകളിൽ ഒന്നായിരുന്നു ഈ നടപടി. അതുപോലെ 109  ശാസ്ത്രഗ്രന്ഥങ്ങൾ ഒരുമിച്ചു പ്രസിദ്ധീകരിച്ച്  അന്നത്തെ രാഷ്ട്രപതിയും ശാസ്ത്രജ്ഞനുമായിരുന്ന ഡോ .എ.പി.ജെ.അബ്ദുൾകലാമിനെക്കൊണ്ട്  പ്രകാശനം ചെയ്യാൻ സാധിച്ചത്  മലയാള ഭാഷക്ക് തന്നെ വലിയ നേട്ടമായി മാറി.

2001-2004     കാലഘട്ടത്തിൽ ശ്രീ. എം.എം.ഹസ്സൻ  നോർക്ക-പൊതുജന സമ്പർക്ക വകുപ്പിന്റെ മന്ത്രിയായിരുന്നപ്പോൾ, അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായി പ്രവർത്തിച്ച ഡോ .തമ്പാൻ,    ഒരു വിധത്തിലുള്ള അഴിമതി ആരോപണത്തിനും ഇടനൽകാതെയും, ഒരു പോറൽ പോലും ഏൽക്കാതെ    എം.എം.ഹസ്സനെ  സംരക്ഷിച്ചു നിർത്തിയതിലും  വലിയ പങ്കാണ് വഹിച്ചത്.   എ.കെ.ആൻ്റണി  മുഖ്യമന്ത്രി സ്ഥാനം രാജിവച്ചതോടെ  എം.എം.ഹസ്സനും മന്ത്രിസ്ഥാനം ഒഴിഞ്ഞു.  ഡോ . തമ്പാനെ  പിന്നീട് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി സർവവിജ്ഞാന കോശം ഡയറക്ടർ ആയി നിയമിച്ചു.  അതുവരെയും,  സർവ്വവിജ്ഞാനകോശത്തിന്  സ്വന്തമായി  ഒരു ആസ്ഥാനമില്ലാതെ  വാടക കെട്ടിടങ്ങളിലായിരുന്നു പ്രവർത്തിച്ചിരുന്നത്. സ്വന്തമായി  സർവവിജ്ഞാന കോശത്തിനു ഒരു ആസ്ഥാനമെന്ന സ്വപ്‌നം  സാധിതമാക്കുകയെന്നതായി അദ്ദേഹത്തിന്റെ അടുത്ത ശ്രമം.  ആയിടക്കാണ് മന്ത്രിമന്ദിരമായി ഉപയോഗിച്ചിരുന്ന  ജഗതിയിലെ "കൽപ്പന" എന്ന ബംഗ്ലാവ് ഒഴിവുവന്നത്.  ഇത് എങ്ങിനെയോ അറിഞ്ഞ ഡോ .തമ്പാൻ ആ ബംഗ്ലാവ്,  സർവ വിജ്ഞാന കോശത്തിനു ഓഫീസായി നൽകണമെന്ന   ആവശ്യവുമായി  സർക്കാരിനെ സമീപിച്ചു.  അദ്ദേഹത്തിന്റെ നിരന്തരമായ ഇടപെടലിലൂടെയാണ്,  കൽപ്പന   ബംഗ്ലാവ്, വിജ്ഞാന കോശത്തിനു നൽകിക്കൊണ്ടുള്ള " സർക്കാർ കൽപ്പന"  ഇറക്കിയത്. പിന്നീട് അത് പൊളിച്ചുമാറ്റി   ഒരു പുതിയ മന്ദിരം തന്നെ ആ സ്ഥലത്തു കാലക്രമേണ ഉണ്ടായി.  അദ്ദേഹം അവിടെയുണ്ടായിരുന്ന കാലഘട്ടത്തിലാണ്  പ്രവാസികളായി വളരുന്ന പുതുതലമുറയിലെ കുട്ടികൾക്ക് മലയാളം പഠിക്കാൻ ആവിഷ്കരിച്ച എഴുത്തച്ഛൻ പാക്കേജും  സി.ഡി.റോമുകൾ തയ്യാറാക്കലും, അനുഷ്ടാനകലകളുടെ  പ്രചാരണത്തിനായി സി.ഡി.കൾ  നിമിച്ചുതുടങ്ങിയതുമെല്ലാം ആരംഭിച്ചത് .

ഒരു ഇടവേളക്കുശേഷം, 2011 ൽ   അദ്ദേഹം വീണ്ടും ഭാഷ ഇൻസ്റ്റിട്യൂട്  ഡയറക്ടറായി നിയമിതനായി.  അന്നത്തെ  സർക്കാർ അധികാരത്തിലേറിയ ഉടൻ തന്നെ 100 ദിന കര്മപരിപാടി പ്രഖ്യാപിച്ചു.   അതിൻറ്റെ  ഭാഗമായി   ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് 100  ദിവസം കൊണ്ട് 141 പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു ലിംക ബുക്ക് ഓഫ് റെക്കോർഡ്‌സിൽ  ഇടം നേടി. ഈ പുസ്തകങ്ങൾ എല്ലാം ഒരുമിച്ചു ഒരേ വേദിയിൽ വച്ചാണ് 2011 സെപ്തംബര് 12 ന്  മുഖ്യമന്ത്രി ഉമ്മൻചാണ്ടി പ്രകാശനം ചെയ്തത്.  ആ  കാലാവധിക്കുള്ളിൽ 1600 ഓളം പുസ്തകങ്ങളാണ് ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ചത്.   ഇന്ത്യൻ ഭാഷകളിൽ ആദ്യമായി അംബേദ്‌കർ കൃതികൾ സമ്പൂർണമായി 40  വാള്യങ്ങളിലായി  പ്രസിദ്ധീകരിച്ചതും   ഈ കാലഘട്ടത്തിലായിരുന്നു.

 ഡോ . മന്മോഹന് സിംഗ്  നേതൃത്വം നൽകിയ   കേന്ദ്ര സർക്കാരും,  അന്നത്തെ ഉമ്മൻ‌ചാണ്ടി സർക്കാരും നൽകിയ ഒരു വലിയ സംഭാവനയാണ്,  മലയാളത്തിന്  നൽകിയ  ശ്രേഷ്‌ഠ ഭാഷ പദവി.  മലയാളത്തിന് 1500  വർഷത്തെ പഴക്കമില്ലെന്നു പറഞ്ഞാണ് കേന്ദ്ര സാഹിത്യ അക്കാഡമി  ഈ പദവി  നമുക്ക് നിഷേധിച്ചത്.   ശ്രേഷ്‌ഠ പദവി ലഭിക്കുന്നതിന് കേന്ദ്ര സർക്കാരിന് സമർപ്പിക്കാനുള്ള റിപ്പോർട്ട് തയ്യാറാക്കാൻ   ഓ.എൻ.വി  ചെയർമാനും, പുതുശ്ശേരി രാമചന്ദ്രൻ പ്രസിഡണ്ടും, നടുവട്ടം ഗോപാലകൃഷ്ണൻ കൺവീനറായും  ഒരു കമ്മിറ്റിയെ സർക്കാർ നിയോഗിച്ചു.  ഈ കമ്മിറ്റിക്ക്   ആവശ്യമായ രേഖകൾ സംഘടിപ്പിച്ചു നല്കാൻ മുന്നിൽ നിന്നത്  ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ എന്ന നിലയിൽ ഡോ . തമ്പാനായിരുന്നു. സമിതി സംസ്ഥാന സർക്കാരിന് നൽകിയ റിപ്പോർട്ടുമാണ്  മലയാളത്തിനു ശ്രേഷ്ഠഭാഷാ  പദവി നൽകേണ്ട ആവശ്യകത ബോധ്യപ്പെടുത്തിയത്.  മലയാള ഭാഷ ഉള്ളിടത്തോളം കാലം  ശ്രേഷ്ഠഭാഷാ പദവിക്ക് വേണ്ടി ശ്രമിച്ച  ഉമ്മൻചാണ്ടിയെയും,  മുൻ സാംസ്‌കാരിക വകുപ്പ് മന്ത്രി കെ.സി. ജോസഫിനെയും, ഓ.എൻ.വി., പുതുശ്ശേരി, സുഗതകുമാരി, അന്നത്തെ ചീഫ് സെക്രട്ടറി കെ.ജയകുമാർ  എന്നിവരെയും ഡോ .തമ്പാനെയും  ആർക്കും വിസ്മരിക്കാൻ സാധിക്കുകയില്ല. 

ഡോ ..തമ്പാൻ മലയാള ഭാഷക്കും, സാഹിത്യത്തിനും മാത്രമല്ല നമ്മുടെ സാംസ്‌കാരിക രംഗത്തും  നൽകിയിട്ടുള്ള സംഭാവനകൾ    ജീവചരിത്ര രചയിതാവായ കെ.ബി. വസന്തകുമാർ, സദ്ഭാവനാ  ട്രസ്റ്റ്  പ്രസിദ്ധീകരിച്ച  ഈ  പുസ്തകത്ത്തിലൂടെ  വായനക്കാരിലേക്ക് പകർന്നു നൽകുന്നു. 

അഡ്വ.പി.എസ് .ശ്രീകുമാർ 



          


 

                        സ്വർണകവർച്ചയിൽ  അടുത്ത ഊഴം ആരുടേത്?


അഡ്വ. പി.എസ് .ശ്രീകുമാർ 

          ശബരിമല ശ്രീ ധർമ ശാസ്താക്ഷേത്രത്തിലെ   സ്വർണപ്പാളി  കവർച്ചാ  കേസിൽ,  ഉണ്ണികൃഷ്ണൻ പോറ്റിയെന്ന വ്യക്തിയെ മാത്രം കുരുതികൊടുത്ത് , ദേവസ്വം ബോർഡിലെ  ഉന്നത ഉദ്യോഗസ്ഥരെയും , രാഷ്ട്രീയ  നോമിനികളായി വന്ന്  ബോര്ഡിലെ സർവ്വാധികാരികളായി മാറിയ  സി പി എം  നേതാക്കളെയും രക്ഷിക്കാനുള്ള  പിണറായി സർക്കാരിന്റെ  തന്ത്രങ്ങളാണ്   ഹൈക്കോടതിയിലെ ബഹുമാന്യരായ ജഡ്‌ജിമാരുടെ  നീതിബോധത്തിന്  മുന്നിൽ ഉടഞ്ഞുവീണത്.  സ്വർണപ്പാളികൾ കവർച്ച ചെയ്യപ്പെട്ടു എന്ന് മാധ്യമങ്ങൾ  പുറത്തറിയിച്ചപ്പോൾ  എല്ലാം ഉണ്ണികൃഷ്ണൻപോറ്റിയുടെ  തലയിൽ മാത്രം കെട്ടിവെക്കാനായിരുന്നു ദേവസ്വം മന്ത്രി വി.എൻ. വാസവൻ ശ്രമിച്ചത്.  ഇക്കാര്യവുമായി ബന്ധപ്പെട്ട്  അദ്ദേഹം നടത്തിയ പത്ര സമ്മേളനങ്ങൾ തന്നെയാണ്   ഇതിൻറ്റെ  തെളിവ്. മുരാരിബാബു ഉൾപ്പെടെയുള്ള  ദേവസ്വം ഉന്നത ഉദ്യോഗസ്ഥർ  ഹൈക്കോടതിയുടെ നിശ്ചയ ദാർഢ്യത്തിന്  മുന്നിൽ  ജയിലറകൾക്കുള്ളിൽ ആയപ്പോഴും   മുൻ  പ്രസിഡണ്ടുമാരായ  വാസുവിനെയും, പദ്‌മകുമാറിനെയും  പോലുള്ളവരെ  തങ്ങളുടെ കരവലയത്തിനുള്ളിൽ  സംരക്ഷിക്കാനായിരുന്നു  സർക്കാർ  തിടുക്കം കാട്ടിയത്.   എന്നാൽ  ഹൈക്കോടതിയുടെ നേരിട്ടുള്ള നിരീക്ഷണത്തിൽ പ്രത്യേക അന്വേഷണ സംഘം നടത്തുന്ന അന്വേഷണം ശരിയായ ദിശയിലാണ് പോകുന്നതെന്നാണ് ഇതുവരെയും ലഭിച്ച സൂചനകൾ. ഭരിക്കുന്ന പാർട്ടിയുടെ രണ്ടു രാഷ്ട്രീയ പ്രതിനിധികൾ അറസ്‌റ്റിലായതോടെ  കേസിൻറ്റെ  മാനം എത്ര വലുതാണെന്ന് വ്യക്തമാകുകയാണ്. 

നിര്ണായകയാണ് ഹൈക്കോടതി ഇടപെടൽ 

 ഹൈക്കോടതിയുടെ നിരീക്ഷണത്തിലല്ലാതെ സംസ്ഥാന പോലീസ് മേധാവിയുടെ നിയന്ത്രണത്തിലായിരുന്നു ഈ കേസിൻറ്റെ  അന്വേഷണമെങ്കിൽ, നയതന്ത്ര സ്വർണ കേസ്, ലൈഫ് മിഷൻ തട്ടിപ്പു കേസ് തുടങ്ങിയവ പോലെ ചില ചെറുമീനുകളിൽ മാത്രം ഒതുങ്ങി പോകുമായിരുന്നു.  മാർക്സിസ്റ്റ് പാർട്ടി നേതാക്കൾ ഉൾപ്പെട്ട  എല്ലാ കേസുകളിലും  ബന്ധപ്പെട്ട എല്ലാ രേഖകളും പിടിച്ചെടുത്ത്‌  അന്വേഷണ വിധേയരായവരെ  സംരക്ഷിക്കുന്ന നിലപാടാണ് പിണറായിയുടെ കീഴിലുള്ള പോലീസ് ചെയ്തുപോന്നത്.  അതുകൊണ്ടാണ് പ്രതിപക്ഷ നേതാക്കൾ ഉൾപ്പെടെ എല്ലാവരും  ഹൈക്കോടതിയുടെ നിരീക്ഷണത്തിൽ,  സി ബി ഐ  ഈ  കേസുകൾ അന്വേഷിക്കണമെന്ന് ആദ്യ കാലഘട്ടത്തിൽ ആവശ്യപ്പെട്ടത്.  എന്നാൽ  പോലീസ് മേധാവിക്കുപോലും റിപ്പോർട്ട് നൽകാതെ തങ്ങളുടെ മാത്രം നിയന്ത്രണത്തിൽ അന്വേഷണം നടത്തിയാൽ മതിയെന്ന ഹൈക്കോടതിയുടെ കർശന നിർദേശം വന്നതോടെയാണ് അന്വേഷണത്തിന്റെ ദിശ തന്നെ മാറിയതും  യഥാർത്ഥ പ്രതികളിലേക്കു അന്വേഷണം ചെല്ലുന്നതും.  രണ്ടു കേസുകളിലായി  പതിനഞ്ചു പ്രതികളാണ് ഉള്ളത്. എന്നാൽ ആറ്  പേരെ   മാത്രമാണ്  ഇതുവരെയും അറസ്റ്റ് ചെയ്തിട്ട്ള്ളത്. അറസ്റ്റ് ചെയ്യപ്പെട്ടവർ നൽകിയതായി പറയപ്പെടുന്ന മൊഴികളിൽ, അവർക്കു മുകളിലുള്ള ചില പ്രമുഖ രാഷ്ട്രീയ നേതാക്കളുടെ പേരുകൾ പരാമർശിക്കപ്പെട്ടതായാണ്  മാധ്യമ റിപോർട്ടുകൾ സൂചിപ്പിക്കുന്നത്. സാവകാശമാണെങ്കിലും, അന്വേഷണം ഇനിയും ഊർജിതമായി നടക്കുമെന്നും, അയ്യപ്പൻറ്റെ  സ്വർണം  കവർച്ച ചെയ്യാനായി  നടത്തിയ   ഗൂഢാലോചനയിൽ പങ്കെടുത്ത എല്ലാവരെയും   നീതിപീഠത്തിന് മുമ്പിൽ കൊണ്ടുവരുമെന്നും  പ്രതീക്ഷിക്കുന്നു. 

പ്രയാറിനെ പുറത്താക്കിയത് എന്തിന് ?

  മൂന്നു വർഷ കാലാവധി പൂർത്തിയാക്കുവാൻ,  ഒരു വര്ഷം കൂടി ഉണ്ടായിരുന്നപ്പോഴാണ്,    ഈശ്വരഭക്തനും കോൺഗ്രസ്മു നേതാവുമായിരുന്ന  പ്രയാർ ഗോപാലകൃഷ്ണനെ തിരുവിതാംകൂർ ദേവസ്വം പ്രസിഡണ്ടിൻറ്റെ  കാലാവധി വെട്ടിക്കുറച്ചു  പുറത്താക്കിയത് .  അന്ന് അദ്ദേഹത്തെ പുറത്താക്കിയത്  ഈ സ്വർണ കവർച്ചക്ക് വഴിയൊരുക്കുവാൻ വേണ്ടിയായിരുന്നോ  എന്ന്  മുഖ്യമന്ത്രി പിണറായി വിജയനും,  സിപിഎമ്മും  തുറന്ന് പറയേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്.  യാതൊരുവിധ അഴിമതിക്കും ഇടം കൊടുക്കാതെയാണ്   പ്രയാർ ദേവസ്വം ബോർഡ് പ്രസിഡന്റ് സ്ഥാനത്തിരുന്നത്. ആചാര ലംഘനങ്ങൾ നടത്തുവാൻ  മുഖ്യമന്ത്രി പിണറായി നിർദേശിച്ചിട്ടുപോലും  അദ്ദേഹം  അതിനു തയ്യാറായില്ല.  അതിന്റെ വൈരാഗ്യത്തിലാണ്  പ്രയാറിനെ പ്രസിഡന്റ് സ്ഥാനത്തുനിന്നും നീക്കുവാൻ പിണറായി മുൻകൈ എടുത്തത്. പ്രയാറിനെ മാറ്റിയിട്ടാണ്  സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും, പാർട്ടിയിൽ  പിണറായി പക്ഷക്കാരനുമായ  പദ്‌മകുമാറിനെ,  പിണറായി ദേവസ്വം ബോർഡ് പ്രസിഡണ്ടായി അവരോധിച്ചതു.  അന്ന് ദേവസ്വം കമ്മിഷണർ ആയി വച്ചതു മറ്റൊരു പിണറായി ഭക്തനായ വാസുവിനെയായിരുന്നു. അവർക്കു തണലേകിയത് മറ്റൊരു പിണറായി ആശ്രിതനായ കടകംപള്ളി സുരേന്ദ്രനായിരുന്നു.  ഇവർ മൂന്നു പേരും പിണറായി ഭക്തരായിരുന്ന സാഹചര്യത്തിൽ , പിണറായി അറിയാതെ ദേവസ്വം ബോര്ഡിൽ  ഒരു ഇല പോലും അനങ്ങില്ല എന്നത് പകൽ പോലെ വ്യക്തമാണ്. 

തിമിംഗലങ്ങൾ വലക്കു പുറത്തോ?

2019 ൽ ഉണ്ണികൃഷ്ണൻ പോറ്റിവശം സ്വർണം പൊതിഞ്ഞ  കട്ടിളപ്പടിയും, ദ്വാരകപാലക ശിൽപ്പങ്ങളും  ചെന്നൈയിൽ കൊണ്ടുപോയത്  ഇവരെല്ലാം കൂടി ചേർന്നുള്ള ഗൂഢാലോചനയല്ലെങ്കിൽ മറ്റെന്താണ്?  സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം ഇനി അന്വേഷിക്കേണ്ടത് ഈ ഗൂഢാലോചനയാണ്. ഇതിനോടകം അറസ്റ്റിലായ പാർട്ടി നേതാക്കളെയും പാർട്ടി പ്രതിനിധികളെയും, സിപിഎം തള്ളി പറയാത്തത്  സിപിഎം ന്  ഇക്കാര്യത്തിൽ ധാർമിക ഉത്തരവാദിത്വം ഉള്ളതുകൊണ്ടാണ്.  അവർക്കു അതിൽ നിന്നും ഒഴിഞ്ഞു നിൽക്കുവാൻ സാധിക്കുകയില്ല. ഒരു പക്ഷേ, പാർട്ടിയുടേയും , ഭരണത്തെ നയിക്കുന്നവരുടേയും  ഇടപെടലുകൾ  സംബന്ധിച്ച  സ്ഫോടനാത്മകമായ  വിവരങ്ങൾ  പദ്മകുമാറിൻറ്റെയും, വാസുവിന്റെയും കൈവശം ഉള്ളതുകൊണ്ടാകാം  പാർട്ടി സെക്രട്ടറി ഗോവിന്ദൻ മാസ്റ്ററും, മുഖ്യമന്ത്രി പിണറായി വിജയനും ഇവരെ രണ്ടുപേരെയും തള്ളിപ്പറയുന്നതിന്  ഇതുവരെയും  തയ്യാറാകാത്തത്. അന്വേഷണം ശരിയായ നിലയിൽ മുന്നോട്ടുപോയാൽ ഇതിനെല്ലാം ഉത്തരം കിട്ടുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

മുതലക്കണ്ണീർ ഒഴുക്കുന്ന ബിജെപി 

ശബരിമല സ്വർണ കവർച്ച പുറത്തുവന്ന ആദ്യനാളുകളിൽ  അനങ്ങാതിരുന്ന ബിജെപി,   വിശ്വാസി സമൂഹത്തിനൊപ്പം കോൺഗ്രസ്  അടിയുറച്ചു നിന്ന്  മുന്നോട്ടുപോകുന്നു എന്ന് കണ്ടപ്പോഴാണ് ഒരു പ്രസ്താവന നടത്താൻ പോലും തയ്യാറായത്.  ഹിന്ദുത്വത്തിന്റെ പേരുപറഞ്ഞു  നിസ്സാര കാര്യങ്ങളിൽപ്പോലും, നാടാകെ വർഗീയ വിഷം ചീറ്റുന്ന ബിജെപി,   വിശ്വാസി    സമൂഹത്തിനൊപ്പം നിന്ന് ആത്മാർത്ഥമായി  ഒന്ന് പ്രതിഷേധിക്കുവാൻ പോലും ഇതുവരെ തയ്യാറായില്ല  എന്നത് തന്നെ ബിജെപിയും , സിപിഎമ്മും തമ്മിൽ  ഉള്ള രഹസ്യബന്ധത്തിന്റ്റെ തെളിവാണ്.  ശബരിമല സ്വർണ കവർച്ച കേസിൽ ഇ ഡി ഇടപെടാൻ പോകുന്നുവെന്ന്  കഴിഞ്ഞ ദിവസം കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ  പത്രസമ്മേളനത്തിൽ പറയുകയുണ്ടായി. അങ്ങിനെ ഇടപെടുന്നുവെങ്കിൽ അത് പിണറായി സർക്കാരിനെ സഹായിക്കാനായിരിക്കും.  ലാവലിൻ കേസിലും, നയതന്ത്ര സ്വർണക്കടത്തു കേസിലും, മാസപ്പടി കേസിലുമൊക്കെ  കേന്ദ്രത്തിലെ ബിജെപി  സർക്കാരും, പിണറായി സർക്കാരും തമ്മിൽ ഉണ്ടാക്കിയിട്ടുള്ള  പരസ്പര സഹായം  കേരളത്തിലെ ജനങ്ങൾക്ക് അറിയാവുന്നതാണ്.  ഇവർ തമ്മിലുള്ള  ഈ അന്തർധാര യഥാർത്ഥ വിശ്വാസികൾ  തിരിച്ചറിയും എന്ന കാര്യത്തിൽ സംശയമില്ല.   





         

Friday, 21 November 2025


                                   ഉണ്ടയില്ലാവെടിയുമായി പിണറായി 

അഡ്വ.പി.എസ് .ശ്രീകുമാർ 


 " ഉണ്ടിരിക്കുന്ന നായക്കൊരുൾവിളി  എന്ന പഴഞ്ചൊല്ല് അന്വർത്ഥമാക്കുന്ന രീതിയിലാണ്   സാമൂഹ്യ ക്ഷേമ പെൻഷനുകൾ  വർധിപ്പിച്ചുകൊണ്ടുള്ള  പിണറായി സർക്കാറിൻറ്റെ നടപടി.  മാസങ്ങളോളം  കുടിശ്ശികയായി കിടന്ന  സാമൂഹ്യ ക്ഷേമ പെൻഷനുകൾ കുറേശ്ശേ അനുവദിക്കാൻ തുടങ്ങിയത്  പാലക്കാട് , നിലംബൂർ നിയമസഭാ തെരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തിലായിരുന്നു.   "കുഴിയിലേക്ക് കാലുനീട്ടിയിരിക്കുന്ന"  ചില ആളുകളെപ്പോലെ  തദ്ദേശ തെരഞ്ഞെടുപ്പ് പടിക്കലെത്തിയപ്പോഴാണ് കാലാവധി കഴിയാറായ പിണറായി സർക്കാർ സാമൂഹ്യ പെൻഷനുകൾ വർധിപ്പിക്കാനുള്ള പ്രഖ്യാപനത്തിലേക്കു പോകാൻ നിർബന്ധിതമായത്.  ഒന്നും രണ്ടും പിണറായി സർക്കാരുകളുടെ ഭരണ കാലയളവിൽ,    സ്വന്തമായി നടപ്പിലാക്കിയ ഒരു വികസന പദ്ധതിപോലും എടുത്തുകാട്ടുവാൻ ഇല്ലെന്നുള്ള ബോധ്യം ഉള്ളതുകൊണ്ടാണ്  കോവിടിന്റ്റെ നിഴലിൽ കിറ്റ്  നൽകി ജനത്തെ മയക്കി രണ്ടാം ഊഴം നേടിയതുപോലെ,  വീണ്ടും  ഒരു ചെപ്പടി വിദ്യ കാട്ടി  തദ്ദേശ തെരഞ്ഞെടുപ്പിലേക്ക്  പോകാം  എന്ന പൂതിയുമായി ഇറങ്ങിയിട്ടുള്ളത്. 

        സാമൂഹ്യ ക്ഷേമ പെൻഷനുകൾ 1600 രൂപയിൽ നിന്നും 400  രൂപയിൽ നിന്നും 2000 രൂപയായും, സർക്കാർ ജീവനക്കാർക്ക്  ഒരു ഗഡു ക്ഷാമ  ബത്തയും, സ്ത്രീ സുരക്ഷാ പദ്ധതിയെന്ന പേരിൽ 1000  രൂപയും, ആശമാർകും, അംഗനവാടി ടീച്ചർമാർ,    1000 രൂപയുടെ വര്ധനവുമാണ് പ്രഖ്യാപിച്ചിട്ടുള്ളത്. വിദ്യാർത്ഥികൾക്ക് "കണക്ട് ടു  വർക്ക്" എന്ന പേരിൽ ജോലി ലഭിക്കുന്നതിനുള്ള പരിശീലനമായി 1000 വച്ച് നല്കുമെന്നതാണ് മറ്റൊരു വാഗ്‌ദാനം. പിണറായി, ഇതിനിടയിൽ മറച്ചുവയ്ക്കുന്ന ഒന്നാണ് ഇടതുമുന്നണിയുടെ 2021 നിയമസഭ തെരഞ്ഞെടുപ്പ്  സമയത്തിറക്കിയ പ്രകടന പത്രിക.  അതിൽ പറഞ്ഞത്  ഇടത്  സർക്കാർ വീണ്ടും  അധികാരത്തിൽ വന്നാൽ ക്ഷേമ പെൻഷനുകൾ  2500  രൂപയായി വര്ധിപ്പിക്കുമെന്നായിരുന്നു,  2500 നു പകരം അത് 2000 രൂപയായി   വർധിപ്പിക്കാൻ നാലര വർഷത്തെ സമയം വേണ്ടിവന്നു, എന്നിട്ടും,  വാഗ്ദാനം ചെയ്‌തിരുന്നപോലെ  2500 രൂപയായി   പ്രഖ്യാപിച്ചില്ല. വാഗ്‌ദാനം  ചെയ്തതുപോലെ 2021 മെയ് മാസത്തിൽ വീണ്ടും അധികാരത്തിലേറിയപ്പോൾ 2500  രൂപ വച്ച് വർദ്ധിപ്പിച്ചിരുന്നെങ്കിൽ പെൻഷൻ വാങ്ങുന്ന ഓരോരുത്തർക്കും കഴിഞ്ഞ 53 മാസംകൊണ്ട് 47700  രൂപ കൂടി അധികം കിട്ടേണ്ടിയിരുന്നതാണ്.  അതാണ് പിണറായി സർക്കാർ  നിഷേധിച്ചത്.

        ആശമാർക്കും മറ്റും 1000 രൂപയാണ് ഇപ്പോൾ വർധിപ്പിച്ചിരിക്കുന്നതു. അതായതു ഒരു ദിവസം 33 രൂപ മാത്രം. മിനിമം വേതനമായ 700 രൂപ പോലും നല്കാൻ സർക്കാർ തയ്യാറായില്ല.  ആശാവർക്കർമാരുടെ  വേതനം 21000  രൂപയായി വർധിപ്പിക്കുമെന്ന്  തെരഞ്ഞെടുപ്പ് സമയത്തിറക്കിയ  ഇടതുമുന്നണിയുടെ പ്രകടനപത്രികയിൽ വാഗ്‌ദാനം  നൽകിയകാര്യം സൗകര്യപൂർവം അവർ മറക്കുകയാണ്.  മാത്രമല്ല, ഈ ആവശ്യമുന്നയിച്ചുകൊണ്ട്  സി  ഐ ടി  യു വിന്  സംഘടനാ  സാന്നിധ്യമുള്ള  ബംഗാൾ, ബീഹാർ, ഡൽഹി, രാജസ്ഥാൻ, മഹാരാഷ്ട്ര ,ആന്ധ്ര, തെലുങ്കാന, കർണാടകം, തമിഴ്നാട്, കർണാടകം എന്നീ സംസ്ഥാനങ്ങളിൽ ഇവർ പ്രക്ഷോഭം നടത്തി.  എന്നാൽ തൊഴിലാളി സർക്കാർ എന്ന് അവകാശപ്പെടുന്ന  പിണറായി  ഭരിക്കുന്ന കേരളത്തിൽ  വേതന വർദ്ധനവ് എന്ന ആവശ്യം ഉന്നയിച്ചു സമരം ചെയ്യുന്ന ആശാവർക്കർമാരെ  മനഃപൂർവം അധിക്ഷേപിക്കാനാണ് മന്ത്രിമാരും സി പി എം നേതാക്കളും ശ്രമിക്കുന്നത്.  സ്ത്രീ സുരക്ഷാ പദ്ധതി ഏതു വകുപ്പാണ് നൽകുന്നതെന്നു അതിന്റെ നടപടിക്രമം എന്താണെന്നു തീരുമാനിച്ചിട്ടില്ല. അതിനാൽ ഈ പദ്ധതിയും തത്ക്കാലം കടലാസ്സിൽ ഒതുണ്ടി നിൽക്കാനാണ് സാധ്യത.  തൊഴിൽ രഹിതരായ അഭ്യസ്ത വിദ്യർക്കുള്ള സഹായധനം  നൽകുവാൻ ഉദ്ദേശിച്ചുള്ള കണക്ട്  ടു  വർക്ക്  പദ്ധതിക്ക് കുടുംബ വരുമാനം ഒരു ലക്ഷം രൂപയെന്നു നിശ്ചയിച്ചിട്ടുള്ളതിനാൽ, ഇതിന്റെ ആനുകൂല്യം ലഭിക്കാൻ സാധ്യതയുള്ള തു പരിപ്പിമിതമായ ആളുകൾക്കുമാത്രമാകും. പിണറായി സർക്കാരിന്റെ ശൈലിവച്ചുനോക്കിയാൽ , ഇത് ഒടുവിൽ ഡി വൈ  എഫ് ഐക്കാരെ  സഹായിക്കാനുള്ള പദ്ധതിയായി മാറും.

         സർക്കാർ ജീവനക്കാർക്ക് ഒരു ഗഡു  ക്ഷാമബത്ത കൂടി നൽകുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചെങ്കിലും കുടിശികയെക്കുറിച്ചു ഒന്നും മിണ്ടിയില്ല.    2023 ജനുവരിയിൽ കിട്ടേണ്ട ക്ഷാമബത്തയാണ് 33 മാസങ്ങൾ വൈകിയ ശേഷം ഇപ്പോൾ പ്രഖ്യാപിച്ചിട്ടുള്ളത്. ഇനിയും നൽകാനുണ്ട്  5 ഗഡുക്കളായുള്ള 13  ശതമാനം ക്ഷാമബത്ത.  ക്ഷാമബത്തയുടെ കുടിശ്ശിക നൽകാതെയും,  5 ഗഡുക്കൾ പിടിച്ചുവച്ചതിലൂടെയും, ലീവ് സറണ്ടർ, എൽ ടി സി  എന്നിവ നിഷേധിച്ചതിലൂടെയും, പെന്ഷന്കാക്കു നൽകാനുള്ള ക്ഷാമബത്ത ആശ്വാസം നല്കാത്തതിലൂടെയും ഏകദേശം ഒരു ലക്ഷം കോടി രൂപയോളമാണ്  സർക്കാർ ജീവനക്കാർക്ക് സർക്കാർ നിഷേധിച്ചിരിക്കുന്നത്. ഇതിനോടകം  നടപ്പിലാക്കേണ്ടിയിരുന്ന ശമ്പള  പരിഷ്കരണം നടപ്പിലാക്കിയില്ലെന്നു മാത്രമല്ല, ഒരു ശമ്പള കമ്മീഷനെ നിയമിക്കാൻ പോലും ഈ സർക്കാർ ഇതുവരെയും തയ്യാറായിട്ടില്ല.   കേരളം ഭരിച്ച ഒരു സർക്കാരും സർക്കാർ ജീവനക്കാരോടും, പെന്ഷന്കാരോടും ഇത്രയും  കണ്ണിൽ ചോരയില്ലാതെ  പെരുമാറിയിട്ടില്ല.

 ആരാണ് ആദ്യം സാമൂഹ്യ സുരക്ഷാ പെന്ഷനുകൾ നൽകിയത് ?

          കേരളത്തിൽ സാമൂഹ്യ സുരക്ഷാ പെൻഷൻ ആദ്യമായി  അനുവദിച്ചത്  1960 ലെ പട്ടം താണുപിള്ള സർക്കാരായിരുന്നു.  70 വയസുകഴിഞ്ഞ  അനാഥരായ എല്ലാവര്ക്കും പ്രതിമാസം 15 രൂപ പെൻഷനായി അനുവദിക്കുമെന്ന്  ധനകാര്യ വകുപ്പിൻറ്റെ  ചുമതലയുണ്ടായിരുന്ന  ഉപമുഖ്യമന്ത്രി ആർ.ശങ്കർ  1960 ജൂൺ 24 ന്  അവതരിപ്പിച്ച  സംസ്ഥാന  ബജറ്റിൽ  പ്രഖ്യാപിക്കുകയും (44 ആം ഖണ്ഡിക)  അത്  നടപ്പിലാക്കുകയും ചെയ്തു. പിന്നീട് 1961-62 ലെ ബജറ്റ്‌  അവതരിപ്പിച്ചുകൊണ്ട്     അനാഥരായ സ്ത്രീകളെ സുരക്ഷിതമായി പാർപ്പിക്കുവാൻ അബലാമന്ദിരങ്ങൾ (ബജറ്റ് പ്രസംഗം 74 ആം ഖണ്ഡിക)  നിർ മിക്കുമെന്നു  പ്രഖ്യാപിച്ചതും  അദ്ദേഹമായിരുന്നു . അതുപോലെ അദ്ദേഹമാണ്  ശാരീരിക  അംഗ പരിമിതി (Differently abled) ഉള്ളവർക്ക്  ധനസഹായം നൽകുന്ന പദ്ധതിയും 1962-63 ലെ ബജറ്റിലൂടെ നടപ്പിലാക്കിയത്.  സാമൂഹ്യ സുരക്ഷാ പെൻഷനുകളുടെ  ഉപജ്ഞാതാവ്  ആർ. ശങ്കറാണ്‌  അല്ലാതെ, ആദ്യ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയായിരുന്ന  ഇ എം എസ്സോ , 1980 ൽ മുഖ്യമന്ത്രിയായ  ഇ.കെ. നായനാരോ അല്ല.  എന്നാൽ  1980 ലെ നായനാർ സർക്കാരിൽ   തൊഴിൽ മന്ത്രിയായിരുന്ന ആര്യാടൻ മുഹമ്മദിൻറ്റെ  നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ്  45 രൂപ കാർഷിക തൊഴിലാളി പെൻഷനായി  അന്ന്  അനുവദിച്ചത്. 

            സാമൂഹ്യ സുരക്ഷാ പെൻഷനുകൾ  നമ്മുടെ സംസ്ഥാനത്തു ആരംഭിച്ച നാൾ മുതൽ   മറ്റു സംസ്ഥാന സർക്കാരുകൾക്ക്,   ഇത് മാതൃകയായി മാറി.  എന്നാൽ ഇതിന്റെ പേരുപറഞ്ഞു  സെസ് ഏർപ്പെടുത്തി  ജനങ്ങളെ  പിഴിയുന്ന നടപടിയാണ് പിണറായി സർക്കാർ എടുത്തത്.    ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിലുണ്ടായിരുന്ന  മുൻ  യു ഡി എഫ്  സർക്കാർ  സാമൂഹ്യ സുരക്ഷാ പെൻഷനുകളിൽ  നൂറുശതമാനം വർദ്ധനവ് വരുത്തിയത്, ജനങ്ങളുടെ മേൽ ഒരു രൂപയുടെപോലും  അധികഭാരം അടിച്ചേൽപ്പിക്കാതെയാണ്  എന്ന കാര്യം  ഇടതുമുന്നണി ഓർക്കുന്നത് നന്ന്..

 

  എൽ ഡി എഫ്  സർക്കാർ   വരുത്തിയ  കുടിശ്ശിക

           2021 ൽ  സാമൂഹ്യക് സുരക്ഷാ പെൻഷനുകൾ 1600 രൂപയായി വർധിപ്പിച്ചത് പിണറായി സർക്കാരിന്റെ വലിയ നേട്ടമായാണ്    പരസ്യങ്ങളിലൂടെ   പ്രചരിപ്പിച്ചത് . യു ഡി എഫ്  സർക്കാർ ചെയ്യാത്ത ഒരു കാര്യം ചെയ്തു എന്ന രീതിയിലായിരുന്നു   ഇവർ പ്രചാരണം നടത്തിയത് .   എന്നാൽ യാഥാർഥ്യം എന്താണ്?  2006 -2011  ലെ അച്ചുതാനന്ദൻ  സർക്കാരിന്റെ കാലത്ത്  പെൻഷൻ തുക 250  രൂപയായിരുന്നു.  ആ സർക്കാരിന്റെ അവസാന വർഷത്തിൽ ജി.ഒ [എം എസ് ].38/ 2010 /സാ നീ വ  പ്രകാരം  50 രൂപ വർധിപ്പിച്ചു 300  രൂപയാക്കി. എന്നാൽ വർധിപ്പിച്ച തുകയിൽ ഒരു ഗഡുപോലും  കൊടുത്തുതീർക്കുന്നതിനു മുമ്പ്  തെരഞ്ഞെടുപ്പ് ഉണ്ടാവുകയും, തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട അച്യുതാനന്ദൻ സർക്കാർ അധികാരത്തിനു വെളിയിലാകുകയും ചെയ്തു.  50  രൂപ വർധിപ്പിക്കാൻ അച്ചുതാനന്ദൻ  സർക്കാർ എടുത്തത് അഞ്ചു വർഷമായിരുന്നു. അന്ന് വർഷത്തിൽ രണ്ടോ മൂന്നോ പ്രാവശ്യമായിട്ടായിരുന്നു പെൻഷനുകൾ വിതരണം ചെയ്തിരുന്നത്.  കുടിശ്ശികപോലും കൊടുത്തുതീർത്ത്  യു ഡി എഫ് സർക്കാരായിരുന്നു.

പെൻഷനുകൾ വർധിപ്പിച്ചതും, വിപുലീകരിച്ചതും യു  ഡി എഫ് 

             എന്നാൽ 2016 മേയ് മാസത്തിൽ   അധികാരത്തിലേറിയ  ഉമ്മൻ‌ചാണ്ടി സർക്കാർ  ആദ്യ വര്ഷം തന്നെ  സ.ഉ [എം എസ് ] 60/ 2011 /സാ  നീ വ പ്രകാരം എല്ലാ പെൻഷനുകളും 400  രൂപയായി വർധിപ്പിച്ചു.  80    വയസ്സിനു മുകളിലുള്ളവരുടെയും  75   ശതമാനത്തിലധികം അംഗവൈകല്യം  ഉള്ളവരുടെയും പെൻഷൻ 700  രൂപയായും  വർധിപ്പിച്ചു ഉത്തരവിറക്കി.  2012  ൽ  എല്ലാ പെൻഷനുകളും വർധിപ്പിച്ച കൂട്ടത്തിൽ ,  വീണ്ടും  ഈ പെൻഷനുകൾ  1100 രൂപയായും  മറ്റുള്ള പെൻഷനുകൾ 525  രൂപയായും  വർധിപ്പിക്കുകയും, ഇതിന്   2012  ഏപ്രിൽ  1 മുതൽ  പ്രാബല്യവും  നൽകി.

മറ്റൊരു പ്രധാന കാര്യം , 2014 ൽ സ.ഉ.[എം എസ് ] 52 / 2014 /സ നീ വ  പ്രകാരം പെന്ഷന് അപേക്ഷിക്കാനുള്ള  വരുമാന പരിധി ഒരു ലക്ഷം രൂപയായിഏകീകരിക്കുകയും,   ഇന്ദിരാ  ഗാന്ധി  ദേശീയ വാർദ്ധക്യകാല പെൻഷൻ പദ്ധതിയുടെ അർഹതക്കുള്ള പ്രായം 65 ൽ നിന്നും 60  വയസ്സായികുറക്കുകായും ചെയ്‌തു   .അതോടൊപ്പം മറ്റു ക്ഷേമനിധി ബോർഡ്‌കളിൽ നിന്നും പെൻഷൻ വാങ്ങുന്നവർക്കും സാമൂഹ്യ പെന്ഷന്  അർഹത വരുത്തി ഉത്തരവിറക്കി. 80  വയസ്സിനു മുകളിലുള്ളവർക്കും 75  ശതമാനത്തിലേറെ  വൈകല്യം ഉള്ളവർക്കും  പെൻഷൻ 1200   രൂപയായി വർധിപ്പിക്കുകയും ചെയ്തു.  അതുപോലെ വിധവ പെൻഷൻ, വൃദ്ധസദനങ്ങൾ, അനാഥാലയങ്ങൾ എന്നിവിടങ്ങളിലെ അന്തേവാസികൾക്കുള്ള ഗ്രാന്റ് എന്നിവ 800  രൂപയാക്കി. വർഷത്തിൽ മൂന്നോ നാലോ പ്രാവശ്യം പെൻഷനുകൾ    പോസ്റ്റ് ഓഫീസുകൾ മുഖേന  വിതരണം ചെയ്തിരുന്ന രീതി മാറ്റിയതോടൊപ്പം  , മണി ഓർഡർ കമ്മീഷൻ ഒഴിവാക്കി, 2015 ഏപ്രിൽ മാസം മുതൽ പെൻഷനുകൾ  ബാങ്കുകൾ മുഖേന വിതരണം ചെയ്യാനുള്ള നടപടിയുമെടുത്തു. 

            ഉമ്മൻ ചാണ്ടി സർക്കാർ  2016- .2017 വർഷത്തിൽ  അവതരിപ്പിച്ച  ബജറ്റിൽ  പെൻഷനുകൾ വീണ്ടും വർധിപ്പിക്കാൻ തീരുമാനിച്ചു.  2016  മാർച്ച് 1  നു ഇറക്കിയ  ജി ഒ [24/ 2016 /സാ  നീ വ  പ്രകാരം 75  വയസ്സിനു മുകളിലുള്ളവർക്ക്‌  വാർദ്ധക്യകാല പെൻഷൻ  1500 രൂപ യായി വർധിപ്പിച്ചു.   വരുമാനപരിധി ഒരു ലക്ഷം രൂപയായി ഏകീകരിക്കുകയും , വാർദ്ധക്യകാല പെന്ഷന് അപേക്ഷിക്കാനുള്ള പ്രായ പരിധി 65 ൽ നിന്നും 60  ആക്കുകയും ചെയ്തതോടെ   പതിനായിരക്കണക്കിന് ആളുകളാണ് പുതിയതായി  പെന്ഷന് അർഹരായത് . അവരിൽ പലർക്കും അവരുടെ രേഖകൾ ബാങ്കുകളിൽ ഹാജരാക്കാൻ സാധിക്കാതിരുന്നതിനാലും, ഹാജരാക്കിയവയിൽ പലതിനും  പോരായ്മകൾ ഉണ്ടായതുകൊണ്ടും,  കുറെ പേർക്ക്  കുടിശ്ശിക വന്നു. ഇക്കാര്യം  നക്ഷത്ര ചിഹ്നം ഇടാത്ത ചോദ്യം  നമ്പർ 371 ന്  അന്നത്തെ  ധനകാര്യ മന്ത്രി തോമസ് ഐസക് തന്നെ നിയമസഭയിൽ  വ്യക്തമാക്കിയിട്ടുണ്ട്.  അതിനു പുറമെ  രാഷ്ട്രീയ കാരണങ്ങൾ കൊണ്ട് ഇടതു മുന്നണി ഭരിച്ച പല തദ്ദേശ്ശ സ്ഥാപനങ്ങളും   മനഃപൂർവം കുടിശ്ശിക വരുത്തുകയും ചെയ്തു.  2016  ഫെബ്രുവരിയിൽ  ക്ഷേമ  പെൻഷനുകൾ വിതരണം ചെയ്യാനായി 246  കോടി രൂപ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്കൂറിനു അനുവദിച്ചുകൊണ്ട് ഫെബ്രുവരി 20  നു ജി.ഓ [ആർ ടി ]1676/ 2016/ഫിൻ  എന്ന നമ്പറിൽ   ഉത്തരവ് ഇറക്കിയെങ്കിലും  തെരഞ്ഞെടുപ്പിന് മുമ്പ് അത് നടപ്പിലാക്കാതിരിക്കാനായി ചിലർ ബോധപൂർവം ശ്രമിച്ചു.

എണ്ണം വർദ്ധിച്ചത്  എങ്ങിനെ? 

              യു ഡി എഫ്   സർക്കാരിന്റെ കാലത്തു 34  ലക്ഷമായിരുന്ന സാമൂഹ്യ സുരക്ഷാ പെൻഷൻകാരുടെ  എണ്ണം പിണറായി സർക്കാർ , 62 ലക്ഷം ആക്കിയെന്നാണ് മറ്റൊരു പ്രചാരണം. അച്യുതാനന്ദൻ സർക്കാരിന്റെ കാലത്തു 13.8   ലക്ഷം  പെന്ഷനർമാരുള്ളതിനെ 34  ലക്ഷമാക്കിയത് ഉമ്മൻ ചാണ്ടി സർക്കാർ ആയിരുന്നു എന്നത് വിസ്മരിക്കരുത്. അന്ന് സാമൂഹ്യ സുരക്ഷാ പെന്ഷനും , ക്ഷേമനിധി പെൻഷനും  ഒരാൾക്ക് ഒരേ സമയം വാങ്ങാൻ അനുവദിച്ചിരുന്നു. എന്നാൽ പിണറായി സർക്കാർ അധികാരമേറ്റ ഉടൻ ചെയ്തത് ക്ഷേമനിധി പെൻഷനുകൾ എല്ലാം 1000  രൂപയായി എകികരിക്കുകയായിരുന്നു. അപ്പോൾ 1500  രൂപ പെൻഷൻ വാങ്ങിയ വയോജനങ്ങൾക്കു  കിട്ടികൊണ്ടിര്ന്ന 1500  രൂപ, ഏകീകരണത്തിലൂടെ 1000  രൂപയായി  മാറി. ചെപ്പടി വിദ്യ കാട്ടുന്ന ചില മന്ത്രികരെപ്പോലെ, വയോജനങ്ങളുടെ പോക്കറ്റടിക്കുന്ന നടപടിയായിരുന്നു അത്.. .  23.9.2020ലെ   സ.ഉ [97/ 20 /ധന ഉത്തരവനുസരിച്ചു  രണ്ടു പെൻഷൻ വാങ്ങാൻ അനുമതി പിണറായി സർക്കാർ  നിഷേധിച്ചു. അനുമതി നിഷേധിച്ചില്ലായിരുന്നെങ്കിൽ, വാർധക്യകാല  പെൻഷനായി 1600  രൂപ വാങ്ങുന്ന ആൾ  കർഷകത്തൊഴിലാളി ആണെങ്കിൽ  മറ്റൊരു 1600  രൂപകൂടി[മൊത്തം 3200  രൂപ] പെൻഷനായി വാങ്ങാമായിരുന്നു. അതാണ്  പിണറായി സർക്കാർ നിഷേധിച്ചത്.  അതോടെ ക്ഷേമനിധി ബോർഡുകളിൽ നിന്നും  ചെറിയ തുകയുടെ പെൻഷൻ വാങ്ങിയവർ സാമൂഹ്യ സുരക്ഷാ പെന്ഷനുകളിലേക്കു  വലിയ തോതിൽ മാറി. അങ്ങിനെയാണ് സാമൂഹ്യ സുരക്ഷാ പെൻഷൻ കാരുടെ എണ്ണത്തിൽ  വർദ്ധനവ് ഉണ്ടായത് . ഇതുരണ്ടും കൂടി ഒന്നിച്ചു കൂട്ടിയാൽ   ഏകദേശം  ഇത്രയും  ആളുകൾ തന്നെയാണ് അന്നും  പെൻഷനുകൾ വാങ്ങിയിരുന്നതെന്നു കാണാം. 

               4,60,000  കോടി രൂപയുടെ  ഭീകരമായ പൊതു കടം  ധനകാര്യ ധൂർത്തിലൂടെ സംസ്ഥാനത്തിന്റെ തലയിൽ കയറ്റിവച്ച പിണറായി സർക്കാർ, വികസന പ്രവർത്തനങ്ങൾക്കെല്ലാം അവധിനൽകിക്കൊണ്ടാണ്  തെരഞ്ഞെടുപ്പ് മാത്രം ലക്‌ഷ്യം വച്ചുകൊണ്ടു പുതിയ പ്രഖ്യാപനങ്ങൾ  നടത്തിയിട്ടുള്ളത്.  ആശുപത്രികളിൽ മരുന്നും, ശസ്ത്രക്രിയ ഉപകരണങ്ങൾ നന്നാക്കാൻ പോലും പണമില്ലാത്ത സർക്കാർ കാരുണ്യ പദ്ധതിക്ക് 1800  കോടി രൂപയാണ് നൽകാനുള്ളത്.  വിപണി ഇടപെടൽ നടത്തി പണപ്പെരുപ്പത്തിൽ നിന്നും സാധാരണക്കാരെ രക്ഷിക്കാൻ ബാധ്യതയുള്ള സർക്കാർ, 2200 കോടി രൂപയോളമാണ് സപ്ലൈകോക്ക്  നൽകാനുള്ളത്.  അതുകൊണ്ടുതന്നെ  9.04 പണപ്പെരുപ്പ നിരക്കോടെ ഇന്ത്യയിൽ ഏറ്റവും  ദുസ്സഹമായ  പണപ്പെരുപ്പമുള്ള സംസ്ഥാനമായി  കേരളത്തെ ഈ സർക്കാർ  മാറ്റിയിരിക്കയാണ്. ഈ വസ്തുതകളൊക്കെ മറച്ചുവെക്കാനായിട്ടാണ്   ഉണ്ടയില്ലാ  വെടിയുമായി  സർക്കാർ ഇപ്പോൾ രംഗത്ത് വന്നിട്ടുള്ളത്.   



കടബാധ്യതയിൽ നട്ടം  തിരിയുന്നു