Tuesday, 23 November 2021

      Note on   GST collection in respect of Petroleum products.


 യു .പി.എ. സർക്കാർ  അധികാരത്തിലിരുന്ന 2008 ൽ  അസംസ്‌കൃത എണ്ണയുടെ  വില  ബാരലിന്  150  ഡോളർ വരെ എത്തിയിരുന്നു.  അധികാരം ഒഴിയുന്ന 2014  മെയ് മാസത്തിൽ ബാരലിന്  112  ഡോളർ ആയിരുന്നു.  പെട്രോൾ  വില അനിയന്ത്രിതമായി കൂടിയപ്പോൾ 1,25,000  കോടി രൂപ സബ്സിഡി നൽകിയാണ്  യു  പി എ  സർക്കാർ  പെട്രോൾ വിലയിൽ നിയന്ത്രണം ഏർപ്പെടുത്തിയത്.2014  മെയ് മാസത്തിൽ മൻമോഹൻ സർക്കാർ അധികാരം ഒഴിയുമ്പോൾ പെട്രോൾ ലിറ്ററിന് 74.33 രൂപയും ഡീസലിന് 60.77 രൂപയും ആയിരുന്നു.  എന്നാൽ,  മോഡി  സർക്കാർ അധികാരത്തിലേറി, വൈകാതെ തന്നെ, അസംസ്‌കൃത എണ്ണയുടെ വിലയിൽ അന്താരാഷ്ട്ര തലത്തിൽ കുറവ് വന്നുതുടങ്ങി. 2019-20 ൽ എണ്ണയുടെ വില കുത്തനെ ഇടിഞ്ഞു. അപ്പോൾ, കേന്ദ്രസർക്കാർ, എക്‌സൈസ്  തീരുവ ഇനത്തിൽ  വർദ്ധനവ് വരുത്തി. അതോടെ ആഗോള വിപണിയിൽ ഉണ്ടായ വില കുറവിന്റ്റെ നേട്ടം ജനങ്ങൾക്ക് ലഭിച്ചില്ല.  അതേസമയം  ക്രൂഡ് ഓയിൽ വില നേരിയ തോതിൽ വർധിച്ചാൽ അത് ഉടൻതന്നെ ജനങ്ങളിൽ നിന്നും ഈടാക്കുവാൻ  ഓയിൽ കമ്പനികൾക്ക്  അനുവാദം നൽകുകയും ചെയ്തു.2014 ൽ  പെട്രോളിൽ എക്‌സൈസ് തീരുവ ഒരു ലിറ്ററിന്  9.48 രൂപയായിരുന്നു. അന്ത രാഷ്ട്ര തലത്തിലെ അസംസ്‌കൃത എണ്ണയുടെ വിലക്കുറവിന്റെ  നേട്ടം ജനങ്ങൾക്ക് നല്കാതിരിക്കുവാനായി , 2021 ൽ അത് 32.90  ആയി വർധിപ്പിച്ചു. അതുപോലെ ഡീസലിന്റെ തീരുവ 3.56 ൽ നിന്നും  31.80 ആയി കൂട്ടി.  ഏകദേശം മുന്നൂറു ശതമാനം വർധനവാണ് എക്‌സൈസ് തീരുവ ഇനത്തിൽ മോഡി സർക്കാർ കൂട്ടിയത്.  യു പി എ  സർക്കാരിന്റെ കാലത്തു  വില വർധനവിന്റെ ആഘാതം കുറക്കുവാനായി കേന്ദ്ര സർക്കാർ 125000  കോടി രൂപവരെ സബ്സിഡിയായി നൽകിയും, എക്‌സൈസ് തീരുവ കുറച്ചും ,  ജനങ്ങൾക്കുമേൽ ഭാരം അടിച്ചേല്പിച്ചില്ല .     2021  ഒക്ടോബറിൽ , റീറ്റെയ്ൽ വില പെട്രോളിനും ഡീസലിനും  110  രൂപ കടന്നപ്പോൾ, അതിശക്തമായ പ്രതിഷേധത്തെ തുടർന്ന് പെട്രോളിന്  എക്‌സൈസ്  തീരുവയിൽ ലിറ്ററിന്   5 രൂപയും ഡീസലിന് ലിറ്ററിന്  10  രൂപയും  കുറയ്ക്കുവാൻ  നിര്ബന്ധിതരായി.കേന്ദ്രസർക്കാർ  ഇപ്പോൾ ചുമത്തുന്ന എക്‌സൈസ്  തീരുവ പെട്രോളിന് 27.90 ഉം ഡീസലിന് 21.80   രൂപയുമാണ്.

അന്ത രാഷ്ട്ര തലത്തിൽ എണ്ണവില കൂടി കൊണ്ടിരുന്ന അവസരത്തിലാണ് 2011 ൽ യു ഡി എഫ്  സർക്കാർ അധികാരത്തിലേറിയത്.    ആ സർക്കാർ ആദ്യം എടുത്ത തീരുമാനങ്ങളിൽ ഒന്ന്  29.01 ശതമാനമായിരുന്ന  പെട്രോളിന്റെ വില്പന നികുതി, 26.64  ശതമാനമാണ് ഡീസലിന്റെ നികുതി 24.69  ശതമാനത്തിൽ നിന്നും 22.60  ശതമാനമായി കുറക്കുകയുമായിരുന്നു.  ഇതിലൂടെ, പ്രതി ദിനം  50  ലക്ഷം രൂപയാണ് സംസ്ഥാന സർക്കാർ  വേണ്ടെന്നു  വച്ച   അധിക നികുതി. 2011  സെപ്റ്റംബറിൽ  വീണ്ടും പെട്രോളിന്റെ നികുതി  25.42 ശതമാനമായി കുറച്ചു. ഇതിലൂടെ 108  കോടി രൂപയുടെ അധിക നികുതിയാണ്  വേണ്ടെന്നു വച്ചത്.  2011 ലും 2012 ലുമായി നാല് തവണ യൂ ഡി എഫ്  സർക്കാർ  അധിക നികുതി വേണ്ടെന്നു വച്ചതുവഴി 619.17 കോടി രൂപ യുടെ നേട്ടമാണ്  ജനങ്ങൾക് ലഭിച്ചത്.

യു ഡി എഫ് സർക്കാരിന്റെ 2011-16  കാലയളവിൽ 17  പ്രാവശ്യം പെട്രോളിന്റെയും 7  പ്രാവശ്യം ഡീസലിൻറ്റെയും  വിലയിൽ  ഏറ്റക്കുറവുകളുണ്ടായി.. ഒരു നിശ്ചിത തുക സർക്കാരിന് ലഭിക്കാനായി Revenue  Neutral  Rate  നിലവിലുണ്ടായിരുന്നു. ഇതനുസരിച്ചാണ്  നാലു തവണ പെട്രോ-ഡീസൽ വിലയിൽ കുറവ് വരുത്തിയതും 619.17 കോടി രൂപ അധിക നികുതി വേണ്ടെന്നു വച്ചതും.  എസ.ആർ.ഒ  നമ്പർ. 92 / 2015  അനുസരിച്ചു്  പെട്രോളിന്റെ  മൂല്യ വർധിത നികുതി 31.80  ശതമാനവും ഡീസലിന്റെത്  24.52 ശതമാനവും ആയി 2015 ൽ വർധിപ്പിച്ചിരുന്നു.. പിണറായി സർക്കാർ അധികാരത്തിലേറിയ ശേഷം, പെട്രോ-ഡീസൽ വിലവർദ്ധനവ് തുടർച്ചയായി ഉണ്ടായെങ്കിലും,  2018-19ൽ  മൂല്യ വർധിത നികുതി നിരക്ക്  പെട്രോളിന്റെത്  30.08 ശതമാനമായും  ഡീസലിൻറ്റെതു  22.78   ശതമാനവുമായി  നേരിയ കുറവ് വരുത്തി.  അന്ന് മറ്റു സംസ്ഥാനങ്ങളും അധിക നികുതിയിൽ കുറവ് വരുത്തിയ സാഹചര്യത്തിലാണ് കേരളം സർക്കാരും നേരിയ   കുറവ്  വരുത്തുവാൻ നിർബന്ധിതമായത്. ഇതിനു പുറമെയാണ് പെട്രോളിനും ഡീസലിനും  1 ലിറ്റർന്  1  രൂപയും,  1  ശതമാനം സെസ്സും  സംസ്ഥാന സർക്കാർ ഈടാക്കുന്നത്.


യു പി എ  സർക്കാരിന്റെ കാലയളവിൽ  പെട്രോളിയം ഉൽപന്നങ്ങളിൽ നിന്നുമുള്ള  എക്‌സൈസ് നികുതി ഇനത്തിൽ ലഭിച്ചിരുന്നത് ഒരു വര്ഷം 77982 കോടി രൂപയായിരുന്നു. എന്നാൽ ഇപ്പോൾ    ഈ ഇനത്തിൽ ലഭിക്കുന്നത് 4.3  ലക്ഷം കോടി രൂപയായാണ് കണക്കാക്കിയിട്ടുള്ളത്.



  





 


Thursday, 11 November 2021

                   നെഹ്രു അടിത്തറയിട്ട  ഇന്ത്യയുടെ ആരോഗ്യമേഖല

പി.എസ്‌.ശ്രീകുമാർ 

നവഭാരത നിര്മിതിക്കായി ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായിരുന്ന  ജവാഹർലാൽ നെഹ്‌റു നൽകിയ സംഭാവന വിലമതിക്കാനാവാത്തതായിരുന്നു.സ്വതന്ത്ര ഇന്ത്യ നേരിട്ടിരുന്ന  പ്രശ്നങ്ങളെക്കുറിച്ചു  വിശാല വീക്ഷണത്തോടെയും, ആഴത്തിലും പഠിക്കുവാനും, അതിനു  അനുയോജ്യമായ പരിഹാരം  കണ്ടെത്തുവാനും നെഹ്രുവിനെപ്പോലെ  മറ്റൊരു നേതാവിനും സാധിച്ചിരുന്നില്ല എന്നതാണ് യാഥാർഥ്യം.  ജനാധിപത്യ ചിന്താഗതിയും, സോഷ്യലിസ്റ്റ്  ചിന്താഗതിയുടെ ഗുണവശങ്ങളും , മതനിരപേക്ഷതയും  സ്വാതന്ത്ര്യ സമര കാലഘട്ടത്തിൽ തന്നെ  ഇന്ത്യയിലെ ജനങ്ങൾക്ക് പകർന്നു നൽകുവാൻ   അദ്ദേഹത്തിന് സാധിച്ചു  എന്നതാണ്  ലോകസമൂഹത്തിന്  മുമ്പിൽ അദ്ദേഹത്തെ വേറിട്ട് നിർത്തുന്ന ഘടകം.  

സ്വാതന്ത്ര്യ ലബ്ധിയുടെ  കാലഘട്ടത്തിൽ,    വിഭജനത്തിന്റെയും, മതകലഹങ്ങളുടേയും  ഭക്ഷ്യ ക്ഷാമത്തിന്റെയും,  മഹാമാരികളുടെയും  ദുരിതക്കയത്തിലൂടെയായിരുന്നു  നമ്മുടെ രാജ്യം കടന്നുപോയിരുന്നത്.  മലേറിയ, വസൂരി, പ്ലേഗ്, തുടങ്ങിയ മഹാമാരികൾ  ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവനാണ് അപഹരിച്ചിരുന്നത്.  അതിനുപുറമെയാണ്   ക്ഷയം, കുഷ്ഠം,  മന്ത്, ടൈഫോയിഡ് , മസ്തിഷ്‌കചര്മവീക്കം ,  തൊണ്ടവീക്കം,  പേവിഷബാധ  തുടങ്ങിയ  ഗുരുതര രോഗങ്ങൾ.  അന്നത്തെ ഇന്ത്യയുടെ ജനസംഖ്യ 34  കോടിയായിരുന്നു. ഇതിൽ ഏകദേശം 22  ശതമാനം പേരെ മലേറിയ രോഗം ബാധിച്ചിരുന്നു.  അതായത്  75  ദശലക്ഷം പേരെയാണ്  ഈ രോഗം  ബാധിച്ചിരുന്നത്.   പതിനായിരക്കണക്കിന്  ആളുകളാണ്  മലേറിയ രോഗംബാധിച്ചു മരണപ്പെട്ടിരുന്നത് .  പക്ഷേ,  ആരോഗ്യ രംഗത്ത് ബ്രിട്ടീഷ് സർക്കാർ കാര്യമായി ഇടപെട്ടിരുന്നില്ല.  ഇന്ത്യയുടെ മുന്നോട്ടുള്ള പ്രയാണത്തിൽ, പൗരന്മാരുടെയും, സമൂഹത്തിന്റെയും ആരോഗ്യം     ഒരു പ്രധാനഘടകം,ആണെന്ന് മനസ്സിലാക്കിയ നെഹ്‌റു,  തകർന്നുകിടന്ന ആരോഗ്യ മേഖലയെ  ശക്തിപ്പെടുത്തുവാൻ നടത്തിയ സംഭാവനകളാണ് പിൽക്കാലത്തു  ജനങ്ങളുടെ രക്ഷക്ക്  സഹായകരമായി മാറിയത് . 

ബോറെ  കമ്മിറ്റി റിപ്പോർട്ട് 

ആയിരത്തി തൊള്ളായിരത്തി നാല്പതുകളുടെ തുടക്കവരെയും ബ്രിട്ടീഷ് സർക്കാർ ഇന്ത്യക്കാരുടെ ആരോഗ്യ കാര്യങ്ങളിൽ യാതൊരുവിധ ശ്രദ്ധയും നൽകിയിരുന്നില്ല.  ബ്രിട്ടീഷ് സർക്കാരിൽ നിന്നും വ്യത്യസ്തമായി ചിന്തിച്ചുകൊണ്ട്   ജനങ്ങളുടെ ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധിച്ചിരുന്നത് , തിരുവിതാംകൂർ പോലെയുള്ള ചില ഒറ്റപ്പെട്ട  നാട്ടുരാജ്യങ്ങൾ  മാത്രമായിരുന്നു. ബ്രിട്ടീഷ് സർക്കാരിന്റെ ഈ അവഗണനക്കെതിരെ  ഇന്ത്യയിലെ    പൊതുജനാരോഗ്യ വിദഗ്ദ്ധരും, ഇന്ത്യൻ നാഷണൽ കോൺഗ്രസ്സും ശക്തമായ എതിർപ്പും, പ്രതിഷേധവും ഉയർത്തിയതിനെ  തുടർന്ന്  ജനങ്ങളുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച്  സർവേയും, പഠനവും  നടത്തി  റിപ്പോർട്ട് സമർപ്പിക്കുവാൻ മുൻ കൊച്ചി രാജ്യത്തിലെ  ദിവാനും, ഐ സി എസ്‌  ഉദ്യോഗസ്ഥനുമായിരുന്ന ജോസഫ് ബോറെ  അധ്യക്ഷനായി ഒരു കമ്മറ്റിയെ 1943 ൽ  നിയമിച്ചു.   പ്രശസ്ത   ഭിഷഗ്വരന്മാരായിരുന്ന,   ബംഗാളിൽ നിന്നുമുള്ള   ഡോ .ബി.സി.റോയി, മദ്രാസ്സിൽനിന്നുമുള്ള   ഡോ .ലക്ഷ്‌മണ  സ്വാമി മുതലിയാർ   തുടങ്ങിയവരായിരുന്നു അംഗങ്ങൾ. ഇന്ത്യമുഴുവൻ സഞ്ചരിച്ചു  നടത്തിയ പഠനത്തിന്റ്റെ  അടിസ്ഥാനത്തിൽ ബോറെ  കമ്മിറ്റി  1946 ൽ   റിപ്പോർട്ട് സമർപ്പിച്ചു. അപ്പോഴേക്കും  അധികാരകൈമാറ്റവുമായി  ബന്ധപ്പെട്ട കാര്യങ്ങളിലേക്ക്     ബ്രിട്ടീഷ് സർക്കാർ കടന്നതിനാൽ   റിപ്പോർട്ടിന്മേൽ  കാര്യമായ നടപടികളുണ്ടായില്ല. 

ആരോഗ്യമേഖലയുടെ  ആധുനികവത്ക്കരണം 

 ബ്രിട്ടനും, കാനഡയും, ഉൾപ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങളിലും, സോവിയറ്റ് യൂണിയനിലും  നിലനിന്നിരുന്ന  ക്ഷേമ രാഷ്ട്രം എന്ന കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യയിലെ ആരോഗ്യമേഖലയെ  ആധുനിക വത്ക്കരിക്കാനുള്ള  നടപടികൾ നെഹ്‌റു സർക്കാർ നടപ്പാക്കിയത്.    പ്രധാനമന്ത്രി സ്ഥാനം ഏറ്റെടുത്ത നെഹ്‌റു, ബോറെ  കമ്മിറ്റി  റിപ്പോർട്ടിന്മേൽ ഒന്നൊന്നായി നടപടികൾ എടുത്തു.  അദ്ദേഹത്തിന്റെ നിർദേശങ്ങൾ  ആത്മാർഥമായി നടപ്പിലാക്കുവാൻ ആരോഗ്യമന്ത്രിയായിരുന്ന രാജ് കുമാരി അമ്രിത്  കൗറും  തയ്യാറായതോടെ ആരോഗ്യ രംഗത്തെ പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടു തുടങ്ങി.  ഇന്ത്യ മുഴുവൻ പടർന്നുപിടിച്ച മലേറിയയുടെ  വ്യാപനം കുറച്ചുകൊണ്ടുവന്ന്  അതിനെ നിയന്ത്രണ വിധേയമാ ക്കുവാനുള്ള ശ്രമങ്ങൾക്ക് ആദ്യം തന്നെ തുടക്കം കുറിച്ച്ചു . സ്വാതന്ത്ര്യം ലഭിച്  പത്തുവര്ഷങ്ങൾക്കുള്ളിൽ  മലേറിയ മൂലമുള്ള മരണ നിരക്ക് 1,48,000 ൽ നിന്നും  1957-58 ആയപ്പോൾ  12,300 ആയി  കുറക്കുവാൻ സാധിച്ചു. സ്വാതന്ത്ര്യ പൂർവ കാലഘട്ടത്തിൽ ലക്ഷക്കണക്കിന് ജീവനുകൾ അപഹരിച്ച പ്ലേഗ് എന്ന മഹാമാരിയെ  ആയിരത്തി തൊള്ളായിരത്തി അമ്പതോടുകൂടി  ഇല്ലായ്‌മ  ചെയ്യുവാൻ സാധിച്ചു. അതുപോലെ വസൂരി, കുഷ്ഠരോഗം, മന്ത്, ഡിഫ്ത്തീരിയ,മെനഞ്ചൈറ്റിസ്, പേവിഷബാധ, ടൈഫോയിഡ് , തുടങ്ങിയ രോഗങ്ങളെയും നിയന്ത്രണ വിധേയമാക്കുവാൻ സാധിച്ചു.

  ആരോഗ്യ സംരക്ഷണത്തിന് കൂടുതൽ മുതൽമുടക്ക് നടത്തണമെന്ന  ബോറെ  കമ്മിറ്റിയുടെ നിർദേശനത്തിൻറ്റെ  അടിസ്ഥാനത്തിൽ  രാ ജ്യമെമ്പാടും  പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ  സ്ഥാപിക്കാനുള്ള നടപടികൾ കേന്ദ്ര സർക്കാർ കൈക്കൊണ്ടു.അതിനുവേണ്ട സഹായം സംസ്ഥാനങ്ങൾക്ക് കേന്ദ്ര സർക്കാർ നൽകി. Licenced  Medical  Practitionerrs  നെ ഒഴിവാക്കി, ആരോഗ്യ വിദ്യാഭ്യാസം ലഭിച്ച  എം ബി ബി എസ്   ബിരുദധാരികളെമാത്രമേ  ഡോക്ടർമാരായി  നിയമിക്കാവു എന്ന നിയമം നടപ്പിലാക്കി.  ആരോഗ്യ മേഖലയിൽ ഉന്നത ഗവേഷണ സൗകര്യങ്ങളോടെ  ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്  മെഡിക്കൽ സയൻസസ് [AIIMS ] , മൗലാനാ അബുൽ  ആസാദ്   മെഡിക്കൽ കോളേജ്, ജി.ബി.പന്ത് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജുവേറ്റ്  റിസർച്ച് സെന്റർ,  എന്നിവ  സ്ഥാപിച്ചു. 1946 ൽ 15  മെഡിക്കൽ കോളേജുകൾ മാത്രമായിരുന്നു നമുക്ക് ഉണ്ടായിരുന്നത്, 1964   ആയപ്പോഴേക്കും  81  ആയി വർധിപ്പിക്കാനും, അതിലൂടെ 10,000  സമർഥരായ വിദ്യാർത്ഥികൾക്ക്  ഡോക്ടർമാർ ആകുവാനുമുള്ള സൗകര്യം ഒരുക്കി. കേന്ദ്ര സർക്കാർ ജീവനക്കാർക്ക് മുഴുവൻ  ബാധകമാകുന്ന സെൻട്രൽ ഗവണ്മെന്റ് ഹെൽത്ത് സ്കീം  നടപ്പിലാക്കി. ആരോഗ്യ രംഗത്തെ അടിസ്ഥാന വികസന പ്രവർത്തനങ്ങൾക്കായി പൂനെയിൽ  വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട്,   ന്യായ വിലക്ക് മരുന്നുകൾ ലഭ്യമാക്കുവാനായി ഇന്ത്യൻ ഡ്രഗ് ആൻഡ് ഫർമസൂട്ടിക്കൽസ്  തുടങ്ങി നിരവധി സ്ഥാപങ്ങൾ രാജ്യത്തിന്റ്റെ  വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ചു.  

നെഹ്രുവിന്റെ കാലത്  പൊതുമേഖലയിൽ  ഇട്ട  അടിസ്ഥാന ശിലകളിൽ  ഊന്നിയാണ്  പിന്നീടുള്ള സർക്കാരുകൾ  ആരോഗ്യരംഗത്തെ പ്രവർത്തനങ്ങൾ കെട്ടിപൊക്കിയത്. അതിനെയാണ്  ഇന്ന് കേന്ദ്രത്തിലെ മോഡി സർക്കാർ   ഇല്ലാതാക്കാൻ  ശ്രമിക്കുന്നത് . പൊതുജനാരോഗ്യ രംഗത്തുനിന്നും ക്രമേണ  പിൻവലിയാനുള്ള നടപടികളിൽ നിന്നും കേന്ദ്ര സർക്കാരിനെ പിന്തിരിപ്പിക്കാൻ  ശക്തമായ  പ്രക്ഷോഭം ഉയർന്നു വരാനുള്ള സമയം അതിക്രമിച്ചിരിക്കുകയാണ്.


പി.എസ്‌ .ശ്രീകുമാർ 

98471 73177 

 











Friday, 15 October 2021

                            സംഘർഷമേഖലയായി  മാറുന്ന ദക്ഷിണചൈന സമുദ്രം  


 അമേരിക്കയുടെ ഏകപക്ഷീയമായ പിൻവാങ്ങലോടെ പശ്ചിമ ഏഷ്യ  ലോകത്തെ ഏറ്റവും   അപകടം പിടിച്ച  സംഘർഷ മേഖലയായിരുന്ന  അവസ്ഥക്ക്  മാറ്റം വരുന്നുവോ?    ഒരു തീപ്പൊരി വീണാൽ  പൊട്ടിത്തെറിക്കാൻ സാധ്യതയുള്ള  മേഖലയായി അന്തർദേശിയ  സമൂഹം   ഇപ്പോൾ ആശങ്കയോടെ  കാണുന്നത് ,  ദക്ഷിണ ചൈന സമുദ്ര മേഖലയെയാണ്.  ഒരു വശത്തു  ചൈനയും മറുവശത്തു അമേരിക്കയും  അണിനിരന്നു കൊണ്ട് നടത്തുന്ന  സൈനിക നീക്കങ്ങൾ  അതീവ ജാഗ്രതയോടെയാണ്‌  ലോക രാജ്യങ്ങൾ വീക്ഷിക്കുന്നത്. 

പസിഫിക് സമുദ്രത്തിന്റെ  ഭാഗമായ ദക്ഷിണ ചൈന സമുദ്ര മേഖലയോട്  ചേർന്ന് കിടക്കുന്ന രാജ്യങ്ങൾ,  ചൈനക്ക് പുറമേ,  തായ്‌വാൻ, ജപ്പാൻ, വിയറ്റ്നാം,കംബോഡിയ, ഫിലിപ്പൈൻസ്, മലേഷ്യ, ഇന്തോനേഷ്യ, ബ്രൂണെ തുടങ്ങിയവയാണ് . ഈ സമുദ്ര മേഖലയിൽ ജനവാസം ഉള്ളതും ഇല്ലാത്തതുമായ 250 ൽ പരം ചെറിയ ദ്വീപുകൾ ഉണ്ട്. ഇതിൽ  "യു"  ആകൃതിയിൽ  കിടക്കുന്ന 9  ദ്വീപുകളിന്മേൽ  തർക്കം ഉന്നയിച്ചുകൊണ്ട് ചൈന വന്നതോടെയാണ്    ഈ തർക്കം   " Nine dash  area  dispute " എന്നറിയപ്പെട്ടു തുടങ്ങിയത് .  ഇവിടെയുള്ള ദ്വീപുകളിന്മേൽ   അവകാശവാദം ഉന്നയിച്ചുകൊണ്ട്,  ചൈന  തർക്കത്തിൽ ഏർപ്പെട്ടിരിക്കുന്നത്    തായ്‌വാൻ ,ബ്രൂണെ,ഇന്തോനേഷ്യ, മലേഷ്യ,ഫിലിപ്പൈൻസ്, സിങ്കപ്പൂർ, വിയറ്റ്നാം എന്നീ രാജ്യങ്ങളുമായാണ്. മാവോ സേതുങ്ങിൻറ്റെ  നേതൃത്വത്തിലുള്ള ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുമായുള്ള യുദ്ധത്തിൽ 1949   ൽ,  ചിയാങ് കൈ ഷെക്   പരാജയപ്പെട്ടപ്പോൾ, ചിയാങ്ങും  അനുയായികളും അഭയം പ്രാപിച്ചത്  തായ്‌വാനിലായിരുന്നു{മുമ്പ് ഫോർമോസ ദ്വീപ്}.മാവോയുടെ നേതൃത്വത്തിൽ  കമ്മ്യൂണിസ്റ്റ് സർക്കാർ അധികാരത്തിലേറുന്നതിനു മുമ്പ്   ഈ  ദ്വീപുകളെല്ലാം  തായ്‌വാന്റെ  അധീനതയിലായിരുന്നു.  തായ്‌വാന്റെ അവകാശവാദം ഈ ചരിത്രത്തിൽ  ഊന്നിയാണ്.

കണ്ണ് പ്രകൃതി വിഭവങ്ങളിൽ

           ദക്ഷിണ ചൈന സമുദ്ര മേഖലയിലെ  തർക്കത്തിന്റെ അടിസ്ഥാന ഘടകം ഈ മേഖലയിലെ  പ്രകൃതി വിഭവങ്ങളുടെ ലഭ്യതയാണ്.   ഈ മേഖലയിൽ 17.7  ബില്യൺ  ടൺ  എണ്ണശേഖരവും  266  ട്രിലിയെൻ  ക്യുബിക് ഫീറ്റ് പ്രകൃതി വാതക ശേഖരവും ഉണ്ടെന്നാണ് കണ്ടെത്തിയിട്ടുള്ളത്.  സമുദ്ര നിയമങ്ങളെകുറിച്ചുള്ള ഐക്യ രാഷ്ട്ര സഭയുടെ കൺവെൻഷൻ  നടന്നതും രാജ്യങ്ങൾ അതിൽ ഒപ്പുവച്ചതും 1982 ൽ ആയിരുന്നു .  അന്താരാഷ്ട്ര സമുദ്ര നിയമങ്ങൾ അനുസരിച്ചു   ഓരോ രാജ്യത്തിനും, അവയോട്  ചേർന്നുകിടക്കുന്ന 200  നോട്ടിക്കൽ മൈൽ വരെയുള്ള സമുദ്ര ഭാഗങ്ങളിലെ  വിഭവങ്ങളിൽ അവകാശമുണ്ട്. ഈ നിയമങ്ങൾ അവഗണിച്ചുകൊണ്ടാണ്   ആൾപ്പാർപ്പില്ലാത്ത ചില ദ്വീപുകളിൽ      ചൈന  ഓഫ്‌ഷോർ  എക്സ്പ്ലൊറേഷൻ  കോർപറേഷൻ  ഖനന പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുന്നത്.  ഏകദേശം 30  ബില്യൺ ഡോളറിന്റെ  നിക്ഷേപമാണ്  ചൈന ഇതിനായി മാറ്റിവച്ചിരിക്കുന്നതു.  ഈ വാണിജ്യ  താല്പര്യങ്ങൾ  സംരക്ഷിക്കാനും  മേഖലയിൽ അധീശത്വം ഉറപ്പിക്കുവാനുമായാണ്    ചില ദ്വീപുകൾ  സൈനികാവശ്യങ്ങൾക്കായി  ചൈന  വികസിപ്പിചിരിക്കുന്നതും സൈനിക സാന്നിധ്യം നിലനിർത്തുന്നതും.

          ഈ മേഖലയിലുള്ള സ്പ്രാട്ടിലി,  പറാസൽ , നട്ടുന്ന   എന്നീ ദ്വീപ സമൂഹങ്ങളുടെ നിയന്ത്രണത്തെ ചൊല്ലിയും ചൈനയും ഇതര രാജ്യങ്ങളുമായി തർക്കമുണ്ട്.  ഇതിൽ സ്പ്രാട്ടിലി  ദ്വീപ സമൂഹത്തിനായി  അവകാശവാദമുന്നയിച്ചിട്ടുള്ള മറ്റു രാജ്യങ്ങൾ ഫിലിപ്പൈൻസ്, മലേഷ്യ, വിയറ്റ്നാം, തായ്‌വാൻ  എന്നിവയാണ്.  നട്ടുന്ന   ദ്വീപിനു മേൽ തർക്കമുള്ളതു ചൈനയും  ഇന്തോനേഷ്യയും, തായ്‌വാനുമായിട്ടാണ്. സ്‌കാർബറോ ദ്വീപിനുമേൽ അവകാശം ഉന്നയിച്ചിട്ടുള്ളത് ഫിലിപ്പൈൻസ്,തായ്‌വാൻ, ചൈന എന്നിവരാണ്. പറാസൽ  ദ്വീപിൻമേൽ ചൈനയും, വിറ്റ്‌നാമും  അവകാശവാദം ഉന്നയിക്കുന്നു. ഈ ദ്വീപിന്റെ കുറെ ഭാഗം വിറ്റ്നാമിന്റെ കൈവശവും മറ്റു ഭാഗങ്ങൾ    ചൈനയുടെ  കൈവശവുമായിരുന്നു.  ഇവർ തമ്മിൽ രണ്ടു തവണ  ഈ പ്രശ്നത്തിൽ യുദ്ധം  ഉണ്ടായി.  എന്നാൽ ,  2012  മുതൽ   ദ്വീപിന്റ്റെ  മുഴുവൻ നിയന്ത്രണവും ചൈന പിടിച്ചെടുക്കുകയും ചെയ്തു. 

 തായ്‌വാൻ  ഏകീകരണം ലക്ഷ്യമാക്കി ചൈന 

          ഏറ്റവും ഗുരുതരമായ തർക്കം ചൈനയും  തായ്‌വാനുമായിട്ടാണ് . തായ്‌വാൻ  സ്വതന്ത്ര രാജ്യമല്ലെന്നും  ചൈനീസ് വൻകരയുടെ ഭാഗം മാത്രമാണെന്നുമാണ്  ചൈന  1949  മുതൽ അവകാശപ്പെടുന്നത്. തായ്‌വാൻ ഇത് അംഗീകരിക്കുന്നില്ല. തങ്ങളുടേത്   ജനാധിപത്യ രീതിയിലുള്ള  ഒരു സ്വതന്ത്ര രാജ്യമാണെന്നാണ് അവരുടെ അവകാശവാദം.  ചൈനയുടെ കടന്നു കയറ്റത്തിൽ നിന്ന് രക്ഷനേടാനായി ,  1950-53  കാലഘട്ടത്തിലെ  കൊറിയൻ യുദ്ധസമയത് ഉണ്ടാക്കിയ ഉടമ്പടിപ്രകാരം   അമേരിക്കയുമായി  തായ്‌വാൻ  സൈനിക സഖ്യത്തിൽ ഏർപ്പെട്ടു.  എന്നാൽ 1979 ൽ   കമ്മ്യൂണിസ്റ്റ്  ചൈനയെ [Peoples  Republic  of  China ] അമേരിക്ക അംഗീകരിച്ചു നയതന്ത്ര ബന്ധം സ്ഥാപിച്ചതോടെ   തായ്‌വാനുമായുള്ള  ഔദ്യോഗിക ബന്ധം അമേരിക്കക്ക്  അവസാനിപ്പിക്കേണ്ടി വന്നു.  എന്നാലും തായ്‌വാന്  സൈനിക സഹായം ആവശ്യമുള്ളപ്പോൾ  അത് നല്കാൻ തയ്യാറാണെന്നുള്ള വാഗ്‌ദാനം  നിലവിലുണ്ട്.  തായ്‌വാൻ  തങ്ങളുടെ ഭാഗമാണെന്നു പറയുമ്പോഴും,  സമാധാനപരമായ ഒരു പുനരേകീകരണമാണ്  ആഗ്രഹിക്കുന്നതെന്നാണ് ചൈന ഇത്രയും നാൾ പറഞ്ഞുകൊണ്ടിരുന്നത്.  എന്നാൽ ഷി ജിൻപിങ് അധികാരത്തിൽ വന്നശേഷം  ചൈനയുടെ ശബ്ദം കനത്തു തുടങ്ങി.  കമ്മ്യൂണിസ്റ്റ് ചൈനയുമായുള്ള പുനരേകീകരണം  നടപ്പിലാക്കുമെന്നും , വിദേശശക്തികൾ  ഇക്കാര്യത്തിൽ ഇടപെടരുതെന്നും അമേരിക്കക്കു ഒരു മുന്നറിയിപ്പ് എന്ന രീതിയിൽ  ചൈനയുടെ ദേശിയ ദിനത്തോടനുബന്ധിച്ചു  ബെയ്‌ജിങ്ങിൽ നടന്ന സമ്മേളനത്തിൽ  ചൈനീസ് പ്രസിഡന്റ  ഷി ജിൻപിങ് പ്രഖ്യാപിച്ചു.  അതിനെ തുടർന്ന്   ഒക്ടോബര് 1 ന്  ചൈനീസ്    വ്യോമസേനയുടെ  38  വിമാനങ്ങൾ തായ്‌വാൻ  വ്യോമാതിർത്തി ലംഘിച്ചു  പറക്കൽ നടത്തി. പിന്നീട് ഒക്ടോബര് 2   നു 39  വിമാനങ്ങളും ഒക്ടോബര് 4 ന്  56  വിമാനങ്ങളും തായ്‌വാൻ  വ്യോമാതിർത്തി ലംഘിച്ചു.  നിരന്തരമായ വ്യോമാതിർത്തി ലംഘനത്തോടെ , ഏത്  ആക്രമണത്തെയും ജനങ്ങളുടെ പിന്തുണയോടെ  ശക്തിയുക്തം  പ്രതിരോധിക്കുമെന്ന് തായ്‌വാൻ  പ്രസിഡന്റ് സായ് ഇൻഗ്വേൻ  പ്രഖ്യാപിച്ചു. സമ്മർദങ്ങൾക്ക് വഴങ്ങില്ലെന്നും,  തായ്‌വാൻറ്റെ  പരമാധികാരത്തെ വെല്ലുവിളിക്കുന്ന നടപടികളിന് നിന്നും കമ്മ്യൂണിസ്റ്റ് ചൈന പിൻവാങ്ങണമെന്നും അവർ ആവശ്യപ്പെട്ടു.

 നാവികാഭ്യാസ മേഖലയായി  മാറുന്നു 

 ഈ പശ്ചാത്തലത്തിലാണ് കഴിഞ്ഞ ഏതാനും വർഷങ്ങളായി  ദക്ഷിണ ചൈന സമുദ്ര മേഖലയിൽ  നാവികാഭ്യാസത്തിനു അമേരിക്ക നേതൃത്വം നൽകുന്നത്.അന്താരാഷ്ട്ര  സമുദ്ര മേഖലയിൽ  എല്ലാ രാജ്യങ്ങൾക്കും സ്വാതന്ത്ര്യം ഉണ്ടെന്നു പ്രഖ്യാപനംനടത്തിയാണ്   അമേരിക്കയും, ജപ്പാനും, ഇന്ത്യയും  മലബാർ എക്സർസൈസ് എന്ന പേരിൽ നാവികാഭ്യാസങ്ങൾ സംഘടിപ്പിക്കുന്നത്.  ഈ വര്ഷം മുതൽ  ഓസ്‌ട്രേലിയയെക്കൂടി കൂട്ടി  ഇതൊരു ചതുർ രാഷ്ട്ര  നാവികാഭ്യാസമാക്കി മാറ്റിയിരിക്കുകയാണ്.  ഇതൊരു    സൈനിക സഖ്യമല്ലെന്ന്   ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ അവർത്തിക്കുന്നുണ്ടെങ്കിലും  ഈ കൂട്ടുകെട്ടിനെ   തങ്ങൾക്കെതിരായ ഒരു സൈനിക സഖ്യമായിട്ടാണ് ചൈന കരുതുന്നത്.  ഈ ചതുർ രാഷ്ട്ര സഖ്യത്തിന് പുറമേയാണ് , ഇൻഡോ-പസിഫിക്  മേഖലയുടെ സുരക്ഷക്കായി അമേരിക്കയും, ബ്രിട്ടനും, ഓസ്‌ട്രേലിയയും ചേർന്ന് AUKUS  എന്ന പേരിൽ ഒരു പ്രതിരോധ സഖ്യം  അടുത്തകാലത്ത് രൂപീകരിച്ചത്.  ഈ ഒരു സാഹചര്യത്തിൽ  ഈ മേഖലയിൽ ഉണ്ടാകുന്ന  ഒരു ചെറിയ തീപ്പൊരി പോലും വലിയ ദുരന്തങ്ങളിലേക്കു നയിക്കാനുള്ള സാധ്യത  ഏറി വരികയാണ്.  ചൈനയും,  അമേരിക്കയോട് ചേർന്ന് നിൽക്കുന്ന രാജ്യങ്ങളും  വളരെ അവധാനതയോടെയും , പക്വതയോടും  പെരുമാറിയില്ലെങ്കിൽ,   ഒരു പക്ഷെ, മൂന്നാം  ലോക മഹായുദ്ധത്തിനു തിരി കൊളുത്തുന്നത്  ദക്ഷിണ ചൈനാ  സമുദ്ര മേഖലയാകാനുള്ള  സാധ്യത  തള്ളിക്കളയാൻ  സാധിക്കുകയില്ല .

പി.എസ്‌ .ശ്രീകുമാർ 

9847173177 


 



 




Friday, 8 October 2021

                                     അധികാരവികേന്ദ്രീകരണവും ഇടതു സർക്കാരും 

പി.എസ് .ശ്രീകുമാർ  

കടുത്ത സാമ്പത്തിക പ്രതിസന്ധികളിലൂടെ കടന്നു പോകുന്ന  ഇടതുസർക്കാർ 2021  ഓഗസ്റ്റ്  17  ജനകീയാസൂത്രണത്തിന്റെ   രജത ജൂബിലി   വലിയ പ്രചാരണ പരിപാടികളോടെയാണ്  ആഘോഷിച്ചത്.  കോവിഡ്  മഹാമാരിയുടെ പേരിൽ എല്ലാ ആഘോഷ പരിപാടികൾക്കും നിയന്ത്രണം കൊണ്ടുവന്ന സർക്കാർ ഈ പരിപാടിയെ  എല്ലാ നിയന്ത്രണങ്ങളിൽ നിന്നും   ഒഴിവാക്കി . അധികാര വികേന്ദ്രീകരണം  തങ്ങളുടെ സൃഷ്ടിയാണെന്ന് വരുത്തുവാനുള്ള വൃഥാ  ശ്രമമാണ് അതുവഴി അവർ ലക്ഷ്യമിട്ടത്.

ഇന്ത്യാ  രാജ്യത്തിന്റെ സ്വത്വം ഗ്രാമങ്ങളാണെന്നു തിരിച്ചറിഞ്ഞതും, ഗ്രാമ സ്വരാജിന് വേണ്ടി  നിരന്തരമായി  ആഹ്വാനം  ചെയ്തതും  നമ്മുടെ രാഷ്ട്ര പിതാവായ മഹാത്മാ ഗാന്ധിയായിരുന്നു.  സ്വയം പര്യാപ്തമായ  ഗ്രാമങ്ങളാണ് അദ്ദേഹത്തിന്റെ ഗ്രാമ സ്വരാജിലെ അടിസ്ഥാന ഘടകം.  നിയമ നിർമാണവും, നീതി നിർവഹണവും എല്ലാം ഇന്നിക്കുന്നതാണ് അദ്ദേഹത്തിന്റെ സങ്കല്പത്തിലെ സ്വയം പര്യാപ്ത ഗ്രാമങ്ങൾ.  പഞ്ചായത്തീ രാജ് നിലവിൽ വന്നാൽ മാത്രമേ, സ്വയം പര്യാപ്ത ഗ്രാമങ്ങളും, അതിലൂടെ  പൂർണമായ സ്വാതന്ത്ര്യവും നമുക്ക് ലഭിക്കുകയുള്ളു എന്ന് അദ്ദേഹം വിശ്വസിച്ചു. സ്വാതന്ത്ര്യത്തിനു ശേഷം ജവാഹർലാൽ നെഹ്രുവാണ്  പഞ്ചായത്തീരാജ് സംവിധാനം  നടപ്പിലാക്കുവാനുള്ള  നടപടികൾ സ്വീകരിച്ചത്.  1956  ൽ കൂടിയ ദേശീയ  വികസന കൗൺസിൽ  മീറ്റിംഗിൽ  പഞ്ചായത്തീരാജ് സംവിധാനത്തെക്കുറിച്ചു ചർച്ച ചെയ്യുകയും , നടപ്പിലാക്കുന്നത് സംബന്ധിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ ബൽവന്ത് റായ് മേഹ്ത്തയെ  നിയമിക്കുകയും ചെയ്തു.  1957 ൽ അദ്ദേഹത്തിന്റെ റിപ്പോർട്ട്  സമർപ്പിച്ചു. ജില്ലാതലം, ബ്ലോക്ക് തലം , ഗ്രാമ  തലം  എന്നിങ്ങനെ ത്രിതല പഞ്ചായത്തീരാജ് സംവിധാനം നടപ്പിലാക്കുവാൻ  അദ്ദേഹം ശുപാര്ശനല്കി. ഈ റിപ്പോർട്ടിന്റെ വെളിച്ചത്തിലാണ് വിവിധ സംസ്ഥാനങ്ങൾ പഞ്ചായത്തീരാജ് സംവിധാനം നടപ്പിലാക്കിയത്. എന്നാൽ ഭരണഘടനാപരമായ  സംരക്ഷണം ഇല്ലായിരുന്നതിനാൽ പല സംസ്ഥാനങ്ങളിലും, കൃത്യമായ തെരഞ്ഞെടുപ്പ് നടത്തുകയോ, അധികാര വികേന്ദ്രികരണം നടപ്പിലാക്കുവാനോ സാധിച്ചില്ല.

            1984 ൽ രാജീവ് ഗാന്ധി അധികാരത്തിൽ വന്നശേഷമാണ്  പഞ്ചായത്തീരാജ് സംവിധാനം പരിഷ്‌കരി ക്കുന്നതിനെ കുറിച്ച് കാര്യമായ ആലോചന തുടങ്ങിയത്.  1989  മെയ്  5 ന്  മുഖ്യമന്ത്രിമാരുടെ സമ്മേളനത്തിൽ പഞ്ചായത്തീരാജ് സംവിധാനം ശക്തിപ്പെടുത്തുന്ന കാര്യം അദ്ദേഹം അവതരിപ്പിച്ചു.  "കോടിക്കണക്കിന്  ഇന്ത്യാക്കാരുടെ  വീട്ടുപടിക്കൽ ജനാധിപത്യം  എത്തിക്കുന്ന വിപ്ലവമാണത്.  നമ്മുടെ ലക്ഷക്കണക്കിന് വരുന്ന പട്ടിക ജാതി പട്ടിക വർഗക്കാർക്കും  ഭാരതത്തിലെ വനിതകൾക്കും അവസരത്തിണ്റ്റെ വാതിൽ തുറന്നു കൊടുക്കുന്ന അവസരമാണിത്  എന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം തൻറ്റെ  പ്രസംഗം അവസാനിപ്പിച്ചത്. ഇക്കാര്യങ്ങളെല്ലാം  പരിഗണിച്ചാണ്  64 ആം ഭരണഘടനാ ബില്  പാർലമെന്റിൽ  അവതരിപ്പിച്ചത്. എന്നാൽ ഈ ബില്ലിനെ  ബി ജെ പി ക്കൊപ്പം ചേർന്ന് നിന്ന് ഇന്ത്യയിലെ സി പി എം  ഉൾപ്പെടെയുള്ള ഇടതുപക്ഷ  കക്ഷികൾ പാർലമെന്റിൽ വോട്ടിനിട്ട് തോൽപ്പിച്ച്.  രാജ്യസഭയിൽ ബില് പരാജയപ്പെട്ടത് വെറും 5  വോട്ടുകൾക്കായിരുന്നു.  പിന്നീട് 1993 ൽ  നരസിംഹ റാവു സർക്കാരാണ് 73,74  ഭരണഘടനാ ഭേദഗതികളിലൂടെ  പഞ്ചത്തിരാജ്,നഗരപാലിക   ബില്ലുകൾ പാസ്സാക്കി.  ഈ ബില്ലുകളിലൂടെയാണ് ത്രിതല പാഞ്ഞത് സംവിധാനം എല്ലാ സംസ്ഥാനങ്ങളിലും നടപ്പിലാക്കിയത്. പട്ടികജാതി/പട്ടിക വർഗ വിഭാഗങ്ങൾക്കും, വനിതകൾക്കും പഞ്ചായത്തീരാജിലൂടെ   മൂന്നിൽ ഒന്ന് സീറ്റുകളിൽ  സംവരണം  ഏർപ്പെടുത്താനും, അഞ്ചു വര്ഷം കൂടുമ്പോൾ കൃത്യമായി തെരഞ്ഞെടുപ്പ് നടത്തുവാനും, ജില്ലാ തലത്തിൽ ആസൂത്രണ കമ്മിറ്റകൾ രൂപീകരിക്കുവാനും അതിനായി സംസ്ഥാനതലത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷനെ യും,  പഞ്ചായത്തുകൾക്ക് കൂടുതൽ സാമ്പത്തിക അധികാരം നൽകുവാൻ സംസ്ഥാന ധനകാര്യ കമ്മീഷനെ നിയമിക്കുവാനുമുള്ള  വകുപ്പുകൾ  ഉൾപ്പെടുത്തിയാണ് ഭേദഗതികൾ പാസ്സാക്കിയത്. 
             1987 ൽ അധികാരത്തിൽ വന്ന നായനാർ സർക്കാർ ജില്ലാ കൗൺസിലുകൾ രൂപികരിച്ചു  ജില്ലാ തല ഉദ്യോഗസ്ഥർക്ക് നൽകിയ ചില അധികാരങ്ങൾ നൽകിയെങ്കിലും, അതൊക്കെ വെറും രാഷ്ട്രീയ അഭ്യാസങ്ങൾ മാത്രമായി. കാരണം, സംസ്ഥാന ഫണ്ടിൽ നിന്നും ഈ സ്ഥാപങ്ങൾക്കു ആവശ്യമുള്ള സാമ്പത്തിക സഹായം ലഭ്യമാക്കുന്നതിൽ നായനാർ സർക്കാർ പരാജയപ്പെട്ടു.
   
             കേന്ദ്ര നിയമത്തിന്റെ പശ്ചാത്തലത്തിലാണ്  1994  ഏപ്രിൽ 24  ആം തീയതി , രാവും പകലും   നിയമസഭാ ചേർന്ന് അനുബന്ധ നിയമം  കേരളത്തിൽ പാസ്സാക്കിയത്.  അന്ന് മുഖ്യമന്ത്രിയായിരുന്ന കെ.കരുണാകരനാണ്  ഈ നിയമം പാസ്സാക്കാൻ മുൻകൈ എടുത്തത്. കെ.കരുണാകരനെ തുടർന്ന് 1995 ൽ  അധികാരത്തിൽ  വന്ന എ.കെ. ആന്റണി  പഞ്ചായത്തീരാജ്, നഗരപാളിക നിയമ പ്രകാരം 1995  സെപ്റ്റംബറിൽ തെരഞ്ഞെടുപ്പ് നടത്തുകയും, കൂടുതൽ അധികാരങ്ങൾ  തദ്ദേശ  സ്വയംഭരണ സ്ഥാപനങ്ങൾക്ക് നൽകുകയും ചെയ്തു.  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക്  വികസനപ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിനായി  ചെലവഴിക്കുവാനായി  480  കോടി രൂപയും നൽകി.
               1996 ൽ  വീണ്ടും അധികാരത്തിൽ എത്തിയ  ഇ.കെ.നായനാരുടെ നേതൃത്വത്തിലുള്ള  ഇടതുപക്ഷ സർക്കാർ  യു .ഡി.എഫ്  സർക്കാർ നടപ്പിലാക്കിയ അധികാര വികേന്ദ്രികരണ നടപടികൾ അട്ടിമറിക്കാനായാണ് 1996 ൽ ജനകീയ ആസൂത്രണ  പദ്ധതി  ആവിഷ്കരിച്ചത്. ഇതനുസരിച്ചു ജനങ്ങളെ പങ്കെടുപ്പിക്കുന്നതിന്റ്റെ പേരിൽ  ആസൂത്രണ ബോര്ഡിന്  കീഴിൽ  ഒരു ജനകീയ  സമിതി  രൂപികരിച്ചുകൊണ്ട് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. രാഷ്ട്രീയ ഭേദമന്യേ എല്ലാവരെയും പങ്കെടുപ്പിച്ചുകൊണ്ട് താഴത്തെ തലത്തിൽ നിന്നുയർന്നു വരുന്ന ആവശ്യങ്ങളെ ആസ്പദമാക്കി സംസ്ഥാനത്തിന്റെ പദ്ധതി രൂപീകരിക്കുമെന്നാണ് പറഞ്ഞിരുന്നത്.ഇത് സദുദ്ദേശത്തോടെ ആണെന്ന ധാരണയിൽ യു ഡി ഫ് ഇതുമായി  തുടക്കത്തിൽ സഹകരിച്ചു. 
 എന്നാൽ സംഭവിച്ചത് മറിച്ചാണ്.  ജനപങ്കാളിത്തത്തിന്റെ പേര് പറഞ്ഞു, എല്ലായിടത്തും പാർട്ടി പ്രവർത്തകരെയും, അനുഭാവികളെയും കുത്തി നിറച്ചു. വർക്കിംഗ് ഗ്രൂപ്പുകൾ,  സാങ്കേതിക ഉപദേശ സമിതികൾ എന്നിവയിലെല്ലാം സി പി എം കാരെ കുത്തിനിറച്ചു. അതോടെ യു ഡി എഫ് ജനകീയാസൂത്രണത്തിനെതിരായി. അത് ധൂർത്തിനും അനാവശ്യ ചെലവുകൾക്കുമായാ ണ്  സി പി എം ഉപയോഗിച്ചത് . 2001  ലെയും 2011 ലെയും യും  തെരഞ്ഞെടുപ്പുകളിൽ   സംസ്ഥാനത്തു അധികാരത്തിൽ  വന്ന  യു ഡി എഫ് സർക്കാർ ജനകീയാസൂത്രണത്തിനു പകരം,  കേരള  വികസന പദ്ധതി കൊണ്ടുവന്നു.  യഥാർത്ഥ അധികാര വികേന്ദ്രികരണമാണ് യു ഡി എഫ് നടപ്പിലാക്കിയത്.  കൂടുതൽ അധികാരങ്ങളും, സാമ്പത്തിക  സഹായവും പഞ്ചായത്ത്-നഗര പാലിക  സ്ഥാപനങ്ങൾക്ക് നൽകി.  സംസ്ഥാന ധനകാര്യ കമ്മീഷൻ ശുപാർശകളും  യു ഡി എഫ് സർക്കാരുകൾ  നടപ്പിലാക്കി. 

തുടർന്ന് വന്ന  പിണറായി സർക്കാർ,  നവകേരള മിഷന്റെ കീഴിൽ രൂപീകരിച്ച  ലൈഫ്,ആദ്രം, ഹരിതകേരളം, വിദ്യാഭ്യാസം  എന്നിങ്ങനെയുള്ള  നാല്  മിഷനുകൾക്കു  കൂടുതൽ പ്രാധാന്യം നൽകി. തദ്ദേശ സ്ഥാപനങ്ങളുടെ അധികാരങ്ങളും, സാമ്പത്തിക സൗകര്യങ്ങളും  ഈ മിഷനുകൾക്കാണ് ഇടതു സർക്കാർ നൽകിയത്.    തദ്ദേശ സ്വയംഭരണ സ്ഥാപങ്ങളെ  നോക്കുകുത്തികളാക്കിമാറ്റുന്ന നയമാണ് ഇടതു സർക്കാർ പിന്തുടരുന്നത്.  2019-20  ൽ തദ്ദേശ സ്ഥാപങ്ങൾക്കു മീക്കിവച്ച തുകയിൽ 53.87 % മാത്രമേ  ചിലവഴിച്ചുള്ളൂ.  2020-21 ൽ    പദ്ധതി വിഹിതത്തിൽ നിന്നും 30 %
വെട്ടിക്കുറവ് ആദ്യമേ വരുത്തി.  അതിനു പുറമേ , മുൻ വർഷത്തെ ക്യാരി  ഓവർ ചെയ്ത  പണികൾക്കുള്ള  തുകയും കഴിഞ്ഞ വർഷത്തെ   പദ്ധതി വിഹിതത്തിൽ നിന്നാണ് എടുത്തത്.  സർക്കാരിന്റെ സാമ്പത്തിക  ബുദ്ധിമുട്ടു ഒഴിവാക്കാനായി തദ്ദേശ സ്വയംഭരണ സ്ഥാപങ്ങളുടെ  തനതു ഫണ്ട് വരുമാനം ട്രഷറിയിൽ  സൂക്ഷിക്കണമെന്ന ധനവകുപ്പിന്റെ നിർദേശം. നടപ്പിലാകുന്നതോടെ അധികാര വികേന്ദ്രികരണം അട്ടിമറിക്കപ്പെടുകയാണ്.സംസ്ഥാന സർക്കാർ നടപ്പിലാക്കേണ്ട പ്രളയം,   കോവിഡ്  പ്രതിരോധം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളിലും, തദ്ദേശ സ്ഥാപങ്ങൾക്കു തുകയൊന്നും നൽകാതെ, അവരുടെ ഫണ്ടിൽ നിന്നും ചെലവഴിക്കാനാണ് സർക്കാരിന്റെ നിർദേശം.  ഇങ്ങനെ എല്ലാ രീതികളിലും, തദ്ദേശ സ്ഥാപങ്ങളെ തകർക്കുന്ന  നിലപാടുമായി  മുന്നോട്ടുപോകുന്ന സംസ്ഥാന സർക്കാരിനു  അധികാര വികേന്ദ്രികരണത്തെക്കുറിച്ചു ഊറ്റം കൊള്ളാൻ ഒന്നുമില്ല.

പി.എസ്‌ .ശ്രീകുമാർ 
കൺവീനർ ,
കെ പി സി സി യുടെ  ഓഫീസർസ് ആൻഡ് സർവീസ് ഓർഗനൈസേഷൻസ് സെൽ 



                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                















 













.

Saturday, 18 September 2021

                          ഭക്ഷ്യ ക്ഷാമത്തിൽ    ശ്രീലങ്ക

പി.എസ് .ശ്രീകുമാർ  


ദ്വീപ് രാജ്യമായ  ശ്രീലങ്ക  രൂക്ഷമായ  ഭക്ഷ്യ ക്ഷാമത്തിൻറ്റെ  പിടിയിലാണ്. ഭക്ഷ്യ വസ്തുക്കളുടെ  ശേഖരം പൊതുവിപണിയിൽ  ക്രമാതീതമായി കുറയുകയും, ഉള്ളവക്ക് അമിത നിരക്ക് കൊടുക്കേണ്ട സാഹചര്യവുമാണ് അവിടെ നിലനിൽക്കുന്നത്.പാൽപ്പൊടി, പഞ്ചസാര, മണ്ണെണ്ണ തുടങ്ങിയ അവശ്യ വസ്തുക്കളുടെ ദൗർലഭ്യം ജനങ്ങളെ വല്ലാതെ ബുദ്ധിമുട്ടിലും കഷ്ടപ്പാടിലുമാക്കിയ സാഹചര്യത്തിലാണ്  ഓഗസ്റ്റ് 31  ന്  ശ്രീലങ്കൻ സർക്കാർ  സാമ്പത്തിക അടിയന്തിരാവസ്ഥ  പ്രഖ്യാപിച്ചത്.  ചില നിക്ഷിപ്ത താല്പര്യക്കാരായ  കച്ചവടക്കാർ ഭക്ഷ്യ വസ്തുക്കൾ കരുതിക്കൂട്ടി പൂഴിത്തിവച്ച ശേഷം കൃത്രിമ ക്ഷാമം സൃഷ്ടിക്കുകയാണെന്നാണ്  സർക്കാർ ആരോപിക്കുന്നത്.  ഈ പ്രതിസന്ധി തരണം ചെയ്യാൻ സൈന്യത്തോട് ആവശ്യപ്പെട്ട  പ്രസിഡന്റ ഗോതബയ്യ  രജപക്സെ, പൂഴ്ത്തിവച്ച ഭക്ഷ്യ വസ്തുക്കൾ പിടിച്ചെടുത്തു  പൊതുവിതരണ സമ്പ്രദായത്തിലൂടെ  വിതരണം ചെയ്യുവാൻ  ഒരു മുൻ ആർമി മേജർ ജനറലിനെ ചുമതലപ്പെടുത്തി.   

പണ്ടേ ദുർബല 

പണ്ടേ ദുർബല, പിന്നെ ഗർഭിണി എന്ന അവസ്ഥയിലാണ് ശ്രീലങ്ക ഇപ്പോൾ. കോവിഡ്  വ്യാപനത്തിനു  മുമ്പ് തന്നെ ശ്രീലങ്ക സാമ്പത്തികമായി ബുദ്ധിമുട്ടിലായിരുന്നു.    2020  മാർച്ച് 6 നായിരുന്നു  കോവിഡ്  കേസ് അവിടെ  ആദ്യം കണ്ടെത്തിയത്. ഇപ്പോൾ ലങ്ക കോവിടിന്റ്റെ  നാലാം തരംഗത്തിലെത്തിനിൽകുന്നു.  രണ്ടു കോടി ഇരുപതു ലക്ഷം  ആണ്  ജനസംഖ്യ.  ഇതിനോടകം  അഞ്ചുലക്ഷം   ലക്ഷം പേർക്ക്  കോവിഡ്  ബാധിച്ചു.   ഒരാഴ്ചത്തെ  ശരാശരി പുതിയ കേസുകൾ   മൂവ്വായിരത്തിനടുത്തും . ശരാശരി  പ്രതിദിന മരണ നിരക്ക്  നൂറിന്  മുകളിലുമാണ് . ചൈനയുടെ സഹായത്തോടെ  വാക്‌സിനേഷൻ  വേഗത്തിൽ നടപ്പിലാക്കുവാൻ ശ്രീലങ്കക്ക് കഴിയുന്നുണ്ട്.  സെപ്തംബര് രണ്ടാം വാരത്തോടെ 48  ശതമാനം പേർക്ക് രണ്ടു ഡോസ് വാക്‌സിൻ നൽകി.  ഒരു വാക്‌സിൻ എടുത്തവർ അറുപതു ശതമാനത്തോളം വരും. എന്നിട്ടും കോവിടിന്റ്റെ  വ്യാപനം കുറഞ്ഞിട്ടില്ല. അതിനാൽ രാജ്യം  ഇപ്പോഴും ലോക്ക് ഡൗണിലാണ് . ലോക്ക് ഡൌൺ നീണ്ടുപോകുന്നതും ഉത്പ്പാദന മേഖലയെയും സാമ്പത്തിക രംഗത്തെയും  ആകെ ബാധിച്ചിരിക്കുകയാണ്.

ഉദ്പാദന മേഖല സ്തംഭിച്ചു 

തേയില, റബ്ബർ , സുഗന്ധവ്യഞ്ജനങ്ങൾ, തുണിത്തരങ്ങൾ എന്നിവയാണ് പ്രധാന വ്യവസായങ്ങൾ.  ഏകദേശം അഞ്ചു ലക്ഷം പേര് തേയില വ്യവസായവുമായി നേരിട്ട്  ബന്ധപ്പെട്ടു ജീവിക്കുന്നു. നേരിട്ടും പരോക്ഷമായും മുപ്പതു ലക്ഷത്തോളം ആളുകളുടെ ജീവനോപാധി  ഈ വ്യവസായവുമായി ബന്ധപ്പെട്ടിരിക്കുന്നു. രാജ്യമൊട്ടാകെ അറുന്നൂറോളം  തേയില ഫാക്ടറികളാണ് ഉള്ളത്. കോവിഡ്  വ്യാപനത്തോടെ തേയില  ഉത്പ്പാദനം കുറഞ്ഞു. ലോക്ക് ഡൌൺ കൂടി പ്രഖ്യാപിച്ചതോടെ  തേയില ഫാക്ടറികളിലും തൊഴിലാളികളെ പിരിച്ചുവിടേണ്ടി വന്നു. റബര് ഉത്പ്പാദനം കുറഞ്ഞത് ആ മേഖലയിലും സാമ്പത്തിക പ്രതിസന്ധി ഉണ്ടാക്കി.

ശ്രീലങ്കയുടെ പ്രധാന ഭക്ഷ്യോത്പാദനം  അരിയാണ്.പ്രതിവർഷം മൂന്നു മുതൽ നാല്  ദശ ലക്ഷം   മെട്രിക്  ടൺ  അരിയാണ്  ഉപയോഗിക്കുന്നത്. എന്നാൽ  ആവശ്യമുള്ളതിന്റെ  അറുപതു ശതമാനം മാത്രമാണ് ഉദ്‌പാദനം. ബാക്കിവരുന്നത്  ഇന്ത്യയിൽ നിന്നും ഇറക്കുമതി ചെയ്യുകയാണ്. ഏകദേശം 20  ലക്ഷത്തോളം, നെൽകൃഷിക്കാരാണ് ഉള്ളത്.   മൊത്തം തൊഴിലാളികളുടെ  27  ശതമാനത്തോളം  പേർ  കർഷക തൊഴിലാളികളാണ്.    കാബ്ബേജ്, കാരറ്റ്,ബീറ്റ്റൂട്ട്;കോളിഫ്ലവർ ,  തക്കാളി, ക്യാപ്സിക്കും, പഴവർഗങ്ങൾ  എന്നിവയാണ് പ്രധാന കാര്ഷികോല്പന്നങ്ങൾ.   കോവിഡിന് മുമ്പുള്ള  കാലഘട്ടത്തിൽ, പച്ചക്കറികൾ  ഗൾഫ് നാടുകളിലേക്ക് കയറ്റുമതി  ചെയ്തു വിദേശ നാണ്യം നേടിയിരുന്നു. എന്നാൽ  അതെല്ലാം അവതാളത്തിലായി.

വിനോദ സഞ്ചാര മേഖല തളർന്നു

തേയിലക്കു  പുറമെ, ശ്രീ ലങ്കയുടെ ഒരു   പ്രധാന  വിദേശ നാണ്യ സ്രോതസ്   വിനോദ സഞ്ചാര മേഖലയാണ്. മൊത്തം  ആഭ്യന്തര ഉത്പ്പാദന വളർച്ച നിരക്കിന്റെ  10  ശതമാനം  ഈ മേഖലയുടെ സംഭാവനയാണ്.  എന്നാൽ, 2019  ലെ  ഈസ്റ്റർ ദിവസം നടന്ന തീവ്രവാദി ആക്രമണത്തിന് ശേഷം  വിനോദ സഞ്ചാരികൾ  ശ്രീലങ്കയെ ഒഴിവാക്കി തുടങ്ങി.   ആക്രമണത്തിൽ  കൊല്ലപ്പെട്ട  267  പേരിൽ   45  പേർ  വിദേശികളായിരുന്നു.കൊറോണ വ്യാപനം കൂടി വന്നതോടെ വിനോദ സഞ്ചാര വ്യവസായം  കുത്തനെ ഇടിഞ്ഞു.   ഈ  മേഖലയിൽ നിന്നുമുള്ള  വരുമാനം 2018 ൽ 4.3 ബില്യൺ ഡോളറും ,   2019 ൽ  3.6  ബില്യൺ ഡോളറും  ആയിരുന്നത്   2020  ൽ  0.50   ദശ ലക്ഷം   ഡോളർ ആയി കുറഞ്ഞു. വിദേശ രാജ്യങ്ങളിൽ നിന്നുമുള്ള  പ്രവാസികളുടെ വരുമാനവും  കുറഞ്ഞു. ഇതിന്  അനുബന്ധമായി  വിദേശ നിക്ഷേപവും വളരെയേറെ കുറഞ്ഞു.  അതോടെ  സെൻട്രൽ ബാങ്കിന്റെ പക്കൽ ഉണ്ടായിരുന്ന  വിദേശനാണ്യ ശേഖരം ഗണ്യമായി കുറഞ്ഞു. ഇപ്പോഴത്തെ സ്ഥിതി അനുസരിച്ചു രണ്ടു മാസത്തെ   ഇറക്കുമതിക്കാവശ്യമായ വിദേശനാണ്യ  ശേഖരം മാത്രമേ ഇപ്പോൾ സെൻട്രൽ ബാങ്കിന്റെ കൈവശം ഉള്ളു.  സമ്പദ്  വ്യവസ്ഥയിലെ പാളിച്ച  ശ്രീലങ്കൻ രൂപയുടെ വിലയിടിവിനും ഇടയാക്കി. ഒരു അമേരിക്കൻ ഡോളറിന്റെ വിനിമയ നിരക്ക്  200  ശ്രീലങ്കൻ രൂപയായി കുറഞ്ഞു.

അശനിപാതമായി ജൈവ കൃഷിയും 

സമ്പദ്‌വ്യവസ്ഥ  മോശമായ  സാഹചര്യത്തിൽ നിൽക്കുമ്പോഴാണ്  ഇക്കഴിഞ്ഞ ഏപ്രിൽ 29 ന്  രാജ്യം സമ്പൂർണ ജൈവ കൃഷിയിലേക്ക്  മാറുവാൻ  പ്രസിഡന്റ ഗോതബയ്യ  ഉത്തരവിറക്കിയത്. പ്രധാന കാർഷിക-നാണ്യ വിളകളായ നെൽകൃഷി, തേയില, റബ്ബർ, പച്ചക്കറികൾ തുടങ്ങിയവയുടെ  തൊണ്ണൂറു ശതമാനവും   രാസവളം  ഉപയോഗിച്ചാണ് കൃഷി ചെയ്യുന്നത്. സർക്കാർ തീരുമാനം വന്നതോടെ രാസവളങ്ങളുടെ ഇറക്കുമതിയും നിർത്തി. കാർഷിക ഉദ്‌പാദനത്തെ    സർക്കാരിന്റെ പുതിയ നയം ദോഷകരമായി ബാധിചു . തേയില ഉദ്‌പാദനം,   ഒക്ടോബറിൽ ആരംഭിക്കുന്ന സീസണിൽ  പകുതിയായി കുറയുമെന്നാണ് തേയില ഉദ്പാദക സംഘടന  കണക്കാക്കിയിരിക്കുന്നത് . സർക്കാരിന്റെ പുതിയ നയം നടപ്പിലാക്കിയതോടെ   ഭക്ഷ്യ വസ്തുക്കളുടേയും   വളങ്ങളുടേയുമൊക്കെ വില ക്രമാതീതമായി ഉയരുവാൻ തുടങ്ങി. പഞ്ചസാരയുടെവില കിലോക്ക് 200  ശ്രീലങ്കൻ രൂപയായി. അരി,  തേയില, മണ്ണെണ്ണ,  പാചകവാതകം തുടങ്ങി എല്ലാ ആവശ്യവസ്തുക്കളുടെയും വില ഉയർന്നു. പണപ്പെരുപ്പം ദശാബ്ദങ്ങൾക്ക്  ശേഷം 6 ശതമാനമായി വർധിച്ചു. 

              ഈ ഒരു പശ്ചാത്തലത്തിലാണ് ശ്രീലങ്കയുടെ വിദേശകടബാധ്യത ചർച്ചയാവുന്നതു. ഇപ്പോഴത്തെ വിദേശകടം 35.1 ബില്യൺ  അമേരിക്കൽ ഡോളറാണ്.  ചൈനയിൽ നിന്നുമാണ് ഏറ്റവും കൂടുതൽ  തുക ശ്രീലങ്ക വാങ്ങിയിട്ടുള്ളത്.  മറ്റ്  വിദേശരാജ്യങ്ങളിൽ നിന്നും  നൽകുന്ന കടവുമായി താരതമ്യം ചെയ്യുമ്പോൾ  ചൈന ഈടാക്കുന്നത് ഉയർന്ന പലിശനിരക്കാണ്. ഹംബെന്ടോട്ട  തുറമുഖവും വിമാനത്താവളവും, കൊളംബോ തുറമുഖം , ദേശിയ പാതകൾ തുടങ്ങിയ വൻ വികസന   പദ്ധതികൾക്ക്   കടം വാങ്ങിയിരിക്കുന്നത്  ചൈനയിൽ നിന്നുമാണ്.  ഹംബെന്ടോട്ട  തുറമുഖ പദ്ധതിക്ക്‌  എടുത്ത 1.12  ബില്യൺ ഡോളർ  കടം തിരിച്ചടക്കാൻ ബുദ്ധിമുട്ടിയപ്പോൾ,   ആ തുറമുഖവും അതിനോട് ചേർന്നുള്ള 1500  എക്കർ  സ്ഥലവും 99  വർഷത്തേക്ക് ചൈനക്ക്  പാട്ടത്തിന്  കൊടുക്കേണ്ടിവന്നു.  ഇതുവരെ എടുത്തിട്ടുള്ള കടം തിരിച്ചടക്കുന്നതിനു  ഈ  വര്ഷം ശ്രീലങ്കക്ക് ആവശ്യമുള്ളത്  3.7 ബില്യൺ ഡോളറാണ്. അതിൽ  1.3 ബില്യൺ ഡോളർ അവർ അടച്ചു.  ബാക്കി ഇനിയും അടക്കാനുണ്ട്. മനുഷ്യാവകാശവുമായി ബന്ധപ്പെട്ട പല നിബന്ധനകളും ഉള്ളതിനാൽ ലോക ബാങ്കിന്റെതുൾപ്പെടെയുള്ള അന്തർദേശീയ  ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും  കടമെടുക്കാൻ ശ്രീലങ്ക മടിച്ചുനിൽക്കുകയാണ്.  ഈ അവസരമാണ് ചൈന ഉപയോഗിച്ചുകൊണ്ടിരിക്കുന്നതു.  ഈ വര്ഷം 1.5 ബില്യൺ ഡോളർ ധനസഹായം  ചൈന നൽകിക്കഴിഞ്ഞു. ഇന്ത്യയോടും, ബംഗ്ലാദേശിനോടും ധനസഹായം ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ,  ചൈനയുമായുള്ള ശ്രീലങ്കയുടെ ബന്ധത്തിന്റെ പേരിൽ,  ഇന്ത്യ ഇതുവരെയും സമ്മതം മൂളിയിട്ടില്ല. മറ്റു രാജ്യങ്ങൾ  സാമ്പത്തിക സഹായം  നൽകുന്നില്ലെങ്കിൽ ,   ശ്രീലങ്കൻ സർക്കാർ  ചൈനയുടെ കരവലയത്തിൽ കൂടുതൽ അമരനാണ് സാധ്യത. 

പി .എസ് .ശ്രീകുമാർ 

98471  73177 









Sunday, 12 September 2021

                    ഭീകരതക്കെതിരായ യുദ്ധവും  അമേരിക്കയും 



പി.എസ് .ശ്രീകുമാർ 

യേശു ക്രിസ്തുവിനു മുമ്പും പിമ്പും  എന്ന കാലഗണന പോലെയാണ്, 9/ 11 നു മുമ്പും പിൻപും.  ഇന്ത്യ ഉൾപ്പെടെയുള്ള പല രാജ്യങ്ങളും   9/ 11 നു മുമ്പും ഭീകരാക്രമണങ്ങൾക്കു  വിധേയമായിട്ടുണ്ടെങ്കിലും  ഭീകരാക്രമണങ്ങളുടെ തീക്ഷ്‌ണത  അമേരിക്കയും പാശ്ചാത്യ രാജ്യങ്ങളും  അറിഞ്ഞിരുന്നില്ല.     ഇതിന്റെ   നിർദയത്വവും , ക്രൂരതയും അവർ  മനസ്സിലാക്കിയത്,   2001  സെപ്റ്റംബർ  9 നു അമേരിക്കയിൽ നടന്ന ഭീകരാക്രമണങ്ങളോടെയായിരുന്നു. 90   രാജ്യങ്ങളിൽനിന്നുമുള്ള  നിരപരാധികളായ 2997  ആളുകളാണ്  അന്ന്  അവിടെ  നടന്ന നാലു വ്യത്യസ്‌ത  ഭീകരാക്രമണങ്ങളിൽ കൊല്ലപ്പെട്ടത്. അമേരിക്കൻ പൗരന്മാരായ 2605  പേരും, മറ്റു രാജ്യങ്ങളിൽനിന്നുമുള്ള 372  പേരും കൊല്ലപ്പെട്ടു.    ഭീകരർ തട്ടിയെടുത്ത വിമാനങ്ങൾ ഇടിപ്പിച്ചു തകർത്ത  ലോക  വാണിജ്യ  കേന്ദ്രത്തിന്റെ ഇരട്ട മന്ദിരത്തിൽ  മാത്രം കൊല്ലപ്പെട്ടത് 2606 പേരായിരുന്നു. ഈ ആക്രമണത്തിൽ  19  ഭീകരരും കൊല്ലപ്പെട്ടു. ലോകത്തിലെ ഒരു ശക്തിക്കും എത്തിനോക്കാൻ പോലും സാധിക്കില്ലെന്ന് വിശ്വസിച്ചിരുന്നതും അത്രമാത്രം സുരക്ഷിതമെന്നും കരുതപെട്ടിടുന്നതുമായ   അമേരിക്കയുടെ സൈനിക  രഹസ്യങ്ങളുടെ കലവറയായ   പെന്റഗണിൽ  125  പേരാണ് കൊല്ലപ്പെട്ടത്.   ലോക പോലീസ് ചമഞ്ഞ  അമേരിക്കയുടെ  ആത്മാഭിമാനമാണ്   ഇവിടെ ചോദ്യം ചെയ്യപ്പെട്ടത്.  ഈ സംഭവത്തോടെ  ഭീകര പ്രവർത്തനത്തിനെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാൻ  അമേരിക്ക നിർബന്ധിതമായി.  ആക്രമങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുത്ത അൽ- ഖയ്‌ദയുടെ  സ്ഥാപകനും മുഖ്യ ആസൂത്രകനുമായ  ഉസാമ ബിൻ ലാദനെ വിട്ടുനൽകാൻ അഫ്ഘാനിസ്ഥാൻറ്റെ  ഭരണം പിടിച്ചെടുത്ത താലിബാനോട്  പ്രസിഡന്റ ബുഷ്  ആവശ്യപ്പെട്ടെങ്കിലും, ലാദനെ വിട്ടുനൽകാൻ താലിബാൻ  വിസമ്മതിച്ചു.  അതോടെയാണ്  ഭീകരതക്കെതിരെ  യുദ്ധം അൽ -ഖൈദക്  എതിരെ  ആരംഭിക്കുന്നുവെന്ന്  പ്രഖ്യാപിച്ചുകൊണ്ട്  അമേരിക്കയുടെയും  സഖ്യ കക്ഷികളുടെയും  സൈന്യം 2001  ഒക്ടോബറിൽ  അഫ്ഘാൻ മണ്ണിൽ കാലുകുത്തുന്നത്.  ആഗോളാടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ഭീകര സംഘടനകളെ കണ്ടെത്തി,  പരാജയപ്പെടുത്തുമെന്ന്  ദൃഢപ്രതിഞ്ജ എടുത്തുകൊണ്ടാണ്   താലിബാൻ ഭരണകൂടത്തെ പുറത്താക്കാനുള്ള  സൈനിക നടപടികൾക്ക് തുടക്കം കുറിച്ചത്.    ഇരുപതു വർഷങ്ങൾക്കിപ്പുറം ഓഗസ്റ്റ് 30 ന്   അഫ്ഘാൻ മണ്ണിൽ നിന്നും അവസാന സൈനികനേയും  പിൻവലിച്ചു കഴിഞ്ഞപ്പോൾ  സ്വാഭാവികമായി ഉയരുന്ന ചോദ്യം, കഴിഞ്ഞ  രണ്ട്  പതിറ്റാണ്ടുകൊണ്ട്,   ഭീകരതക്കെതിരെയുള്ള യുദ്ധത്തിൽ എന്താണ് അമേരിക്ക നേടിയെന്നതാണ്?
താലിബാൻ അധികാരത്തിനു പുറത്താകുന്നു 

ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ തന്നെ  താലിബാനെ ഭരണത്തിൽ നിന്നും നിഷ്കാസിതമാക്കുവാനും, നിരവധി അൽ-ഖായിദ  ഭീകരരെ  വധിക്കുവാനും അമേരിക്കക്കു  കഴിഞ്ഞു.  കെനിയയിലെയും, ടാൻസാനിയായിലെയും  അമേരിക്കൻ എംബസ്സികൾക്കു നേരെ ഉണ്ടായ  ബോംബ് ആക്രമണങ്ങൾക്കു ചുക്കാൻ പിടിച്ച അൽ-ഖായിദ ഭീകരരെ ഉൾപ്പെടെ വധിക്കുവാനും അവരുടെ അഫ്ഘാനിസ്താനിലെ  ശൃംഖല പൊട്ടിക്കുവാനും  കഴിഞ്ഞു.  പത്തു  വർഷങ്ങൾക്ക്  ശേഷമാണെങ്കിലും   പാകിസ്താനിലെ, അബോട്ടാബാദിൽ താമസിച്ചിരുന്ന ബിൻ ലാദനെ  അമേരിക്കൻ നേവിയുടെ  പ്രത്യേക സേനാവിഭാഗം  2011  മേയിൽ , അയാൾ താമസിച്ചിരുന്ന ഒളിസങ്കേതത്തിൽ വച്ച്  വധിച്ചു.  എന്നാൽ അഫ്‌ഗാനിൽ ഛിന്നഭിന്നമായ അൽ-ഖായിദ  മറ്റു രാജ്യങ്ങളിൽ അതിന്റെ പ്രവർത്തനം ആരംഭിച്ചു.   അമേരിക്കയുടെ ഇറാക്ക്  അധിനിവേശത്തിനു ശേഷം ,  അൽ-ഖായ്ദ ഇറാക്ക് രൂപികരിച്ചു പ്രവർത്തനം ആരംഭിക്കുവാൻ  അബു മുസാബ് അൽ-സർക്കാവിക്കു കഴിഞ്ഞു.  2006 ൽ സർകാവിയെ അമേരിക്ക വധിച്ചു.  തിരിച്ചടി നേരിട്ട അൽ-ഖായിദ ,  കുറെ വര്ഷങ്ങള്ക്കു ശേഷം , അബു ബക്കർ  ബാഗ്‌ദാദിയുടെ   നേതൃത്വത്തിൽ  ഇസ്ലാമിക സ്റ്റേറ്റ് ഓഫ് ഇറാക്ക് ആൻഡ് സിറിയ രൂപികരിച്ചു  ശക്തി പ്രാപിച്ചു. ബിൻ ലാദൻറ്റെ  പിന്തുടര്ച്ചക്കാരനായി വന്ന അയ്മാൻ  അൽ-സവാഹിരി  സവാഹിരിയുമായി തെറ്റി പിരിഞ്ഞു.  ബാഗ്‌ദാദിയുടെ  നേതൃത്വം അംഗീകരിച്ച ഭീകര വാദികൾ  സിറിയയിലെ റാക്ക, ഇറാക്കിലെ മൊസൂൾ, ഫലൂജ തുടങ്ങിയ സ്ഥലങ്ങൾ പിടിച്ചെടുത്ത്‌  ശക്തി തെളിയിച്ചു. അവരെ എതിർക്കുന്നവരെ   അതി ക്രൂരമായി കൊ ല ചെയ്ത ഐസിസ്  ചുരുങ്ങിയ കാലത്തിനുള്ളിൽ ഏറ്റവും ക്രൂരമാ യ  ഭീകര പ്രസ്ഥാനമായി മാറുന്ന കാഴ്ചയാണ് നാം പിന്നീട് കാണുന്നത്. ഒടുവിൽ  അമേരിക്കയും, സിറിയയും, ഇറാ ക്കും,  ഇറാനും,  റഷ്യയും  പരോക്ഷമായിട്ടാണെങ്കിൽകൂടിയും,   യോജിച്ചു അണിനിരന്നത്തിനു ശേഷമാണ്   ഐസിസിനെ ഇറാക്കിലും, സിറിയയിലും  പരാജയപ്പെടുത്തിയതും , ബാഗ്‌ദാദിയെ  കൊലപ്പെടുത്തിയതും.

രൂപമാറ്റം വന്ന വൈറസ്പോലെ  ഭീകര സംഘടനകൾ 

 2001 ൽ അഫ്‌ഗാനിസ്ഥാനിൽ  അമേരിക്ക എത്തുമ്പോൾ, അൽ -ഖായിദ യുടെ പ്രവർത്തനങ്ങൾ  ഏതാണ്ട് പൂർണമായും  അഫ്‌ഗാൻ  കേന്ദ്രികരിച്ചായിരുന്നു. എന്നാൽ , ഭീകരതക്കെതിരെ യുദ്ധം പ്രഖ്യാപിച്ചുകൊണ്ട് താലിബാനെ ഭരണത്തിന് പുറത്താക്കുകയും , അൽ-ഖായിദ  യുടെ പ്രവർത്തനങ്ങൾക്ക്  വിഘാതം സൃഷ്ടിക്കുകയും ചെയ്തപ്പോൾ, അവർ പ്രവർത്തനം നടത്തിയത് ഒളിവിൽ ഇരുന്നായിരുന്നു.  മാത്രമല്ലാ ,  മധേഷ്യയിലെ  വിവിധ ഭാഗങ്ങളിൽ അവർ പ്രാദേശികമായി സംഘടിച്ചു പ്രവർത്തനം ആരംഭിച്ചു.  ഇസ്ലാമിക സ്റ്റേറ്റിന്റെ രൂപീകരണത്തോടെ, ഈ പ്രാദേശിക  യൂണിറ്റുകൾ  ഐ എസ്സിന്റെ ഭാഗമായി മാറി.  2014 ൽ ബാഗ്‌ദാദിയെ എമിർ ആയി പ്രഖ്യാപിച്ചുകൊണ്ട് ,   ഇറാക്കും സിറിയയും ഉൾപ്പെട്ട കാലിഫേറ്റ്  രൂപികരിച്ചതോടെ  ഐസിസ് എല്ലാവരും ഭയക്കുന്ന ഭീകര സംഘടനയായി മാറുകയായിരുന്നു. ഐസിസിന്റെ  ഫത്‌വ  ലംഘിക്കുന്നവരെയും, ഇതര മതസ്ഥരെയും  കണ്ണിൽ ചോരയില്ലാതെ  കഴുത്തറുത്ത്‌  കൊന്ന  ശേഷം, മറ്റുള്ളവർക് ഒരു താക്കീതെന്ന നിലയിൽ  അതിന്റെ വീഡിയോ എടുത്തു പ്രചരിപ്പിക്കാൻ അവർ മടിച്ചില്ല. അമേരിക്കയുടെയും, റഷ്യയുടെയും, ഇറാന്റെയും  ഉൾപ്പെടെയുള്ള സൈനിക ശക്തികൾക്ക് മുമ്പിൽ  ഐസിസിന്റെ പ്രവർത്തനം   മധ്യേഷ്യയിൽ  തകർന്നപ്പോൾ, മറ്റുരാജ്യങ്ങളിൽ  പ്രാദേശിക  യൂണിറ്റുകൾ രൂപീകരിച്  അവരുടെ പ്രവർത്തനം ഐസിസ് വികേന്ദ്രികരിചു.  പശ്ചിമ  ആഫ്രിക്കയിലെ പ്രവർത്തനങ്ങൾക്കായി നൈജീരിയ  കേന്ദ്രീകരിച്ചു  ആദ്യം ബോക്കോ ഹറാം രൂപീകരിച്ചു. പിന്നീട് ഇത്   Islamic  State  West Africa  Province [ISWAP ] എന്നു പേര് മാറ്റി. പശ്ചിമ ആഫ്രിക്കയിലെ വിവിധ രാജ്യങ്ങൾ കേന്ദ്രീകരിച്‌   നിരവധി ആക്രമണങ്ങൾ നടത്തി നിരപരാധികളായ  ഒട്ടേറെ ആളുകളെ അവർ കൊലപ്പെടുത്തി.  സ്കൂളുകളിൽ അതിക്രമിച്ചു കടന്നു നൂറ്കണക്കിന് പെൺകുട്ടികളെ ഇവർ തട്ടിക്കൊണ്ടു പോയി ലൈംഗിക അടിമകളാക്കി. മറ്റൊരു ശക്തമായ പ്രാദേശിക ഘടകം ഐ എസ്  ഖൊറാസനാണ്.  കിഴക്കൻ അഫ്ഘാനിസ്താനും   പാക്കിസ്ഥാനും കേന്ദ്രീകരിച്ചാണ് ഈ ഘടകം രൂപീകരിച്ചത്. അൽ-ഖായിദയിൽനിന്നും, പാക്കിസ്ഥാൻ താലിബാനിൽ നിന്നും  പോയവരാണ് ഐ.എസ്  ഖോരനിൽ ചെന്ന് പ്രവർത്തിച്ചു തുടങ്ങിയവയിൽ ഏറെയും.   അഫ്‌ഗാനിസ്ഥാനിലും , പാകിസ്താനിലുമായി നടത്തിയ സ്ഫോടനങ്ങളിലൂടെ നിരവധി ആളുകളെയാണ് ഇവർ കൊലപ്പെടുത്തിയത്.  അമേരിക്കൻ സൈനികരുടെ പിന്മാറ്റത്തിനിടക്ക്  കഴിഞ്ഞ  ഓഗസ്റ്റ് 26 ന്  കാബൂൾ വിമാനത്താവളത്തിൽ സ്ഫോടനം നടത്തിയത് ഇവരാണ്. അഫ്‌ഗാനിൽ നിന്നും മറ്റു രാജ്യങ്ങളിലേക്ക് കുടിയേറാൻ തയ്യാറായി  വിമാനത്താവള പരിസരത്തു  നിന്ന  നിരപരാധികളായ ഇരുന്നൂറോളം ആളുകളായിരുന്നു  അന്ന് നടന്ന സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടത്.   ഇതിനു പുറമെ  ലിബിയ, ഈജിപ്ത്, യമൻ, ഫിലിപ്പൈൻസ്, സൊമാലിയ, ടുണീഷ്യ, ബുർക്കിനോ ഫാസോ, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളിലും, ശക്തമായിട്ടല്ലെങ്കിൽ പോലും,   ഐ എസ്സിന്റെ സാന്നിധ്യവും പ്രവർത്തനവും  ഉണ്ട്. 
അൽ-ഖായിദ ക്കെതിരെ  പ്രസിഡന്റ് ബുഷ് പ്രഖ്യാപിച്ച ഭീകര വിരുദ്ധ യുദ്ധത്തിനായി രണ്ട്  ട്രില്ല്യൻ  ഡോളറാണ് അമേരിക്ക  ഇരുപതു വര്ഷം കൊണ്ട് ചെലവാക്കിയത്.   കഴിഞ്ഞ രണ്ട്  ദശാബ്ദങ്ങൾക്കുള്ളിൽ   വേറെ ഭീകരാക്രമണങ്ങളൊന്നും  അമേരിക്കൻ മണ്ണിൽ നടന്നിട്ടില്ലെന്ന് അവർക്കു ആശ്വസിക്കാം . എന്നാൽ   രൂപമാറ്റം വന്ന  കോവിഡ്  പോലെ  രൂപമാറ്റം വന്നു കൂടുതൽ മാരകമായ  ഭീകര സംഘടനകൾ ഇന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ   നിലവിലുണ്ട് എന്നത്   ലോക ജനതയ്ക്ക് ഒരു ഭീഷണിയായി  മാറിയിട്ടുണ്ട്.  

പി.എസ്‌  ശ്രീകുമാർ 
98471 73177 














Sunday, 5 September 2021

        ആനിരാജ   അസ്ത്രം തൊടുത്തത്  പിണറായിയെ ലക്‌ഷ്യം വച്ച് 

പി.എസ് .ശ്രീകുമാർ 

കേരളത്തിലെ പോലീസ് സേനയിൽ  ആർ എസ് എസ്  ഗാങ്  ഉണ്ടെന്ന  സി പി ഐ  ദേശീയ നേതാവും  സി പി ഐ ദേശീയ സെക്രട്ടറി  ഡി.രാജയുടെ ഭാര്യയുമായ  ആനി രാജയുടെ പ്രസ്താവന  വലിയ വിവാദമായി മാറിയിരിക്കുകയാണല്ലോ.   പിണറായിയെ  പേടിയുള്ള  സംസ്ഥാന സി പി ഐ  സെക്രട്ടറി  കാനം  രാജേന്ദ്രൻ  ഉടൻ തന്നെ ആനി രാജയെ തള്ളി പ്രസ്താവന ഇറക്കി.     വസ്തുതകൾ വിലയിരുത്തി  വിവേകപൂർവം  സംസാരിക്കുന്ന അപൂർവം ദേശീയ നേതാക്കളിൽ ഒരാളാണ് ആനിരാജ. കഴിഞ്ഞ അഞ്ചുവർഷമായി  ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്നത്  പിണറായിവിജയനാണെന്ന്   അറിയാതെയല്ലല്ലോ  അവർ ഈ പ്രസ്താവന നടത്തിയത്. സമൂഹത്തിന്റെ  പരിഛേദമാണ്  പോലീസ് സേനയും. സമൂഹത്തിൽ ഉള്ളതുപോലെ  മാർക്സിസ്റ്റ് പാർട്ടിയിലും കോൺഗ്രസിലും, ആർ എസ്‌ എസ്‌  തുടങ്ങി  വിവിധ രാഷ്ട്രീയ, സാമൂഹ്യ ചിന്താഗതി ഉള്ളവർ  പോലീസിലും  കാണുമെന്നതിൽ സംശയമില്ല. ഏതുസേനയായാലും അതാതു സർക്കാരിന്റെ  നയത്തിനനുസരിച്ചായിരിക്കും പ്രവർത്തിക്കുക.  പൊലീസിലെ രാഷ്ട്രീയവൽക്കരണവും, അവിടെ നടമാടുന്ന  മാർക്സിസ്റ്റ്  തേരോട്ടവും മനസ്സിലാക്കിയ  ആനി രാജ,   മുന്നണിയിലെ ഘടക കക്ഷി എന്നനിലയിലുള്ള പരിമിതികൾ മനസ്സിലാക്കിയാണ്   ആർ എസ്‌ എസ്സിനെ പഴിചാരി   പ്രസ്താവന ഇറക്കിയത്..

പൊലീസിലെ അരാജകത്വം 

പിണറായി സർക്കാർ അധികാരത്തിൽ വന്നശേഷം പോലീസ് സേനയിൽ വന്ന അരാജകത്വവും  ക്രിമിനൽ വൽക്കരണവും  കണ്ടും, കെട്ടും, അനുഭവിച്ചവരുമായ കേരള ജനതയ്ക്ക്   ആനി രാജ പറയുന്നതിന് മുമ്പ് തന്നെ ബോധ്യമായതാണ് ഇതൊക്കെ.  പിണറായി സർക്കാർ അധികാരത്തിൽ വന്നശേഷം ക്രമസമാധാന നില  അമ്പേ തകർന്നു. അക്രമങ്ങളും കവർച്ചകളും നിത്യ സംഭവമായി മാറി.അഴിഞ്ഞാടുന്ന ഗുണ്ടാ സംഘങ്ങളും, കൊട്ടേഷൻ സംഘങ്ങളും സമൂഹത്തെ ഭീതിയിലാഴ്ത്തുകയാണ്.സംഗീത ബാലനെന്ന ചെറുപ്പക്കാരനെ കാട്ടാക്കടയിൽ, മണ്ണ് കടത്തു സംഘം ജെ സി ബി ഉപയോഗിച്ച് ഇടിച്ചു കൊലപ്പെടുത്തിയപോലെ ക്രൂരമായ സംഭവങ്ങൾ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും  ഉണ്ടാകുന്നു.  അർധരാത്രി ഇരുളിന്റെ മറവിൽ ജെ സി ബിയും  ടിപ്പറും ഉപയോഗിച്ച് സ്വന്തം പുരയിടത്തിൽ നിന്നും മണ്ണ് എടുക്കുന്നത് തടയാൻ ശ്രമിച്ചതിനാണ് ആ ചെറുപ്പക്കാരനെ ദാരുണമായി കൊലപ്പെടുത്തിയത്.   അതുപോലെ ക്രൂരമായ മറ്റൊരു സംഭവമാണ് പാപ്പനംകോട്ടെ  ദേശിയ പാതയിൽ വച്ച്  എസ് .വി.പ്രദീപ് എന്ന മാധ്യമ പ്രവർത്തകനെ  പട്ടാപകൽ  ലോറി ഇടിച്ചു കൊലപ്പെടുത്തിയത്.  ഇന്ന് വരെ പ്രതിയെ പിടിക്കാൻ കേരള പൊലീസിന് സാധിച്ചിട്ടില്ല.  ഇടതു സർക്കാരിനെ നിശിതമായി വിമർശിച്ചതിനുള്ള ശിക്ഷയാണോ പ്രദീപിന്റെ  കൊലപാതകം എന്ന്  ജനങ്ങൾ സംശയിക്കുന്നു.  മറ്റൊരു മാധ്യമ പ്രവർത്തകനായ ബഷീറിനെ  കാറിടിപ്പിച്ചു  കൊന്ന  കേസിലും  കൊലപാതകം നടത്തിയവരെ സംരക്ഷിക്കാനാണ്  പോലീസ്  ജാഗ്രത പുലർത്തുന്നത്.

മറ്റ്  സംസ്ഥാനങ്ങളിൽ നിന്നുള്ള കൊലപാതകികളും,  അക്രമികളും, മോഷ്ടാക്കളും  കേരളത്തെ അവരുടെ താവളമാക്കി മാറ്റിയിരിക്കുകയാണ്.കാസർകോട്ട് മുൻ അധ്യാപികയെ കഴുത്തറുത്തു കൊന്നു. കൊച്ചിയിൽ വീട്ടുകാരെ ആക്രമിച്ചുള്ള കവർച്ച പരമ്പര നടന്നു. ഉണ്ടാവിളയാട്ടം സർവസാധാരണമായി. കഴക്കൂട്ടത്തെ പഴ കച്ചവടക്കാരനെ ഗുണ്ടകൾ വെട്ടിക്കൊന്നിട്ടു അധികനാളായില്ല.  മാറനല്ലൂരിൽ  കോൺഗ്രസ് മണ്ഡലം സെക്രട്ടറിയെ  വീട് കയറി ആക്രമിച്ചു കൈകാലുകൾ തകർത്തു.  പല ഗുണ്ടാസംഘങ്ങളുടെയും പിറകിലെ ശക്തി സി പി എം നേതാക്കളാണെന്നുള്ളത് പകൽ പോലെ വ്യക്തം.  വ്യവസായിയെ,ഭീഷണിപ്പെടുത്തുകയും,  തട്ടിക്കൊണ്ടു പോവുകയും  ചെയ്ത സി പി എം കളമശ്ശേരി ഏരിയ കമ്മിറ്റി സെക്രട്ടറി സകീർ ഹുസൈനും , വടക്കാഞ്ചേരിയിലെ സി പി എം കൗണ്സിലറുമെല്ലാം  ഈ ഗുണ്ടാ വിളയാട്ടത്തിനു മുന്നിട്ടിറങ്ങിയവരോ, പിന്തുണച്ചവരോ ആണ്.

മനുഷ്യാവകാശ ധ്വംസനത്തിലും മുന്നിൽ 

ഐക്യരാഷ്ട്ര സഭ പ്രഖ്യാപിച്ച  മനുഷ്യാവകാശങ്ങൾ ധ്വംസിക്കുന്നതിലും  കേരളാ  പോലീസ് മുന്നിലാണ്.   ആറ്റിങ്ങലിൽ പട്ടിക ജാതിക്കാരനായ ജയചന്ദ്രൻ എന്ന അച്ഛനേയും, എട്ടു വയസ്സുകാരിയായ മകളേയും  മൊബൈൽ മോഷ്ടിച്ച് എന്നാരോപിച്ചു നടുറോഡിൽ അപമാനിക്കുകയും പൊതുനിരത്തിൽ പരസ്യ വിചാരണ നടത്തുകയും ചെയ്ത സംഭവം  പോലീസ് കാണിക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളുടെ പ്രകടമായ ഉദാഹരണമാണ്.

അമിത വേഗതയിൽ  വാഹനം ഓടിച്ചു എന്ന് ആരോപിച്ചു  ബാലരാമപുരത്തു പിടിച്ച കാറിൽ മൂന്ന്  വയസ്സുകാരി പെൺകുഞ്ഞിനെ  വാഹന പരശോധനക്കിടെ, പോലീസ് , വാഹനത്തിനുള്ളിൽ പൂട്ടിയിട്ട സംഭവം പോലീസ് ക്രൂരതയുടെ മറ്റൊരു  ദൃഷ്ടാന്തമാണ്.  കാറിനകത്തു ഒറ്റക്കിരുന്നു കുഞ്ഞു  പേടിച്ചു നിലവിളിച്ചിട്ടും  അത്  അവഗണിച്ച  പോലീസ് ഉദ്യോഗസ്ഥൻ , സ്റ്റിയറിംഗ്  സീറ്റിലിരുന്ന്  താക്കോൽ  ഊരിയെടുത്തശേഷം  കാർ  പൂട്ടി പുറത്തുപോകുന്ന ദൃശ്യം  കടുത്ത  മനുഷ്യാവകാശ ലംഘനമാണ്.

കൊല്ലം ചടയമംഗലത്തു  എ ടി എം നു മുമ്പിൽ  ക്യു  നിന്ന ഒരു വൃദ്ധനെതിരെ, സാമൂഹ്യ അകലം പാലിച്ചില്ലെന്ന് പറഞ്ഞു,   പെറ്റി  അടിച്ച പോലീസ് ഉദ്യോഗസ്ഥനോട് , എന്തിനാണ് പെറ്റി അടിച്ചതെന്നു ചോദിച്ച വിദ്യാർത്ഥിനിയായ ഗൗരി നന്ദക്കെതിരെ പോലീസ് പെറ്റി അടിക്കുകയും  മോശമായി പെരുമാറുകയും ചെയ്തു.  ഇങ്ങനെ  മനുഷ്യാവകാശ ധ്വംസനങ്ങളുടെ   ഒരു പരമ്പര തന്നെയാണ്  പോലീസ് സംസ്ഥാനത്തുടനീളം ചെയ്തുകൊണ്ടിരിക്കുന്നത്. 

പോലീസ്   ഭരണം പാർട്ടിക്ക് 

പോ ലീസ് സേന മുഴുവൻ,  സി പി എം നേതാക്കളുടെ  നിയന്ത്രണത്തിലാക്കിയിരിക്കുകയാണ്. ബ്രാഞ്ച് കമ്മിറ്റി സെക്രട്ടറി തൊട്ടു സംസ്ഥാന സെക്രെട്ടറിവരെയുള്ള വിവിധ ശ്രേണികളിലുള്ള  പാർട്ടി  നേതാക്കളാണ്  പോലീസ് സേനക്ക് നിർദേശം നൽകുന്നത്.  ഏതാനും നാൾ മുമ്പ്  നടന്ന  സി പി എം എറണാകുളം ജില്ലാ സമ്മേളനത്തിൽ വിമർശനമുയർന്നതിനെത്തുടർന്നാണ്  എ ഡി ജി പി  സന്ധ്യയേയും, ഐ.ജി. പി. വിജയനെയും മാറ്റിയത്.  കോട്ടയത്ത്  പോലീസ് ഓഫീസർസ്   അസോസിയേഷൻ  സംസ്ഥാന സമ്മേളനത്തിന്റെ സ്വാഗത സംഘം ഓഫീസിൽ ഉദ്‌ഘാടനം ചെയ്തത് അന്നത്തെ സി പി എം ജില്ലാ സെക്രട്ടറി ആയിരുന്ന വി.എൻ . വാസവൻ ആയിരുന്നു.  കേരളത്തിലാദ്യമായാണ് ഒരു രാഷ്ട്രീയ നേതാവ് പോലീസ് ഓഫീസർസ് അസോസിയേഷന്റെ യോഗത്തിൽ  പങ്കെടുത്തത്.  മാത്രമല്ലാ , ചില അസോസിയേഷൻ അംഗങ്ങൾ ചുവപ്പു ഷർട്ടും ഇട്ടായിരുന്നു  യോഗത്തിൽ  പ്രതിനിധികളായി  പങ്കെടുത്തത് .

അധികാരം തലക്കുപിടിച്ച  മാർക്സിസ്റ്റ് പ്രവർത്തകർ,  വരുതിക്ക് നിൽക്കാത്ത  പോലീസുകാരെ     ആക്രമിക്കുകയും തല്ലിച്ചതക്കുകയും ചെയ്യുന്നതും നാം കണ്ടു..  തിരുവനന്തപുരത്തു പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ മെഡിക്കൽ  കോളേജ് പോലീസ് അറസ്റ്റ് ചെയ്ത പ്രതിയെ കാണാൻ  അനുവദിക്കാത്തതിന് പാർട്ടി ഏരിയ കമ്മിറ്റി  സെക്രട്ടറിയുടെ നേതൃത്വത്തിലായിരുന്നു പോലീസ് സ്റ്റേഷൻ ഉപരോധിക്കുകയും കല്ലെറിയുകയും ചെയ്തത്.  ഈ കേസിലെ പ്രതികളെ പിടികൂടാൻ സി പി എം ജില്ലാ കമ്മിറ്റി ഓഫീസിൽ  പരിശോധന നടത്തിയ ഡെപ്യൂട്ടി കമ്മിഷണർ ഓഫ് പോലീസ് ആയിരുന്ന  ചൈത്ര  തെരേസ  ജോണിനെ ഉടൻ തന്നെ സ്ഥലം മാറ്റി  പാർട്ടി പ്രവർത്തകരെ  രക്ഷിക്കുകയായിരുന്നു  മുഖ്യമന്ത്രി  ചെയ്തത് . ഇതുപോലുള്ള നിരവധി സംഭവങ്ങളാണ് മാധ്യമങ്ങൾ  റിപ്പോർട്ട്  ചെയ്തിട്ടുള്ളത് 

പോലീസിനെ  പൂർണമായും  രാഷ്ട്രീയവൽക്കരിക്കുകയും,  രാഷ്ട്രീയ എതിരാളികളെ നേരിടാൻ ഒരു ഉപകരണമാക്കി മാറ്റിയതുമാണ്  ഇപ്പോഴത്തെ അവസ്ഥയിലാക്കിയത്. പോലീസിൽ പാർട്ടി ഫ്രാക്ഷൻ കമ്മിറ്റി പ്രവർത്തിക്കുന്നു.  ഫ്രാക്ഷൻ കമ്മിറ്റി യുടെ  ചൊൽപ്പടിക്ക് നിൽക്കാത്ത സേനാന്ഗങ്ങളെ  അവർ ക്രൂരമായി പീഡിപ്പിക്കും.  പി എസ്  സി മുഖാന്തിരമുള്ള   പോലീസ് ഉദ്യോഗസ്ഥരുടെ   തെരഞ്ഞെടുപ്പിലും , നിയമനത്തിലും, സ്ഥലം മാറ്റത്തിലുമെല്ലാം  പാർട്ടി നേതാക്കളുടെ അവിഹിതമായ ഇടപെടൽ നടക്കുന്നു. അതുകൊണ്ട്  അവരുടെ വിധേയത്വം ജനങ്ങളോടല്ല, മറിച്ചു  പാർട്ടി നേതാക്കളോടാണ്. കൈക്കൂലിയും, മനുഷ്യാവകാശ ധ്വംസനങ്ങളും നടത്തുന്ന  പോലീസുകാർക്ക് സംരക്ഷണം നൽകാൻ  പാർട്ടി നേതാക്കൾ ഉള്ളതിനാൽ  പൊലീസിന് എന്തും ആകാമെന്ന സ്ഥിതിയാണ് ഇന്നുള്ളത്.പോലീസ് സേനയെ മനസ്സിലാക്കുവാനോ, അവരെ   നിയന്ത്രണത്തിൽ  നിർത്തുവാനോ  കെല്പില്ലാത്തവർ   ആഭ്യന്തര  വകുപ്പ് ഭരിച്ചാൽ ഉണ്ടാകുന്ന ദുരന്തമാണ് ഇന്ന് കേരളത്തിലെ പോലീസിന്  സംഭവിച്ചിരിക്കുന്നത്.  പോലീസിനുണ്ടായ വീഴ്ചയുടെയും പരാജയത്തിന്റെയും മർമം മനസ്സിലാക്കിയാണ് ആനി രാജ  അസ്ത്രം തൊടുത്തത് .  അത് കൊള്ളേണ്ടിടത്തു  കൊണ്ടിട്ടുണ്ട്  എന്നതിൽ സംശയം ഇല്ല. 

പി.എസ് .ശ്രീകുമാർ